Thursday, January 31, 2013

സ്കൂള്‍ ഡയറി

പുസ്തകം : സ്കൂള്‍ ഡയറി
രചയിതാവ് : അക്‌ബര്‍ കക്കട്ടില്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
അവലോകനം : നിരക്ഷരന്‍


ഡീയോൻ, ഏയോൻ എന്നൊക്കെ കേട്ടാൽ ഇതെന്ത് കുന്തമാണെന്ന് വാ പൊളിക്കേണ്ടതില്ല. അൿബർ കക്കട്ടിൽ തന്റെസ്ക്കൂൾ ഡയറിഎന്ന പുസ്തകത്തിൽ വിദ്യാഭ്യാസ വകുപ്പിലെ AEO, DEO എന്നീ മേലുദ്യോഗസ്ഥരെ പരാമർശിക്കുന്നത് അങ്ങനെയാണ്. ‘വാർപ്പിന്റെ പണിക്കാർഎന്ന് വിശേഷിപ്പിക്കുന്നത് താനടക്കമുള്ള അദ്ധ്യാപകരെയാണ്. പുതുതലമുറയെ വാർത്തെടുക്കലാണല്ലോ അദ്ധ്യാപകരുടെ ജോലി.

അൿബർ കക്കട്ടിലിന്റെകക്കട്ടിൽ യാത്രയിലാണ്വായിച്ച് തീർന്ന ഉടനെ തന്നെ, മാതൃഭൂമി പബ്ലിക്കേഷൻ പുറത്തിറക്കിയസ്ക്കൂൾ ഡയറിവാങ്ങി വെച്ചിരുന്നെങ്കിലും വായിക്കാൻ അൽ‌പ്പം വൈകി. ഒന്നാന്തരം ഒരു ചിരിയ്ക്കുള്ള വകയാണ് സ്ക്കൂൾ ഡയറി നൽകുന്നത്. പത്താം തരം പരീക്ഷ കഴിയുമ്പോൾ, മാസികകളിലെ ഫലിതബിന്ദുക്കളെ വെല്ലുന്ന തരത്തിലുള്ള ചില ഉത്തരങ്ങൾ പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അൿബർ മാഷ് ഇതിപ്പോ തനിച്ചിരുന്ന് പരീക്ഷക്കടലാസിലെ മാത്രമല്ല, വിദ്യാലയങ്ങളിലെ മൊത്തം നർമ്മങ്ങൾ വാരിക്കൂട്ടി സ്ക്കൂൾ ഡയറിയിൽ നിറച്ചിരിക്കുകയാണ്.

കുട്ടികൾക്കിടയിലെ ലൌ ലെറ്റർ ഒരദ്ധ്യാപകൻ പിടികൂടി. അതിലെ വരികൾ ഇങ്ങനെ.

സൊപ്‌നങ്ങളെല്ലാം പങ്കുവയ്‌ക്കാം.
ദൊക്കബാരങ്ങളും പങ്കുവെക്കാം.
നൊമ്മളെ നൊമ്മൾക്കായ് പങ്കുവെക്കാം.

അവതാരിക എഴുതിയ സുകുമാർ അഴീക്കോടിന് വരികൾ അതേ പടി അക്ഷരത്തെറ്റോടെ പകർത്തി എഴുതാൻ പെടാപ്പാടായി എന്നത് ചിരിക്ക് മുകളിൽ ചിരി പടർത്തി.

ആരെയും ബാവകായകനാക്കും
ആൽമ സൌന്തര്യമാണു നീ.

എന്നിങ്ങനെ പ്രേമലേഖനം അല്ലാതെയുള്ള സിനിമാപ്പാട്ടുകളുമുണ്ട് ഡയറിയിൽ.

കോപ്പിയടിയുടെ സാങ്കേതിക വിദ്യകളൊക്കെ വളരെ പുരോഗമിച്ചിരിക്കുന്നു. 12 - MSJSTTG-S എന്നു കണ്ടാൽ ഉറപ്പിക്കാം അത് ശാർദ്ദൂലവിക്രീഡിതമാണ്. പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂല വിക്രീഡിതം എന്നത് ഇങ്ങനൊരു കോഡാക്കി മാറ്റിയവനെപ്പറ്റി മാഷിന് പറയാനുള്ളത് പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും (പന്ത്രണ്ടാൽ മസജം) അവന്റെ തന്തയും (സതംത) മാഷും (ഗുരു) കൂടി പുലികളി (ശാർദ്ദൂലവിക്രീഡിതം) എന്നാണ്. നന്ദിനിക്കുട്ടിയുടെ നേർത്ത പാവാടക്കടിയിൽ നിന്ന് കോപ്പിക്കടലാസ് കൈയ്യിട്ടെടുത്താൽ വകുപ്പ് IPC 354. ഇതേ വകുപ്പ് പ്രകാരം 2 കൊല്ലം വരെ ജയിലിൽ കിടന്ന് ഉണ്ട തിന്നാൻ താൽ‌പ്പര്യമില്ലാത്തതുകൊണ്ടാണ് മറ്റൊരു മാഷ് സുമതിയുടെ ബ്രേസിയറിനുള്ളിൽ കൈയ്യിടാതിരുന്നത്.

