Thursday, August 30, 2012

ടു നോ എ വുമന്‍ (To know a woman)

പുസ്തകം : ടു നോ എ വുമന്‍ (To know a woman)
രചയിതാവ് : അമോസ് ഓസ്
പ്രസാധകര്‍ : ഹാര്‍‌വെസ്റ്റ് ബുക്‌സ്

അവലോകനം : രാജേഷ് ചിത്തിര





ഇസ്രായേലി നോവലിസ്റ്റ്‌ അമോസ് ഓസിന്റെ ടു നോ എ വുമന്‍ (ഒരു പെണ്ണിനെ അറിയാന്‍ ) ആണ് ഈയടുത്ത് വായിച്ച ഒരു പുസ്തകം .ആദ്യമായാണ് ഈ നോവലിസ്റ്റിന്റെ ഒരു നോവല്‍ വായിക്കുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ കുറ്റാന്വേഷകനായ യോല്‍ റാവിദ് തന്റെ ഭാര്യയുടെ ആകസ്മിക മരണത്തില്‍ -അതു വൈദ്യുതാഘാതം മൂലം സംഭവിക്കുന്നതാണ് ,വളരെ ദൂരുഹമായി മരണസമയത്ത് യോലിന്റെ ഭാര്യ അയല്‍ക്കാരനെ ചുറ്റിപ്പിണഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്- തന്നെ ഏല്‍പ്പിച്ച ദൌത്യം ഇടക്ക് വച്ചു അവസാനിപ്പിച്ചു മടങ്ങുകയാണ് .രഹസ്യാന്വേഷണത്തില്‍ വിദഗ്ദനായ യോലിനു സ്വന്തം ഭാര്യയെ സംബദ്ധിച്ച് വളരെ സംശയങ്ങള്‍ ഉണ്ടെങ്കിലും ഒന്നും കണ്ടെത്താനാവുന്നില്ല .മരണത്തെ തുടര്‍ന്നു ജോലിയുപേക്ഷിച്ചു പതിനെട്ടു മാസത്തോളും ഏകാന്തവാസത്തിലാവുന്ന യോലിന്റെ ജീവിതത്തില്‍ വളരെ വ്യത്യസ്ത സ്വഭാവക്കാരായ അമ്മയും അമ്മായി അമ്മയും മകളും വളരെ വിചിത്രമായ അനുഭവങ്ങളാണ് പങ്കു വെയ്ക്കുന്നത്.ഇതിനിടയില്‍ യോല്‍ പങ്കിടുന്ന യാത്രികസൌഹൃദങ്ങളും വളരെ വ്യത്യസ്തമായ അയലക്കറി ആന്‍മേരിയോടുള്ള പ്രണയവും അവരുടെ ലൈംഗികാനുഭവങ്ങളും വളരെ മനോഹരവും വ്യത്യസ്തവുമായി പറഞ്ഞിരിക്കുന്നു. വളരെ വിശാലമായ ഒരു കഥാപരിസരം പ്രതീക്ഷിക്കാവുന്ന ഒരു ചാരന്റെ കഥ വളരെ ചെറിയ ഒരു ചുറ്റുപാടില്‍ എന്നാല്‍ സമകാലിന ഇസ്രായേലിന്റെ മനസു കൂടി ചേര്‍ത്ത് മനോഹരമായി പറയാന്‍ അമോസ് ഓസിനു കഴിഞ്ഞു .ചില ചിന്താധാരകളും ഓര്‍മ്മപ്പെടുത്തലുകളും വായനക്കാരനില്‍ അവശേഷിപ്പിക്കാന്‍ കൃത ഹസ്തനായ നോവലിസ്ടിനു കഴിഞ്ഞിട്ടുണ്ട് .ഒരു നല്ല വായനക്ക് പറ്റുന്ന പുസ്തകം

Sunday, August 26, 2012

ആമേന്‍

പുസ്തകം : ആമേന്‍
രചയിതാവ് : സിസ്റ്റര്‍ ജസ്മി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മണി ഷാരത്ത്




