Wednesday, April 3, 2013

Glimpses of Kerala Culture

പുസ്തകം : Glimpses of Kerala Culture
രചയിതാവ് : പ്രിന്‍സസ്‌ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മീ ബായി
പ്രസാധകര്‍ : കൊണാര്‍ക്ക്‌ പബ്ലിഷേഴ്‌സ്‌, ന്യൂ ഡെല്‍ഹി
അവലോകനം : ബിജു.സി.പി


കേരളീയ സംസ്‌കാരത്തിന്റെ ഈടുവെപ്പുകളായ കലാസാംസ്‌കാരിക രൂപങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന പുസ്‌തകമാണ്‌ ഗ്ലിംപ്‌സസ്‌ ഓഫ്‌ കേരള കള്‍ച്ചര്‍. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചും കേരളീയ ക്ഷേത്രങ്ങളുടെ വാസ്‌തുസമ്പ്രദായങ്ങളെക്കുറിച്ചും ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായിയുടേതാണ്‌ കേരളസംസ്‌കാരത്തിലേക്കു വെളിച്ചം വീശുന്ന പുസ്‌തകം (പേജ്‌ 170, വില 1000രൂപ). കേരളീയ സാംസ്‌കാരിക സവിശേഷതകളുടെ മൂര്‍ത്തരൂപമായി നമ്മുടെ കലാരൂപങ്ങളെയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇവയെ പ്രധാനമായും മൂന്നായി തിരിക്കുന്നുണ്ട്‌ പുസ്‌തകം. ദ്രവീഡിയന്‍ അല്ലെങ്കില്‍ വേദപാരമ്പര്യമില്ലാത്ത കലകള്‍ എന്നും വേദങ്ങളുടെ അഥവാ ആര്യന്‍ പാരമ്പര്യമുള്ള കലകള്‍ എന്നും മിശ്രപാരമ്പര്യമുള്ള കലകള്‍ എന്നും. തെയ്യം, മുടിയേറ്റ്‌,പടയണി, കാക്കാരശ്ശി നാടകം, കുമ്മാട്ടിക്കളി, എന്നീ കലാരൂപങ്ങളും സോപാനസംഗീതം, ബ്രാഹ്മണിപ്പാട്ട്‌,കൂടിയാട്ടം-കൃഷ്‌ണനാട്ടം-കഥകളിസംഗീതം, പുള്ളുവന്‍ പാട്ട്‌,കണിയാന്‍ പാട്ട്‌, വേലന്‍ പാട്ട്‌, അമ്മാനാട്ടം പാട്ട്‌, പാണന്‍ പാട്ട്‌, വില്ലടിച്ചാന്‍ പാട്ട്‌, ചാറ്റു പാട്ട്‌, പൂരപ്പാട്ട്‌, നാടോടിപ്പാട്ട്‌, വണ്ടിപ്പാട്ട്‌, വള്ളപ്പാട്ട്‌, വഞ്ചിപ്പാട്ട്‌, കൊയ്‌ത്തു പാട്ട്‌,തീയാട്ടു പാട്ട്‌, ശാസ്‌താം പാട്ട്‌, തോറ്റം പാട്ട്‌, തിരുവാതിര കളിപ്പാട്ട്‌, ഊഞ്ഞാല്‍ പ്പാട്ട്‌, താരാട്ടു പാട്ട്‌, തുള്ളല്‍പ്പാട്ട്‌, കണ്യാറുപാട്ട്‌, കര്‍ണാടകസംഗീതം, ക്രൈസ്‌തവസംഗീതം, മാര്‍ഗം കളിപ്പാട്ട്‌, ഇസ്ലാമിക സംഗീതം,ഹീബ്രുഗാനങ്ങള്‍ എന്നിങ്ങനെ വലിയൊരു വിഭാഗം പാട്ട്‌ അല്ലെങ്കില്‍ സംഗീത വിഭാഗങ്ങളുമാണ്‌ ആദ്യ ഭാഗത്തുള്ളത്‌.

