Wednesday, November 16, 2011

വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം

പുസ്തകം : വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം
രചയിതാവ് : പി.ഗോവിന്ദപിള്ള
പ്രസാധകര്‍ : കേരളഭാഷാ ഇന്‍സ്റ്റിട്യൂട്ട്
അവലോകനം : മനോജ് പട്ടേട്ട്



നാഗരികതയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ വില്‍ ഡൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന് സമാനതകളില്ല. പ്രതിനിമിഷം നമ്മെ അത്ഭുതപ്പെടുത്തുന്ന ആ പതിനൊന്ന് വാല്യങ്ങള്‍ക്കൊപ്പം മനസ്സിലേക്കെത്തുന്ന മറ്റൊരു ഗ്രന്ഥമാണ് ഇന്ത്യയുടെ ചരിത്രം പറയുന്ന ഏഴു വാല്യങ്ങളുള്ള, ശ്രീരാമകൃഷ്ണ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ പുറത്തിറക്കിയ ദ കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥാവലി. ഒന്നാമത്തേത് വില്‍ ഡ്യൂറെന്റിന്റെ ശ്രമത്തിന്റെ ഫലമാണെങ്കില്‍, ഡോ: രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആര്‍ സി മജുംദാറും സുനീത് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഒരു സംഘം ചരിത്രകാരന്മാരുടെ സംയുക്ത ശ്രമാണ് രണ്ടാമത്തേത്. മലയാളത്തിലാകട്ടെ ഇത്തരം ആധികാരികമായ ചരിത്രഗ്രന്ഥങ്ങള്‍ പൊതുവേ വിരളമാണെന്ന് പറയാം. ആ മേഖലയിലേക്ക് വന്നുചേര്‍ന്ന വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ശ്രമഫലമായി ഉണ്ടായിട്ടുള്ള വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക പഠനം എന്ന ഉജ്ജ്വലഗ്രന്ഥം. ചരിത്ര ഗ്രന്ഥം എന്നു പറഞ്ഞുവെങ്കിലും മറ്റു രണ്ടുകൃതികളേയും പോലെ മാനവചരിത്രത്തിന്റെ ക്രമാനുക്രമമായ ഒരു അവതരണരീതിയല്ല ഈ ഗ്രന്ഥം അനുവര്‍ത്തിക്കുന്നത്. ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ആ നൂറ്റാണ്ടുകളുടെ മാത്രം ചരിത്രവുമാകുന്നില്ല. മുന്കാലങ്ങളേയും പിന്‍കാലങ്ങളേയും സമഞ്ജസമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സമഗ്രമായ ഒരു പ്രതിപാദനരീതി അവലംബിക്കുകയാല്‍ ആധുനികലോകത്തിന്റെ ചരിത്രം കൂടിയായി മാറുകയാണ്.

ഈ പുസ്തകം എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു. "ശാസ്ത്രത്തിന്റെ വികാസവും ശാസ്ത്രജ്ഞന്മാരുടെ ജീവിതവും ജനങ്ങള്‍ ശാസ്ത്രജ്ഞന്മാരോടും അവരുടെ കണ്ടുപിടുത്തങ്ങളോടും എങ്ങനെ പ്രതികരിച്ചു എന്നതും കലയും സാഹിത്യവും ദര്‍ശനവും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്രസംഭവങ്ങളുമായി കെട്ടുപിണഞ്ഞ് ആദാനപ്രദാനങ്ങള്‍ നടത്തി വികസിക്കുന്നവെന്നും വിവരിക്കുന്ന ചരിത്രങ്ങള്‍ വിരളമാണ്. ചാള്സ് സിംഗറിനേയും ജെ.ഡി ബര്‍ണലിനേയും പോലെ ചുരുക്കം ചില ശാസ്ത്രജ്ഞന്മാര്‍ സാംസ്കാരിക അന്തരിക്ഷം എങ്ങനെ ശാസ്ത്രത്തെ ബാധിക്കുന്നുവെന്ന് സ്പര്‍ശിച്ച് പോകുന്നുണ്ടെങ്കിലും, അവ വളരെ പരിമിതമായ തോതില്‍ മാത്രമാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഈ പരിമിതി പരിഹരിക്കാന്‍ കഴിയും വിധം സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്കാരികചരിത്രത്തിലെ ഒരുജ്ജ്വല അധ്യായത്തിന്റെ ചരിത്രം രചിക്കുവാനാണ് ഇവിടെ മുതിര്‍ന്നിട്ടുള്ളത്." ഗ്രന്ഥകാരന്റെ അവകാശവാദം തുലോം ലളിതമാണെങ്കിലും അതിലും എത്രയോ മഹത്തായ ഒരു കൃത്യമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവര്‍ അത്ഭുതം കൊള്ളുകതന്നെ ചെയ്യും.

വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം എന്നാ പേരിനെത്തന്നെ കൃത്യമായി നിര്‍വചിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വിജ്ഞാനം, വിപ്ലവം, ചരിത്രം, സംസ്കാരം എന്നീ നാല് പദങ്ങളുടെ അയത്നലളിതമായ പ്രയോഗങ്ങളാല്‍ സമ്പന്നമാണല്ലോ നമ്മുടെ സമകാലിസാംസ്കാരികചിന്താധാര. എന്നാല്‍ ഓരോ പദങ്ങളിലും നിഹിതമായിരിക്കുന്ന അര്‍ത്ഥതലങ്ങളെന്ത് എന്ന് അന്വേഷിക്കുമ്പോള്‍ നമുക്ക് മാനവചരിത്രത്തിന്റെ ആദ്യകാലസംഭവവികാസങ്ങളിലേക്ക് ചെന്നേത്തേണ്ടിവരും എന്നതാണ് വസ്തുത. ഈ വസ്തുതയെ പരിപോഷിപ്പിച്ചുകൊണ്ടാണ് പ്രാരംഭം എന്ന ഒന്നാം ഭാഗത്തിലെ ആറ് അദ്ധ്യായങ്ങല്‍ ഇതള്‍ വിരിയുന്നത്. ഗ്രന്ഥനാമത്തിലടങ്ങിയിരിക്കുന്ന നാലുപദങ്ങളേയും സൈദ്ധാന്തികമായി സംയോജിപ്പിച്ചുകൊണ്ട് അവ ഏതൊക്കെ തലത്തിലാണ് ഈ പുസ്തകത്തിന്റെ രചനക്ക് സഹായകമായി നിലകൊള്ളുന്നത് എന്ന് വിശദീകരിക്കുന്നു. ചരിത്രവും സംസ്കാരവും, സത്യം ശിവം സുന്ദരം, പ്രകൃതി ശാസ്ത്രവും ധര്‍മശാസ്ത്രവും, ശാസ്ത്രം കപടശാസ്ത്രം ശാസ്ത്രവിരോധം, ജ്ഞാനം വിജ്ഞാനം ശാസ്ത്രം, വിജ്ഞാനവികാസവും പ്രതിഭാവിലാസവും എന്നീ ആറ് അദ്ധ്യായങ്ങളിലൂടെ ഇതപര്യന്തമുള്ള ഒട്ടുമിക്ക ചിന്താപദ്ധതികളേയും പരിചയപ്പെടുത്തുകയും അവയൊക്കെ പുരോഗമനോന്മുഖമായ സമൂഹസൃഷ്ടിക്ക് എങ്ങനെയൊക്കെ പ്രചോദനമായി ഭവിച്ചു എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

