Friday, September 16, 2011

ചോരയും കണ്ണീരും നനഞ്ഞ വഴികള്‍

പുസ്തകം : ചോരയും കണ്ണീരും നനഞ്ഞ വഴികള്‍
രചയിതാവ് : കെ.ദേവയാനി
പ്രസാധകര്‍ : സമത - എ കലക്ടീവ് ഫോര്‍ ജെന്‍ഡര്‍ സ്റ്റഡീസ്
അവലോകനം : പി.വി.ഷാജികുമാര്‍




"ന്റെ കൈ വിറച്ചുതുടങ്ങിയിരിക്കുന്നു. ഓര്‍മ്മയ്ക്ക് നേരിയ തോതിലെങ്കിലും മങ്ങലേറ്റിരിക്കുന്നു'- തൃശ്ശൂരിലെ സമത- എ കലക്ടീവ് ഫോര്‍ ജെന്‍ഡര്‍ സ്റ്റഡീസ് പുറത്തിറക്കിയ കെ.ദേവയാനിയുടെ 'ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ ' എന്ന ആത്മകഥയുടെ ആരംഭവാചകം ഇങ്ങനെയാണ്. പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പലില്‍ പുസ്തകം വായിക്കെ ഉള്ളിലെ വിങ്ങല്‍ കൊണ്ട് ഞാന്‍ വിറച്ചുകൊണ്ടിരുന്നു. കരച്ചില്‍ വന്ന് മൂടി ചില ഭാഗങ്ങളില്‍ മുന്നോട്ട് പോവാനാവാതെ ഞാന്‍ നിശ്ചലനായി. വായിച്ച് തീര്‍ത്ത് മഴയുടെ ഇരമ്പലില്‍ ഏറെ നേരം നിശബ്ദനായി. മരണത്തിന്റെ ലോകത്ത് നിന്ന് ദേവയാനിയമ്മ ഏകാന്തതയുടെ കടല്‍ പടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി.

ഏറെക്കാലത്തിന് ശേഷമാണ് ഒരു പുസ്തകം കൊടുങ്കാറ്റ് പോലെ മനസ്സിനെ പിടിച്ചുകുലുക്കിയത്. വായിച്ച ആത്മകഥകളില്‍ നിന്ന് എന്നെ ഇത്രയും വേദനിപ്പിച്ച ഒരു ആത്മകഥ വേറെ ഉണ്ടായിട്ടില്ല. സമരത്തിന്റെ കരുത്ത് വരികളില്‍ കീറി വെച്ച എകെജിയുടെ ജീവിത കഥ, ഏകാന്തതയുടെ അരങ്ങില്‍ ജീവിതമാടിയ വിദ്വാന്‍ പി കേളുനായരുടെ ഡയറിക്കുറിപ്പുകളായ ജീവിതനാടകം, ചെറുകാടിന്റെ ജീവിതകഥ, പവനപര്‍വ്വം അങ്ങനെയൊരു പാട് ആത്മകഥകളിലൂടെ കടന്നുപോയിട്ടും നെഞ്ചില്‍ ഇത്രമാത്രം തീകോരിയിട്ടിട്ടില്ല ഒന്നും.

അനുഭവത്തിന്റെ തീക്കനലുകള്‍ കത്തിപടരുന്ന പുസ്തകമാണിത്. വൈകാരികതയൊന്നുമില്ലാതെ തീര്‍ത്തും നിസംഗമായി തന്റെ ജീവിതം ദേവയാനിയമ്മ ഇതില്‍ വരച്ചുവെക്കുന്നു. രാഷ്ട്രീയമില്ലായ്മയുടെ അന്ധതബാധിച്ച് കൂപമണ്ഡൂകങ്ങളായി സ്വന്തം ജീവിതത്തിന്റെ ഒളിയിടങ്ങളില്‍ കൂനിക്കൂടിയിരിക്കുന്നവര്‍ ഈ അമ്മയുടെ അനുഭവങ്ങളുടെ കനലില്‍ മനസ്സ് കൊണ്ട് കത്തിപ്പോവും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുപോയ മര്‍ദ്ദനങ്ങളുടേയും പോരാട്ടങ്ങളുടേയും നേര്‍രേഖ കൂടിയാണ് ഈ പുസ്തകം. ത്യാഗത്തിന്റെ ലാഭത്തിനായി ഒരിക്കലും തയ്യാറാവാതെ കമ്മ്യൂണിസ്റ്റുകാരിയായി ജീവിച്ച കമ്മ്യൂണിസ്റ്റുകാരിയായി തന്നെ മരിച്ച ഒരു ജന്മം. അനുഭവങ്ങളുടെ കടലില്‍ ഇളകിയാടാതെ നിശ്ചയദാര്‍ഢ്യത്തോടെ മറുകര നോക്കി നിന്ന വിസ്മയം. കേരളത്തിലെ സ്ത്രീചരിത്രത്തിലെ ഏറ്റവും വേദനാജനകവും ആശ്ചര്യകരവുമായ ഒരു പുറം. സമരങ്ങളുടെ എരിതീയില്‍ നടന്നുപോയ ഒരു ജീവിതം.

