Wednesday, July 17, 2013

ഖബര്‍ദാര്‍


പുസ്തകം : ഖബര്‍ദാര്‍
രചയിതാവ് : ആര്‍.രാധാകൃഷ്ണന്‍
പ്രസാധകര്‍ : ഇസെഡ് ലൈബ്രറി
അവലോകനം : രേഖ.കെ


What men want is not knowledge, but certainty. In the modern world, the stupid are
cocksure while the intelligent are full of doubt.
Bertrand Russell

വായനക്കാരനെ വായിക്കുമ്പോള്‍
കവിതയെ കുറിച്ച് ഏറ്റവും ആദ്യം കേട്ടതും ഏറ്റവും ആദ്യം ഒാര്‍മയിലെത്തുന്നതുമായ നിര്‍വചനം ഇതാണ്-ഒരു കാഴ്ചയോ അനുഭവമോ അതുകാണുന്ന കവിഹൃദയത്തിലുണ്ടാക്കുന്ന പ്രതികരണമാണ് കവിത, എന്ന്. ലളിതമായ ഇൌ നിര്‍വചനം ഇപ്പോള്‍ ഒാര്‍ക്കാന്‍ രാധാകൃഷ്ണന്റെ ഇൌ പുസ്തകം കാരണമായി. ചുറ്റിനും നടക്കുന്ന സംഭവങ്ങള്‍, അനുഭവങ്ങള്‍ ഇവ കാണുമ്പോള്‍ അടങ്ങിയിരിക്കാനാകാത്ത മനസ് അയാളെ കൊണ്ട് എഴുതിക്കുക തന്നെ ചെയ്യും.ബര്‍ട്രന്‍ഡ് റസല്‍ പറയുന്ന പോലെ അയാള്‍ക്ക് എല്ലാം തലയാട്ടി സമ്മതിച്ചുകൊടുത്ത് നിശ്ശബ്ദനായിരിക്കാനാകില്ല. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അയാളുടെ ഉള്ളിലുണരുന്ന സംശയങ്ങളും ഉത്തരങ്ങളും പ്രതികരണങ്ങളും മൂടിവയ്ക്കപ്പെടുന്നില്ല.സുന്ദരമായ കൈയക്ഷരത്തില്‍ അവ എത്തേണ്ടിടത്തേക്ക് എത്തിക്കൊണ്ടിരിക്കും. കവിതയുടെ ആദിമവും ലളിതവുമായ നിര്‍വചനം നോക്കുമ്പോള്‍ ഇങ്ങനെ പ്രതികരിക്കുന്നയാള്‍ ഒരു കവിയാണ്. സംഭവങ്ങളെ അനുഭവങ്ങളെ കാണാന്‍ അയാള്‍ക്കു സ്വന്തമായി ഒരു ജോഡി കണ്ണുകളുണ്ട്. ആ കണ്ണുകള്‍ കൊണ്ടു കണ്ടെത്തുന്ന പ്രതികരണങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും ഒരു കവിതയുടെ ചാരുതയുണ്ടാകുന്നത് അതുകൊണ്ടാണ്. ഇവയിലൂടെ കണ്ണോടിച്ചപ്പോള്‍ മനസില്‍ തൊട്ട ചില ചിത്രങ്ങളും അറിവുകളും വരികളുമുണ്ട്. പലതും നമ്മള്‍ കേട്ടുമറന്നതാണ്. കേള്‍ക്കാത്തവയുമുണ്ട്. മറവി അരുതെന്ന് ഓര്‍മിപ്പിക്കുന്ന അവ ഇങ്ങനെയൊക്കെയാണ്.