രണ്ടാം ഭാഗമാകട്ടെ യൂറോകേന്ദ്രിതമായ ഒരു വ്യവസ്ഥിതിയിലേക്ക് നാം നയിക്കപ്പെട്ടതെങ്ങനെ എന്ന് ചിന്തിക്കുന്നു. യൂറോവാദത്തിന്റെ രാഷ്ട്രീയം എന്ന ഒന്നാം അദ്ധ്യായത്തില്‍ രാഷ്ട്രീയവും സൈനികവുമായ അധികാരാവകാശങ്ങള്‍ എല്ലാംതന്നെ ഭൂഖണ്ഡങ്ങളില്‍ നിന്നും യൂറോപ്യന്‍ ശക്തികള്‍ക്ക് നഷ്ടപ്പെട്ടുവെങ്കിലും, സാംസ്കാരികമായി മേല്‍ക്കോയ്മയിലൂടെ സാമ്പത്തികാധിപത്യം സുഗമമായി നിലനിര്‍ത്തിക്കൊണ്ടു രാഷ്ട്രീയാധിപത്യത്തിലേക്ക് ചെന്നെത്തുന്ന ഇടപെല്‍ രീതിയെ വ്യക്തമാക്കുന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ സംഭാവനകളെ വിലകുറച്ചുകാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു അവലംബിക്കപ്പെട്ടത്. യൂറോകേന്ദ്രവാദത്തിന്റെ പൊള്ളത്തരത്തെ വെളിവാക്കുന്ന ഒരു കഥ ഇവിടെ നമുക്ക് ഗ്രന്ഥകാരന്‍ ഇങ്ങനെ വിവരിക്കുന്നു. പൌലോസ് മാര്‍ ഗ്രിഗറിയോസ്, ജോണ്‍ പോള്‍ രണ്ടാമനുമായി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവ. കഴിഞ്ഞ 500 വര്‍ഷമായി സുവിശേഷവേലകള്‍ അത്യുത്സാഹപൂര്‍വം നടത്തപ്പെടുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ക്രിസ്തുമതം ഒന്നാമതായി വളരാത്തത് എന്നായിരുന്നു ആ അഭിമുഖത്തിലെ ഒരു ചോദ്യം. അതിന് മാര്‍പാപ്പ പറഞ്ഞ ഉത്തരമാകട്ടെ, കൃസ്തീയവേദശാസ്ത്രത്തിലെ ആശയങ്ങള്‍ അതിഗഹനമാണെന്നും അത് ഏഷ്യക്കാര്‍ക്കും മറ്റുമൊന്നും മനസ്സിലാകില്ല എന്നായിരുന്നു. അടുത്ത ചോദ്യമാകട്ടെ പൌരസ്ത്യഫിലോസഫിയെക്കുറിച്ച് അങ്ങെന്തെങ്കിലും വായിച്ചിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്ന ഒറ്റവാക്കിലവസാനിച്ചു മാര്‍പാപ്പയുടെ ഉത്തരം. സൂചന, മതകാര്യങ്ങളിലെന്നതുപോലെത്തന്നെ മറ്റേതൊരു വിഷയത്തിലും ചോദ്യം ചെയ്യാനാകാത്ത പ്രതിഭയാണ് തങ്ങളെന്ന ധാരണ യൂറോകേന്ദ്രിതവാദമുയര്‍ത്തുന്നവരുടെ പൊതുസ്വഭാവമാണെന്നാണ്. ഇതര മതത്തേയും വംശത്തേയും പരിസ്ഥിതിയേയും സംസ്കാരത്തേയും കുറിച്ചെല്ലാം തന്നെ ഇത്തരം നിഷേധാത്മകനിലപാടുകളാണ് അവര്‍ സ്വീരിക്കുന്നതെന്നും ഇത് എത്രകണ്ട് അബദ്ധജടിലമാണെന്നും ഈ അദ്ധ്യായം വിവരിക്കുന്നു.

യൂറോകേന്ദ്രവാദത്തിന്റെ വക്താക്കള്‍ ഉന്നയിക്കുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ മേല്‍ക്കോയ്മകളെക്കുറിച്ച് യൂറോവാദം - ചരിത്രവും ഭൂമിശാസ്ത്രവും എന്ന രണ്ടാം അദ്ധ്യായത്തില്‍ വിവരിക്കുന്നു.എല്ലാത്തരം മഹനീയ ആദര്‍ശങ്ങളും യൂറോപ്പില്‍ ഉത്ഭവിച്ച് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നാണ് അവര്‍ വാദിക്കുന്നത്.അങ്ങനെ ഭൂഗോളത്തെ അവര്‍ രണ്ടായി ഭാഗിക്കുന്നു - ഹൃദയമേഖലയും പ്രാന്തപ്രദേശവും. യൂറോപ്പ് ഒന്നാമത്തേതും, പ്രാന്തപ്രദേശങ്ങളായി ഇതര ഭൂഖണ്ഡങ്ങളും നിര്‍ണയിക്കപ്പെട്ടു. ഇങ്ങനെ നിര്‍ണയിക്കപ്പെടാന്‍ അവര്‍ സ്വീകരിച്ച വാദമുഖങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമായിരുന്നു. 1. സ്വയം നിര്‍മിതവും സ്വഭാവികവുമായ പുരോഗമനാത്മക സംസ്കാരം. 2. യൂറോപ്പിലെ പരിണാമം, ആത്യന്തികമായി ആത്മീയമായ ഏതോ ശക്തിയില്‍ നിന്നും രൂപം പ്രാപിച്ചതാണെന്ന സങ്കല്പം. 3. ഇതരനാടുകളിലെ പരിണാമം യൂറോപ്പുമായുള്ള സമ്പര്‍ക്കത്താല്‍ ഉണ്ടായതാണ്. 4.നാഗരികതയുടെ വികസത്തിനുപകരിക്കുന്ന ആശയങ്ങളുടെയൊക്കെ മൂലരൂപം യൂറോപ്പിന്റെയാണ്. 5.ഇതരനാടുകളില്‍ നിന്നും യൂറോപ്പിലേക്കൊഴുകുന്ന സമ്പത്ത്, ഈ നാഗരികത എന്ന പുരസ്കാരത്തിനുള്ള പ്രതിഫലമാണ്. ഈ വാദങ്ങളെ ഓറിയന്റലിസ്റ്റുകള്‍ ഉന്നയിക്കുന്ന ആശയധാരകളെ പിന്‍പറ്റി അതിസമര്‍ത്ഥമായി ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നുണ്ടെങ്കിലും യൂറോ കേന്ദ്രിതവാദത്തിന് പകരം പൌരസ്ത്യമേല്ക്കോയ്മാവാദം സ്ഥാപിച്ചെടുക്കുന്നതിലെ അപാകതകളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