വിശുദ്ധചുംബനത്തില്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍,,,[1 കോറിന്തോര്‍ 16;20] വിശുദ്ധചുംബനം കൊണ്ട്‌ എല്ലാവരെയും അഭിവാദനം ചെയ്യുവിന്‍..[1 തെസലോണിയന്‍ 5;26] സ്നേഹ ചുംബനം കൊണ്ട്‌ നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍[1,പത്രോസ്‌;5;14] ധ്യാന ഗുരു നോവീസുകള്‍ക്ക്‌ യേശുവിനെ പ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ നല്‍കി.ഇനി നോവീസുകള്‍ക്കുള്ള കുമ്പസാരമാണ്‌.കുമ്പസാരത്തിനുവന്ന പെണ്‍കുട്ടികളെ ഫാദര്‍ ചുംബിച്ചു.അതിനു ബൈബിളിലെ മേല്‍ വാക്യങ്ങള്‍ ചൊല്ലി ഫാദര്‍ ന്യായീകരിച്ചു. സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയിലെ ഒരു സംഭവമാണ്‌ മുകളിലേത്‌.2008 ആഗസ്റ്റ്‌ 31 ന്‌ കന്യാസ്ത്രീപദം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയാണ്‌"ആമേന്‍""..സി.എം.സി കോണ്‍ ഗ്രിഗേഷനിലെ പീഢനങ്ങളിലും പോരുകളിലും മനം നൊന്താണ്‌ സിസ്റ്റര്‍ ജസ്മി കന്യാസ്ത്രീ പദം ഉപേക്ഷിച്ചത്‌. കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയും ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അനുപമേരിക്കും ആത്മകഥയെഴുതാനായില്ല.ധീരതയോടെ ഇതൊരു ചരിത്രദൗത്യമായി സിസ്റ്റര്‍ ജസ്മി ഏറ്റെടുത്തു.സഭയുമായി ഏറ്റുമുട്ടുന്നത്‌ കരിങ്കല്‍ ഭിത്തിയോട്‌ ഏറ്റുമുട്ടുന്നതുപോലെയാണന്ന് സിസ്റ്റര്‍ ജസ്മി സി.എം.സി വിടുമ്പോള്‍ പറഞ്ഞിരുന്നു.സി.എം.സി യില്‍ നിന്നുകോണ്ട്‌ കൊള്ളരുതായ്മക്കെതിരേ ഒന്നും ചെയ്യാനാകില്ലെന്ന് സിസ്റ്ററുടെ തിരിച്ചറിവാണ്‌ ഈ ആത്മകഥ. മലയാള സാഹിത്യത്തില്‍ ഏറെ ആത്മകഥ വന്നിട്ടുണ്ട്‌.ഒരു കന്യാസ്ത്രീയുടേത്‌ ആദ്യമാണ്‌.അതുകൊണ്ടുതന്നെ എന്തെല്ലാം പോരായ്മകള്‍ പറഞ്ഞാലും ഇതൊരു നീണ്ട യുദ്ധത്തിലെ പരാജയപ്പെടാത്ത ആയുധമാണ്‌. കന്യാസ്ത്രീകളുടെ നിഗൂഢമായ ജീവിതം എന്തെന്നറിയാണുള്ള ജിജ്ഞാസ തന്നെയാണ്‌ ഈ പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിച്ചത്‌.ആശുപത്രികളിലും വിദ്യാലയങ്ങളിലും അനാഥാലയങ്ങളിലും കരുണയുടേയും ത്യാഗത്തിന്റേയും പ്രതിരൂപമായാണ്‌ ഇവരെ കണാറ്‌.സ്വന്തം കുടുംബം ഉപേക്ഷിച്ച്‌ ഉറ്റവരെ ഉപേക്ഷിച്ച്‌ സന്യാസിനിയാകുന്നവരോട്‌ ബഹുമാനം തോന്നിയിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാത്തോലിക്കാ അച്ചന്മാരെപ്പറ്റിയും കന്യാസ്ത്രീകളെപറ്റിയും രുചിക്കാത്തവാര്‍ത്തകള്‍ ധാരാളം വന്നു.കേരളത്തിലും അവിടവിടങ്ങളില്‍ നിന്നും വന്ന വാര്‍ത്തകള്‍ കൃസ്റ്റ്യന്‍ മേല്‍ക്കോയ്മയുള്ള്ല വാര്‍ത്താമാധ്യമങ്ങള്‍ ചരമക്കോളങ്ങള്‍ക്കിടയില്‍ ഒതുക്കി കശാപ്പുചെയ്തു. ഏതായാലും ഇതെല്ലാം കരിങ്കല്‍ ഭിത്തിക്കു പുറത്തുവരുവാന്‍ ലോകം ഏറെ മാറുന്നതുവരെ കാക്കേണ്ടിവന്നു.ഇന്ന് എവിടെയായാലും അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുംഭീഷണികള്‍ക്കും എതിരേ ശബ്ദമുയര്‍ത്തുവാന്‍ സിസ്റ്റര്‍ ജസ്മിമാര്‍ ഉയര്‍ന്നുവരും. ജസ്മിക്ക്‌ ഈശോയോടുള്ള അഗാധമായ ഭക്തിയും സ്നേഹവും അന്നത്തേപോലെ ഇന്നും ഉണ്ട്‌.എതിര്‍പ്പ്‌ വിശ്വാസത്തിനോടല്ല.സഭയുടെ തെറ്റായപോക്കിനും കന്യാസ്ത്രീ മഠങ്ങളിലെ സഭക്കുനിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരാണ്‌.ഈശോയുടെ മണവാട്ടിയാകാന്‍ കന്യാസ്ത്രീയാകേണ്ടന്ന തിരിച്ചറിവില്‍ നിന്നാണ്‌. പഠനത്തില്‍ മിടുക്കിയയിരുന്നു ജസ്മി.ഉന്നതനിലയില്‍ ബി.എ,എം.എ,എം.ഫില്‍,പി.എച്ച്ഡി, ബിരുദങ്ങള്‍ നേടി.തൃശ്ശൂര്‍ വിമലാ കോളേജില്‍ വൈസ്‌ പ്രിന്‍സിപ്പളായും സെന്റ്‌ മേരീസ്‌ കോളേജില്‍ പ്രിന്‍സിപ്പളായും സേവനം ചെയ്തു. കന്യാസ്ത്രീയായിരുന്ന കാലത്തെ അനുഭവങ്ങള്‍ 183 പേജിലേക്ക്‌ ചുരുക്കിയപ്പോള്‍ അതിന്റേതായ അഭംഗിയും വിസ്താരക്കുറവും ഉണ്ടായെങ്കില്‍ കുറ്റം പറയാനാകില്ല.ഒറ്റവായനയില്‍ സംഭവങ്ങളുടെ ഒഴുക്ക്‌ പലപ്പോഴും കിട്ടുന്നില്ല. മഠത്തിലെ സ്വവര്‍ഗ്ഗരതിയും കോളേജുനടത്തിപ്പിലെ വെട്ടിപ്പും തട്ടിപ്പും കുശുമ്പും പ്രതികാരവും അച്ചന്മാരുടെ ലൈംഗികാസക്തിയും ചേര്‍ന്ന് ഒരു മസാലപ്പടത്തിന്റെ ചേരുവകളെല്ലമുണ്ട്‌. മഠത്തില്‍ എല്ലായ്പ്പോ ഴും രണ്ടു കന്യാസ്ത്രീകള്‍ ഒന്നിച്ചേ നടക്കൂ..ഒരാള്‍ക്ക്‌ എപ്പോഴും മറ്റേയാള്‍ തുണയായിരിക്കും.ഇവരില്‍ സ്വവര്‍ഗ്ഗപ്രേമവും ബന്ധവും പുതുമയല്ലപോലും.സിസ്റ്റര്‍ ജസ്മിക്കും മറ്റൊരു സിസ്റ്ററുടെ പങ്കാളിയാകേണ്ടതായി വന്നിട്ടുണ്ട്‌. സിസ്റ്റര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന മറ്റൊരു സംഭവം ,ബാഗ്ലൂരില്‍ വച്ച്‌ ഒരു ഫാദറിന്‌ തന്റെ മേനി കാണിച്ചുകൊടുക്കേണ്ടിവന്നതാണ്‌.പുരുഷമേനികാണാത്ത സിസ്റ്ററിന്‌ ഫാദര്‍ തന്റെ ശരീരം കാണിച്ചുകൊടുത്തു.ഫാദറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിസ്റ്റര്‍ വിവസ്ത്രയകേണ്ടിവന്നു. സത്യം പറയുകയെന്നത്‌ ബിഷപ്പുമുതല്‍ കന്യാസ്ത്രീക്കുവരെയുള്ള യോഗ്യതയല്ല.ചെറിയ കാര്യങ്ങളില്‍ പോലും നുണ പറയുന്നതിന്‌ യാതൊരു മടിയുമില്ല. ഇല്ലത്ത നമ്പറിന്‌ പട്ടികജാതി സീറ്റു നല്‍കുന്നതും അതുപ്രകാരം കോളേജില്‍ അഡ്മിഷന്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നതും പുത്തനറിവാണ്‌.2000 നമ്പര്‍ വരെ അപേക്ഷാഫാറം നല്‍കി.പട്ടികജാതിക്കാര്‍ക്ക്‌ 2000 ത്തിനുമുകളിലുള്ള നമ്പര്‍ കാണിച്ച്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നു.ആരും വരില്ലല്ലോ?ആ സീറ്റുകൂടി സഭ തലവരി വാങ്ങി അഡ്മിഷന്‍ നടത്തുന്നു. സിസ്റ്ററിനെ മനോരോഗിയാക്കി ചികിത്സിക്കാന്‍ നടത്തിയ ശ്രമവും പ്രിന്‍സിപ്പാള്‍ പദവിയില്‍ നിന്നും മാറ്റുവാന്‍ നടത്തിയ തന്ത്രങ്ങളും എല്ലാം വായിക്കേണ്ടതുതന്നെ. ഏറെ വിസ്തരിക്കുന്നില്ല.ഒരു നിരൂപണത്തിനു ഞാന്‍ യോഗ്യനുമല്ല.പക്ഷേ വാക്കുകള്‍ ആയുധവും അക്ഷരങ്ങള്‍ തീയുമാകുമ്പോള്‍ യുദ്ധത്തിനു പുതിയമാനങ്ങള്‍ വരുന്നു. "എന്നെ ശക്തിപ്പെടുത്തുന്നതിലൂടെ എനിക്കെല്ലാം ചെയ്യുവാന്‍ കഴിയും."[ഫിലി.4;13] നിശ്ചയമായും. അടിച്ചമര്‍ത്തപ്പെട്ടവരും പീഢിതരും ദു;ഖിതരും ആര്‍ത്തന്മാരും ആ കൈകള്‍ക്ക്‌ ശക്തിപകരുമെന്ന് പ്രത്യാശിക്കാം.

