Thursday, March 24, 2011

ചെകുത്താന്‍ കുരിശുവരയ്‌ക്കുന്നു

പുസ്തകം : ചെകുത്താന്‍ കുരിശുവരയ്‌ക്കുന്നു
രചയിതാവ് : സിജു രാജാക്കാട്‌
പ്രസാധനം : പരിധി പബ്ലിക്കേഷന്‍സ്‌
അവലോകനം : ജയ്‌നി
കുരിശു കണ്ടാല്‍ ഭയന്നോടുന്ന ചെകുത്താന്‍ കുരിശു വരച്ചാല്‍ അവസ്ഥയെന്താകും.? കുരിശു വരക്കുന്നവരുടെയും കുരിശു വരപ്പിക്കുന്നവരുടെയും അന്തരംഗത്തില്‍ കുടികൊള്ളുന്ന ചെകുത്താനും ദൈവവും നേര്‍ക്കുനേര്‍ സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍ പാരമ്പര്യബിംബങ്ങള്‍ തകര്‍ന്നു വീഴുന്നു. ദൈവിക പരിവേഷത്തിന്റെ വെള്ളയടിച്ച മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നു. ഒരു മുന്‍സെമിനാരി വിദ്യാര്‍ത്ഥിയുടെ ഭാവനയും അനുഭവവും ഇടകലര്‍ന്ന്‌ മനോഹരമായ സത്യത്തിന്റെ വികൃതമായ മുഖം ദൃശ്യമാകുന്ന ഒരപൂര്‍വ്വ കൃതിയാണ്‌ `ചെകുത്താന്‍ കുരിശു വരയ്‌ക്കുന്നു' എന്ന നോവല്‍. ക്രിസ്‌തുനിഷേധകരെ നിഷേധിക്കുന്ന നോവലിസ്റ്റ്‌ കാലത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നവരെ വിചാരണ ചെയ്യുകയും ചെയ്യുന്നു. കാലത്തോടൊപ്പം സഞ്ചരിക്കുന്ന ഈ കൃതി കാലത്തെ കീറിമുറിച്ചുകൊണ്ട്‌ കാലത്തിനു മുമ്പേ പായുമ്പോള്‍ മാജിക്‌ റിയലിസവും ക്രിട്ടിക്കല്‍ റിയലിസവും ശാസ്‌ത്രാഖ്യാനവും കാല്‍പനികതയും ഒരുമിച്ചു ചേര്‍ന്ന്‌ ഒരു പുതിയ സാഹിത്യസങ്കേതം കൂടി ഈ നോവലിലൂടെ പിറന്നു വീഴുന്നു എന്നതാണ്‌ ഇതിന്റെ ചരിത്രപരമായ പ്രത്യേകത. വിവാദങ്ങള്‍ സൃഷ്‌ടിക്കാത്ത ഈ കൃതി വായനക്കാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതു തന്നെയാണ്‌ ഇതിന്റെ പ്രസക്തി. പലരും തുറന്നു ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന പല യാഥാര്‍ത്ഥ്യങ്ങളും ഇതിലുണ്ട്‌. അതുകൊണ്ട്‌ ഉമിത്തീ പോലെ ഇതു അനുവാചകരുടെ ഹൃദയത്തില്‍ നീറിപ്പിടിക്കും എന്നുറപ്പാണ്‌.

