Friday, March 28, 2014

ചിരിക്കു പിന്നില്‍ : ഇന്നസെന്റിന്റെ ആത്മകഥ

പുസ്തകം : ചിരിക്കു പിന്നില്‍ : ഇന്നസെന്റിന്റെ ആത്മകഥ
രചയിതാവ് : ഇന്നസെന്റ് / ശ്രീകാന്ത് കോട്ടക്കല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി


തുടങ്ങിയാല്‍ തീര്‍ക്കാതെ താഴെ വെക്കാന്‍ തോന്നാത്ത ഹൃദ്യമായ വായനാനുഭവമാണ്‌ ഇന്നസെന്റിന്റെ ആത്മകഥ

ഏറെ ചിരിച്ചാല്‍ കരയുമെന്ന്‌ പണ്ടുള്ളവര്‍ പറയാറുണ്ട്‌. ഏറെ കരഞ്ഞവര്‍ പിന്നെ ചിരിക്കുമോ എന്ന കാര്യത്തില്‍ പക്ഷേ അങ്ങനെയൊരു ചൊല്ല്‌ കേട്ടിട്ടില്ല. ഏറെ കരഞ്ഞെങ്കിലും കരച്ചിലിനിടയിലൂടെയും മറ്റുള്ളവര്‍ക്ക്‌ ചിരിയുടെ പൊന്‍പ്രഭ പകര്‍ന്ന്‌ മലയാളത്തിന്റെ നിറകണ്‍ചിരിയായിത്തീര്‍ന്ന ഇന്നസെന്റിന്റെ മനോഹരമായ ജീവിത കഥയാണ്‌ ചിരിക്കു പിന്നില്‍. നൊമ്പരപ്പാടുകളും വിയര്‍പ്പിന്റെമണവും വിശപ്പിന്റെ തീയും ഏറെയുള്ള പച്ചയായ ആ ജീവിതകഥ മനുഷ്യത്വത്തിന്റെ കുളിര്‍മയും മധുരവുമുള്ള ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുന്നു. ഓരോ ക്ലാസ്സിലും രണ്ടും മൂന്നും കൊല്ലം ഇരുന്ന്‌ എല്ലാം തറവായി പഠിച്ചാണ്‌ മുന്നേറിയതെങ്കിലും മൂന്നുനാലു സ്‌കൂളു മാറി എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്ക്‌ അപ്പന്‍ തോല്‍വി സമ്മതിച്ചു. അതോടെ ഇന്നസെന്റിന്റെ പഠിപ്പു തീര്‍ന്നു. പിന്നെയാണ്‌ പാഠങ്ങള്‍ തുടങ്ങിയതെന്നു മാത്രം. ഓരോ ക്ലാസ്സിലുമിരുന്ന്‌ നന്നായി തോല്‍ക്കാന്‍ പഠിച്ചിട്ടുണ്ടായിരുന്നതുകൊണ്ടാവണം എല്ലാ പരീക്ഷകളെക്കാളും വലിയ ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ജയിച്ചു കയറാന്‍ ഇന്നസെന്റിനു കഴിഞ്ഞത്‌.

തുടങ്ങിയാല്‍ കൈയില്‍ നിന്നു താഴെ വെക്കാതെ വായിച്ചു തീര്‍ക്കാന്‍ നിര്‍ബന്ധിതരായിപ്പോകുന്ന പുസ്‌തകമാണ്‌ ചിരിക്കു പിന്നില്‍. മത്തുപിടിപ്പിക്കുന്ന ജീവിതഗന്ധമുള്ള ചിരികൊണ്ട്‌ മലയാളിയെ കീഴടക്കിയ ഇന്നസെന്റിന്റെ വിചിത്രമായ ജീവിത വഴികളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപൊയ്‌ക്കളയും പുസ്‌തകം. ഈ പുസ്‌തകത്തിലേക്ക്‌ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. സ്റ്റാറുകള്‍ക്കിടയിലൊരു സൂപ്പര്‍ ആയ ഇന്നസെന്റിന്റേതാണ്‌ കഥ എന്നതു തന്നെ ആദ്യത്തെ ആകര്‍ഷണം. തോറ്റു തോറ്റുളള പഠിത്തവും ജീവിക്കാന്‍ വേണ്ടി കെട്ടിയാടേണ്ടി വന്ന വേഷങ്ങളുടെ വൈവിധ്യവും ഒന്നിനു പിറകെ ഒന്നായി പിന്നെയും പിന്നെയും തോറ്റു പോകുമ്പോഴും അവയ്‌ക്കു നേരേ നോക്കി ചിരിക്കാനുള്ള ശ്രമവും അനുഭവങ്ങളുടെ വൈപുല്യവുമൊക്കെയാണ്‌ മറ്റു ഘടകങ്ങള്‍. സ്വച്ഛസുന്ദരമായ ഒരു പുഴപോലെ അനായാസം ഒഴുകിപ്പോകുന്ന എഴുത്തിന്റെ സൗന്ദര്യമാണ്‌ വായന ഇത്ര സുഖകരമാക്കുന്നത്‌.

