Tuesday, May 21, 2013

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക


പുസ്തകം : ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക
രചയിതാവ് : മനോരാജ്
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : കെ.പി. രാമനുണ്ണി

 

ന്മയുടെ പ്രതിരോധതന്ത്രം എന്ന ടൈറ്റിലില്‍ പുസ്തകത്തിന് എഴുതിയ അവതാരിക

രിണാമപ്രക്രിയയില്‍ മനുഷ്യന്‍ മനുഷ്യനായി മാറിയത് അവനില്‍ ഭാഷയുടെ ഇന്ദ്രിയം പരിപുഷ്ടമായതിന് ശേഷമാണെന്ന് സിരാശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. വെറും ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലക്ക് മാത്രമല്ല ഭാഷ ഇവിടെ അടയാളപ്പെടുന്നത്. സഹജീവികളുടെ വികാരവിചാരങ്ങള്‍ ഓരോ മനുഷ്യനിലും തന്റേതായി അനുഭവിപ്പിക്കലാണ് സാഹിത്യകൃതികള്‍ നിര്‍‌വഹിക്കുന്ന തരത്തില്‍ ഭാഷയുടെ ഏറ്റവും ഉദാത്തമായ കര്‍മ്മം. സഹജീവികളുടെ വേദനകളും വേവലാതികളും ആശങ്കകളും ആഹ്ലാദങ്ങളും ഭാഷയിലൂടെ ഒരുവനിലേക്ക് സന്നിവേശിക്കപ്പെടുമ്പോ: ആ വികാരങ്ങള്‍ മാത്രമല്ല അയാളുടെ ഹൃദയത്തില്‍ നിറയുന്നത്. അതിനെയെല്ലാം അതിവര്‍ത്തിക്കുന്ന കാരുണ്യമെന്ന വികാരവും ഹൃത്തടത്തില്‍ ഉന്മീലനം ചെയ്യപ്പെടുന്നു. മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും പ്രകൃതിയോടും തോന്നുന്ന കാരുണ്യമാണ് മാനുഷികതയുടെ പരമോന്നതഭാവം. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുദേവന്‍, മുഹമ്മദ് നബി തുടങ്ങി അവതാരങ്ങളും പ്രവാചകരുമായി വാഴ്ത്തപ്പെടുന്ന മഹത്തുക്കളെല്ലാം അങ്ങേയറ്റം കരുണാമയരായിരുന്നെന്ന് ഇവിടെ ഓര്‍ക്കണം.

മനോരാജിന്റെ ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക എന്ന കഥാസമാഹാരം വായിച്ചപ്പോള്‍ എന്റെ മനസ്സില് ആദ്യം ഉദിച്ചുയര്‍ന്ന സവിശേഷശീര്‍ഷകം കാരുണ്യം ആവിഷ്ക്കരിക്കുന്ന കഥകള്‍ എന്നതാണ്. കാരണം ആനുകാലിക ജീവിതത്തിലെ നൂറായിരം വ്യഥകളും നെറികേടുകളും ക്രൗര്യങ്ങളും ചിത്രീകരിക്കുമ്പോഴും കഥാകാരന്‍ വായനക്കാരനില്‍ ഉല്പ്പാദിപ്പിക്കുന്നത് രോഷമോ ക്ഷോഭമോ പ്രഹരവീര്യമോ അല്ല, മറിച്ച് സഹിക്കുന്നവരോടും സഹിക്കുന്നവരെയോര്‍ത്ത് സഹിക്കുന്നവരോടുമുള്ള കരുണാമയമായ ഹൃദയഭാവമാണ്.