പ്രണയവും വിപ്ലവവും ഇടകലര്‍ന്നു കിടക്കുന്ന വിഷയമായതുകൊണ്ടു തന്നെ പ്രണയത്തിലൂടെ വിപ്ലവത്തിന്റെ കനലുകള്‍ ഊതിക്കാച്ചുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. ഇതിനിടെ പ്രണയവും പ്രണയസന്ദര്‍ഭങ്ങളും അസാധാരണവും അപൂര്‍വ്വവുമാണ്‌. അതേസമയം ഒരു കൗമാരക്കാരന്റെ അടിച്ചമര്‍ത്തപ്പെട്ട പ്രണയം, ലൈംഗികതയുമായി ഇടകലര്‍ന്ന്‌ അല്‍പം അതിവൈകാരികമായിതന്നെയാണ്‌ നോവലില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഒരു കന്യാസ്‌ത്രീയുടെ പ്രണയവും ജീവിതവുമാണ്‌ ചെകുത്താന്‍ കുരിശുവരയ്‌ക്കുന്നു എന്ന നോവല്‍. പ്രകാശിതയെന്ന കന്യാസ്‌ത്രീയായ കഥാനായിക പ്രണയിക്കുന്നതാകട്ടെ തന്റെ സഹപാഠിയായ അനശ്വര്‍ എന്ന സെമിനാരി വിദ്യാര്‍ത്ഥിയെയും. ആത്മീയപിതാവും നിയുക്തമെത്രാനുമായ വൈദികന്‍ വില്ലന്‍ പരിവേഷമണിഞ്ഞെത്തുന്നിടത്താണ്‌ നോവലിന്റെ നാടകീയത അന്തര്‍ഭവിക്കുന്നത്‌. ഇവിടെ അധികാരരൂപങ്ങളോടുള്ള അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധമാണ്‌ മനഃശാസ്‌ത്രപരമായി തലയുയര്‍ത്തി നില്‍ക്കുന്നതെന്നു പറയാം. ആത്മീയപിതാവു തന്നെ തന്റെ ആത്മീയമകളായ പ്രകാശിതയെ മാനഭംഗപ്പെടുത്തിയത്‌ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത അവസരോചിതമായി തലപൊക്കിയതുകൊണ്ടാണെന്നു ചിന്തിച്ചാല്‍തന്നെയും അവളെ അതിവിദഗ്‌ധമായി മരണത്തിലേക്കു തള്ളിവിടുമ്പോള്‍ ക്രിസ്‌തുവിന്റെ പ്രതിപുരുഷനെന്നു മുദ്രചാര്‍ത്തപ്പെട്ടയാളുടെയുള്ളിലെ കുടിലതയും പൈശാചികതയും മറ നീക്കി പുറത്തുവരികയാണ്‌. ക്രിസ്‌തുവിന്റെ വിമോചന സ്വപ്‌നങ്ങളില്‍ ആകൃഷ്‌ടരായി സന്യാസത്തിലേക്കു പ്രവേശിക്കുന്ന യുവാക്കള്‍ താത്വികമായി തങ്ങള്‍ ക്രിസ്‌തുവിനെ ഒറ്റുകൊടുക്കുന്നവരുടെയും ക്രൂശിച്ചവരുടെയും പ്രതിനിധികളാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ നിരാശരാകുന്നു. ആ നിരാശ ഉള്ളിലൊതുക്കി ചിലര്‍ വൈദികരാകുമ്പോള്‍, ചിലര്‍ റിബലുകളാകുന്നു. തങ്ങളുടെയുള്ളിലെ റിബലിസമാണ്‌ പ്രകാശിതയേയും അനശ്വറിനെയും പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. എത്രയൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രണയം മനുഷ്യനില്‍ നിന്നു പറിച്ചു മാറ്റാന്‍ കഴിയാത്ത വൈകാരികാനുഭവമാണെന്നു സമര്‍ഥിക്കുകകൂടി ചെയ്യുകയാണ്‌ നോവലിസ്റ്റ്‌. സന്യാസവും പൗരോഹിത്യവും കാലത്തിനു യോജിക്കാത്തതാണെന്നും അതുപേക്ഷിക്കുക തന്നെയാണ്‌ പോംവഴിയെന്നും ഉറക്കെപ്പറയുന്നതിന്‌ ഗ്രന്ഥകര്‍ത്താവ്‌ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ അനശ്വര്‍ എന്ന നായകന്റെ നാവിനെ ഉപയോഗിക്കുന്നുണ്ട്‌. `ഞാനീ കലപ്പയില്‍ നിന്നും കൈ പിന്‍വലിക്കുന്നു. ഈ കലപ്പ തലമുറകളോടു ചെയ്‌ത ക്രൂരതകള്‍ നിമിത്തം ദുഷിച്ചിരിക്കുന്നു. ഇതുകൊണ്ട്‌ എത്ര ഉഴുതുമറിച്ചാലും നിലം ഫലം തരികയില്ല' പുരുഷാധിപത്യപൗരോഹിത്യത്തെ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോഴും കന്യാസ്‌ത്രീകളെ ഇരകള്‍ ആയിട്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ അവതരിപ്പിക്കുന്നത്‌. കന്യാസ്‌ത്രീകള്‍ക്കുള്ളില്‍ കുടികൊള്ളുന്ന നന്മയും മനുഷ്യത്വവും വളരെ ഭംഗിയായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അങ്ങേയറ്റം വിജയിച്ചിരിക്കുന്നു എന്നു പറയാം. ക്യാമ്പസിനെയും കോളേജ്‌ ലൈബ്രറിയെയും അദ്ദേഹം ചരിത്രത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ അതിമനോഹരമായി എന്നു പറയാം. ഇതിലെ കഥാപാത്രങ്ങള്‍ തത്വശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ സംഭാഷണങ്ങളില്‍ ധാരാളം യാന്ത്രികത കടന്നു വന്നിട്ടുണ്ട്‌. അത്‌ ചിലയിടങ്ങളില്‍ വായനയെ അല്‍പം വിരസമാക്കി തീര്‍ക്കുന്നുണ്ട്‌ താനും.

