Monday, August 1, 2011

നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി

പുസ്തകം : നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
രചയിതാവ് : നിര്‍മ്മല
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : കരുണാകരന്‍




'പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ'
(നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന്‌ കരുണാകരന്‍ എഴുതിയ അവതാരിക.)

ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനുള്ള ഭാഷയായി തന്നെ കഥ ഉരുതിരിഞ്ഞു കിട്ടുമ്പോള്‍, ഒരാള്‍ക്ക്‌, കഥ തന്നെ, ഓര്‍ക്കാനും ഉപേക്ഷിക്കാനും വീണ്ടും വരാനുള്ള ഒരിടം കൂടിയാകുന്നു- അയാള്‍ നിര്‍മ്മിക്കുന്ന സ്ഥലം. ജീവിതത്തെ കാംഷിക്കുന്ന, ഭൂമിയും, ആകാശവും, വായുവുമുള്ള ഒരാവാസവ്യവസ്ഥ; കഥകള്‍ അങ്ങനെയാണ്‌ ഒരാള്‍ക്ക്‌ സാദ്ധ്യമാവുന്നത്‌. ഓര്‍മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഭാവിയെ വീണ്ടെടുത്തുകൊണ്ട്‌ എല്ലാ പ്രവചനസാദ്ധ്യതകളെയും കഥ ആദ്യമേ വേണ്ടെന്നു വെക്കുന്നു. അലൗകികങ്ങളായ എല്ലാ കല്‍പനകളെയും ഉപേക്ഷിച്ച്‌, ഒരാള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക്‌ എവിടെ നിന്നോ പറന്നുവീണ വസ്ത്രം പോലെ,കഥ അതിന്റെ ശരീരത്തെക്കുറിച്ച്‌ ഊഹിക്കാന്‍ ഒരാളെ അനുവദിക്കുന്നു. അങ്ങനെ ഭാവി മാത്രമല്ല, ഭൂതവും വര്‍ത്തമാനവും പ്രവചിക്കപ്പെടുന്നു. പഴയൊരു ഗുഹാമുഖത്ത്‌ നിന്ന് പുതിയൊരു മെട്രോവിലേക്കും തിരിച്ചുമുള്ള ആ 'പറച്ചിലി'ന്റെ സഞ്ചാരപഥങ്ങള്‍, ആവാസകേന്ദ്രങ്ങള്‍, നിങ്ങളെ ആശ്ചര്യപ്പെടുത്തുമെങ്കിലും കഥയ്ക്ക്‌ വലിയ ഊഴങ്ങളൊന്നുമില്ല. അതു പാര്‍ക്കുന്ന സമൂഹത്തെപ്പോലെ, അതു പാര്‍ക്കുന്ന ഭാഷപോലെ,അല്‍ഭുതപ്രവൃത്തികള്‍ക്ക്‌ കഥയും കാതോര്‍ക്കുന്നുവെങ്കിലും അത്രയും സാധാരണമായ ജീവിതത്തെപ്പറ്റി തന്നെ കഥ 'കഥയുണ്ടാക്കി പറയുന്നു'.

നിര്‍മ്മലയുടെ കഥകള്‍, അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങള്‍ നമുക്കു വിവരിക്കാനാകും. നമ്മുടെ ഭാഷ, നമ്മുടെ ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ ദിനങ്ങള്‍ ഈ കഥകളിലുണ്ട്‌. ജീവിതത്തില്‍ കഥയെ തിരയുന്ന എക്കാലത്തെയും അലയല്‍ എല്ലാ കഥാകൃത്തുക്കളുടെയും തലവര പോലെ ഈ കഥകളിലുമുണ്ട്‌. കഥയില്‍ ജീവിതത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ്‌ ഈ കഥകളെയും അര്‍ഥവത്താക്കുന്നത്‌. അതേസമയം കഥകളില്‍ പലതിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതികലോകം മലയാളത്തിന്റെ പൊതുവായ തീര്‍ച്ചകളില്‍ നാം പരിചയപ്പെട്ട ആവാസവ്യവസ്ഥയെ വേറൊരു തലത്തില്‍ കണ്ടുമുട്ടുന്നുമുണ്ട്‌.അതില്‍ പ്രധാനമായും മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍ (മുന്‍കരുതലുകള്‍) ഒരു പാശ്ചാത്യസമൂഹത്തിന്റെ (ഉത്തര അമേരിക്കന്‍)സാംസ്കാരിക സംജ്ഞകളുമായി നേര്‍ക്കുനേര്‍ നിര്‍ത്തുന്നതാണ്‌. അങ്ങനെയൊരു നീക്കം എന്തായാലും നിര്‍മ്മലയുടെ കഥകളില്‍ പലതിലുമുണ്ട്‌. ഈ കഥകള്‍, അങ്ങനെ അവ നേരിടുന്ന ജീവിതവ്യവസ്ഥകള്‍ക്കകത്ത്‌ തന്നെ കുറേക്കൂടി സഹ്യമായ മൂല്യങ്ങളിലേക്കും ജീവിതത്തിലേക്കും തിരിയുന്നു. ജീവിതത്തെ സഹ്യമാക്കുക എന്നതിനപ്പുറം ആ പരീക്ഷണങ്ങളുടെ സാധുതയെ ഈ കഥകള്‍ മറ്റെന്തെങ്കിലുമായി അവതരിപ്പിക്കാന്‍ വിസമ്മതിക്കുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ചില പരിഷ്കരണ ശ്രമങ്ങളോടെ ബന്ധങ്ങളെ പരിശോധിക്കുകയോ വീണ്ടും സന്ദര്‍ശിക്കുകയോ ചെയ്യുന്നു.