ആദ്യകഥയായ ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം എന്ന രചനയിലേക്ക് തന്നെ കടന്നുവരാം. നഗരത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുര്‍പിലുള്ള സിമന്റ് ബെഞ്ചില്‍ അഴുക്ക് പുരണ്ട തോള്‍സഞ്ചിയും ഏതോ തുണിക്കടയുടെ കവറുമായി ഒരു അമ്മൂമ്മ ഇരിക്കുന്നു. അവരുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്ന നല്ല മനുഷ്യര്‍ പിന്നീട് മനസ്സിലാക്കുന്നത് ആ വൃദ്ധയെ ഹോസ്പിറ്റല്‍ മനേജ്മെന്റ് സ്വന്തം പബ്ലിസിറ്റിക്കുള്ള ടി.വി. ചാനല്‍ ഷൂട്ടിംഗിനായി കരുവാക്കിയിരിക്കുന്ന കാര്യമാണ്. ആസ്പത്രിയില്‍ തന്നെയുള്ള ദയാലുവായ ഒരു നേഴ്സായിരുന്നു വൈറല്‍ ഫീവര്‍ പിടിച്ച് കിടന്നിരുന്ന സ്ത്രീയെ റോഡരുകില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് വാര്‍ഡിലെത്തിച്ച് വേണ്ട ചികിത്സകള്‍ ചെയ്യിച്ചത്. അത്യാവശ്യം സൗജന്യങ്ങള്‍ ആശുപത്രി മാനേജ്മെന്റ് നല്കിയെങ്കിലും അവര്‍ക് ഇരട്ടിക്കിരട്ടി പ്രതിഫലം ആവശ്യമായിരുന്നു. തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി വൃദ്ധയെ ഉപയോഗിച്ചു കൊണ്ടാണ് അവര്‍ അത് ഈടാക്കാന്‍ ശ്രമിച്ചത്. കാരുണ്യവും കച്ചവടപ്രവര്‍ത്തനമാക്കുന്ന വികൃതമായ ചികിത്സാവ്യവസായത്തെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രതിനിധീകരിക്കുന്നതെങ്കിലും ഇത്തരം ആസുരതകളോടുള്ള ദ്വേഷകോപങ്ങളല്ല അനുവാചകരുടെ മനസ്സില്‍ കഥ പ്രധാനമായി ഉല്പാദിപ്പിക്കുന്നത്. (ഇതെന്താ, ദൈവത്തെ ഹോളോബ്രിക്സിലാണോ വാര്ത്തെടുത്തത് എന്ന അവസാനചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും.) മറിച്ച് മൂന്ന് മക്കളുണ്ടായിട്ടും തിരിഞ്ഞ് നോക്കാന്‍ ആരുമില്ലാതെ നരകിക്കുന്ന വൃദ്ധയോടും പബ്ലിസിറ്റി കോമാളികളെ തള്ളിമാറ്റി അവരെ സ്വന്തം അമ്മയെപ്പോലെ ശുശ്രൂഷിക്കുന്ന നേഴ്സിനോടുമുള്ള ഹൃദയൈക്യവും അനുതാപവുമാണ്. ദുഷിച്ച വ്യവസ്ഥിതിയോടുള്ള വെറുപ്പിനേക്കാള്‍ അതിനുള്ളിലും ഹൃദയാലുത്വം സൂക്ഷിക്കുന്നവരോടുള്ള തന്മയീഭാവത്തിനാണ് ഊന്നല്‍ നല്കേണ്ടതെന്ന് മനോരാജ് വിശ്വസിക്കുന്നുണ്ടായിരിക്കാം. കാരണം ആ തന്മയീഭാവത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള പരിശ്രമത്തില്‍ നമ്മള്‍ വിനിയോഗിക്കേണ്ടത്. എത്ര നല്ല കാര്യത്തിന് പ്രയോജനപ്പെടുത്തിയാലും വെറുപ്പില്‍ നിന്നുള്ള ഊര്‍ജ്ജം ആത്യന്തികമായി വിനാശത്തിലേക്കേ നയിക്കുകയുള്ളു.

നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍ എന്ന കഥയിലും കഥാകൃത്ത് വായനക്കാരെ സഹജീവികളുടെ അന്തരംഗത്തിലെത്തിച്ച് അവിടെവെച്ച് അവര്‍ക്ക് വേണ്ടി ഉരുകിയൊലിപ്പിക്കുന്ന രാസവിദ്യയാണ് പരീക്ഷിക്കുന്നത്. കഥയിലെ 'ഞാന്‍' കഥാപാത്രം വിഷുത്തലേന്ന് തെരുവിലെ തിരക്കിലൂടെ നടക്കുമ്പോള് കുട്ട നിറയെ ശ്രീകൃഷ്ണ വിഗ്രഹങ്ങള് വില്ക്കാനിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. കൃഷ്ണനിറം ശ്രീകൃഷ്ണകച്ചവടക്കാരിയിലും തിളങ്ങുന്നതിന്റെ കൗതുകം കഥാപാത്രം അല്പനേരം ശ്രദ്ധിച്ച് നിന്നതും വിഗ്രഹങ്ങള്‍ വാങ്ങാനായി അവള്‍ അയാളെ നിര്‍ബ്ബന്ധിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ അച്ഛനോട് ഇല്ലായിരുന്ന സ്നേഹം മരിച്ചപ്പോള്‍ ഉറഞ്ഞുതുള്ളിയതിനാല്‍ ആ വര്‍ഷം കഥാപാത്രത്തിന് വിഷുആഘോഷം ഉണ്ടായിരുന്നില്ല. മാത്രമല്ല വിഷുക്കണിക്ക് ഉതകുന്ന കൃഷ്ണവിഗ്രഹം വീട്ടില്‍ ഇരിക്കുന്നുമുണ്ട്. ദൈവത്തെ വിലപേശി വാങ്ങാന്‍ അയാള്‍ക്ക് ഇഷ്ടവുമില്ല. സാഹചര്യം മുഴുവന്‍ ഒരു വിഗ്രഹക്കോളിന് എതിരായിരുന്നെങ്കിലും വില്പ്പനക്കാരിയുടെ അച്ഛന്റെ രോഗവിവരം മനസ്സിലാക്കുന്നതോടെ അയാള് നിലപാട് മാറ്റി സാധനം വാങ്ങുന്നു. എന്നാല്‍ വിഗ്രഹവും വാങ്ങി മറ്റ് ആവശ്യങ്ങള്‍ നിര്‍‌വഹിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു ആക്സിഡന്റില്‍ ആ കൊച്ചുവില്പ്പനക്കാരി മരിച്ച് കിടക്കുന്ന കാഴ്ച കഥാപാത്രത്തിന് കാണേണ്ടി വരികയാണ്. ആദ്യമേ പാവപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സംഭരിക്കപ്പെട്ട കാരുണ്യഭാവം അവളുടെ മരണത്തോടെ തിളച്ച് തൂവുന്ന അവസ്ഥയാണ് നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങളില്‍ കഥാകാരന്‍ സൃഷ്ടിച്ചിരിക്കുന്നത്.
 
സാമാന്യമായി ഏത് കാലത്തും ദേശത്തും സമൂഹത്തിന്റെ സ്നേഹമോ പരിഗണനയോ സന്മനസ്സോ ലഭിക്കാതെ പോകുന്ന വര്‍ഗ്ഗമാണ് ലൈംഗികന്യൂനപക്ഷങ്ങള്‍. അടുത്തകാലത്ത് മാത്രമാണ് കുറച്ചെങ്കിലും ആളുകള്‍ ഇങ്ങനെയൊരു കൂട്ടരെ നെറ്റി ചുളിക്കാതെ കാണാന്‍ തയ്യാറായിരിക്കുന്നത്. സ്ത്രീയും സ്ത്രീയും തമ്മിലുള്ള സ്വവര്‍ഗ്ഗാനുരാഗത്തെ ഹരിചന്ദനം എന്ന കഥ ആ വാക്കിന്റെ ലാവണ്യത്തിന് ഇണങ്ങും വിധം സ്വാഭാവികതയോടെ ചര്‍ച്ച ചെയ്യുന്നു. ചന്ദനയേയും ശ്രീഹരിയായി മാറിയിരിക്കുന്ന ഹരിതയേയും സോഫ്റ്റ് വെയര്‍ രംഗത്തെ വിലപിടിച്ച ജീനിയസ്സുകളായി മനോരാജ് ആദ്യമേ പരിചയപ്പെടുത്തുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. ലെസ്ബിയന്സും ഗേസുമെല്ലാം ഹെറ്റ്റോസെക്ഷ്വല്സിനെപ്പോലെ തന്നെ ബുദ്ധിപരമായി എത്രയും ഉയരാവുന്നവരാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് കഥാകൃത്ത് അവരുടെ ആഹ്ലാദങ്ങളേയും വേദനകളേയും സംഘര്‍ഷങ്ങളേയും വായനക്കാരന്റെ മുന്നില്‍ തുറന്നിടുന്നത്. സുഹൃത്തുക്കളെ, നിങ്ങള്‍ ലൈംഗികന്യൂനപക്ഷങ്ങളെ മനസ്സിലാക്കൂ എന്ന് മാത്രമല്ല അവര്‍ മനസ്സിലാക്കപ്പെടാന്‍ അര്‍ഹരാണ് എന്നുകൂടി ഹിരചന്ദനം എന്ന കഥ പ്രഖ്യാപിക്കുന്നു.

