Wednesday, May 30, 2012

റെബേക്ക

പുസ്തകം : റെബേക്ക
രചയിതാവ് : ഡാഫീന്‍ ഡു മോരിയര്‍
പ്രസാധകര്‍ : Victor Gollancz Ltd
അവലോകനം : ബിന്ദു ഉണ്ണി



മുന്മൊഴി
സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ച് എഴുതിയാലോ എന്ന് കരുതിയപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിക്കയറി വന്നത്‌ ഡാഫീന്‍ ഡു മോരിയര്‍ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരിയുടെ റെബേക്ക എന്ന നോവലാണ്. പല പുസ്തകക്കുറിപ്പുകളും കാണുമ്പോള്‍ ഒരു ബുക്ക്‌ വായിച്ചാല്‍ ഇത്രയൊക്കെ തല പുകയ്ക്കണോന്ന് ആലോചിച്ച്‌ എന്റെ തല പുകയാറുണ്ട്. പിന്നെ, അവര്‍ക്കൊക്കെ ഈ അഭിപ്രായമെല്ലാം തല പുകയ്ക്കാതെ സ്വാഭാവികമായി തലയില്‍ ഉദിക്കുന്നതാവും എന്നു വിചാരിച്ചു സമാധാനിക്കുന്നു. ലേശം അസൂയ തോന്നാതിരുന്നില്ല. അതുകൊണ്ട്‌, ഇത്‌ ഡു മോരിയറിന്റെ എഴുത്തിനെക്കുറിച്ചുള്ള എന്റെ പഠനമൊന്നുമല്ല.

കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കൂട്ടുകാരി "റെബേക്ക"യെന്ന നോവലിനെക്കുറിച്ച്‌ പറഞ്ഞത്‌. അവള്‍ക്കീ ബുക്ക്‌ വളരെ ഇഷ്ടമായിരുന്നു. ഞാനിതു വായിച്ചത്‌ മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാത്രം. എനിക്കും ഇഷ്ടമായി. ഇതിലെ അനാഥയായ നായികയോട്‌ ഒരടുപ്പം കൂടി തോന്നിപ്പോയി.

നായിക സ്വന്തം കഥ പറയുകയാണു റെബേക്കയില്‍. എന്നാല്‍, ഒരിക്കല്‍ പോലും അവളുടെ പേരു പറയുന്നില്ല.ഒരു സാധാരണ കഥ വളരെ മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണു എനിക്കിതിഷ്ടമായത്‌. നായികയുടെ ആകാംക്ഷകളും, ആശങ്കകളും, മറ്റു മനോവ്യാപാരങ്ങളും, ഡു മോരിയര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ഒരു ധനികസ്ത്രീയുടെ ഔദാര്യത്തില്‍ ജീവിക്കുന്ന നായിക, ധനികനായ, ഭാര്യ മരിച്ച മാക്സ്‌ എന്നയാളെ വിവാഹം കഴിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ മുന്‍ഭാര്യയായ റെബേക്കയുടെ ശക്തമായ സ്വാധീനം അവള്‍ക്കു തോന്നുന്നു. വീട്ടുജോലിക്കാരും, പ്രത്യേകിച്ച്‌ വീട്‌ മേല്‍നോട്ടക്കാരിയായ മിസ്സിസ്സ്‌ ഡാന്‍വേര്‍സും, അവളെ റെബേക്കയുമായി താരതമ്യം ചെയ്യുന്നതുപോലെയും തോന്നുന്നു. റെബേക്കയോട്‌ കൂറുപുലര്‍ത്തിയിരുന്ന മിസ്സിസ്സ്‌ ഡാന്‍വേര്‍സ്‌, അവളെ തെറ്റിദ്ധരിപ്പിച്ച്‌ ചില അബദ്ധങ്ങളില്‍ കൊണ്ടു ചാടിക്കുകയും, അവളെ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നു മാക്സിനു തോന്നുന്നതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നെ, പുതിയ ചില സംഭവങ്ങള്‍ കഥയെ മറ്റൊരു വഴിക്കു തിരിക്കുകയും, മാക്സും അവളും സന്തോഷമായി (അങ്ങനെ വിചാരിക്കാനാണെനിക്കിഷ്ടം, കഥയില്‍ ഇതു പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും) ജീവിക്കുകയും ചെയ്യുന്നു.

റെബേക്ക വായിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഓര്‍ത്ത്‌ കഥ വിശദീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഈ ബുക്കിനേക്കുറിച്ച്‌ അറിയണമെങ്കില്‍, ഇതാ വിക്കിയിലേക്കുള്ള ലിങ്ക്‌: http://en.wikipedia.org/wiki/Rebecca_(novel)

വിക്കിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍: റെബേക്ക വേറെ ചില ബുക്കുകള്‍ക്ക്‌ പ്രചോദനമായിട്ടുണ്ടത്രെ. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കാര്‍ ഈ ബുക്ക്‌ ഒരു കോഡ്‌ സോഴ്സ്‌ ആക്കിയിരുന്നു, പക്ഷെ ആ കോഡ്‌ എവിടെയും ഉപയോഗിച്ചിട്ടില്ല. ഇതിനെ ആധാരമാക്കി, കെന്‍ ഫോളറ്റ്‌ "ദ്‌ കീ റ്റു റെബേക്ക" എന്ന ത്രില്ലര്‍ എഴുതി (ഇതു ഞാന്‍ വായിച്ചിട്ടുണ്ട്‌). ഡു മോരിയര്‍ റെബേക്കയുടെ തീം മോഷ്ടിച്ചതാണെന്നും എഴുതിയിട്ടുണ്ട്‌ വിക്കിയില്‍.

Sunday, May 27, 2012

ചാവൊലി

പുസ്തകം : ചാവൊലി
രചയിതാവ് : പി..ഉത്തമന്‍
പ്രസാധകര്‍
: ഡി.സി.ബുക്സ്
അവലോകനം
: സി.ഗണേഷ്


പി.. ത്തമന്‍ എന്ന കഥാകൃത്തിനെ കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. എന്നാല്‍ സുന്ദരപുരുഷന്മാര്‍, കവാടങ്ങള്‍ക്കരികില്‍, കറുത്ത കുരിശ് എന്നീ സമാഹാരങ്ങളൊന്നും വായിച്ചിരുന്നില്ല. ഉത്തമന്റെ നോവല്‍ - 'ചാവൊലി' വായിക്കുന്നത് അദ്ദേഹത്തിന്റെ ഭൌതീകശരീരം ചാവൊലി മുഴക്കി കടന്നുപോയതിനു ശേഷമാണ്. വായിക്കുന്നതിന് മുന്‍പും വായിക്കുന്നതിന് ശേഷവും ഉള്ളില്‍ ഒരു സാന്നിദ്ധ്യമായിരുന്നു എനിക്ക് ഉത്തമന്‍.
ചാവൊലി വായിക്കുന്ന ഏതൊരാള്‍ക്കും ഉത്തമന്റെ മനസ്സ് ഒരു കടുത്ത നിക്ഷേപമാണെന്ന് കരുതേണ്ടിവരും. ദളിതത്വത്തിന്റെയും വംശഗാഥയുടേയും പോരാട്ടത്തിന്റെയും തായ്‌വേരിനോടുള്ള അഗാധപ്രണയത്തിന്റെയും അസ്തിത്വത്തിന്റെയും പ്രശ്നങ്ങള്‍ നിക്ഷേപിക്കപ്പെട്ട മനസ്സാണ് ഉത്തമന്റേതെന്ന തിരിച്ചറിവ് ആരെയും അസ്വസ്ഥമാക്കാന്‍ പോന്നവിധം അടയാളപ്പെടുത്തിയിരിക്കുന്നു എന്നതാണ് ചാവൊലിയുടെ സവിശേഷത. 'ചാവൊലി' എഴുതാതിരുന്നെങ്കില്‍ ഉത്തമന്റെ മനസ്സ് നീറിപ്പുകഞ്ഞ് പിടയുമായിരിക്കും.
ചാവൊലി ഒരു ദളിത് നോവലാണോ? ആയിരിക്കാം. എന്നാല്‍ അത് മാത്രമായി കാണരുതെന്നാണ് അപേക്ഷ. നിങ്ങള്‍ക്ക് പഠിക്കാനുള്ള എളുപ്പത്തിന് വേണമെങ്കില്‍ അങ്ങിനെ വിളിക്കാമെന്നു മാത്രം. ഒരു നാടിന്റെ ദമിത്വത്തെയാണ് ഉത്തമന്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്.
'മണ്ണിലാണ്ട മരങ്ങളായ് ' എന്ന ഭാഗത്ത് പ്രാദേശികത്വത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലിസ്റ്റിനെ കാണാം.
'അമരവാഴ്വുകളിങ്ങനെ' എന്ന രണ്ടാം ഭാഗത്ത് ഒരു നാടിന്റെ ചെയ്തിയും ബോധവും മാറിമറിയുന്നതിന്റെ വേദനയാണുള്ളത്. ആദ്യാവസാനം ഒരു കടുന്തുടിയുമായി നടക്കുന്ന ഏകാകിയുടെ പ്രാണവേദന നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
കവിയൂര്‍ മുരളി 'ദളിത് സാഹിത്യ'ത്തില്‍ ഇങ്ങിനെ എഴുതുന്നു. "നിങ്ങളുടെ ഭാഷയും നിങ്ങളുടെ സംസ്കാരവും നിങ്ങളുടെ കഥാകഥനങ്ങളുമല്ല ദളിത് സാഹിത്യത്തിന്റെ ചട്ടക്കൂട്. അതു വേറെയാണ്. എന്തും തെറ്റിച്ചുപഠിപ്പിക്കുകയാണ് നിങ്ങളുടെ രീതി. ദലിതനെ അവഗണിക്കുവാനാണ് ഇന്നും നിങ്ങളുടെ പുറപ്പാട്. ഇവിടെ നിങ്ങളുടെ പാണ്ഢിത്യം മണ്ണാങ്കട്ടയാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരുന്നു". ചാവൊലി മലയാള നോവല്‍ ചരിത്രത്തോടും ഇത് തന്നെയാണ് പറയുന്നത് എന്നത് യാദൃശ്ചികമാവാം. മലയാള നോവലില്‍ ഭാഷയിലും സംസ്കാരത്തിലും കഥനരീതിയിലും ഒരു പരീക്ഷണത്തിന് സ്വയമേവ തയ്യാറെടുക്കുന്നുണ്ട് ഈ നോവല്‍. നോവലിന്റെ സാധാരണവ്യാകരണത്തെ തെറ്റിക്കാന്‍ പ്രാപ്തമാണ് ചാവൊലി. എല്ലാ ജ്ഞാനവത്കൃതമായ പാണ്ഢിത്യത്തേയും നാട്ടുമൊഴികൊണ്ട് നിശ്ശൂന്യമാക്കുന്ന ഘടനയാണ് നോവലിനുള്ളത്.
ജാതിമതഭേദങ്ങള്‍ക്കതീതമായി (!) മധ്യവര്‍ഗം കെട്ടിപ്പൊക്കിയ എല്ലാ ആധുനിക പൊള്ളത്തരങ്ങളെയും ആത്മാവബോധമില്ലായ്മയേയും ഉപരിപ്ലവ പ്രത്യയശാസ്ത്രത്തെയും നിശിതമായ വിചാരണക്ക് വിധേയമാക്കുന്നുണ്ട് ഉത്തമന്‍. പൊതുവെ സാമൂഹ്യാധുനീകതാ സംബന്ധിയായ പ്രശ്നങ്ങള്‍ ആവിഷ്കരിക്കാന്‍ ജനപ്രിയമായ എഴുത്തുരീതിയാണ് അവലംബിക്കാറ് എങ്കില്‍, ഉത്തമന്‍ ഇതിനെ കൈയൊഴിയുന്നു. ജനപ്രിയമായ ആഖ്യാന രീതിയല്ല ഉത്തമന്റെത്. വലിയൊരു ജനതയുടെ ആത്മവേഗമാണ് ചാവൊലിയുടെ എഴുത്തുരീതിയായി മാറിയിരിക്കുന്നത്.
നോവലിലൊരിടത്ത് നീലമ്പി വന്ന് മലവിസ്സര്‍ജ്ജനത്തിന് അല്പം സ്ഥലം ചോദിക്കുന്ന രംഗമുണ്ട്. ഈ വെള മുഴുവന്‍ അതിനായി കിടക്കുകയല്ലേ എന്നാണ് മറുപടി. അതു കഴിഞ്ഞപ്പോള്‍ 'ചവിരിച്ച് തര്വോ' എന്ന് ചോദിക്കുന്നു. അതും കഴിഞ്ഞപ്പോഴാണ് 'ന്നെ ഒന്നെടുക്ക്വോ' എന്ന് ചോദിക്കുന്നത്. ഭേദങ്ങളും ഭിന്നങ്ങളുമില്ലാത്ത ജീവിതമാണ് ചാവൊലിയില്‍. അതാകട്ടെ മാനവീക - സാംസ്കാരിക - സാമൂഹ്യാദിമങ്ങളെ തൊട്ടുനില്‍ക്കുന്ന ഒന്നാണ്.
എളുപ്പവായനയിലൂടെ നോവലിനകത്തേക്ക് കടക്കുക സാദ്ധ്യമേയല്ല. ഈ വാമൊഴി വഴങ്ങാത്തവര്‍ക്ക് ശരിക്കും ദുര്‍ഗമം. എന്നാല്‍ നോവല്‍ പ്രക്ഷേപിക്കുന്ന രാഷ്ടീയ സ്വരത്തെ ഇതൊരിക്കലും കുറയ്ക്കുന്നില്ല. ഈ രീതിയില്‍ മാത്രമേ ചാവൊലി പറയാന്‍ കഴിയൂ എന്നു ഞാന്‍ വിചാരിക്കുന്നില്ല. ഉത്തമന്‍ എഴുതുന്നത് ഒരു നോവല്‍ എന്നതിനേക്കാള്‍ ആത്മകഥാധിഷ്ഠിതമായ ആവിഷ്കാര രൂപമാണ് എന്ന ബോധം ഉത്തമനുണ്ട് എന്ന് നോവല്‍ തെളിയിക്കുന്നു. നോവലെന്ന് വിളിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ലാത്ത അവസ്ഥ.
കെ.പി.കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍, മൂലൂര്‍, നിരണം എം.പി.കേശവന്‍, വെട്ടിയാര്‍ പ്രേംനാഥ്, ടികെസി വടുതല, പോള്‍ ചിറക്കരോട്, കല്ലട ശശി, ഡി.രാജന്‍, ടി.എച്ച്.പി.ചെന്താരശ്ശേരി, നാരായന്‍, കെ.ആര്‍.സജിത, ലിയോണ്‍സ് ശാസ്താംകോട്ട, കെ.കെ. ഗോവിന്ദന്‍, രാഘവന്‍ അത്തോളി...എന്നിങ്ങനെ വരുന്ന ദളിത് സാഹിത്യകാരപട്ടികയില്‍ ചേര്‍ക്കുന്ന അടുത്ത പേര് ഉത്തമന്റെതാണ് എന്ന് പറയുമ്പോള്‍ ചേര്‍ത്താലും ചേര്‍ത്തില്ലെങ്കിലും ഉത്തമന് നിലനില്‍പ്പുണ്ട് എന്നതാണ് വസ്തുത. എന്നാല്‍ ഈ പട്ടികയുടെ ബലത്തിലല്ല, ദളിത് ബോധമുള്ള അസാധാരണ നോവലിസ്റ്റായായിരിക്കും നാളെ ഉത്തമനെ വിലയിരുത്തുക.
ഇനി എന്താവും ഉത്തമന്‍ എഴുതുക എന്ന്‍ നമുക്ക് കൌതുകമുണ്ട്. ഉത്തമന്‍ ഇനി എഴുതുകയില്ല. നോവലിന്റെ അവസാനം കുഞ്ഞിരാമന്‍ താന്‍ തന്നെയാവാം എന്ന് രഘുത്തമന് തിരിച്ചറിവ് ഉണ്ടാകുന്നതുപോലെ ഇനി ഉത്തമന്‍ എഴുതുകയില്ലെന്നും നമ്മെക്കൊണ്ട് എഴുതിക്കുകയാവും ചെയ്യുക എന്നതും നമ്മുടെ നേരറിവ്. ഈ കുറിപ്പ് പോലും എഴുതിയതല്ല.. എഴുതിച്ചതാണ്..
ആര്?
പി..ഉത്തമന്‍!!