ഈ നിരീക്ഷണത്തോട്‌ അനുഭാവം തോന്നുന്ന, വളരെ പ്രാതിനിദ്ധ്യമുള്ള രണ്ടു കഥകളിലൂടെയും, ഒപ്പം ഇതേ ഭാവനയ്ക്കു പുറത്ത്‌ നിര്‍മ്മിച്ച ലോകം കഥയില്‍ എങ്ങനെ കടന്നുവന്നു എന്നു നിരീക്ഷിക്കുന്ന മൂന്നാമത്തെ കഥയിലൂടെയും കുറച്ചുകൂടി സഞ്ചരിക്കുക മാത്രമേ ഈ കുറിപ്പു ചെയ്യുന്നുള്ളൂ. മറ്റു കഥകളുടെ സൂക്ഷ്മ ജീവിതങ്ങള്‍ സ്പര്‍ശിച്ചില്ലെന്ന ക്ഷമാപണത്തോടെ.

'നഷ്‌ടപ്പെടുവാന്‍' എന്ന കഥയില്‍ ലീന പ്രവേശിക്കുന്നത്‌ അച്ചനോട്‌ ചില കാര്യങ്ങള്‍ പറയാനും ഉപദേശം വാങ്ങാനുമാണ്‌. അവളുടെ ഭര്‍ത്താവ്‌, പ്രതാപ്‌ അവളേയും കുഞ്ഞുങ്ങളേയും അയാളുടെ ഹിംസ കൊണ്ടും, വഴിവിട്ട ജീവിതം കൊണ്ടും ഭയപ്പെടുത്തുന്നു. ഭയമാണ്‌ ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നത്‌. വടക്കെ അമേരിക്കയില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും മര്‍ദ്ദിക്കുന്നവന്‌ ജയില്‍ ശിക്ഷവരെ കിട്ടും. നിയമത്തിലേക്ക്‌ അയാളെ ചേര്‍ത്തു നിര്‍ത്തുകയേ വേണ്ടൂ. അയാള്‍ക്കു കിട്ടുന്ന ശിക്ഷ ചിലപ്പോള്‍ മാസങ്ങള്‍ മാത്രമായിരിക്കും. വീണ്ടും അയാള്‍ മടങ്ങിവന്നുവെന്നു വരാം. എങ്കിലും അവള്‍ പാര്‍ക്കുന്ന സമൂഹം ക്രൂരമായ ശിക്ഷയായിരിക്കും അവള്‍ക്ക്‌ വിധിക്കുക. ലീന ആ നിയമക്കോട്ടയിലേക്ക്‌ പോകുന്നതിനുപകരം പള്ളിയില്‍ വന്നു. ലീന അച്ചനോടും ഇതൊക്കെ പറയാന്‍ തന്നെയാണു വന്നത്‌.അവളുടെ ഒരു തീരുമാനത്തില്‍ അച്ചനോട്‌ ഉപദേശം ചോദിക്കാന്‍. പക്ഷെ ലീന എത്തുമ്പോള്‍ അച്ചന്‍ വലിയൊരു കുടുക്കിലാണ്‌. വിശ്വാസികളുടെ തര്‍ക്കത്തില്‍ പള്ളി പിളരുമെന്ന അവസ്ഥയില്‍. ആ കലഹത്തില്‍, അയാള്‍ക്ക്‌ അവളെ കേള്‍ക്കാനേ സമയമില്ല. അല്ലെങ്കിലും ലീന എന്തിനാണ്‌ വന്നിരിക്കുന്നതെന്ന് അച്ചനറിയാം. അതിനാല്‍, 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതെന്നല്ലേ മോളേ വിശുദ്ധ പുസ്തകത്തില്‍ പറയുന്നത്‌' എന്നു ചോദിച്ച്‌ അവളെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയേ വേണ്ടൂ. എന്നാല്‍, ഇന്ന് അങ്ങനെ പറയാനോ അവളെ കേള്‍ക്കാനോ അച്ചനു സമയമില്ല.

