പുസ്തകം : നടവഴിയിലെ നേരുകൾ
രചയിതാവ് : ഷെമി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നജീബ് മൂടാടി
കണ്ണീരിനിടയില്‍ അക്ഷരങ്ങളെ കാണാതെപോവുന്നുവോ?
ഒരു മാസത്തിനുള്ളില്‍ മൂന്നു പതിപ്പുകള്‍ ഇറങ്ങിയ ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ എന്ന നോവല്‍ മലയാള പുസ്തക പ്രസാധന രംഗത്ത് തന്നെ അതിശയം സൃഷ്ടിച്ചിരിക്കുന്നു. അറുന്നൂറു പേജില്‍ അധികമുള്ള ഈ പുസ്തകം ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത വായനക്കാരിലൂടെയാണ് ഈ പുസ്തകം ഏറെ പ്രചരിക്കപ്പെട്ടത്.
മനസ്സിനെ അത്രമേല്‍ മഥിച്ചു കളഞ്ഞ ഈ പുസ്തകത്തെ കുറിച്ചും വായനാനുഭവത്തെ കുറിച്ചും സഹൃദയരോട് വിളിച്ചു പറയാതിരിക്കാന്‍ വായനക്കാരന് ആവില്ല. അത് കൊണ്ട് തന്നെയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലും അച്ചടി മാധ്യമങ്ങളിലും ‘നടവഴിയിലെ നെരുകളെ’ കുറിച്ചുള്ള ധാരാളം റിവ്യൂകള്‍ വന്നുകൊണ്ടിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളില്‍ വരുന്ന എഴുത്തുകാരിയുമായുള്ള അഭിമുഖങ്ങളും പുരസ്കാരങ്ങളും അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നു.
വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കനല്‍പഥങ്ങള്‍ ചവിട്ടി കടന്നുപോന്ന ഒരു പെണ്‍കുട്ടിയുടെ ദുരിത ജീവിതം വായിച്ചു വിറച്ചുപോയവരുടെ പ്രതികരണങ്ങള്‍, നാം കാണാതെ പോകുന്ന ദയനീയ ജീവിതങ്ങളുടെ ചിത്രങ്ങള്‍ അക്ഷരങ്ങളായി നമുക്ക് മുന്നില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ അസ്വസ്ഥമായിപ്പോകുന്ന മനസ്സുകള്‍........... ഈ നടുക്കമാണ് ഈ പുസ്തകത്തെ കുറിച്ച് എഴുതിയവരും പറഞ്ഞവരും ഏറെ പങ്കുവെച്ചത്.
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ ഈ പുസ്തകം പറയുന്ന ജീവിതങ്ങളെ കുറിച്ച് മാത്രം ചര്‍ച്ചചെയ്യുകയും ദുരിതജീവിതം നയിച്ച ഷെമി എന്ന പെണ്‍കുട്ടിയെ നാം ആദരപൂര്‍വ്വം കാണുകയും ചെയ്യുമ്പോള്‍ എഴുത്തുകാരിയായ ഷെമിയെ ആരും കാണാതെ പോവുകയാണോ എന്ന് സംശയിച്ചു പോകുന്നു.
നമ്മുടെ കണ്മുന്നിലും അല്ലാതെയും ഉള്ള പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ദുരിതങ്ങളുടെയും കഥകള്‍ നാം എത്രയോ നിത്യവും വായിക്കുന്നു. എന്നിട്ടും അതൊക്കെ എന്തുകൊണ്ടാണ് ഇതുപോലെ നമ്മുടെ ഉള്ളില്‍ നിന്ന് കുടഞ്ഞു കളയാന്‍ കഴിയാതെ നീറിപ്പിടിക്കുന്നില്ല? ജീവിതം നോവലായി എഴുതിയ എഴുത്തുകാരിയുടെ മിടുക്ക് നാം കാണാതെ പോകുന്നത് അവിടെയാണ്.
‘ആടുജീവിത’ത്തിലൂടെ നജീബിന്‍റെ ജീവിതം പറഞ്ഞപ്പോള്‍ നാം അംഗീകരിച്ചത് ബെന്യാമിന്‍ എന്ന എഴുത്തുകാരനെയാണ്. തന്റേതായ ശൈലിയിലൂടെ നജീബിന്‍റെ ജീവിതം നോവലായി മാറ്റിപ്പണിത സാഹിത്യകാരനോടുള്ള ആദരം.
