പുസ്തകം : മീസാന്‍കല്ലുകളുടെ കാവല്‍
രചയിതാവ് : പി.കെ.പാറക്കടവ്
പ്രസാധകര്‍ : ഡിസി ബുക്‌സ്, കോട്ടയം
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
പി.കെ.പാറക്കടവിന്റെ ആദ്യനോവല്‍ കഥ പറയുന്നവരും കഥ കേള്‍ക്കുന്നവരും ഇല്ലാതായിപ്പോകുന്ന ഒരു ലോകത്തെപ്പറ്റിയാണ് വാള്‍ട്ടര്‍ ബെന്‍യാമിന്‍ `കഥപറയുന്ന ആള്‍' എന്ന ലേഖനത്തില്‍ വിശലനം ചെയ്യുന്നത്. കഥപറച്ചിലിന്റെ കല നശിച്ചുകൊണ്ടിരിക്കുന്ന കാലത്തെ നോക്കി പരിതപിക്കുകയാണ് വാള്‍ട്ടര്‍ ബെന്‍യാമിന്‍. കഥ കേള്‍ക്കാന്‍ കൊതിക്കുന്നവരുടെ ഇടയിലേക്ക് കഥപറച്ചിലുകാരായി വരുന്നവരുടെ എണ്ണം കുറയുന്നു. അനുഭവങ്ങള്‍ കൈമാറാനുള്ള കഴിവ് നഷ്‌ടപ്പെടുകയാണെന്ന് വാള്‍ട്ടര്‍ ബെന്‍യാമിന്‍ സൂചിപ്പിക്കുന്നു. ഇതിന് ഉദാഹരണമായി പറഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സൈനികരുടെ അവസ്ഥയാണ്. അവര്‍ മൗനികളായിരുന്നു. യുദ്ധരംഗത്തെ അനുഭവത്തെക്കുറിച്ച് അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. യുദ്ധം അനുഭവജ്ഞാനത്തെ അട്ടിമറിക്കുകയായിരുന്നു. കഥപറച്ചിലിന് സംഭവിച്ച ഈ വ്യതിയാനത്തിന് ആധുനികതയുടെ പിറവിയോളം പഴക്കമുണ്ട്. കഥപറിച്ചലിനെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാനിടയായത് പി.കെ.പാറക്കടവിന്റെ ആദ്യ നോവല്‍ `മീസാന്‍കല്ലുകളുടെ കാവലാണ്'. പാറക്കടവിന്റെ നോവല്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്‌ദങ്ങള്‍ക്കും കുറുകെ നടക്കുന്ന കഥകളുടേയും കഥപറിച്ചലിന്റേയും അരങ്ങും അണിയറയും വീണ്ടും സൃഷ്‌ടിക്കുന്നു.
കഥയും കാലവും വടവൃക്ഷംപോലെ ശാഖകള്‍ വിടര്‍ത്തി പന്തലിച്ചു നില്‍ക്കുകയാണ് 'മീസാന്‍കല്ലുകളുടെ കാവലില്‍'. കഥാപാത്രങ്ങള്‍ അവരുടെ കാലത്തിന്റെ രേഖീയതയും ഭേദിച്ച് കീഴ്‌പ്പോട്ടുപോയവരുടെ ചരിത്രം കുഴിച്ചെടുക്കുന്നു. ധര്‍മ്മവും ധര്‍മ്മസങ്കടവും ആസക്തിയും നിരാസക്തിയും പ്രണയവും പ്രണയനിരാസവും എല്ലാം പാറക്കടവിന്റെ നോവലിലുണ്ട്. മുഖ്യകഥാപാത്രങ്ങളായ സുല്‍ത്താനും ഷഹന്‍സാദയും കഥകളുടെ ലോകത്താണ് ജീവിക്കുന്നത്.