ഈശ്വരാ ഒന്ന് വേഗം കഴിഞ്ഞ് കിട്ടണേഎന്ന അദ്ധ്യായം പ്രസംഗങ്ങളെപ്പറ്റിയുള്ളതാണ്. പ്രസംഗത്തിനും പ്രസവത്തിനും തമ്മിലുള്ള സാദൃശ്യത്തെപ്പറ്റിയുള്ള പരാമർശം ഇങ്ങനെ പോകുന്നു. പ്രസവത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു, പ്രസംഗത്തിൽ വാക്കുകളും. ഓരോ പ്രസവം കഴിയുമ്പോളും അടുത്ത പ്രസവം എളുപ്പമായിത്തീരുന്നു; പ്രസംഗത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നമ്മുടെ പ്രിയപ്പെട്ട ബന്ധു പ്രസവമുറിയിൽ കിടക്കുമ്പോൾഈശ്വരാ ബുദ്ധിമുട്ടില്ലാതെ ഇതൊന്ന് വേഗം കഴിഞ്ഞ് കിട്ടണേഎന്ന് നാം പ്രാർത്ഥിക്കുന്നു; പ്രസംഗം കേൾക്കുന്നവരുടേയും പ്രാർത്ഥന ഇതുതന്നെ.

കണക്കിലെ ഫലിതങ്ങളാണ് ഏറെ രസകരം. ഒരു പശുവിന് 750 രൂപയെങ്കിൽ 10 പശുവിന് എന്തുവില ? എന്ന ചോദ്യത്തിന്എല്ലാ പശുക്കളേയും കാണാതെ വില പറയാനാവില്ലഎന്ന് ഉത്തരം. ഇനിയുമുണ്ട് പശുക്കണക്കുകൾ. മകന്റെ പുസ്തകത്തിൽ രാമൻ മാഷ് നൽകിയിരിക്കുന്ന ഹോം വർക്ക് വായിച്ച് ശങ്കരേട്ടൻ രോഷാകുലനായി. ‘ഞാൻ 500 രൂപാ നിരക്കിൽ 5 പശുവിനെ വാങ്ങിയാൽ ഉടമസ്ഥന് മൊത്തം എത്ര രൂപ കൊടുക്കണം?’ 500 രൂപയ്ക്ക് പശുവിനെ എവിടന്ന് കിട്ടാനാ എന്ന മട്ടിൽ മകൻ ചിരിക്കുമ്പോൾ, തന്റെ ചായപ്പീടികയിൽ നിന്ന് ചായ കുടിച്ച വകയിൽ 46 രൂപ 80 പൈസ തരാതെ അഞ്ച് പശുവിന്റെ മാഷ് വാങ്ങിയതിലാണ് ശങ്കരേട്ടന് അമർഷം.

കുട്ടികളുടെ പേരുകളെപ്പറ്റിയുള്ള തമാശകൾ നിറഞ്ഞതാണ്പൊന്നുമോനെ നിന്നെ എങ്ങനെ കാട്ടാളൻ എന്ന് വിളിക്കും?’ എന്ന അദ്ധ്യായം. പുതിയ അഡ്‌മിഷൻ കാലമാണ് ; നല്ല ഓമനത്തമുള്ള മുഖവുമായി ചെന്നിരിക്കുന്ന കുട്ടിയുടെ പേര് നിഷാദൻ. കുട്ടിയുടെ അച്ഛൻ ഉയർന്ന ഉദ്യോഗസ്ഥനാണ്. നിഷാദന്റെ അച്ഛനാണെന്നുള്ള അഭിമാനവും അദ്ദേഹത്തിന്റെ മുഖത്തുണ്ടത്രേ! പേരിന്റെ അർത്ഥം പക്ഷേ അങ്ങേർക്കറിയില്ല. ഇവന്റെ ചേട്ടന്റെ പേര് വിഷാദൻ എന്നാണ്. അതുകൊണ്ട് ഇവന് നിഷാദൻ എന്ന് പേരിട്ടു എന്ന് ന്യായീകരണം. ‘പൊന്നുമോനെ നിന്റെ മുഖത്ത് നോക്കി എങ്ങനെയാടാ കാട്ടാളൻ എന്ന് വിളിക്കുക?’ എന്നതാണ് മാഷിന്റെ സങ്കടം. സജ്‌ന എന്ന പേരിന്റെ അർത്ഥം സ്ത്രീത്തടവുകാരി എന്നാണെന്ന് മാതാപിതാക്കൾക്ക് അറിയാത്തതുകൊണ്ട് സ്വന്തം ക്ലാസ്സിൽ മാഷിന്, ഒന്നിലധികം പെൺകുട്ടികളെമോളേ ജയിൽ‌പ്പുള്ളീഎന്ന് വിളിക്കേണ്ടി വരുന്നുണ്ട്. മാതാപിതാക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് കുട്ടികൾക്ക് പേരിടുന്നതിലെ അപകടം, ലേഖകന്റെ ഭാവനയെ കാടുകയറ്റുമ്പോൾ വായനക്കാരന് ഒന്നൊന്നര ചിരിക്കുള്ള വകയുണ്ടാകുന്നു. കൃഷ്ണന്റേയും മിനിയുടേയും കുട്ടികൃമി’. വേലായുധന്റേയും ശ്യാമളയുടേയും കുട്ടിയാണ് വേശ്യ. നാരായണന്റേയും റീനയുടെയും കുട്ടി നാറി ആയെന്നും വരും. ഇങ്ങനെയുള്ള ഒരു പേരുകാരനേയോ പേരുകാരിയേയോ വായനക്കാർക്ക് ഓരോരുത്തർക്കും നേരിട്ട് പരിചയമുണ്ടാകും. അത്തരത്തിൽ എനിക്ക് പരിചയമുള്ള ഒരു പേരാണ്മദാലസ’. ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി ആദ്യമായി പേര് വിളിച്ചവന്റേയും, പിന്നീട് വിളിച്ചവരുടേയും, സ്കൂൾ രജിസ്റ്ററിൽ അത് എഴുതിച്ചേർത്ത് ഔദ്യോഗിക നാമമാക്കിയ അദ്ധ്യാപകന്റേയുമൊക്കെ മനഃശാസ്ത്രം എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.

