Thursday, February 28, 2013

ഉന്മത്തതകളുടെ ക്രാഷ്‌ലാന്റിംഗുകള്‍


പുസ്തകം : ഉന്മത്തതകളുടെ ക്രാഷ്‌ലാന്റിംഗുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : ഷിനോദ്
രണത്തിലേക്കെത്താത്ത ക്രാഷ്‌ലാന്റിംഗുകളുടെ രൂപഭേദമാകണം ചിലര്‍ക്ക് കവിതകള്‍. അങ്ങിനാണെങ്കില്‍ ജീവിച്ചിരുന്നു എന്നതിന്റെ അടയാളവും ജീവിക്കുന്നുണ്ട് എന്ന സാക്ഷ്യപ്പെടുത്തലും ആയിത്തീരുക അത്തരം കവിതകളൂടെ സ്വാഭാവിക ധര്‍മ്മമാകും. ഇത്തരം കവിതകളിലെ പ്രണയം പ്രായോഗികതയുടെ സമരസപ്പെടലുകളേക്കാള്‍ സങ്കടങ്ങളുടെ കാല്പനികതകളെയാണ്‌ കൊണ്ടുവരിക. നീണ്ടുനില്‍ക്കുന്ന എല്ലാ സങ്കടവും കാല്പനീകമാണ്‌ എന്നു തോന്നിയതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞത്. പ്രായോഗികതകളുടെ കാലത്തിന്റെ പ്രതിനിധിയായ ഒരാള്‍ സുരക്ഷിതമല്ലാത്ത ജീവിതത്തിന്റെ അവശേഷിപ്പുകളായ കവിതകളില്‍ പ്രണയം തിരയുന്നതാണ്‌ ഈ കുറിപ്പ്.

"പാതിവഴിപിന്നിട്ട് ഇടതുവശത്ത്‌
പര്‍ട്ടി ആപ്പീസില്‍ കട്ടിക്കണ്ണട
വിചാരണത്താളില്‍ ഒച്ചയെടുക്കുന്നുണ്ടാകും
ആപ്പീസുമുറ്റത്ത് കൊടിത്തണലില്‍
നക്ഷത്രം തുന്നിയ കുപ്പായങ്ങള്‍
വിധിയും കാത്തു കോട്ടുവായിടും."(പാര്‍ട്ടിഗ്രാമം) തര്‍ക്കങ്ങടേയും വിചാരണകളുടേയും ഈ നേരത്ത് "പാര്‍ട്ടിഗ്രാമം" എന്ന കവിതയിലൂടെയായിരിക്കണം രാജേഷിന്റെ കവിതകളെക്കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത് എന്നു കരുതുന്നവരുണ്ടാകും.

"മലയെല്ലാം നാടുവിട്ടുപോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ?”(മലങ്കോട്ടയം) എന്ന നിസ്സംഗമെന്നു തോന്നിപ്പിക്കും വിധത്തിലെ നിലവിളികളില്‍ നിന്നുവേണം തുടക്കം എന്നു കരുതുന്നവരുണ്ടാകാം. "കുത്ത്യാലും കുത്ത്യാലും ഉറക്കാത്ത മുണ്ടേ/ നീ ഇതെവിടെപ്പോയ് എന്ന "ഉളിപ്പേച്ചില്‍" നിന്നുമാകാം തുടക്കം. മരവും ഇലയും പെയ്യാത്ത മഴയും ദാഹത്തിന്റെ പുഴയും തുടങ്ങി ഋതുഭേദങ്ങളിലെ സങ്കടപ്പകര്‍ച്ചകള്‍ പകര്‍ത്തിവച്ചിരിക്കുന്ന "കുന്നിന്‍ മുകളിലെ ഒറ്റമരത്തില്‍" നിന്നോ "വെയിലേ" എന്ന വിളിയില്‍ നിന്നോ തുടങ്ങാം.

"ഓരോ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാ വിസ" എന്ന 'ഉന്മത്തതകളുടെ ക്രാഷ്‌‌ലാന്റിംഗുകളോട്' കലഹിച്ചു കൊണ്ട്‌ തുടങ്ങാം.

