Sunday, June 9, 2013

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും


പുസ്തകം : വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും
രചയിതാവ് : ജയ്‌നി
പ്രസാധകര്‍ : പായല്‍ ബുക്സ്
അവലോകനം : ഇന്ദ്രസേന


യ്‌നിയുടെ കവിതകള്‍.. അവ ഒരു ഗ്രാമീണ യുവതിയുടെ ജീവിതത്തിലെ ജാലക കാഴ്‌ചകള്‍ ആണ്‌. അവള്‍ ഒരിക്കലും മറ്റൊന്നാവാന്‍ ശ്രമിക്കുന്നുമില്ല.

കൂര നനഞ്ഞൊലിക്കുന്നതാണെങ്കിലും, അച്ഛന്‍ മദ്യപന്‍ ആണെങ്കിലും, അവളുടെ ഹൃദയം കോണ്‍ക്രീറ്റു കെട്ടിടത്തില്‍ തനിയെ ആവുകയാണ്‌. അച്ഛന്റെ പരിപ്പുവടയിലുള്ള സ്‌നേഹം പിന്നെയും പിന്നെയും അവള്‍ തേടുകയാണ്‌. (എന്റെ ഉറക്കം)

പ്രണയത്തിനു ജയ്‌നി നല്‍കുന്ന പരിഭാഷ ഒരു സ്‌ത്രീ എന്ന നിലയില്‍ എന്നെ നടുക്കി കളഞ്ഞു. 'എന്റെ പ്രണയം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ ചുരണ്ടി മാറ്റിയ ഭ്രൂണമാണ്‌' എന്നു വായിക്കുമ്പോള്‍ നടുക്കം ഉണ്ടാക്കുന്ന ഒരു പ്രണയ ദുരന്തം പറയുന്നതിനോട്‌ കവിക്കുള്ള ആത്മാര്‍ത്ഥത അതില്‍ വ്യക്തമാണ്‌. കപട സദാചാര ബോധമോ യാതൊന്നും തന്നെ സത്യം കാണുന്നതില്‍ നിന്നും അവളെ വിലക്കുന്നുമില്ല. (പ്രണയം)

- പ്രണയം ഇപ്പോള്‍ നാട്ടില്‍ നിലവിലുള്ള പ്രണയരീതിയാണ്‌. കരളേ എന്ന്‌ ചാറ്റിങ്ങില്‍..ബിച്ച്‌ എന്ന്‌ ചീറ്റിങ്ങില്‍ വിളിച്ചു പിരിഞ്ഞു പോകുന്ന ബന്ധങ്ങള്‍. മുറിക്കുള്ളിലേക്ക്‌ ഒതുങ്ങുന്ന ആകാശം..( പ്രണയം)

പ്രണയ സ്‌മാരകശിലകള്‍ എന്ന കവിതയില്‍ എത്തുമ്പോഴേക്കും അവള്‍ക്കു പ്രണയം വേറെ എന്തോ കൂടി ആണ്‌. കുറെ കൂടി തീവ്രമായി അവള്‍ പ്രണയത്തെ അറിയുന്നു. അവളെ എരിക്കുന്ന തീയാണ്‌ പ്രണയം അപ്പോള്‍. തീയില്‍ എരിഞ്ഞു അസ്ഥിപഞ്ചരമായി മാറിയവള്‍. (പ്രണയ സ്‌മാരക ശിലകള്‍)

മഴയെക്കുറിച്ച്‌ എഴുതുമ്പോള്‍ ജയ്‌നിക്ക്‌ നൂറു നാവാണ്‌. ചെമ്പക പൂവിതളില്‍ അവനിറ്റിച്ച പ്രണയ തുള്ളികള്‍ പോലെ മഴ അവള്‍ക്കു ഹര്‍ഷോന്മാദം നല്‍കുന്നു, അവളെ ഭയപെടുത്തുന്നു, ലാളിക്കുന്നു, നോവിക്കുന്നു, ചേര്‍ത്തു പിടിക്കുന്നു, പുണരുന്നു.
'എങ്കിലും.. എങ്കിലുമെന്‍ ഹൃദയം നിറഞ്ഞു നീ പെയ്യുക
ഊഷരതയിലേക്കലിഞ്ഞു ചേര്‍ന്നുര്‍വരത പകരുക
വീണ്ടുമൊരു പ്രണയമായെന്നില്‍ പകരുക'
എന്ന്‌ തന്നെ തന്നെ മഴയ്‌ക്ക്‌ സമര്‍പ്പിക്കുന്ന ലോലമായ പ്രണയ ഭാവം
(മഴക്കേതു ഭാവം)

മഴയുടെ പ്രചണ്‌ഡതാളം, സംഹാര ഭാവം, അട്ടഹാസം എല്ലാം നിറഞ്ഞു നില്‌ക്കുന്നു മറ്റൊരു മഴ കവിതയില്‍(മഴ പെയ്യുകയാണ്‌).

