Thursday, March 7, 2013

പ്രവാസം

പുസ്തകം : പ്രവാസം
രചയിതാവ് : എം.മുകുന്ദന്‍

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ



ഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.

(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

1 comment:

  1. ലോകത്തിന്റെ വിവധ കോണുകളില്‍, വിവിധ കാലഘട്ടങ്ങളില്‍ സഞ്ചരിച്ച അനേകം കഥാപാത്രങ്ങളെ കഥയില്‍ കൂട്ടിയിണക്കുന്നതില്‍ മുകുന്ദന്‍ കഠിന പ്രയത്നമാണ് ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ ജീവിത തുടര്‍ച്ച ഒരു നോവലിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാകയാല്‍ അതിനായി അവലംബിച്ച ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ കൈവിട്ടുപോയി എന്ന് പറയാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാവാം ഇനിയും തീരാത്ത പ്രവാസം പോലെ നോവല്‍ എങ്ങുമെത്താതെ അവസാനിക്കുന്നത്. കഥാപാത്രങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കാത്തതും.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?