പുസ്തകം : നെയ്ത്തിരികള്‍
രചയിതാവ് : ലീല.എം.ചന്ദ്രന്‍
പ്രസാധകര്‍ : സിയെല്ലസ് ബുക്സ്
അവലോകനം : ടി.എന്‍.പ്രകാശ്
മികച്ച ഗായകന്റെ ശാരീരത്തില്‍ രാഗത്തോടൊപ്പം അയാളുടെ വ്യക്തിത്വവും സഞ്ചരിക്കും. ആലാപനത്തിന്റെ സവിശേഷത എന്നു പറയുന്നത് ഇതാണ്. അല്ലെങ്കില്‍ നൂറു ഗായകര്‍ നീലാംബരി ആലപിക്കുമ്പോള്‍ അതെല്ലാം ഒരു നീലാംബരിയായി തോന്നിപ്പോകും. ലീല.എം.ചന്ദ്രന്റെ കഥകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയ വികാരമാണിത്. പെണ്ണിനെക്കുറിച്ചാണ് ലീല ആവര്‍ത്തിച്ചു പറയുന്നത്. ഓരോ പറച്ചിലിലും തന്റേതായ വൈവിധ്യം വരുത്തുവാന്‍ കഥാകാരി ശ്രമിക്കുകയും ചെയ്യുന്നു. 'നെയ്ത്തിരികളി'ലെ കഥകള്‍ക്ക് കൊടുക്കാവുന്ന പ്രശംസാപത്രത്തിലെ ആശയവും ഇതാണ്. 'തനതായ ശൈലി' എന്നൊന്നും പറഞ്ഞ് ഇതിനെ ലഘൂകരിക്കുന്നില്ല.
നന്മയിലേക്ക് തുറക്കുന്ന വാതിലിന്റെ മുന്നില്‍ കാത്തിരിക്കുന്ന ഒട്ടനവധി പെണ്‍കഥാപാത്രങ്ങളെ ലീല കോറിയിടുന്നു. 'മടക്കയാത്ര'യിലെ അശ്വതിമാരാണ് ഏറിയും കുറഞ്ഞും മറ്റെല്ലാ കഥാപാത്രങ്ങളും. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയില്‍ ജീവിതം കൈവിടാത്തവര്‍. ചിലരെങ്കിലും പിടിവള്ളീകള്‍ ലഭിക്കാതെ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍. അവസാന നിമിഷത്തിലെങ്കിലും പ്രണയശീഷ്ടത്തിന്റെ പ്രതികാരങ്ങള്‍ ബാക്കിവയ്ക്കാതെ മുന്‍ കാമുകന്റെ മകനെ മാറോടാണച്ച് അവരുടെ ജീവിതത്തിലേക്ക് കടന്നുകയറുന്ന അഞ്ജനമാരെപ്പോലുള്ളവര്‍. ശാന്തിമന്ത്രം പോലുള്ള കഥ, ജീവിതമേ ഹാ എത്ര കഷ്ടം എന്നല്ല പറയുന്നത്, എന്തുമാത്രം ആശാഭരതമാണീ ജീവിതം എന്നാണ്. ഒരുവേള, അതുതന്നെയാണല്ലോ ലീലയുടെ മൊത്തം കഥകളുടെ അടിയൊഴുക്ക്. ഈ എഴുത്തുകാരിയുടെ ജീവിതദര്‍ശനവും അതല്ലാതെ മറ്റൊന്നാകില്ല.