Wednesday, August 22, 2012

സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം

പുസ്തകം : സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം
രചയിതാവ് : സജി ജെയിംസ്

പ്രസാധകര്‍ : ഡി സി ബുക്സ്

അവലോകനം : വെള്ളെഴുത്ത്




സ്യശാസ്ത്രജ്ഞനും കൂടിയായിരുന്ന ബ്രിട്ടീഷ് സർജൻ റോബർട്ട് വൈറ്റാണ് സൈരന്ധ്രിവനം എന്ന സൈലന്റ് വാലിയുടെ സസ്യ-ജൈവ സമ്പത്തിനെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ചത്. നീലഗിരി ജൈവമണ്ഡലത്തിലെ സസ്യജാലങ്ങളെപ്പറ്റി രേഖാചിത്രങ്ങളുടെ അകമ്പടിയോടെ ആറുവാല്യത്തിൽ അദ്ദേഹം പുറത്തിറക്കിയ പഠനവും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ മേഖലയെപ്പറ്റിയുള്ള ആദ്യത്തെ ആധികാരിക രേഖയായി ഇന്നും ശാസ്ത്രലോകം പരിഗണിച്ചുപോരുന്നത് വൈറ്റിന്റെ പഠനങ്ങളെയാണ്. തുടർന്നാണ് റിച്ചാർഡ് ഹെൻട്രിയും ജെയിംസ് സെക്ക്സ് ഗാംബിളും ഡോ. നോർമൻ ബോറും സൈലന്റ് വാലിയിൽ പഠനങ്ങൾക്ക് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ സ്വാതന്ത്ര്യാനന്തരം വരെ ഇവിടെ അന്വേഷണങ്ങൾ നടത്തിയ ഗവേഷകർ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് തലമുറകൾക്ക് കൈമാറിയത്. പുഷ്പിത സസ്യങ്ങൾ ആയിരത്തിലധികം ഇനങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പുഷ്പിക്കാത്തവയും അത്ര തന്നെയുണ്ട്. സൂക്ഷ്മസസ്യങ്ങൾ വേറെ. മറ്റെങ്ങുമില്ലാത്ത ഓർക്കിഡുകളുടെ കലവറയാണ് സൈരന്ധ്രിവനം. ‘ഇപ്സിയ മലബാറിക്ക’ എന്ന ഓർക്കിഡും ‘സൈലന്റു‌വാലി നായരി’ എന്ന പുൽച്ചെടിയും ‘കാസ്റ്റിൻ കേദാരനാഥി’ എന്ന പുതിയതരം സ്പീഷിസിൽ‌പ്പെട്ട വന്മരവും ‘സൈരന്ധ്രി തുമ്പി’ എന്ന അറിയപ്പെടുന്ന ‘ഡാവിഡിയോയിഡസ് മാർട്ടിനി’ യും പിൽക്കാലത്ത് അന്വേഷണകുതുകികളെ ആവേശം കൊള്ളിച്ച കണ്ടെത്തലുകളാണ്. അത്യപൂർവമായ പക്ഷിമൃഗാദികളുടെകൂട്ടത്തിൽ പ്രാക്കുരുവിയും ചെറുതേൻ‌കിളിയും നീലത്തത്തയും ചെഞ്ചിലപ്പനും സിംഹവാലൻ കുരങ്ങനും കരിംകുരങ്ങുകളും ഉണ്ട്. സൂ-ജ്യോഗ്രഫിക് പരിണാമത്തിൽ മത്സ്യങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെട്ടു എന്നതിനു സജീവമായ തെളിവായി കാരി വിഭാഗത്തിൽ‌പ്പെടുന്ന രണ്ട് അപൂർവ മത്സ്യങ്ങളെയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറുജീവികളുടെ വലിയ ലോകം കൂടിയാണ് ഈ നിത്യഹരിതമഴക്കാട്. 128 ഇനം ചിത്രശലഭങ്ങൾ ഇതിനകം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 225 ഇനം കീടങ്ങളെയും. 168 ഇനം തവളകളിൽ നാലെണ്ണം ശാസ്ത്രലോകത്തിനു തന്നെ പുതിയതായിരുന്നു. റോമുലസ് വിറ്റേക്കറും ജെറാർഡ് മാർട്ടിനും കൂടിച്ചേർന്ന് നടത്തിയ പഠനത്തിൽ 25 ഇനം ഇഴജന്തുക്കളെ വർഗീകരിച്ചിട്ടുണ്ട്.

അമ്പരപ്പിക്കുന്ന ജൈവവൈവിദ്ധ്യം കൊണ്ട് അങ്ങേയറ്റം സമ്പന്നമായ ഈ ഭൂഭാഗമാണ്, ഇരുട്ടിലും ജാഗരൂകരായിരുന്ന പരിസ്ഥിതിസ്നേഹികളുടെ ആത്മാർത്ഥതകൊണ്ട് സർവനാശത്തിന്റെ വക്കിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. സൈലന്റ്‌വാലി ഇന്നൊരു പാഠപുസ്തകമാണ്. ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം നിശ്ശേഷം അറുക്കുന്ന രീതിയിലുള്ള വികസനം വികസനമല്ലെന്ന അറിവിലേയ്ക്ക് ഉണരാൻ നമ്മെ പിന്തുണച്ചത് സൈലന്റു‌വാലി പദ്ധതിയെ എതിർത്തുകൊണ്ടു നടന്ന സമരങ്ങളാണെന്നു പറയാം.. ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചും കൊണ്ടു കൂടിയാണ് മലയാളിയുടെ എഴുപതുകൾ അവബോധത്തിന്റെ ദശകമായി പരിണമിക്കുന്നത്. 1975 -ലാണ് 50 മെഗാവാട്ട് വൈദ്യുതിയുടെയും മൂവായിരം പേർക്കുള്ള തൊഴിലിന്റെയും പ്രലോഭനവുമായി കുന്തിപ്പുഴയ്ക്കു കുറുകേ അണകെട്ടാനുള്ള പദ്ധതി വരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണസമയത്തു തന്നെ അണകെട്ടിനുള്ള ആലോചനകൾ നടന്നിരുന്നു. പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ പദ്ധതി വീണ്ടും എഴുപതിന്റെ മദ്ധ്യത്തോടെ സജീവമാകുന്നു. മലബാറിൽ നിലവിലുണ്ടായിരുന്ന വൈദ്യുതിക്കമ്മി ആലോചനകൾ ത്വരിതപ്പെടുത്താൻ നിമിത്തമാവുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജൈവവൈവിദ്ധ്യത്തെ ജലസമാധിയിലേയ്ക്ക് തള്ളിവിടുന്ന ഒരു കൂറ്റൻ അണക്കെട്ടു നിർമ്മാണപദ്ധതി ആലോചനകൾ, സൈലന്റ് വാലിയുടെ പരിഗണനകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു. സഫർ ഫത്തേഹള്ളിയുടെ നേതൃത്വത്തിൽ നടന്ന എൻ സി ഇ പി സി പഠന റിപ്പോർട്ട് അണക്കെട്ട് ഉണ്ടാക്കാൻ പോകുന്ന നാശങ്ങളെ സമഗ്രമായി തന്നെ അവലോകനം ചെയ്തു. വനനശീകരണത്തിനെതിരെ അങ്ങും ഇങ്ങും ഉയർന്നിരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ഇത് കൂടുതൽ ജാഗ്രതയുള്ളതാക്കി. ഡോ. വി എസ് വിജയനും ഡോ എം ബാലകൃഷ്ണനും ചേർന്ന്, പദ്ധതി നടപ്പായാൽ സൈരന്ധ്രി വനത്തിനുണ്ടാകുന്ന ജൈവസമ്പദ്നാശം എത്രയെന്നു കണക്കുകൂട്ടി. ഡോ. എം കെ പ്രസാദ് ‘ശാസ്ത്രഗതിയിൽ’ സൈലന്റുവാലിയെ രക്ഷപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലേഖനമെഴുതി. പയ്യന്നൂർ സർക്കാർ കോളേജിലെ സുവോളജി അദ്ധ്യാപകനായിരുന്ന ജോൺ സി ജേക്കബാണ് സൈലന്റുവാലി പ്രശ്നത്തെ തെരുവിലേയ്ക്ക് കൊണ്ടുവന്നത്. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രക്ലബ് പത്രമായിരുന്ന മൈനയും അതു സീക്ക് എന്ന സംഘടനയായപ്പോൾ മുഖപത്രമായിരുന്ന സൂചീമുഖിയും ഗൌരവമുള്ള വിഷയമായി സൈലന്റുവാലിയെ നിലനിർത്തിന്നതിൽ വഹിച്ച പങ്ക് നിസ്സാരമല്ല. ശാസ്ത്രസാഹിത്യപരിഷത്ത് പ്രശ്നം ഏറ്റെടുക്കുന്നതോടെ സമരം കൂടുതൽ വ്യാപകമായി തീർന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി ചർച്ചകളും പ്രതിഷേധങ്ങളും നിയമയുദ്ധങ്ങളും നടക്കുകയും ചെയ്തതാണ് തുടർന്നു നാം കാണുന്നത്. ക്യാമ്പസ്സുകൾ പുതിയ വെളിച്ചങ്ങളിൽ പ്രതിബദ്ധമായതോടെ പ്രക്ഷോഭണങ്ങളുടെ ഭാവരൂപങ്ങൾ മാറി. ഇതിനിടയിൽ വ്യക്തിഗതമായ ആത്മാർത്ഥകളുടെ ഒറ്റയാൾ പോരാട്ടങ്ങൾ വഹിച്ച പങ്കും ചില്ലറയല്ല. കവികൾ കൂടി രംഗത്തെത്തിയതോടെ സാംസ്കാരികരംഗം കൂടി സമരത്തിൽ അണിചേർന്നു.

