Sunday, August 7, 2011

കലാപം

പുസ്തകം : കലാപം
രചയിതാവ് : ശശി തരൂര്‍
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം : കാട്ടിപ്പരുത്തി



2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ കലാപമെന്ന നോവലിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല. മറിച്ച്, ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തരൂരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

1 comment:

  1. നന്നായി അവലോകനം.രണ്ടു പുസ്തകവും വായിച്ചതില്‍ നിന്നും തോന്നിയത് (എനിക്കു മാത്രം)"തൊണ്ണൂറുകളിലെ ഇന്ത്യയുടെ ഹൃദ്സ്പന്ദനങ്ങള്‍ക്ക് നേരെ കാതു പൊത്തി പിടിച്ചിട്ട് ,പോസിറ്റീവ്ആയ നിലപാട് തറയില്‍ നിന്ന് ശ്രീ .ശശി തരൂര്‍ നോക്കികാണുന്നു എന്നുള്ള വിവര്‍ത്തകന്‍ ശ്രീ.തോമസ്‌ ജോര്‍ജിന്‍റെവരുത്തിതീര്‍ക്കല്‍ അത്യന്തം പ്രതിഷേടാര്‍ഹം.കാലത്തിന്‍റെ ചരിത്ര വ്യഥകളില്‍ നിന്നും മുക്തി നേടുന്ന ശോഭനമായ ഒരു ഭാവിയുടെ സത് സാധ്യതകളിലേക്കും ,ദുരന്ത ഭൂമിയുടെ ചരിത്രപരമായ വേരുകളിലേക്കും,ധിഷണ വ്യാപരിപ്പിക്കുമ്പോലും തരൂരിനെപ്പോലെ കയ്യടക്കമുള്ള എഴുത്തുകാരനില്‍ നിന്നും നോവല്‍ ആണെങ്കില്‍ കൂടിയും ഗത്യന്തരമില്ലായ്മയുടെ നിസ്സഹായതയല്ല മറിച്ച് പരിഹാര മാര്‍ഗങ്ങളുടെ സമൃദ്ധിയാണ് വായനക്കാര്‍ അവകാശപെടുന്നത്".

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?