മലയാളത്തിലെ ഹൈക്കുനോവലാണ് `മീസാന്‍കല്ലുകളുടെ കാവല്‍'.നോവല്‍ശില്‍പ്പത്തിലും കഥാപ്രതിപാദനത്തിലും പാറക്കടവ് അനുഭവിപ്പിക്കുന്ന രചനാവൈദഗ്‌ധ്യം ശ്രദ്ധേയമാണ്. ആറ്റിക്കുറുക്കി, മൂര്‍ച്ചയേറിയ ഫലിതം ഉള്ളിലൊളിപ്പിപ്പ് കഥപറയുന്ന പി.കെ.പാറക്കടവിന്റെ ശൈലി ഈ നോവലിലും ഔന്നത്യമാര്‍ന്നു നില്‍ക്കുന്നു. ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്ഥ്യവും സ്വപ്‌നവും വാക്കുകളുടെ ചെപ്പില്‍ അടുക്കിവെക്കുന്നു. ചിന്തയുടേയും ഏകാഗ്രതയുടേയും തീക്ഷ്‌ണശിലയാണ് പാറക്കടവിന്റെ നോവല്‍. ആര്‍ദ്രതയൊഴുകുന്ന നീര്‍ച്ചോലയാണിത്. മനം പൊള്ളലിന്റെ വേദനയും സുഖവും നല്‍കുന്ന കൃതി. നോവലിസ്റ്റ് തന്നെ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്:`ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തു തപസ്സു ചെയ്യുമ്പോള്‍ ഒരു കലാസൃഷ്‌ടിയുണ്ടാവുന്നു'. മീസാന്‍കല്ലുകളുടെ കാവല്‍ വായിച്ചു തീരുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നതും മറ്റൊന്നല്ല.
ദേശപ്പെരുമയും അധികാരപ്പൊലിമയും നാട്ടാചാരങ്ങളും നാട്ടുമൊഴികളും നാട്ടിടവഴിയും മഴനാരുകളും രാക്കഥകളും രാവിന്റെ നടുമുറ്റത്ത് നടക്കാനിറങ്ങുന്ന ജിന്നുകളും നിലാവെട്ടത്തില്‍ കുതിരപ്പുറത്തേറി യാത്രചെയ്യുന്ന ആലിമുസ്‌ലിയാര്‍ അസീസധികാരിയുടെ കാലില്‍ സ്‌പര്‍ശിക്കുന്നതും ഉമ്മാച്ചോമയുടെ ആത്മഹത്യാശ്രമവും കഥാവഴിയിലുണ്ട്. ഉപകഥകളായും കേള്‍വികളായും അതിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ അടയാളങ്ങളും നോവലില്‍ കാണാ. കക്കയം ക്യാമ്പും രാജനും വിപ്‌ളവമുന്നേറ്റങ്ങളും തിളച്ചു മറിയുന്ന യൗവ്വനങ്ങളും കഥയുടെ സൂര്യന്‍ കെട്ടുപോകാതെ നിര്‍ത്തുന്നു.
കഥയുടെ ദാര്‍ശനികമാനങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന പതിനാറ് അധ്യായങ്ങളില്‍ സുല്‍ത്താന്‍ സ്വയം മറന്ന് കഥപറയുന്നു. ജീവിതത്തിലും മരണത്തിലും ഷഹന്‍സാദക്ക് കാവലായി അവന്‍ കഥപറഞ്ഞുകൊണ്ടേയിരിക്കുന്നു. `നീ സ്വസ്ഥമായുറങ്ങ്. നിനക്ക് ഒരു മീസാന്‍കല്ലായി ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവല്‍. ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം.' അകം നോവുന്ന പ്രാര്‍ത്ഥനപോലെ നോവല്‍ സമാപിക്കുന്നിടത്ത് പുതിയ കാലവും കഥയും പിറക്കുന്നു. ഓരോ അധ്യായത്തിനും അനുയോജ്യമായി മജിനിയുടെ രേഖാഖ്യാനവുമുണ്ട്. ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ ഖണ്‌ഡശ്ശയായി പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളനോവല്‍ സാഹിത്യത്തിന് അതിന്റെ സാങ്കേതികതലത്തിലും സംവേദനതലത്തിലും ചെറുതല്ലാത്ത മുതല്‍ക്കൂട്ടാണ്.(വില-40 രൂപ)
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?