Thursday, May 24, 2012

THE TRUTH OF SCIENCE

പുസ്തകം : THE TRUTH OF SCIENCE
രചയിതാവ് : റോജര്‍ ന്യൂട്ടന്‍
പ്രസാധകര്‍ : വിവ ബുക്ക്സ്
അവലോകനം : വി.വിജയകുമാര്‍


അവലോകനം : വി.വിജയഖ്‌ഉമാര്‍

ധുനികശാസ്ത്രത്തെ കുറിച്ചുളള സാമൂഹിക, സാംസ്ക്കാരിക പഠനങ്ങള്‍ പുതിയദിശകളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്‌. ദാര്‍ശനികതലത്തില്‍ ആധുനികശാസ്ത്രം എത്തിപ്പെട്ട പ്രതിസന്ധികള്‍, പ്രാന്തവല്‍ക്കരിക്കപ്പെട്ട പാശ്ചാത്യേതര സംസ്ക്കാരങ്ങളിലെ ആദ്യകാല ശാസ്ത്രപ്രവര്‍ത്തനത്തെ കുറിച്ചുളള അന്വേഷണവും പുനര്‍ചിന്തയും, വിജ്ഞാനവും അധികാരവും തമ്മിലുളള ബന്ധങ്ങളെ കുറിച്ചുളള ധാരണകളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിനും പരിസ്ഥിതിവിനാശത്തിനുമെല്ലാം കാരണമായ സാങ്കേതികവിദ്യയുടേയും രാഷ്ട്രീയാധികാരങ്ങളുടേയും സഹായിയായി വര്‍ത്തിച്ച ജ്ഞാനോല്‍പാദനോപാധിയെന്ന നിലക്കുളള വിമര്‍ശനങ്ങള്‍, ആധുനികശാസ്ത്രത്തെ ഒരു സാമൂഹിക,സാംസ്ക്കാരിക നിര്‍മ്മിതിയായി കണ്ടെത്തുകയും ശാസ്ത്രയുക്തിയുടെ സവിശേഷാധികാരങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഉത്തരാധുനികതയുടെ നിലപാടുകള്‍.. .. ഇവയെല്ലാം ആധുനികശാസ്ത്രത്തെ കുറിച്ചുളള പഠനങ്ങളുടെ സമകാലദിശയെ നിര്‍ണ്ണയിക്കുന്നുണ്ട്‌. ഈ സമകാലാവസ്ഥയെ അഭിസംബോധന ചെയ്തുകൊണ്ടേ ശാസ്ത്രത്തെ കുറിച്ചുള്ള ഒരു പുസ്തകം ഇപ്പോള്‍ എഴുതപ്പെടുന്നുള്ളൂ.

റോജര്‍ ന്യൂട്ടണ്‍ എഴുതിയ 'ശാസ്ത്രത്തിന്റെ സത്യം' ഭൌതികശാസ്ത്രസിദ്ധാന്തങ്ങളും ഭൌതികയാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുന്ന ഒരു പുസ്തകമാണ്‌. ഒരു കൂട്ടം സാമൂഹികശാസ്ത്രജ്ഞന്‍മാര്‍ ശാസ്ത്രത്തേയും അതിന്റെ ഫലങ്ങളേയും ചിത്രണം ചെയ്യുന്ന രീതിയോടുള്ള വെറുപ്പില്‍ നിന്നാണ്‌ ഈ പുസ്തകം രചിക്കാന്‍ ആരംഭിച്ചതെന്ന് ആമുഖക്കുറിപ്പില്‍ ഗ്രന്ഥകാരന്‍ പറയുന്നു. ഘടനാവാദാനന്തരചിന്തയുടെയും ഉത്തരാധുനികതയുടേയും സാമൂഹിക നിര്‍മ്മിതിവാദത്തിന്റേയും ഒക്കെ നിലപാടുകളില്‍ നിന്നുകൊണ്ട്‌ ശാസ്ത്രയുദ്ധങ്ങള്‍ നയിക്കുന്നവരെയാണ്‌ റോജര്‍ ന്യൂട്ടണ്‍ ഉദ്ദേശിക്കുന്നത്‌. വളരെയധികം പൊടിപടലങ്ങള്‍ സ്വയം സൃഷ്ടിച്ചശേഷം ഒന്നും കാണാന്‍ കഴിയുന്നില്ലെന്നു പറയുന്ന തത്ത്വചിന്തകന്മാരെ കുറിച്ച്‌ ലെബനിറ്റ്സ് പറഞ്ഞതിനെ അദ്ദേഹം ഉദ്ധരിക്കുന്നു. പുത്തന്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രത്തോടു സ്വീകരിക്കുന്ന സമീപനം ഇതിനു സമാനമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ശാസ്ത്രം ഒരു സാമൂഹികനിര്‍മ്മിതിയോ? എന്ന അദ്ധ്യായത്തില്‍ ഈ സമകാലാവസ്ഥയെ റോജര്‍ ന്യൂട്ടണ്‍ വിശദമായി വിശകലനം ചെയ്യുന്നുണ്ട്‌.


എന്നാല്‍, പുത്തന്‍ സാമൂഹികശാസ്ത്രജ്ഞന്മാരുടെ വാദഗതികളെ നിരത്തിവച്ച്‌ അതിനെ നിശിതമായി വിമര്‍ശിച്ച്‌ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌. മറിച്ച്‌, ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ വിശദീകരിക്കുകയും അത്‌ എങ്ങനെ എങ്ങനെയെല്ലാം ഇതര വ്യവഹാരങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നുവെന്നു പറയുകയും ചെയ്യാനാണ്‌ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌, ഇത്‌ ശാസ്ത്രത്തിന്റെ തത്ത്വചിന്തയെന്നതിനേക്കാളുപരി ശാസ്ത്രത്തിന്റെ പ്രവര്‍ത്തനരീതിയേയും ഒരു ജ്ഞാനോല്‍പാദനോപാധി എന്ന നിലക്ക്‌ ഈ വ്യവഹാരത്തിന്റെ പ്രസക്തിയേയും കുറിച്ചുള്ള പുസ്തകമാണ്‌. പ്രധാനമായും ഭൌതികശാസ്ത്രത്തെയാണ്‌ ഗ്രന്ഥകാരന്‍ വിശകലനത്തിനു വിധേയമാക്കുന്നത്‌. ഭൌതികശാസ്ത്രത്തിന്റെ ധൈഷണികഘടനയിലേക്ക്‌ നടത്തുന്ന ഒരു പര്യടനത്തിലൂടെ ആധുനികഭൌതികശാസ്ത്രം ഭൌതികയാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ്‌ മനസ്സിലാക്കുന്നതെന്ന് വിശദീകരിക്കപ്പെടുന്നു. ശാസ്ത്രത്തെ സൈദ്ധാന്തികതലത്തിലും പ്രയോഗതലത്തിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ വിവരണങ്ങളാണ്‌ ഈ പുസ്തകത്തില്‍ നാം വായിക്കുന്നത്‌.


വസ്തുതകള്‍, സിദ്ധാന്തങ്ങള്‍, മാതൃകകള്‍, രൂപകങ്ങള്‍, ഭാവനയും സഹജാവബോധവും ... ഇവയോരോന്നും ശാസ്ത്രത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്‌. ഗണിതശാസ്ത്രപരമായ അഭിഗൃഹീതങ്ങളേയും സങ്കല്‍പനങ്ങളേയും ക്രമീകൃതമായ പരീക്ഷണപ്രയോഗങ്ങള്‍ക്ക്‌ വിധേയമാക്കി പരിശോധിക്കുന്ന രീതിശാസ്ത്രം ആദ്യമായി അവകാശപ്പെടാന്‍ കഴിയുന്നത്‌ ആധുനികശാസ്ത്രത്തിനാണ്‌. ആധുനികശാസ്ത്രത്തിലെ പരീക്ഷണനിരീക്ഷണങ്ങളുടെ ലക്ഷ്യം തന്നെ പ്രകൃതിയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള അറിവുകളെ ഗണിതശാസ്ത്രത്തിന്റെ പദാവലികളിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയെന്നതായിരുന്നു. ആധുനികശാസ്ത്രത്തിന്‌ സാര്‍വ്വലൌകികമായ ഒരു ഭാഷ; ഗണിതശാസ്ത്രത്തിന്റെ ഭാഷ, കണ്ടെത്താന്‍ കഴിഞ്ഞുവെന്നത്‌ അതിന്റെ ഏറ്റവും വലിയ മെച്ചമായിരുന്നു. പ്രകൃതിയുടെ ഭാഷ ഗണിതശാസ്ത്രമാണെന്ന ഗലീലിയോയുടെ വാക്കുകള്‍ ഓര്‍ക്കുക! പല ഗണിതശാസ്ത്രശാഖകളേയും കണ്ടെത്തുന്നതു തന്നെ ഭൌതികശാസ്ത്രജ്ഞമ്മാരായിരുന്നു. ഭൌതികശാസ്ത്രത്തിന്റെ മേഖലയില്‍ ഗണിതശാസ്ത്രം പ്രകടിപ്പിക്കുന്ന കാരണങ്ങളില്ലാത്ത ക്ഷമതയെ കുറിച്ച്‌ യുജീന്‍ വീഗ്നര്‍ എന്ന ഭൌതികശാസ്ത്രജ്ഞന്‍ അത്ഭുതം കൂറുന്നുണ്ട്‌. ഗണിതശാസ്ത്രം ഭൌതികശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ വലിയ സംഭാവനകളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു അദ്ധ്യായം ഈ പുസ്തകത്തിലുണ്ട്‌.