അച്ചനോട്‌ ഒന്നും ചോദിക്കാനാകാതെ, ആ കലഹങ്ങളിലൊന്നും ചെന്നു പെടാതെ, തന്റെ ഭയത്തെ തന്നെ വീണ്ടും ചെന്നു നോക്കാന്‍ ലീന അവിടെത്തന്നെ ഇരുന്നു. മുപ്പതു വര്‍ഷത്തെ തന്റെ ശീലമനുസരിച്ച്‌ 'ദൈവമേ നീ എന്നോട്‌ സംസാരിക്കുക' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അവള്‍ വേദപുസ്തകം തുറന്നു. 'നിന്റെ കൈയ്യോ കാലോ നിനക്ക്‌ ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞു കളക; രണ്ടു കൈയ്യും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനേക്കാള്‍ അംഗവിഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നത്‌ നിനക്കു നന്ന്' എന്ന സുവിശേഷ വരികള്‍ അവള്‍ക്കു തെളിയുന്നു. ലീന ആഗ്രഹിക്കുന്നത്‌ ഭയമില്ലാതെ ജീവിക്കുക എന്നാണ്‌. ഭയമില്ലാതിരിക്കുക എന്നാല്‍ സ്വാതന്ത്ര്യത്തെ അനുഭവിക്കുക എന്നും. അത്‌ ലീന ജീവിക്കുന്ന മൂല്യവ്യവസ്ഥകള്‍ക്കുള്ളില്‍ (മതം, പള്ളി, ബന്ധുക്കള്‍) അസാദ്ധ്യവുമാണ്‌. പള്ളിയെ(അച്ചനെയും) ഗ്രസിച്ച വേറൊരു ഭയത്തെ(പള്ളി പിളരുമോ?)ലീന നിരാകരിക്കുന്നത്‌ അതിന്റെ നടത്തിപ്പിലെ പ്രകടനപരങ്ങളായ എല്ലാ ഭൗതികാവശ്യങ്ങളോടും വിമുഖയായാണ്‌. അത്‌, വേദനയില്‍ നിന്നകന്നുപോയ ഒരു സ്ഥാപനമാണ്‌ എന്ന് മനസ്സിലാക്കുന്നത്‌ ഓരോ സന്ദര്‍ശനത്തിലും എരിഞ്ഞു തീര്‍ന്നുകൊണ്ടാണ്‌. വിശുദ്ധപുസ്തകം അടച്ചുവെച്ച്‌ അവള്‍ പള്ളിയില്‍ നിന്നും പുറത്തുകടന്നിരിക്കുക എങ്ങനെ എന്നു കഥ പറയുന്നില്ല. എന്നാല്‍ ജീവിതത്തില്‍ കഥ കണ്ടെത്തുന്ന ഇടം സ്വഛവും ശാന്തവുമായ ഒരു ജീവിതത്തെ ആഗ്രഹിക്കുക എന്നാല്‍ ആന്തരികമായ ചില തിരുത്തലുകളിലേക്ക്‌ (തീരുമാനങ്ങളിലേക്കും) എത്തുക എന്നതാണെന്ന് നാം മനസ്സിലാക്കുന്നു.

ലീന പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ നിയമങ്ങള്‍ അവളുടെ ഭര്‍ത്താവിന്റെ ഹിംസയില്‍നിന്നും അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കും അത്‌, ആധുനികമായ ഒരു മൂല്യസംഹിതയുടെ ഭാഗം പോലുമാണ്‌.ആ നിയമത്തിന്റെ അര്‍ത്ഥം ജീവിതത്തെ സഹ്യമാക്കുക എന്നാണ്‌. എന്നാല്‍, പള്ളിയും ദൈവവുമായുള്ള തന്റെ ജീവിതത്തെ, ദൈവവുമായി തന്നെ അഭിമുഖീകരിക്കാന്‍, ലീന അടുപ്പിച്ചു നിര്‍ത്തുന്നു. അവള്‍ ദൈവത്തോട്‌ വേറെ വഴിയില്ലേ എന്നു ചോദിക്കുന്നു. ദൈവം അവളോട്‌ മോളേ ഞാനിങ്ങനെ പറഞ്ഞതല്ലേ എന്ന് അവളുടെ വിരലുകള്‍ പിടിച്ച്‌ വേദപുസ്തകത്തിലെ തന്റെ നിയമങ്ങള്‍ കാണിച്ചു കൊടുക്കുന്നു.

വേറൊരു കഥയില്‍ ( ചില തീരുമാനങ്ങള്‍) മറ്റൊരു ബന്ധം, ഏതു ബന്ധങ്ങളിലെയും പോലെ വൈകാരികമായ ഒരാവശ്യത്തിലേക്കുകൂടി നീങ്ങുമ്പോള്‍, ഒരാളുടെ ജീവിതം മറ്റു പല ജീവിതങ്ങളും സ്വസ്ഥമാവാന്‍ ആഗ്രഹിക്കുന്ന സ്ഥലമായും തീരുന്നു.

എല്ലാ വര്‍ഷവും തണുപ്പു തുടങ്ങുമ്പോള്‍ കാനഡയില്‍ ഫ്ലൂ പടരും, കഠിനമായ ആസ്തമയുമായി. യൗവ്വനത്തിലൂടെ ര്‍ദ്ധക്യത്തിലേക്കെത്തിയ അമ്മയ്ക്ക്‌ ഫ്ലൂ വന്നതോടെ ശ്വാസം വിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായി. ഫ്ലൂ തളര്‍ത്തി കളഞ്ഞ ശ്വാസകോശങ്ങള്‍ക്ക്‌ കൃത്രിമ ഓക്സിജനും വലിച്ചെടുക്കാന്‍ വയ്യാതായപ്പോള്‍ ആശുപത്രിയില്‍ അമ്മയെ വെന്റിലേറ്ററിലേക്ക്‌ മാറ്റുന്നതോടെ മകന്‍ ജോയിക്ക്‌ തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം എടുക്കേണ്ടി വരുന്നു. ആശുപത്രി അധികൃതര്‍ അയാളോട്‌ അമ്മയുടെ ശവസംസ്കാരത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നു. അടുത്തുള്ള ഫ്യൂണറല്‍ ഹോമുകളെയും സിമിത്തേരികളെയും കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അയാള്‍ക്ക്‌ നല്‍കുന്നു. ഐ.സി.യു.വില്‍ കിടക്കകള്‍ കുറവായതുകൊണ്ട്‌ അതിലൊന്ന് എഴുപതു കഴിഞ്ഞ രോഗം ബാധിച്ച ഒരു ശരീരത്തിനായി മാറ്റിവെക്കുന്നത്‌ പ്രായോഗികമല്ല എന്ന് അവര്‍ കരുതുന്നു.അതിനാല്‍ അമ്മയെ മരിക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്ന ആശുപത്രി അധികൃതര്‍ അവരുടെ നാട്ടുനടപ്പു പോലെ കരുതുന്നു.