പുന്നപ്രയിലെ പറവൂര്‍ കന്നിട്ടയില്‍ വീട്ടില്‍ പാപ്പിയമ്മയുടേയും ശങ്കരന്റേയും ഇളയമകള്‍ ദേവയാനി കരിവെള്ളൂര്‍ എന്ന വടക്കേ മലബാറിലെ സമരഗ്രാമത്തില്‍ വന്ന് ഗ്രാമത്തിന്റെ മുഴുവന്‍ അമ്മയായതിന്റെ ചരിത്രസാക്ഷ്യം കൂടിയാണ് ഈ പുസ്തകം. കെട്ടിപ്പൊക്കിയ ചരിത്രത്തിന്റെ ടിപ്പുസുല്‍ത്താന്‍ വഴികളിലൊന്നും ഇവരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. എഴുതപ്പെടാത്ത ഒന്നിനെ ചരിത്രമെന്ന് വിളിക്കാമെന്ന് തോന്നുന്നു. കെ.ദേവയാനിയുടെ ആത്മകഥ വായിച്ചുകഴിയുമ്പോള്‍ ഈ വിചാരം നിങ്ങളേയും കീഴടക്കും. പ്രത്യയശാസ്ത്രവും ജീവിതവും രണ്ടും രണ്ടല്ല എന്ന് വിശ്വസിച്ച്, അതില്‍ നിന്നും തെല്ലും വഴിമാറി നടക്കാതെ ജീവിച്ച കേരളകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദര്‍ശധീരനായ നേതാവ് ഏ.വി.കുഞ്ഞമ്പുവിന്റെ ഭാര്യയാണ് ദേവയാനി. നിലപാടുകളുടെ സത്യസന്ധനായ രാഷ്ട്രീയനേതാവ് വി.എസ്.അച്യുതാനന്ദനും എം.കെ.സുകുമാരനും സ്കൂളില്‍ സഹപാഠികള്‍. ഒമ്പതാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. ആത്മവിദ്യാസംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്നൂ ദേവയാനിയുടെ ചേട്ടന്‍. ചേട്ടന്റെ സ്വാധീനത്തില്‍ ആത്മവിദ്യാസംഘത്തിന്റെ മഹിളാവിഭാഗം പ്രവര്‍ത്തയായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ദേവയാനിയുടെ തുടര്‍ജീവിതം രാഷ്ട്രീയം കൊണ്ട് എഴുതപ്പെട്ടതായി. കുമാരാനാശാന്റെ കവിതകള്‍ കാണാപ്പാഠമാക്കി, മറ്റ് സ്ത്രീകള്‍ക്ക് ചൊല്ലിക്കൊടുത്ത് ജാതിവരുദ്ധമായ മനോഭാവം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ട് വരാന്‍ ദേവയാനി ശ്രമിച്ചു. പ്രസംഗിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും ആര്യഭടസ്വാമികള്‍ എഴുതത്തരുന്ന കാര്യങ്ങള്‍ യോഗങ്ങളില്‍ വിറയിലില്ലാതെ പറയും. പാവാടയും ബ്ലൗസുമിട്ട ദേവയാനി എന്ന പെണ്‍കുട്ടി ചൂഷണത്തിനും അനാചാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും നാട്ടില്‍ പ്രധാനസംസാരവിഷയമായി. അഞ്ചണയില്‍ നിന്ന് അറണയിലേക്ക് കൂലി വര്‍ദ്ധിപ്പിക്കാനായി കളര്‍കോട് പാടത്തെ പണി ബഹിഷ്കരണത്തിന് നേതൃത്വം നല്കിയത് ദേവയാനിയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് സംഘടിതമായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും സമരത്തിലൂടെ പാവപ്പെട്ടവന് അവകാശങ്ങള്‍ പിടിച്ചുപറ്റാനുവുമെന്നുള്ള വലിയ അറിവ് കളര്‍കോടത്തെ സമരത്തിന്റെ വിജയം ദേവയാനിയെ പഠിപ്പിച്ചു.