പ്രകൃതിയെയും വികസനത്തെയും രണ്ടു തട്ടിൽ നിർത്തിയുള്ള ബൌദ്ധികവ്യായാമങ്ങൾക്ക് സൈലന്റുവാലി ഒരുക്കിയ പാത ഇന്നും ഏറെക്കുറെ സജീവമാണെന്ന് പറയാം. സൈലന്റുവാലി പ്രക്ഷോഭത്തിനുണ്ടായിരുന്നത് ഒരു ചെറിയ തുടക്കമാണ്. അത് പല രീതിയിൽ പടർന്നു പന്തലിച്ചു. ഇന്റർ നാഷണൽ കൺസെർവേഷൻ ഓഫ് നേച്ചറും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും ഇടപെടണമെങ്കിൽ അതിനു കിട്ടിയ വ്യാപകമായ ജനശ്രദ്ധ മനസ്സിലാക്കാവുന്നതാണല്ലോ. വികസനത്തെ അനുകൂലിക്കുന്നവരുടെ പിന്തുണയും ശക്തിയും സ്വാധീനവും ഒട്ടും കുറവല്ലാതിരുന്നിട്ടും മുഖ്യധാരാ മാധ്യമങ്ങൾ ഇരുപക്ഷത്തെയും സംവാദങ്ങളെ ചൂടോടെ നിലനിർത്തിയിട്ടും നിരന്തരമായ പഠനങ്ങളിലൂടെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ചയും ആത്മാർത്ഥതയും സത്യസന്ധതയും നിലനിർത്താൻ പരിസ്ഥിതിസ്നേഹികൾ രാപകൽ പരിശ്രമിച്ചതിന്റെ ഫലമായാണ് 1983 നവംബറിൽ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 1985 സെപ്തംബറിൽ സൈലന്റുവാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പത്തുകൊല്ലത്തോളം നീണ്ട ഒരു സമരം അതിന്റെ ചൂരും ചൂടും ചുനയും കൈക്കൊണ്ടത് മനുഷ്യത്വത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലാണ്. അവനായി മാത്രം ഈ ഭൂമി എന്ന നിലയിൽ നിന്ന് അവൻ കൂടി ഉൾപ്പെട്ട ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷകനാണ് അവൻ എന്ന നിലയിലേയ്ക്ക് പരിണമിച്ചതാണതിന്റെ നന്മ. പക്ഷേ ഇന്നും സൈലന്റുവാലി ഒരു പ്രതീകമോ സൂചകമോ ഒക്കെയായി നമ്മുടെ മുന്നിലുണ്ട്. പരിസ്ഥിതിപ്രക്ഷോഭങ്ങളുടെ ഊർജ്ജമായി. സൈലന്റുവാലി പ്രസ്ഥാനം ശരിയായിരുന്നോ എന്ന ചർച്ച ഇന്നും അവസാനിച്ചിട്ടില്ലെന്നു കാണുക. കാടും നാടും മുടിക്കുന്ന പദ്ധതികൾ വേഷപ്രച്ഛന്നരായി വീണ്ടും വീണ്ടും സജീവമാകുന്ന കാലത്ത് സൈലന്റുവാലി പച്ച പിടിച്ച ഒരു തുടർക്കണിയായി നിലനിൽക്കേണ്ടതുണ്ട്.

സൈലന്റ് വാലി ഒരു കാടുമാത്രമല്ല, ലോകത്തിൽ തന്നെ സമാനതകളില്ലാത്ത പരിസ്ഥിതിസമരത്തിന്റെ ഓർമ്മകൂടിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് ആ സമരത്തിന്റെ നാൾവഴിചരിത്രമാണ്. ആ ദൌത്യമാണ് സജി ജെയിംസ് രചിച്ച ‘സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം’ എന്ന പുസ്തകം നിർവഹിക്കുന്നത്.

Saturday, August 18, 2012

യശോദ

പുസ്തകം : യശോദ
രചയിതാവ് : കെ.പി.ശൈലജ
അവലോകനം : വിനീത് നായര്‍



കേട്ടുമറന്ന കൃഷ്ണകഥകളുടെ ഒരു കാവ്യപ്പകര്‍ച്ചയാണിത്. ഒരമ്മയുടെ, സഹോദരന്റെ, പിതാവിന്റെ എന്തിന് ജീവിതത്തിന്റെയും കുടുംബത്തിന്റെയും സമസ്തമേഖലകളെയും താണ്ടി കഥപറയാന്‍ ശ്രമിക്കുന്ന കവയിത്രിക്ക് എവിടെയും പിഴയ്ക്കാതെ കടന്നുപോകാനാവുന്നത് പണ്ട് പറഞ്ഞുകേട്ട് ഉള്ളിലൊളിപ്പിച്ചുവച്ച കൃഷ്ണപ്രേമത്തിന്റെ ശക്തികൊണ്ട് മാത്രമാണ്. ആയിരത്താണ്ടുകളുടെ പഴക്കമുള്ള സമൂഹത്തിലെ അധീശശക്തികളിലൊന്നായ മാതൃദേവതാവിശ്വാസത്തെ ഇവിടെ പലയിടങ്ങളിലും രഹസ്യമായി കവയിത്രി ഉപയോഗിക്കുന്നു. അതിലേക്ക് പരിലാളനവും കൊഞ്ചലും വഴക്കുമെല്ലാം ചേര്‍ത്ത് അമ്മയുടെ ഒരു കൊളാഷ് ആണിവിടെ കവയിത്രി ചിത്രീകരിക്കുന്നത്. സംവിധാനതന്ത്രങ്ങളുടെ മിടുക്കറിയാവുന്ന എഴുത്തുകാരി ബോധമനസ്സിന്റെ സഹകരണത്തിലൂടെ യശോദയെന്ന അമ്മയെ ബാഹ്യസംയോജകത്തിലേക്ക് ആവാഹിച്ച് പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്.

