Showing posts with label സിതാര.എസ്. Show all posts
Showing posts with label സിതാര.എസ്. Show all posts

Wednesday, October 30, 2013

മാതായനങ്ങൾ


പുസ്തകം : മാതായനങ്ങൾ
രചയിതാവ് : സൂനജ
പ്രസാധകർ : സൈകതം ബുക്സ്
അവലോകനം :   സിതാര. എസ്





മുന്‍പൊരിക്കലും ചെയ്യാത്ത ഒരു ജോലി ആണ് അവതാരിക എഴുതല്‍..അതും ഒരു പുസ്തകത്തെ വിലയിരുത്തിക്കൊണ്ട്. വായന ഹൃദയത്തെ തൊട്ടോ ഇല്ലയോ എന്നല്ലാതെ, വായിച്ചതിനെപറ്റി കൂടുതലൊന്നും പറയാന്‍ അറിയാത്ത ഒരു വ്യക്തിയാണ് ഞാന്‍. എങ്കിലും,തന്റെ കഥാസമാഹാരത്തിന് അവതാരിക എഴുതാമോ സിതാര എന്ന് ചോദിച്ചുകൊണ്ട് സൂനജ എന്നെ സമീപിച്ചപ്പോള്‍ ഇല്ല എന്ന് പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല. ഞാന്‍ ശ്രമിക്കാം എന്ന് ആത്മാര്‍ഥമായിതന്നെ പറയുകയും ചെയ്തു. സൌമ്യവും ദീപ്തവുമായ ചില കുറിപ്പുകള്‍ സൂനജയുടെതായി മുന്‍പ് വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ലാളിത്യവും നന്മയും അവയില്‍ കണ്ടു മനസ്സ് നിറയുകയും ചെയ്തിട്ടുണ്ട്.അതൊക്കെ കൊണ്ടാവാം മുന്‍പ് പലരോടും ചെയ്തിട്ടുള്ളത് പോലെ, പലരുടെയും നീരസം സമ്പാദിച്ചു കൊണ്ട് തന്നെ, എഴുതാന്‍ പ്രയാസം ഉണ്ട് എന്ന് എടുത്തടിച്ചു പറയാന്‍ എനിക്ക് തോന്നാതിരുന്നത്. കഥകള്‍ അയച്ചുകിട്ടിക്കഴിഞ്ഞിട്ടും സ്വതസിദ്ധമായ മടിയും ഇടയില്‍ കയറിവന്ന അനേകം ബദ്ധപ്പാടുകളും കാരണം ഒന്ന് സ്വസ്ഥമായിരുന്നു അത് വായിക്കാന്‍ സാധിച്ചതേയില്ല. എങ്കിലും ഒരു ദിവസം ഇന്ന് സൂനജയെ വായിച്ചു തീർത്തെ അടങ്ങു എന്ന വാശിയില്‍തന്നെ കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നു, എത്രത്തോളം അതില്‍ മുന്നോട്ടുപോകും എന്ന് സംശയമുണ്ടായിരുന്നെങ്കിലും.
വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് നിര്‍ത്തണമെന്ന് തോന്നിയതേയില്ല. ഒറ്റയിരിപ്പിനിരുന്നു എല്ലാ കഥകളും ഞാന്‍ വായിച്ചുതീര്‍ത്തു. ഒരു പക്ഷെ, അതുതന്നെയാണ് സൂനജയുടെ കഥകളുടെ ഏറ്റവും വലിയ ശക്തി. വായനയെ തടസ്സപ്പെടുത്താത്ത ഒഴുക്ക് ഉണ്ടാവുക എന്നതാണ് എന്റെ അഭിപ്രായത്തില്‍ ഒരു കൃതിയുടെ ആദ്യധര്‍മം. വായിച്ചു തീര്‍ക്കാന്‍പോലും ആവാത്തത് എത്ര കൊട്ടിഘോഷിക്കപ്പെട്ടതായാലും എനിക്ക് ഉള്‍ക്കൊള്ളാനും ആവില്ല.
തുറന്നു പറയട്ടെ, സൂനജയുടെ കഥകള്‍ മഹത്തരമോ അത്യുത്തമമോ ആണെന്ന് വായന കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയില്ല. ആധുനികസാഹിത്യത്തിന്റെ ഉദാഹരണങ്ങളായും തോന്നിയില്ല. പക്ഷെ പല കഥകളിലും മനസ്സിനെ സ്പര്‍ശിച്ച എന്തൊക്കെയോ ഉണ്ടായിരുന്നു. എന്ത് എന്ന് കൃത്യമായി പറയാന്‍ ഒരു പക്ഷെ എന്റെ പരിമിതമായ ഭാഷാജ്ഞാനം എന്നെ സഹായിച്ചെന്ന് വരില്ല. പക്ഷെ, ഏതൊക്കെയോ രീതിയില്‍ എന്റെ മനസ്സിനെ തൊടാന്‍ ഈ വായനക്ക് തീര്‍ച്ചയായും സാധിച്ചു.