എന്നിലെ കവി ഹൃദയത്തെ വല്ലാതെ ആകര്‍ഷിച്ചത്‌ കറുപ്പും വെളുപ്പും എന്ന കവിതയാണ്‌. അവന്‍ സ്‌നേഹത്തോടെ സമ്മാനിച്ച അവന്റെ പുഞ്ചിരി പോലെ മനോഹരമായ പേന. ഹൃദയത്തില്‍ ഹിമകണം പോലെ സൂക്ഷിച്ചു വച്ച പേന തുറന്നപ്പോള്‍ അവളുടെ പാപക്കറ പോലെ കറുത്ത മഷിയാണ്‌ പുറത്തേക്കു വന്നത്‌. പ്രണയത്തിന്റെ കറുത്ത വഴികളില്‍ സഞ്ചരിച്ചപ്പോള്‍ എപ്പോഴോ എങ്ങനെയോ പൊന്‍നിറം പോയ പേന. അതിമനോഹരമായ ഒരു ബിംബം തന്നെ (കറുപ്പും വെളുപ്പും).

ഭാരതീയ സ്‌ത്രീയുടെ ഒരു ശരിയായ പരിപ്രേക്ഷ്യം ആണ്‌ ജയ്‌നിയുടെ `സുമംഗലി' എന്ന കവിത. ആകാശത്തു പറക്കുന്ന ഒരു പട്ടമാണ്‌ സ്‌ത്രീ..എന്നാല്‍ അവളുടെ കാലുകളിലെ ചരടുകള്‍ ഭര്‍ത്താവിന്റെ കയ്യില്‍ ആണ്‌ താനും. (സുമംഗലി).

അവന്റെ വിശപ്പ്‌ തീരാന്‍ അവള്‍ തന്റെ മുല അവനു ചുരത്തി കൊടുക്കുന്നു, സ്വയം അപ്പോഴും വിശന്നു കൊണ്ട്‌. മാതൃത്വം അല്ല..യഥാര്‍ഥമായ പ്രണയം..എന്നാല്‍ അവനോ അവളുടെ മാറില്‍ മയങ്ങുകയാണ്‌, അവള്‍ക്കു അപ്പോഴും വിശപ്പാണ്‌ താനും. അസംതൃപ്‌തയായ സ്‌ത്രീയുടെ ഒരു മിന്നലൊളി നമുക്കിതില്‍ കാണാം. തീര്‍ത്തും അസാധാരണമായ ഒരു കവിത തന്നെ.(വിശപ്പ്‌).

കാമുകിയുടെ പ്രണയാതുരതയോടെ അവള്‍ പറയുന്നു മറ്റൊരു കവിതയില്‍
തകര്‍ത്ത്‌ പെയ്യുന്ന പേമാരിയില്‍
നിനക്കായ്‌ ഞാന്‍ ഓലക്കുടയാവാം,
എന്‍ കാര്‍കൂന്തലിന്നിരുട്ടില്‍
നിന്നെ ഞാനൊളിപ്പിച്ചു വയ്‌ക്കാം,
മഴയില്‍ അലിഞ്ഞും കാറ്റില്‍ പറന്നും
ഒരു കഥയായ്‌ മായുവോളം
പ്രിയ സ്‌നേഹിതാ
നമുക്കൊന്നായ്‌ നടക്കാം
(വീണ്ടുമൊരു മണ്ണാംകട്ടയും കരിയിലയും )
വളരെ ഹൃദയഹാരിയായ മറ്റൊരു കവിതയെന്നേ ഇതിനെ പറഞ്ഞു കൂടൂ.

അങ്ങിനെ നമ്മുടെ ചിന്തകളോട്‌ കലഹിച്ചും, പരിഭവിച്ചും, പ്രണയത്തില്‍ മുങ്ങി പൊങ്ങിയും, പ്രകൃതിയില്‍, മഴയില്‍, പുഴയില്‍, ഇരുട്ടില്‍, കടലില്‍ തന്നെ തന്നെ പകുത്തു നല്‍കിയും ജയ്‌നി കവിതകള്‍...

ഇത്‌ വായിച്ചു നോക്കുക എന്നല്ലാതെ നിങ്ങള്‍ക്ക്‌ മറ്റൊരു മാര്‍ഗവും ഇല്ല തന്നെ. വായിച്ചാലോ, പിന്നെയും കാലങ്ങളോളം ഇവള്‍ നമ്മെ പിന്‍തുടരുകയും ചെയ്യും

'ഗ്രാമീണതയുടെ ജാലക കാഴ്‌ചകള്‍' എന്ന പേരില്‍ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ നിന്നും.

2 comments:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?