ഇവിടെ സ്വന്തം ജീവിതം വളച്ചു കെട്ടില്ലാതെ പച്ചയായി തുറന്നെഴുതിയ ഷെമിയുടെ അക്ഷരങ്ങളുടെ കൈയ്യടക്കവും സാഹിത്യഭംഗിയും വേണ്ടവിധം ആരും ശ്രദ്ധിച്ചതേയില്ല. എഴുത്തുകാരി കെ ആര്‍ മീരയെപ്പോലെ ചുരുക്കം ചിലരെ ഷെമിയിലെ സാഹിത്യകാരിയെ അംഗീകരിച്ചതായി തോന്നിയിട്ടുള്ളൂ.
ഒരു ദേശത്തിന്‍റെ കഥപോലെ വിശാലമായൊരു ഭൂമികയാണ് ഈ നോവലും വരച്ചു വെക്കുന്നത്. മലയാളത്തില്‍ ഏറ്റവും അധികം കഥാപാത്രങ്ങള്‍ ഉള്ള നോവലും ഇതുതന്നെയാണ് എന്ന് തോന്നുന്നു. വളരെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചിടുന്ന കഥാപാത്രങ്ങള്‍ പോലും ഒരിക്കലും മറക്കാനാവാതെ നമ്മുടെയുള്ളില്‍ തറഞ്ഞുപോകുന്നുവെങ്കില്‍ അത് എഴുത്തുകാരിയുടെ വിജയമാണ്. എന്തിന് ജോഡിയില്ലാത്ത ഒറ്റച്ചെരിപ്പു പോലും നമ്മുടെയുള്ളില്‍ പതിഞ്ഞു പോയ ചിത്രമാകുന്നത് എഴുത്തിന്‍റെ മാന്ത്രികത തന്നെ.
മനുഷ്യരെയെന്നപോലെ ചുറ്റുപാടുകളെയും എത്ര സൂക്ഷ്മമായാണ് ഈ നോവലില്‍ വിവരിച്ചിരിക്കുന്നത്. വാടകവീടും റെയിലോരവും ചായക്കടയും ഒക്കെ ഒരു സിനിമയില്‍ എന്ന പോലെ നമുക്ക് കാണാനാവുന്ന എഴുത്തിന്‍റെ മിടുക്ക്.
‘കാലവിധി കൂരിരുട്ടിന് ചൂട്ടു പിടിച്ചപോലെ’, ‘ഹൃദയത്തില്‍ പച്ചകുത്തിയ പോലെ’, ‘അക്ഷരമാണിക്യങ്ങളെ കുഞ്ഞു കൈകളാല്‍ പട്ടുടുപ്പിക്കാമായിരുന്നു’, എന്റോര്‍മ്മയില്‍ വലിയ ഓര്‍മ്മയായി’, ‘കണക്കല്ലാത്ത കണക്ക്’, ‘അനിഷ്ടം ശബ്ദിച്ചു’ ‘ജനസങ്കുലം’, ........ഇങ്ങനെ മനോഹരവും പുതുമയുള്ളതുമായ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍.
‘പുറ്റുവന്ന മുനിയേപ്പോലെ’, ‘യാ....മൊയ്യത്തീ’, ‘ബാ ....സൂറേന്നുപ്പാ’, ‘എണേ’, ‘കുലുമാലാക്ക്ന്ന്’, ‘ഒന്നേസീറാക്കി’, ‘മാത്’, ‘ഔദാറ് .... കണ്ണൂര്‍ ഭാഷാശൈലിയുടെ മനോഹാരിതയും പ്രാദേശികമായ പ്രയോഗങ്ങളും സംഭാഷണങ്ങളെ എത്ര ഹൃദ്യമാക്കുന്നു.
ഇതൊരു കണ്ണീര്‍പുസ്തകമാണെന്ന മുന്‍വിധിയോടെ വായിക്കുന്നവരെ അതിശയപ്പെടുതുന്ന ആഖ്യാന ശൈലിയാണ് ഈ നോവലിന്‍റെ പ്രത്യേകത ബഷീറിനെ പലപ്പോഴും ഓര്‍ത്തുപോകുന്ന രസകരമായ രീതിയിലുള്ള കഥ പറച്ചില്‍. ‘കുറ്റിപ്പെന്‍സില്‍ വിക്ഷേപണത്തിന് ഒരുങ്ങി നില്‍ക്കുന്ന റോക്കറ്റ് പോലെ .’ എന്നും അത്യാഹിതത്തിലായ രോഗി ആംബുലന്‍സ് സ്വയം ഓടിച്ചു വന്നപോലെ’ എന്നൊക്കെ വായിക്കുമ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോകുന്ന നര്‍മ്മഭാവന.