നവോത്ഥാനം എന്ന് പേരിട്ടിട്ടുള്ള മൂന്നാംഭാഗത്ത്, നവോത്ഥാനം - കുലീനഘട്ടം, നരകവാതിലുകള്‍ തുറന്നുപ്പോള്‍, നവോത്ഥാനം - ജനകീയഘട്ടം, മാക്കിയവല്ലി - ഇറ്റാലിയന്‍ ചാണക്യന്‍, അവസാനത്തെ ദ്വീപദ്വന്ദം - മൂറും ഇറാസ്മസും എന്നീ അദ്ധ്യായങ്ങളുണ്ട്. ഇരുണ്ടയുഗത്തേയും ആധുനികയുഗത്തേയും വേര്‍തിരിക്കുന്ന രണ്ടോ മൂന്നോ നൂറ്റാണ്ടുകളെ നവോത്ഥാനകാലം എന്ന് വിളിക്കുന്നു. നവോത്ഥാനകാലത്തെക്കുറിച്ച് ഫ്രെഡറിക് ഏംഗല്സ് ഇപ്രകാരം പറയുന്നു "മാനവരാശി അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ പുരോഗമനപരമായ വിപ്ലവമായിരുന്നു അത്. അതികായന്മാരെ , ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വ്വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായിട്ടുള്ളവരെ - ആവശ്യമായി വരികയും സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ബൂര്‍ഷാസിയുടെ ആധുനികവാഴ്ചക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല.നേരെ മറിച്ച് കാലത്തിന്റെ സാഹസികസ്വഭാവം അവരെ വിവിധതോതുകളില്‍ ആവേശം കൊള്ളിക്കുകയാണ് ചെയ്തത്.വിപുലമായി സഞ്ചരിക്കുകയും നാലഞ്ചുഭാഷകള്‍ സംസാരിക്കുകയും പലരംഗങ്ങളിലും ശോഭിക്കുകയും ചെയ്യത്തവരായിട്ട് ആരും തന്നെ അന്ന് ജീവിച്ചിരുന്ന പ്രമുഖന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറയാം." പൊതുവേ ജ്ഞാനികളുടെ ലോകമായി നവോത്ഥാനകാലഘട്ടം മാറുകയും അത് ജീവിതത്തിന്റെ സമസ്കമണ്ഡലങ്ങളിലും പുതിയൊരു ഉണര്‍വ്വ് സ്ഥാപിച്ചെടുക്കുയും ചെയ്തു. കണ്‍മുന്നില്‍ കാണുന്നതിന് പകരം അപ്പുറത്തുള്ളതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച ഒരു യുഗത്തില്‍ നിന്നും സ്വജീവിതത്തിന്റെ പരിതോവസ്ഥകളെക്കൂടി കണക്കിലെടുത്തുകൊണ്ട് പ്രതികരിക്കേണ്ടതിനെ ഈ യുഗം എങ്ങനെ ഊട്ടിവളര്‍ത്തി എന്ന് ഈ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു.

നരകവാതിലുകള്‍ തുറന്നപ്പോള്‍ എന്ന രണ്ടാംഅദ്ധ്യായത്തില്‍ ഏകദേശം എഴുന്നൂറ്റമ്പതുലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കിയ മഹാരോഗമായ പ്ലേഗിന്റെ വ്യാപനത്തിനുശേഷം സമൂഹത്തിലുണ്ടായ മാറ്റങ്ങളെ നിരീക്ഷിക്കുന്നു. പള്ളിക്കും പട്ടക്കാരനും പ്രാര്‍ത്ഥനക്കുമൊന്നും തടയാന്‍ കഴിയാത്ത മഹാദുരന്തം മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അന്ധാളിച്ചുപോയ മതത്തില്‍ നിന്നും ജനം വിടുതല്‍ തേടാന്‍ തുടങ്ങിയ കാലം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. നവോത്ഥാനം ജനകീയഘട്ടം എന്ന മൂന്നാം അദ്ധ്യായത്തില്‍ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിവിദ്യയും, ജനകീയനവോത്ഥാനത്തിന്റെ പ്രോത്ഘാടകനായി കണക്കാക്കപ്പെടുന്ന ദാവിഞ്ചിയുടെ ചിത്രകലയും, മൈക്കലാഞ്ജലോ , ചെല്ലിനി റാഫേല്‍ മുതലായ മഹാരഥന്മാരുടെ ഇടപെടലുകളും എങ്ങനെ വിപ്ലവകരമായ ഒരു സാമുഹികക്രമത്തിലേക്ക് മനുഷ്യരാശിയെ കൈപിടിച്ചുയര്‍ത്തി എന്ന് നോക്കിക്കാണുന്നു. ഈ ഇടപെടലുകളുടെ ഫലമായി വൈജ്ഞാനികവിപ്ലവത്തിന്റെ 'തിരപ്പുറപ്പാടിന്' വേദി ചമക്കപ്പെട്ടു.