ഒരു ഗതിയും പരഗതിയുമില്ലാതെ വന്നപ്പോള്‍ ആര്‍എസ്‌പി യുടെ പ്രാദേശിക നേതാവായതും ഡല്‍ഹിയിലെ സിമന്റ്‌ കണ്‍ട്രോളറുടെ കൈക്കൂലി ഏജന്റായതും കോടമ്പാക്കത്തു ചെന്ന്‌ പട്ടിണിയും കൊതുകു കടിയും സഹിക്കാനാവാതെ മടങ്ങേണ്ടി വന്നതും വോളിബോള്‍ എന്തെന്നറിയാതെ കോച്ച്‌ ആയി വിജയങ്ങള്‍ ചൂടിയതും ദാവണ്‍ഗരെയിലെ തീപ്പെട്ടിക്കമ്പനി മുതലാളിക്ക്‌ ആരുമറിയാതെ അവിടെ നിന്ന്‌ ഒളിച്ചോടിപ്പോരേണ്ടി വന്നതുമൊക്കെയായ നൊമ്പരമാണ്ട കഥകള്‍ അനായാസം ഒരു ചിരിയുടെ തിളക്കത്തോടെ വിവരിക്കുകയാണ്‌ ഇന്നസെന്റ്‌. വിഷാദരോഗത്തിലേക്കു പോലും വഴുതിവീണു പോകുമായിരുന്ന അവസരത്തില്‍ ഹൃദയത്തില്‍ തൊട്ട സൗഹൃദം നല്‍കിയ മൈലപ്പയുടെ ആത്മഹത്യക്കു സാക്ഷിയാകേണ്ടി വന്ന ചങ്കില്‍ കുത്തുന്ന വേദനയുടെ കഥ കണ്ണു നനയിക്കുന്നതാണ്‌. തട്ടിപ്പുകളുടെ ഉസ്‌താദെന്നു കരുതിയിരുന്ന ഇന്നസെന്റു തന്നെ കൊടും തട്ടിപ്പിന്‌ ഇരയായതും ഇതാ പ്രണയത്തില്‍ വീണിരിക്കുന്നു എന്ന മധുരമനോഞ്‌ജമായ തോന്നലില്‍ നിന്ന്‌ ഇത്തിരി നേരത്തിനകം ജീവിതത്തിന്റെ പരുക്കന്‍ തലത്തിലേക്കു മൂക്കും കൂത്തി വീഴുമ്പോള്‍ തോന്നുന്ന ആത്മോപഹാസവുമൊക്കെ നമുക്കൊരു വേദനിപ്പിക്കുന്ന ചിരിയാണു തരിക.

തനി നാടന്‍ ഇരിങ്ങാലക്കുടക്കാരനായിരുന്ന അപ്പന്‍ തെക്കേത്തല വറീതാണ്‌ ജീവിതത്തിന്റെ വലിയ പാഠങ്ങള്‍ ഇന്നസെന്റിന്‌ പഠിപ്പിച്ചു കൊടുത്തത്‌. പിന്നീട്‌ വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ നിരാസങ്ങളും പുതിയ വാതിലുകള്‍ തുറന്നുകൊടുക്കുകയായിരുന്നു. തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ക്ക്‌ ഓരോ പരാജയവും പുതിയൊരു വിജയത്തിലേക്കുള്ള ചൂണ്ടുപലകയാണല്ലോ. കോടമ്പാക്കത്തെ ഇക്കയും തീവണ്ടിയിലെ വേശ്യയും ദാവണ്‍ഗരെയിലെ മൈലപ്പയുമൊക്കെ സ്‌നേഹത്തിന്റെ പാഠങ്ങളാണ്‌ പഠിപ്പിച്ചതെങ്കില്‍ പ്രസന്നനും ജോയിക്കുട്ടിയെന്ന സാബുവും കവി പി.കുഞ്ഞിരാമന്‍ നായരുമൊക്കെ വിസ്‌മയങ്ങളുടെ പാഠമാണ്‌ നല്‍കിയത്‌. പലപ്പോഴും ആത്മകഥകളില്‍ കാണുന്ന ആത്മപ്രശംസയോ കണ്ടില്ലേ എന്റെ മഹിമകള്‍ എന്ന കപടവിനയവുമൊന്നുമില്ലാതെ ഇന്നസെന്റ്‌ തികച്ചും ഇന്നസെന്റായി ഒരു വിചിത്രമനുഷ്യന്റെ കഥയായി പറഞ്ഞു വെക്കുകയാണ്‌. വിചിത്ര സുന്ദരമായ ആ അനുഭവങ്ങള്‍ ഇത്രയും ഹൃദ്യമായ ഒരു വായനാനുഭവമായി മാറിയതിനു പിന്നില്‍ ഇത്‌ എഴുതിത്തയ്യാറാക്കിയ ശ്രീകാന്ത്‌ കോട്ടയ്‌ക്കലിന്റെ രചനാ വൈഭവം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.

2 comments:

  1. പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    ReplyDelete
  2. എനിക്ക് ഇത് വായിക്കണം
    അപ്പന്‍ പ്രോഗ്രസ് കാര്‍ഡ് ഒപ്പിട്ട ഒരു സംഭവത്തെക്കുറിച്ച് ഇന്നസെന്റ് ഒരു പത്രത്തിന്റെ സപ്ലിമെന്റില്‍ എഴുതിയിരുന്നത് ഇത്രകാലം കഴിഞ്ഞിട്ടും മറന്നിട്ടില്ല

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?