    .സലിംകുമാറല്ല , ആദ്യം മികച്ച നടനുള്ള അവാര്‍ഡ് വാങ്ങുന്ന ഹാസ്യതാരം.അടൂര്‍ ഭാസി 1974ല്‍ ചട്ടക്കാരിയിലെ അഭിനയത്തിന് മികച്ച നടനായി
    .ഭൂമാഫിയ അരങ്ങുതകര്‍ക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍ കുതിച്ചുപായുമ്പോള്‍ അതിനടിയില്‍ പെട്ടാണ് കലാമണ്ഡലംഹൈദരാലിയുടെ ആഴമുള്ള സംഗീതം നിലച്ചുപോയതെന്ന വേദന
    .’മര്‍ക്കടമുഷ്ടിക്കാരാണ് മരണപ്പെട്ടവര്‍; മടക്കിപ്പിടിച്ച വിരലുകള്‍ നിവര്‍ത്താനാവില്ല, ഗംഗാജലമാണെങ്കിലും അവര്‍ ഒരിക്കലും ഇറക്കുകയില്ല, തീ കയറുമ്പോഴോ മണ്ണുവീഴുമ്പോഴോ ആ മുഖമൊന്നു ചുളിയുക കൂടിയില്ല.അവര്‍ ചെയ്യില്ല എന്നുറപ്പിച്ചത് ചെയ്യില്ല. അത്രതന്നെ.’ എന്ന കല്‍പറ്റ നാരായണന്റെ കവിത
    .ഹരിപ്പാടു നിന്നു വിവാഹം കഴിച്ചതിന്റെ കയ്ക്കുന്ന ഒാര്‍മയുടെ പേരില്‍ ഹരിപ്പാട് സംഗീതക്കച്ചേരിക്കു വരാന്‍ കൂട്ടാക്കാത്ത പി. ലീലയുടെ വേദന
    .ആഫ്രിക്കയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമായി തന്റെ കൃതികളയച്ചുകൊടുക്കുമെന്ന് തൊണ്ണൂറുകളില്‍ വികെഎന്‍ നടത്തിയ പ്രസ്താവന
    .മലയാളത്തിലെഏറ്റവും പുരുഷസൌന്ദര്യമുള്ള നടന്‍ ബാബുആന്റണിയാണെന്ന് നരേന്ദ്രപ്രസാദ് നടത്തിയ പ്രസ്താവന
    .ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ പെരുങ്കുളം മറ്റുക്ഷേത്രക്കുളങ്ങളേക്കാള്‍ പലമടങ്ങ് വലുതെന്ന കണ്ടെത്തല്‍. ദേവരാജസംഗീതത്തിന്റെ ‘ഇന്നെനിക്ക് പൊട്ടുകുത്താന്‍’ ശ്രോതാക്കള്‍ ആസ്വദിക്കുന്നതുകണ്ട് കോപിഷ്ഠയായ സോണാല്‍ മാന്‍സിങ് അതേ മിയമല്‍ഹാര്‍ രാഗത്തില്‍ ചിട്ടപ്പെടുത്തിയ നൃത്തം അവതരിപ്പിച്ചത്
    .സംസ്ഥാനമൃഗമായി ആന(വെള്ളാനകളെയും താപ്പാനകളെയും ഒാര്‍ത്ത്) സംസ്ഥാനപക്ഷിയായി വേഴാമ്പല്‍( കോളക്കാര്‍ വെള്ളം ഉൌറ്റിയെടുത്ത ശേഷം ദാഹിച്ചവശരായ നാട്ടുകാരെ ഒാര്‍ത്ത്) സംസ്ഥാനപൂവായി കൊന്ന(ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയക്കാര്‍ ‘കൊന്ന’കേരളം) ഇങ്ങനെ മൂന്നുപ്രതീകങ്ങളെയും പുതിയകാലത്തിന്റെ വിവക്ഷകളില്‍ കൊണ്ടുകെട്ടുന്നത്
    .എം.പി.നാരായണപിള്ള ‘വെള്ളം’ എന്ന സാധാരണ സിനിമയെ പ്രശംസിച്ചത്, കാര്യം നിസാരത്തെക്കുറിച്ചും കളംമാറ്റിച്ചവിട്ടുന്ന മട്ടിലൊരു നിരൂപണം കാച്ചിയത്…
    . സംഗീതത്തിലൂടെ കിട്ടിയ പണമെല്ലാം ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ; ശബരിമല സീസണ്‍ കാലത്ത് ശബരിമാല ഭക്തിഗാനങ്ങള്‍ വിറ്റഴിച്ച് പണമുണ്ടാക്കുന്ന അതിസമ്പന്ന ഗായകര്‍ എന്തുചെയ്യുന്നുവെന്ന ചോദ്യം
