Tuesday, January 13, 2015

ജീവിതമെന്ന അത്ഭുതം

പുസ്തകം : ജീവിതമെന്ന അത്ഭുതം
രചയിതാവ് : കെ.എസ്.അനിയന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : നിരക്ഷരന്‍



നുഷ്ക്കയ്ക്ക് ഇപ്പോൾ എത്ര വയസ്സായി ? “ ആശുപത്രിയിൽ വെച്ച് കണ്ടുപരിചയമുള്ള താടിക്കാരനെ, പിന്നീടൊരിക്കൽ തീവണ്ടിയിൽ വെച്ച് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ ഡോൿടർക്കായില്ല. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള അർബുദമായിരുന്നു രണ്ടുവയസ്സുകാരി അനുഷ്ക്കയ്ക്ക്. പക്ഷെ ചികിത്സ നൽകാൻ ബാദ്ധ്യസ്ഥരായവർ തിടുക്കത്തിൽ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു അവളെ. “ കുട്ടി രണ്ട് മാസം കൂടെ കഴിഞ്ഞപ്പോൾ മരിച്ചൂപോയി”.... താടിക്കാരന്റെ മറുപടി. കുട്ടിക്ക് പിന്നീട് ചികിത്സയൊന്നും കൊടുത്തിട്ടില്ലെന്ന് തുടർന്നുള്ള സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയേക്കാൾ പ്രാധാന്യം ആശുപത്രിയിൽ കൂട്ടിന് നിൽക്കുന്ന കുട്ടിയുടെ അമ്മൂമ്മയ്ക്ക് നല്ല ഭക്ഷണം സംഘടിപ്പിക്കുക എന്നതായിരുന്നല്ലോ! കുട്ടിയുടെ മാതാപിതാക്കളാകട്ടെ, ഗൾഫിൽ എണ്ണപ്പണം വാരിക്കൂട്ടുന്നതിന്റെ തിരക്കിലും.

നീ മാത്രമല്ല, എനിക്ക് വേറെയും മക്കളുണ്ട്. നിന്റെ ചികിത്സയ്ക്ക് മാത്രം പണം ചിലവഴിച്ചുകൊണ്ടിരുന്നാൽ പറ്റില്ലല്ലോഎന്നുപറഞ്ഞ് സ്വന്തം മകനെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന അമ്മ. അവിടന്ന് അയാളെ രക്ഷിച്ചെടുക്കുന്നത് ഓട്ടോറിക്ഷക്കാരായ സുഹൃത്തുക്കൾ! വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; അതിൽത്തന്നെ ഒരുമിച്ച് കഴിഞ്ഞത് രണ്ട് ദിവസം മാത്രം. അപ്പോഴേക്കും ഭാര്യയെ അർബുദം പിടികൂടുന്നു. ഒഴിവാക്കി പോകാനാണ് എല്ലാവരും ചെറുപ്പക്കാരനെ ഉപദേശിച്ചത്. പക്ഷെ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അയാൾ ഭാര്യയെ രക്ഷിച്ചെടുക്കുന്നു. അമ്മയുടെ ചികിത്സയേക്കാൾ വലുത് കോളേജിൽ പോകാൻ ബൈക്ക് ഇല്ലെന്നുള്ള മകന്റെ വ്യഥ. ക്യാൻസർ ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മകന്, മയക്കുമരുന്നും സിഗരറ്റുമൊക്കെ ആശുപത്രിക്കിടക്കയിൽ എത്തിച്ചുകൊടുക്കുന്നത് ഡോൿടർ കൂടെയായ അമ്മ! എന്നിങ്ങനെ ഇതുവരെയുള്ള ജീവിതത്തിൽ നാം കേൾക്കാത്തതും കാണാത്തതുമായ ഒരുപാട് മുഖങ്ങൾ കടന്നുവരുന്നുണ്ട് ഡോ:വി.പി.ഗംഗാധരന്റെജീവിതമെന്ന അത്ഭുതംഎന്ന അനുഭവക്കുറിപ്പുകളിലൂടെ. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിലെ അനുഭവകഥകളെല്ലാം മലയാളം വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതാണ്. ക്യാൻസർ ചികിത്സാരംഗത്തെ അനുഭവങ്ങളും, ആതുരസേവനത്തിന്റെ ലോകത്ത് ഡോ:വി.പി.ഗംഗാധരൻ കണ്ടിട്ടുള്ള രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ 31 അദ്ധ്യായങ്ങളിലൂടെ നമുക്ക് മുന്നിലെത്തുന്നു. അനുഭവകഥകൾ, വായനക്കാർക്കായി വരികളാക്കി മാറ്റിയിരിക്കുന്നത് കഥാകൃത്തായ കെ.എസ്.അനിയനാണ്. മുക്കിയും മൂളിയും പറഞ്ഞാൽ‌പ്പോലും ഉള്ള് പിടയ്ക്കാൻ പോന്ന തീക്ഷ്ണമായ അനുഭവങ്ങളൊക്കെയും, അനിയന്റെ ആഖ്യാനത്തിന്റെ മാന്ത്രികസ്പർശം കൂടെയാകുമ്പോൾ നോവിന്റെ പര്യായങ്ങളായി മാറുന്നു.