വൈകുന്നേരവെയില്‍ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടന്‍ ഇടവഴികളിലൂടെ, ചരലുകളും കൊച്ചു പച്ചപ്പുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളില്‍ ഏറ്റിക്കൊണ്ട് , മനസ്സില്‍ ഓര്‍മ്മകളുടെ നനവ്‌ തിങ്ങിനിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നുപോകും പോലെയാണ് സൂനജയെ ഞാന്‍ വായിക്കുന്നത്. ഒരു സാധാരണസ്ത്രീയായി നിന്ന് തന്റെ കഥകളിലൂടെ സൂനജ ലോകത്തെ നോക്കിക്കാണുന്നു. അവരുടെ വാക്കുകളും ഒരു സാധാരണ സ്ത്രീയുടെതാണ്.പക്ഷെ അവയില്‍ തെളിഞ്ഞുണരുന്ന സ്വയം പ്രതിഫലനങ്ങള്‍ ഓരോ വായനക്കാരിലും അസാധാരണമായ ചില സ്നേഹവെളിച്ചങ്ങള്‍ ഉണ്ടാക്കിയേക്കാം.
ജീവിതത്തിന്റെ ശരിയായ പരിഛെദം ആയി, നന്മകൾ‍ക്കൊപ്പം മുറിവുകളെയും ചതികളെയും സൂനജ വിഷയമാക്കുന്നുണ്ട്. മകന്റെ അച്ഛന്‍,മകളുടെയും.,യക്ഷികള്‍ പിറക്കുന്നത് പോലുള്ള ചില കഥകളില്‍ ഇത് വ്യക്തമായിട്ടുണ്ട്.എങ്കിലും, മനസ്സിലെവിടെയോ എന്നെങ്കിലും വരാനിരിക്കുന്ന ഒരു സന്തോഷതുണ്ട് സൂനജ ഒരു വാക്ക് പോലും പറയാതെതന്നെ ബാക്കി വയ്പ്പിക്കുന്നുണ്ട്. പ്രത്യാശയുടെയും നന്മയിലുള്ള വിശ്വാസത്തിന്റെയും വെളിച്ചപ്പൊട്ടുകള്‍ മിക്ക കഥകളില്‍നിന്നും പെറുക്കിയെടുക്കാം. 'കണ്‍നിറയെ' യിലെ അമ്മയും 'പേരിടാത്ത കഥ'യിലെ തങ്കവേലുവും ഒക്കെ നേരിയതെന്കിലും മനസ്സിനെ കുളിര്‍പ്പിക്കുന്ന ഇത്തരം വെളിച്ച തുണ്ടുകള്‍ വായനക്കിടയില്‍ നമുക്ക് തരുന്നുണ്ട്.
മനസ്സിനെ സ്പര്‍ശിക്കുന്ന മറ്റൊരു വശം ഈ കഥകളിലെ ബന്ധങ്ങളുടെ സൌന്ദര്യമാണ്. എത്ര പഴഞ്ചന്‍ ചിന്താഗതിയെന്നു പുരോഗമാനക്കാര്‍ പറഞ്ഞാലും, ജീവിതത്തിനു ഭംഗിയും ശക്തിയും നല്‍കുന്നത് തീര്‍ച്ചയായും ബന്ധങ്ങളുടെ ഊഷ്മളതയാണ്.പേരുള്ളതും പേരില്ലാത്തവയും ആകാം അവ. 'സാന്ധ്യമേഘങ്ങളി'ല്‍ എന്നപോലെ, എന്നോ മരിച്ചുപോയ എലിക്കുട്ടിയും അവരുടെ മത്തായിയും തമ്മിലുള്ള സാധാരണമായ അസാധാരണബന്ധം, അല്ലെങ്കില്‍ 'ഇരുട്ടില്‍ നിഴലുണ്ടാവ്വോ' എന്ന കഥയില്‍, ഭാര്യയുടെ അമ്മയോട് പ്രശാന്ത്‌ കാട്ടുന്ന അലിവിന്റെ തണുപ്പ്, ഇങ്ങനെ ഒരു പാട് ബന്ധങ്ങളെ സൂനജ വരച്ചു കാണിക്കുന്നു. ഓരോന്നും നമ്മുടെ മനസ്സിനെ എവിടെയൊക്കെയോ ഉണര്‍ത്തുകയും ചെയ്യുന്നു.
പതിനെട്ടുകഥകളുടെ ഈ സമാഹാരത്തെ പറ്റി ഗാഡമായ ഒരു പഠനം നടത്താനൊന്നും ഒരുപക്ഷെ, എനിക്കാവില്ല. പക്ഷെ, തെളിച്ചവും സന്തോഷവും ഇത്തിരി കണ്ണീര്‍ നനവും ഒക്കെയായി ഉള്ള ഒരു പാവം വായന ഈ കഥകള്‍ നിങ്ങള്ക്ക് തരാനാവും എന്നെനിക്കുറപ്പുണ്ട്.അത് തീര്‍ച്ചയായും ഏതൊക്കെയോ രീതിയില്‍ നിങ്ങളുടെ സ്വയം പ്രതിഫലങ്ങളാവുമെന്നും. അതിനായി ഈ കഥകള്‍ നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.