Wednesday, March 9, 2011

ഒരു സങ്കീര്‍ത്തനം പോലെ

പുസ്തകം : ഒരു സങ്കീര്‍ത്തനം പോലെ
രചയിതാവ് : പെരുമ്പടവം ശ്രീധരന്‍
പ്രസാധനം : സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
അവലോകനം : ശ്രീപാര്‍വതിത് ഒരു നോവല്‍ നിരൂപണം അല്ല എന്ന് ആദ്യമേ പറയട്ടെ. എന്‍റെ ഒരു ആദ്യ വായനയില്‍ ഞാന്‍ അനുഭവിച്ച തികച്ചും വ്യക്തി പരമായ അനുഭവങ്ങള്‍ മാത്രമാണിത്. 'ഒരു സങ്കീര്‍ത്തനം പോലെ' വായിച്ചിട്ട് കുറേയായിരിക്കുന്നു, അതിനു മുന്‍പ് വരെ പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരന്‍ എന്റെ ചുരുങ്ങിയ വായനാ ലോകത്ത് എത്തിനോക്കിയിരുന്നില്ല. അന്നയും ദസ്തേവ്സ്കിയും എനിക്കു തുറന്നുതന്നത് ആലീസ് പണ്ടെന്നോ തുറന്നിട്ടിരുന്ന അദ്ഭുതങ്ങളുടേയോ സന്തോഷത്തിന്‍റേയോ ഒക്കെ ലോകമായിരുന്നു.

പ്രണയത്തിന്‍റെ വല്ലാത്തൊരു മാസ്മരികത ഞാന്‍ ദസ്തേ
വ്സ്കിയില്‍ നിന്നറിഞ്ഞു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അന്നയുടെ മുഖമായിരുന്നു എനിക്ക് ആ വായനയ്ക്കു ശേഷം. ദസ്തേവ്സ്കി എന്റെ ഓര്‍മ്മകളെ എരിയിക്കുന്നതായും ഹൃദയത്തെ വല്ലാതെ തുടിപ്പിക്കുന്നതായും ഞാന്‍ മനസ്സിലാക്കി. അതേ ദസ്തേവ്സ്കിയോട് എനിക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു.

വായന തുടങ്ങി ഒറ്റയിരുപ്പിലാണ്, ഞാന്‍ സങ്കീര്‍ത്തനം വായി
ച്ചു തീര്‍ത്തത്. കുറ്റവും ശിക്ഷയുമെഴുതിയ ആ ചൂതാട്ടക്കാരനു ജീവിതം ഞാണിന്‍മേല്‍ കളിയായിരുന്നു. അന്ന ആ ജീവിതത്തിലേയ്ക്ക് കടന്നു വന്നത് തികച്ചും യാദൃച്ഛികമായി.

തീര്‍ത്തും സ്വകാര്യമായ വേദനയാണ്, എഴുത്ത്. പക്ഷെ ഒരു പൂവിനെ നിര്‍ബന്ധിപ്പിച്ച് വിടര്‍ത്തുന്ന പോലെയാണ്, ഒരു കരാറുകാരനു വേണ്ടിയുള്ള എഴുത്ത്. വാക്കുകളുടെ ആധിക്യം മനസ്തോഭമുണ്ടാക്കും. അത്തരം സാഹചര്യമാണ്, അന്നയുടെ കടന്നുവരവൊരുക്കിയത്. ആ നോവല്‍ വായിച്ചുതീരുന്നതുവരെ അന്നയ്ക്ക് എന്റെ മുഖമായിരുന്നു. ഇടയ്ക്കിടെ ദസ്തേവ്സ്കിയെ ആവേശിക്കുന്ന അപസ്മാരത്തില്‍ അദ്ദേഹം തളര്‍ന്നു പോകുമ്പോള്‍ ഒന്നാശ്വസിപ്പിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ ആ വാക്കുകളില്‍ തട്ടി ഹൃദയം മുറിയുകയാണുണ്ടായത്.


