Wednesday, May 29, 2013

മഹായാനം

പുസ്തകം : മഹായാനം
രചയിതാവ് : മുണ്ടൂര്‍ സേതുമാധവന്‍

പ്രസാധകര്‍ :

അവലോകനം : ഡോ: സുജയ.



വാഴ്വിന്റെ മഹാപ്രസ്ഥാനം

രു യാത്രയ്ക്ക് നമ്മോടു പറയാന്‍ പല കാര്യങ്ങളുമുണ്ടാകും – മനസ്സിനെ പിടിച്ചുലച്ച കാഴ്ചകള്‍, കേള്‍വികള്‍, നാമറിയാതെ നമ്മുടെയുള്ളില്‍ കയറിയിരുന്ന വ്യക്തികള്‍, എന്നെ പേടിയ്ക്കണം എന്ന് ഭീഷണിപ്പെടുത്തുന്ന കാലം, ഊടുവഴികള്‍ കാണിച്ചു പ്രലോഭിപ്പിയ്ക്കുന്ന കൌടില്യം , ഇവിടെയൊരല്പം നന്മയുണ്ട് എന്ന് സാന്ത്വനിപ്പിയ്ക്കുന്ന ആര്‍ദ്രത , ചെയ്യരുതാത്തത്‌ ചെയ്തുവല്ലോ എന്ന കുറ്റബോധം , ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് ശാസിയ്ക്കുന്ന വിവേകം ,ഇനിയും പലതും ചെയ്യാനുണ്ട് എന്നോര്‍മ്മിപ്പിയ്ക്കുന്ന കര്‍ത്തവ്യബോധം – വാഴ്വിന്റെ മഹാപ്രസ്ഥാനത്തില്‍ ഊഴം തേടിയെത്തുന്ന സന്ദര്‍ശകരാണിവര്‍ . തികച്ചും സാധാരണവും നൈമിഷികവുമായ ഇത്തരം മുഹൂര്‍ത്തങ്ങളെ ഹൃദയാവര്‍ജ്ജകമായി അവതരിപ്പിയ്ക്കുകയാണ് മുണ്ടൂര്‍ സേതുമാധവന്‍ “ മഹായാനം ” എന്ന കഥാസമാഹാരത്തില്‍.

സ്നേഹസിക്തങ്ങളായ ബന്ധങ്ങള്‍

മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാകുമ്പോള്‍ അവിടെ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും നിറസാന്നിദ്ധ്യമുണ്ടാകും . അതിന്റെ സാക്ഷ്യമാണ് ‘ മഹായാനം ’ എന്ന കഥ. അച്ഛനമ്മമാരില്ലാത്ത പേരക്കുട്ടിയെ തന്റെ ജന്മമായി കണക്കാക്കുന്ന അമ്മമ്മ രോഗശയ്യയിലായിരുന്ന അവനു തന്റെ ജീവന്‍ കൊടുത്തു യാത്രയാകുന്ന ഈ കഥ സ്നേഹം ത്യാഗമാണെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ്. ആ മൃതദേഹ ത്തിന്റെ കൈയില്‍ മുറുകെ പിടിച്ചിരിയ്ക്കുന്ന ഉഴിഞ്ഞുവെച്ച നാണയം അന്ധവിശ്വാസമല്ല, സ്നേഹത്തിന്റെ പാരമ്യമായ പ്രാര്‍ത്ഥനയാണ്. ആ സ്നേഹം രക്തബന്ധം കൊണ്ടല്ല പലപ്പോഴും കിട്ടുന്നതെന്നോര്‍മ്മിപ്പിയ്ക്കുന്ന കഥയാണ്‌