പക്ഷെ, കഥകള്‍ നാടും നഗരവും താണ്ടി പുതിയ പ്രദേശങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് നാം അറിഞ്ഞേ പറ്റു. ഒരു പറ്റം പെണ്‍കുട്ടികള്‍ ശക്തമായി എഴുതി കഥാപ്രപഞ്ചത്തിലെ കുടികിടപ്പ് അവകാശം എന്നെന്നേക്കുമായി സ്ഥാപിച്ചെടുത്തുകഴിഞ്ഞു! അതിനൊപ്പം യാത്ര ചെയ്യാന്‍ ലീല ശ്രമിക്കുന്നില്ല എന്നത് ഒരു പരിമിതിയായി കാണുമ്പോള്‍ തന്നെ സംസ്കാരലോപത്തിന്റെതായോന്നും തന്നെ തന്റെ അകൌണ്ടില്‍ വരവു വയ്ക്കാന്‍ ഈ കഥാകാരി മെനക്കെടുന്നില്ല എന്നത് വല്ലാത്തൊരാശ്വാസം പകരുന്നു. കഥാരംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ കാട്ടിക്കൂട്ടുന്ന ജുഗുപ്സ നിറഞ്ഞ കോപ്രായങ്ങളൊന്നും ലീലയ്ക്ക് വഴങ്ങാത്തതാണ്. അതെല്ലാം പെട്ടന്ന് പൊട്ടിത്തീരുന്ന വെടിക്കെട്ടുകളാണെന്ന് അവര്‍ നേരത്തെ മനസ്സിലാക്കി കഴിഞ്ഞെന്ന് തോന്നുന്നു. ചിലരൊക്കെ നല്ല കുട്ടികളായി തിരിച്ചെത്തിക്കഴിഞ്ഞു. എന്നാല്‍ ലീലക്ക് തിരിച്ചുപോക്കും മടങ്ങിവരവുമൊന്നും ആവശ്യമില്ല. നേരത്തെ പ്രസിദ്ധീകരിച്ച ലൌലി ഡാഫോഡിത്സ് (നോവല്‍), ദശാസന്ധി (നാടകം) എന്നീ കൃതികളിലും ഈ അനുപമമായ കുലീനത്വം ലീല കാത്തുസൂക്ഷിച്ചതാണ്. മനസ്സിലുള്ള അഴുക്കാര്‍ന്ന ചിന്തകള്‍ പകര്‍ത്തിവെക്കുന്നതല്ല സാഹിത്യം. വിശുദ്ധീകരിക്കപ്പെട്ട വിസ്മയങ്ങളായിരിക്കണമത്. അതില്‍ ലൈംഗീകത പോലും കേവലാര്‍ത്ഥത്തില്‍ നിന്നുയര്‍ന്ന് ആത്മബന്ധത്തിന്റെ പവിത്രമായ ഇടം തേടണം. ഇത് കഴിയാതെ പോകുന്ന എഴുത്തുകാരാണ് വാക്കുകളെ ചുവന്ന തെരുവിലേക്ക് എറിയുന്നത്. മറുകരയിലാണ് ലീലയുടെ വാസം. വാക്കുകളുടെ വസന്തമാണ് അവരുടെ ലക്ഷ്യം.
കഥകള്‍ ഓരോന്നായി എടുത്ത് പരാമര്‍ശിക്കുന്നില്ല. ഏതൊരെഴുത്തുകാരിക്കും താന്‍ രൂപപ്പെടുത്തിയെടുക്കുന്ന കഥയുടെ പൊതുസ്വഭാവത്തില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കഴിയില്ല. ലീല.എം.ചന്ദ്രന്‍ ഒട്ടും മാറി സഞ്ചരിക്കുന്നില്ലതാനും. അതുകൊണ്ടാണ് 'ഒമ്പതു മക്കളെ പെറ്റ അമ്മ' എന്ന കഥയുടെ പ്രമേയ സ്വീകരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോഴുംനിര്‍വഹണത്തില്‍ താന്‍ പാലിച്ചുപോരുന്ന പൊതുസ്വഭാവം തന്നെ കാത്തുസൂക്ഷിക്കുന്നത്. കഥകളുടെ പരിമിതിയായി ഇതിനെ കണക്കാക്കാം. ആകാശവാണി കണ്ണൂര്‍ നിലയത്തിന്റെ ശ്രീതിലകം പരിപാടിയിലൂടെയാണ് നെയ്ത്തിരികളിലെ പതിനെട്ട് കഥകളും പ്രക്ഷേപണം ചെയ്യപ്പെട്ടത് എന്ന് വരുമ്പോള്‍ ആ പരിമിതി മറികടക്കാന്‍ തെല്ല് പ്രയാസമുണ്ട് എന്ന് കൂടെ കൂട്ടിചേര്‍ക്കട്ടെ. ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു പരിപാടിയുടെ അതിര്‍ത്തിക്കകത്ത് നില്‍ക്കുമ്പോള്‍ അതിനതിന്റേതായ ഒരു ഐ.എ.എസ്.മുദ്ര വീഴും.