ഒരു കമ്മ്യൂണിസ്റ്റായി മാറുകയെന്ന ബോധം ദേവയാനിയില്‍ വളരുന്നത് പി.കൃഷ്ണപ്പിള്ളയുമായുള്ള കൂടിക്കാഴ്ചയായിരുന്നുവെന്ന് ആത്മകഥയില്‍ പറയുന്നു. ''എന്താ രാഷ്ട്രീയം അറിയ്യോ..?'' എന്ന കൃഷ്ണപ്പിള്ളയുടെ ചോദ്യത്തിന് 'അറിയില്ല' എന്ന നിഷ്കളങ്കമായി ഉത്തരം നല്കിയ പെണ്‍കുട്ടി പിന്നീട് രാഷ്ട്രീയത്തിന്റെ 24 മണിക്കൂര്‍ ഭാഗമായത് ചരിത്രം. മനുഷ്യമനസ്സിന്റെ മോചനമാണ് കമ്മ്യൂണിസം എന്ന സ്വയംബോധം ദേവയാനിയില്‍ ഉണര്‍ന്നു. ആലപ്പുഴയില്‍ നിന്ന് കോഴിക്കോട് വരെ യാത്ര ചെയ്ത് പാര്‍ട്ടിക്ലാസ്സില്‍ പങ്കെടുക്കാനും തിരിച്ചുവന്ന് ആലപ്പുഴയില്‍ ലോഡ്ജ് വാടകക്കെടുത്ത് ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനജീവിതം നയിക്കുവാനും അവിവാഹിതയായ ദേവയാനിക്ക് മനസ്സുറപ്പ് നല്കിയത് ഉള്ളിലുറച്ച രാഷ്ട്രീയബോധവും മാനുഷികസ്‌നേഹവുമായിരുന്നു. വിവാഹം തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമോ എന്ന് ഭയന്ന് കല്ല്യാണാലോചന ഒഴിവാക്കിയ ഒരു ദേവയാനി ആത്മകഥയിലുണ്ട്. കൃഷ്ണന്‍ നായര്‍ (ഒളിവിലായത് കൊണ്ട് കുഞ്ഞമ്പു പേര് മാറ്റിപ്പറഞ്ഞതായിരുന്നു.) എന്ന പേരില്‍ പരിചയപ്പെട്ട ഏ.വി.കുഞ്ഞമ്പു ജീവിതത്തിലേക്ക് വിളിക്കുമ്പോള്‍ മറുത്ത് ആലോചിക്കാതെ ദേവയാനി തയ്യാറാവുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിനായുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടായിരുന്നു. അനാഥനാണ്, രാഷ്ട്രീയകൊലക്കേസില്‍ പ്രതിയാണ്, ഒളിവിലാണ്, ദരിദ്രനാണ് എന്നൊക്കെയുള്ള പ്രശ്‌നങ്ങളൊന്നും ദേവയാനിയെ തൊട്ടുതീണ്ടിയതേയില്ല. ഒളിവിലായത് കൊണ്ട് സ്വന്തം പേര് പറയുന്നതിന് പകരം കടലാസില്‍ എഴുതിക്കാട്ടി, ഉടനെത്തന്നെ കത്തിച്ചുകളയുന്ന ഒരു ദൃശ്യമുണ്ട് ആത്മകഥയില്‍.ഒളിവുജീവിതത്തിന്റെ കനല്‍കത്തുന്ന ദൃശ്യം.

1943 ജൂണ്‍ മുതല്‍ 1951 ഫെബ്രവരി വരെയുള്ള ദേവയാനിയുടെ ജീവിതം ദുരന്തപൂര്‍ണ്ണവും ഒരു ഭ്രമാത്മകകഥ പോലെ അവിശ്വസനീയവുമായിരുന്നു. പോലീസ് വടക്കേമലബാറിലെ കമ്മ്യൂണിസ്റ്റുകാരെ അന്വേഷിച്ച് വരുന്നു. ഇനി കാണുമോ എന്ന് പോലും ഉറപ്പില്ലാതെ എ.വി.കുഞ്ഞമ്പുവും ദേവയാനിയും പിരിയുന്നു. അന്നത്തെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സാധാരണ അവസ്ഥയായിരുന്നൂ അത്. അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യ എത്രയധികം അരക്ഷിതയായിരുന്നൂ എന്നതിന്റെ നേര്‍കുറിപ്പുകളായി ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ നമുക്ക് മുന്നില്‍ നിൽക്കുന്നു.

ദേവയാനി ഗര്‍ഭിണിയായിരിക്കെ നേരിട്ട മാനസികപീഢ വിവരിക്കുന്നുണ്ട് ആത്മകഥയില്‍. ഒളിവില്‍ കഴിയുന്നത് കൊണ്ട് കുഞ്ഞമ്പുവുമായുള്ള വിവാഹം പുറംലോകത്തിനറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഗര്‍ഭിണിയായതോടെ എന്ത് ചെയ്യണം എന്നറിയാതെ ദേവയാനി പിടഞ്ഞു. ബോംബെയിലെ പാര്‍ട്ടിഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പോവുന്നത് അങ്ങനെയാണ്.

"ഞാന്‍ വിശ്വസ്തനായ ഒരു സഖാവിനൊപ്പം ബോംബെയിലേക്ക് യാത്ര തിരിച്ചു. നാട്ടില്‍ ജനശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാമല്ലോ. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ട്രെയിന്‍ ആര്‍ക്കോണമെത്തിയപ്പോഴേക്കും എനിക്ക് തീരെ സുഖമില്ലാതെയായി. ഭയങ്കരമായ വേദനയും രക്തസ്രാവവും കൊണ്ട് ഞാന്‍ പൊറുതിമുട്ടി. സുഖമില്ലാത്തത് കൊണ്ട് എന്നെ തിരിച്ച് കോഴിക്കോട് കോഴിക്കോട് കൊണ്ടുവിടണമെന്ന് ഒപ്പമുള്ള സഖാവിനോട് ആവശ്യപ്പെട്ടു. മദിരാശിയിലിറങ്ങി ടിക്കറ്റ് റദ്ദാക്കുന്നതിന് വേണ്ടി സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരിചയമുള്ള ചില റെയില്‍വേജീവനക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട എന്ന് ഞങ്ങളെ ഉപദേശിച്ചു. വല്ല സംശയവും തോന്നി പിടികൂടാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് ഞങ്ങള്‍ ഉടനെ തിരിച്ചു. കോഴിക്കോട്ടെത്തിയ ദിവസം രാത്രി വേദനയും രക്തസ്രാവവും വല്ലാതെ മൂര്‍ച്ഛിച്ചു. ആശുപത്രിയില്‍ പോവാതെ രക്ഷയില്ലാതെയായി. കമ്മ്യൂണിലെ വിദ്യാര്‍ത്ഥിപ്രവര്‍ത്തകനായ ചന്ദ്രന്റെ സഹോദരി ഡോക്ടറായിരുന്നു. അന്നുരാത്രി തന്നെ എന്നെ വിമന്‍സ്‌ഹോസ്പിറ്റിലിലേക്ക് കൊണ്ടുപോയി. അവിടെ അഡ്മിറ്റ് ചെയ്തു. അവിടെവെച്ച് എന്റെ ഗര്‍ഭമലസ്സി.''(പുറം-43)