ചികിത്സിച്ച് ഭേദമാക്കിയ രോഗികളെപ്പറ്റിയുള്ള കഥകൾ മാത്രമല്ല 212 പേജുള്ള പുസ്തകത്തിലുള്ളത്. കൈവിട്ട് പോയവരെപ്പറ്റിയുള്ള വേദനകളും മറ്റ് അനുഭവങ്ങളുമൊക്കെ ഡോൿടർ പങ്കുവെക്കുന്നുണ്ട്. ഓരോ കഥകളും വായിച്ച് തീരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞെന്ന് വരും. ഏതെങ്കിലും ഒരു കഥയ്ക്ക് ശേഷം പോലും അങ്ങനെയൊരു വികാരം വായനക്കാരനുണ്ടായില്ലെങ്കിൽ അയാൾക്ക് സാരമായെന്തോ കുഴപ്പമുണ്ട് ; നല്ലൊരു ചികിത്സയ്ക്ക് സമയമായിരിക്കുന്നു. രോഗവും രോഗിയുമൊന്നും ഇല്ലാത്ത ഒരൊറ്റ അദ്ധ്യായം മാത്രമേ പുസ്തകത്തിലുള്ളൂ. ‘ആദ്യകാറിന്റെ കന്നിയാത്രഎന്ന ലേഖനത്തിനാസ്പദമായ സംഭവദിവസം ഡോൿടർക്കുണ്ടായ മനോവ്യഥ ചെറുതൊന്നുമായിരിക്കില്ല. എന്നിരുന്നാലും ഇന്നത് ആലോചിക്കുമ്പോൾ ഡോൿടർക്കും വായിക്കുന്നവർക്കും ചിരിപൊട്ടിയെന്ന് വരും.

പലതരം അർബുദങ്ങൾ, രക്ഷപ്പെടാനുള്ള സാദ്ധ്യതകൾ ചുരുക്കമായിരുന്നിട്ടും അതിൽനിന്നൊക്കെ പിടിച്ചുകയറിയവർ, എല്ലാ മാസവും പ്രിയപ്പെട്ടവൾ വേർപിരിഞ്ഞുപോയ ആശുപത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭർത്താവ്, ഒരു മകളെ അർബുദരോഗത്തിൽ നിന്നും ഡോ:ഗംഗാധരൻ രക്ഷിച്ചെടുക്കുമ്പോൾ അതേ ആശുപത്രിയിലെ മറ്റൊരു മുറിയിൽ മകളുടെ അമ്മയെ കാമവെറി തീർക്കാൻ ഉപയോഗിച്ച് നിത്യശയ്യയിലേക്ക് തള്ളിവിടുന്ന മറ്റൊരു ഡോൿടർ, അങ്ങനെയങ്ങനെ ഇന്നുവരെ കഥകളിലോ സിനിമകളിലോ പോലും വായിക്കാത്തതും കാണാത്തതുമായ മുഖങ്ങളുടെ നീണ്ടനിരയാണ് ഗ്രന്ഥത്തിൽ.

കൃത്യസമയത്ത് കണ്ടുപിടിക്കാനായാൽ ഒരുവിധപ്പെട്ട അർബുദരോഗമൊക്കെ പരിചരിച്ച് ഭേദമാക്കാൻ പറ്റുമെന്ന ആത്മവിശ്വാസം ഡോൿടർക്കുണ്ട്. പക്ഷെ, സമൂഹത്തെ ബാധിച്ചിരിക്കുന്ന തെറ്റിദ്ധാരണയെന്ന അർബുദത്തെ ചികിത്സിച്ച് തുരത്താൻ തനിക്കാവില്ല എന്നാണ് വ്യസനത്തോടെ അദ്ദേഹം പറയുന്നത്. പകരുന്ന രോഗമാണ് ക്യാൻസറെന്ന് കരുതുന്ന ജനങ്ങൾ, ചികിത്സയിലൂടെ രോഗവിമുക്തനായ ഒരാൾക്ക് റോഡിൽ ഇറങ്ങി നടക്കാനാവാത്ത വിധംക്യാൻസർ രോഗിഎന്ന് പരിഹസിക്കുന്നവർ, രോഗം ബാധിച്ച പെൺകുട്ടിയെ മുറിയിൽ പൂട്ടിയിടുകയും മൂന്ന് നേരം ആഹാരം കൊടുക്കാൻ മാത്രമായി കതക് തുറക്കുകയും ചെയ്യുന്ന അമ്മ. ഇത്തരത്തിലുള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തിന് എന്തുതരം ചികിത്സയാണ് നൽകേണ്ടത് ? തനിക്കാവുന്നവിധം ബോധവൽക്കരണപ്രവർത്തനങ്ങൾ ഡോൿടർ നടത്തുന്നുണ്ട്. കീമോത്തെറാപ്പിയും സർജറിയുമൊക്കെ നടത്തി അർബുദ കോശങ്ങളേയും രോഗാണുക്കളേയും രോഗിയുടെ ശരീരത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞാൽ‌പ്പിന്നെ ഇടവിട്ടുള്ള ചില പരിശോധനകൾ മാത്രമേ ആവശ്യമുള്ളൂ. അതുകൂടെ കഴിഞ്ഞാൽ രോഗത്തിന്റേതായ യാതൊരുവിധ മരുന്നുകളും ചികിത്സകളും കൂടാതെ മുന്നോട്ട് പോകാൻ ഒരാൾക്കാകും. നേരെ മറിച്ചാണ് ഒരു ഹൃദ്‌രോഗിയുടേയോ വൃക്കരോഗിയുടേയോ അവസ്ഥ. എന്നിട്ടും ക്യാൻസറിനെ മാത്രം എന്തുകൊണ്ട് സമൂഹം ഒരു തീരാവ്യാധിയായും തീണ്ടാവ്യാധിയുമായി കാണുന്നു ?!