അപ്പച്ചന്‍ മരിച്ചതിനു ശേഷം അമ്മ ഒറ്റയ്ക്കാണ്‌ അയാളേയും അനുജനെയും വളര്‍ത്തിയതും വലുതാക്കിയതുമെന്ന് ജോയി ഓര്‍ക്കുന്നു.ആദ്യമായി ജോയി സാധനങ്ങള്‍ വാങ്ങാന്‍, അന്ന് അയാള്‍ക്ക്‌ പന്ത്രണ്ട്‌ വയസ്സാണ്‌, കടയില്‍ പോയപ്പോള്‍ അമ്മ കൂട്ടിനു പോയിരുന്നു. വഴിയരികില്‍ ഇടയ്ക്കൊക്കെയിരുന്ന് ശ്വാസം വലിക്കുമ്പോള്‍ അമ്മയുടെ തൊണ്ട വിസിലൂതുന്നതുപോലെ ശബ്ദിക്കുന്നത്‌ അയാള്‍ കേട്ടിട്ടുണ്ട്‌. വീട്ടിലെത്തുമ്പോള്‍ അകത്തു കയറാന്‍ ശക്തിയില്ലാതെ നടക്കല്ലിലിരുന്ന് വെള്ളം വേണമെന്ന് ആംഗ്യത്തില്‍ കാണിച്ചത്‌ ഓര്‍മ്മ വരുന്നുണ്ട്‌. അതുവരെയുള്ള ജീവിതസന്ധിയില്‍ അയാളും അമ്മയും ഒരുമിച്ചാണ്‌ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്‌.ഇപ്പോള്‍ ജോയി ഒറ്റയ്ക്ക്‌ തീരുമാനിക്കണം. അമ്മയുടെ തൊണ്ട കീറി ഒരു കുഴലിട്ട്‌ നേരെ ശ്വസകോശത്തില്‍ ഘടിപ്പിച്ച്‌ അമ്മയെ ഐ.സി.യു.വില്‍ നിന്നും മാറ്റാം. അങ്ങനെ ആശുപത്രിയുടെ ഏതെങ്കിലും കോണില്‍ എത്ര കാലം വേണമെങ്കിലും കിടക്കാം. അല്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റുക.

ജോയി തീരുമാനമെടുക്കാനാകാതെ വീട്ടില്‍ തിരിച്ചെത്തി കുളിമുറിയില്‍ ഒരു കരച്ചിലിലേക്ക്‌ പൊട്ടാനായി ഷവറിലെ വെള്ളപ്പാച്ചിലിനിടയില്‍ നില്‍ക്കുന്നു. അയാള്‍ അമ്മയോടു തന്നെ ഒരു വഴി കാണിച്ചു തരാന്‍ പറയുന്നു. കുളി കഴിഞ്ഞ്‌ പുറത്തു വരുമ്പോള്‍ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നുവെന്നും അമ്മ മരിച്ചുവെന്നും അയാളുടെ ഭാര്യ ജോയിയെ അറിയിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം രണ്ടുപേരുടെയും ജീവിതങ്ങള്‍ പൂരിപ്പിച്ച ജീവിതത്തെ സംബന്ധിച്ച ഒരു വൈകാരിക സമസ്യയായിരുന്നുവെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നതായി തോന്നും. അപരിഹാര്യമായ ഒരു വേര്‍പാടിന്റെ ഹൃദയപൂര്‍വ്വമായ ആഖ്യാനം ഈ കഥയില്‍ അതിന്റെ വൈകാരിക വിക്ഷുബ്ദത ഉപേക്ഷിച്ചുകൊണ്ടാണ്‌ നിര്‍വ്വഹിച്ചിരിക്കുനത്‌. അതേ സമയം തങ്ങളുടെ ബന്ധത്തിന്റെ കാതലായ അര്‍ത്ഥം അമ്മയായിരിക്കുന്നതിലേയും മകനായിരിക്കുന്നതിലേയും വൈകാരികലോകം തന്നെയാണെന്ന് തെരഞ്ഞെടുക്കുന്നുമുണ്ട്‌. മരണം കൊണ്ട്‌ ജീവിതത്തെ പൂര്‍ണ്ണമാക്കാനുള്ള തന്റെ എളിയ ശ്രമം, അതുവരെയും ജീവിച്ച ഏകാന്തവും വേദനാഭരിതവുമായ ശരീരവീഴ്ചകളെയും കടന്ന്, ഈ കഥയിലെ അമ്മയെ ഒരു വൈകാരികാവശ്യത്തിലേക്ക്‌ വീണ്ടും കൊണ്ടു വരികയും ചെയ്യുന്നു.