രണ്ടാം ഭാഗത്തുള്ള വേദിക്‌ അഥവാ ആര്യന്‍ വിഭാഗത്തില്‍ സംഗീതം വരുന്നതേയില്ല. കൂടിയാട്ടത്തെത്തന്നെ അംഗുലീയാങ്കം കൂത്ത്‌, മന്ത്രാങ്കം കൂത്ത്‌, മത്തവിലാസം കൂത്ത്‌, പുരുഷാര്‍ഥക്കൂത്ത്‌, പ്രബന്ധക്കൂത്ത്‌, നങ്ങ്യാര്‍ കൂത്ത്‌, പാഠകം എന്നിങ്ങനെ ഇനം തിരിച്ച്‌ വിവരിക്കുന്നു. കൃഷ്‌ണനാട്ടവും കഥകളിയും മോഹിനിയാട്ടവും പ്രത്യേകമായി വരുന്നുണ്ട്‌. മൂന്നാം ഭാഗം ശരിക്കും അവിയലുപോലെയാണ്‌. ജ്യോത്സ്യവും കളരിപ്പയറ്റും വേല കളിയും പൂരക്കളിയും ചുവര്‍ച്ചിത്രങ്ങളും താളവാദ്യങ്ങളും തന്ത്രിവാദ്യങ്ങളും ഘനവാദ്യങ്ങളും സുഷിരവാദ്യ ങ്ങളും തോല്‍പ്പാവക്കൂത്തും തുള്ളലുകളും തിരുവാതിരകളിയും പ്രത്യേകമായി പ്രതിപാദിക്കുന്നു. ക്രൈസ്‌ത ഇസ്ലാമിക കലകളെക്കുറിച്ചും ചുരുക്കമായി വിവരിക്കുന്നുണ്ട്‌.

ഒരു പുസ്‌തകത്തില്‍ ഒതുക്കാന്‍ കഴിയുന്നതിനെക്കാള്‍ വളരെയധികം വിഷയങ്ങളെ സ്‌പര്‍ശിച്ചു പോകണമെന്ന തിനാല്‍ മിക്ക വിഷയങ്ങളിലും തൊട്ടും തലോടിയും പോവുകയാണ്‌ പുസ്‌തകം. കേരളീയതാള വാദ്യങ്ങളെക്കു റിച്ചു വിവരിക്കുന്നുണ്ടെങ്കിലും പഞ്ചവാദ്യം പോലുള്ള മേളങ്ങളെക്കുറിച്ചു വേണ്ടത്ര വിവരണങ്ങള്‍ നല്‍കുന്നില്ല. കേരളീയ ചുവര്‍ചിത്രങ്ങളെക്കുറിച്ചു പറയുന്നുവെങ്കിലും കേരളീയ ചിത്രരചനാ സമ്പ്രദായങ്ങളുടെ ആണിക്ക ല്ലായി കരുതപ്പെടുന്ന കളമെഴുത്തുകളെക്കുറിച്ചോ കലകളിലെ മുഖത്തെഴുത്തുകളെക്കുറിച്ചോ വേണ്ടത്ര വിവര ണങ്ങളില്ല. കേരളീയ സംസ്‌കാരത്തെക്കുറിച്ചുള്ള പുസ്‌തകം എന്നതിനെക്കാള്‍ കേരളീയ കലകളെക്കുറിച്ചുള്ള പ്രഥമിക പരിചയത്തിനു സഹായിക്കുന്ന ഗ്രന്ഥമാണിത്‌. കേരളത്തിലെ ജൂതരുടെ സംഗീതപാരമ്പര്യത്തെക്കു റിച്ച്‌ രണ്ടു വാചകത്തിലുള്ള കുറിപ്പിന്‌ ഹീബ്രുമെലഡീസ്‌ എന്നാണ്‌ തലക്കെട്ടു നല്‍കിയിരിക്കുന്നത്‌. കേരളീയ ജൂതരുടെ ഗാനങ്ങളുമായി ബന്ധപ്പെട്ട ഒരു പുസ്‌തകം അടുത്ത കാലത്തിറങ്ങിയിട്ടുണ്ടെന്നല്ലാതെ അതേതാണ്‌ എന്ന്‌പറയുന്നില്ല. എഫേഫിയ്യ എന്ന പേരില്‍ ഹീബ്രുവിലും കാര്‍കുഴലി എന്ന പേരില്‍ മലയാളത്തിലുമായി ഒറ്റപ്പുസ്‌തകമായി പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള കൃതിയായിരിക്കാം അത്‌.

മികച്ച നിര്‍മിതിയാണ്‌ പുസ്‌തകത്തിന്റേത്‌. മിവുറ്റ ചിത്രങ്ങള്‍ ധാരാളമായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ആദ്യത്തെ രണ്ടു പേജുകളില്‍ മാത്രമേ മിഴിവുറ്റ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളൂ. ഉള്ളിലെ ചിത്രങ്ങളെല്ലാം തീപ്പെട്ടിപ്പടങ്ങള്‍ പോലെ ഗുണവും വലിപ്പവും കുറഞ്ഞവയാണ്‌. കേരളീയ കലകളെക്കുറിച്ച്‌ കേരളത്തിനു പുറത്തുള്ളവര്‍ക്ക്‌ ചില ധാരണകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ്‌ പുസ്‌തകം. വിവരണങ്ങള്‍ ലളിതവും വായനാക്ഷമവുമാണ്‌.

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?