"ന്റെ ചങ്ങായീ
ഞമ്മക്കീ സിലിമയെല്ലാം
ഹറാമാനെന്നിങ്ങക്കറിഞ്ഞൂടെ" (ഇസ്മെയില്‍,0506156878) എന്ന ചോദ്യത്തില്‍ നിന്നും വേണം ഈ കവിതകളിലേക്ക് കടക്കാന്‍ എന്ന് ഏത് പ്രവാസിക്കും വാദിക്കാം. ഞാന്‍ പക്ഷേ ഈ കവിതകളില്‍ പ്രണയത്തെ മാത്രം തിരഞ്ഞു നടക്കാന്‍ പോവുകയാണ്‌. മുന്നുപറഞ്ഞ വഴികളെല്ലാം കെട്ടുപിണയുന്ന ഒന്നായാണ്‌ പ്രണയവും ഈ കവിതകളില്‍ വരുന്നതെന്ന് തോന്നുന്നു. പ്രണയത്തേക്കാള്‍ രാഷ്ട്രീയമായ വേറൊന്നും നമ്മുടെ കാലത്തില്ലെന്ന ഒരു തോന്നലുള്ളതുകൊണ്ടും കൂടിയാണ്‌ ഈ വഴിക്ക് പോകാന്‍ തുനിയുന്നത്.

"അല്ലെങ്കില്‍ ഇടത്തെക്കോണില്‍
എന്റെ ഹൃദയം പറയുന്നത്
വലത്തെക്കൈയ്യിലെ വാക്കുകളായി
നിന്നെത്തേടി വരില്ലല്ലോ"(കാഴ്ച) എന്നു വായിച്ചിട്ട് എഴുതിയ ആള്‍ വലങ്കൈയ്യനാണ്‌ എന്നു മാത്രം മനസ്സിലാക്കി നിര്‍ത്താനാകത്തതും ഈ ക്രാഷ്‌ലാന്റിംഗുകളില്‍ പ്രണയം തിരയാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ടാകും. പ്രണയം ഒരു വലതുപക്ഷവ്യതിയാനമാണോ എന്ന ആശങ്കകള്‍ ഇല്ലാത്തതും ഒരു കാരണമാകാം. കാലത്തിന്റെ സ്റ്റാച്യൂ പറച്ചിലില്‍ നിന്നു ഞാന്‍ പ്രണയത്തിന്റെ വഴി പിടിക്കുന്നു.

"പൂവിട്ടൊരു പുഴയ്ക്കു മീതെ
നിന്റെ ഓര്‍മ്മകളുടെ
വിരല്‍ത്തുമ്പു തൊട്ട്
ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക്
ഞാന്‍ തിരിച്ചു നടക്കുന്നു.” (കാലത്തിന്റെ സ്റ്റാച്യൂ പറച്ചിലില്‍)

എണ്ണമില്ലാത്ത വിരല്പാടുകളില്‍ വഴുക്കുന്ന ഓര്‍മ്മക്കാലടികളുമായാണ്‌ ഈ നടപ്പ്. മൗനത്തിന്റെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ്‌ പോക്ക്. ഇതെന്റെ കാലത്തിന്റെ പ്രണയക്കാഴ്ചയല്ലെന്ന് പൊടുന്നനെ ഒരു തിരിച്ചറിവ്. നുരഞ്ഞുപൊങ്ങുന്ന ഒരാഘോഷമാണ്‌ എന്റെ കാലത്തിന്റെ പ്രണയം. ജാതിയുടെ, പണത്തിന്റെ, കുലമഹിമകളുടെ സമീകരണങ്ങളിലാണ്‌ ചുറ്റുമുള്ളവരും ഞാനും പ്രണയിച്ചത്. മുഴുവന്‍ മാര്‍ക്കും വാങ്ങേണ്ട ഒരു വഴിക്കണക്കുമാത്രമായിരുന്നു അത്. ഇരുവശങ്ങളേയും സമചിഹ്നം കൊണ്ട് ബന്ധിച്ച് മാര്‍ക്കുവാങ്ങേണ്ടുന്ന ലളിതമായ ഒരു നിര്‍ദ്ധാരണം. അപ്പോഴാണ്‌ കരിയിലകള്‍ക്കു മുകളിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക് തിരിച്ചു നടക്കുന്ന ഒരുവളെ/ഒരുവനെ ഈ കവിതകളില്‍ കാണുന്നത്. തീര്‍ച്ചയായും എന്റെ കാലത്തില്‍ നിന്നും അയാള്‍ പിരിഞ്ഞു പോവുകയാണ്‌.
"പ്രേമം പ്രേമമെന്നൊക്കെപ്പറഞ്ഞാലും
കുറ്റിക്കുചുറ്റും പയ്യിനെപ്പൊലെന്ന് നീ" (പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങള്‍) ഇടയ്ക്കയാള്‍ ചിരിക്കുന്നുണ്ട്.


