Saturday, August 31, 2013

പന്തിരുകുലത്തിന്റെ പിൻഗാമികൾ

പുസ്തകം : പന്തിരുകുലത്തിന്റെ പിൻഗാമികൾ
രചയിതാവ് : ഡോ: രാജൻ ചുങ്കത്ത്
പ്രസാധകർ : മാതൃഭൂമി ബുക്സ്
അവലോകനം : നിരക്ഷരൻ




p

വായില്ലാക്കുന്നിലപ്പന്റെ ജനനവും പറച്ചിയായ ഭാര്യയുടെ അസത്യപ്രസ്താവനയെത്തുടർന്ന് ആ മകനെ ജീവനോടെ പ്രതിഷ്ഠിക്കേണ്ടി വന്ന ദുഃഖവും ഭാര്യയുടെ ആത്മത്യാഗവും എല്ലാം കൂടെ വരരുചിയെ ജീവിതവിരക്തനാക്കി. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയില്ല. ഇതിനകം വിക്രമാതിദ്യന്റെ രാജ്യം അന്യാധീനപ്പെട്ടിരുന്നു. രാജസദസ്സിലെ നവരത്നങ്ങളിലൊരാളും വരരുചിയുടെ ആത്മസുഹൃത്തുമായിരുന്ന വരാഹമിഹിരൻ അന്തരിച്ചു. മഹാകവി കാളിദാസനെ ഒരു വേശ്യ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. അമരസിംഹൻ സന്യാസം സ്വീകരിച്ച് നാടുവിട്ടു. ഒരുകാലത്ത് വിക്രമാദിത്യ രാജധാനിയിൽ ജ്വലിച്ചുനിന്നിരുന്ന നവരത്നങ്ങൾ ശോഭയറ്റതറിഞ്ഞ വരരുചി സ്വച്ഛന്ദമൃത്യു വരിക്കാൻ നിശ്ചയിച്ച് പാക്കനാരോടൊപ്പം ഗോകർണ്ണത്തെത്തി. പിതാവിന്റെ സമാധിസമയം തന്റെ ദിവ്യദൃഷ്ടിയാൽ മുൻ‌കൂട്ടിയറിഞ്ഞ് വള്ളുവനും ഗോകർണ്ണത്ത് എത്തിയിരുന്നു. ഒരു ഭീഷ്മാഷ്ടമി നാളിൽ ഈ രണ്ട് മക്കളേയും സാക്ഷിയാക്കി വരരുചി സമാധിയായി.‘

ഡോ: രാജൻ ചുങ്കത്തിന്റെ ‘പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ‘ എന്ന ‘പഠനം‘ വായിച്ചിട്ടില്ലെങ്കിൽ ഇതുവരെ നിങ്ങൾ കേട്ടുപോന്ന പന്തിരുകുലത്തിന്റെ കഥകൾക്ക് പൂർണ്ണത കൈവന്നിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. ഓരോ പാരഗ്രാഫിലും ഐതിഹ്യങ്ങൾ, ഓരോ അദ്ധ്യായത്തിലും പുതിയ അറിവുകൾ, ഇപ്പോൾ നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന പന്തിരുകുലത്തിന്റെ പുതിയ തലമുറകളെപ്പറ്റി വിശദമാക്കുന്നതിനോടൊപ്പം പന്തിരുകുലത്തിന്റെ കൂടുതൽ രഹസ്യങ്ങളും രസകരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും വെളിപ്പെടുത്തുന്നു 80 പേജുകൾ മാത്രമുള്ള ഈ ഗ്രന്ഥം.