നരകയാതനയുടെ ഒരു കൊടുംയാത്ര മനസ്സില്‍. അതിനുശേഷം കരിവെള്ളൂരിലേക്ക് കുഞ്ഞമ്പു ദേവയാനിയെ കൂട്ടി യാത്രയാകുന്നു. കരിവെള്ളൂരിലേക്കുള്ള ആദ്യയാത്ര. കുഞ്ഞമ്പുവിന്റെ ചങ്ങാതിയായ ആറ്റാശ്ശേരി ഗോപാലന്റെ ഒഴിഞ്ഞ വീട്ടില്‍ താമസം. ജന്മിത്വചൂഷങ്ങള്‍ക്കെതിരെ കരിവെള്ളൂര്‍ തിളച്ചുമറിയുന്ന സമയമായിരുന്നൂ അത്. നെല്ലെടുപ്പ് സമരത്തെത്തുടര്‍ന്ന് കുണിയനില്‍ പോലീസ് വെടിവെച്ചു. ഏ.വി. കുഞ്ഞമ്പു മരണപ്പെട്ടെന്നാണ് ആദ്യം (എനിക്ക് പോകാനൊരിടമില്ല. എന്റെ ഭര്‍ത്താവ് വെടികൊണ്ടു വീണ മണ്ണില്‍ എനിക്ക് പോകണം. എനിക്കും അവിടെ വെടിയേറ്റ് വീണ് മരിക്കണം. വിലക്കുകളെ തട്ടിമാറ്റി ഞാന്‍ ധൃതിയില്‍ കുണിയനിലേക്ക് നടന്നു. മറ്റൊരു ബാധ്യതകളുമില്ല. ഏക ആശ്രയം നഷ്ടപ്പെട്ടു. വയറ്റില്‍ തുടിക്കുന്ന ജീവനുണ്ട്. പക്ഷേ, അതൊക്കെ ഇനി ആര്‍ക്ക് വേണ്ടിയാണ്. വെടിയൊച്ചകള്‍ ഒറ്റപ്പെട്ട് മാത്രം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. വഴിയിലെങ്ങും ധൃതിവെച്ച് തിരിച്ചുവരുന്നവരെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ആരെയും ശ്രദ്ധിക്കാതെ ഞാന്‍ നടന്നു(പുറം-52)) വാര്‍ത്ത പരന്നത്. മാരക മുറിവുകളോടെ അദ്ദേഹം പോലീസ് കസ്റ്റഡിയിലായി. പിന്നെ ദേവയാനിയുടെ ജീവിതം നരകത്തിലൂടെയുള്ള നടത്തമായി. ഗര്‍ഭിണിയായിരുന്നൂ ആ നേരം അവര്‍. ദേവയാനിയെ സഹായിക്കുന്ന വീടുകളിലെല്ലാം പോലീസ് നരനായാട്ട് നടത്തി.

"താമസിക്കുന്ന വീടുകളിലുള്ളവര്‍ക്ക് എന്നെ കാണുന്നത് തന്നെ ഭയമായിത്തുടങ്ങി. ഞാന്‍ പോകുന്ന ഭാഗത്ത് പോലീസ് എത്തുമെന്നുള്ളത് കൊണ്ട് പല വീട്ടുകാരും എന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നി. പകല്‍സമയത്ത് പോലീസിന്റെ ഉപദ്രവമില്ലാതെയിരിക്കാന്‍ ഒരു വഴിയുമില്ലെന്നായി. ഒടുവില്‍ ഞാന്‍ പലിയേരി കൊവ്വലിലേക്ക് പോയി. രാവിലെ സൂര്യന്‍ ഉദിക്കുന്നതിന് പലിയേരിക്കൊവ്വലിലേക്ക് മന്ദ്യന്‍ വീട്ടില്‍ കല്യാണി കൊണ്ടുചെന്ന് വിടും. സൂര്യനസ്തമിക്കുന്ന സമയത്ത് അവളെന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരും. പലിയേരി കൊവ്വല്‍ ഹരിജനങ്ങളുടെ ശ്മശാനമായിരുന്നു. കണ്ണെത്താത്ത മൈതാനത്തിന്റെ പരിസരത്തെവിടെയും ഒറ്റവീടുപോലുമില്ല. കൊവ്വലിന് കിഴക്കോട്ട് മിക്കവാറും കാടുതന്നെയാണ്. ആ വലിയ മൈതാനത്തിന്റെ മൂലയില്‍ ഒരു ചെറിയ പശുത്തൊഴുത്ത്. ആ ഓലത്തൊഴുത്തിന്റെ ഒരു മൂലയില്‍ രാവിലെ മുതല്‍ രാത്രി വരെ ഞാന്‍ കുത്തിയിരിക്കും. വേട്ടയാടുന്ന ഏകാന്തത. വൈകുന്നേരം ഓലയുടെ വിടവിലൂടെ പടിഞ്ഞാറോട്ട് നോക്കുമ്പോള്‍ ദൂരെ നിന്ന് ഒരു ബിന്ദുവായി കല്ല്യാണി നടന്നടുത്തെത്തുന്നത് കാണുമ്പോള്‍ മാത്രം നീണ്ട മണിക്കൂറുകള്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാത്ത കാത്തിരിപ്പില്‍ നിന്നും ഞാന്‍ പിടഞ്ഞെഴുന്നേല്ക്കും.