പ്രണയത്തിന്റെ സാമാന്യമായി ഈ കവിതകളില്‍ കാണുന്നത് എന്താണെന്നു തിരഞ്ഞാല്‍ നമ്മള്‍ തോറ്റുപോയേക്കാം. പലപ്പോഴും പൊതുവായ ഒന്നിനും പിടിതരാതെ നില്‍ക്കുകയാണ്‌ ഇഷ്ടങ്ങളുടെ ഒരു സ്വഭാവം. ഈ കവിതകള്‍ക്കും അതുപോലൊരു ചിതറലുണ്ട് എന്നു തൊന്നുന്നു. നിരന്തരം ചിതറിപ്പോകുന്നവയെ സാമാന്യവല്‍ക്കരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് സങ്കടങ്ങള്‍ ഒരു ചേരുവയാണ്‌ ഈ കവിതകളിലും അവയിലെ പ്രണയത്തിനും എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയുന്നുള്ളു. ചിതറിത്തെറിക്കുന്നവയ്ക്ക് സങ്കടപ്പെടാതെ വയ്യല്ലോ?
"പ്രണയം നിശ്ശബ്ദതയുടേ ആഘോഷമാണെന്ന്
ജീവിതം നെഞ്ചില്‍ തൊട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്" (നിശബ്ദതയുടെ ആഘോഷങ്ങള്‍.)
എന്നെഴുതിയ കവിതയ്ക്ക് ചിത്രമാകാനേ കഴിയൂ. നിശബ്ദതയുടെ വാഹനം വാക്കല്ല ചിത്രമാണ്‌. ചിത്തിര വാക്കുകളെ ഇരയാക്കുന്നില്ലെനും വീട്ടുതടങ്കലില്‍ വളര്‍ത്തുന്നില്ലെന്നും നമുക്കു മനസ്സിലാകും. ചിത്രമാകാനുള്ള വഴിയെ വാക്കിനെ വിട്ടിട്ട് ഇയാള്‍ പിന്‍‌വാങ്ങുന്നു. പിന്നാലെ വന്ന ഞാന്‍ ആ വാക്കുകളെ വഴി നടത്തുകയോ വര പൂര്‍ത്തിയാക്കുകയോ ചെയ്യുന്നു. അങ്ങനായതുകൊണ്ട് ഈ കവിക്ക് അവകാശവാദങ്ങള്‍ ഉണ്ടാകാനിടയില്ല. കാരണം അയാളല്ല ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. എനിക്കും അവകാശമൊന്നുമില്ല. അയാള്‍ തന്ന വാക്കുകള്‍ കൊണ്ട് അയാളോരുക്കിയ കാന്‍‌വാസിലാണ്‌ ഞാന്‍ വരച്ചത്. ഒടുക്കം ഇത് ഞങ്ങളുടേത് എന്ന സന്തോഷത്തിലെത്തുന്നു. വേറാളുകള്‍ വന്ന് വേറെ രീതിയില്‍ വരക്കുന്നു. "ഞങ്ങള്‍" ആവര്‍ത്തിക്കപ്പേടുന്നു. സമഷ്ടിയുടെ സൗന്ദര്യം ഉണ്ടാകുന്നു.