മകള്‍ ’ . ഭാര്യ നേരത്തെ മരിച്ച തഹസില്‍ദാര്‍ ദാമോദരന്‍ നായര്‍ മകള്‍ വിവാഹിതയായി അമേരിയ്ക്കയിലേയ്ക്ക് പോയതോടെ ഒറ്റയ്ക്കായി. അയാള്‍ കല്യാണിയെ ശുചിത്വവും , പാചകവും പഠിപ്പിച്ച് കൂടെ നിര്‍ത്തി. ദാമോദരന്‍ നായര്‍ മരിച്ചപ്പോള്‍ സ്വത്തിനവകാശിയായ മകള്‍ക്ക് വരാന്‍ കഴിഞ്ഞില്ല. മരണ സമയത്ത് കൂടെയുണ്ടായിരുന്നത് കല്യാണി , മരിച്ചപ്പോള്‍ കരഞ്ഞതും കല്യാണി. ആരാണ് മകളെന്നൊരു ചോദ്യമാണ് കഥ ചോദിയ്ക്കുന്നത്.

മനുഷ്യത്വം വ്യക്തിബന്ധങ്ങള്‍ക്കുമതീതമാകുന്ന കാഴ്ചയാണ് ‘ ഉറവുകള്‍ വറ്റുന്നില്ല ’ എന്ന കഥയില്‍ കാണുന്നത്. പുതിയ ഷര്‍ട്ടിനു വേണ്ടി വാശി പിടിയ്ക്കുന്ന മകനെ തഴഞ്ഞാണ് അവന്റെ പിറന്നാള്‍ ദിവസം രാവുണ്ണിക്കുട്ടി മരത്തില്‍ നിന്ന് വീണു പരിക്കേറ്റ തന്റെ സുഹൃത്തിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. അയാളുടെ ജീവിതം മറ്റുള്ളവര്‍ക്കുള്ളതായിരുന്നു. കാലങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ അയാള്‍ തന്റെ മകനിലും ആ നന്മയുടെ ഉറവ് വറ്റാതെയുണ്ട് എന്നറിയുന്നു.

തിരിച്ചറിവുകള്‍

കര്‍ത്തവ്യബോധമാണ് മിക്കപ്പോഴും മനുഷ്യനെ തന്നിലെ തെറ്റുകളെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നത്. ചെയ്യേണ്ടത് ചെയ്തില്ലെന്നും, ചെയ്യരുതാത്തത്‌ ചെയ്തുവെന്നും, തിരുത്തേണ്ടതുണ്ടെന്നുമൊക്കെയുള്ള കുറ്റബോധം അങ്ങനെയുണ്ടാകുന്നതാണ്. അദ്ധ്യാപകഅവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ രാഘവന്‍ മാഷുടെ മനസ്സിലെത്തിയത് നല്ല മാര്‍ക്ക് നേടിയ സമര്‍ത്ഥരായ ശിഷ്യരല്ല , നല്ല സാഹചര്യങ്ങളുടെ അഭാവം കൊണ്ട് പിന്‍തള്ളപ്പെട്ടുപോകുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളാണ്. ശ്രമിച്ചാല്‍ അവരെയും നന്നാക്കാന്‍ സാധിയ്ക്കുമെന്ന തീരുമാനത്തിലെത്തുന്ന മാഷുടെ കഥയാണ്‌ ‘ ജേതാവ് ’

വയ്യാത്ത അമ്മയെ വിശ്വസ്തയായ വേലക്കാരിയെ ഏല്പിച്ച് ജനസേവനത്തിനിറങ്ങിയ രാമന്‍കുട്ടിയ്ക്ക് തന്റെ പ്രവൃത്തിയില്‍ എപ്പോഴും കുറ്റബോധം തോന്നുന്നുണ്ട്. ഉറ്റ സുഹൃത്തിന്റെ ഭാര്യ മരണശയ്യയിലായിരുന്നിട്ടും ഒന്നു പോയി കണ്ടില്ലല്ലോ എന്ന വിചാരത്തോടെ ചെന്നപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. വനിതാവേദിയുടെ മീറ്റിങ്ങില്‍ അമ്മമാര്‍ക്ക് വേണ്ടി പ്രസംഗിച്ചപ്പോഴും പ്രസിഡന്റിന്റെ വൃദ്ധയായ അമ്മയെ കാണാന്‍ ചെന്നപ്പോഴുമൊക്കെ ഈ കുറ്റബോധം മനസ്സിലുയര്‍ന്നു നിന്നു. പരിചാരികയോടുള്ള അന്വേഷണത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുകയാണ് തന്റെ മാതൃസ്നേഹമെന്ന തളര്‍ച്ച മനസ്സിലേറ്റു വാങ്ങുന്ന രാമന്‍കുട്ടിയുടെ കഥയാണ്‌ ‘ അമ്മയിലകള്‍ ’