ഗര്‍ഭിണിയായിരുന്നത് കൊണ്ട് എനിക്ക് സാധാരണയില്‍ കവിഞ്ഞ ക്ഷീണമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് എനിക്ക് വല്ലാത്ത ദാഹമനുഭവപ്പെട്ടു. ഒരിറ്റു വെള്ളം കുടിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്ന തോന്നല്‍. ഇരുന്ന ഇരുപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ ഞാന്‍ തൊഴുത്തിന്റെ ചെറ്റയില്‍ ചാരി തളര്‍ന്നിരുന്നു. രണ്ടു പശുക്കളേയും കൊണ്ട് മന്ദ്യന്‍ നാരായണന്‍ വന്നത് അപ്പോഴാണ്. മന്ദ്യന്‍ നാരായണന്‍ ചെറിയ കുട്ടിയായിരുന്നു. നാവുയര്‍ത്തി അല്പം വെള്ളം വേണമെന്ന് പറയാനുള്ള ശക്തി പോലും എനിക്ക് നഷ്ടപ്പെട്ടിരുന്നു. നാരായണന് കാര്യം മനസ്സിലായി. അല്‍പം ദൂരെയുള്ള തെങ്ങില്‍ നിന്ന് രണ്ട് കരിക്കിട്ടുകൊണ്ടുവന്ന് കല്ലിന്മേലുടച്ച് അതെനിക്ക് തന്നു. അതിനുശേഷം പശുവിന് വെള്ളം കൊണ്ടുവന്ന മണ്‍കലത്തിന്റെ പൊട്ടിയകഷണത്തില്‍ അവന്‍ അല്‍പം പാല്‍ കറന്നെടുത്തു. പശുവിന് വെള്ളമെടുക്കുന്ന കൂവ്വലില്‍ നിന്ന് കുറച്ച് വെള്ളം കോരിയൊഴിച്ച് കല്ലെടുത്തുവെച്ച് അടുപ്പുകൂട്ടി ചൂടാക്കി അതെനിക്ക് കുടിക്കാന്‍ തന്നു." (പുറം-54) ഇങ്ങനെ ദുരിതചിത്രങ്ങളുടെ പരമ്പര തന്നെ ഇതിലുണ്ട്. ഒരു നല്ല കാലത്തിന് വേണ്ടി സ്വന്തം ജീവിതം ബലി കൊടുത്ത ജനതയുടെ നിലവിളി കൂടിയായിരൂന്ന ദേവയാനിയുടെ വാക്കുകളില്‍. പോലീസുകാരുടെയും ഒറ്റുകാരുടേയും നിരന്തരഭീഷണിയും പരിഹാസവും കാതില്‍ കുത്തിയലച്ചെങ്കിലും ദാരിദ്ര്യത്തിന്റെ കനലില്‍ ഒറ്റയ്ക്കായിട്ടും തളരാതെ നില്ക്കുന്ന ദേവയാനി ഒരു ചെറുമുള്ളിന്റെ കുത്ത് കൊണ്ടാല്‍ പോലും തളര്‍ന്നുവീഴുന്ന പുതിയ കാലത്തിനുള്ള വലിയ പാഠമാണ്.

ഒളിവില്‍ എവിടെയെന്നറിയാതെ ഭര്‍ത്താവ്. പോലീസുകാര്‍ വീടിന് ചുറ്റും ഏത് നേരവും റോന്ത് ചുറ്റി. ജീവിക്കുക എന്നത് ദുരിതത്തിന്റെ അങ്ങേയറ്റമായി. കനല്‍ നടത്തമായി ദേവയാനിയുടെ ജീവിതം. കൈകുഞ്ഞ് മാത്രം കൂട്ടിന്.

