പുസ്തകം : റിട്ടേണ്‍ ഫ്ലൈറ്റ്
രചയിതാവ് : റീനി മമ്പലം
പ്രസാധകര് : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : എ.വി.അനില്‍കുമാര്‍
ചരിത്രസംഭവങ്ങൾക്ക്
ഏക കാരണം തിരക്കുന്ന പഴയപതിവ് ഇപ്പോഴും പൂർണ്ണമായി നാടുനീങ്ങിയിട്ടില്ല. ജീവിത സങ്കീണ്ണതകൾ
വായിച്ചെടുക്കുമ്പോഴും ഈയൊരു പരിമിതികാണാം. മനുഷ്യന്റെ
ഭിന്നാവസ്ഥകൾക്ക് ഇനിയും നിർധാരണം ചെയ്തുകഴിഞ്ഞിട്ടില്ലാത്ത ആഴമുണ്ട്. റീനി മമ്പലം എഴുതിയ പന്ത്രണ്ട് കഥകളുടെ സമാഹാരമായ ‘റിട്ടേൺ ഫ്ളൈറ്റ്’
വായിച്ചപ്പോഴുണ്ടായ ആദ്യ വിചാരമാണിത്. അമേരിക്കൻ
പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ആ കഥകൾ.
പ്രവാസ
ജീവിതം അനുഭവക്കുറിപ്പുകളായും കഥകളും കവിതകളുമായും നമുക്ക് മുന്നിൽ
എത്തിയിട്ടുണ്ട്. ഡോ. പോൾ തോമസ്, മുക്കാടൻ,
നിർമ്മല, ബെന്യാമിൻ, ബാബു ഭരദ്വാജ്, ഡോക്ടർ ഓമന ഗംഗാധരൻ തുടങ്ങിയവർ
പകർന്നുനൽകിയ ജീവിതത്തിന്റെ മറ്റൊരു തലമാണ് റീനി പൂർത്തിയാക്കിയിട്ടുള്ളത്.
പ്രവാസത്തിന്റെ സാമ്പത്തിക ഉപലബ്ധികളിൽ മാത്രം
അടങ്ങിയിരിക്കുകയും അതിന്റെ വൈകാരികതകൾ അവഗണിക്കുകയും ചെയ്യുന്ന
പ്രവണതകൾക്കിടയിലാണ് ഈ കഥാകാരി ചില ഓർമ്മപ്പെടുത്തലുകൾ നടത്തുന്നത്.
പ്രവാസത്തിന്റെ
സന്ദിഗ്ദതകൾക്കും സങ്കീർണതകൾക്കും ഒരു സ്ത്രീപക്ഷ വ്യാഖ്യാനം കൂടിയാവുന്നുണ്ട്
റീനിയുടെ രചനകൾ. ഓർമ്മകളുടെ ഭൂപടം, എഴുത്തിന്റെ വഴികൾ, സെപ്തംബർ 14, ഔട്ട് സോഴ്സ്ഡ്, മലമുകളിലെ മാതാവ്, പുഴ പോലെ, ശിശിരം,ഗൃഹലക്ഷ്മി, ഇന്നലെകളുടെ
മരണം, അമ്മക്കിളികൾ, കറുത്ത
കുപ്പായക്കാരൻ, റിട്ടേൺ ഫ്ളൈറ്റ് എന്നിങ്ങനെ പന്ത്രണ്ട്
കഥകളിലും വല്ലാത്ത നിലയിലുള്ള പിടച്ചിലുകളുണ്ട്. ശിഹാബുദ്ദിൻ
പൊയ്ത്തുംകടവ് ആമുഖ്ത്തിൽ ശരിയാം വണ്ണം നിരീക്ഷിച്ചതുപോലെ, പറിച്ചുനടപ്പെടുന്ന സംസ്കാരത്തിന്റെ വേദന മുറുകെപ്പിടിക്കാൻ
ശ്രമിക്കുന്ന നല്ലതും തിയ്യതുമായ പൈതൃകങ്ങൾ, രഹസ്യമായി
കൊണ്ടുനടക്കുന്ന പുരുഷകേന്ദ്രികൃത സങ്കല്പനങ്ങൾ, ഇവയ്ക്കിടയിൽ
ഞെരുങ്ങുന്ന സ്ത്രീയാലോചനകളുടെ പ്രശ്നപരിസരങ്ങൾ-റീനി
എഴുതുമ്പോൾ ഇവയൊക്കെ കഥാപാത്രങ്ങളായും വേഷപ്പകർച്ചയാടുന്നുണ്ട്. സ്ത്രീയെഴുതുമ്പോൾ അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും തീർച്ചയായും
ജനാലകൾ തുറക്കാനായുക തന്നെയാണ്. കേരളീയ സമൂഹത്തിൽ
പ്രത്യേകിച്ചും (ജനാലകൾ തുറക്കുന്ന സ്ത്രി) സ്ത്രീയും പുരുഷനും ജനാലകൾ തുറക്കുമ്പോഴുള്ള വ്യത്യസ്തതകൾ
അനുഭവവേദ്യമാക്കുന്നിടത്താണ് റീനിയുടെ കഥകൾ ഉജ്വലങ്ങളാകുന്നത്. തുറന്നിട്ട ജാലകങ്ങളിലൂടെ ജീവിതത്തിന്റെ വർണ്ണശബളിമകൾക്കൊപ്പം
പാരുഷ്യങ്ങളും കാണുന്നുണ്ട്. പനിപിടിച്ച കുഞ്ഞിനെ
നെഞ്ചോട് ചേർത്തുവെച്ചപ്പോൾ അതിന്റെ അസ്വസ്ഥത പ്രവിന്റെ കുറുകലായി തിരിച്ചറിഞ്ഞ
ഗീതാഹിരണ്യന്റെ വാക്കുകൾ ഓർക്കുക.