തന്റെ പ്രണയസാഫല്യത്തിനു വേണ്ടി ഏകാശ്രയമായ പാടം വില്‍‍ക്കണമെന്ന് മകന്‍ വാശി പിടിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സമ്മതം നല്‍കി അപ്പുമാഷ് നാട് വിട്ടു പോയി. വീട് പട്ടിണിയാവുക കൂടി ചെയ്തപ്പോള്‍ മകന്റെ വിവേകമുണര്‍ന്നു. വേനല്‍ മഴയില്‍ മണ്ണും മനസ്സും കുളിര്‍ത്തപ്പോള്‍ അവന്‍ പുതിയ തീരുമാനത്തോടെ കൈക്കോട്ടെടുത്തു. കുടുംബത്തെ എന്നും പട്ടിണിയില്‍ നിന്നും രക്ഷിച്ചിരുന്ന ആ ഭൂമിയാണ്‌ യഥാര്‍ത്ഥ പ്രണയിനിയെന്ന തിരിച്ചറിവുണര്‍ത്തുന്ന കഥയാണ് ‘ പ്രണയം ’.

പ്രായോഗികതയുടെ കണക്കുപുസ്തകങ്ങള്‍

ജീവിതവിജയത്തിന്റെ അടിത്തറ പ്രായോഗികതയാണ്. സമാധാനം നിറഞ്ഞ ജീവിതത്തിനു ഈ പ്രായോഗികത കൂടിയേ തീരൂ. അത് തിരിച്ചറിയാനും സമാനമായ ഒരു മനസ്സ് വേണം. ‘നക്ഷത്രങ്ങള്‍ നമ്മോടു പറയുന്നത് ’ എന്ന കഥയിലെ രാമകൃഷ്ണന്‍ മാഷ്‌ തന്റെ മകന് സമ്പന്നനായ ഉണ്ണികൃഷ്ണമേനോന്റെ മകളുമായുള്ള വിവാഹാലോചനയ്ക്ക് എന്ത് മറുപടി കൊടുക്കണമെന്ന ചിന്തയിലിരിയ്ക്കുമ്പോഴാണ് താര മനസിലേയ്ക്ക് കയറിവന്നത്. വനിതാ ടി.ടി.ഐ ഹെഡ് മാസ്റ്റര്‍ രാമകൃഷ്ണന്‍ മാഷ്‌ ക്യാമ്പ് ഉദ്ഘാടനത്തിനു മുഖ്യാതിഥി എത്തിയ സമയത്ത് കറന്റ് പോയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അപ്പോഴാണ്‌ താരയെന്ന വിദ്യാര്‍ത്ഥിനി മുന്നോട്ടുവന്നു ഫ്യൂസ് വയര്‍ കെട്ടി പ്രശ്നം പരിഹരിച്ചത്. അച്ഛനില്ലാത്ത താര. വീട്ടില്‍ ആണ്‍കുട്ടികളില്ലാത്ത അവള്‍ സ്വയം പര്യാപ്തതയോടെ ജീവിയ്ക്കാന്‍ പഠിച്ചു. തന്റെ മരുമകള്‍ ആരായിരിയ്ക്കണമെന്നു മാഷ്‌ തീരുമാനിച്ചു.