    .അമിതമായി വെച്ചുണ്ട് അജീര്‍ണം ബാധിച്ച്.. എന്ന വികെഎന്‍ പ്രയോഗം അമിതാഭ് ബച്ചനില്‍ കാണുമ്പോള്‍. രാജന്‍ പാടിയ പഴയ കാസെറ്റ് കേള്‍ക്കുന്ന വന്ദ്യവയോധികനായ ഈച്ചരവാര്യര്‍.അതതു കാലങ്ങളില്‍ പല രാഷ്ട്രീയക്കാര്‍ കാണിച്ച പൊള്ളത്തരങ്ങള്‍.അകിടുകള്‍ പറിച്ചെറിയപ്പെട്ട ഗുജറാത്തിലെ ഗോക്കള്‍.അല്‍പബുദ്ധികള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സ്വന്തം വാത്മീകങ്ങളിലേക്ക് വലിയുന്ന സുബുദ്ധികള്‍-എന്ന സി.പി.രാമചന്ദ്രന്റെ പ്രയോഗം
    .പൂച്ചശല്യമൊഴിവാക്കാന്‍ കണ്‍സള്‍ട്ടന്റിനെ വച്ച എലികളോട് , പൂച്ചകളായി മാറാന്‍ ആവശ്യപ്പെട്ട കണ്‍സള്‍ട്ടന്റ്
    .യേശുദാസിനെ മലയാളത്തിന്റെ ‘അഭിമാനസ്തംഭനം’ എന്നു പാലക്കാട് ടൌണ്‍ഹാളില്‍ മുഴങ്ങിയ അനൌണ്‍സ്മെന്റ്.ശ്രോതാക്കളോട് ‘അക്ഷമരായി’ കാത്തിരിക്കാനുള്ള അവശ്യം
    .അമ്പലപ്പുഴ ശ്രീകൃഷ്ണതിയറ്ററില്‍ പോയി കഷ്ടപ്പെട്ടു സംഘടിപ്പിച്ച അധികമാരും കേട്ടിട്ടില്ലാത്ത , സത്യന്‍ അന്തിക്കാട് രചിച്ച് രവീന്ദ്രന്‍ സംഗീതം പകര്‍ന്ന, ‘മനസ്സേ നിന്റെ മണിനൂപുരങ്ങള്‍’ എന്ന പാട്ടിലേക്കുള്ള ലിങ്ക്
    .ചെറുപ്പത്തിലെന്നോ പിണങ്ങിയതിന്റെ പേരില്‍ ഒരിക്കലും ഒന്നിച്ചുപ്രവര്‍ത്തിക്കാതിരുന്ന ഹരിപ്പാട്ടുകാരായ ശ്രീകുമാരന്‍ തമ്പിയും എം.ജി.രാധാകൃഷ്ണനും

ഇവിടെ രാധാകൃഷ്ണന്‍ വിദ്യാഭ്യാസരംഗം മുതല്‍ മതവും ആണവക്കരാറും പൊതുമേഖലയും വരെ നീണ്ടുകിടക്കുന്ന കൊടിയ പാപങ്ങളെ കുറിച്ച് തുറന്നുപറയാനുള്ള ആര്‍ജവം കാണിക്കുന്നുണ്ട്. സംഗീതം മുതല്‍ ക്രിക്കറ്റ് വരെ അദ്ദേഹത്തിന് ഇഷ്ടവിഷയങ്ങളാണ്.ചുരുക്കത്തില്‍ ഇതിലില്ലാത്തത് ഒന്നുമില്ല എന്നു മഹാഭാരതം കണക്കെ പറയേണ്ടിവരും. ഒരു സ്ഥാപനത്തിന്റെ ഐടി മേധാവിയായ ഇദ്ദേഹത്തിന് ഈ വക കാര്യങ്ങളെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കാതെ സുഖമായി കഴിയാം. പക്ഷേ ചില മനുഷ്യരങ്ങനെയാണ്-അവര്‍ക്ക് ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാകില്ല. റോഡില്‍ രക്തം വാര്‍ന്നു മരിക്കാറായി കിടക്കുന്ന സഹജീവിയെ കണ്ടാല്‍ തിരിഞ്ഞുനടക്കുന്ന നമ്മളില്‍ പലര്‍ക്കും അത് മനസിലാകില്ല.ലോകം ഇങ്ങനെ ‘പോരാപോരാ നാളില്‍ നാളില്‍’ എന്നു മിടിക്കുന്ന ഹൃദയത്തോടെ പുറത്തേക്ക് തുറന്നുവച്ച ജാലകത്തിലൂടെ അവരെല്ലാം വിദുരരെപ്പോലെ കാണുന്നു. ലോകത്തെ അത് അറിയിച്ചില്ലെങ്കില്‍ പിന്നെ അവര്‍ക്ക് ഒരു സമാധാനവുമില്ല.