"ഞാന്‍ പാട്ടിയമ്മയുടെ കൂടെ പുറത്ത് ജോലിക്ക് പോയി. നെല്ലിന് കള പറിക്കല്‍, കൊയ്ത്ത്, മെതി, ഞാറുനടല്‍ തുടങ്ങിയ കൃഷിപ്പണികള്‍ക്കും കാട്ടില്‍ നിന്ന് തോല്, വിറക്, പുല്ല് എന്നിവ കൊണ്ടുവരുന്നതിനുമെല്ലാം ഞാന്‍ പോയിത്തുടങ്ങി. ഒന്നും നേരത്തെ പരിചയമുണ്ടായിട്ടില്ല. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന് കണ്ടപ്പോള്‍ എത്ര കടുത്ത ജോലി ചെയ്തിട്ടും വിശപ്പടക്കാനുള്ള കൂലി സമ്പാദിക്കണമെന്ന് തോന്നി. പാട്ടിയമ്മ തന്നെയാണ് ഈ ജോലികളെല്ലാം എന്നെ പഠിപ്പിച്ചത്. രാവിലെ ജോലിക്ക് പോയാല്‍ തിരിച്ചെത്തുമ്പോഴേക്കും നേരം വൈകുന്നേരമാകും. പാട്ടിയമ്മയുടെ മകള്‍ നാരായണി കുഞ്ഞിനെ ശ്രദ്ധിക്കും. പിന്നീട് ഞാന്‍ അവളെ വീട്ടില്‍ ഉറക്കിക്കിടത്തിയ ശേഷം ജോലിക്ക് പോകാന്‍ തുടങ്ങി. രാവിലെ നാല് മണിക്ക് പുറപ്പെടുമ്പോള്‍ അവള്‍ ഉറക്കം വിട്ട് എഴുന്നേറ്റിട്ടുണ്ടാവില്ല. വാതില്‍ പുറത്ത് നിന്ന് ചാരിയ ശേഷം ഞാന്‍ ജോലിക്ക് പോകും. പലപ്പോഴും അവള്‍ രാവിലെ എഴുന്നേറ്റ് വിശന്നുകരയും. ഒടുവില്‍ കരഞ്ഞുതളര്‍ന്ന് വീണ്ടുമുറങ്ങും. വൈകുന്നേരം ഞാന്‍ വരുന്നതിനിടയ്ക്ക് വല്ലവരും കരച്ചില്‍ കേട്ട് വന്ന് വല്ലതും കൊടുത്തിട്ടില്ലെങ്കില്‍ മിക്കപ്പോഴും ഞാന്‍ വന്ന് എന്തെങ്കിലും ഉണ്ടാക്കിയ ശേഷമാണ് അവള്‍ ആഹാരം കഴിക്കുന്നത്. വിശന്ന് കരഞ്ഞും ഉറങ്ങിയും വീണ്ടും ഉണര്‍ന്ന് കരഞ്ഞും ഏറെ അനാഥമായ അവസ്ഥയിലാണ് എന്റെ മകള്‍ വളര്‍ന്നത്. കരച്ചില്‍ കേട്ട് ആരെങ്കിലും വന്നാല്‍ അമ്മ ദൂരെ അപ്പം കൊണ്ടുവരാന്‍ പോയതാണെന്ന് അവളെ ആശ്വസിപ്പിക്കും. അമ്മ അന്നന്നത്തെ അപ്പവുമായി തിരിച്ചെത്തുമ്പോഴേക്കും മോള്‍ താളിന്‍തണ്ടുപോലെ കുഴഞ്ഞുകിടക്കുന്നുണ്ടാവും."(പുറം-65)

കരിവെള്ളൂരിലെ പോലീസ് പരാക്രമം ക്രൂരമായപ്പോള്‍ ദേവയാനി പുന്നപ്രയിലേക്ക് തിരിച്ചുപോകുന്നു. പുന്നപ്രയില്‍ വെച്ച് മകള്‍ മരണപ്പെടുന്നു. നിസംഗയായി അത് അവതരിപ്പിക്കുമ്പോള്‍ കരഞ്ഞുപോകുന്നത് നമ്മളാണ്..

"കരിവെള്ളൂരില്‍ നിന്ന് വന്നു പന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും കുട്ടിക്ക് രോഗം പിടിപെട്ടു. വയറ്റില്‍ നിന്ന് രക്തം പോകുന്നതായിരുന്നു രോഗം. കുട്ടിക്ക് കഞ്ഞി തീരെ കൊടുക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. നാല്‍പ്പതു ദിവസത്തോളം കഞ്ഞി കൊടുത്തില്ല. കൂവപ്പൊടി വേവിച്ചതും റൊട്ടിയും തന്നെയായിരുന്നൂ ഭക്ഷണം. വീട്ടിലാരെങ്കിലും വരുമ്പോള്‍ ഞാനും അമ്മയും കേള്‍ക്കാതെ അവള്‍ ചോദിക്കും: ചേച്ചീടെ വീട്ടില്‍ ഇന്ന് കഞ്ഞി വെച്ചിട്ടുണ്ടോ. ഇച്ചിരി എനിക്ക് തര്വോ?