സന്ധിയാകാത്തവരുടേയും സന്ധിക്കാത്തവരുടേയും സങ്കടങ്ങളാണ്‌ ഈ കവിതകളില്‍. "ഹൃദയഛേദത്തേക്കാള്‍ വേറെന്താണ്‌/പ്രണയമേ നിനക്ക് തരാനുള്ളത്"(പ്രണയം) എന്നാണ്‌ ഈ കവിതകളുടെ നേര്‌. എന്റെ പ്രണയങ്ങളുടെ നേരും ഇതാണല്ലോ ഇങ്ങനായിരുന്നല്ലോ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം ഈ പ്രണയചിത്രങ്ങളെ ഞാന്‍ ഇങ്ങനൊക്കെ പൂര്‍ത്തിയാക്കിയത്. ഈ കവിതകളില്‍ പ്രണയം ക്രാഷ്‌ലാന്റ് ചെയ്യുകയാണ്‌. സുരക്ഷിതമായ ഒരെത്തിച്ചേരലും അത് മുന്നോട്ട് വയ്ക്കുന്നില്ല. അല്ലെങ്കില്‍ പ്രണയത്തിന്റെ ഏത് പ്രയാണമാണ്‌ സുരക്ഷിതമായി ലാന്റ് ചെയ്തിട്ടുള്ളത്?

പ്രാപിടിയന്മാരും ഉണ്ടായിരിക്കുക എന്നത് ഇക്കോസിസ്റ്റത്തിന്റെ ജൈവക്രമമാണ്‌. ക്രാഷ്ലാന്റുചെയ്യുക ഉന്മത്തകളുടെ സ്വാഭാവികനീതിയും. അതുകൊണ്ട്, വാക്കുകളുടെ ഈ ഇക്കോസിസ്റ്റത്തില്‍, ലളിതമാകുമ്പോഴും ഉന്മാദത്തിന്റെ തരികള്‍ ഉള്ളില്‍ ബാക്കിയാകുന്നതുകൊണ്ട് പ്രണയം ക്രാഷ്‌ലാന്റു ചെയ്യുന്നു. പരിക്കുകളോടെ ബാക്കിയായതുകൊണ്ട് കൂടെപ്പോയ ഞാന്‍ ഇങ്ങനൊക്കെ വിളിച്ചു പറയുന്നു.

അനുബന്ധം
"പൊന്റൂര്‍ തീര്‍ഥാടനം" പോലെ പലകവിതകളും എനിക്ക് മനസ്സിലായിട്ടില്ല. അതില്‍ വിഷമവും ഇല്ല. കാരണം ആദ്യവായനയില്‍ ഇഷ്ടമാകാത്ത മനസ്സിലാകാത്ത പലതും ഇപ്പോള്‍ എന്റെ പ്രിയപ്പെട്ടവയാണ്‌. എളുപ്പം പിടിതരാത്തതു കൊണ്ടു കൂടിയാണ്‌ ഈ കവിതകളെ ഞാനിഷ്ടപ്പെട്ടത്.
"എല്ലാപ്പട്ടികളും ഒന്നിച്ച് കുരച്ചു /ഒന്നിന്റേയും ഒച്ച വേറിട്ടു കേട്ടില്ല." ഉത്തരാധുനിക കവിത എന്നോ മറ്റോ ഒരു തലക്കെട്ടില്‍ ഫേസ് ബുക്കില്‍ വായിച്ചതാണ്‌. ആരുടെതെന്നു മറന്നു. ഈ വരികള്‍ പുതുകവിതയുടെ (ദയവായി ഇതെന്താണ്‌ എന്ന് ചോദിക്കരുത്) ഒരു സാമാന്യ വിശേഷത്തെ കാണിക്കുന്നുണ്ടെന്ന് തോന്നി. ഈ സാമാന്യവിശേഷണത്തിന്റെ പിടിയില്‍ ഉന്മത്തതകളുടെ ക്രാഷ്‌ലാന്റിംഗുകള്‍ നില്‍ക്കുന്നില്ല എന്നു എനിക്ക് തോന്നുന്നു. ആകസ്മികതകളുടെ നൂല്‍പ്പാലങ്ങളിലൂടെ വാക്കുകളുടെ ഇക്കോസിസ്റ്റത്തില്‍ നടക്കുന്ന ഈ കവിതകള്‍ക്ക് സ്വന്തം കുരയുണ്ട്.

2 comments:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?