കവിതകള്‍ ഒഴുകുകയാണ്... മൗനത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് അനുഭൂതിയുടെ ഉള്‍പ്പുളകങ്ങളിലേക്കാണ് ഈ കവിതകളുടെ ഒഴുക്ക്. ബാഹ്യമായ സൗന്ദര്യത്തേക്കാള്‍ ആന്തരികമായ സൗന്ദര്യത്തിനാണിവിടെ പ്രസക്തി. അതുകൊണ്ട് തന്നെ കവിതയുടെ സുന്ദര്യശാസ്ത്രത്തെ മറ്റൊരു കവിതകൊണ്ട് നുള്ളിനോവിക്കാനുള്ള കവയിത്രിയുടെ ഒരു ശ്രമമായി വേണം നമുക്കിതിനെ കരുതാന്‍.

കവിതയുടെ സമസ്തമേഖലകളിലേയും നിയതമായ അതിരുകളില്‍ നിന്നകന്ന് ഈ കലങ്ങിയ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിക്കാനോ അവയോട് വിലപേശി തന്റെ നിലപാട് ഉറക്കെപറയാനോ കവയിത്രി ഇവിടെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷ്ണകഥകള്‍ മാത്രം പറയുന്ന അറുപത്തൊമ്പത് കവിതകളുടെ ഈ സമാഹാരം വായനക്കാരന് മുന്നില്‍ അവതരിക്കുന്നത് ജീവത്തായ ഒരു ദൃശ്യമാധ്യമത്തെപ്പോലും വെല്ലുവിളിക്കാനുള്ള കരുത്താര്‍ജ്ജിച്ചുകൊണ്ടാണ്.

ആഖ്യാനസ്വഭാവമുള്ള കവിതകള്‍ എന്ന നിലയിലാണ് ഞാന്‍ ഈ കവിതകളെ നോക്കിക്കാണുന്നത്. കാഴ്ചകളുടെ 'ഭാഷാചമത്കാര'ത്തിന്റെ സാധ്യതകളെ പലയിടത്തും ഉപയോഗിച്ചുകൊണ്ടാണ് കവയിത്രി കഥ പറഞ്ഞുപോകുന്നത്. യശോദയുടെ മനോവ്യാപാരങ്ങളെപ്പറ്റിയുള്ള മാറിയ കാഴ്ചപ്പാടുകള്‍, രാധയുടെ ചിന്തകളും ആകുലതകളും, കവയിത്രിയിലൂടെ ഉടലെടുക്കുന്ന ദര്‍ശനധാരകള്‍ എന്നിവ പല കൃഷ്ണകഥകളെയും പുനര്‍ചിന്തനത്തിന് വിധേയമാക്കാനാവശ്യപ്പെടുന്നുണ്ട ്. മുന്‍ കാലങ്ങളില്‍ ഇത്തരത്തിലുള്ള കാവ്യധാരകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നത് ഒരു പുരുഷ്കേന്ദ്രീകൃത ഭാഷാവ്യവസ്ഥകളില്‍ നിന്നുകൊണ്ടാണ്. എന്നാല്‍ അതില്‍ നിന്ന് മാറി ഒരു സ്ത്രീ ഇവിടെ കാവ്യസൃഷ്ടി നടത്തുന്നത് ഭാഷയുടെ സിംഫണിയില്‍ ഇതള്‍ വിടര്‍ത്തുന്ന അനുഭവതലത്തിലൂടെയാണ്.


കൃഷ്ണന്റെ ജീവിതത്തിലെ മാറിമറഞ്ഞുവരുന്ന സൗന്ദര്യമുഹൂര്‍ത്തങ്ങളുമായുള്ള കവയിത്രിയുടെ നിര്‍മ്മലമായ ലയം വായനക്കാരനും അനുഭവിക്കുന്നു. യുക്ത്യാധിഷ്ഠിതമായ കാവ്യരചനയ്ക്കുള്ളില്‍ ചാലുകള്‍ കീറിക്കൊണ്ട് വികാരനദിയെ പരന്നൊഴുകാന്‍ എഴുത്തുകാരി അനുവദിക്കുന്നതായി കാണാം. ആ ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഉണങ്ങി വരണ്ട് ഊഷരവും, കേവലദൃഷ്ടിക്ക് ഗോചരവുമായ താളാത്മകമല്ലാത്ത ഒരു കാവ്യരീതിയായി ഇത് മാറുമായിരുന്നു.


ഇവിടെ കവയിത്രിയുടെ ഭാഷ ഭാവനയും അഭിലാഷവുമായി രൂപാന്തരം പ്രാപിക്കുകയാണ്. അത് ദൃഢത വിട്ടുണരുന്ന ഒരു പ്രവാഹമായിത്തീരുന്നു. ഒരു സംഗീതികയില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്ന സ്വരങ്ങളാകുന്നു. അതിന്റെ അനുസ്യൂതിയായി വായനക്കാരന്‍ മാറുന്നു. ഈ വ്യവസ്ഥയിലൂടെ എഴുത്തുകാരി വായനക്കാരന് സ്ഥിരസൗന്ദര്യങ്ങള്‍ക്കതീതമായ വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നു തരുന്നു. അതിലൂടെ നാം കാണുന്ന കൃഷ്ണനും യശോദയ്ക്കും രാധയ്ക്കുമെല്ലാം നമ്മളെവിടെയൊക്കെയോ കണ്ടുമറന്ന ചില മുഖങ്ങളുടെ ഭാവങ്ങളുണ്ട്...ചില സാമ്യതകളുണ്ട്...

Tuesday, August 14, 2012

രാത്രി: മലയാളത്തിന്റെ രാക്കനവുകള്‍

പുസ്തകം : രാത്രി: മലയാളത്തിന്റെ രാക്കനവുകള്‍
എഡിറ്റര്‍: ടോണി ചിറ്റേട്ടുകുളം
പ്രസാധകര്‍ : ഒലിവ് ബുക്‌സ്
അവലോകനം : ബുക്ക് മലയാളം


''കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികള്‍ കുറിക്കുവാന്‍'' ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വരികളാണിത്. രാത്രി ശോകസാന്ദ്രവും ചിലപ്പോള്‍ സ്വപ്നഭരിതവും ചിനേരങ്ങളില്‍ ആഘോഷങ്ങളിലും ആനന്ദത്തിലും ആഴ്ന്നുമയങ്ങുന്ന കാല്പനികമായ സങ്കല്‍പ്പവുമാണ്. രാവിന്റെ അന്ത്യത്തോളം അലഞ്ഞുനടന്നവര്‍. ചങ്ങാത്തിക്കൂട്ടങ്ങളില്‍ രാവ് പാടിവെളുപ്പിച്ചവര്‍. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞുതീരാത്ത എഴുതി വയ്ക്കാത്ത എത്രയോ ഓര്‍മ്മകള്‍ പിറ്റേപ്പുലര്‍ച്ചയില്‍ മാഞ്ഞുപോയിരിക്കുന്നു. എഴുതപ്പെട്ട അനുഭവങ്ങളെ അടുക്കുവയ്ക്കുകയാണ് രാത്രി മലയാളത്തിന്റെ രാക്കനവുകള്‍ എന്ന പുസ്തകം.