മാക്യവെല്ലി ഇറ്റാലിയന്‍ ചാണക്യന്‍ എന്ന അദ്ധ്യായത്തില്‍ ഇറ്റലിയുടെ നവോത്ഥാനരംഗത്ത് ആ പ്രതിഭ പ്രസരിപ്പിച്ച ചിന്താദ്യുതി എങ്ങനെയൊക്കെ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളില്‍ പ്രതിഫലിച്ചു എന്ന് വിശദീകരിക്കുന്നു. പ്രതിലോമകരമായ നിരവധി ചിന്തകള്‍ മാക്യവെല്ലിയുടേതായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തെ മതാധിഷ്ടിതമായ പരിപ്രേക്ഷ്യത്തില്‍ നിന്നും മോചിപ്പിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും പ്രായോഗിക ബുദ്ധിയിലേക്കും തിരിച്ചുവിടാനുള്ള ശ്രമത്തെ കാണാതിരുന്നുകൂട. മാക്യവെല്ലിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥമായ ദ പ്രിന്സിനെക്കുറിച്ചു വിശദമായി ചര്ച്ച ചെയ്യാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചിരിക്കുന്നത്. അവസാനത്തെ അദ്ധ്യായത്തില്‍ തോമസ് മൂറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടിയായ ഉട്ടോപ്യയെക്കുറിച്ചും, ഇറാസ്മസിന്റെ ജീവിതത്തേയും, വിഡ്ഢിത്തത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എന്ന പുസ്തകത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

നാലാംഭാഗത്തില്‍ എട്ട് അദ്ധ്യായങ്ങളിലൂടെ മതനവീകരണപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത ഉദാത്തമായ ജീവിതസങ്കല്പനങ്ങളുടെ പ്രായോഗിഗപദ്ധതികള്‍ എങ്ങനെ നവോത്ഥാനപ്രക്രീയക്ക് ആക്കം കൂട്ടിയെന്ന് ചിന്തിക്കുന്നു. കരിങ്കോട്ടയിലെ സ്ഫോടനം, വേരുകള്‍ തായ്‌വേരുകള്‍ , എരിഞ്ഞടങ്ങിയ സാവറനോള : ജ്വലനം നിലക്കാത്ത ജോണ്‍ ഹുസ്, മതപരിഷ്കരണം ലൂഥര്‍ കാല്‍വിന്‍ സ്വിംഗ്ലി , നട്ടുച്ചക്ക് കൂരിരുട്ട് , പ്രോട്ടസ്റ്റന്റ് നവീകരണവും റോമന്‍ പ്രതികരണവും, മതയുദ്ധയുഗം ഇരുളും വെളിച്ചവും, മതനവീകരണം ഒരു നീക്കിബാക്കി പത്രം എന്നീ അദ്ധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മതനവീകരണം എന്ന പേരിലുള്ള നാലാംഭാഗത്താണ്. മതത്തിന്റെ ഭ്രാന്തമായ പക്ഷപാതത്തില്‍ നിന്ന് സാമൂഹികനീതിയിലധിഷ്ടിതമായ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നിച്ച പ്രതിഭാശാലികളെക്കുറിച്ച് ദീര്‍ഘമേറിയ ഈ ഭാഗത്ത് ക്രമാനുക്രമമായി വിവരിക്കുന്നു. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ ഒന്നാം അദ്ധ്യായത്തില്‍ വൈജ്ഞാനികവിപ്ലവം എന്ത് ? എപ്പോള്‍ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രകാരനായ ജോണ്‍ഗ്രിബിന്റെ നിഗമനം അനുസരിച്ച് വൈജ്ഞാനികവിപ്ലവം ആരംഭിക്കുന്ന 1543 ന് മുമ്പേ തന്നെ അതുവരെ വിവിധ ശാസ്ത്രമേഖലകളില്‍ അദ്വിതീയനായിരുന്ന ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്റ്റോട്ടിലിന്റെ കാഴ്തപ്പാടുകളെ തകിടം മറിച്ചുകൊണ്ട് കോപ്പര്‍നിക്കസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അരിസ്റ്റോട്ടിലിയന്‍ ചിന്തകളെ തലങ്ങും വിലങ്ങും ഉല്ലംഘിക്കുന്ന ചിന്താധാരകളുടെ ഒരു പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. പ്രകൃതിസത്യങ്ങളെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുക എന്ന ആധുനികശാസ്ത്രാന്വേഷണരീതി അവലംബിക്കപ്പെട്ടു. ജോണ്‍ ഗ്രിബ്ബിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇക്കാര്യങ്ങളെ ഇങ്ങനെ വെളിവാക്കുന്നു. "പ്രഥമശാസ്ത്രജ്ഞന്‍ എന്ന് ബിരുദം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ആള്‍ ഗലീലിയോ ഗലീലി ആണ്. ആധുനികശാസ്ത്രാന്വേഷണരീതി തന്റെ പ്രവര്‍ത്തനത്തില്‍ പ്രോയോഗിക്കുകമാത്രമല്ല തന്റെ പ്രയോഗത്തിന്റെ രൂപഭാവങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ ശാസ്ത്രാന്വേഷണരീതികളുടെ അടിസ്ഥാനനിയമങ്ങള്‍ ആവിഷ്കരിച്ച് തുടര്‍ന്ന് വരുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ അടിസ്ഥാനതത്വങ്ങളെ ആശ്രയിച്ചുകൊണ്ട് ഗലീലിയോ നടത്തിയ വൈജ്ഞാനികപ്രവര്‍ത്തനം അതീവപ്രാധാന്യം അര്‍ഹിക്കുന്നുണ്ട് ".