ഈ കഥയിലും നിര്‍മ്മല തന്റെ പ്രമേയ പരിചരണത്തിലെ വിശ്വസംഹിത പരിചയപ്പെടുത്തുന്നു. 'നഷ്ടപ്പെടുവാന്‍' എന്ന കഥയിലെന്നപോലെ ഒരു 'തീരുമാന'ത്തിലേക്ക്‌ തന്റെ ആഖ്യാനത്തെ കൊണ്ടു പോകുന്നു. അത്‌ താന്‍ പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്കു പുറത്താണെന്ന് ഈ കഥയും വിശ്വസിക്കുന്നു. 'മരിക്കാന്‍ അനുവദിക്കുക' എന്ന ആധുനിക മൂല്യത്തിനു പകരം, പൗരസ്ത്യ ശിക്ഷണമുള്ള ഭാവനയ്ക്ക്‌ പരിചയമുള്ള വേറൊരു അന്ത്യത്തിലേക്ക്‌ കഥയെ കൊണ്ടു നിര്‍ത്തുന്നു. മകനു വേണ്ടി അമ്മ സ്വയം മരണത്തിലേക്ക്‌ പോകുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളെ നിഷ്ക്രിയമാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ഈ കഥകളുടെ വായനയോടൊപ്പം, കഥാകൃത്തിന്റെ ഭാവന സഞ്ചരിക്കുന ഭൂതലം കാംക്ഷിക്കുന്ന മൂല്യവ്യവസ്ഥ നമുക്ക്‌ പരിചയമുള്ള മലയാളി സമൂഹത്തിന്റേതാണ്‌. എന്തുകൊണ്ടാണ്‌ ഈ കഥയിലെ സന്ദര്‍ഭങ്ങള്‍ നിര്‍മ്മല തനിക്കു നന്നായി പരിചയമുള്ള പാശ്ചാത്യസമൂഹത്തിന്റെ 'ആധുനിക മൂല്യ'ങ്ങളിലേക്ക്‌ നടത്തിക്കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നത്‌? അങ്ങനെയായിരുന്നെങ്കില്‍ ഈ കഥകളുടെ സാദ്ധ്യതകള്‍ നമ്മുടെ തന്നെ ബന്ധനിര്‍വ്വചനങ്ങളെ എങ്ങനെയെല്ലാം എതിരിടും? തീര്‍ച്ചയായും, മലയാളി സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക്‌ പുറത്തുള്ള ഇത്തരം അഭിമുഖീകരണങ്ങള്‍ ഇന്നു നമുക്ക്‌ പരിചയമില്ലാത്തതല്ല.

നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്‌. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ്‌ അടയാളപ്പെടുത്തുന്നത്‌. ഏതൊരു ചെറുസമൂഹവും അതിന്റെ ജീവിത പാരമ്പര്യത്തിലെ ചില മൂല്യങ്ങള്‍ കുറേക്കാലമെങ്കിലും സൂക്ഷിക്കുമെന്നത്‌ ഈ കഥകള്‍ വേറൊരു തരത്തില്‍ പറഞ്ഞതാണെന്നും വരാം. ഒരു പക്ഷെ, ആ മൂല്യങ്ങളിലൂടെയാവണം ആ സമൂഹത്തിന്റെ അതിജീവനം എന്നുവരെ തോന്നത്തക്ക വിധത്തില്‍ ആ പരിസരം ഭാവനയിലും അപ്പോള്‍ കടന്നുവരുന്നു. തന്റെ സമൂഹത്തിന്റെ വൈകാരികജീവിതത്തെ ഒരു ഭൗതികശക്തിപോലെ അപ്പോള്‍ ഭാഷയ്ക്കും ഭാവനയ്ക്കും നേരിടേണ്ടി വരുന്നു. അഥവാ അത്തരം സന്ദര്‍ഭങ്ങള്‍ ആ കഥകള്‍ ഭാവന ചെയ്യുന്ന സമൂഹത്തിന്റെ തന്നെ ശരിതെറ്റുകളെ അനുസരിക്കുന്നു. എന്നാല്‍, ഇങ്ങനെയൊരു ഭാവതലത്തിലല്ലാതെ വ്യത്യസ്തമായ ഒരു കഥയും ഈ സമാഹാരത്തിലുണ്ട്‌. കഥയില്‍ ലോകം എങ്ങനെ വന്നുവീഴുന്നു എന്നു ശ്രദ്ധിക്കുന്ന ഒരാളെന്ന നിലക്കുകൂടി 'അബുഗ്രാഇബ്‌' എന്ന കഥ മുമ്പേ ഞാന്‍ വായിച്ചിരുന്നു. ആധുനിക മനുഷ്യസമൂഹത്തില്‍ കുപ്രസിദ്ധമായ പേരോടെ പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭം ഈ കഥയിലേക്കും കടന്നുവന്നിരുന്നു. അബു ഗ്രാഇബിലെ തടവറ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ്‌ എങ്ങനെയാകുമെന്ന് ലോകത്തെ അതിനും മുമ്പേ അറിയിച്ചിരുന്നു. അമേരിക്കന്‍-ബ്രിട്ടീഷ്‌ സൈനികര്‍ ഇറാഖിലെ യുദ്ധത്തടവുകാരോട്‌ എങ്ങനെ പെരുമാറി എന്നു കാണിച്ച അബു ഗ്രാഇബ്‌ ഫോട്ടോകള്‍ യുദ്ധം ക്രൂരമായ പ്രവൃത്തിയാണെന്നു മാത്രമല്ല , അത്‌ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ്‌ കെടുത്തുമെന്നും ലോകത്തോടു പറഞ്ഞു.