ഇതേ പ്രായോഗികത തന്നെ പരിധിയ്ക്കപ്പുറം കടക്കുമ്പോള്‍ ക്രൂരമായിപ്പോകുന്നതും അതിനു സമാനമായ മറുപടി നല്‍കേണ്ടി വരുന്നതുമാണ് ‘ പാഴ്ച്ചെടികള്‍ ’ എന്ന കഥയിലെ പ്രമേയം. വയസ്സായ അച്ഛനെ ഒന്ന് വന്നു കാണാന്‍ പോലും നേരമില്ലാത്ത മകനും മകളും ഗ്രാമത്തില്‍ വീടിനടുത്ത് നിരത്ത് വന്നുവെന്നറിഞ്ഞപ്പോള്‍ ഉടന്‍ നാട്ടിലെത്തി. സ്ഥലത്തിനിപ്പോള്‍ നല്ല വില കിട്ടുമെന്നും അച്ഛന് എല്ലാ സൌകര്യങ്ങളുമുള്ള ഓള്‍ഡ്‌ ഏയ്‌ജ് ഹോം ബാംഗ്ലൂരുണ്ടെന്നും ഭംഗിയായി അവതരിപ്പിച്ചു. കിടപ്പിലായ ഭാര്യയുടെ ചികിത്സയ്ക്കും ,കുട്ടികള്‍ക്ക് അമ്മയുടെ ശ്രദ്ധ കിട്ടാത്തതിന്റെ കുറവ് നികത്താനും കൂടുതല്‍ സൌകര്യങ്ങള്‍ കിട്ടാനുമായി റസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിയ്ക്കാനും സ്വത്തിന്റെ ഭൂരിഭാഗവും വിറ്റ അച്ഛന്‍ മക്കള്‍ക്ക് അവരുടെ വീതം കൊടുത്തു, തറവാട്ടില്‍ അവര്‍ക്ക് ഒരവകാശവുമില്ലെന്നു പറഞ്ഞു , അതിനി തനിയ്ക്കും തന്റെ ഭാര്യയ്ക്കും മാത്രമുള്ളതാണ്.

കല്പാന്തമുണര്‍ത്തുന്ന കാലം

മൂല്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ ബന്ധങ്ങളാണ്. ആദരവോടെയും സ്നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും മനുഷ്യത്വത്തോടെയും നാം പരിപാലിച്ചുപോരുന്ന ബന്ധങ്ങള്‍. ഇന്ന് മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും ഈ ബന്ധങ്ങള്‍ തന്നെ. ശങ്കരന്‍ മാഷ്‌ ശിഷ്യന്‍ തങ്കപ്പനെ വര്‍ഷങ്ങള്‍ക്കുശേഷം വലിയ നിലയില്‍ എത്തിച്ചേര്‍ന്നതായി കാണുന്നു. മാഷ്‌ തന്നോട് കാണിച്ച അലിവിനെപ്പറ്റി പറയുമ്പോഴും മകള്‍ക്ക് ജോലിയ്ക്ക് ശുപാര്‍ശ ചെയ്യണോ എന്ന് ചോദിയ്ക്കുമ്പോഴുമൊക്കെ അയാളുടെ കണ്ണുകള്‍ തന്റെ മകളുടെ നേര്‍ക്ക്‌ നീളുന്നതായി അദ്ദേഹത്തിനു തോന്നി. ആദര്‍ശശാലിയാണെങ്കിലും മുപ്പതുകാരിയായ മകളുടെ വിവാഹാവശ്യം വന്നപ്പോള്‍ തങ്കപ്പനെ സമീപിയ്ക്കാതിരിയ്ക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷേ അങ്ങോട്ടെന്തെങ്കിലും പറയും മുമ്പേ തങ്കപ്പന്‍ ഒരു സഹായമഭ്യര്‍ത്ഥിച്ചു. റെയ്ഡില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ കുറച്ചു പണം മാഷുടെ പേരില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ സമ്മതിയ്ക്കണം. നിഷ്ക്കളങ്കനായ മാഷ്‌ എതിര്‍ത്തില്ല. തിരിച്ചുവരുമ്പോള്‍ അദ്ദേഹം ജാല്യതയോടെ ചിന്തിച്ചത് താനിപ്പോള്‍ കുബേരനോ കുചേലനോ എന്നാണ്. തന്റെ പേരിലുള്ള, തനിയ്ക്കുപയോഗിയ്ക്കാനാകാത്ത ഒരു പക്ഷെ തന്നെ കുഴപ്പത്തിലാക്കാനിടയുള്ള ആ പണം മാഷുടെ സത്യസന്ധതയുടെ നേര്‍ക്ക്‌ മൂല്യരാഹിത്യമുണര്‍ത്തുന്ന ചോദ്യമാണ്, നിന്ദയാണ്. ‘ പ്രളയകാലം ’ എന്ന ഈ കഥയ്ക്ക്‌ പറയാനുള്ളത് കല്പാന്തത്തിന്റെ സവിശേഷത തന്നെ.