കോപ്പര്‍നിക്കന്‍ പ്രോത്ഘാടനം എന്ന അദ്ധ്യായം മുതല്‍ കാമ്പനെല്ല : പുതുയുഗത്തിന്റെ മണിമുഴക്കം എന്ന അദ്ധ്യായം വരെ ശാസ്ത്രചരിത്രത്തിലെ അനിര്‍വചനീയമായ ഗതിവിഗതികളെ നോക്കിക്കാണുകയും ചലനം സൃഷ്ടിച്ച വിജ്ഞാനികളേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. വെസേലിയൂസ്, ടൈക്കോ ബ്രാഹെ കെപ്ലര്‍, കാമ്പനെല്ല , ബ്രുണോ, മഗല്ലന്‍, മാര്‍ക്കോപോളോ, പാരസെല്സസ്, ഗാലെന്‍ തുടങ്ങിയ മഹാരഥന്മാരുടെ നവോന്മേഷദായകമായ ചിന്താപദ്ധതികളേയും ആവിഷ്കരണങ്ങളേയും വിശദമായിത്തന്നെ പരിഗണിക്കുന്നു. ഫെര്‍ണലിന്റെ ചിന്ത ആ തലമുറ എത്രമാത്രം സ്വാതന്ത്ര്യകാംക്ഷികളായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട് . "നമ്മുടെ കാരണവന്മാരും അവരുടെ കാരണവന്മാരും അവര്ക്ക് മുമ്പുണ്ടായിരുന്ന മാര്‍ഗങ്ങള്‍ പിന്തുടരുകതന്നെയാണ് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലം? അല്ല, നേരെ മറിച്ച് പുതിയമാര്‍ഗങ്ങളും പദ്ധതികളും സ്വീകരിക്കുകയാണ് ദാര്‍ശനികര്‍ക്ക് ഉചിതം. സ്വന്തം അഭിപ്രായത്തെ പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരെ വിലക്കുവാന്‍ പിന്തിരിപ്പന്മാരുടെ ശബ്ദത്തേയോ പ്രാചീനസംസ്കാരത്തിന്റെ ഭാരത്തേയോ അധികാരത്തിന്റെ ശക്തിയേയോ അനുവദിക്കരുത്. എന്നാല്‍ മാത്രമേ ഓരോ യുഗവും അതിന്റേതായ പുത്തന്‍ ഗ്രന്ഥകാരന്മാരേയും പുതിയ കലാവിദ്യകളേയും പുറത്തുകൊണ്ടുവരികയുള്ളു." എത്രമാത്രം ശക്തമായ സ്വാതന്ത്ര്യാഭിവാഞ്ജയാണ് നവോത്ഥാനനായകര്‍ പോറ്റിപ്പുലര്‍ത്തിപ്പോന്നതെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഗലീലിയന്‍ കുതിച്ചുചാട്ടം എന്ന ആറാമത്തെ ഭാഗത്ത്, ഗലീലിയോ വൈജ്ഞാനിക ചക്രവാളത്തിലെ വെള്ളിനക്ഷത്രം, യെപ്പൂര്‍ സി മൂവ്, ശാസ്ത്രത്തിന്റെ രീതിവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും, സാമൂഹ്യവിപ്ലവം 1 ഡച്ച് സമരം, സാമൂഹ്യവിപ്ലവം 2 ഇംഗ്ലണ്ട്, സംവേദനം വിനിമയം കൂട്ടായ്മ, വൈജ്ഞാനികവികാസത്തിന്റെ സര്‍ഗ്ഗപ്രതിഭ : ഫ്രാങ്കോ സ്പാനിഷ് സര്‍ഗധാര, ആംഗലസാമ്രാജ്യം : സാഹിത്യവും രാഷ്ട്രീയവും എന്നീ അദ്ധ്യായങ്ങളാണ് ഉള്ളത്. 1564 ല്‍ ജനിച്ച ഗലീലിയോയുടെ ജീവിതകഥയില്‍ നിന്നാരംഭിച്ച്, ആംഗലസാമ്രാജ്യത്തിന്റെ സാഹിത്യസംഭാവനകളിലേക്ക് വരെ എത്തിനില്ക്കുന്ന ഈ ഭാഗം വൈജ്ഞാനികചരിത്രത്തിലെ അത്ഭുതകരമായ ഒരു കാലഘട്ടത്തെയാണ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടദ്ധ്യായങ്ങളുടെ സഹായത്തോടെ ഗലീലിയോയുടെ കാലാനുക്രമമായ ഒരു ജീവിതരേഖ അവതരിപ്പിച്ചതിനുശേഷം ശാസ്ത്രത്തിന്റെ രീതീവിജ്ഞാനീയം : ബേക്കണും ദെക്കാര്‍ത്തും എന്ന ലേഖനത്തിലേക്ക് കടക്കുന്നു. ഫ്രാന്സിസ് ബേക്കണെ പ്രഥമശാസ്ത്രദാര്‍ശനികനായി അവതരിപ്പിച്ചുകൊണ്ട് പി.ജി ഇങ്ങനെ എഴുതുന്നു :- നിരീക്ഷണപരീക്ഷണങ്ങളിലൂടെയല്ലാതെ പരമ്പരാഗതവിശ്വാസങ്ങളേയും പൂര്‍വസൂരികളുടെ വചനങ്ങളേയും ആസ്പദമാക്കി സത്യം കണ്ടെത്താനാവില്ലെന്ന് ഫ്രാന്സിസ് ബേക്കണ്‍ വിശ്വസിച്ചിരുന്നു. ( റോജര്‍ ബേക്കണ്‍ ഈ ചിന്തയുടെ ഒരു സഹയാത്രികനായിരുന്നു. ) ഫ്രാന്സിസ് ബേക്കണ്‍ന്റെ ദി അറ്റ്‌ലാന്‍റ്റിസ്സ് എന്ന കൃതി എങ്ങനെയല്ലാം മുന്കാല സാമൂഹ്യവ്യവസ്ഥിതിയിലെ വൈകല്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് വിശദമാക്കുന്നു.