മദ്യപിച്ചു കൂടി ഇരിക്കുന്ന നേരമാണെങ്കില്‍ പിന്നെ ജീവന്‍ എരിഞ്ഞടങ്ങുന്ന പ്രതീതി. ദസ്തേവ്സ്കിയെ ഒരു നല്ല മനുഷ്യനായി കാണാനൊന്നും ഒരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല. ഇപ്പോള്‍ അദ്ദേഹം എന്താണോ അങ്ങനെ തന്നെയാണ് അദ്ദേഹത്തെ സ്നേഹിക്കാന്‍ ഞാനാഗ്രഹിച്ചത്. തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളുമായി അദ്ദേഹത്തിന്‍റെ ചെറിയ അടുപ്പം പോലും എന്നില്‍ അസൂയയുണ്ടാക്കി. ഇത്രമാത്രം ഞാന്‍ ജീവിച്ച ഒരു കൃതിയുണ്ടായിട്ടില്ല. വായനയ്ക്കു ശേഷവും ഇത്ര ഓര്‍മ്മയിലേക്ക് തിങ്ങിക്കൂടി കയറിവന്ന കഥാപാത്രങ്ങളും അപൂര്‍വ്വം. സങ്കീര്‍ത്തനം പോലെക്ക് ശേഷം പെരുമ്പടവം എഴുതിയ കൃതികള്‍ എവിടെ കിട്ടിയാലും ഞാന്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു. അത്രയേറെ ആ കൃതിയും ഭാഷയും എന്നില്‍ സ്വാധീനിച്ചത്.

ദുഖകരമെന്ന് പറയട്ടെ, പിന്നീട് അദ്ദേഹത്തിന്‍റേതായി വായിച്ച ഒറ്റ കൃതിയ്ക്കും സങ്കീര്‍ത്തനത്തില്‍ ലഭിച്ച ആ ഊര്‍ജ്ജമുണ്ടായിരുന്നില്ല . ഒരു വാക്കു പോലും മനസ്സിനെ വീര്‍ത്തു പൊട്ടാന്‍ പാകത്തിനാക്കാനുള്ളതായിരുന്നില്ല.

ഒരു ജന്‍മത്തില്‍ ഒരു കലാകാരനു ഒരു മാസ്റ്റര്‍പീസ് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കുന്നു. പക്ഷെ, നോവലിന്റെ കാര്യത്തിലില്ലെങ്കിലും ചെറുകഥകളുടെ കാര്യത്തില്‍ പെരുമ്പടവം ആ ഹൃദയത്തിലെ ദൈവത്തിന്‍റെ കയ്യൊപ്പ് മായ്ക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സങ്കീര്‍ത്തനം പോലെ വായനയ്ക്കു ശേഷമുണ്ടായ രസകരമായ ഒരു കാര്യം ഞാന്‍ എന്റെ പേര് അന്ന എന്ന് പരിഷ്കരിച്ചതാണ്. അങ്ങനെ ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ ഞാനാഗ്രഹിച്ചു. എന്റെ സൗഹൃദങ്ങള്‍ പ്രണയങ്ങളായി മാറാത്തതെന്തെന്നോര്‍ത്ത് വ്യസനിച്ചു. പക്ഷെ ദസ്തേവ്സ്കിക്കു പകരമം ദസ്തേവ്സ്കി മാത്രം എന്ന സത്യത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങള്‍ ഒളിപ്പിച്ചു വച്ചു.

ഏറെക്കാലം അന്നയുടെ ഹൃദയവുമായി ഞാന്‍ നടന്നു. തികച്ചും സ്വപ്നജീവിയായ എനിക്ക് അതു സാദ്ധ്യവുമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളെത്ര കടന്നു പോയി. വികാരങ്ങള്‍ വിചാരങ്ങളായപ്പോഴും അന്നയുടെ ഹൃദയം ഇന്നും എന്റെ നെഞ്ചിലിരുന്ന് തുടിക്കുന്നുണ്ട്. ഭ്രാന്തമായ വികാരങ്ങളില്‍ പെട്ട് നശിച്ചു പോകുമായിരുന്ന ദസ്തേവ്സ്കിയുടെ ഹൃദയവും ഇന്ന് എന്നോടൊപ്പമുണ്ട്. അല്ലെങ്കിലും അന്നയും ദസ്തേവ്സ്കിയുമാണല്ലോ ചേരേണ്ടതും.