ടോണി ചിറ്റേട്ടുകുളം എഡിറ്റു ചെയ്ത രാത്രി-മലയാളത്തിന്റെ രാക്കനവുകള്‍, രാക്കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ചേര്‍ത്തുവയ്ക്കുന്നു. ഒരു തരം വര്‍ഗ്ഗീകരണം. എഴുത്തിലെ ഈ ക്രമപ്പെടുത്തല്‍ വായനയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കൗതുകം നല്‍കുന്ന കാര്യമാണ്. രാത്രി എന്ന ബിംബം അനവധി പ്രതിബിംബങ്ങളാല്‍ ശിഥിലമാക്കപ്പെട്ട ഒരു രൂപകമായിത്തീരുന്നു. മാത്രവുമല്ല, വര്‍ഗ്ഗീകരണത്തിന്റെ മാനദണ്ഡങ്ങള്‍ ഏതുവിധമാണ് രാത്രിയെ ഒരുമിച്ച് ചേര്‍ക്കുന്നതെന്നും വ്യക്തമല്ല. അതായത് രാത്രി എന്നൊരു 'പൊതു' വായനാനുഭവം നിര്‍മ്മിക്കുക അസാധ്യമായിരിക്കും. അത്തരമൊരസാധ്യതയെ സംവാദത്തിന്റെ വെളിച്ചത്തിലേക്ക് കയറ്റിനിര്‍ത്തുകയാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ പുസ്തകത്തിലെ ഓരോ കഥയും ഓരോ കവിതയും അനുഭവക്കുറിപ്പുകളും നിരൂപണ ബുദ്ധിയോടെ വായിക്കുക എന്ന സാധാരണമട്ടിലുള്ള സമീപനത്തില്‍ നിന്നും ഒരുമാറിനടത്തം ആവശ്യമായിവരുന്നു. സര്‍ഗ്ഗാത്മക രചനകളെ രാത്രി എന്ന ഒറ്റക്രമത്തിലേക്ക് പൊതുവായി മുതല്‍ക്കൂട്ടുമ്പോള്‍ എന്തു സംഭവിക്കുന്ന എന്ന ചോദ്യത്തിലൂടെയാണ് ഈ പുസ്തകത്തെ സംവാദത്തിനെടുക്കുന്നത്. സൃഷ്ടി മൗനങ്ങളുടെ ബ്രഹ്മയാമങ്ങള്‍ എന്ന ആമുഖക്കുറിപ്പില്‍ ടോണി ഈ ചേര്‍ത്തുവയ്ക്കലിന്റെ സമീപന രീതി വ്യക്തമാക്കുന്നുണ്ട്. സമീപനത്തെ ചൂഴ്ന്നു നില്‍ക്കുന്നത് ഏറെക്കുറെ കാല്പനികമെന്നുപറയാവുന്നു രാവോര്‍മ്മകളാണ്. 'ഓര്‍മകളുടെ പുസ്തകത്തിലെ രാത്രികാലങ്ങള്‍ക്ക് നിലാവിന്റെ സുഗന്ധം. മുയല്‍ മുദ്ര പേറുന്ന പാല്‍ നിലാവും മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധവും.' എന്ന് അത് ഗൃഹാതുരമാകുന്നു. കാല്‍പനികവും ഗൃഹാതുരവുമായ രാത്രി എന്ന അനുഭവത്തില്‍ നിന്നുമാണ് ഇത്തരമൊരു പുസ്തകം സാധ്യമായിരിക്കുന്നത്. (ഷെരീഫിന്റെ രാത്രി വരകളുടെ ഭാവതീവ്രതയെക്കുറിച്ച് ആമുഖത്തില്‍ പറയുന്നുണ്ട് പുസ്തകത്തില്‍ വര മാഞ്ഞുപോയിരിക്കുന്നു.)

എന്നാല്‍ ഈ പുസ്തകം പ്രസക്തമാകുന്നത് ചില അസാന്നിധ്യങ്ങളുടെ രേഖപ്പെടല്‍ എന്ന നിലയ്ക്കാണ്. കഥകളിലേറെയും എഴുതിയത് പുരുഷന്‍മാരായ കഥാകൃത്തുക്കളാണ്. സ്ത്രീകളുടെ രാക്കഥകള്‍ മാധവിക്കുട്ടി, പി വല്‍സല, ഗ്രേസി, ഒ വി ഉഷ, കെ രേഖ എന്നിങ്ങനെ ചുരുക്കം പേരുകളിലേക്ക് ചുരുങ്ങുന്നു. കവിതകളിലെത്തുമ്പോള്‍ അത് സുഗതകുമാരി എന്ന ഒറ്റ നാമത്തില്‍ എത്തിനില്‍ക്കുന്നു. അനുഭവക്കുറിപ്പുകളില്‍ റോസ് മേരിയും സ്വപ്നാ ശ്രീനിവാസനും മാത്രം. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞവരിലേറെയും പുരുഷന്‍മാരായിരുന്നു. സ്ത്രീകള്‍ രാത്രികളില്‍ നിന്നും പുറത്താക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാത്രി ഭയം മൂടിക്കിടക്കുന്ന തെരുവാണ്. ഇരുട്ടില്‍ നിന്നും തുറിച്ചു നോക്കുന്നവര്‍. പിന്നില്‍ പതുങ്ങി പിന്തുടരുന്നവര്‍. എപ്പോഴും തനിക്കുനേരേ നീണ്ടുവരാവുന്ന അജ്ഞാാതമായ കൈകള്‍. രാത്രിയില്‍ നിരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ കഴുകന്‍ നോട്ടങ്ങളാല്‍ കൊത്തിവലിക്കപ്പെട്ടാണ് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നത്. രാത്രി എന്ന കാല്പനിക രൂപകത്തിനുമേല്‍ തെരുവ് എന്ന അനുഭവം ആഞ്ഞുകൊത്തുന്നുണ്ട്. റോസ് മേരിയുടെ ആത്മാക്കളുടെ രാത്രി വീട്ടുമുറ്റത്ത് മാത്രം സംഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടലായിരുന്നു. അവിടെ കാഴ്ചക്കാരിയായിരിക്കുന്ന പെണ്‍കുട്ടിക്കു ചുറ്റും കുടുംബം എന്ന കാവലുണ്ടായിരുന്നു. 'രാത്രിയെന്നാല്‍ വെളിച്ചവും വിശാലതയുമാണെന്നായിരുന്നു കായല്‍ എന്ന പഠിപ്പിച്ചത്.' എന്ന സ്വപ്നശ്രീനിവാസന്റെ കുറിപ്പില്‍ ഗൃഹാതുരത്വത്തെ മറികടക്കുന്ന പെണ്ണനുഭവത്തിന്റെ ഭയം ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. രാത്രിയില്‍ പുഴക്കരയില്‍ ഒറ്റക്കാവുന്ന പെണ്‍കുട്ടിയുടെ അരക്ഷിതമായ നിലവിളിയാണ് യഥാര്‍ത്ഥത്തില്‍ മലയാളത്തിന്റെ രാക്കനവുകളെ പൊതിഞ്ഞുനില്‍ക്കുന്നത്. ഒരുപക്ഷെ, എഴുതപ്പെടാതെപോയ നിരവധി ഓര്‍മ്മക്കുറിപ്പുകളുടെ കലമ്പങ്ങള്‍ വായനയെ ഈ അസ്വസ്തമാക്കുന്നുണ്ട്. 'രാത്രി അമ്മയെപ്പോലെ ചേര്‍ത്തണച്ചുറക്കുന്നു' എന്ന സുരക്ഷിതമാകുന്ന സുഗത കുമാരിയുടെ വരികളിലൂടെ രാത്രി വിവിധ ഭാവങ്ങളില്‍ കയറിവരുന്നുണ്ട്. 'രാത്രി മൃത്യുവെപ്പോലെ'/'രാത്രി ജീവിതംപോലെ' എന്ന് കവിത ജീവിതത്തിന്റെ സമസ്താനുഭവങ്ങളെയും നിറച്ചുവയ്ക്കുന്ന നിഗൂഢമായ അനുഭ സ്ഥലമാക്കി രാത്രിയെ മാറ്റുന്നു. അതോടെ രണ്ടായി വിഭജിക്കപ്പെട്ട ഒരു പുസ്തകമായി രാത്രി മാറുകയാണ്. രാത്രി എന്ന പെണ്‍ അനുഭവം തന്നെയാണ് അതിന്റെ ഒരുപാതി. അവിടെ എഴുതപ്പെടാതെ മഞ്ഞുകിടക്കുന്ന അനുഭവങ്ങളുടെ, കവിതയുടെ കഥയുടെ ശിഥില രാത്രികള്‍ കുടഞ്ഞുണര്‍ത്തപ്പെടുന്നുണ്ട്. അങ്ങനെ, വര്‍ഗ്ഗീകരണത്തെ, ക്രമപ്പെടുത്തലുകളെ, മാനദണ്ഡങ്ങളെ, വായനാശീലത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് രാത്രി എന്ന പുസ്തകം. (വില: 200 രൂപ പേജ്: 321)