പലപ്പോഴായി രാധാകൃഷ്ണന്‍ വാരികകളിലും പത്രങ്ങളിലുമെഴുതിയ കത്തുകള്‍. അവ സമാഹരിക്കുന്നിടത്ത്എനിക്കെന്തു പ്രസക്തി എന്ന് ആലോചിക്കാതിരുന്നില്ല.പ്രസ് അക്കാദമിയില്‍ ജേണലിസം പഠിക്കുന്ന കാലത്ത് പ്രത്യേക പഠനത്തിനായി ഞാനെടുത്ത വിഷയങ്ങളിലൊന്ന് പത്രങ്ങളിലെ എഡിറ്റോറിയലും കത്തുകളുമായിരുന്നു. അന്നത്തെ വിദ്യാര്‍ഥി ജീവിതത്തോട് പത്തുപന്ത്രണ്ടുവര്‍ഷത്തെ തൊഴില്‍ അനുഭവം ചേര്‍ത്തുവയ്ക്കുമ്പോള്‍ വായനക്കാരന്റെ ശബ്ദത്തിന് ഒാരോ പത്രമാപ്പീസുകളിലും എത്ര പ്രസക്തിയുണ്ട് എന്ന തിരിച്ചറിവിന്റേതാണ് ഒാരോ നടവഴിയും. വായനക്കാരന്റെ വാള്‍മുനത്തുമ്പിലെ തലയാണ് ഒാരോ പത്രാധിപരുടേതും. അതുകൊണ്ട് വായനക്കാരുടെ പ്രതികരണങ്ങള്‍വിലപിടിച്ചതാണെന്ന് വായന കൊണ്ടുമാത്രമല്ല ജീവിതം കൊണ്ടും കൂടിയാണ്. ഇവിടെയാകട്ടെ ഈ കുറിപ്പുകള്‍ കാലത്തിന്റെയും ചരിത്രത്തിന്റെയും രേഖകള്‍ കൂടിയാണ്. ഒരു എന്‍ജിനീയറുടെ കുശാഗ്രബുദ്ധിയോടെ രാധാകൃഷ്ണന്‍ പല അറിവുകളും രേഖകളും ഭംഗിയായി സൂക്ഷിക്കുകയും യഥാകാലം അവയെടുത്ത് പെരുമാറുകയും ചെയ്യുന്നു. രാഷ്ട്രീയം, കല, സംഗീതം, സാഹിത്യം ഒന്നും അദ്ദേഹത്തിന് അന്യമല്ല. അവയോടുള്ള ആത്മാര്‍ഥത കൊണ്ടാണ് അദ്ദേ
ഹം എഴുതുപ്പോകുന്നതും.
എങ്കിലും അദ്ദേഹത്തിന് കടുത്ത ചില ഇഷ്ടാനിഷ്ടങ്ങളുണ്ട്. സംഗീതം, ശ്രീകുമാരന്‍ തമ്പി, ഹരിപ്പാട്, ഐടി, വിദ്യാഭ്യാസരംഗം, സംഗീതസംവിധായകന്‍ രവീന്ദ്രന്‍, വികെഎന്‍, കോളക്കമ്പനി കുടിച്ചുവറ്റിച്ച കുടിവെള്ളം മുതല്‍ റിയാലിറ്റി ഷോയും ഗ്യാസ് വിലയും വരെ കൂടിയ അളവിലും കുറഞ്ഞ അളവിലുമായി അതു നീണ്ടുകിടക്കുന്നു.