‘ഉമ്മ കണ്ണീര്‍ സഹായമില്ലാതെ കരഞ്ഞു’ ഈ ചെറിയൊരു വാചകം ബഷീറിന്‍റെ ‘വെളിച്ചത്തിന് എന്ത് വെളിച്ചം’ എന്ന പ്രയോഗം പോലെ എത്ര സൂക്ഷ്മവും വിശാലവുമാണ്.
എന്തുകൊണ്ടോ അച്ചടി മാധ്യമങ്ങള്‍ പോലും ‘നടവഴിയുടെ നേരുകള്‍’ ഒരു സാഹിത്യകൃതി എന്ന നിലയില്‍ വായിക്കാന്‍ മെനക്കെടാത്തത് ദൌര്‍ഭാഗ്യകരമാണ്.
ദുരിതജീവിതത്തില്‍ നിന്നുള്ള സാന്ത്വനമായി അക്ഷരങ്ങളെ സ്നേഹിച്ച പെണ്‍കുട്ടിയുടെ വായനയും അനുഭവങ്ങളും നല്‍കിയ പ്രതിഭയെ സാഹിത്യപ്രേമികളെങ്കിലും തിരിച്ചറിയണം. വെറുമൊരു കണ്ണീര്‍കഥയായി വായിക്കപ്പെടേണ്ടതല്ല ‘നടവഴിയുടെ നേരുകള്‍’.
ഷെമിക്ക് ലഭിക്കുന്ന അംഗീകാരങ്ങളും ആദരവുകളും ഒരിക്കലും അവരുടെ കടന്നുപോന്ന ജീവിതത്തോടുള്ള അനുതാപം കൊണ്ടാവരുത്. മലയാള സാഹുത്യലോകത്ത് തന്‍റെതായ ഒരു ഇടം കണ്ടെത്തിയ ഒരു എഴുത്തുകാരി എന്ന നിലയില്‍ വിലയിരുത്തപ്പെടുമ്പോഴേ അക്ഷരങ്ങളുടെ ലോകത്ത് അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കൂ. താല്‍ക്കാലികമായ ഈ ബഹളങ്ങള്‍പ്പുറം അതാണ് നിലനില്‍ക്കുക. അച്ചടി മാധ്യമ രംഗത്തുള്ളവര്‍ എങ്കിലും ഈ പുസ്തകത്തെ കുറിച്ച് എഴുതുമ്പോള്‍ സാഹിത്യകൃതി എന്ന നിലയിലും വിലയിരുത്താന്‍ ശ്രദ്ധിക്കുക.
വായിച്ചിട്ടുണ്ട്...
ReplyDeleteപുസ്തകം ഇതു വരെ കിട്ടിയില്ല.. :(
ReplyDeleteപുസ്തകം വായിച്ചിട്ടില്ല...... തീര്‍ച്ചയായും വായിച്ചിരിക്കും.....
ReplyDeleteഅച്ചടി ലോകം തിരസ്കരിച്ച പലതും പിന്നീട് അവർ തന്നെ ആഘോഷമാക്കി കൊണ്ട് നടന്ന ചരിത്രമുണ്ട്..... ഇതും അങ്ങിനെയാവും എന്ന ശുഭപ്രതീക്ഷയൊടെ...... ആശംസകൾ നേരുന്നു...
നീണ്ട 24 വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ അനുഭവിച്ച ആകുലതയുടെ പെരുംവെള്ളപ്പാച്ചിലിനെ നിര്‍മ്മമമായി നോക്കിക്കണ്ടുകൊണ്ടാണ് ഷെമി നടവഴിയിലെ നേരുകള്‍ എന്ന നോവല്‍ രചിച്ചിരിക്കുന്നത്. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ അല്പം ഭാവന കലര്‍ത്തി ആവിഷ്‌കരിച്ചിരിയ്ക്കുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറെ ശ്രദ്ധേയമായ സൃഷ്ടി..
ReplyDelete