ശാസ്ത്രത്തിന്റെ സത്യം സാഹിതീയസത്യത്തില്‍ നിന്നും സൌന്ദര്യാത്മകസത്യത്തില്‍ നിന്നും മതാത്മകസത്യത്തില്‍ നിന്നും വിഭിന്നവും വ്യത്യസ്തവുമാണെന്ന് റോജര്‍ ന്യൂട്ടണ്‍ എഴുതുന്നുണ്ട്‌. പ്രകാശപ്രകീര്‍ണനത്തെ കുറിച്ചുള്ള ന്യൂട്ടന്റെ സിദ്ധാന്തത്തോട്‌ ഗോയ്ഥെക്കുണ്ടായിരുന്ന വിമര്‍ശനങ്ങളെ ഈ പ്രശ്നീകരണത്തിന്റെ ഭാഗമായി അദ്ദേഹം ഓര്‍മ്മിച്ചെടുക്കുന്നു. കാള്‍പോപ്പര്‍, റിച്ചാര്‍ഡ്‌ റോര്‍ട്ടി, ഈവ്ലിന്‍ ഫോക്സ്കെല്ലര്‍ തുടങ്ങി ശാസ്ത്രചിന്തയുടെ മേഖലയില്‍ വിഹരിച്ചിരുന്നവരുടെ/ വിഹരിക്കുന്നവരുടെ വാക്കുകളെ തന്റെ സംവാദത്തിലേക്കു കൊണ്ടുവരുന്നു. സാഹിതീയവും യുക്തിപരവും മതാത്മകവുമായ സത്യങ്ങളെ വീണ്ടും യോജിപ്പിക്കാനോ ഒന്നിപ്പിക്കാനോ കഴിയില്ലെന്ന വാക്കുകളോടെയാണ്‌ റോജര്‍ ന്യൂട്ടണ്‍ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്‌. 'ശാസ്ത്രയുദ്ധങ്ങളു'ടെ പശ്ചാത്തലത്തില്‍ ശാസ്ത്രത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നുവെന്ന പ്രസക്തി ഈ പുസ്തകത്തിനുണ്ട്‌.

Monday, May 21, 2012

A thousand Splendid Suns


പുസ്തകം : A thousand Splendid Suns
രചയിതാവ് : ഖാലിദ് ഹുസ്സൈനി

അവലോകനം : ദേവൂസ്




A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിരിക്കുന്നു. The Kite Runner എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ ഖാലിദ് ഹുസ്സൈനി യുടെ രണ്ടാമത്തെ നോവലാണിത്. മനസ്സിന്റെ വിങ്ങല്‍ നില്‍ക്കുന്നില്ല. ഒരായിരം ഉജ്വല സൂര്യന്മാരുദിച്ചിരുന്ന സൂഫി കവികളും എണ്ണമറ്റ ഗായകരും പാടിപ്പുകഴ്ത്തിയിരുന്ന കാബൂള്‍ നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. സോവിയറ്റ് അധിനിവേശ പൂര്‍വ്വകാലം മുതല്‍ താലിബാനും അല്‍ ഖ്വൈദയും അടക്കിഭരിക്കുന്ന വര്‍ത്തമാനകാലം വരെ യുള്ള മൂന്നു പതിറ്റാണ്ട് നീളുന്ന ചരിത്ര പഥത്തിലൂടെ ഈ നോവല്‍ നടക്കുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും , കാബൂളിന്റെ സാംസ്കാരികപൈതൃകങ്ങളായ ഗ്രന്ഥശാലകളും ചിത്രശാലകളും കത്തിയെരിക്കപ്പെടുന്നതും, നമുക്കിതില്‍ കാണാം. ഒന്നിനു പിറകേ ഒന്നായിവന്ന ഭരണാധികാരികളെല്ലാം ഓരോ പ്രതികാരത്തിനിരയായി വധിക്കപ്പെടുന്നതും പഴയപത്രത്താളുകളില്‍ നിന്നിറങ്ങി വന്നപോലെ, ഒരു പഴയ വീഡിയോ ഫിലിം വീണ്ടും കാണുന്നതു പോലെ കണ്മുന്നിലൂടെ വീണ്ടും കടന്നു പോകുന്നു.

ചരിത്രത്തിന്റെ ഈ രാജവീഥികളുടെ ഓരത്തെ സാധാരണ അഫ്ഗാന്‍ ജീവിതചിത്രമാണ് ഈ നോവലിന്റെ വികാരപരത. മറിയം, ലൈല എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയിലൂടെ ഒരു മനുഷ്യജീവനുള്ള വിലയും വിലകേടും, ഗതികേടും വായനക്കാരന്‍ നെഞ്ചിലൊരു ഭാരവും തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗദവുമായി മാത്രമേ വായിക്കുകയുള്ളു. ഒരിക്കലും കൂട്ടിമുട്ടേണ്ടതായിരുന്നില്ല മറിയത്തിന്റെയും ലൈലയുടേയും ജീവിതങ്ങള്‍. വിധിവിഹിതം ബ്രഹ്മനും തടുക്കൊലാ എന്ന വാക്യം അന്വര്‍ഥമാക്കപ്പെടുന്നതു പോലെ ഒരേകൂരയ്ക്കു കീഴില്‍, ഒരേ പുരുഷന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഇരുവരും എത്തിപ്പെടുന്നു. പുറത്ത് ബോംബുകളും മോര്‍ട്ടാറുകളും രാജ്യത്തെ ചിതറിക്കുമ്പോള്‍ ,രക്തം ചിന്തുമ്പോള്‍ ,അകത്ത് മറിയവും ലൈലയും അനുഭവിക്കുന്നതും മറ്റൊന്നല്ല. ഇത്രയും ക്രൂരത അനുഭവിക്കാന്‍ മാത്രം ശക്തി ഒരു സ്ത്രീ ശരീരത്തിനുണ്ടോ എന്നു ലൈലയെപ്പോലെ വായനക്കാരനും ചിന്തിക്കുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങള്‍ അവരെ എത്തിക്കുന്നത് കൊടിയപീഢനങ്ങളുടെ കൊടുമുടികളിലാണ്.

അവസാനം ഒരു നിയോഗം പോലെ മറിയം തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ തീരുമാനത്തില്‍ സ്വയം ബലികൊടുത്ത് ലൈലയെ രക്ഷപ്പെടുത്തുന്നു. മറിയം റഷീദിനെ കൊലപ്പെടുത്തുന്ന രംഗം കണ്മുന്നില്‍ നിന്നും മറയാന്‍ ഇനിയും ദിവസങ്ങളെടുക്കും.

ലൈലയും താരിഖും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേരുമ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണ രേഖകള്‍ ചക്രവാളത്തില്‍ കാണുമ്പോഴും മറിയം എന്ന അഫ്ഗാന്‍ സ്ത്രീ തീരാവേദനയായി മനസ്സില്‍ അവശേഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യജീവിതത്തിന്റെ ഒരു ബഹുവര്‍ണ്ണ ചിത്രം ഈ നോവലില്‍ നിന്നും നമുക്കു ലഭിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ ജന്മസ്ഥലം എന്നു മാത്രം കരുതിപ്പോരുന്ന, ഒരു കാലത്ത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടിരുന്ന ചരിത്രമുള്ള ഈ രാജ്യത്തിന്റെ ഇന്നത്തെ ദയനീയക്കാഴ്ചകളിലേക്ക് ഗ്രന്ഥകാരന്‍ നമ്മെ നടത്തിക്കുന്നത് നൂറുശതമാനം ആത്മാര്‍ഥതയോടെയാണ്. ഇതാണെന്റെ രാജ്യം, പുറത്തറിയുന്ന കലഷ്നിക്കോവുകള്‍ ഏന്തിയ താലിബാനുകളെ മാത്രമേ സാമാന്യ ജനത്തിന് കാണാണാകുന്നുള്ളു, അകത്തെരിയുന്ന കനലുകളും, ഉരുകുന്ന മനസ്സുകളും, പൊഴിയുന്ന പല്ലുകളും, വിശക്കുന്ന വയറുകളും കാണാന്‍ എന്റെ കൂടെ വരൂ എന്നു തന്നെയാണ് രചയിതാവ് വായനക്കാരനോടാവശ്യപ്പെടുന്നത്. കൊടിയ ഭീകരതയുടെയും രക്തച്ചൊരിച്ചിലിന്റെയും നടുവിലും സാമാന്യ ജീവിതം നയിക്കാന്‍ കൊതിക്കുന്ന, ശ്രമിക്കുന്ന അഫ്ഗാനികളുടെ ചിത്രം അതിജീവനത്തിന്റെയും കൂടി ചിത്രമാണ്. അകലങ്ങളില്‍ വെടിയൊച്ചകേള്‍ക്കുമ്പോഴും, ബോംബ് പൊട്ടുമ്പോഴും അവര്‍ തങ്ങളുടെ ജീവിതത്തിലെ ചെറുസന്തോഷങ്ങളില്‍ മനസ്സു പൂഴ്ത്തി താല്‍ക്കാലിക രക്ഷ നേടുന്നു. വൈകുന്നേരങ്ങളില്‍ മറിയവും ലൈലയും പുറത്തിരുന്നു ചായ കുടിക്കുന്ന രംഗം ഇതിലൊന്നാണ്. പുറത്തെ ബോംബുകളാണോ അകത്തെ കൊടിയ മര്‍ദ്ദനവും ഭര്‍സനവുമാണോ ഏതാണ് അവരെ ഏറെ ഭയപ്പെടുത്തുന്നത് എന്ന് ഒരു നിമിഷം ആലോചിച്ച് പോകും.

വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്. ഭാഷയുടെ ഉപയോഗം അതിമനോഹരമാണ്. ഓരോ സംഭവവും അതിസൂക്ഷമതയോടെ, വിവിധവര്‍ണ്ണങ്ങളുള്ള പരവതാനി നെയ്യുന്ന പ്രാഗല്‍ഭ്യത്തോടെ, വാക്കുകളുടെ കൃത്യതയോടെ ഗ്രന്ഥകാരന്‍ നെയ്തെടുത്തിരിക്കുന്നു. അലങ്കാര(adjectives)ങ്ങളുടെ ഉപയോഗം അതിന്റെ വൈവിധ്യം എന്നിവ അല്‍ഭുതപ്പെടുത്തും. വായനയുടെ വേഗതയില്‍ അവിടവിടെ സംഭവിക്കുന്ന വേഗവ്യതിയാനങ്ങള്‍ ഓരോ വായനക്കാരന്റെയും ആസ്വാദനനിലവാരം അനുസരിച്ചിരിക്കും എന്നതിനാല്‍ ഒരു കാടടച്ചുള്ള വിമര്‍ശനത്തിന് മുതിരുന്നില്ല.

ഇത് ഒരായിരം ഉജ്വലസൂര്യന്മാര്‍ (A thousand Splendid Suns)എന്ന നോവല്‍ വായിക്കാത്തവര്‍ക്കുവേണ്ടി. വിവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് തന്നെ വായിക്കാന്‍ ശ്രമിക്കുക.

Friday, May 18, 2012

The Emerging Mind

പുസ്തകം : The Emerging Mind
രചയിതാവ് : വിളയന്നൂര്‍ രാമചന്ദ്രന്‍

പ്രസാധകര്‍ : ബിബിസി,പ്രൊഫൈല്‍ ബുക്‌സ് ലണ്ടന്‍

അവലോകനം : ബിജു.സി.പി



­തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ന്യൂറോളജിസ്റ്റ് എഴുതിയ പുസ്തകത്തില്‍ സാധാരണവായനക്കാരെ ആകര്‍ഷിക്കുന്ന എന്തുണ്ടാകാനാണ്! അതും മസ്തിഷ്‌ക ശാസ്ത്രത്തില്‍ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ ! എന്നാല്‍, പുസ്തകം എഴുതിയത് ഡോ.വി.എസ്.രാമചന്ദ്രനാകുമ്പോള്‍ ലോകമെങ്ങും അതൊരു ബെസ്റ്റ് സെല്ലറാവുന്നത് സ്വാഭാവികം മാത്രം. കാരണം, ഒരു പക്ഷേ, സ്റ്റീഫന്‍ഹോക്കിങ് കഴിഞ്ഞാല്‍ അഗാധശാസ്ത്രം ഇത്ര ജനപ്രീയമാകും വിധം അവതരിപ്പിക്കുന്ന മറ്റൊരാളില്ല എന്നതു തന്നെ. ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളായ നൂറു മനുഷ്യരിലൊരാളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ ഗവേഷകനാണ് ഡോ.വിളയന്നൂര്‍ എസ്.രാമചന്ദ്രന്‍. തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന്, 1974ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ഡി. പാസ്സായ രാമചന്ദ്രന്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍, ന്യൂറോസയന്‍സില്‍ പിഎച്ച്.ഡി. പൂര്‍ത്തിയാക്കി. ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ആന്‍ഡ് കോഗ്നിഷന്റെ ഡയറക്ടറാണ്.