നിര്‍മലയുടേ കഥ, ആ 'ലോക'ത്തെ, കാനഡയിലെ ഒരു വീട്ടിലേക്ക്‌ കൊണ്ടു വരുന്നു. പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ഒരാളെയും, അയാളുടെ ഭാര്യയെയും അവതരിപ്പിക്കുന്നു. തൊഴില്‍രഹിതനായ അയാള്‍, വിനോദ്‌, ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ അടുക്കള ജനലിലൂടേ പുറത്തേക്ക്‌ നോക്കി. എന്നും കാണാറുള്ള ശാന്തമായ ഒരു തടാകത്തെ ഉള്ളിലേക്ക്‌ എടുത്തുകൊണ്ടാണ്‌ കഥയാരംഭിക്കുന്നത്‌, അതിരവിലെ വെള്ളം നിശ്ചലമായിരുന്നു എന്നു പറഞ്ഞുകൊണ്ട്‌. എന്നാല്‍, ടെലിവിഷനില്‍ ആദ്യം വാര്‍ത്തയും പിന്നീട്‌ ചരിത്രവുമായ 'അബു ഗ്രാഇബ്‌' വിവരങ്ങള്‍ കാണാന്‍ വിനോദ്‌ ശ്രദ്ധിക്കുന്നതോടെ കഥയിലെ (വീട്ടിലെ) നിശ്ചലത തകരാറിലാവാന്‍ തുടങ്ങുന്നു.

അയാള്‍ ജോലിക്കു ശ്രമിക്കാതെ വെള്ളം നോക്കി ഇരിക്കുന്നതില്‍, ടെലിവിഷനിലെ മനുഷ്യരുടെ ക്രൂരതകള്‍ നോക്കി സമയം കളയുന്നതില്‍ അയാളുടെ ഭാര്യ, താര, പരിഭവിക്കുന്നുണ്ട്‌. അവള്‍ കാനഡയില്‍ ഇപ്പോള്‍ കിട്ടാന്‍ തുടങ്ങിയ മലയാളം ടേലിവിഷന്‍ ചാനലുകളിലെ സീരിയലിലെ കണ്ണീര്‍ ചാലിലൂടെ എത്ര ദൂരം പോകുമെങ്കിലും ഈ പട്ടാളഹിംസ കണ്ടിരിക്കുക വയ്യ. യുദ്ധവും കൊലയും ചരിത്രമാണെന്നു പറഞ്ഞ വിനോദിനോട്‌ അമേരിക്കന്‍ പട്ടാളം നാളെ എറണാകുളത്ത്‌ ഇറങ്ങിയാല്‍ എന്തു ചെയ്യുമെന്ന് താര ചോദിക്കുന്നു. അവള്‍ അതിനൊരു കാരണവും വാര്‍ത്തകളില്‍ നിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു- ഇന്ത്യ മിസൈല്‍ ഉണ്ടാക്കുന്നു. വിനോദിന്റെ 'ഉദാസീനത'യിലേക്ക്‌ താര കടത്തിവിടുന്ന യുദ്ധപ്പട സ്വപ്നത്തിലൂടെയും തനിച്ചിരിപ്പിലൂടെയും അയാളെ പിന്തുടരുന്നു. അയാള്‍ ജോലിക്കു വേണ്ടി ശ്രമിക്കാന്‍ തയ്യാറാക്കുന്ന 'റസ്യൂമേ'യുമായാണ്‌ ആ ലോകത്തില്‍ പ്രവേശിക്കുന്നതും. ഒരു ജോലിക്ക്‌ അയാള്‍ ശ്രമിക്കുന്നുമുണ്ട്‌. മൂന്നു ദശകങ്ങള്‍ക്കു മുമ്പ്‌ കേരളത്തില്‍ നിന്നും എടുത്ത ബിരുദം അയാളെ ഇനി അത്രയധികമൊന്നും സഹായിക്കില്ല. മാത്രമല്ല കമ്പ്യൂട്ടറിന്റെ കാലത്ത്‌ അയാള്‍ കൂടുതല്‍ കൂടുതല്‍ അയോഗ്യനുമാകുന്നു- ഒരു കുഞ്ഞെലി വിറപ്പിക്കുകയാണ്‌ ഈ അമ്പതുകാരനെ....