വിമോചനപരമായി ബൈബിള്‍ കഴിഞ്ഞാല്‍ പിന്നെ വി.ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ എന്ന കൃതിയോട്‌ രാഷ്‌ട്രീയമായി ഈ കൃതി ഒട്ടി നില്‍ക്കുന്നു എന്നു പറയാം. സ്‌ത്രീകളുടെ വിമോചനമാണ്‌ വി.ടി ലക്ഷ്യമാക്കിയതെങ്കില്‍ കന്യാസ്‌ത്രീകളുടെ വിമോചനം സിജു രാജാക്കാട്‌ ലക്ഷ്യമാക്കുന്നു. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ നായകകഥാപാത്രത്തോടുള്ള രാഷ്‌ട്രീയവും ചരിത്രപരവുമായ മറുപടി കൂടിയാണ്‌ ഈ നോവല്‍. ഖസാക്കില്‍ രവി എന്ന വഴിപിഴച്ച നായകന്‍ സ്വയം ദുരന്തത്തില്‍ ചെന്നെത്തുമ്പോള്‍ യുവാക്കള്‍ അസ്‌തിത്വചിന്തയില്‍ നിരാശരാകുന്നു. രവി ബസു കാത്തു കിടക്കുമ്പോള്‍ ഈ നോവലിലെ നായകനായ അദ്ധ്യാപകന്‍ ബസില്‍ യാത്ര ചെയ്യുകയാണ്‌ പുതിയൊരു ജീവിതപോരാട്ടപന്ഥാവിലേക്ക്‌. അതുതന്നെയാണ്‌ ഈ കൃതിയുടെ വ്യതിരിക്തതയും. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം അല്‍പം സാവധാനത്തിലാണെങ്കിലും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുകയെന്ന ചരിത്രപരമായ ദൗത്യത്തിന്‌ ആക്കം കൂട്ടുന്നതില്‍ സഹായകരമാകും എന്നതില്‍ സംശയമില്ല.

2 comments:

  1. വായിച്ചു നോക്കട്ടെ

    ReplyDelete
  2. ഈ പരിചയപ്പെടുത്തല്‍ ഇഷ്ട്ടമായി, പുസ്തകവും.... നന്ദി ജയ്‌നി,
    മനോഹരമായ സത്യത്തിന്റെ വികൃതമായ മുഖം!!!

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?