മനുഷ്യ മസ്തിഷ്‌കത്തിന്റെ മഹാരഹസ്യങ്ങള്‍ തേടിയുള്ള അന്വേഷണങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ബോധത്തെക്കുറിച്ചുമൊക്കെ ആധികാരിക വിശദീകരണങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. കാഴ്ചയെയും ദൃശ്യബോധത്തെയും കുറിച്ചുള്ള ഗവേഷണങ്ങളിലൂടെയാണ് ഡോ.രാമചന്ദ്രന്‍ ലോകശ്രദ്ധ നേടിയത്. ആത്മീയതയും ദാര്‍ശനികതയും മനശ്ശാസ്ത്രവുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വിശദമാക്കാനാണ് ഡോ.രാമചന്ദ്രന്‍ ശ്രമിക്കുന്നത്. വൈദ്യശാസ്ത്രത്തെ ദാര്‍ശനികതയുടെ നിലവാരത്തിലേക്കുയര്‍ത്തുന്ന അത്യപൂര്‍വം ഗവേഷകരിലൊരാളാണ് അദ്ദേഹം.

ഡോ.രാമചന്ദ്രന്റെ പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ് ദ എമര്‍ജിങ് മൈന്‍ഡ്. ഏതാനും വര്‍ഷം മുമ്പ് ബിബിസി റീത്ത് ലക്ചര്‍ പരമ്പരയില്‍ ചെയ്ത പ്രഭാഷണങ്ങളുടെ സമാഹാരം. 1948ല്‍ ബര്‍ട്രാന്റ് റസ്സല്‍ മുന്‍കൈയെടുത്തു തുടങ്ങി വെച്ച ഈ പ്രഭാഷണ പരമ്പര ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തത്ത്വചിന്താ പ്രഭാഷണങ്ങളിലൊന്നാണ്. ഡോ.രാമചന്ദ്രന്റെ ഏറ്റവും പ്രശസ്ത പ്രബന്ധമായ ഫാന്റംസ് ഇന്‍ ദ ലിംബ്, ഉള്‍പ്പെടെ അഞ്ചു പ്രബന്ധങ്ങളാണ് പുസ്തകത്തില്‍. ബിലീവിങ് ഈസ് സീയിങ്, ദ ആര്‍ട്ഫുള്‍ ബ്രെയിന്‍, പര്‍പിള്‍ നംബേഴ്‌സ് ആന്‍ഡ് ഷാര്‍പ് ചീസ്, ന്യൂറോ സയന്‍സ് ദ ന്യൂ ഫിലോസഫി എന്നിവയാണ് മറ്റുള്ളവ.

അപകടത്തില്‍പ്പെട്ട് ഒരു കൈ മുറിഞ്ഞുപോയ ഫിലിപ്പ് എന്ന കായികതാരത്തിന് തന്റെ കൈ മുറിഞ്ഞു പോയെങ്കിലും ഇല്ലാത്ത ആ കൈയില്‍ പല തരത്തിലുള്ള വേദനകളും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് കൈ മുറിഞ്ഞുപോയെങ്കിലും മസ്തിഷ്‌കത്തിലെ മാപ്പില്‍ നിന്ന് ആ കൈ നീക്കം ചെയപ്പെട്ടിട്ടില്ലാത്തതിനാലാണ് മുറിഞ്ഞില്ലാതായിട്ടും ആ കൈയില്‍ വേദനകളും മറ്റും അനുഭവപ്പെടുന്നതെന്ന് ഡോ.രാമചന്ദ്രന്‍ നിരീക്ഷിച്ചു. മുറിഞ്ഞ കൈയുടെ സ്ഥാനത്ത് തലച്ചോറില്‍ ഒരു ഫാന്റം കൈ രൂപപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മനശ്ശാസ്ത്രചികില്‍സ എന്നു പറയാവുന്ന ലളിതമായ ചില ചികില്‍സാ മാര്‍ഗങ്ങളിലൂടെ ആ ഫാന്റം കൈ നീക്കം ചെയ്യാന്‍ ഡോ.രാമചന്ദ്രനു കഴിഞ്ഞു. ഇതാണ് ഫാന്റംബ്രെയിന്‍ എന്ന സങ്കല്പനത്തിന് നല്‍കാവുന്ന ഏറ്റവും ലളിതമായ വിവരണം. ഇത്തരത്തില്‍ തലച്ചോറിന്റെ നിഗൂഢതകളിലേക്കു പുതുവെളിച്ചം വീശുന്നവയാണ് ഡോ.രാമചന്ദ്രന്റെ മിക്ക കണ്ടെത്തലുകളും. അവ അദ്ദേഹം വിവരിക്കുന്നതാകട്ടെ ഒരു സയന്‍സ് ഫിക്്ഷന്റെ ചാരുതയോടെയും.

എന്താണ് കല എന്ന ചോദ്യം നൂറ്റാണ്ടുകളായി കലാസാഹിത്യ വിശാരദരെയും തത്ത്വചിന്തകരെയും അലട്ടിയിരുന്ന പ്രശ്‌നമാണ്. കല എന്താണെന്നും അതു നാം ആസ്വദിക്കുന്നതെങ്ങനെ എന്നതിനുമുള്ള താത്തികവും വൈദ്യശാസ്ത്രപരവും മനശ്ശാസ്ത്രപരവും കലാത്മകവുമായ വിശദീകരണം അവതരിപ്പിക്കുന്നു കലയെക്കുറിച്ചുള്ള പ്രബന്ധം. അക്കങ്ങളും നിറങ്ങളും തമ്മിലുള്ള ദുരൂഹമായ ഏതോ പൊരുത്തത്തെക്കുറിച്ച് പറഞ്ഞിരുന്ന സിനസ്തീഷ്യയെക്കുറിച്ചുള്ളതാണ് പര്‍പ്പിള്‍ നമ്പേഴ്‌സ് ആന്‍ഡ് ഷാര്‍പ് ചീസ്. കാഴ്ചയുടെ മസ്തിഷ്‌കശാസ്ത്രത്തിന്മേല്‍ പടുത്ത ബിലീവിങ് ഈസ് സീയിങ് എന്ന പ്രബന്ധമാകട്ടെ കാഴച എന്ന അനുഭവത്തെക്കുറിച്ച് അത് കാഴ്ചപ്പാടുകളിലേക്കു സംക്രമിക്കുന്നതിനെക്കുറിച്ചുമുള്ള താത്ത്വിക സാമൂഹിക സംഗതികള്‍ സരളമായി വിശദീകരിക്കുന്നു. ന്യൂറോസയന്‍സാണ് പുതിയ മനുഷ്യന്റെ തത്ത്വചിന്ത എന്നു വിശദീകരിക്കുന്ന പ്രബന്ധം ദാര്‍ശനികതയുടെയും മസ്തിഷ്‌കശാസ്ത്രത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും അതിര്‍വരമ്പുകളില്ലാതാക്കുന്ന മഹിതമായ അന്തര്‍വൈജ്ഞാനികദര്‍ശനം മുന്നോട്ടു വെക്കുന്നു.

ഏറ്റവും സങ്കീര്‍ണമായ ശാസ്ത്രവസ്തുതകളെ ഏറ്റവും ലളിതമായ മനസ്സോടെ സമീപിക്കുകയും കേവലം യാന്ത്രികതയ്ക്കപ്പുറം ഭാരതീയമെന്നു പറയാവുന്ന ആത്മീയ ദാര്‍ശനിക തലങ്ങളിലേക്കു കടന്നു നില്‍ക്കുകയും ചെയ്യുന്ന ഉന്നതചിന്തകനാണ് ഡോ.രാമചന്ദ്രന്‍. യാന്ത്രികകാഴ്ചപ്പാടുകളെ അതിലംഘിക്കുന്ന അദ്ദേഹത്തിന്റെ വിസ്മയകരമായ നിലപാടുകള്‍ മൂലം ഒരു വിഭാഗം പാശ്ചാത്യശാസ്ത്രകാരന്മാര്‍ക്ക് ഡോ.രാമചന്ദ്രന്റെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ഇപ്പോഴും. തന്റെ വാദങ്ങള്‍ അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു കാണിക്കുമ്പോഴും, ' എന്നാലും ഇതെങ്ങനെ..' എന്ന ഉള്‍ക്കൊള്ളാനാവായ്ക. വൈദ്യശാസ്ത്രത്തിനുള്ള നോബല്‍സമ്മാനത്തില്‍ നിന്ന് ഓരോ വര്‍ഷവും അദ്ദേഹം ഇങ്ങനെ മാറ്റി നിര്‍ത്തപ്പെടുന്നതിനെ ലോകം വിമര്‍ശനത്തോടെയും പരിഹാസത്തോടെയുമാണ് കാണുന്നത്. ദൈവം ഉണ്ടാകാനിടയുണ്ടെന്നും അത് നമ്മുടെ തലച്ചോറില്‍ത്തന്നെയാണെന്നും അദ്ദേഹം പറയുന്നു. തലച്ചോറിലെ ഒരു ജി സ്‌പോട്ടാണ് (God spot) ദൈവസ്ഥാനം എന്ന് ഡോ.രാമചന്ദ്രന്‍ വിശദീകരിക്കുന്നു. വിസ്മയകരമായ ഒരു വായനാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് സംശയലേശമെന്യേതിരഞ്ഞെടുക്കാവുന്നവയാണ് ഡോ.വി.എസ്.രാമചന്ദ്രന്റെ ഓരോ പുസ്തകവും. (പേജ് 208; വില 250. വിതരണം : വിവാ ബുക്‌സ് )

Tuesday, May 15, 2012

വിജയലക്ഷ്മിയുടെ കവിതകള്‍

പുസ്തകം : വിജയലക്ഷ്മിയുടെ കവിതകള്‍
രചയിതാവ് : വിജയലക്ഷ്മി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : മനോജ് പട്ടേട്ട്



തടംതല്ലിത്തകര്‍ക്കുന്ന രൌദ്രതയുടെ സംഹാരഭാവങ്ങളോടല്ല , തീരങ്ങളെ സൌമ്യമായി തൊട്ടുഴിഞ്ഞുകൊണ്ട് പൂക്കളോടും കിളികളോടും കുശലം ചോദിച്ച് ശാന്തമായി കടന്നുപോകുന്ന കല്ലോലിനിയോടാണ് വിജയലക്ഷ്മിയുടെ കവിതയെ ഉപമിക്കേണ്ടിവരിക. നോവുപേറുന്ന അടിയൊഴുക്കുകളെ പലപ്പോഴും ഈ കവയത്രി മൂടിവയ്ക്കുന്നു.ഉപരിതലത്തിന്റെ സ്വച്ഛശാന്തമായ പ്രകടനങ്ങളെ മുഖാവരണമാക്കുമ്പോഴും ഉള്ളിലുറഞ്ഞുകൂടിയ ഖേദപ്പെരുമഴയെ ഒരു തുള്ളി കണ്ണുനീരായി മാത്രം അനുവാചകന് അനുവദിക്കുന്നു. ആ കണ്ണുനീര്‍ത്തുള്ളിയുടെ നനുത്ത ചൂടനുവദിക്കുന്ന മാന്ത്രികത നുകര്‍ന്ന്, വേണമെങ്കില്‍ നമുക്കിവിടെ നിറുത്താം. കവി വിജയിച്ചു എന്ന് പ്രഖ്യാപിക്കാം. അതിനുമപ്പുറം കടന്നുചെന്ന് കവിമനസ്സിനെ തൊട്ടുണര്‍ത്തിയ ആലക്തികശോഭകളെക്കുറിച്ച് അനുവാചകന്‍ അന്വേഷിക്കാന്‍ ആരംഭിക്കുമ്പോഴാണ് കവി ജന്മം സാര്‍ത്ഥകമാവുന്നത്. അത്തരമൊരു അന്വേഷണത്തിനുള്ള പ്രേരകമാണ് കവി പൊഴിച്ച കണ്ണുനീരെന്ന് തിരിച്ചറിയുമ്പോഴാണ് അനുവാചകന്‍ കവിയുടെ ഹൃദയത്തെ തൊടുന്നത്, കവനത്തിന്റെ ലാവണ്യഭാവങ്ങളെ പരിപൂര്‍ണമായും നുകരുന്നത്. അങ്ങനെയാണ് വിജയലക്ഷ്മി എന്ന കവയത്രി വിജയമാണോ പരാജയമാണോ എന്ന് നാം ചിന്തിച്ചുപോകുന്നത്.