രാധാകൃഷ്ണന്‍ പലപ്പോഴും ഒരു കഥാകൃത്താണ് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അച്ഛനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോയ കഥ വായിച്ചപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. അതേ രോഗം വളച്ചും ഒടിച്ചും തീര്‍ത്തഎന്റെ അമ്മയുടെ ജീവിതം വേദനകളോട് മഴയിലേക്ക് എന്നെ വീണ്ടും വലിച്ചുപിടിച്ചു.-സില്‍വസ്റ്റര്‍ സ്റ്റാലിയന്‍മാരായ ഡ്രൈവര്‍മാരുടെ മിനിക്കഥ. രാധാകൃഷ്ണന്‍ പഠിച്ചിരുന്ന ടികെഎം എന്‍ജിനീയറിങ് കോളജില്‍ ആര്‍ട്സ് ക്ളബ് ഉദ്ഘാടനത്തിനു വന്ന നരേന്ദ്ര പ്രസാദ് എന്തിനാണ് നിങ്ങള്‍ എന്‍ജിനീയര്‍മാരാകുന്നത് എന്നു ചോദിക്കുന്നതും എന്‍ജിനീയര്‍മാര്‍ അഴിമതിക്കാരാകുന്ന വഴികള്‍ വിവരിക്കുന്നതും അനുബന്ധകഥകളും മറ്റും നോക്കുക.’വൈഫിന്റെ റൌഫ്’, ‘കനിമൊഴിയുടെ അഴിമതിക്കവിത’ എന്നിങ്ങനെയുള്ള പ്രയോഗങ്ങളില്‍ സമകാലീനവിമര്‍ശനം മാത്രമല്ല, ആ വരികളില്‍ കവിതയുമുണ്ട്. വൈവിധ്യങ്ങളുടെ സമ്മേളനമാണത്. ഒരു കവി, ചരിത്രജ്ഞാനമുളളയാള്‍, സാമൂഹിക വിമര്‍ശകന്‍, ഫലിതബോധമുള്ളയാള്‍, ഐടി പോലുള്ള പുതിയ കാലത്തിന്റെ വ്യവഹാരമാര്‍ഗങ്ങളറിയാവുന്ന യാള്‍ ഇങ്ങനൊരാള്‍ക്കു മാത്രമേ ഇത്ര സജീവമായി പൊതുസമൂഹത്തിന്റെ ബോധധാരയില്‍ ഇടപെടാനാകൂ.എല്ലാറ്റിനും മീതെ അന്തര്‍ധാരയായി സംഗീതത്തിന്റെ സ്വരസ്ഥാനങ്ങളും ( ‘ഇട്ടിക്കോര’ വായിച്ചു മനസിലാക്കണമെങ്കില്‍ സാഹിത്യം മാത്രമറിഞ്ഞാല്‍ പോരാ ഒട്ടനവധി വിഷയങ്ങളറിയണം എന്ന് അദ്ദേഹം പറയുന്നു-പണ്ട് വികെഎനോട് അഭിമുഖകാരന്‍ ‘പയ്യനെ പിടികിട്ടണമെങ്കില്‍ സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും ചരിത്രവും മറ്റും മറ്റും അറിഞ്ഞിരി
ക്കേണ്ടതല്ലേ ‘ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട പൊലീസില്‍ പരാതിപ്പെട്ടാലും മതി എന്ന വികെഎന്റെ മറുപടി നര്‍മം ഓര്‍ത്തുപോയി.)അതുകൊണ്ടാണ് ആ ശബ്ദം വേറിട്ടു കേള്‍ക്കുന്നത്.
പത്രാധിപരെ തേടിയെത്തിയ, പിന്നീട് ചരിത്രമായി മാറിയ ഒരു വായനക്കാരിയുടെ,ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ക
ത്തിന്റെ കഥ ഓര്‍ത്തുപോകുന്നു. ആ കത്ത് ഇങ്ങനെയായിരുന്നു.
”പ്രിയപ്പെട്ട പത്രാധിപര്‍,
എനിക്ക് എട്ടുവയസുണ്ട്.
എന്റെ കൂട്ടുകാരില്‍ ചിലര്‍ പറയുന്നു- സാന്താക്ളോസ് ഇല്ലെന്ന്.
എന്റെ അച്ഛന്‍ പറയുന്നു-’സണ്‍’ പത്രം സാന്താക്ളോസ് ഉണ്ടെന്നു പറയുകയാണെങ്കില്‍ ഉണ്ട്. ഇല്ലെങ്കില്‍ ഇല്ല. എന്ന്.