ആഗോളവൽക്കരാണന്തര
ലോകത്തിന്റെ രീതികളും നടപ്പുകളും നിർമ്മിതി ഔചിത്യങ്ങളും അവതരിപ്പിക്കുന്നതിലും
റീനിയുടെ കഥകൾ നല്ല ശ്രമം നടത്തുന്നുണ്ട്.
സാങ്കേതിക പദാവലികൾ ഉന്നയിച്ചുകൊണ്ടല്ല അതെന്നതും പ്രധാനമാണ്.
പറിച്ചു നട്ടതിന്റെ വേദനകൾ പങ്കുവെക്കുന്നതോടൊപ്പം അതിന്റെ
വൈവിധ്യങ്ങളും എഴുതിച്ചേർക്കുന്നുണ്ട്.
സെപ്തംബർ 14, ഔട്ട്സോഴ്സ്ഡ്. റിട്ടേൺ ഫ്ളൈറ്റ് എന്നീ കഥകൾ പുതിയ കാലത്തിന്റെ ക്രൗര്യങ്ങളെ
സ്ത്രീവീക്ഷണത്തിൽ പുനർവായന നടത്തുകയാണ്. ‘ഓർമ്മകളുടെ
ഭൂപടം’ എന്ന ആദ്യകഥയുടെ ശീർഷകം തന്നെ ഈ സമാഹാരത്തിന്റെയാകെ പൊതുപ്രകൃതവും
ലോകത്തിന്റെയും രാജ്യത്തിന്റെയും വ്യക്തിയുടെയും ഒർമ്മകളുടെയും ഭൂപടം മാറ്റി
വരച്ചുകൊണ്ടിരിക്കുന്നതിന്റെ സാമൂഹ്യ ഉള്ളടക്കം പറയാനാണ് ഉദ്ദേശിക്കുന്നതും.
ആഗോളതലത്തിൽ തന്നെ പൊട്ടിത്തെറികളുണ്ടാക്കിയ സെപ്തംബർ 11 സ്ത്രീകളെ എങ്ങനെ ബാധിച്ചുവെന്നതിന്റെ വിങ്ങലുകളാണ് സെപ്തംബർ 14.
എല്ലാ പെണ്ണകങ്ങളിലും ഭയം പൊട്ടിത്തെറിപ്പിച്ച സെപ്തംബർ 11ന്റെ ഒരു ഭാഷ്യം.
ഔട്ട്
സോഴ്സ്ഡ്, വന്ധ്യതയെ
ആരോഗ്യ പ്രശ്നത്തിനപ്പുറം വെച്ച്
പരിശോധിക്കയാണ്. ഭാര്യയുടെ ഗർഭപാത്രം വാടകക്ക് നൽകി
ഓട്ടൊ വാങ്ങുന്ന ദിനേശൻ. വാടക ഗർഭത്തിന് വിധേയയാകുന്ന
ഭാര്യ നിർമ്മല. ഗർഭപാത്രം വാടകകൊള്ളുന്ന ഉഷ. അവരുടെ അമേരിക്കൻ ഭർത്താവ് എന്നിവരെല്ലാമുണ്ടെങ്കിലും നിർമ്മലയിലൂടെ
കഥാകൃത്ത് പറിച്ചുനടലിന്റെയും പാരമ്പര്യത്തിന്റെയും വേദന പങ്കുവെക്കുകയാണ്.
കഥപറയാൻ മറ്റൊരു കഥ എന്ന പരീക്ഷണത്തിന്റെ വിജയമുദ്ര കൂടിയാണിത്.