ഉപ്പുകൂറ്റൻ ആദ്യം കൃസ്ത്യാനിയും പിന്നീട് മുസ്ലീമായുമാണ് വളർന്നതെന്ന് എത്രപേർക്കറിയാം ? തിരുക്കുറൽ എഴുതിയ തിരുവള്ളുവർ ആണ് പന്തിരുകുലത്തിലെ വള്ളോനെന്നും ഭാഷ്യമുണ്ടെന്ന് ആ‍ർക്കൊക്കെ അറിയാം ? കോഴിപ്പരൽ എന്ന വസ്തുവിനെപ്പറ്റി നിങ്ങൾക്കുള്ള അറിവെത്രത്തോളമാണ് ? പറച്ചിയുടെ പേര് ‘ആദി‘ എന്നാണെന്ന് നമ്മൾക്കറിവില്ലാത്തതാണോ അതോ പറയി, പറച്ചി എന്നൊക്കെയുള്ള വിളികൾ നമ്മൾ ആസ്വദിക്കുന്നതാണോ ? കാരയ്ക്കൽമാത തമിഴകത്ത് കാൽക്കലമ്മ ആണെന്നും ഈ ശിവഭക്തയ്ക്ക് കാവേരീതീരത്തെ കാരയ്ക്കലിൽ ഒരു ക്ഷേത്രം തന്നെയുണ്ടെന്നും കാരയ്ക്കലമ്മയെക്കുറിച്ച് പഠനം നടത്തി തഞ്ചാവൂർ സർവ്വകലാശാലയിൽ നിന്ന് ഡോൿടറേറ്റ് എടുത്ത ഒരു വ്യക്തിതന്നെയുണ്ട് തമിഴ്‌നാട്ടിലെന്നും ആർക്കൊക്കെ അറിയാം ? ഡോൿടർ രാജന്റെ പഠനം വളരെ ആഴത്തിൽത്തന്നെയാണ് നടന്നിരിക്കുന്നതെന്ന് ഓരോ അദ്ധ്യായവും സാക്ഷ്യപ്പെടുത്തുന്നു.

നിളയുടെ തീരത്ത് മാത്രമല്ല കാവേരിയുടെ തീരത്തുമുണ്ട് പന്തിരുകുലത്തിനോട് സമാനമായ സമ്പന്നമായ ഐതിഹ്യ കഥകൾ. അഗ്നിഹോത്രി, പാക്കനാർ, പാണനാർ, വള്ളോൻ, കാരയ്ക്കൽ മാതാ, ഉപ്പുകൂറ്റൻ, എന്നിവർക്കെല്ലാം കാവേരീതീരത്തും വേരുകൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. എല്ലാം വളരെ ചുരുക്കി ഒതുക്കി പിശുക്കി പറഞ്ഞിരിക്കുന്നതിനോട് മാത്രമാണ് ഡോ:രാജനോട് എനിക്ക് വിയോജിപ്പ്. 500 പേജിലെങ്കിലും വിശദമായി എഴുതാൻ വകുപ്പുണ്ടായിരുന്ന കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറഞ്ഞിരിക്കുന്നതിന് അദ്ദേഹത്തിന് മറ്റെന്തെങ്കിലും കാരണം കാണാതെ തരമില്ല. ഗ്രന്ഥത്തെപ്പറ്റി ഇതിൽക്കൂടുതൽ പറയുന്നത് വായനക്കാരോട് കാണിക്കുന്ന അനീതിയായിപ്പോകും. വായിച്ച് മനസ്സേറ്റേണ്ട കാര്യങ്ങളാണ് 16 അദ്ധ്യായങ്ങളിലായി മാതൃഭൂമി പബ്ലിഷ് ചെയ്തിരിക്കുന്ന 55 രൂപ വിലയുള്ള ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

സത്യത്തിൽ 80 പേജുള്ള പുസ്തകം വായിച്ച് തീർക്കാൻ 800 പേജുള്ള പുസ്തകം വായിക്കുന്ന സമയം ഞാനെടുത്തു. ഇനിയും പലവട്ടം വായിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. പന്തിരുകുലത്തിന്റെ ഓർമ്മകൾ ഏറ്റവും കൂടുതലായി പേറുന്ന തൃത്താല ഗ്രാമത്തിൽ പാക്കനാരുടേയും അഗ്നിഹോത്രിയുടേയും നാറാണത്തിന്റേയുമൊക്കെ പരിസരത്തൂടെയും ഇടവഴികളിലൂടെയുമൊക്കെ രണ്ടുകൊല്ലം മുന്നേ നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ അയവിറക്കാൻ വ്യക്തിപരമായി ഈ ഗ്രന്ഥം എന്നെ സഹായിച്ചു. ആ യാത്രയിൽ വിട്ടുപോയ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടെന്നുകൂടെ ‘പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ’ ബോദ്ധ്യപ്പെടുത്തിത്തന്നു. പന്തിരുകുലത്തിന്റെ കഥകൾ കേട്ടിട്ടുള്ള ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണിത്.

1 comment:

  1. അവലോകനം നന്നായി.
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?