മനുഷ്യബന്ധങ്ങളിലെ വൈകാരികതയുടെ ആഴം സവിശേഷരാസപരിണാമങ്ങളിലൂടെ മറ്റു ജീവജാലങ്ങളിലേക്കും പ്രകൃതിയിലേക്കും എത്തുന്നവിധമാണ് ജീവിതത്തിന്റെ ബാന്ഡ്‌വിഡ്‌തില്‍  ഒരു കാക്ക എന്ന രചനയില്‍ കണ്ടെത്താന്‍ കഴിയുക. റേഡിയോ ഭ്രാന്തനായിരുന്ന ഭര്‍ത്താവ് പ്രഭാകരകൈമളിന്റെ മരണത്തോടെ അദ്ദേഹത്തോടുള്ള ഭാര്യ കമലമ്മയുടെ വികാരവായ്പ് പേരാലില്‍ വന്നിരിക്കുന്ന കാക്കയിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത് മായാജാലം പോലെയാണ് ഈ കഥയില്‍ ആവിഷ്കൃതമാകുന്നത്.

ജീവന് വേണ്ടി റോഡില്‍ പിടയുന്ന സഹജീവിക്ക് ചെറിയ കൈത്താങ്ങ് നല്കുന്നത് പോലും പൊല്ലാപ്പായി കരുതുന്ന സ്വാര്‍ത്ഥതയുടെ കാലത്ത് വെറും കാള്‍ഗേളായ മരിയയുടെ മനസ്സിന്റെ ആര്‍ദ്രത അരൂപിയുടെ തിരുവെഴുത്തുകള്‍ എന്ന രചനയില്‍ തെളിഞ്ഞ് കത്തുന്നു. യേശുദേവന്‍ ഇപ്പോഴും ആരുടെയെല്ലാം ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് ക്രിസ്ത്മസ് അന്തരീക്ഷത്തില്‍ സംവിധാനപ്പെടുത്തിയ കഥ ധ്വനിപ്പിക്കുന്നുണ്ട്.

അരുന്ധതിയുടെ അന്നത്തെ ദിവസം എന്ന രചനയില്‍ അതിക്രൂരമായി ജീവിതത്തില്‍ വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ വേവുന്ന പ്രതികരണങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. എല്ലാം മടുത്ത് അവള്‍ ജീവനൊടുക്കുമോ എന്ന് സംശയം തോന്നുമ്പോഴും തന്നെ സ്നേഹിക്കുന്ന രഘുവേട്ടനോടുള്ള അലിവ് അവളെ ജീവിതത്തിലേക്ക് തിരിച്ച് വിളിക്കുന്നു.

ഭീകരമാംവിധം നൃശംസതകള്‍ മാത്രം നിറയുന്ന ലോകത്ത് മനുഷ്യന്റെ നന്മയും സ്നേഹവും കാരുണ്യവും പേര്‍ത്തും പേര്‍ത്തും ആവിഷ്ക്കരിച്ചുകൊണ്ട് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് മനോരാജിന്റെ കഥകളിലെ രചനാതന്ത്രം. എഴുത്ത് സമം എഴുത്തുകാരന്‍ എന്ന തത്വത്തെ അവലംബിക്കുകയാണെങ്കില്‍ ഈ എഴുത്തുകാരനില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഊര്‍ജ്ജം നന്മയുടേതാണെന്ന് നിസ്സംശയം പറയാന് കഴിയും.   (വില : 75 രൂപ)     

പുസ്തകം ഇവിടെ നിന്നും ഇവിടെ നിന്നും ഓണ്‍ലൈന്‍ ആയി ലഭ്യമാണ്

6 comments:

  1. അവലോകനം നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. നന്നായി വിവരിച്ചു, നല്ല പരിചയപ്പെടുത്തൽ

    ReplyDelete
  3. പുസ്തക പരിചയം നന്നായി
    പുസ്തകം ഷാർജയിലെ ഡി സി ബുക്സിൽ ചോദിച്ചു കിട്ടിയില്ല
    ഒരു കോപി കിട്ടാൻ എന്താണ് മാർഗ്ഗം....?

    ReplyDelete
  4. കെ.പി രാമനുണ്ണിയെപ്പോലുള്ള എഴുത്തുകാർ ഈ പുസ്തകത്തിന് അർഹിക്കുന്ന നല്ല വായന നടത്തി എന്നത് മനോരാജിനുള്ള അംഗീകാരമായി ഞാൻ കാണുന്നു. അഭിനന്ദനങ്ങൾ.....

    ReplyDelete
  5. നല്ല അംഗീകാരമായല്ലോ... മനു. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. മനോ, പുസ്തകം മാണിക്യാമ്മയുടെ കയ്യില്‍ നിന്നും കിട്ടാന്‍ കാത്തിരിക്കുന്നു...

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?