ഉച്ചക്കളി നീലക്കഷണംഎന്ന അദ്ധ്യായം ക്ലാസ്സ് കട്ട് ചെയ്ത് ഉച്ചപ്പടം കാണാൻ പോകുന്ന കുട്ടികളേയും, കുട്ടിക്കമിതാക്കളേയും പറ്റിയുള്ളതാണ്. നഷ്ടപ്പെടാനുള്ളത് ബോറൻ ക്ലാസ്സുകളാണെങ്കിൽ കിട്ടാനുള്ളത് സ്വർഗ്ഗരാജ്യമാണെന്ന് പറയുമ്പോൾ ഉച്ചപ്പടപ്രേക്ഷകർക്കിട്ട് താങ്ങുകയാണ് ലേഖകൻ.

ഗുരുവായൂർ ഡാഡി, കൊടുങ്ങലൂർ മമ്മി, പറശ്ശിനിക്കടവ് ഗ്രാൻഡ് ഫാദർ എന്നിങ്ങനെ ലേഖകന്റേതായ സംഭാവനകൾ ഒരുപാടുണ്ട് ഡയറിയിൽ. ‘ബെഡ്ഡ് കോഴ്സ് കഴിഞ്ഞ് ഒരു കുട്ടിയുമായിഎന്ന് അദ്ദേഹം പറയുമ്പോൾ മോശം രീതിയിൽ ചിന്തിക്കരുത്. അദ്ദേഹം B-ed കോഴ്‌സിനെപ്പറ്റിയാണ് പറഞ്ഞത്.

ഉച്ചക്കഞ്ഞി പരിപാടി നോക്കി നടത്തുന്ന അദ്ധ്യാപകൻ അതിൽ നിന്ന് കിട്ടുന്ന എൿട്രാ വരുമാനം നഷ്ടപ്പെടാതിരിക്കാനായി പ്രമോഷൻ പോലും വേണ്ടാന്ന് വെക്കുന്നതിന്റെ കണക്കുകളും ഡയറിയിൽ കാണാം.
21 അദ്ധ്യായമുള്ള ഡയറിയുടെ പിന്നിൽ ഉപപാഠമായി 10 കുറിപ്പുകൾ വേറെയുമുണ്ട്. ഒരു ഉണങ്ങിയ പൂവായി എന്നേയും ഓർക്കുക എന്ന ഉപപാഠം ഓട്ടോഗ്രാഫ് വരികളിലെ ഫലിതങ്ങൾ നിറഞ്ഞതാണ്.

ഒരുവേള സ്കൂൾ അദ്ധ്യയനകാലത്തെ മറക്കാനാവാത്ത ഏതെങ്കിലും ഒരു സന്ദർഭത്തിലേക്ക്, ഒരു നർമ്മ മുഹൂർത്തത്തിലേക്ക്, അതുമല്ലെങ്കിൽ ആരുടെയെങ്കിലും ഓട്ടോഗ്രാഫിൽ കുറിച്ചിട്ടതോ വായിച്ചതോ ആയ ഏതെങ്കിലും വരികളിലേക്ക്, വായനക്കാരനും നേരിട്ട് ചെന്നെത്തുന്നു സ്ക്കൂൾ ഡയറിയുടെ താളുകൾ മറിയുമ്പോൾ.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?