"ഒരു സങ്കീര്‍ത്തനം പോലെ" വീണ്ടും ഒരിക്കല്‍ കൂടി വായിക്കാനുള്ള ധൈര്യം എനിക്കുണ്ടായിട്ടില്ല. മനസ്സിലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാന്‍ മോഹമില്ലാത്തതുകൊണ്ട് മാത്രമാണ് വായിക്കാത്തത്. കടന്നുപോയ വര്‍ഷങ്ങള്‍ എന്നിലെ വികാരങ്ങളെ മാറ്റിയേക്കുമോ എന്ന് ഭയം. എന്തിനിനിയും ഒരു പുനര്‍വായന? അന്നയും ദസ്തേവ്സ്കിയും എന്റെ ഒപ്പമുണ്ടല്ലോ, പ്രണയത്തിനു പുതിയ ഭാവങ്ങള്‍ നല്‍കിക്കൊണ്ട്. അതുമതി, വായന പൂര്‍ണ്ണമാകാൻ‍.

12 comments:

 1. പ്രിയ ശ്രീപാര്‍വതി, തിരഞ്ഞടുത്ത പുസ്തകം മികച്ചതായി.. ആശംസകള്‍.. :) സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ ആണ് ആദ്യമായി പെരുമ്പടവത്തിന്റെ "ഒരു സങ്കീര്‍ത്തനം പോലെ" വായിക്കുന്നത്. അന്ന് സത്യത്തില്‍ ഒന്നും മനസ്സിലായില്ല എന്ന് മാത്രം അല്ല, താല്പര്യക്കുറവ് മൂലം വായനയും മുഴുമിപ്പിച്ചില്ല.. പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഈ നോവലും ഉണ്ടായിരുന്നു പഠിക്കാന്‍. ഇതിലൂടെ ആണ് സത്യത്തില്‍ ഫിയോദർ ദസ്തയേവ്‌സ്കിയെന്ന ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ എഴുത്തുകാരനെ കൂടുതല്‍ അറിയുന്നത്, പിന്നീട് അദ്ധേഹത്തിന്റെ നോവലുകള്‍ വായിക്കാന്‍ പ്രേരണ ലഭിച്ചതും. ചൂതാട്ടവും, മദ്യവും, പ്രസാധകന്റെ ഭീഷണിയും മൂലം താളം തെറ്റിയ എഴുത്തുകാരനും, അദ്ധേഹത്തിനു പ്രണയ സ്വാന്തനം ഏകിയ സ്റെനോഗ്രാഫര്‍ അന്നയും, പ്രണയത്തിന്റെ വിരുദ്ധ ഭാവങ്ങള്‍ പിറന്ന സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ആ വീടും, വേലക്കാരി ഫെദോസ്യയും എല്ലാം ഇപ്പോഴും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു. കയ്യിലെ കാശെല്ലാം ചൂതുകളിച്ചു തുലച്ചു അവസാനം ദൈവത്തോടുള്ള അദ്ദേഹം പരിഭവിക്കുന്നുണ്ട്.. "ഹൃദയത്തില്‍ നന്മകള്‍ മാത്രം സൂക്ഷിക്കുന്ന ഒരാള്‍ക്ക്‌ തോല്‍വി മാത്രം ആണോ ജീവിതത്തില്‍ നല്‍കുന്നത്, എന്താണ് മനുഷ്യനെ തിന്മ ചെയ്യാന്‍ ആയി പ്രേരിപ്പിക്കുന്നത്, അങ്ങേക്ക്‌ ഇപ്പോള്‍ സത്യത്തില്‍ തോന്നുന്നില്ലേ ഈ ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്നൊക്കെ, മനുഷ്യന്‍ ചെയ്യുന്ന നന്മയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അങ്ങ് തിന്മയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്നതെന്തിനാണ്?, മനുഷ്യന് ഈ ദൌര്‍ബല്യങ്ങള്‍ നല്‍കിയതും അങ്ങുതന്നെ അല്ലെ?. ജീവിതം ഒരു ചൂതുകളി തന്നെ ആണ്, അവസാനം നമ്മള്‍ കളിയുടെ ലാഭനഷ്ട കണക്കുകള്‍ പരിശോധിക്കുന്നു, അതില്‍ എല്ലാ വികാരവിചാരങ്ങളും അടങ്ങിയിട്ടുണ്ട്. പകയും, വഞ്ചനയും, ചതിയും, സ്നേഹവും, രതിയും, വ്യാമോഹവും, നിരാശയും, തോല്‍വിയും, മരണവും എല്ലാം.. ഒരു ലക്ഷത്തില്‍ അധികം കോപ്പികള്‍ അച്ചടിച്ച പുസ്തകം ആണ് "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവല്‍. പുനര്‍വായന ആവശ്യപ്പെടുന്നത് ഈ പുസ്തകം അല്ല, ഫിയോദർ ദസ്തയേവ്‌സ്കിതന്നെയാണ്... അക്ഷരങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും ഒരു പോലെ ചൂതാട്ടം നടത്തിയ എഴുത്തുകാരന്‍ തന്നെയാണ്...

