Thursday, November 21, 2013

ഘോഷയാത്ര

പുസ്തകം : ഘോഷയാത്ര
രചയിതാവ് : ടി.ജെ.എസ്.ജോര്‍ജ്ജ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ജെയിംസ് വര്‍ഗ്ഗീസ്


ടി ജെ എസ് ജോര്‍ജ്ജ് പത്ര പ്രവര്‍ത്തക രംഗത്തെ അതികായനാണ്. അദേഹത്തിന്റെ ഓര്‍മ്മകള്‍ വലിയൊരു നിധിയാണ്. ചരിത്രം അറിയാത്തവര്‍ക്ക് അതൊരു ചരിത്രം ആണ്. ഘോഷയാത്ര, പേര് പോലെ തന്നെ അദേഹത്തിന്റെ ഓര്‍മ്മകള്‍ ഒരു ഘോഷയാത്ര അനുഭവം വായനക്കാരന് നല്‍കുന്നു. വായിച്ചു തുടങ്ങിയ നിമിഷം മുതല്‍ പുസ്തകത്തിന്റെ അവസാന വാക്യങ്ങള്‍ വായിക്കുന്നത് വരെ വായനക്കാരന് ഒരു ഘോഷയാത്രയില്‍ പങ്കെടുത്ത പ്രതീതി.

ടി ജെ എസ് ജോര്‍ജിന്റെ സഹപ്രവര്‍ത്തകനും മലയാള സാഹിത്യത്തറവാട്ടിലെ കുലപതിയും ആയ നാണപ്പന്‍ എന്ന സാക്ഷാല്‍ എം പി നാരായണ പിള്ളയുടെ അവതാരികയും. ഓരോ വാക്കുകളും ഓരോ വരികളും വായനക്കാരനെ തീഷ്ണമായ ഉള്‍പുളകത്തിലേക്ക് നയിക്കുന്ന വായനാനുഭവം.

തന്റെ വിദ്യാഭ്യസ കാലം തൊട്ടു തുടങ്ങുന്ന സതീര്‍ത്ഥ്യരെ കുറിച്ചുള്ള ഓര്‍മ്മകള്‍, മുംബെയും ഹോങ്കോംഗും , ഡല്‍ഹിയും ന്യൂയോര്‍ക്കും ബാംഗ്ലൂരും കടന്നു കേരളത്തില്‍ എത്തി നില്‍ക്കുന്നു.

തന്‍റെ ജീവിത ഘോഷയാത്രയില്‍ കണ്ടു മുട്ടിയ നിരവധി വ്യക്തിത്വങ്ങള്‍, കലാ രംഗത്തും പത്ര പ്രവര്‍ത്തന രംഗത്തും നിറഞ്ഞു നിന്നവര്‍ മാത്രമല്ല, രാഷ്ട്രീയ , നയതന്ത്ര നേതാക്കള്‍ക്കൊപ്പം ചില രാഷ്ട്ര നേതാക്കളുടെ വരെ ജീവ ചരിത്രം നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്ന ഒരു അപൂര്‍വ റഫറന്‍സ്‌ ഗ്രന്ഥം ആണ് ഘോഷയാത്ര.

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നോക്കി കാണുകയാണ് ടി ജെ എസ് ജോര്‍ജ്ജ് പുസ്തകത്തിലൂടെ... ദൂരെ നിന്ന് മാത്രം നമ്മള്‍ നോക്കിക്കണ്ട ബഹുമുഖ വ്യക്തിത്വങ്ങളെ വളരെ അടുത്തു, അവരുടെ ഗുണ ഗണങ്ങള്‍ക്കൊപ്പം തന്നെ അവരുടെ ബലഹീനതകള്‍ വരെ തുറന്നു പറയുന്നു, അവരോടു അടുത്തു സഹാവസിച്ച ടി ജെ എസ്.

344 പേജു മാത്രം വരുന്ന പുസ്തകം സമകാലിക വാരികയില്‍ ഒരു പരമ്പര ആയിട്ട് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും വീണ്ടും ഓരോ പുനര്‍വായന പോലും ഒരു പുതു വായനാനുഭവം ആണ് വായനക്കാരന് നല്‍കുക.

