Tuesday, January 20, 2015
ആയുസ്സിന്റെ പുസ്തകം
പുസ്തകം : ആയുസ്സിന്റെ പുസ്തകം
രചയിതാവ് : സി.വി.ബാലകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ലാസര്‍ ഡിസല്‍വ
കഥയില്‍ അപരിചിതമോ സുപരിചിതമോ ആയ ഒരു കാലമുണ്ട്. കഥയില്‍ അപരിചിതമോ സുപരിചിതമോ ആയ ഒരു സ്ഥലമുണ്ട്. ഏത് കാലത്തിലെയും, ഏത് സ്ഥലത്തിലെയും അനുവാചകനിലേക്ക് അത് സംക്രമിക്കുന്നു. ആ ഒഴുക്കിന്റെ തീവ്രതയെ അളന്നുകൊണ്ടാണ് ഒരു പുസ്തകത്തിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുക. വടക്കന്‍ കേരളത്തിലെ കുടിയേറ്റത്തിന്റെ പത്തന്‍പത് വര്‍ഷം മുന്‍പത്തെ അവസ്ഥാന്തരങ്ങളിലൂടെയാണ് 'ആയുസ്സിന്റെ പുസ്തകം' സഞ്ചരിക്കുക. മലമുകളിലെയും താഴ്വാരങ്ങളിലെയും കുടിയേറ്റ പ്രദേശങ്ങള്‍ ഇന്നു കേരളത്തിലെ മറ്റേതൊരു ഗ്രാമത്തെയും പട്ടണത്തെയും പോലെ ആധുനികമായിക്കഴിഞ്ഞു. യൂണിലിവറിന്റെ ഒരു ഉല്‍പ്പന്നമെങ്കിലും എത്താത്ത ഒരു ഗ്രാമവും ഇന്നു കേരളത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വ്യതിരക്തമായ അസ്തിത്വമോ പ്രാദേശികമായ വ്യത്യാസങ്ങളോ പണ്ടത്തെ പോലെ പ്രകടമല്ല. ആ നിലയ്ക്ക് ഒരു കാലത്തിന്റെ, ഒരു ഇടത്തിന്റെ, ഒരു അനുഭവലോകത്തിന്റെ വൈകാരികമായ പുന:സംപ്രേഷണമാണ് ഈ നോവല്‍ ഇന്നേയ്ക്ക് ബാക്കിവയ്ക്കുക. ഗ്രാമപാതയിലൂടെ ലക് ഷ്യങ്ങളില്ലാതെ, കെട്ടുപാടുകളില്ലാതെ അലഞ്ഞുനടക്കുന്ന യോഹന്നാന്‍ ഒരു ആഗ്രഹമാണ്, എന്നോ കളഞ്ഞുപോയ ഒരു ആഗ്രഹം.
ഒരു കഥാക്യാമ്പില്‍ വച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു - കൌമാരം കഴിയുന്നതോടെ രതി അവസാനിക്കുന്നു. പിന്നീട് ലൈംഗീകതയെ ഉള്ളൂ - എന്ന്. രതിയുടെയും ലൈംഗീകതയുടെയും വന്യമായ നിറച്ചാര്‍ത്തുകളാണ് ഈ പുസ്തകത്തിന്റെ അനുഭവലോകം. ഒരു നിമിഷത്തിന്റെ ഉണര്‍ച്ചയില്‍ തന്റെ കൊച്ചുമകളെക്കാളും പ്രായംകുറഞ്ഞ ഒരു ബാലികയോട് ബലാല്‍ക്കാരത്തിനു മുതിരുകയും അതിന്റെ പാപഭാരത്തില്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പൌലോയില്‍ ആരംഭിക്കുന്ന നോവല്‍, തന്റെ വിവാഹാഭ്യര്‍ഥന നിരസിക്കുകയും അതേസമയം നവയുവാവായ തന്റെ മകനുമായി രതിയിലെര്‍പ്പെടുകയും ചെയ്യുന്ന വിധവയായ സാറയെ കൊല്ലുന്ന തോമയില്‍ അവസാനിക്കുന്നു. പ്രണയം ഈ പരിസരങ്ങളിലെവിടെയും വിഷയമാവുന്നില്ല. ആനിയുടെയും കൊച്ചച്ചനായ മാത്യുവിന്റെയും നിശബ്ദമായ ബന്ധത്തിന്റെ ചെറിയ അടരുകളില്‍ പോലും ശരീരത്തിന്റെ സൂചനകള്‍ കടന്നുവരുന്നു. പ്രണയാതീതമായ കാമത്തിന്റെ പ്രവര്‍ത്തിപ്രദേശങ്ങളിലൂടെ എന്നത് തന്നെയാവാം എഴുത്തുകാരന്റെ സര്‍ഗ്ഗതീരുമാനവും.