  ReplyDelete
 2. പുസ്തക വിചാരത്തില്‍ പരിചയപ്പെടുത്താറുള്ള
  പുസ്തകങ്ങളില്‍, മിക്കവയും ഞാന്‍ വായിക്കാത്തവ
  ആയിരിക്കും.പക്ഷെ ഇത് നാട്ടിലുണ്ടായിരുന്നപ്പോള്‍
  വായിച്ചിട്ടുള്ള നല്ല നോവലുകളില്‍ ഒന്നാണ്.
  പെരുമ്പടവം എഴുതിയ വേറെ ഒന്നും വായിക്കാന്‍
  എനിക്ക് ഭാഗ്യം ഉണ്ടായിട്ടില്ല.
  പുസ്തകവിചാരത്തില്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയത്തിനു
  അഭിനന്ദനങ്ങള്‍.....

  ReplyDelete
 3. നന്നേ ചെറുപ്പത്തിലെ ആണ് ഞാന്‍ 'ഒരു സങ്കീര്‍ത്തനം പോലെ' വായിക്കുന്നത്.
  അന്നേ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ഒരു മഹത്തായ സൃഷ്ടി ആണ് ഈ പുസ്തകം..
  ഫയദോര്‍ ദാസ്ടയോവ്സ്കിയെക്കാളും എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയ കഥാപാത്രം അന്നയാണ്..

  ശ്രീപാര്‍വതി ഇവിടെ പങ്കുവെച്ച അനുഭവങ്ങള്‍, ഈ പുസ്തകം വായിക്കുന്ന ഒട്ടു മിക്കപേര്‍ക്കും ഉണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു..
  അത്രയ്ക്ക് മനോഹരമായി പെരുമ്പടവം അതെഴുതിയിരിക്കുന്നു..
  ശ്രീപാര്‍വതി, പുസ്തകം വായിച്ച അനുഭവം വളരെ നല്ല രീതിയില്‍ പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു...
  അഭിനന്ദനങ്ങള്‍.. ആശംസകള്‍..

  ReplyDelete
 4. ഞാനും 'സങ്കീര്‍ത്തനം' വായിച്ചിട്ട് കാലമേറെ കഴിഞ്ഞു... തുടക്കത്തില്‍ ബോറടിയോടെ ആണ് തുടങ്ങിയതെങ്കിലും വളരെ വേഗം ആ ബോറടി മാറി, മാത്രമല്ല... ഒറ്റയിരുപ്പിന് മുഴുവനും വായിച്ച ശേഷമാണ് നിര്‍ത്തിയത്.

  ReplyDelete
 5. വായിക്കണമെന്ന് ഒരു പാട് ആഗ്രഹിച്ചിട്ടും, പലപ്പോഴും വായിക്കാന്‍ കഴിയാതെ പോയ പല നോവലുകളും ഉണ്ട്. വളരെ ഏറെ ഖേദത്തോടെ പറയട്ടെ അതില്‍ ഒരു പുസ്തകമാണ് ഒരു സങ്കീര്‍ത്തനം പോലെ .

  ReplyDelete
 6. വായനാനുഭവം നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ.

  ReplyDelete
 7. ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പ്! ചില ചെറുകഥകളിലും പെരുമ്പടവത്തിന്റെ ഈ കൈയൊപ്പ് കാണാറുണ്ട്, പാർവ്വതി പറഞ്ഞതുപൊലെ, പെരുമ്പടവത്തിന്റെ മറ്റൊരു നോവലിലും ഇത്തരമൊരു അനുഭവം ഞാൻ കണ്ടിട്ടില്ല. ഞാൻ പലയാ‍ാവർത്തി വായിച്ച പുസ്തകം !