അനേകം ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നിച്ചു വായിച്ച ഒരു അനുഭവം. മധ്യ തിരുവിതാംകൂറില്‍ തുടങ്ങി, കുട്ടനാട്ടിലെ ജന്മി ആയ ജോസഫ്‌ മുരിക്കന്‍ മുതല്‍ ഹോങ്കോംഗിലെ ബിസിനസ്സുകാരനായിരുന്ന കണ്ണൂര്‍ ചന്ത്രോത്ത് ഹരി രാഘവന്‍ വരെ എത്ര എത്ര പേരുടെ ജീവല്‍ ചിത്രങ്ങള്‍..,. അതെ ഘോഷയാത്ര ഒരു വിസ്മയം ആണ്, ഒരു അക്ഷയ ഖനി ആണ്.

കൌമുദി ബാലകൃഷ്ണന്‍, എം ശ്രീകണ്ഠന്‍ നായര്‍, അടൂര്‍ ഭാസി, . വി . കൃഷ്ണപിള്ള, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം പി നാരായണ പിള്ള, കാര്‍ടൂണിസ്റ്റ് ശങ്കര്‍, ആര്‍ പി നായര്‍, സി പി രാമചന്ദ്രന്‍, ഏടത്തട്ട നാരായണന്‍ , കെ ശിവറാം, വി കെ മാധവന്‍ കുട്ടി, വി കെ കൃഷ്ണമേനോന്‍, മാധവിക്കുട്ടി, മാധവദാസ്‌ അങ്ങനെ മലയാളി ജീവിതത്തിലൂടെ കടന്നു പോയ അനേകരുടെ ജീവ ചരിത്ര സ്കെച്ചുകള്‍ ടി ജെ എസ ജോര്‍ജ് സമര്‍ത്ഥമായി വരച്ചു വെക്കുന്നു.

പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു മദ്രാസില്‍ നിന്നും ബോംബേക്കു പോയതും അവിടെ ഫ്രീ പ്രസ്‌ ജേര്‍ണലില്‍ ജോലിയില്‍ പ്രവേശിച്ച അന്ന് മുതലുള്ള സംഭവ ബഹുലമായ തന്റെ പത്ര പ്രവര്‍ത്തന സമസ്യയും നാളുകളില്‍ പരിചയപ്പെട്ട പ്രമൂഖ പത്രപ്രവര്‍ത്തകരെ എല്ലാം ടി ജെ എസ് വളരെ വിശദമായി വരച്ചു കാട്ടിയിരിക്കുന്നു. വളരെ സുപ്രധാനമായ അനേകം രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊണ്ട ഒരു കാലഘട്ടം അദേഹം പിന്‍തലമുറക്കായി ഘോഷയാത്രയിലൂടെ വിവരിക്കുന്നു. ഫ്രീ പ്രസ്‌ പത്രത്തിന്റെ ഉടമ സദാനന്ദ്‌, ബോബി തലയാര്ഖാന്‍ , വിശ്വം, ഡോം മോറൈസ് , ഹോമി തലയാര്‍ഖാന്‍, എം വി കമ്മത്ത്, ബാല്‍ താക്കറെ , ബ്ലിറ്റ്സിന്റെ ആര്‍. കെ കറഞ്ചിയ, ജി വി ദശാനി, വിക്ടര്‍ പരന്ജ്യോതി, ടാര്സി വിറ്റാച്ചി, രാധാനാദ്‌ ദത്ത്, വി കെ നരസിംഹന്‍, നിഖില്‍ ചക്രവര്‍ത്തി, ആര്‍ വി പണ്ഡിറ്റ്‌ , പി വിശ്വനാഥന്‍ തുടങ്ങി പത്ര ലോകത്തെ കുലപതികളെ എല്ലാം വിശദമായി വരച്ചു കാട്ടിയിരിക്കുന്നു.

കൂടെ ജോലി ചെയ്ത ബാല്‍ താക്കറെയെയും അദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തെയും മുതല്‍ ശിവസേന ഉണ്ടാകുവാനുള്ള കാരണത്തെയും തുടങ്ങി താന്‍ കണ്ട പത്ര മുതലാളിമാരുടെ വളര്‍ച്ചയെയും പത്ര വ്യവസായത്തില്‍ ഉണ്ടായ സാങ്കേതിക വളര്‍ച്ചയെയും എല്ലാം വളരെ നര്‍മം കലര്‍ന്ന ഭാക്ഷയില്‍ ടി ജെ എസ് ജോര്‍ജ് വിവരിച്ചിരിക്കുന്നു.