ഔട്ട്സോഴ്സ്ഡ് എന്ന ശീർഷകം അതികൃത്യവും മനോഹരവുമാണ്.
‘എഴുത്തിന്റെ
വഴികൾ’ മനുഷ്യബന്ധത്തിലെ അനിർവചനീയമായ കയറ്റിറക്കങ്ങൾ അതിമനോഹരമായി
അനുഭവവേദ്യമാക്കുന്നുണ്ട്. ഭർത്താവിനും മക്കൾക്കും പുറമെ
മൂന്നാമതൊരു വ്യക്തിയെ തേടിയലയുകയാണ് നായിക. സത്യം
ഇഴപിരിച്ചെടുക്കുന്ന ഏകാന്ത പാതയാണത്. ആദ്യം വിക്ടോറിയ.
അവർ നൽകിയ ചെടിച്ചട്ടിയിലെ ചെടി. പിന്നീട്
അജ്ഞാതനായ കാമുകൻ. ഇത്തരമൊരു തിരഞ്ഞെടുപ്പിന്റെ ഇടം
പരമ്പരാഗത സമൂഹം സ്ത്രീകൾക്ക് നല്കുന്നേയില്ല. അഗാധമായ
കുഴൽകിണർപോലെയാണ് ഇതിൽ ‘അവളുടെ’ റഫ്രിജറേറ്റർ. എത്രയെത്ര
ഉദ്യമിച്ചാലും അടിത്തട്ടു കാണാനാവാത്തതുപോലെ.
സ്ത്രീയെ
മിക്കപ്പോഴും മൃദുവായും മറ്റുചിലപ്പോൾ പുരുഷന്റെ നിർവചനങ്ങൾക്കപ്പുറം കഠിനമായും
നിർവചിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയുമാണ് റീനി മമ്പലം. കേരളത്തിൽ നിന്ന് എഴുതുന്ന
കഥാകാരികളെക്കാൾ കൊതിപ്പിക്കുന്ന ചില രൂപീകരണങ്ങൾകൊണ്ടും ഈ സമാഹാരം ശ്രദ്ധേയമാണ്.
തീരത്തിന്റെ ഒരു കഷ്ണവുമായി മറഞ്ഞ തിര (ഓർമ്മകളുടെ
ഭൂപടം) ചീനഭരണിയിലെന്നപോൽ മൂടിക്കെട്ടിയിരിക്കുന്ന നല്ല
വാക്കുകൾ (എഴുത്തിന്റെ വഴികൾ) അവർക്ക്
കൂട്ടിരുന്ന കാഫറ്റീരിയയിലെ തണുത്ത കാപ്പിക്കപ്പുകൾ, (സെപ്തംബർ
14) ചന്ദ്രക്കലപോലെ നീണ്ടുമെലിഞ്ഞ ചിരി (ഔട്ട്സോഴ്സ്ഡ്) കൂട്ടിയിട്ടും കിഴിച്ചിട്ടും
പൂജ്യത്തിലവസാനിച്ച ബന്ധം, ( ഇന്നലെകളുടെ മരണം) തുടങ്ങിയവ ഉദാഹരണങ്ങൾ. “.....കാറ്റടിച്ച്
തീപ്പൊരിയിൽ വീണ് ആളിക്കത്തുന്ന കരിയിലകൾ പോലെയാണ് സുഹൃദ് ബന്ധങ്ങൾ , കാറ്റ് എപ്പോൾ ഏതുദിശയിൽ വീശുമെന്ന് അറിയില്ല. ആളിക്കത്തി ഊർജ്ജംതീർന്ന് ചാരമായിത്തീർന്നാലും തൂവലിന്റെ മൃദുലതയോടെ
മഞ്ഞിന്റെ കുളിർമയോടെ നെഞ്ചിലേറ്റി ജീവിതകാലം മുഴുവൻ കൊണ്ടു നടക്കാനാവണം. മരിക്കുമ്പോൾ നമ്മോടൊപ്പം ചാരമായി, ഭൂമിയുടെ
അഴുക്കായി മണ്ണിലലിയണം. ......(എഴുത്തിന്റെ വഴികൾ)
എന്ന സന്ദേശം ഒരു ഋജുപ്രസ്താവമാണെന്ന് പുറമേക്ക് തോന്നാമെങ്കിലും
അതിലൊരു ജീവിതവീക്ഷണം അടക്കം ചെയ്തിട്ടുണ്ട്.
പുസ്തകം വായിക്കാന്‍ തോന്നുംവിധത്തിലുള്ള അവലോകനം !
ReplyDeleteആശംസകള്‍
വായിക്കാന്‍ നോക്കട്ടെ
ReplyDelete