പുസ്തകം : സാവിത്രീ ദേ -ഒരു വിലാപം
രചയിതാവ് : മാടമ്പ് കുഞ്ഞിക്കുട്ടന്‍
പ്രസാധനം : ഗ്രീന്‍ ബുക്സ്
അവലോകനം : റാണിപ്രിയ
മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി തൃശ്ശൂര്‍ ജില്ലയില്‍ കിനാലൂരിലെ മാടമ്പ് മനയില്‍ ജനിച്ചു. നോവലിസ്റ്റ്,കഥാകൃത്ത്,തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തന്‍.2000ല്‍ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലചിത്ര അവാര്‍ഡ് മാടമ്പിനു ലഭിച്ചു.ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥക്കായിരുന്നു അത്. ഭ്രഷ്ട്, അവിഘ്നമതു, അശ്വത്ഥാമാവ്, സാധനാലഹരി, അമൃതസ്യപുത്ര: തുടങ്ങിയ കൃതികള്‍.
കാവ്യസുന്ദരമായ ശൈലിയില്‍ വിടര്‍ന്ന മലയാളത്തിന്റെ വിലാപ നോവല്‍ എന്ന് സാവിത്രീ ദേ വിലാപത്തെ വിശേഷിപ്പിക്കാം. സ്വന്തം ഭാര്യയുടെ രോഗവും മരണവും ഏല്‍പ്പിച്ച ആഘാതത്തില്‍
നിന്നും രൂപാന്തരപ്പെട്ടതാണീ നോവല്‍. പ്രിയപ്പെട്ടവരുടെ മരണത്തിലൂടെ ഉണര്‍ന്ന ഓര്‍മ്മക്കുറിപ്പിനും ഉപരി ആ ഓര്‍മ്മകള്‍ക്ക് ഒരു ആത്മീയപരിവേഷത്തോടെ അവതരിപ്പിക്കുന്നു നോവലിസ്റ്റ്. ഭാര്യ-ഭര്‍ത്തൃ ബന്ധത്തിന്റെ തലത്തില്‍ നിന്നും മാറി അനിര്‍വ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മില്‍ ഉണ്ടാകുന്നു.
ഈ വിലാപം ആത്മീയമായ അന്തര്‍ദര്‍ശനങ്ങളുടെ കവിഞ്ഞൊഴുക്കാണ്.അതുകൊണ്ട് തന്നെ വായനക്കാരുടെ ഉള്ളകത്തെ ഈ നോവല്‍ ഈറനണിയിക്കുന്നു.ഭാര്യയെ ദേവിയായി സങ്കല്‍പ്പിച്ചിരിക്കുന്നു നോവലിസ്റ്റ്. ദേവിയുടെ ആത്മാവിനോട് സംവദിക്കുന്നതായും അവരുടെ സാമീപ്യം അറിയുന്നതും വളരെ വളരെ മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദേവി ഒരു കാക്കയുടെ രൂപത്തില്‍ വരുന്നു ഈ കഥയിലുടനീളം ആ കഥാപാത്രത്തെ നമുക്ക് ദര്‍ശിക്കാം. കാണുന്നത് മുഴുവനും ദേവീസ്വരൂപമായ് മാറുന്നു. പഞ്ചഭൂതങ്ങളില്‍ ഒന്നു ചേര്‍ന്ന ദേവീചൈതന്യം ശ്രേയസ്സിനായി വഴി കാട്ടുന്നു.
ദേവീ! ദു:ഖവും സന്തോഷവും വേദനയും സുഖവും അനുഭവം കഴിയുമ്പോള്‍ ഒന്നാകുന്നു. ഒന്നുമല്ലാതാകുന്നു. ഓര്‍ത്തു കരയാം. ഓര്‍ത്തു രസിക്കാം. വേദനയില്ലായിരുന്നു എന്നോര്‍ത്തോര്‍ത്ത് സന്തോഷിക്കാം.സുഖമായിരുന്നു എന്നോര്‍ത്ത് വേദനിക്കാം.സുഖദു:ഖങ്ങള്‍ ഒന്നാകുന്നു എന്ന് നോവലിലെ വാക്കുകള്‍. മരണം വേദനയല്ല. മൃതി അമൃതാണ്. അതി മധുരമാണ്. പറഞ്ഞറിയിക്കാനാവാത്ത സുഖം. മരണവേദന എന്നൊന്നില്ല. ഭോഗതൃപ്തി വരാത്ത ശരീര കാമനകളുടെ കളിയാണിത്.ഈ ശരീരം അന്യമാണെന്ന് ആദ്യം അറിയുമ്പോളുള്ള അമ്പരപ്പ്. ഇക്കണ്ടതൊക്കെ അസത്യമാണെന്നനുഭവിക്കുന്ന അത്ഭുതം. പിന്നെ നിത്യാനന്ദം.ആത്മാവിനോടുള്ള ഇത്തരത്തിലെ ആത്മഭാഷണവും നോവലില്‍ നമുക്ക് ദര്‍ശിക്കാം.
സമസ്തവും കാലചക്ര വിഭ്രമത്തില്‍ അമര്‍ന്നുപോകുമെന്ന് അറിയാം.എങ്കിലും മരണമാണ് മനുഷ്യനെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. മരണം വേര്‍പാടല്ലെന്നും നിരന്തരമായൊരു സാന്നിദ്ധ്യത്തിന്റെ പരിമിതാതീതമായ തലത്തിലേക്കുള്ള വികാസമാണെന്നും നോവലിന്റെ അന്തര്‍ധാര വെളിവാക്കുന്നു.കവിതയുടെ സൌന്ദര്യമാണ് മനുഷ്യ മനസ്സിനെ ഈറനണിയിച്ച ഈ നോവലിന്റെ മികവ്.
പരിചയപ്പെടുത്തലിനു നന്ദി.
ReplyDeleteപുസ്തകം ചെറുതായി ബോറടിച്ചു.
ReplyDeleteഈ പരിചയപ്പെടുത്തലിനു നന്ദി...
ReplyDelete