  ReplyDelete
 8. വര്‍ഷങ്ങള്‍ക്കു മുന്പ് വായിച്ച പുസ്തകമാണ്. ഇപ്പോഴും ആ വായനയുടെ സുഖം ഓര്‍ത്തു ആസ്വതിക്കാറുണ്ട്. ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ്! ആ വാചകം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?

  ReplyDelete
 9. ഇതു ഒരു നല്ല നോവല്‍ ആണെങ്കിലും എഴുത്തില്‍ ഒരു ഒഴുക്ക് ഇല്ല.നല്ല ചില വാചകങ്ങള്‍ക്ക് ശേഷം കുറച്ചു പ്യ്ങ്കിളി ടൈപ്പ് വാചകങ്ങള്‍ കാണാം.എഡിറ്റ്‌ ചെയ്തു കുറച്ച് ചെറുത്‌ ആക്കാമായിരുന്നു കാരണം കുറെയൊക്കെ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതായി കാണാം

  ReplyDelete
 10. വലിയൊരു മനുഷ്യനെപ്പറ്റിയുള്ള ഒരു ജീവചരിത്രനോവല്‍ ആവുമ്പോള്‍ നാം ഒരുപാട് പ്രതീക്ഷയോടെയാവും വായിക്കുക. പ്രത്യേകിച്ച് ഒരുപാട് പേര്‍ പാടിപ്പുകഴ്ത്തിയ ഒന്നാണ് അതെന്നിരിക്കെ. എന്നാല്‍ എനിക്ക് തോന്നിയത് ഈ നോവല്‍ പലയിടത്തും നല്ല അസ്സല്‍ ഉഗ്രന്‍ പൈങ്കിളിയാണെന്നാണ്. പ്രത്യേകിച്ചും അവസാന ഭാഗം , അവസാനവരികള്‍ വായിച്ചാല്‍ ഓക്കാനം വരും .

  ഒരു കാര്യം കൂടി.
  മറ്റുള്ളവന്റെ കയ്യില്‍ നിന്നും പുസ്ത്കങ്ങള്‍ കക്കുന്ന സ്വഭാവം ഉള്ള ഞാന്‍ സ്വന്തം ഉപയോഗത്തിനായി വാങ്ങിച്ച ചുരുക്കം ചില പുസ്തകങ്ങളേ പൂര്‍ണമനസ്സോടെ വാരിക്കൊടുത്തിട്ടുള്ളൂ. അതില്‍ ഒന്നാം സ്ഥാനം ഈയുള്ളതിനാവുന്നു.

  ReplyDelete
 11. anna ennu thanne njan vilikkunnu
  enikkum ee noval vayichadinu shesham endo oru nombaram manasine thalarthiyirunnu

  ad asthamikadirikkan book shelphil kanunnidathu thanne njan ad pradishttichu

  njanum pinne perubadavathinde srishttikal thirajju pidikkumayirunnu pakshe adilonnum daivathinde kai oppu undayirunnilla

  ippoyum thanichanannu thonubol njan adedukkarundu. adile kadhapathrathinde vedanayiloode swayam illadavan sramikkarund

  raihan7.blogspot.com

  ReplyDelete
 12. ഞാന്‍ എന്റെ ബൈബിള്‍ എന്ന് വിശ്വസിക്കുന്ന പുസ്തകം.....


  ഓരോ അധ്യായങ്ങളും എന്റെ മനസ്സില്‍ കുറിച്ചിട്ടിരിക്കുന്നു..

  ഇതിലൂടെയാണ് ഞാന്‍ ദേസതെവിസ്കി എന്നാ മഹാനെ അറിഞ്ഞത്...

  ഇതിനു ശേഷമാണ് ഞാന്‍ ചൂതാട്ടക്കാരനും കുറ്റവും ശിക്ഷയും ഒക്കെ തേടിപ്പിടിച്ച്

  വായിക്കുന്നത്.....

  ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആ മാഹന്റെയും വാര്‍ധക്യ കാലത്ത്

  അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അന്നയുടെയും കഥ പെരുമ്പടവത്തിന്റെ

  ഒരു മാസ്റ്റര്‍ പീസ് ആണെന്നതില്‍ സംശയമില്ല...

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?