മൂല്യങ്ങള്‍ നിരര്‍ത്ഥകമായിപ്പോകുന്ന കാലത്ത് തെറ്റുകളെക്കുറിച്ചോര്‍മ്മിപ്പിയ്ക്കാനും ആത്മനിന്ദ ശിക്ഷയായി വിധിയ്ക്കാനും അധികാരവും അവസരവും ലഭിയ്ക്കുന്നത് സ്വന്തം മനസ്സാക്ഷിയ്ക്കു മാത്രമാണ്. അവിടെ മാത്രം തെറ്റുകള്‍ മറച്ചു വെയ്ക്കാനോ നിഷ്ക്കളങ്കനായി അഭിനയിയ്ക്കാനോ ആര്‍ക്കുമാവില്ല. അവനവനോടു തന്നെയുള്ള ആ യുദ്ധമാണ് ‘ യുദ്ധം ’ എന്ന കഥയിലെ പ്രമേയം. തന്റെ കീഴ്ജീവനക്കാരിയോടു താന്‍ മോശമായി പെരുമാറിയതിനു സാക്ഷിയായ ശിപായിയെ പ്രതികാരമനോഭാവത്തോടെ അനാവശ്യമായി ശിക്ഷിയ്ക്കുന്ന വ്യക്തിയ്ക്ക് തന്റെ മനസ്സ് തന്നോടു ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം പറയാനാകുന്നില്ല.

വിദ്യാലയരാഷ്ട്രീയം പലപ്പോഴും അദ്ധ്യാപകരുടെ നിയന്ത്രണത്തിലൊതുങ്ങുന്ന പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്. കര്‍ത്തവ്യബോധവും ആത്മാഭിമാനവും മറന്നു അദ്ധ്യാപകര്‍ക്ക് നിശ്ശബ്ദരാകേണ്ടി വരുന്ന സന്ദര്‍ഭങ്ങളാണവ സൃഷ്ടിയ്ക്കുന്നത്. സ്വന്തം ശൈലിയും സ്വന്തം പാര്‍ട്ടിയുമായി നടക്കുന്ന ഗോവിന്ദനാരായണനെ അദ്ധ്യാപകര്‍ക്കൊക്കെ പേടിയായിരുന്നുവെന്നതാണ് സത്യം. തോല്‍ക്കാനിഷ്ടമില്ലാത്ത ശങ്കരന്‍കുട്ടി മാഷ്‌ സമരമാണെന്ന് പറഞ്ഞു വന്ന ഗോവിന്ദനാരായണനോട് ക്ലാസ് വിടാനിഷ്ടമില്ലെന്നതു മറച്ചു വെച്ച് താന്‍ തുടങ്ങിവെച്ച കാര്യം മുഴുവനാക്കാന്‍ അനുവാദം ചോദിച്ചു. അങ്ങനെ മറ്റു ക്ലാസ്സുകളൊക്കെ വിട്ടപ്പോഴും മാഷ്‌ ക്ലാസ്സെടുത്തു. ആ വിജയം മാഷെ കരയാനും ചിരിയ്ക്കാനും തോന്നിപ്പിച്ചു. മാഷ്‌ ജയിച്ചുവോ തോറ്റുവോ ? ‘ഗോവിന്ദനാരായണന്റെ പാര്‍ട്ടി ’ എന്ന കഥയുയര്‍ത്തുന്ന ചോദ്യം അതാണ്‌.