ദയവായി പറയൂ- സാന്താക്ളോസ് ഉണ്ടോ?
-വെര്‍ജീനിയ ഒ ഹാന്‍ലണ്‍,
115 വെസ്റ്റ് 95 സ്ട്രീറ്റ് ‘
എട്ടുവയസുകാരി വെര്‍ജീനിയയുടെ കത്ത് ‘സണ്‍’ പത്രത്തിന്റെ ഒാഫിസിലെത്തിയപ്പോള്‍ അത് എന്തുചെയ്തുകാണും? ചുരുട്ടിയെറിഞ്ഞുകാണും എന്നു പെട്ടെന്നു പറയാവുന്ന ഉത്തരം. പക്ഷേ 1897 സെപ്റ്റംബര്‍ 21ന് സണ്‍ പത്രമിറങ്ങിയപ്പോള്‍ ആ പത്രത്തിന്റെ മുഖപ്രസംഗം ഇൌ കത്തും അതിനുള്ള പത്രാധിപരുടെ മറുപടിയുമായിരുന്നു-സണ്‍ പത്രത്തിന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ പത്രത്തിന്മേലുള്ള വിശ്വാസത്തിന് പത്രാധിപര്‍ നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം പത്രാധിപരും വായനക്കാരനും തമ്മിലുള്ള ആത്മബന്ധം ഉൌട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. വെര്‍ജീനിയയുടെ കത്തും പത്രാധിപരുടെ അതിനുള്ള മറുപടിയായ മുഖപ്രസംഗവും ചരിത്രമായി.ലോകം മുഴുവന്‍ വായനക്കാരന്റെ ആകാശവിസ്തൃതിയായി അതു പരന്നുകിടന്നു.
കുട്ടിത്തത്തിന്റെ ആകാശത്തിലേക്ക് സന്തോഷവും സമ്മാനവുമായി സാന്താക്ളോസ് കാലാതികാലത്തോളം എത്തും എന്നു പത്രാധിപര്‍ നല്‍കിയ മറുപടിയില്‍ ശുഭാപ്തിവിശ്വാസം ക്രിസ്മസ് നക്ഷത്രം പോലെ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.വെര്‍ജീനിയയുടെ കത്തിന്റെ നിഷ്കളങ്കതയാകാം അന്നു പത്രാധിപരെ പ്രചോദിപ്പിച്ചത്. നിഷ്കളങ്കത മാത്രമല്ല ചരിത്രത്തെ കീഴ്മേല്‍ മറിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയദിശകള്‍ നിര്‍ണയിക്കുന്ന കത്തുകളും വായനക്കാരുടെ പക്ഷത്തുനിന്നുണ്ടാകാം. മഹാത്മാഗാന്ധിയും ഏബ്രഹാം ലിങ്കണുമൊക്കെ എഴുതിയ കത്തുകളില്‍ ചരിത്രവും രാഷ്ട്രീയവും വിളക്കുകള്‍ കത്തിച്ചുനില്‍ക്കുന്നു.
ലിങ്കണിന്റെ പ്രശസ്തമായ കത്ത് വന്നത് ‘ന്യൂയോര്‍ക്ക് ട്രിബ്യൂണി’ലാണ്. ഗ്രീലി എന്ന പത്രാധിപര്‍ ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് ലിങ്കണെ അഭിസംബോധന ചെയ്ത് ഒരു മുഖപ്രസംഗം എഴുതി. ‘ഇരുപതു മില്യന്‍ ജനങ്ങളുടെ പ്രാര്‍ഥനകള്‍’ എന്നായിരുന്നു ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട്. അമേരിക്കയിലെ ലിങ്കണ്‍ ഭരണത്തിന്റെ കുറ്റവും കുറവുകളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ കത്ത്. ഭരണാഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ ലിങ്കണു വീഴ്ച വരുന്നു എന്ന ധ്വനിയും ആ മുഖപ്രസംഗത്തിലുണ്ടായിരുന്നു. അതിനു ലിങ്കണ്‍ നല്‍കിയ മറുപടി വെറുമൊരു പത്രാധിപര്‍ക്കുള്ള കത്തല്ല, ആ കത്ത് യഥാര്‍ഥത്തില്‍ അദ്ദേഹത്തിനു ജനങ്ങളോടു സംസാരിക്കാനുള്ള വേദിയായിരുന്നു എന്നു പ്രസിഡന്റിന്റെ മരണശേഷം പത്രാധിപര്‍ വെളിപ്പെടുത്തി.
