പുസ്തകം : ഡോക്‌ടര്‍ ദൈവമല്ല
രചയിതാവ്: ഖദീജാ മുംതാസ്
പ്രസാധകര്‍ : ഡി സി ബുക്‌സ്, കോട്ടയം
അവലോകനം : ബുക്ക് മലയാളം
കേരളപൊതുസമൂഹം ഒരുമിച്ച് പങ്കിടുന്ന ഈ ആശങ്കയുടെ ഇടയിലാണ് ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല' എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുന്നത്. രോഗീ ഡോക്‌ടര്‍ ബന്ധത്തിന്റെ ജൈവികതയെ തൊട്ടുനില്‍ക്കുന്ന മനുഷ്യപ്പറ്റിന്റെ അഗാധസ്‌പര്‍ശമാണ് ഇതിലെ ഓരോ കുറിപ്പും. ഒരു പക്ഷെ, വരുംകാലം അത്ഭുതത്തോടെ വായിക്കാവുന്ന കൃതി. കാരണം വൈദ്യശാസ്‌ത്രത്തെ മനുഷ്യകുലത്തിന്റെ ദൈന്യതമാറ്റാനുള്ള ഉപകരണമായി കണ്ട് ആതുരസേവനം നടത്തുന്ന സാമഹ്യപ്രതിബദ്ധതയുള്ള ഭിഷഗ്വര സമൂഹത്തിന്റെ അവസാനിക്കുന്ന കണ്ണികളിലാണ് കദീജാ മുംതാസിന്റെ തലമുറയും പെട്ടുപോവുക. രോഗി `പേഷ്യന്റ്' എന്നതില്‍ നിന്നും `ക്ലൈന്റ്' ആയി മാറുന്ന കാലത്തിലൂടെയാണ് ആരോഗ്യമേഖല കടന്നുപോകുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യമേഖലയില്‍ വഹിച്ചിരുന്ന പങ്ക് ചരിത്രത്തിലേക്ക് പിന്‍വാങ്ങുകയാണ്. ആ ചരിത്രസ്‌മരണകളുടെ അലമാരകളിലാണ് ഡോക്‌ടര്‍ രോഗീ ബന്ധത്തിന്റെ അസാധാരണ അനുഭവസാക്ഷ്യമായ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല എന്ന ഗ്രന്ഥം നമ്മെ പിന്തുടരുന്നത്. രോഗികള്‍ അധഃകതരും ഡോക്‌ടര്‍മാര്‍ വരേണ്യരുമായിത്തീര്‍ന്ന വര്‍ത്തമാന കാലത്തില്‍ നിന്നും ഈ അനുഭവക്കുറിപ്പുകളിലേക്ക് ഒരുപാട് ദൂരമുണ്ട്. മനുഷ്യത്വത്തിന്റെ കാതരമായ ദൂരം.
കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് നേതൃത്വം വഹിച്ചിരുന്നത് സര്‍ക്കാര്‍ തന്നെയായരുന്നു. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഖദീജാ മുംതാസ് പങ്കുവയ്‌ക്കുന്ന അനുഭവങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത്. വ്യത്യസ്‌ത മത വര്‍ഗ്ഗ വംശങ്ങളില്‍നിന്നും രോഗം എന്ന ഒറ്റബിന്ദുവില്‍ സംഗമിക്കുന്ന മനുഷ്യാവസ്ഥയുടെ വൈവിധ്യവും ദൈന്യതയും ആര്‍ദ്രമായ ഭാഷയില്‍ പങ്കുവയ്‌ക്കുകയാണ് ഈ കൃതി. ചെറിയ ചെറിയ കുറിപ്പുകളിലൂടെ ഹൃദയത്തില്‍ തൊടുന്ന ഓരോ അനുഭവങ്ങളും നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നു. ദൈവമായിരിക്കലല്ല, മറിച്ച് ഹൃദയാലുവായ മനുഷ്യരായിരിക്കുകയാണ് ഏറെ ശ്രമകരമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ അനുഭവക്കുറിപ്പുകള്‍. (പേജ്: 100 വില: 60 രൂപ)
ഓര്‍മ്മകള്‍ പലപ്പോഴും വ്യക്തിപരമാണ്. സ്വകാര്യമായ നൊമ്പരങ്ങളും സന്തോഷങ്ങളും അത് പകര്‍ത്തിവയ്‌ക്കുന്നു. എന്നാല്‍ ഒരു ഡോക്‌ടറുടെ ഓര്‍മ്മകള്‍ ഒരിക്കലും വ്യക്തിപരമാവുന്നില്ല, അതിലേറെ ആത് സാമൂഹ്യപരമാണ്. `സാമ്പത്തികമായും ശാരീരിക അവശതകളാലും നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടം രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പച്ചയായ ജീവിതകഥകളാണ് അവരുടെ സ്വന്തം വാക്കുകളില്‍ ഇവിടെ പ്രകാശിതമാകുന്നത്. രോഗം ഏതെങ്കിലും ശാരീരികാവയവത്തെ ബാധിക്കുന്ന മെഡിക്കല്‍ പ്രശ്‌നം മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന ധാര്‍മ്മികപ്രശ്‌നം കൂടിയാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്‌ടറുടെ ആത്മസംഘര്‍ഷങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ചെറുകുറിപ്പുകളാണ് പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.' എന്ന് ഒരു ഡോക്‌ടര്‍ കൂടിയായ ബി ഇക്‌ബാല്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്.
സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ വരുന്നതിന് മുമ്പുതന്നെ പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ എന്നൊരു സമ്പ്രദായം വന്നതോടുകൂടി മക്കളെ ഡോക്‌ടര്‍മാരാക്കുന്നതിന് കേരളത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് താല്‌പര്യം വരുകയും ചെയ്‌തതോടുകൂടി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വരേണ്യവല്‍ക്കരണം സംഭവിച്ചു തുടങ്ങുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ വരുകയും ആവിടെ പഠിച്ചിറങ്ങിയ ആളുകള്‍ പ്രവേശനം നേടി മെഡിക്കല്‍ കോളെജുകളില്‍ എത്തുകയും ചെയ്‌തു. ആ മാറ്റങ്ങള്‍ വന്നതോടുതന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ കുറവും മൂല്യങ്ങളുടെ തകര്‍ച്ചയുമൊക്കെ ആരംഭിച്ചു കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ വന്നതോടെ സാമൂഹ്യ നീതി മാത്രമല്ല അപകടപ്പെടുന്നത്. എം ബി ബി എസ് കുട്ടികളെ സാധാരണ ഒരു ജനറല്‍ ആശുപത്രിയിലാണ് പരിശീലിപ്പിക്കേണ്ടത്. അത്തരമൊരു ജനറല്‍ ആശുപത്രി സംവിധാനമോ അവിടെയെത്തുന്ന രോഗികളോ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പോകുന്നില്ല. രോഗികള്‍ ഇല്ലാതെയാണ് അവിടെ പഠനം നടക്കുന്നത്. മനുഷ്യശരീരത്തില്‍ സ്‌പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്‌ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ് ഒരു പക്ഷെ, `ഡോക്‌ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്.
ശരിയാണ്
ReplyDeleteചെറുപ്പത്തിൽ എന്തെങ്കിലും അസുഖം വന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുചെന്നാൽ ഏതോ വലിയ ആളാണെന്നു മനസ്സിൽ പറഞ്ഞു, പിന്നെ പിന്നെ ഡോക്ടർ ദൈവമാണെന്നോ, ദൈവമെന്നു പറഞ്ഞാൽ അതു ഡോക്ടർ ആവും ന്നോ ഒക്കെ കരുതി. പിന്നെ പിന്നെയുള്ള ചില അനുഭവങ്ങൾ ഈ തോന്നൽ മാറ്റി മറിച്ചു. " മനുഷ്യശരീരത്തിൽ സ്പർശിക്കാനും വേണ്ടവിധത്തിൽ രോഗനിർണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരു വിഭാഗമാളുകൾ ഡോക്ടർമാരായി പുറത്തു വരാൻ പോകുന്നു". അത്യന്തം ആശങ്ക ഉളവാക്കുന്ന കാര്യം. എന്തായാലും ഈ ഗ്രന്ഥം വായിക്കണം ന്നു മനസ്സു പറയുന്നു.
ReplyDeleteചില നേർക്കാഴ്ച്ചകൾ
ReplyDelete🌹🌹🌹
ReplyDelete