615 പേജുകളിലൂടെ വിശദമായി വിവരിക്കപ്പെട്ട ശാസ്ത്രചരിത്രത്തിന്റെ അവസനാത്തേതും ഏഴാമത്തേതുമായ ഭാഗമാണ് വൈജ്ഞാനികവിജയവൈജയന്തി. സര്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന് മുന്കാലത്ത് വഴിയൊരുക്കിയവരെക്കുറിച്ചും ഈ ഭാഗം ചര്‍ച്ച ചെയ്യുന്നു. ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ന്യൂട്ടന് വഴിയൊരുക്കിയവര്‍ എന്നാണ്. ശാസ്ത്രം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലെന്നും ദീര്‍ഘവും അതികഠിനവുമായ ഒരു കാലഘട്ടത്തിന്റെ ഗംഭീരമായ ചരിത്രമാണ് അതിനുള്ളതെന്നും വ്യക്തമാക്കുന്ന ഈ അദ്ധ്യായം കൃസ്ത്യന്‍ ഹ്യൂജന്സിനേയും റോബര്‍ട്ട് ഹുക്കിനേയും പിയറി ഗാസന്റിയേയും എഡ്മണ്ട് ഹാലിയേയുമൊക്കെത്തന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരുടെ സംഭാവനകളെ സമഗ്രമായിത്തന്നെ ചര്‍ച്ചക്കുവെക്കുന്നുണ്ട്. മുമ്പേതന്നെ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തെ (അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് രണ്ടുതരം വസ്തുക്കളെക്കൊണ്ടാണെന്നുള്ള സങ്കല്പനത്തെ [ഒന്ന് ജീവവസ്തു, മറ്റേത് അജീവവസ്തു ] ) ഇതരശാസ്ത്രജ്ഞര്‍ എങ്ങനെയൊക്കെ നിരാകരിച്ചുവെന്ന് വീണ്ടും ഇവിടെ ചര്ച്ചചെയ്യുന്നു.