ഒരു പിടി വറ്റ് പോലും അവള്‍ക്ക് കൊടുക്കാന്‍ പോലും അവളുടെ രോഗം എന്നെ അനുവദിച്ചില്ല. ഒടുവില്‍ പറവൂരിലെ കോട്ടയം വൈദ്യനെ കൊണ്ടുപോയി കാണിച്ചു. കുഞ്ഞിനുവയറു നിറയെ കഞ്ഞി കൊടുത്തുകൊള്ളാന്‍ വൈദ്യന്‍ എന്നോട് പറഞ്ഞു. എന്റെ പ്രതീക്ഷയുടെ അവശേഷിച്ച നാമ്പുകളേയും അത് തല്ലിക്കെടുത്തി. വീട്ടിലെത്തിയശേഷം അവശയായ അവളെ മടിയിലിരുത്തി പ്ലാവിലക്കുമ്പിള്‍ കൊണ്ട് കഞ്ഞി കോരിക്കൊടുത്തു. ഒരിറക്ക് കഞ്ഞി പോലും അവള്‍ക്ക് കുടിക്കാനായില്ല. ചാലിട്ടൊഴുകിയ എന്റെ കണ്ണീര്‍ അവളുടെ മൂര്‍ധാവിലും കഞ്ഞിയിലും ഇറ്റിറ്റു വീണു."(പുറം-65)

ജന്മിത്വഭീകരതയുടെ ഇരയായിരുന്നൂ രാധ. മാനസികമായി തകര്‍ന്ന ദേവയാനിയെ പിടിച്ചുനിര്‍ത്തിയത് എ.വി.കുഞ്ഞമ്പു എന്നെങ്കിലും തിരിച്ചുവരുമെന്ന ഒറ്റപ്രതീക്ഷ.("ഞാന്‍ കാത്തുസൂക്ഷിച്ച ആത്മധൈര്യം മിക്കവാറും എനിക്ക് നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണശേഷമാണ് സേലം ജയിലില്‍ വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ അദ്ദേഹവും കൊല്ലപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞ് ഞാനറിഞ്ഞു. പാര്‍ട്ടിബന്ധങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് മറ്റൊരു വിവരവുമറിയാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടുകാര്‍ എന്നെ ആശ്വസിപ്പിച്ചു: അദ്ദേഹം മരിച്ചു. നിന്റെ മകളും നഷ്ടപ്പെട്ടു. കഴിഞ്ഞ സംഭവങ്ങളൊന്നും ഓര്‍മ്മിക്കാതെ നീ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയാല്‍മതി.'' പക്ഷേ ഒന്നും ഓര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഏതെങ്കിലും ആശ്വാസത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ചുനില്‍ക്കണമെന്നത് കൊണ്ട് അദ്ദേഹം എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരുമെന്ന് തന്നെ ഞാന്‍ പ്രതിക്ഷിച്ചു."(പുറം-70)) പ്രതീക്ഷ തെറ്റിയില്ല. സേലംവെടിവെപ്പില്‍ കുഞ്ഞമ്പു മരണപ്പെട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ചമ്പു മടങ്ങി വന്നു.("ഞാന്‍ ഒരു കുടം വെള്ളവുമായി കുളത്തില്‍ നിന്ന് ഒതുക്കുകള്‍ കയറിവരികയായിരുന്നു. ഒക്കത്തുവെച്ചിരുന്ന വെള്ളവും കുടവുമായി എത്രയോ നേരം ഒന്നും സംസാരിക്കാനാവാതെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ നിന്നു. സ്ഥലകാലബോധം വന്നപ്പോള്‍ ഞാന്‍ നിയന്ത്രണമില്ലാതെ പൊട്ടിക്കരഞ്ഞു. സാന്ത്വനിപ്പിക്കാന്‍ പോലും വയ്യാതെ നിരദ്ധകണ്ഠനായി അദ്ദേഹം ഏറെനേരം എന്റെയടുത്തുനിന്നു. പിന്നെ നിശബ്ദനായി നടന്ന് തൊടിയുടെ തെക്കുകിഴക്കേ മൂലയിലെ മകളെ അടക്കിയ മണ്‍തിട്ടയ്ക്കു മുന്നില്‍ മുഖം കുനിച്ച് മണ്ണില്‍ കണ്ണുകളൂന്നി ഒരേ നില്പ് "(പുറം-74)). കരിവെള്ളുരിലേക്ക് എ.വി.കുഞ്ഞമ്പുവുമൊത്ത് മടങ്ങി വരുമ്പോള്‍ കരിവെള്ളൂര്‍ ശാന്തമായിരുന്നൂ. കാലം മാറിയിരുന്നൂ. ജീവിതം തന്ന കറുത്ത നിമിഷങ്ങള്‍ മനസ്സില്‍. കുഞ്ഞമ്പുവിനൊന്നിച്ചുള്ള കുടംബജീവിതം. സമ്പന്നതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു പരക്കം പാച്ചിലല്ല ജീവിതമെന്നും ദരിദ്രമെങ്കിലും ഭാവിയില്‍ ചെയ്ത കാര്യങ്ങളോര്‍ത്ത് ലജ്ജ തോന്നാത്ത ഒരു ജീവിതമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്നുമുള്ള ഒരു ബോധം അവരുടെ കുടുംബജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. യഥാസ്ഥിതികകുടംബവ്യവസ്ഥയുടെ ചട്ടക്കൂടില്‍ നിന്നുള്ള പൊളിച്ചെഴുത്തായിരുന്നൂ അവരുടെ ജീവിതം. ജീവിതം ദീര്‍ഘസമരമായി കണ്ട ആ ദമ്പതികള്‍ ചുവന്ന ജീവിതത്തിന്റെ അടിയുറച്ച വക്താക്കളായി. എ.വി.കുഞ്ഞമ്പുവിന്റെ മരണവും അതുണ്ടാക്കിയ ഏകാന്തതയും പുസ്തകത്തിന്റെ അവസാനഭാഗത്തുണ്ട്.

ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്.
"കരിവെള്ളൂര്‍ രക്തസാക്ഷി നഗറിന്റെ തെക്കുകിഴക്കേ മൂലയിലെ ചെറിയ ശവകുടീരത്തില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഓര്‍മ്മകളില്‍ കണ്ണുനട്ട് നില്ക്കുകയാണിപ്പോഴും ഞാന്‍. സ്വാസ്ഥ്യം തരാത്ത കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും ഹൃദയത്തെ പ്രതികാരബുദ്ധിയോടെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു. മനസ്സിന്റെ എണ്ണമറ്റ മുറിവികളില്‍ നിന്ന് ഇപ്പോഴും ചോരയൊലിക്കുന്നു. ഗദ്ഗദങ്ങള്‍ വാക്കുകളെ മുഴങ്ങുന്ന ഈ മുഹൂര്‍ത്തത്തില്‍ ഇനിയും ഞാനെങ്ങെനെ ഇതു തുടരാനാണ്. എവിടെ നിര്‍ത്തണമെന്നും എനിക്കറിയില്ല. എന്റെ കുഞ്ഞുമക്കളേ, ഞാനിത് നിര്‍ത്തട്ടെ. ഈ അമ്മയോട് ക്ഷമിക്കൂ...."(പുറം-83)

മനസ്സ് മുറിഞ്ഞ് പോവും ഇത് വായിച്ചുതീരുമ്പോള്‍. ഇങ്ങനെയുമൊരു ജീവിതമുണ്ടായിരുന്നോ എന്ന ആശ്ചര്യം ശീതികരിച്ച മുറികളില്‍ നിന്നുയരും. എന്താണ് നമ്മള്‍ ജീവിക്കുന്ന ജീവിതം എന്ന കുറ്റബോധം മനസ്സില്‍ കടലുയര്‍ത്തും. തകര്‍ന്ന് നില്ക്കുമ്പോള്‍ ഉള്ളില്‍ ഒരു വെളിച്ചം പടരും. ചോരയും കണ്ണീരും കലര്‍ന്ന പുസ്തകമാണിത്. ചോര കൊണ്ടാണ് ഇതെഴുതപ്പെട്ടത്.

ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ക്ക് ഇനിയും വായനകള്‍ ഉണ്ടാവേണ്ടതുണ്ട്. എഴുതപ്പെടാത്ത സ്ത്രീസമരങ്ങള്‍ക്കൊരു വലിയ മാതൃകയാണ് ഈ പുസ്തകം. സ്ത്രീകളുടെ സാന്നിദ്ധ്യമില്ലാതെ ഒരു സമരവും വിജയിക്കില്ല എന്ന ലെനിന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന തലത്തിലുള്ളതായിരുന്നു വടക്കേ മലബാറിലെ ജന്മിത്വവിരുദ്ധപ്രക്ഷോഭങ്ങള്‍. കാസര്‍ഗോഡും കണ്ണൂരും ജന്മിത്വത്തിനെതിരായി ക്രൂരമര്‍ദ്ദനങ്ങളിലും ഭീഷണയെയും കൂസാതെ അടിയുറച്ച് നിന്ന ഒരു പാട് സ്ത്രീകളുണ്ട്. അവര്‍ക്കെല്ലാം വേണ്ടിയുള്ളതാണ് ഇതിലെ വഴികള്‍ .അവരെയെല്ലാം ഓര്‍മ്മയുടെ വെട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം, സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളില്‍ ഉള്ളിലേക്ക് വലിഞ്ഞ് മൗനിയായിരിക്കുന്ന പുതിയ കാലത്തിന്റെ പെണ്‍ജീവിതങ്ങള്‍ക്ക് ഒരു ബലമായും ചോരയും കണ്ണീരും നനഞ്ഞ വഴികളില്‍ ദേവയാനിയമ്മ നിൽക്കുന്നു.

3 comments:

  1. വളരെ നല്ലത് . എന്നെക്കൂടി ചേര്‍ക്കാമോ.
    http://anusmaranikam.blogspot.com/2006/12/blog-post.html

    ReplyDelete
  2. "രാഷ്ട്രീയമില്ലായ്മയുടെ അന്ധതബാധിച്ച് കൂപമണ്ഡൂകങ്ങളായി സ്വന്തം ജീവിതത്തിന്റെ ഒളിയിടങ്ങളില്‍ കൂനിക്കൂടിയിരിക്കുന്നവര്‍ ഈ അമ്മയുടെ അനുഭവങ്ങളുടെ കനലില്‍ മനസ്സ് കൊണ്ട് കത്തിപ്പോവും." തീര്‍ച്ചയായും വായിക്കണം എന്ന് തോന്നിയ ഒന്ന്....
    ഈ പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  3. ആര്യഭടസ്വാമികൾ എഴുതിയ കൃതികൾ, സ്വാമികളുടെ ജീവചരിത്രം, എന്തെങ്കിലും വിവരങ്ങൾ കിട്ടാൻ സാധ്യതയുണ്ടെങ്കിൽ അറിയിക്കുക.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?