വേറൊരു കാര്യമുണ്ട്. ലീലയുടെ ഭാഷ. വളരെ സുതാര്യമാണ്. കാല്പനീകതയുടെ സ്പര്‍ശമുള്ള പ്രസ്തുത ഭാഷക്ക് വക്രീകരണത്തിന്റെ ഞരമ്പുപിടിത്തങ്ങളോ, ഗഹനതയുടെ അലോസരങ്ങളോ ഒന്നുമില്ല. നേരെചൊവ്വെ കാര്യങ്ങള്‍ പറയുകയാണീ കഥാകാരി. അതുകൊണ്ട് ഏതൊരു സാധാരണ വായനക്കാരനും ലീലയുടെ കഥകളില്‍ അഭിരമിക്കും. 'അന്തിവിളക്ക്'എന്നൊരു കൃതി കുട്ടികള്‍ക്കായി ലീല.എം.ചന്ദ്രന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു സൂചകമാണ്. കുട്ടികള്‍ക്കായി കൃതി ഒരുക്കുന്ന ഒരു എഴുത്തുകാരിക്ക് തെളിനീര്‍പോലെ ഭാഷ ഉപയോഗിക്കുവാന്‍ കെല്പില്ലെങ്കില്‍ ആപ്പിലായിപ്പോകും. ലീലക്ക് അതിനുള്ള കെല്പുണ്ട്. ഇവരുടെ ഭാഷ സ്ഫടിക സമാനമായ മഴത്തുള്ളിപോലെയാണ്. അത് ലീല.എം.ചന്ദ്രന്റെ ശക്തിയാണ്. കൂടുതല്‍ ഗൃഹപാഠം ചെയ്തും, അനുഭവങ്ങള്‍ സ്വാംശീകരിച്ചും പുതിയ കഥകളില്‍ നൂണിറങ്ങിയും എഴുത്തിന്റെ കരിമല കയറുവാന്‍ ലീല.എം.ചന്ദ്രന് സാധിക്കുമാറാകട്ടെ എന്നാശംസിക്കുന്നു.
(ഒരേ രാഗത്തിന്റെ ആലാപന വൈവിദ്ധ്യങ്ങള്‍ എന്ന തലക്കെട്ടോടെ നെയ്ത്തിരികള്‍ക്ക് എഴുതിയ അവതാരികയില്‍ നിന്ന്)
ലീല ടീച്ചറുടെ നെയ്‌ത്തിരികള്‍ സ്നേഹത്തിന്റെ പ്രകാശം വിതറുന്ന കാഴ്ച മനോഹരം...!
ReplyDeleteലീലടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ .........
ReplyDeleteവായിക്കാന്‍ കഴിഞ്ഞിട്ടില്ല പുസ്തകം ,അത് കൊണ്ട് പറയാന്‍ അഭിപ്രായവുമില്ല .ലീല ടീച്ചറുടെ പുസ്തകം എന്നല്ല കഥകള്‍ ഒന്ന്നും ഇതേ വരെ വായിച്ചിട്ടില്ല ,ആകാശവാണി കേള്‍ക്കുന്ന സ്വഭാവം ഒക്കെ എപ്പോഴേ മാഞ്ഞു ..
ReplyDeleteവായിക്കണം.
ReplyDeleteലീലടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ .........
ReplyDeletemeetil vachu kandu.....
santhoshamayi.....
ലീല ടീച്ചറുടെ കഥകളില്‍ ചിലത് ഇവിടുണ്ട് .
ReplyDeletehttp://leelamc.blogspot.com/
കവിതകള്‍ ഇതിലും ..
http://leelamchandran.blogspot.com/
വായിച്ച് അഭിപ്രായം അറിയിക്കൂ
പുസ്തകം കിട്ടുവാന്‍ ബന്ധപ്പെടുക.
clsbuks@gmail.com
സ്നേഹപൂര്‍വ്വം
Munpe vayichathaanu.Thank u.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഅഭിനന്ദനങ്ങള്‍ . ബൂലോകത്തിലെ
ReplyDeleteഎഴുത്തുകാര്‍ കൂടുതല്‍ അറിയപ്പെടുന്നതില്‍
വളരെ ,വളരെ സന്തോഷം
സ്വന്തം പുസ്തകം അയച്ചു തരുമോ എന്ന് ചോദിയ്ക്കുന്നത് അവിവേകം അല്ലെങ്കിൽ .......എവിടെ കിട്ടുമെന്ന് അറിയിച്ചാലും മതി. ഞാൻ വാങ്ങിച്ചുകൊള്ളാം.
ReplyDeleteഅപ്പോ അഭിനന്ദനങ്ങൾ കേട്ടൊ. പിന്നെ ആശംസകളും...
മനോഹരമായ ഈ അവതാരിക ഇപ്പോഴാണ് വായിച്ചത്. എല്ലാ ഭാവുകങ്ങളും നേരുന്നു!
ReplyDelete