രാജസഭാവത്തോടു ചേര്‍ന്നുനില്കുന്ന സാത്വികപദങ്ങളുടെ പ്രയോജനകരമായ വിക്ഷേപണത്തിലൂടെ ജീവിതത്തിന്റെ ആഗന്തുകമൂല്യങ്ങളെ നിര്‍വചിച്ചുകൊണ്ട് വൈയക്തികമായി എത്രമാത്രം ഒരു മനുഷ്യന് സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയും എന്ന് അന്വേഷിക്കുന്ന കവി പക്ഷേ പലപ്പോഴും താന്‍ തേടുന്ന സ്വാതന്ത്ര്യത്തെക്കാള്‍ തന്റെ അബോധത്തില്‍ വേരുറച്ചുപോയ ബലവാനായ ഒരു അപരന്റെ ഇച്ഛകള്‍ക്കു മുന്നില്‍ പകച്ചുനില്ത്തുന്നത് കാണാം , പലപ്പോഴും. ഉള്ളിലുറഞ്ഞുപോയ ഈ ആദിപ്രരൂപത്തെ അതിജീവിക്കാനാരുതാതെ അവനിലടങ്ങുന്നതാണ് തന്റെ കര്‍മോദ്ദേശം എന്ന ലളിതവത്കരണത്തിലേക്ക് കവി എത്തിച്ചേരുന്നു . ഈ ഒരു ഭാവം വിജയലക്ഷ്മിയില്‍ ഉടനീളം കാണാം. വിച്ഛേദിക്കേണ്ടതാണ് എന്നുറപ്പുള്ളതിനോട് പോലും സന്ധിചെയ്യുക എന്നതാണത്. ആരുറപ്പുള്ള സ്വജീവിതം പണിയുന്നതിന് സ്വേച്ഛയാ വെയിലും മഴയും ഏല്കണമെന്ന് കവി അച്ഛന്റെ മകളില്‍ കണ്ടെത്തുന്നുണ്ടെങ്കിലും ആ കണ്ടെത്തലും വിട്ടുപോകലും മൃത്യുബാധയെ ഭയന്നാണല്ലോ സംഭവിക്കുന്നത്.ഗത്യന്തരമില്ലാതെ ചെയ്തുപോകുന്ന അവസ്ഥ. മൃഗശിക്ഷകന്‍ എന്ന കവിത നോക്കുക.അതിപ്രബലനായ ശിക്ഷകന്റെ ഇച്ഛകള്‍ക്ക് മെരുങ്ങിക്കൊടുക്കാന്‍‌ വിധിക്കപ്പെട്ട മൃഗത്തിന്റെ സഹജഭാവങ്ങള്‍ അവന് അന്യമായിത്തീരുന്നു.എങ്കിലും ഇടക്കിടക്ക് വന്യഭാവങ്ങളോട് അടങ്ങാത്ത അഭിനിവേശം പുലര്‍ത്തുന്ന മൃഗം ശിക്ഷകന്റെ തീവളയങ്ങളെ അതിലംഘിക്കണമെന്നുറക്കുന്നു എങ്കിലും പൌരാണികമായ ഒരു ഭയം ഇവനെ അടക്കിനിര്‍ത്തുന്നു. ആ ഭയമാകട്ടെ താന്‍ എന്നേക്കും അടിമതന്നെ എന്ന വിധേയഭാവത്തില്‍ നിന്ന് ഉളവായിവരുന്നതുമാണ്.
നോക്കുക കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്

............ ഭയം ഭയം മാത്ര -
മടിമ ഞാന്‍ , തോറ്റു കുനിഞ്ഞിരിക്കുന്നു.
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പു ഞാന്‍ .

ഈ ഭയത്തെ അതിലംഘിക്കുന്ന ഒന്നും തന്നെ മൃഗശിക്ഷകന്‍ എന്ന കവിതയില്‍ കവി കണ്ടെത്തുന്നില്ല .ഇതിനെതിരെ ജ്വലിക്കേണ്ടത് ആസന്നമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതൊരു ദൌത്യമായി ഏറ്റെടുക്കുന്നില്ല. പറയൂ പാവയോ മൃഗം ? എന്ന ഘനഗംഭീരചോദ്യം ഈ തിരിച്ചറിവിന്റെ അനുരണനമായി ഉയരുന്നു. പക്ഷേ ആ ചോദ്യം ഉയര്‍ത്തുന്ന ലക്ഷ്യവേധിയായ ഉത്തരത്തെ തേടാതെ കവി അകാരണമായി പിന്നോട്ടു പോകുകയാണ് .

വനത്തിലേക്കെന്റെ വപുസുപായുവാന്‍
വിറക്കുന്നു പക്ഷേ നിറകണ്‍മുന്നിലീ
ച്ചുവന്ന തീച്ചക്രം വലയത്തിനക
ത്തിടം വലം നോക്കാതെടുത്തുചാടണം
ഇതെത്ര കാലമായ് പഠിച്ചു ഞാന്‍ പക്ഷേ
ഇടക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.

വപുസ്സിന്റെ ജൈവികമായ ചോദനകളെ കീഴപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നു നില്കുന്ന ഈ ഭയം തന്നെയാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നിന്നും കവിയെ പിന്നോട്ടടിക്കുന്നത്. ആ ഭയമാകട്ടെ നിയന്താവായ ശിക്ഷകന്റെ അഥവാ പുരുഷപ്രധാനമായ ഒരു സാമൂഹ്യാവബോധത്തിന്റെ ജാരസന്തതികൂടിയാണ്. തനിക്കു താന്‍ തന്നെ പോരും എന്ന ബലവത്തായ വികാരത്തിന്റെ അഭാവം എന്നും അടിയാളരായിത്തന്നെ കീഴടങ്ങിക്കിടാക്കാനുള്ള പ്രതിലോമഭാവനക്ക് വളമാകുന്നു. ഈ വിധേയഭാവം വിജയലക്ഷ്മിയുടെ അടിസ്ഥാനസ്വഭാവമാണെന്ന് വെളിപ്പെടുത്തുന്ന കവിതകള്‍ ഇനിയുമുണ്ട് നോക്കുക.

മന്നവ മറന്നാലുമിത്തണല്‍ , തളര്‍ന്നെന്തി
നിങ്ങണയുന്നൂ വീണ്ടും ? മാപ്പ് -ഞാന്‍ മറന്നുവോ
ധര്‍മ്മഭാരത്തെ രാമന്നമ്മയാകുവാനല്ലോ
വന്നു ഞാന്‍ മറ്റെന്തുണ്ടീ മഹിഷിക്കധികാരം?
(കൌസല്യ)
ദേവാ , കടലിനും കാറ്റിനും ഭൂവിതില്‍
നീയരുളുന്നു പ്രകാശമെങ്കില്‍
താനെതറച്ചിരുമ്പാണി മൂര്‍ദ്ധാവില്‍ , ഞാന്‍
താണുവീഴുന്നു ഭവത്പദത്തില്‍
(പ്രാര്‍ത്ഥന )

ഗംഭീരമായ് ശാന്തമായ്ക്കടലോളവും
നെഞ്ചുവിരിക്കുമിക്കായലിനെക്കൂടി
എന്തിന് , കൊല്ലുന്ന പുഞ്ചിരിയാല്‍ വിഡ്ഢി
യെന്നു ഘോഷിക്കും പരിഹസിച്ചെങ്കിലും
എന്തിനോ സ്നേഹിച്ചു പോവുകയാണുഞാന്‍
കായല്‍ , തിരിച്ചൊന്നുമേകിയില്ലെങ്കിലും
നീയടുത്തുണ്ടെങ്കിലാശ്വസ്തയാണു ഞാന്‍
(കായല്‍ )

അവിടുന്നാരെന്റെ പിതാവല്ലാ , പ്രിയ
നവനല്ലാ, പ്രിയസഖിയുമല്ലല്ലോ
അറിയില്ലെന്നാലുമകല്‍ച്ചിയില്ലല്ലോ
അകത്തു ഭീതിയോ വെറുപ്പോ സ്നേഹമോ
ഭവാബ്ദിചിന്തയോ മടുപ്പോ ഖേദമോ?
അഴിച്ചുവെക്കാം ഞാന്‍ കവചം കുണ്ഡലം
അടുത്തുവന്നങ്ങ് വിരാട് സ്വരൂപനായ്
ഹൃദയപിണ്ഡത്തെച്ചവിട്ടിപ്പൊങ്ങുമ്പോള്‍
(അപരാഹ്നം)

കഴുതജന്മത്തിനപ്പുറം പോകുവാന്‍
കഴിയുമായിരുന്നെങ്കിലീ വീഥിയില്‍
പരിഹസിക്കുന്ന നിങ്ങളെ കെട്ടുമായ്
പടി ചവിട്ടാന്‍ പറഞ്ഞു വിട്ടേനേ ഞാന്‍
(കഴുത )

ഞാനീപ്രപഞ്ചത്തിനമ്മയായെങ്കിലേ
മാനിതമായി വരു നിന്‍ ജന്മമോമനേ (ബാലാമണിയ അമ്മ ) എന്ന പ്രചണ്ഡമായ ഭാവന ഉണര്‍ത്തുന്ന ഉള്‍പ്പുളകങ്ങളെ വിജയലക്ഷ്മിക്ക് അന്യമാണ്. ഞാന്‍ എന്ന ഭാവത്തിന്റെ അഭാവത്തില്‍ പണിതുയര്‍ത്തിയുര്‍ത്തിയിരിക്കുന്ന കാവ്യമുഹൂര്‍ത്തങ്ങള്‍ , നീ എനിക്കുണ്ട് അതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു എന്നു ചിന്തിക്കുന്നവയാണ്. അപരനായി പ്രയത്നിക്കരുതെന്നോ പ്രണയിക്കരുതെന്നോ അല്ല , മറിച്ച് അപരനില്ലെങ്കില്‍ താനില്ല എന്ന ധാരണയെയാണ് ഈ കവയത്രി തിരുത്തേണ്ടത് .വഴിവിളക്കുകള്‍ പഥികന് വെളിച്ചം പകരാനാണ്. വിളക്ക് അര്‍ത്ഥപൂര്‍ണമാകുന്നത് പഥികന്‍ ആ വെളിച്ചത്തില്‍ സ്വന്തം വഴി തിരരഞ്ഞെടുക്കുമ്പോഴും. എന്നാല്‍ വിളക്കാണ് സര്‍വ്വവും എന്നും പഥികന്‍ ഉപജീവിയാണ് എന്നുമുള്ള ധാരണയെയാണ് ഈ കവയത്രി മാറ്റിയെഴുതേണ്ടത്. സ്വന്തം കാലിലെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചു കൊണ്ട് വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ ആഘോഷിക്കുന്നത് ഈ സ്വാതന്ത്ര്യബോധമാണ്. ആ ബോധത്തോടുള്ള ഉത്കടമായ അഭിവാഞ്ജയാണ് .സഹ്യന്റെ മകന്‍ വിജയലക്ഷ്മിയാണ് എഴുതിയതെങ്കില്‍ എങ്ങനെയാകുമായിരുന്നെന്ന് വെറും കൌതുകത്തിനായി ഒന്നു ചിന്തിച്ചു നോക്കുക.
സഞ്ചരിക്കുകയാണാ
സാഹസി , സങ്കല്പത്തിനല്‍
വന്‍ചെവികളാം പുള്ളി
സ്വാതന്ത്ര്യപത്രം വീശി - എന്ന വരികളുടെ നേരര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന ഒരു കാവ്യാവസാനമായിരിക്കില്ല സഹ്യന്റെ മകനില്‍ സംഭവിക്കുക. മറിച്ച് സ്വാതന്ത്ര്യം മഹത്തരമെങ്കിലും ഈ അടിമക്ക് ഉടമയെ വിട്ടുപോകാനാവില്ലല്ലോ എന്ന പരിദേവനം ആയിരിക്കും. ആ പരിദേവനത്തിന്റെ പരിണതഫലമാകട്ടെ ശ്രീശൂന്യമായ ഇരുള്‍ഗുഹകളിലേക്കുള്ള പൊട്ടിവീഴലിന് കളം വരക്കുകയും ചെയ്യും. സ്വജീവിതത്തിന്റെ അടിയറവെക്കപ്പെട്ട സ്വത്വബോധമല്ല മറിച്ച് ആത്മബലത്തോടെ അടിമത്വത്തില്‍ നിന്നു മരണം വരിച്ചുകൊണ്ട് വിമോചിതനാവുന്ന സഹ്യന്റെ മകനാണ് നമ്മുടെ മനസ്സില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുക എന്നുള്ളത് നിസ്തര്‍ക്കമാണ്. പരകര്‍മം ഭയാവഹം എന്നനുശീലിച്ചുപോരുന്നു ഒരു ദര്‍ശനത്തിന്റെ നിറവ് ഇവിടെയാണ് തിടം വയ്ക്കുന്നത്.