കഥകള്‍ പുനര്‍ജ്ജനി നേടുമ്പോള്‍

ഒരു സാഹിത്യകാരനും പുതിയ പ്രമേയം ഉണ്ടാക്കുകയല്ല ചെയ്യുന്നത്. ആവിഷ്ക്കാരത്തിന്റെ പുതുമ കൊണ്ട് പ്രമേയങ്ങള്‍ നൂതനഭാവങ്ങളോടെ പുനര്‍ജ്ജനിയ്ക്കുകയാണ്. നമ്മുടെ മനസ്സില്‍ മുമ്പ് തന്നെ ആദരവോടെയും പ്രീതിയോടെയും രൂപമായും ഈണമായും സ്ഥാനം പിടിച്ചവ കൂടിയാകുമ്പോള്‍ അവ നമുക്ക് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെ നല്‍കും. അത്തരമൊരു കഥയാണ്‌

പൂതപ്പാട്ട് ’. ഇടശ്ശേരിയുടെ പൂതപ്പാട്ട് വായിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് അയല്പക്കക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സുന്ദരിയായ നങ്ങേമ മുന്നിലെത്തിയത്. ‘ കടമ്മനിട്ടക്കവിത പോലെ ദ്രുതതാളത്തില്‍ ’ മുന്നിലെത്തിയ ഒളപ്പമണ്ണയുടെ നങ്ങേമ അയാളില്‍ ചെറുപ്പമുണര്‍ത്തി , കാമമുണര്‍ത്തി. കുളി കഴിഞ്ഞെത്തിയ ഭാര്യ കലി തുള്ളി – അഞ്ചരപ്പവന്റെ താലിമാല കാണാനില്ല. മാല തെരച്ചിലില്‍ മുറ്റത്തു നിന്ന് കിട്ടി. അയാള്‍ സംശയിച്ചു. ആരാണ് അമ്മ? ആരാണ് പൂതം? കാവ്യാത്മകമായ മനസ്സിന്റെ സൃഷ്ടികളും യാഥാര്‍ത്ഥ്യങ്ങളും കൂടിക്കുഴഞ്ഞ ഒരു ഭ്രമാത്മകകല്പന.