Friday, August 10, 2012

ഡിൽഡോ (ആറ് മരണങ്ങളുടെ പൾപ്പ് ഫിൿഷൻ പാഠപുസ്തകം)



പുസ്തകം : ഡിൽഡോ (ആറ് മരണങ്ങളുടെ പൾപ്പ് ഫിൿഷൻ പാഠപുസ്തകം)
രചയിതാവ് : ദേവദാസ് വി.എം.

പ്രസാധനം : ബുക്ക്‌ റിപ്പബ്ലിക്ക്
അവലോകനം : മനോരാജ്


















ലയാള മനോരമയുടെ നോവല്‍ കാര്‍ണിവലില്‍ ഇക്കുറി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ വി.എം.ദേവദാസിന്റെ വ്യത്യസ്തമായതും ആദ്യത്തേതുമായ നോവലാണ്‌ ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) . തികച്ചും മനോഹരമായ ഒരു നോവല്‍. പേരില്‍ തുടങ്ങുന്ന ആകാംഷ പുസ്തകം വായന കഴിയുന്നത് വരെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നത് തന്നെ ദേവദാസിന്റെ വിജയമായി കാണാം. നോവല്‍ സങ്കല്പങ്ങളെ പലപ്പോഴും വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ട് ദേവദാസിന്‌. പത്രവാര്‍ത്തയിലൂടെ അറിയുന്ന ആറ് മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു കഥ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും അതിന്റെ അവതാരികയില്‍ മേതില്‍ രാധാകൃഷ്ണന്‍ സൂചിപ്പിച്ച എഴുത്തിലെ പഴയ മിഷിനറി പൊസിഷന്‍ എന്തെന്ന് എനിക്ക് അത്ര മനസ്സിലായില്ല. എന്ന് മാത്രമല്ല അതത്രക്ക് ദഹിച്ചുമില്ല. പിന്നെ മേതിലിന്റെ ആദ്യ വാദത്തോട് ഞാനും യോജിക്കുന്നു. എന്തെന്നാല്‍ ദേവദാസ് ഒരിക്കലും അശ്ലീലപരമായ ഉദ്ദേശ്യം കൊണ്ടാണ്‌ ഡില്‍ഡോ എഴുതിയതെന്ന് ഞാനും വിശ്വസിക്കുന്നില്ല.

വളരെ വ്യത്യസ്തതയുള്ള ഒരു സബ്‌ജെക്റ്റിനെ അതിലും വ്യത്യസ്തമായ അവതരണശൈലികൊണ്ട് ദേവദാസ് വായനക്കാരനില്‍ ഒരു അനുഭവമാക്കുന്നു. നോവല്‍ പറയാന്‍ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തിലും കഥാതന്തുവിലും മുതല്‍ തുടങ്ങുന്ന പുതുമ അദ്ധ്യായങ്ങളുടെ ക്രോഡീകരണത്തില്‍ വരെ സൂക്ഷ്മം ശ്രദ്ധിച്ചിട്ടുണ്ട്.

ഈ നോവലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത ഇതിന്റെ ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന അഭ്യാസങ്ങളാണ്‌. വിവരസാങ്കേതികവിദ്യയുടെ കടം കൊള്ളല്‍ അവിടെയുണ്ടെങ്കിലും അത് ഈ പുസ്തകത്തെ സാധാരണ നോവല്‍ രൂപങ്ങളില്‍ നിന്നും വേറിട്ട് നിറുത്തുന്നു. ദേവദാസിന്റെ പുസ്തകത്തെ എന്താവും നാം വിളിക്കുക എന്ന മേതില്‍ രാധാകൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്‌. കാരണം പരമ്പരാഗതമായ നോവല്‍ സങ്കല്പ്പങ്ങളെ തച്ച് തകര്‍ക്കുന്നു ഈ പുസ്തകം. ആകര്‍ഷണീയമായ രീതിയില്‍ പുസ്തകം ലേഔട്ട് ചെയ്ത പ്രസാധകരായ ബുക്ക് റിപ്പബ്ലിക്കും ഇതോടൊപ്പം പ്രശംസയര്‍ഹിക്കുന്നു.

രമണന്‍

പുസ്തകം : രമണന്‍
രചയിതാവ് : ചങ്ങമ്പുഴ
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം :

ളരെ വൈകിയാണെങ്കിലും ഞാനും വായിച്ചു രമണന്‍. ഇത്രയും കാലം ഞാന്‍ കരുതിയിരുന്നത് മലയാളത്തിലെ Romeo and Juliet ആണ്‌ ഇത് എന്നായിരുന്നു. പക്ഷെ വളരെ വ്യത്യാസമുണ്ടെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. വായിച്ചുരസിക്കാവുന്ന വെറും റൊമാന്റിക് മാത്രമായ ഒരു കൃതി എന്നേ ഇത്രയും നാള്‍ കരുതിയിരുന്നുള്ളൂ. അതായത് വെറും സ്വപ്നലോകത്തെ കാല്പനികതകള്‍. പക്ഷെ അങ്ങനെയല്ല. ജീവിതത്തിന്റെ കനത്ത ഒരു സ്പര്‍ശം ഇതിലുണ്ട്.
അവതാരികയില്‍ ജോസഫ് മുണ്ടശ്ശേരി ഇങ്ങനെ പറയുന്നു:

"ലോര്‍ഡ് ബയറന്റെ 'ചൈല്‍ഡി ഹാരോള്‍ഡ്' എന്ന കവിതയ്ക്ക് ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ ഒരു നിരൂപകന്‍ അഭിപ്രായപ്പെടുകയാണ്‌:"ഏറ്റവും ചെലവുള്ള കൃതികള്‍ കലാസൗഭഗം കൊണ്ട്, അനുത്തമങ്ങളാകട്ടെ, അല്ലാത്തതാകട്ടെ, പുറപ്പെടുന്ന കാലത്തിന്റെ ആശകളുമാവശ്യങ്ങളും അവയ്ക്കു പിന്‍പില്‍ക്കാണും. തക്ക സന്ദര്‍ഭങ്ങളിലായിരിക്കും അവയെത്തുന്നത്. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടുവാന്‍ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അര്‍ഥവത്തല്ലയോ?"