Saturday, May 12, 2012

REVOLUTION 2020


പുസ്തകം : REVOLUTION 2020
രചയിതാവ് : ചേതന്‍ ഭഗത്

പ്രസാധകര്‍ : രൂപ പബ്ല്ലിക്കേഷന്‍സ്
അവലോകനം : ഡി.പി.കെ



ന്റെ 2012 തുടങ്ങുന്നത് "REVOLUTION 2020 " - ല്‍ നിന്നുമാണ് . ലോകം മുഴുവന്‍ , അല്ലെങ്കില്‍ ലോകത്തുള്ള മിക്കവാറും മനുഷ്യരെല്ലാം സ്കോച്ചും വിസ്കിയും ബീയറുമായി പുതു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഞാന്‍ മാത്രം നിശബ്ദമായി ഒരു നോവല്‍ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.

ചേതന്‍ ഭഗത്തിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു , അദേഹത്തിന്റെ പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടപ്പോള്‍ മുതല്‍ അതൊരെണ്ണം സ്വന്തമാക്കണം എന്ന ആഗ്രഹിച്ചിരുന്നു . ഈയിടയ്ക്കാണ് അത് കൈയില്‍ വന്നു ചേര്‍ന്നത്‌ . ഇറങ്ങി ആറു മാസം ആയതേ ഒള്ളു . ഇപ്പൊ എന്റെ കൈയില്‍ ഉള്ളത് പത്താമത്തെ എഡിഷന്‍ എന്ന് പറയുമ്പോള്‍ തന്നെ . അദേഹത്തിന്റെ മുന്‍കാല സൃഷ്ടികള്‍ എത്ര മഹത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ?.

"ഒരിക്കല്‍ ഇന്ത്യയിലെ ഒരു ചെറിയ ടൌണില്‍ ബുദ്ധിമാന്മാരായ രണ്ടു പിള്ളാരുണ്ടായിരുന്നു .
ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച് പണമുണ്ടാക്കണം .
ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കണം .
പ്രശ്നം എന്താണെന്ന് വച്ചാല്‍ ഇരുവരും പ്രണയിക്കുന്നത്‌ ഒരു പെണ്‍കുട്ടിയെ തന്നെ "

പുറന്താള്‍ക്കുറിപ്പ്‌ വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ത്രികോണ പ്രണയ കഥയാണെന്ന് തോന്നുമെങ്കിലും . അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞു ഈ നോവലിന്റെ മൂല്യം കളയാന്‍ ഞാന്‍ ഉദേഷിക്കുന്നില്ല . കാരണം ഭാരതത്തിലെ അല്ലെങ്കില്‍ ഈ ലോകത്തിലെ തന്നെ ഇന്നത്തെ ചെറുപ്പക്കാരെ പറ്റി , വിദ്യാഭ്യാസ വ്യവസ്ഥിതിയെ പറ്റി , പ്രണയത്തെ പറ്റി , പണത്തിനു വേണ്ടിയുള്ള ഓട്ടത്തെ പറ്റി , കളങ്കപൂരിതമായ ഓരോ ഇടാപാടുകളെ പറ്റി . ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ നമ്മുടെ ലോകത്തെ പറ്റിയുള്ള കൃത്യമായ ചിത്രം ഈ നോവല്‍ തരുന്നു . ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കാതെ കഥഗതിയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്ക് തോന്നും . അതാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നുന്നു.

മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ , വാരണാസി എന്ന പുണ്ണ്യ പുരാതനമായ നഗരത്തില്‍ തങ്ങളുടെ പ്രണയവും സന്തോഷവും കണ്ടത്താന്‍ ശ്രമിക്കുന്ന മൂന്നു പേര്‍ " ഗോപാല്‍ , രാഘവ് , ആരതി " .എന്നാല്‍ കളങ്ക പൂരിതമായൊരു ചുറ്റുപാടില്‍ അതത്ര എളുപ്പമല്ല , വാരണാസിയില്‍ ഓരോരുത്തരും വരുന്നത് ഗംഗയില്‍ തന്റെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് . അത് കൊണ്ട് തന്നെ വരാണാസി കളങ്കരഹിതമാക്കുക എന്നത് ശ്രമകരമായ കാര്യമാണ് . ഗോപാല്‍ തന്റെ ലക്ഷ്യത്തിനായി തെറ്റുകള്‍ ചെയ്യുമ്പോള്‍ , രാഘവ് അവയ്ക്കെതിരെ പൊരുതുന്നു . ആറു ജയിക്കും എന്നതാണ് നോവല്‍ പറഞ്ഞു തരുന്നത് . തോല്‍വിയുടെയും വിജയത്തിന്റെയും കഥ ... വികാര നിര്‍ഭലമായ കുറെ മുഹുര്‍ത്തങ്ങള്‍ കൊണ്ട് മനോഹരമാണ് അതിന്റെ കഥാഗതി ... ചില സമയത്ത് എന്റെ ജീവിതമാണ് ഈ നോവല്‍ എന്ന് കൂടി എനിക്ക് തോന്നിപ്പോയി .... അത് കൊണ്ട് തന്നെ എനിക്ക് ഈ നോവലില്‍ ഒരു വാചകം എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയില്ല " Losers , even if they do not have a brain , have a heart " .

എന്റെ ജീവിതത്തില്‍ പലപ്പോഴും ഞാന്‍ ഈ വരികള്‍ ചിന്തിച്ചിട്ടുണ്ട് , ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ ബുദ്ധിയില്ല , അയാള്‍ ഒരു മണ്ടനാണെന്ന് എല്ലാവരും വിധിയെഴുതും . ഒരിക്കല്‍ പോലും അയാള്‍ക്ക്‌ വേദനിക്കുന്ന സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസുണ്ട് എന്ന് ആരും ചിന്തിക്കാറില്ല.

അത് മാത്രമല്ല ആദ്യമായാണ്‌ ഒരു ഇംഗ്ലീഷ് നോവല്‍ ഇടവേളകളില്ലാതെ വായിച്ചത് .. രണ്ടാമൂഴവും , ഒരു സങ്കീര്‍ത്തനം പോലെയും , മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ വായിച്ചത് പോലെ ...

മറ്റുള്ളവരും ഈ നോവല്‍ വായിക്കണം അല്ലെങ്കില്‍ വായിക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്.

Wednesday, May 9, 2012

ജീവനോടെ കത്തിയെരിഞ്ഞവള്‍ / Burned alive


പുസ്തകം : ജീവനോടെ കത്തിയെരിഞ്ഞവള്‍ / Burned alive
രചയിതാവ് : സൌദ / വിവര്‍ത്തനം : കെ.എസ്.വിശ്വംഭരദാസ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഷീബ.ഇ.കെ




പുരുഷനിയമങ്ങള്‍ക്ക് ഇരയായ ഒരു സ്ത്രീയുടെ അവിശ്വസനീയ ജീവിതാനുഭവങ്ങള്‍ --- ഉള്ളടക്കം പരിചയപ്പെടുത്തുന്നതാണ് സൌദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവള്‍ '(Burned alive) എന്ന പുസ്തകത്തിന്റെ പുറംചട്ട തന്നെ. സൌദ ഒരു തൂലികാനാമം മാത്രമാണ്, യൂറോപ്യന്‍ ജീവിതത്തിന്റെ സ്വാതന്ത്ര്യം നുകര്‍ന്നു ജീവിക്കുമ്പോഴും ഭയപ്പാടുകളോടെ തൂലികാനാമത്തിനു പിന്നില്‍ മറഞ്ഞിരിക്കുകയാണ് ആ പാലസ്തീനിയന്‍ യുവതി. വെസ്റ്റ് ബാങ്ക് പ്രദേശത്തെ കുഗ്രാമത്തില്‍ ജനിച്ച് പ്രണയിച്ച കുറ്റത്തിന് മതനേതൃത്വം മരണശിക്ഷ വിധിച്ച് ദേഹമാസകലം പൊള്ളലേറ്റ് ഒരു ഫ്രഞ്ച് മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന സൌദയുടെ നഷ്ടമായ ഓര്‍മ്മകള്‍ 'റിപ്രസ്സ്ഡ് മെമ്മറി തെറാപ്പി 'യിലൂടെ പുനരുജ്ജീവിപ്പിച്ച് മേരി തെരെസ് ക്യൂറിയാണ് ആവിഷ്കരിച്ചെടുത്തത്. കെ.എസ്.വിശ്വംഭരദാസ് ഹൃദയസ്പര്‍ശിയായി സൌദയുടെ ജീവിതം പരിഭാഷപ്പെടുത്തിയിരിക്കുന്നു.

കുടുംബാഭിമാന സംരക്ഷണമെന്ന പേരില്‍ ലോകമെമ്പാടും പ്രതിവര്‍ഷം ആയിരക്കണക്കിനു സ്ത്രീകള്‍ കൊല്ലപ്പെടുന്നു.റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഇരട്ടിയാണ്.വടക്കെ ഇന്ത്യയില്‍ ദിനംപ്രതി ഇത്തരം ഹത്യകള്‍ നടക്കുന്നതായി പത്രവാര്‍ത്തകള്‍ ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം ഏറുന്നു.

സൌദ തന്റെ ഗ്രാമം വിട്ടിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുണയില്ലാതെ,മുഖമുയര്‍ത്തി നടക്കാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ മാത്രമുള്ള ഗ്രാമത്തില്‍ 'ചാര്‍മൂട്ട '(വ്യഭിചാരിണി)യെന്ന പഴി പേടിച്ച് പുലരി മുതല്‍ പാതിരാത്രി വരെ പണിയെടുത്തും പീഡനങ്ങള്‍-ചിലപ്പോള്‍ മരണം തന്നെയും- വിധിക്കപ്പെട്ട് പെണ്മയുടെ ശാപം ഏറ്റുവാങ്ങലാണ് അവിടുത്തെ സ്ത്രീകളുടെ ജീവിതം. പിതാവിനാലോ സഹോദരനാലോ ഏതു നിമിഷവും തങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഓരോ പെണ്‍കുട്ടിയും ദിവസങ്ങള്‍ പിന്നിടുന്നത്. വിറകു കീറുന്നതിനിടെ കോടാലിത്തല കൊണ്ടോ വെള്ളം കോരുമ്പാള്‍ കിണറ്റിലേക്കെറിയപ്പെട്ടോ വെറും തറയില്‍ വിരിച്ച ആട്ടിന്‍തോലില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചോ ഏതുവിധത്തിലും അതു സംഭവിച്ചേക്കാം.

അവള്‍ക്കു കാണാന്‍ വിധിക്കപ്പെട്ട ഒരെയൊരു സ്വപ്നം, കുടുംബത്തിലെ പെണ്‍കുട്ടികളുടെ മൂപ്പുമുറ പ്രകാരം മാത്രം അനുവദനീയമായ വിവാഹം മാത്രമാണ്,അതാവട്ടെ ചിലപ്പോള്‍ ഇതിലും ദുരിതം പിടിച്ചതാവാം.ഏഴു സഹോദരിമാരെ പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊന്ന് സമൂഹത്തില്‍ മാന്യത ലഭിച്ച മാതാവ്,കര്‍ക്കശക്കാരനും ഭീകരനുമായ പിതാവ്, സ്വപ്നജീവിയായിരുന്ന ഇളയ സഹോദരി ഹവേയയെ മാതാപിതാക്കളുടെ അനുമതിയോടെ കഴുത്തു ഞെരിച്ചു കൊന്ന സഹോദരന്‍, ഒരിക്കലും തീരാത്ത അദ്ധ്വാനഭാരം,അവഗണനകള്‍,അവയ്ക്കിടയില്‍ വിവാഹം എന്ന വിദൂരസ്വപ്നം. ശരീരദണ്ഡനങ്ങള്‍ ഏല്‍ക്കാത്ത ദിവസങ്ങള്‍ വിരളം. വിളവെടുപ്പു കാലത്ത് ഒരു പച്ചത്തക്കാളി അബദ്ധത്തില്‍ പറിച്ചെടുത്തതിന്, അടുപ്പില്‍ തീയണക്കാന്‍ മറന്നതിന് എണ്ണമറ്റ പീഡനങ്ങള്‍. അത്തിപ്പഴങ്ങള്‍ വിളവെടുക്കാന്‍ എന്ന പേരില്‍ കാമുകനുമായി സന്ധിക്കുന്ന സ്വന്തം മാതാവിനെ സൌദ ന്യായീകരിച്ച്, ഉഴവുമാടിനെപ്പോലെ അദ്ധ്വാനിച്ചാല്‍ മാത്രം പോരല്ലോ എന്ന് ആത്മഗതം ചെയ്യുന്നുണ്ട്.