കാലത്തിന് മുമ്പേ നടന്ന ആശയങ്ങളുടെ യുഗത്തെ അനിതരസാധാരണമായ പാടവത്തോടുകൂടി ആവിഷ്കരിച്ചു എന്നതാണ് ഈ കൃതിയെ പരായണയുക്തമാക്കുന്നത്. യുക്തിഭദ്രമായ ഒരു പ്രായോഗികഭാഷയാണ് ഗ്രന്ഥകാരന്‍ അവലംബിക്കുന്നതെങ്കിലും ഒരിക്കല്‍ പോലും അത് ദുര്‍ഗ്രഹമാകുന്നില്ല. ചിന്തയുടെ തെളിമയാര്‍ന്ന വ്യാപ്തി ഓരോ ഖണ്ഡികയിലും പ്രതിഫലിക്കുന്നുണ്ട്. പി.ജി, പക്ഷേ അവതാരികയില്‍ പറഞ്ഞപോലെതന്നെ ഓരോ അദ്ധ്യായവും സ്വതന്ത്രമായി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകത്തിന്റെ സംവിധാനക്രമമെന്നതുകൊണ്ട് ചുരുക്കം ചില സ്ഥലങ്ങളില്‍ ആശയങ്ങളുടെ ആവര്‍ത്തനം കണ്ടേക്കാം. പക്ഷേ തുടര്‍ച്ചയായ ഒരു വായനാക്രമം അനുവര്‍ത്തിക്കേണ്ടതില്ലാത്ത തരത്തിലായതുകൊണ്ട് ആശയങ്ങളുടെ ആവര്‍ത്തനം നമ്മുടെ വായനയെ തടസ്സപ്പെടുത്തുന്നില്ല. ഓരോ അദ്ധ്യായവും സ്വതന്ത്രങ്ങളാണ് എന്നതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ നേട്ടം, ഒരു പക്ഷേ കോട്ടവും. എന്തായാലും മലയാളത്തിന് അത്യമൂല്യമായ ഒരു മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. കേരള ഭാഷാഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ വില 320 രൂപയാണ്.

1 comment:

  1. ഈ പുസ്തകം പരിചയപ്പെടുത്താന്‍ തെരഞ്ഞെടുത്തതിന് പ്രിയ പുസ്തക വിചാരത്തിന്ആദ്യമേ നന്ദി.അസൂയാവഹമായ സംക്ഷിപ്ത -സമഗ്ര അവലോകനത്തിന് ബഹുമാന്യ മനോജ്‌ പട്ടേട്‌,ഇത് പ്രസ്ദ്ധീകരിച്ച പ്രമുഖ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്,പുതിയ തലമുറയ്ക്ക് മുതല്‍കൂട്ടായി തന്‍റെ ധിഷണ സംവേദനം ചെയ്ത സമഗ്ര ഗവേഷണ ഗ്രന്ഥത്തിന് ഇടതുപക്ഷ സൈദ്ധ്യാന്ധികനും ബുദ്ധിജീവിയുമായ ആദരണീയ പി.ജിക്കും- ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി.പി.ജി യുടെ അക്ഷരങ്ങളില്‍ അച്ചടി വെളിച്ചം പതിച്ചതില്‍ ഏറ്റവും ഉദാത്തമായ കൃതി എന്ന് തന്നെ ഈ പുസ്തകത്തെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.ധൈഷണിക സപര്യയും,സാമൂഹിക അവബോധവും ഉള്ള ഒരു ശരാശരി മലയാളി വായിച്ചിരിക്കേണ്ട പുസ്തകം.(ശാസ്ത്രത്തെ ഗ്രന്ഥകാരന്‍ ഇടതു കണ്ണിലൂടെ പലപ്പോഴും നോക്കി കാണാന്‍ ശ്രെമിച്ചത് പട്ടേട്‌ മാഷ്‌ കണ്ടിട്ടും കാണാത്ത ഭാവം വെച്ചതോ അതോ അക്ഷരസ്നേഹികളുടെ സ്വത സിദ്ധമായ അതിവിനയം താങ്കളെ പോലുള്ള എഴുത്തുകാരനിലും വരികള്‍ക്കിടയിലൂടെയുള്ള അന്തര്‍ വായനയെ തടസപെടുത്തിയോ?)

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?