പ്രണയത്തിന്റെ പിന്‍വിളി

ഒരു സാഹിത്യകാരനു എപ്പോഴും പിന്‍വിളിയായി മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഗൃഹാതുരതയുണ്ടാകും. അത് അവരുടെ സൃഷ്ടികളില്‍ ഹൃദ്യമായി പ്രത്യേകമായ ഒരാകര്‍ഷണശക്തിയോടെ പ്രതിഫലിയ്ക്കും . മുണ്ടൂര്‍ സേതുമാധവന്റെ സൃഷ്ടികളില്‍ ആ സവിശേഷത മുണ്ടൂര്‍ തന്നെയാണ്. അതൊരവകാശബോധത്തോടെ കഥകളില്‍ കഥാകൃത്തുമായി ഒരു ഒരു പ്രത്യേക പ്രണയഭാവമുണ്ടെന്ന മട്ടില്‍ സ്ഥാനം പിടിയ്ക്കും. ആ സുഖകരമായ അവകാശക്കയ്യേറ്റമാണ് ഇതിലെ ‘ പ്രണയകാലം ’ എന്ന കഥയില്‍ കാണുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ , സുന്ദരിയായ , പാവമായ രാജി ഒരിയ്ക്കല്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ അവളെ ഒരു ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് യാത്രക്കാരന്‍ ആ നാട്ടുകാരനായ ടൌണിലെ കോളേജില്‍ പഠിയ്ക്കുന്ന ഹരിദാസ്. ഒരു നാടന്പ്രേമത്തിനു പറ്റിയ പശ്ചാത്തലമായി. ഒരു ദിവസം അയാള്‍ താന്‍ പിറ്റേനാള്‍ കോളേജിലേയ്ക്ക് പോവുകയാണെന്നും യാത്രയയയ്ക്കാന്‍ ബസ്‌സ്റ്റോപ്പില്‍ വരണമെന്നും അവളോടു പറഞ്ഞു. പോകാതിരിയ്ക്കാന്‍ അവള്‍ക്കായില്ല. ആരുമറിയാതെ ബസ്‌സ്റ്റോപ്പിലേയ്ക്ക് ശ്രദ്ധിയ്ക്കാന്‍ പാകത്തിന് അവള്‍ അവിടത്തെ ഗ്രന്ഥശാലയില്‍ കയറിയിരുന്നു. വായിയ്ക്കുകയാണെന്ന ഭാവത്തിലിരിയ്ക്കാം എന്ന് കരുതിയ അവള്‍ക്ക് കിട്ടിയ പുസ്തകം രാജലക്ഷ്മിയുടെ ‘ ഒരു വഴിയും കുറെ നിഴലുകളും ’ - രമണിയില്‍ അവള്‍ തന്നെ കണ്ടു. തന്റെ ഗ്രാമവും കല്ലടിക്കോടന്‍ മലയുമൊക്കെ കാല്പനിക ഭാവത്തോടെ അവളുടെ മനസ്സില്‍ നിറഞ്ഞു. മറ്റെല്ലാം അവള്‍ മറന്നു. തന്റെ പ്രണയത്തിന്റെ ശാദ്വലഭൂമി അതാണെന്നവളറിഞ്ഞു.

പതിനെട്ടു കഥകളാണീ സമാഹാരത്തിലുള്ളത്. പ്രമേയം കൊണ്ടും ആഖ്യാനരീതി കൊണ്ടും നൂതന വായനാനുഭൂതി നല്‍കുന്ന കഥകള്‍. കൃതി സമര്‍പ്പിച്ചിരിയ്ക്കുന്നത് തന്റെ ‘ മനസ്സില്‍ പൊരിവെയിലായും പെരുമഴയായും തിമര്‍ത്തു പെയ്തു പൊയ്പോയ പ്രിയപ്പെട്ട വര്‍ഷങ്ങള്‍ക്കു ’ .ഒരു സാഹിതീയാത്രയുടെ ദൈര്‍ഘ്യത്തിനു പറയാന്‍ സാധിയ്ക്കുന്ന , പറയാതിരിയ്ക്കാന്‍ സാധിയ്ക്കാത്ത കാര്യങ്ങള്‍ .

4 comments:

  1. മുണ്ടൂര്‍ സേതുമാധവന്റെ മഹായാനം എന്ന കഥാസമാഹാരത്തിലൂടെയുള്ള യാത്ര നന്നായിരിക്കുന്നു. പതിനെട്ടു കഥകളും ആകര്‍ഷകമായി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി. ആരാണ് പ്രസാധകര്‍, എവിടെയാണ് പുസ്തകം ലഭിക്കുക, എത്ര പേജുകളുണ്ട്, വിലയെത്രയാണ് തുടങ്ങിയ വിവരങ്ങള്‍ കൂടി പുസ്തകവിചാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വായനക്കാര്‍ക്ക് സഹായകമാണ്.

    ReplyDelete
  2. മഹായാനം പരിചയപ്പെടുത്തിയത് നന്നായി

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?