അബു ഗ്രാഇബ്‌ മറ്റൊരു ചിത്രത്തിലൂടെ ഇതിനകം അയാളെ പിടികൂടുന്നു.അയാളുടെ അമ്മയുടെ പിറകെ പട്ടികള്‍ പായുകയാണ്‌. ആ ദു:സ്വപ്നത്തിന്റെ ഓര്‍മ്മയില്‍ അയാള്‍ വീണ്ടും അടുക്കളയിലെത്തുന്നു. ജനാലക്കപ്പുറത്തെ തടാകത്തിലെ വെള്ളമപ്പോഴും നിശ്ചലമായി തന്നെ കാണുന്നു. ഇരിപ്പുമുറിയിലേക്ക്‌ തിരിച്ചെത്തുന്ന വിനോദ്‌ വീണ്ടും ദുസ്വപ്നങ്ങളുടെ പിടിയിലാകുന്നു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഇറങ്ങിയിരിക്കുന്നു. നഗ്നനാക്കപ്പെട്ട ഒരു വാഴക്കുലക്കാരനെ ഉയരം കുറഞ്ഞ ഒരു പട്ടാളക്കാരി ചങ്ങലയില്‍ കെട്ടി ചന്തക്കുളത്തില്‍ ഇറക്കിയിരിക്കുന്നു. NH 47 ലൂടെ ടാങ്കുകള്‍ നീങ്ങിയിരുന്നു. തെക്കെ കളമശ്ശേരിയിലെ മസ്ജിദും സോഷ്യലു പള്ളിയും പട്ടാളം നശിപ്പിച്ചിരുന്നു... താര തിരിച്ചെത്തുമ്പോള്‍ വിനോദ്‌ അതിശക്തമായ പനിയുടെ പിടിയിലാണ്‌. അയാള്‍ അവളോട്‌ രാവിലെ കണ്ട വെള്ളത്തിന്റെ തിരയിളക്കം, കായലിന്റെ ഗൗരവം, ഒച്ചയോടെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.

ഇറാഖില്‍ അമേരിക്കന്‍ സേനയോടൊപ്പം ക്ഷുരകനായി എത്തുന്ന ഒരു കഥാപാത്രത്തെ, പപ്പുവിനെ, എന്‍. എസ്‌. മാധവന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. യുദ്ധത്തിന്റെ വളര്‍ച്ചക്കൊപ്പം, പപ്പു, പതുക്കെ സമനില തെറ്റുന്ന തന്റെ സഹപ്രവര്‍ത്തകനെയും ഓര്‍ത്ത്‌ നീങ്ങുന്ന ആ കഥയില്‍ ഭ്രാന്ത്‌, ബോധത്തെ ചിതറിച്ച, സ്വസ്ഥമാവാന്‍ ആവശ്യപ്പെടുന്ന ഒരു സ്ഥലം പോലെയാണ്‌. ഒരിടത്തുവച്ച്‌ പപ്പുവിന്റെയും ബോധം കെടുന്നു. അതിനു തൊട്ടു മുമ്പ്‌ പപ്പുവിന്റെ തല യുദ്ധത്തിന്റെ ഒരു പ്രക്ഷേപണമുറി തന്നെ ആവുകയായിരുന്നു. ഈ കഥയിലെ വിനോദിനും, പപ്പുവിന്റെ സുഹൃത്തിനെന്നപോലെ, യുദ്ധത്തില്‍ വച്ച്‌ സമനില തെറ്റുന്നു. യുദ്ധത്തില്‍ ഇല്ലാതിരുന്നിട്ടും ഇങ്ങനെ എവിടെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാം എന്ന കൃത്യമായ ഒരു പ്രസ്താവത്തിന്റെ രാഷ്ട്രീയമൂല്യം ' അബുഗ്രാഇബ്‌' പുറത്തുവിട്ട ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. അത്‌ ഹിംസാത്മകമായ ഒരു ശക്തിക്കു മുന്നില്‍ ദുര്‍ബ്ബലമാവുന്ന പൗരബോധത്തിന്റേതു കൂടിയായിരുന്നു. ഭയം ഒരു ജീവിതവ്യവസ്ഥ ആവുകയായിരുന്നു. വിനോദിനു സമനില തെറ്റുന്നത്‌ യുദ്ധത്തെ കടന്നു പോവാനാണ്‌. കഥയില്‍ പെട്ടെന്ന് ഒരു ചുഴലി പോലെ ലോകം പൊടി പടര്‍ത്തി ഉയരുന്നു. നമ്മുടെ ജീവചരിത്രത്തിനു പുറത്തെ സംഭവങ്ങള്‍ നമ്മുടെ തന്നെ സാമൂഹ്യാസ്തിത്വത്തെ സ്പര്‍ശിക്കുന്ന സന്ദര്‍ഭങ്ങളായി കഥയിലും കടന്നു വരുന്നു. ലോകത്തിലേക്ക്‌ മലയാളിയും വേര്‍പെടുന്നു. 'അബു ഗ്രാഇബി'ല്‍ ഇല്ലാതിരിക്കുമ്പോഴും, പെരിയാറിലെ വെള്ളവും കാനഡയിലെ തടാകപ്പരപ്പും അയാളുടെ കണ്ണാടിബിംബത്തെ ചിതറിക്കുന്നു. കഥ, ഒരാളില്‍ എന്നല്ല മറ്റൊരാളില്‍ മാത്രമല്ല, ലോകത്തിലും അതിന്റെ ജീവിതം തപ്പുന്നു.

മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍, പശ്ചാത്യസമൂഹത്തിന്റെ മൂല്യവ്യവസ്ഥാ പശ്ചാത്തലങ്ങള്‍, വേറിട്ടു പാര്‍ക്കുന്നതിന്റെ ആന്തരിക കഥാഗതികള്‍, ഈ പുസ്തകത്തിലെ കഥകളുടെ പ്രമേയവും സൂചകങ്ങളുമായി എപ്പോഴും കടന്നു വരുന്നു. പാരമ്പര്യം എന്നത്‌ ഒരാള്‍ സ്വീകരിക്കുന്ന സാംസ്കാരിക വാഗ്ദാനം എന്നതിനപ്പുറം അയാളുടെ ജീവിതനീക്കത്തിന്റെ ഓരോ കാല്‍വെപ്പും ഉറപ്പാക്കുന്ന മൂല്യവ്യവസ്ഥ കൂടിയാകുന്നുവെന്നാണ്‌ ഈ കഥകളില്‍ പലതും, നമ്മളെല്ലാം കരുതുന്നതുപോലെ, വിശ്വസിക്കുന്നത്‌. അതുകൊണ്ടു തന്നെ ആ മൂല്യവ്യവസ്ഥയുടെ പ്രതിലോമകങ്ങളായ ആവശ്യങ്ങളോടും ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍ അത്തരം അഭിമുഖീകരണങ്ങള്‍ പോലും വളരെ ശാന്തവും സൗമ്യവുമായി നേരിടാന്‍ ആഗ്രഹിക്കുന്നു ഈ കഥകളും കഥാപാത്രങ്ങളുമെന്നത്‌ നമ്മുടെ ശ്രദ്ധ നേടുന്നു. ജീവിതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി, ഒരു കുടുംബം, ഒരു സമൂഹം, എന്ന കല്‍പനയിലേക്ക്ക്‌ അത്‌ കരുണയോടേ നോക്കുന്നു. ലളിതവും, നേര്‍ രൂപനീക്കങ്ങളുമായി ജീവിതത്തിന്റെ പത്ത്‌ കഥാ ഖണ്ഡങ്ങള്‍ അങ്ങനെയൊരു സ്ഥലം നമ്മുടെ ഭാവനയില്‍ നിര്‍മ്മിക്കുന്നു.

അടിക്കുറിപ്പ്‌:ശ്രീരമകൃഷ്ണപരമഹംസര്‍ തന്റെ ഭക്തരെ അഭിസംബോധന ചെയ്തുകൊണ്ട്‌ പറഞ്ഞ ഒരു വരിയാണിത്‌. പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍;പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ. മോക്ഷത്തെക്കുറിച്ചോ ഈശ്വരസന്നിധിയിലെത്തേണ്ടുന്ന ഒരാളുടെ മനസ്സിനെക്കുറിച്ചോ പറഞ്ഞു തുടങ്ങിയതാവാം അദ്ദേഹം, അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സമാധിയിലേക്കും (അബോധത്തിലേക്കും) പോകുമായിരുന്നത്രേ. കഥകള്‍ എഴുതുമ്പോള്‍, തീരുമ്പോള്‍,തനിക്ക്‌ ആശ്വാസം തോന്നാറുണ്ട്‌ എന്ന് നിര്‍മ്മല ഒരു കത്തില്‍ എനിക്കെഴുതിയപ്പോള്‍ ഞാന്‍ പരമഹംസരുടെ വരികള്‍ ഓര്‍ത്തു. നിര്‍മ്മലയും പുണ്യനദിയിലേക്ക്‌ എത്തിയവളെപ്പോലെയായിരുന്നു. ഒരു തരം ആശ്വാസത്തിലേക്ക്‌, മുക്തിയിലേക്ക്‌ കഥകളുമായി വന്ന ആള്‍, എനാല്‍ ആ യാത്രകളിലൊക്കെയും അവര്‍ ജീവിതത്തെ ഓര്‍ത്തു. വേദനയും സന്തോഷവും നല്‍കിയ ഓര്‍മ്മകളില്‍, ആ നദിക്കരയിലെന്ന പോലെ, തങ്ങി നിന്നു. മോക്ഷമില്ലാത്ത ജീവിതമത്രേ, കഥയുടേതും.

3 comments:

  1. നിര്‍മലയുടെ പുസ്തകത്തെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.നാട്ടില്‍ ചെല്ലുമ്പോള്‍ ഒന്ന് വാങ്ങണം

    ReplyDelete
  2. ജീവിതത്തിൽ ആദ്യമായി ഒരു എഴുത്തുകാരി/എഴുത്തുകാരൻ സ്വന്തം കൈയ്യൊപ്പിട്ട് എനിക്ക് സമ്മാനിച്ച പുസ്തമമാണിത്. ‘അക്ഷരങ്ങളെ സ്നേഹിക്കുന്ന നിരക്ഷരന് ‘ എന്ന് ഒപ്പിന് മുകളിൽ എഴുതിച്ചേർത്തിരുന്നു. ഇതൊക്കെക്കൊണ്ട് ‘നിങ്ങളെന്ന് ഫെമിനിസ്റ്റാക്കി’ എനിക്ക് വളരെ വിലപ്പിടിപ്പുള്ളതാകുന്നു.

    ReplyDelete
  3. ശക്തമായ അവതാരിക.
    പുസ്തകത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നു.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?