ആതുരസേവനരംഗത്ത് ചികിത്സയായും സ്വാന്തനമായും സ്നേഹമായും സൌഹൃദമായുമൊക്കെ ഡോ:വി.പി.ഗംഗാധരൻ ചൊരിയുന്ന കനിവിന്റെ ഉറവ് ഗ്രന്ഥത്തിൽ കാണാമെങ്കിലും കൈയ്യയച്ച് അദ്ദേഹം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ മനഃപൂർവ്വം പരാമർശിക്കപ്പെടാതെ പോകുകയാണ്. ഇടം കൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡോൿടറെ നേരിട്ടറിയുന്നവർക്കൊക്കെ ബോദ്ധ്യമുണ്ടാകും. സ്വന്തം കൈയൊപ്പിട്ട സത്യവാങ്ങ്മൂലം നൽകാത്തതുകൊണ്ട് പത്മ പുരസ്ക്കാരങ്ങൾ അടക്കമൂള്ള ബഹുമതികളൊന്നും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടില്ല. അംഗീകാരങ്ങളും ആദരവുകളുമൊക്കെ കരിങ്കല്ലിലെന്നപോലെ കൊത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രോഗികളുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ഹൃദയത്തിലാണ്. അതിന്റെ തിളക്കം എല്ലാക്കാലം നിലനിൽക്കുകയും ചെയ്യും.

പൂജാമുറിയിലാണ് ഒരു ടീച്ചർ പുസ്തകം സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ ഒരു പേജെങ്കിലും വായിക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിലോ വെളിയിലോ, ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൂജാമുറിയിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഡോ:ഗംഗാധരന്റെ ഒരു ഫോട്ടോ കാണാനിടയായാൽ അതിനെയാരും നിസ്സാരമായിട്ട് കാണുകയോ പുച്ഛിച്ച് തള്ളുകയോ ചെയ്യരുത്. കാരണം, മറ്റനേകം അർബുദ രോഗികളെപ്പോലെ, വീട്ടുകാർക്ക് അദ്ദേഹം കൺകണ്ട ദൈവം തന്നെയാണ്.

വാൽക്കഷണം:- ജി.വി.ശ്രീകുമാർ ഡിസൈൻ ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഡോൿടറുടെ ചിത്രത്തിന്റെ പുറകിലായി കാണുന്ന ചുവന്ന ട്രാഫിക് ലൈറ്റിന്റെ അർത്ഥമെന്താണ് ? പുസ്തകം വായിച്ചുതീർക്കുന്ന ഒരാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരില്ല. സ്റ്റോപ്പ്....... അർബുദ രോഗാണുക്കൾക്ക് ഇതിനപ്പുറത്തേക്ക് പ്രവേശനമില്ല. ഇവിടെ ഡോ:ഗംഗാധരൻ തന്റെ രോഗികൾക്ക് താങ്ങും തണലും തുണയും സ്വാന്തനവുമൊക്കെയായി നിങ്ങളുടെ വഴിമുടക്കി നിൽക്കുന്നു.‘

3 comments:

  1. ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഏറെക്കുറെ എന്താണെന്നറിയാൻ കഴിയുന്നു. പുസ്തകവിചാരം നന്നായിട്ടുണ്ട്.

    ReplyDelete
  2. വായിക്കുന്ന ആര്‍ക്കും ഡോക്ടറെ ഒന്ന് കാണണം എന്ന് തോന്നും.
    ഉറ്റവര്‍ക്ക് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടന്ന്‍ ഡോക്ടറെ ഓര്‍ക്കും. അങ്ങേര് തൊട്ടാല്‍ സുഖപ്പെടും എന്നാ വിശ്വാസവും..!!

    ReplyDelete
  3. ഇത്തരം പുസ്തകങ്ങൾ
    സമൂഹത്തിന്റെ അർബുദം കൂടി തുടച്ച് നീക്കും..
    നല്ല വിശകലനമായിട്ടുണ്ട് കേട്ടോ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?