രമണന്റെ വിജയത്തിന്റെ പകുതികാരണം മേല്പ്പറഞ്ഞതായിരിക്കാം. സ്കൂളില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ മലയാളകവിതയെന്നും പറഞ്ഞ് കൊടുത്തിരുന്ന മഹാകവികളുടെ സംസ്കൃതം നിറഞ്ഞ കടിച്ചാല്‍ പൊട്ടാത്ത കവിതകള്‍ കാണാപ്പാഠം പഠിക്കേണ്ടിവന്നപ്പോള്‍ അതൊരു insult പോലെ തോന്നിയിരുന്നു. മലയാളകവിതയെന്ന ലേബലില്‍ മലയാളകവിത തന്നെ കാണാന്‍ കൊതിച്ചിരുന്ന എന്നെപ്പോലെയുള്ള അനേകം പേരുടെ കാത്തിരിപ്പിനു മറുപടിയായായിരിക്കണം രമണന്‍ വന്നത്. അതുകൊണ്ടായിരിക്കാം മേല്പ്പറഞ്ഞതുപോലെ അത് വളരെ സ്വീകരിക്കപ്പെട്ടതും. എങ്കിലും അതിന്റെ വിജയം പൂര്‍ണ്ണമായും അതുകൊണ്ടാണെന്ന് വിശ്വസിക്കാന്‍ വയ്യ. പച്ചമലയാളത്തില്‍ ആര്‍ക്കും മനസ്സിലാകുന്നരീതിയില്‍ വളരെ മനോഹരതയോടും എന്നാല്‍ ലാളിത്യത്തോടും കൂടി ഒരു ശൃംഗാരരസപ്രധാനമായ കാവ്യം അവതരിച്ചു എന്നതായിരിക്കണം ആ ഗുണങ്ങള്‍ക്കുവേണ്ടി ദാഹിച്ചിരുന്ന മനസ്സുകളുടെ 'കാലഘട്ടത്തിന്റെ ആവശ്യം'. പക്ഷെ കാലഘട്ടത്തിനപ്പുറത്തേക്കും അതിനെ വിജയിപ്പിക്കുന്നതിന്‌ മറ്റൊരു കാര്യം കൂടി നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നു തോന്നുന്നു.. Shakespeare-ന്റെ Romeo and Juliet-നെക്കാളും അതിനെ ഒരുപടി മുന്നിലേക്ക് നിര്‍ത്തുന്ന ഒരുകാര്യം. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്നതിലുള്ള സത്യസന്ധത. Romeo and Juliet പൂര്‍ണ്ണമായും കാല്പനികമായ ഒരു ലോകത്ത് നില്‍ക്കുന്നു. റോമിയോയും ജൂലിയറ്റും പ്രേമബദ്ധര്‍. അവരുടെ കുടുംബങ്ങള്‍ ബദ്ധവൈരികളായതുകൊണ്ട് അവരുടെ ബന്ധത്തിന്‌ അംഗീകാരം ലഭിക്കുന്നില്ല. അതുകൊണ്ട് ജീവിതത്തിലൊന്നിക്കാന്‍ കഴിയാത്ത അവര്‍ക്കിരുവര്‍ക്കും മരണത്തെ വരിക്കേണ്ടിവരുന്നു. ഇതില്‍ രണ്ടുകൂട്ടരുടെയും കുടുംബങ്ങള്‍ എതിരുനില്‍ക്കുമ്പോഴും നായികാനായകന്മാര്‍ കൊടിയ പ്രേമത്തില്‍ത്തന്നെയാണ്‌. രമണന്‍ വ്യത്യസ്തപ്പെട്ടുനില്‍ക്കുന്നതും ആ ഒരു കാര്യത്തിലുള്ള വ്യത്യസ്തതമൂലമാണ്‌. രമണനും ചന്ദ്രികയും തീവ്രപ്രണയത്തിലാണ്‌. രമണന്‍ ദരിദ്രനായ ഒരു ആട്ടിടയന്‍. ചന്ദ്രികയോ ധനികകുടുംബത്തിലെ പെണ്‍കുട്ടി. സാമൂഹ്യവ്യവസ്ഥിതിയില്‍ അധിഷ്ടിതമായ ഉച്ചനീചത്വങ്ങള്‍ മൂലം ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിയില്ല. പുസ്തകത്തിന്റെ പകുതിയിലധികം വരുന്ന ഈ ഭാഗം ലളിതവും മനോഹരവുമായ ഭാഷയില്‍, ശൃംഗാരഭാവത്തില്‍, ലഹരിപിടിപ്പിക്കുന്ന താളത്തില്‍ ഇളകിയിളകി മുന്നോട്ടുപോയി. അതൊക്കെ യാതൊരു seriousnessഉമില്ലാതെ, ഒരു മനോഹരപ്രേമകഥയായി വളരെ അലസമായി ആസ്വദിച്ച് വായിച്ചു ഞാന്‍ മുന്നോട്ട് പോയി. പെട്ടെന്നാണത് സംഭവിച്ചത്. ഒരു ചെറിയ ഷോക്ക്. കാല്പനികതയുടെ സ്വപ്നലോകത്തുനിന്ന് പൊടുന്നനെ ഞാന്‍ ഭൂമിയിലേക്ക് വീണുപോയി. തങ്ങളുടെ പ്രണയം സഫലമാകില്ല എന്നു ബോദ്ധ്യമായ ചന്ദ്രിക കഠാരയുമായി സ്വയം കുത്തിമരിക്കാനായി മുറിയില്‍ തനിച്ചുനിന്നപ്പോള്‍ മനസ്സിലൂടെ പാഞ്ഞുപോയ നൂറായിരം ചിന്തകളുടെയൊടുവില്‍ ആത്മഹത്യ വേണ്ട എന്ന തീരുമാനത്തിലെത്തുന്നു. ജീവിക്കാന്‍ തന്നെയുറപ്പിക്കുന്നു. ഓടക്കുഴലുമായി നടക്കുന്നൊരു ദരിദ്രനാമാട്ടിടയനുവേണ്ടി ജീവിതം പാഴാക്കുന്നത് മണ്ടത്തരമാണെന്ന വിശ്വാസത്തിലെത്തുന്നു. ജീവനോടെയിരുന്നാല്‍ എല്ലാം തികഞ്ഞ കുടുംബത്തില്‍ എല്ലാ സുഖങ്ങളോടും കൂടി രാജകുമാരിയായി കഴിയാമെന്ന വെളിപാടുണ്ടാകുന്നു. രമണനെ ത്യജിക്കാന്‍ തന്നെ ഉറപ്പിക്കുന്നു.

"ഇല്ല, ഞാനെന്നെനശിപ്പിക്കയില്ലൊരു
പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും."

"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!"

എന്നു തന്നോടുതന്നെയുരുവിടുന്നു. തീരുമാനമറിഞ്ഞ രമണന്‍ ആത്മഹത്യയിലേക്ക് തിരിയുകയും ചെയ്യുന്നു.

എം. പി. പോള്‍ ബഷീറിന്റെ ബാല്യകാലസഖിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണല്ലോ: "ഇത് ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരേടാണ്‌. ഇതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു." രമണനിലും ജീവിതം അവശേഷിപ്പിച്ച ചതവ് മായാതെ കിടക്കുന്നു. അതങ്ങനെ തന്നെ കിടക്കും.