തെക്ക് കിഴക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ ഓട്ട പ്രദക്ഷിണത്തില്‍ സിംഗപ്പൂര്‍ , ഹോങ്കോങ്ങ് , മലേഷ്യ, ഇന്തോനെഷ്യ, ഫിലിപ്പിന്‍സ്‌ , വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളെയും അവിടുത്തെ പുകള്‍ പെറ്റ ഭരണാധികാരികളോട് കൂടി തനിക്ക് അടുത്തിടപഴകുവാന്‍ ലഭിച്ച അവസരങ്ങളും മഹാതീര്‍ മുഹമ്മദ്‌, പ്രിന്‍സ്‌ സിഹാനുക്ക്‌, സുഹാര്‍ത്തോ, ലി ക്വാന്‍ യു, മാര്‍ക്കോസ്, ഇമെല്‍ഡ മാര്‍ക്കോസ്, അക്വിനോ, തുടങ്ങിയ രാഷ്ട്രത്തലവന്മാരെ കുറിച്ചുള്ള വിലയിരുത്തലുകളും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പ്രശസ്ത ഇംഗ്ലീഷ് കവിയായ ഫ്രാങ്ക് മോറൈസിന്റെ ജീവല്‍ രേഖകളും അദേഹത്തിന്റെ ഭാര്യ ആയിരുന്ന പ്രശസ്ത സിനിമാ നടി കൂടിയായിരുന്ന ലീല നായിഡുവിന്റെ കഥ, ആശ്ചര്യത്തോടൊപ്പം ദുഖവും വാരി വിതറുന്നു. കമലാദാസ്‌ എന്നാ മാധവിക്കുട്ടിയെയും അവരുടെ കുടുംബത്തെയും കുറിച്ച് അടുത്തറിയുവാനും ഘോഷയാത്ര ഉപകരിക്കും. അടൂര്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍ , എം പി നാരായണപിള്ള എന്നിവരുടെ ജീവിതത്തിലെ സവിശേഷതകള്‍ രസകരം ആയി വരച്ചു കാട്ടിയിരിക്കുന്നു.

ഒരു പത്ര പ്രവര്‍ത്തകന്‍ ആകേണ്ടി വന്നതിനാല്‍ അനുഭവിക്കേണ്ടി വന്ന ജയില്‍ വാസവും ചില രാഷ്ട്രീയ നെഹ്ടാകളും ആയുള്ള സഹവാസവും എല്ലാ വിശദമായി പ്രതി പാടിക്കുന്നു പുസ്തകത്തിലൂടെ.. ജവഹര്‍ ലാല്‍, നെഹ്‌റു, മൊറാര്‍ജി ദേശായി, ഇന്ദിരാ ഗാന്ധി, വി കെ കൃഷ്ണ മേനോന്‍ എന്നിവരെയും ടി ജെ എസ ഘോഷ യാത്രയില്‍ കൂട്ടി കൊണ്ട് വരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തര ചരിത്രം അറിയാത്തവര്‍, ചരിത്രകാരെ അറിയാത്തവര്‍ , ചരിത്രം എഴുതിയ പത്രപ്രവര്‍ത്തകരെ, അവരിലൂടെ ചരിത്രം സ്വായത്തമാക്കുവാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം. വായിച്ചു കഴിഞ്ഞാല്‍ വീണ്ടും വായിക്കുവാന്‍ പുസ്തകം നമ്മെ പ്രേരിപ്പിക്കും. വായനയുടെ സുഖത്തെക്കാള്‍ പുസ്തകം അനേകം അറിവ് നമുക്ക് പ്രധാനം ചെയുന്നു... നിര്‍ബന്ധമായും, ചരിത്രം അറിയുവാന്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു അപൂര്‍വ ഗ്രന്ഥം ആണ് ഘോഷയാത്ര. ഒരു റെഫറെന്‍സ് പുസ്തകം ആയി നമ്മുടെ സ്വകാര്യ പുസ്തക ശേഖരത്തില്‍ ഉണ്ടായിരിക്കേണ്ട പുസ്തകം. അതെ ഇതൊരു ഘോഷയാത്ര ആണ്. ഘോഷയാത്രയില്‍ നാമോരോരുത്തരും കണ്ണിയാകുമ്പോള്‍ നമ്മുടെ അറിവിന്റെ ചക്രവാളം വികസിക്കും.

2 comments:

  1. അവലോകനം നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. TJS Oru Karuthanaaya Yezhuthukaaran Thanne!
    Pusthaka vila koduthu kandilla
    Thanks for the Review
    Best regards
    Philip Ariel

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?