Tuesday, September 3, 2013

ദലമര്‍മ്മരങ്ങള്‍

പുസ്തകം : ദലമര്‍മ്മരങ്ങള്‍
രചന : ഒരു കൂട്ടം എഴുത്തുകാർ

പ്രസാധനം : സീയെല്ലെസ് ബുക്ക്‌സ്
അവലോകനം : മനോരാജ്





















ണ്ണൂര്‍ തളിപറമ്പ് സീയെല്ലെസ് ബുക്സ് സമാഹരിച്ച 48 കവിതകളുടെ ഒരു സമാഹാരമാണ്‌ ദലമര്‍മ്മരങ്ങള്‍. അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെയും വിട്ട് നമ്മില്‍ നിന്നും പറന്നകന്ന രമ്യ ആന്റണി എന്ന കൊച്ചു കവയത്രിക്ക് സമര്‍പ്പിച്ച് കൊണ്ടാണ്‌ സീയെല്ലെസ് പുസ്തകം വായനക്കായി എത്തിക്കുന്നത്. രമ്യയുടെ 'അലമാരകള്‍' എന്ന കവിതയിലൂടെ പുസ്തകം ആരംഭിക്കുന്നു. "എല്ലാം നിറച്ചപ്പോള്‍ സ്വപ്നം സൂക്ഷിക്കാന്‍ ഒരു പാടിടം ബാക്കി .." എന്ന് പറഞ്ഞ കുഞ്ഞനുജത്തി ഇന്ന് ഏതോ ലോകത്തിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും. രമ്യ, ഒരു ശലഭത്തെ പോലെ പാറിനടക്കാന്‍ വിധി നിന്നെ അനുവദിച്ചില്ലായിരിക്കും. പക്ഷെ രമ്യയുടെ കവിതകള്‍ വായനക്കാരന്റെ മനസ്സില്‍ എന്നും പാറികളിക്കും. വായനക്കാരന്റെ മനസ്സാകുന്ന അലമാരയില്‍ അര്‍ബുദത്തോട് പൊരുതിയ നിന്റെ നാവുകളില്‍ തത്തിക്കളിച്ച കവിതകള്‍ എന്നും ഉണ്ടാവും.

രമ്യയുടെ 'അലമാരകളില്‍' നിന്നും ബിനു.എം.ദേവസ്യ എന്ന പോരാളിയുടെ 'വിഗലാംഗം' എന്ന കവിതയിലേക്കാണ്‌ പ്രസാധകര്‍ വായനക്കാരനെ നയിക്കുന്നത്. "വിലയില്ലാത്തൊരു വിഗലാംഗ വസ്തുവായ് പാഴിലേക്കാക്കുമോ നീ" എന്ന് ബിനു ചോദിക്കുന്നു. ഇല്ല, ബിനു ഒരിക്കലും അല്ല എന്ന് മനസ്സ് പറയാന്‍ ചെറുപ്പക്കാരന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ശ്രീജ പ്രശാന്തിന്റെ സമയവാഹിനി, ഹരിയണ്ണന്‍ എന്ന ഹരിലാല്‍ വെഞ്ഞാറമൂടിന്റെ 'പ്രിയപ്പെട്ട അമ്മക്ക്', ജിഷാദ് ക്രോണിക്കിന്റെ 'സ്നേഹിച്ചു കൊതി തിര്‍ന്നില്ല എനിക്ക് നിന്നെ', വിലു ജനാര്‍ദ്ദനന്റെ 'അഴിഞ്ഞാട്ടക്കാരി', ദിവ്യ.കെ.വിയുടെ 'പാഴ്‌ജന്മം', രാജേഷ് ചിത്തിരയുടെ 'നീയും ഞാനും', ലീല. എം.ചന്ദ്രന്റെ 'ഇവര്‍ കുഞ്ഞു മാലാഖമാര്‍'.. മികച്ച കവിതകളുടെ ഒരു കൂട്ടം തന്നെയുണ്ട് ദലമര്‍മ്മരങ്ങളില്‍. പി.കെ. ഗോപിയുടെ അവതാരികയുള്‍പ്പെടെ പുസ്തകം മൊത്തതില്‍ നിലവാരമുള്ളത് തന്നെ.

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?