1862 ഒാഗസ്റ്റ് 22നായിരുന്നു പ്രശസ്തമായ ആ കത്ത് എഴുതപ്പെട്ടത്. 19ന് മുഖപ്രസംഗം അച്ചടിച്ചുവന്ന് മൂന്നാംദിവസം.
തനിക്കെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയ പത്രാധിപരുടെ ഹൃദയവിശാലതയെ പ്രശംസിച്ചുകൊണ്ടാണ് ലിങ്കണ്‍ കത്തു തുടങ്ങുന്നതു തന്നെ. പത്രാധിപരുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അങ്ങേയറ്റം ആദരിച്ചു കൊണ്ട്… അതു തുടരുകയും ചെയ്യുന്നു. അടിമത്തത്തെ അമര്‍ച്ച ചെയ്യാനുള്ള നിശ്ശബ്ദമായ യുദ്ധമായി ആ കത്തു മാറി. ആ കത്തിന്റെ മാനുഷിക ഭാവങ്ങള്‍ ചരിത്രത്തിലേക്ക് വലതുകാല്‍ വച്ചുകയറി. ലോകം മുഴുവന്‍ പടരാനിടയുള്ള നന്മയുടെ സൂചനകള്‍ അവയില്‍ നിറഞ്ഞുതെളിഞ്ഞു.
പറഞ്ഞുവന്നത് വായനക്കാര്‍ക്കുള്ള എല്ലാ കത്തുകള്‍ക്കും ഒരു ഉദ്ദേശ്യമുണ്ട്. അതു ചിലപ്പോള്‍ രാഷ്ട്രീയമാവാം, വികസനപ്രശ്നങ്ങളാവാം. എങ്കിലും കാലത്തെയും ചരിത്രത്തെയും മുന്നോട്ടുനയിക്കാനുള്ള -ഇൌ ലോകം ഇത്തിരി കൂടി നന്നായിരുന്നെങ്കില്‍ എന്ന ഏറ്റവും ലളിതമായ ആഗ്രഹപ്രകടനങ്ങള്‍ ഒാരോ കത്തിലും തുടിക്കും. അതൊരു നിശ്ശബ്ദ വിപ്ലവമാണ്. രാധാകൃഷ്ണന്റെ ഇൌ സൃഷ്ടികളിലും-ഇവിടെ സൃഷ്ടിയുടെ വേദന അനുഭവിച്ചുകൊണ്ടാണ് അദ്ദേഹം അവ തീര്‍ക്കുന്നതെന്നു വ്യക്തം-ഇൌ നിശ്ശബ്ദവിപ്ലവം കാണാം. ചോര തുടിക്കുന്ന കൈകള്‍ക്കേ കാലത്തിന്റെ നിശ്ശബ്ദവിപ്ലവത്തിനു ഉൌര്‍ജം പകരാനാവൂ എന്നെനിക്കുറപ്പാണ്.
ഇത്രയും രാഷ്ട്രീയ ഇടപെടലുകള്‍, സാമൂഹികവിമര്‍ശനങ്ങള്‍ ഇതൊക്കെ ഈ കുറിപ്പുകളിലുണ്ട്. അപ്പോള്‍ തീര്‍ച്ചയായും രാധാകൃഷ്ണന് ഒരു രാഷ്ട്രീയമുണ്ടാകില്ലേ? അതെന്താകും?ഇടതോ വലതോ?-ഞാന്‍ ആലോചിച്ചുനോക്കി.
ഇല്ല ! എനിക്കതിന് ഉത്തരം കിട്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ സധൈര്യം ഈ കുറിപ്പുകള്‍ക്ക് ഒരു അടിക്കുറിപ്പ് എഴുതുന്നത്. പ്രിയപ്പെട്ട വായനക്കാരാ, നിങ്ങള്‍ക്കു കണ്ടുപിടിക്കാനാകുമോ? എന്താകും ഇദ്ദേഹത്തിന്റെ രാഷ്ട്രീയം?

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?