യൌവ്വനം പൂത്തുലഞ്ഞ പ്രായത്തില്‍ സൌദ ഓരോ ദിവസവും തന്റെ വരന്‍ വന്നണയുന്നതും കാത്തിരുന്നു. ആ അനിശ്ചിതാവസ്ഥയില്‍ തന്നെയൊന്നു വേഗം കെട്ടിച്ചയക്കൂ എന്നു പിതാവിനോടു കെഞ്ചാനും പ്രഹരം ഏറ്റുവാങ്ങാനും വരെ അവള്‍ തയ്യാറായി.പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയപ്പോള്‍ സൌദ ഒരു പ്രണയത്തിലേക്ക് വഴുതിപ്പോകുകയായിരുന്നു, പ്രണയത്തിന് ജീവന്റെ വില കൊടുക്കേണ്ടി വരുന്ന ഒരു സമൂഹത്തെപ്പോലും മറന്ന്.

അയല്‍വാസിയും സുന്ദരനും പരിഷ്കാരിയുമായ ഫയസ്സിനാവട്ടെ അവളുടെ കന്യകാത്വം കവര്‍ന്നെടുക്കാനുള്ള പ്രണയമേ ഉണ്ടായിരുന്നുള്ളു. അയാള്‍ക്കു വഴങ്ങിയില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചു പോയേക്കാം എന്ന ഭീതിയില്‍ സൌദ എല്ലാറ്റിനും തയ്യാറായി. വിവാഹരാത്രിക്കു പിറ്റേ പ്രഭാതത്തില്‍, കിടക്ക വിരിയിലെ രക്തപ്പാടുകള്‍ മട്ടുപ്പാവില്‍ നിന്ന് ഗ്രാമവാസികള്‍ക്കു മുഴുവന്‍ കാണിച്ചു കൊടുക്കുന്ന ആചാരമുള്ള നാട്ടില്‍,കന്യകാത്വത്തിന് ജീവനേക്കാള്‍ വിലയുണ്ടായിട്ടും. ഗര്‍ഭിണിയായ അവളെ ഉപേക്ഷിച്ചു ഫയസ്സ് നാടുവിട്ടു.കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അവളെ വകവരുത്താനായി മാതാപിതാക്കള്‍ സഹോദരീഭര്‍ത്താവ് ഹുസൈനെ ചുമതലപ്പെടുത്തുന്നത് സൌദ കേള്‍ക്കുകയുണ്ടായി.ഒരു അഭയകേന്ദ്രവും അവള്‍ക്കു ലഭിച്ചില്ല. അനിവാര്യമായ വിധി നടപ്പാക്കപ്പെടുന്നതും കാത്ത് അവള്‍ ഭയപ്പോടോടെ ദിവസങ്ങള്‍ താണ്ടി. ഒടുവില്‍ ,വസ്ത്രമലക്കുമ്പോള്‍ അവളുടെ തലയിലൂടെ പെട്രോള്‍ കോരിയൊഴിച്ച് അയാള്‍ തീ കൊളുത്തി. ദേഹമാസകലം ഉരുകിയൊലിച്ച അവളെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാതൊരു വിധ പരിചരണങ്ങളും ലഭിച്ചിരുന്നില്ല. 70% ല്‍ അധികം പൊള്ളലേറ്റ് ശരീരം ഭാഗികമായി തളര്‍ന്നു പോയ അവളുടെ അവസാനത്തെ മിടിപ്പും ഇല്ലാതാക്കാന്‍ വിഷം കുടിപ്പിക്കാന്‍ മാതാവ് ശ്രമിച്ചെങ്കിലും ഡോക്ടറുടെ സമയോചിതമായ ഇടപെടലുകള്‍ മൂലം നടന്നില്ല.ആ തീവ്ര വേദനക്കിടയില്‍ സൌദ അവളുടെ മകന്‍ മറൂവന് ജന്മം നല്‍കി.

ടെറെ ദസ് ഹോംസ് എന്ന ജീവകാരുണ്യസംഘടനയിലെ പ്രവര്‍ത്തക ജാക്വിലിന്‍ ആശുപത്രിയില്‍ അവളനുഭവിക്കുന്ന ദുരിതം കണ്ടറിഞ്ഞ്, സര്‍ഗീര്‍(arise) എന്ന പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന്, ഒട്ടേറെ സാമൂഹ്യ-നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സൌദയേയും മകനേയും യൂറോപ്പിലെത്തിച്ചു. തൊലി മുഴുവന്‍ നഷ്ടമായ, കീഴ്ത്താടിയും നെഞ്ചും ഒട്ടിച്ചേര്‍ന്ന, കാതുകള്‍ കത്തിക്കരിഞ്ഞ സൌദയെ നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഒപ്പം യുറോപ്യന്‍ ജീവിതത്തിന്റെ എണ്ണമറ്റ സ്വാതന്ത്ര്യം അവള്‍ രുചിച്ചറിഞ്ഞു. ആദ്യം ഒരു വളര്‍ത്തു കുടുംബത്തിന്റെ തണലില്‍ സ്വന്തം ജീവിതം കെട്ടിപ്പടുത്ത് ,പിന്നീട് അന്റോണിയോ എന്ന യൂറോപ്യനെ വിവാഹം കഴിച്ച് രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി. മകന്‍ മറൂവനും അവരുടെ കൂടെയുണ്ട്.

യൂറോപ്യന്‍ സമൂഹത്തില്‍ സൌദ തന്റെ ജീവിതം പരസ്യപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് അവര്‍ ആ കഥ ഏറ്റുവാങ്ങിയത്.അവര്‍ക്കു വിഭാവനം ചെയ്യാന്‍ പോലുമാവാത്ത ഒരു നാടിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും അവര്‍ അവിശ്വസനീയതയോടെയാണ് അറിഞ്ഞത്.

ഈ ഓര്‍മ്മപ്പുസ്തകം തന്റെ നാടായ വെസ്റ്റ് ബാങ്കിലും എത്തിച്ചേരുമെന്ന് സൌദ പ്രത്യാശിക്കുന്നു. വിദ്യാഭാസവും ജോലിയും നേടി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആസ്വദിച്ചു ജീവിക്കുമ്പോഴും സുരക്ഷയെക്കരുതി അവര്‍ ഒരു അജ്ഞാതകേന്ദ്രത്തില്‍ മറഞ്ഞിരിക്കുകയാണ് എന്ന വസ്തുത വേദനാജനകമാണ്.

സൌദമാര്‍ ഇനിയും ഒട്ടനവധിപേരുണ്ട്.സാമൂഹ്യ വ്യവസ്ഥിതിയുടെ ചട്ടക്കൂടുകള്‍ക്കിടയില്‍, പുരുഷന്റെ ഏകപക്ഷീയമായ നിയമങ്ങള്‍ക്കു മുമ്പില്‍ ഉരുകിത്തീരുന്ന അറിയപ്പെടാത്ത സ്ത്രീജന്മങ്ങള്‍. മുഖമുയര്‍ത്താതെ അവള്‍ നമുക്കിടയിലൂടെ നടന്നു പോകാറുണ്ട്. പൊള്ളിയടര്‍ന്ന് ചരമക്കോളത്തില്‍ ഒരു വരി വാര്‍ത്തയായി ചിലപ്പോള്‍ നമ്മളവളെ വായിക്കാറുണ്ട്.

മുക്താര്‍മയിയോടും അയാന്‍ ഹിര്‍സി അലിയോടും ചേര്‍ത്തു വായിക്കാവുന്നതാണ് 'ജീവനോടെ കത്തിയെരിഞ്ഞവള്‍'. പക്ഷേ അവരിരുവരും ലോക ശ്രദ്ധയ്ക്കു പാത്രീഭവിച്ച് സ്വതന്ത്രമായി ജീവിക്കുമ്പോള്‍ സൌദ ഇപ്പോഴും അജ്ഞാതജീവിതം നയിക്കുന്നത് ലോകത്തോടുള്ള ഭയപ്പാടുകള്‍ക്ക് അറുതിയില്ല എന്നതിന്റെ സൂചനയല്ലേ?

Sunday, May 6, 2012

കൗമാരം കടന്നുവരുന്നത്‌


പുസ്തകം : കൗമാരം കടന്നുവരുന്നത്‌
രചയിതാവ് : കെ.എ.ബീന
പ്രസാധകര്‍ : റെയിന്‍‌ബോ ബുക്സ് പബ്ലിക്കേഷന്‍സ്
അവലോകനം : എം.ടി. വാസുദേവന്‍നായര്‍



മ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക്‌ ഒരു വിദ്യാര്‍ത്ഥിസംഘത്തോടൊപ്പം റഷ്യയില്‍ പര്യടനം നടത്താന്‍ അവസരം കിട്ടുന്നു. യാത്രയില്‍ കണ്ണും കാതും മനസ്സും തുറന്നുവെച്ചു കൊണ്ട്‌ പലദൃശ്യങ്ങളും അനുഭവങ്ങളും പെറുക്കിക്കൂട്ടുന്നു. അതൊരു യാത്രാവിവരണമായി എഴുതിയുണ്ടാക്കിയ കയ്യെഴുത്തുപ്രതി എന്റെ കൈയ്യിലെത്തിച്ചേര്‍ന്നു. വായിച്ചപ്പോള്‍ സന്തോഷം. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അത്‌ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കുട്ടികളും മുതിര്‍ന്നവരും വായിച്ചു. ആസ്വദിച്ചു. അതെഴുതിയ കെ.എ.ബീന എന്ന കുട്ടി വലുതായി കുടുംബിനിയായപ്പോഴാണ്‌ ഞാന്‍ നേരില്‍ കാണുന്നത്‌.

ബീനയുടെ ചില ചെറുകഥകള്‍ ഇപ്പോള്‍ എന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്‌ ബീന. സ്വപ്‌നങ്ങളെ താലോലിച്ച്‌ പരുഷമായ ജീവിതസത്യങ്ങളെ വിസ്‌മരിക്കുവാന്‍ ശ്രമിക്കുകയും പക്ഷേ പരാജയപ്പെടുകയും ചെയ്യുന്നവരുടെ കഥകളാണ്‌ കൂടുതലായി ബീന പറയുന്നത്‌. മിനിക്കുട്ടി ചിത്രപുസ്‌തകങ്ങളില്‍ രാക്ഷസനെ കണ്ടിട്ടുണ്ട്‌. രാക്ഷസനെ നേരിട്ട്‌ തോല്‌പിക്കുന്ന മഹാശക്തരായ നായകരേയും മിനിക്കുട്ടിക്കറിയാം. പക്ഷേ ചിത്രപുസ്‌തകത്തിലും സ്വപ്‌നത്തിലും കണ്ട രാക്ഷസനായിരുന്നില്ലല്ലോ മിനിക്കുട്ടിയെ വാരിയെടുത്തു കൊണ്ടുപോയത്‌. നടുക്കുന്ന കഥ. അനുഭവിച്ച ഭീകരവും ദാരുണവുമായ പീഡനത്തെപ്പറ്റി കഥാകാരി ഒന്നും പറയുന്നില്ല. വീട്ടുകാര്‍ കുട്ടിയെ കുലുക്കി വിളിക്കുമ്പോഴത്തെ കൊടിയ വേദനയെപ്പറ്റി മിനി ആലോചിക്കുന്നുണ്ട്‌. ആ വരികള്‍ക്കിടയില്‍ നിന്നു ഭീകരമായ ആക്രമണത്തെ നമുക്ക്‌ സങ്കല്‌പിച്ചെടുക്കാനാവുന്നു.

സൈക്കിയാട്രിസ്റ്റിന്റെ മുമ്പില്‍ ഊഴമനുസരിച്ചുവന്ന്‌ ചപലവും പക്ഷേ സുന്ദരവുമായ സ്വപ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സുഭദ്ര. പകല്‍ സമ്പത്തും അലങ്കാരവുമുള്ള വീട്ടില്‍ സ്വയം റാണിയായി അവരോധിച്ച്‌ ഏകാന്തതയില്‍ സമൃദ്ധി ആഘോഷിക്കുന്ന വേലക്കാരി പെണ്‍കുട്ടി. സ്വപ്‌നങ്ങളുടെ ഉടയാടകള്‍ എത്ര വേഗത്തിലാണ്‌ വീട്ടമ്മയുടെ ശകാരവാക്കുകള്‍ തട്ടി അടര്‍ന്നു വീഴുന്നത്‌! സാരികളിലൂടെ, ചേര്‍ച്ച നോക്കുന്ന വില്‌പനക്കാരന്റെ ഓടിനടക്കുന്ന വിരലുകളിലൂടെ സ്വപ്‌നലോകം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന നളിനി.

കുടുംബജീവിതം സ്വര്‍ഗ്ഗമാണെന്ന്‌ കരുതി വലതുകാല്‍വെച്ച്‌ പ്രതീക്ഷകളോടെ കടന്നുവന്ന ചിലരെയാണ്‌ ബീന കഥാപാത്രങ്ങളായി തിരഞ്ഞെടുക്കുന്നത്‌. അസംതൃപ്‌തിയുടെ തിക്‌തതകളെ കീഴടക്കുവാന്‍ വേണ്ടി അവര്‍ സ്വന്തം സ്വപ്‌നപഥങ്ങള്‍ സൃഷ്‌ടിക്കുന്നു. തീവ്രവാദിക്ക്‌ അഭയം നല്‍കുന്ന വീട്ടമ്മയും ഏതോ വിദൂരസ്ഥമായ വിഹ്വലതയ്‌ക്കും പകരം വെയ്‌ക്കാനുള്ള ഒരു സ്വപ്‌നം തേടുകയാണ്‌.

മനുഷ്യന്‍ ചിലപ്പോള്‍ രാക്ഷസനാവുന്നു. രാക്ഷസന്‍ ചിലപ്പോള്‍ മനുഷ്യനുമാവുന്നു. ജീവിതമെന്ന ഈ പ്രഹേളികയുടെ അടരുകള്‍ കണ്ടെത്തി അനാവരണം ചെയ്യാനുള്ള ശ്രമങ്ങളാണ്‌ ഈ കഥകള്‍. അകംപൊരുള്‍ കണ്ടത്തി എന്നു വരില്ല. എന്നാലും അന്വേഷിച്ചുകൊണ്ടേ ഇരിക്കണം. അത്‌ ബീന മനസ്സിലാക്കുന്നു. അന്വേഷണവും അപഗ്രഥനവും തുടരുക.

കഥാസമാഹാരത്തിന്‌ എഴുതിയ അവതാരിക

Thursday, May 3, 2012

താവോ: ഗുരുവിന്റെ വഴി

പുസ്തകം : താവോ: ഗുരുവിന്റെ വഴി
രചയിതാവ് : ലാവോത്സു / വിവര്‍ത്തനം : അഷിത
പ്രസാധകര്‍ : സൊര്‍ബ പബ്ളിക്കേഷന്‍സ് , പാലക്കാട്
അവലോകനം : കുഞ്ഞൂസ്



ലാവോത്സു രചിച്ച വിഖ്യാതമായ 'താവോ തേ ചിങ്ങിന്റെ' മലയാളരൂപമാണിത്. ഇത് കേവലമൊരു പരിഭാഷയല്ല. ലാവോത്സുവിന്റെ ദര്‍ശന ഹൃദയം കണ്ടെത്തുന്ന തീര്‍ത്ഥയാത്രയാണ് ഈ പുസ്തകം. പ്രാചീന ചൈനയിലെ തത്ത്വചിന്തകനായ ലാവോത്സുവിന്റെ മൊഴികള്‍ വര്‍ത്തമാനകാലത്തും ഏറെ പ്രസക്തം തന്നെ. 'താവോ തേ ചിങ്' എന്ന ഈ പ്രാചീന ഗ്രന്ഥത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനു എത്ര പരിഭാഷകളുണ്ടായാലും അത് പുതിയ പരിഭാഷകരെ ആകര്‍ഷിക്കുകയും തീര്‍ത്തും നവ്യമായ ഒരര്‍ത്ഥതലം അവന് വെളിപ്പെട്ടു കിട്ടുകയും ചെയ്യുന്നു.

നൈസര്‍ഗികതയുടെ പ്രവാചകനായ ലാവോത്സുവിന്റെ ജനനം ചൈനയിലായിരുന്നു, ക്രിസ്തുവിനും അറുനൂറു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ജനനത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ചൂ രാജവംശത്തിന്റെ ഗ്രന്ഥപ്പുര സംരക്ഷിക്കുന്ന ചുമതലായിരുന്നു അദ്ദേഹത്തിന്. അവിടെ ഏകാന്തവും ധ്യാനാത്മകവുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

ഒരു പൂ വിരിയുന്നത് പോലുള്ള സാധാരണത്വമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മന്ദാനിലനില്‍ ഊയലാടിക്കളിക്കുന്ന ഒരു അപ്പൂപ്പന്‍താടി പോലെ ... നദീപ്രവാഹത്തിലേക്ക് പൊഴിഞ്ഞു വീണ ഒരു പഴുത്തില പോലെ... പ്രകൃതിയുടെ അനുസ്യൂതമായ ഒഴുക്കില്‍ അപ്രതിരോധനായി അദ്ദേഹം കിടന്നു കൊടുത്തു. അദ്ദേഹം കടലിനു മുകളിലൂടെ നടന്നില്ല. അഗ്നി വിഴുങ്ങി അത്ഭുതം കാണിച്ചില്ല. അതിനാല്‍ ലാവോത്സു ചരിത്രത്തില്‍ പ്രവാചകനോ അവതാരപുരുഷനോ ആയില്ല... പക്ഷേ, അദ്ദേഹം ശാന്തിയുടെയും സരളതയുടെയും പ്രസന്നമധുരമായ ഒരു നിദര്‍ശന മായിരുന്നു. ആ സാന്നിദ്ധ്യത്തില്‍ തെല്ലിട ഇരുന്നാല്‍ മതി, മൌനത്തിന്റെ അത്യഗാധ മായ നീലിമയില്‍ നാം നിമജ്ജിതരാകും. താവോയുടെ അതിവിശാലതയില്‍ നാം അലിഞ്ഞലിഞ്ഞില്ലാതാവും. ആ മഹത്വം, യുദ്ധങ്ങളെയും രക്ത ചൊരിച്ചിലുകളെയും മാത്രം ചരിത്രമാഹാത്മ്യമായി കാണുന്ന പണ്ഡിത മാന്യന്മാര്‍ക്ക് മനസിലായെന്നു വരില്ല. അതിനാല്‍ തന്നെ ലാവോത്സു,മഹാവ്യോമത്തിലെ തിരക്കൊഴിഞ്ഞ ഒരു നക്ഷത്രമായി ശോഭിക്കുന്നു.

ലാവോത്സുവിന്റെതായി ഒരു കൃതി മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ... ഒന്നാമതായി സത്യമായ താവോ വാക്കുകളില്‍ മൊഴിയാനാവില്ല. എന്നിട്ടും അദ്ദേഹം ആ സാഹസം കാണിച്ചു. ലാവോത്സുവിനു പ്രായമായപ്പോള്‍ അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു . അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്ന ദ്വാരപാലകന് ലാവോത്സുവിനെ അറിയാമായിരുന്നു. ലാവോത്സു ചൈന വിട്ടുപോവുകയാണെന്ന് അറിഞ്ഞപ്പോള്‍ ആ ദ്വാരപാലകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു താണുകേണു പറഞ്ഞു : അങ്ങ് മഹാനായ ഋഷിയാണ് , ഞങ്ങള്‍ ഈ ലോകത്തില്‍ യാതനയുടെ പ്രാരാബ്ധ ങ്ങളുമായി ജീവിക്കുന്നു. അങ്ങയുടെ ആനന്ദത്തിന്റെ കാരണമായ ആ ദര്‍ശനം ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും ഒന്നെഴുതിത്തരണം. ലാവോത്സുവിന്റെ ഉള്ളലിഞ്ഞു. അന്നു രാത്രി അതിര്‍ത്തിയില്‍ ദ്വാരപാലകന്റെ കൂടെ താമസിച്ചു. ഒറ്റ രാത്രി കൊണ്ട് 'താവോ തേ ചിങ് ' എന്ന വിഖ്യാതഗ്രന്ഥം എഴുതിത്തീര്‍ത്തു. അദ്ദേഹം യാത്ര തുടര്‍ന്നു. ഹിമാലയത്തിലെ പര്‍വ്വതസാനുക്കളില്‍ എവിടെയോ അദ്ദേഹം സമാധി പൂകിയിരിക്കാം.

വാക്കുകളില്‍ ആവിഷ്ക്കരിക്കപ്പെടുന്നില്ലെങ്കില്‍
അതു ശരിയായ താവോ അല്ല.
ഒരു പേര് ചൊല്ലി വിളിക്കാമെങ്കില്‍
അത്‌, അതിന്റെ സത്യമായ പേരല്ല.
ഈ ലോകത്തിലെ സമസ്തവും
ശൂന്യതയില്‍ നിന്നും ആവിര്‍ഭവിച്ചതത്രേ.
ശൂന്യത....
പേരിടാനാവാത്ത ആ ശൂന്യത....
ആദിജനനി...
സമഷ്ടിക്കും മാതാവായി ആ ശൂന്യാകാശം നിലകൊള്ളുന്നു.
താവോയുടെ ശൂന്യതയെ പിന്തുടര്‍ന്നാല്‍
നിങ്ങള്‍ക്കും താവോയില്‍ അലിയാം.
ഒരിക്കലും തൃഷ്ണകളാല്‍ ബന്ധിതനാകാതെ
താവോയുടെ ആഴവും അതിശയവും കണ്ടറിയുക.
എല്ലാ രഹസ്യങ്ങള്‍ക്കും നിഗൂഢതകള്‍ക്കും
ആദിമാതാവായിരിക്കുന്ന അവളത്രേ
അത്ഭുതസാരങ്ങളിലേക്കുള്ള പടിവാതില്‍ .

താവോ ഒരിക്കലും സ്വാര്‍ത്ഥതയോ അഹങ്കാരമോ പ്രദര്‍ശിപ്പിക്കുന്നില്ല.താവോ തന്റെ പ്രവര്‍ത്തികളില്‍ ഉദാരനും അന്തസ്സുറ്റവനുമത്രേ. തന്റെ നേട്ടങ്ങളെപ്പറ്റി താവോ ഒന്നും ഉരിയാടുന്നില്ല. ഒരിക്കലും ഒന്നിനെയും തന്റെ നേട്ടമായി കാണുന്നുമില്ല. എന്തെങ്കിലും ഒന്നിനായി പ്രയത്നിക്കേണ്ടതില്ലാത്തതിനാല്‍ ഒഴുക്കിന് ഒരിക്കലും തടസ്സം വരാറില്ല.
അലങ്കരിക്കപ്പെടാത്ത വിശുദ്ധമായ സത്യം
ഒരാള്‍ക്കും ഇഷ്ടമാകുന്നില്ല
വാഗ്വിലാസങ്ങളൊന്നും അതിനടുത്തെത്തുന്നില്ല
സത്യമായ വാക്കുകള്‍
ഒരിക്കലും നിങ്ങളെ വശംവദനാക്കാന്‍ ഉപയോഗിക്കപ്പെടുകയില്ല
സത്യമായി അറിയുന്നവന്‍
അറിയുന്നത് പുസ്തകങ്ങളില്‍ നിന്നല്ല...
ജീവിതം ആരെയും ബോദ്ധ്യപ്പെടുത്താനോ പ്രദര്‍ശിപ്പിച്ചു കാണിക്കാനോ ഉള്ളതല്ല. അത് വളരെ സ്വഭാവീകമായി ജീവിക്കാനുള്ളതാണ്. അതിലൂടെ ഊറി വരുന്ന ആനന്ദം താവോയുടെ അമൃതാനുഭവമാണ്. ഈ അമൃതാനുഭവത്തിനപ്പുറം ഒന്നും തിരയേണ്ടതായിട്ടില്ല. ആനന്ദം പുറത്ത് തിരയുന്നവര്‍ക്കാണ് അംഗീകാരവും പുരസ്ക്കാരവും ആവശ്യമായി വരുന്നത്. താവോയില്‍ ജീവിക്കുന്നവന്‍ അതിനെ അശേഷം ഗൌനിക്കാറില്ല.

എണ്‍പത്തിയൊന്ന് സൂക്തങ്ങളിലൂടെ ഹൃദ്യവും ആയാസരഹിതവുമായ വിവര്‍ത്തനത്തിലൂടെ ചിരപുരാതനമായ ചൈനയുടെ ദിവ്യസന്ദേശം നമുക്ക് പകര്‍ന്നു തന്നതിന് അഷിതക്ക് നന്ദിയോടെ... (വില : 50 രൂപ)