രതിയും പ്രണയവും ആദിമകാലം മുതല്‍ ഉള്ളതും എന്നും പ്രശ്നവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന അനുഭവപ്രദേശമാണ്. മാറുന്നത് ആ അനുഭവത്തിന്റെ അക്സസറീസ് മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ച് കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍, ഗ്രാമ്യനിറവുകളുള്ള, കാമബഹുലമായ ഇത്തരം ഇടങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഏറെക്കൂറെ അന്യംനിന്നിരിക്കുന്നു. ഗ്രാമസംബന്ധിയായ ഏകകങ്ങളുടെ നഷ്ട്ടപ്പെടലോടെ സംഭവിച്ച ഒരു അനുഭവലോകമാണത്. ഇത്തരം നഷ്ടലോകങ്ങള്‍ക്ക് സാഹിത്യത്തില്‍ ഗുണദോഷങ്ങളുടെ ചില അതീതതലങ്ങള്‍ ഉണ്ടു. "രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു വെളുത്ത പ്രാവ് യോഹന്നാന്റെ മേല്‍ പറന്നിറങ്ങി. അത് അവന്റെ ഉടലിലെങ്ങും ചിറകുരുമ്മി. ആ ചിറകുകളുടെ ചൂടില്‍ അവന്‍ സ്വയം ഉടല്‍ തൊട്ടറിഞ്ഞു. അത് ഒരു ഇല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഉടല്‍ അതിന്റെ സങ്കീര്‍ത്തനമാലപിക്കുകയായിരുന്നു. പ്രാവ് ചിറകടിച്ചുകൊണ്ടിരുന്നു. അവന് തിടുക്കമുണ്ടായി, വെമ്പലുണ്ടായി, ഒന്നാമത്തെ ദിവസം". യോഹന്നാന്റെ ആദ്യത്തെ സ്വയംഭോഗാനുഭവത്തെ കുറിച്ചുള്ള ഈ ആലങ്കാരിക വര്‍ണ്ണന ഇന്നൊരു വികടമന്ദഹാസത്തോടെയല്ലാതെ വായിക്കാനാവില്ല. ഇത്രയും ആര്‍ഭാടം സമകാലിക ഭാവുകത്വവും ഭാഷയും ചെടിപ്പോടെയല്ലാതെ അനുവദിച്ചു തരികയുമില്ല. കാലത്തെ കവച്ചുകടക്കാനാവാത്തത് പരാധീനത തന്നെയാണ്.
മുന്‍കുറിപ്പില്‍ സക്കറിയ എഴുതുന്നു: "വേദപുസ്തകത്തിന്റെ ഭാഷയുടെ ചുവടുപിടിച്ചാണ് ബാലകൃഷ്ണന്‍ തന്റെ നോവല്‍ ഭാഷ മെനയുന്നത്". പിന്‍കുറിപ്പില്‍ ശാരദകുട്ടി ഇങ്ങിനെയും: "ബൈബിളിലേത് ഭാവഗീതത്തോട് അടുത്തുനില്‍ക്കുന്ന കാവ്യാത്മക ഭാഷയാണ്. സംഗീതാത്മകമായ ആ ഭാഷയാണ് ആയുസ്സിന്റെ പുസ്തകത്തില്‍ എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നത്". ആധുനിക മലയാള ഗദ്യത്തിന്റെ ശൈശവദശയില്‍ തന്നെ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്യപെട്ട പുസ്തകമാണ് ബൈബിള്‍. അക്കാലത്തെ മലയാളഭാഷയുടെ ഗുണദോഷങ്ങള്‍ എല്ലാം അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പല ഭാഷകളിലൂടെ കടന്നു മലയാളത്തിലെത്തുമ്പോള്‍ ബൈബിളിനു ഒരു ഭാഷാ അസ്തിത്വം ഉണ്ടെന്നു നിരൂപിക്കുന്നത് പാകമായ നിരീക്ഷണമായി കരുതാനാവില്ല. ഭാഷാസ്വത്വം മൂലഗ്രന്ഥത്തിന് അവകാശപെട്ടതാണ്. ഇന്നത്തെ മലയാളത്തിന്റെ വൈവിധ്യമുള്ള ഭാഷാപ്രയോഗങ്ങളില്‍ ഒക്കെയും ബൈബിള്‍ വിവര്‍ത്തനം സാധിക്കാം എന്നിരിക്കെ ഇത്തരം വാദങ്ങള്‍ പ്രാഥമികമായി തന്നെ റദ്ദാക്കപ്പെടുന്നു.
പ്രാഥമികമല്ലാത്ത മറ്റുചിലത് കൂടി കാണാതെ പോകയുമരുത്. നോവലിന്റെ തുടക്കഭാഗത്ത് ഇങ്ങിനെ കാണാം: "ആനി അടുത്തെത്തി അവളോട്, 'റാഹേല്‍, റാഹേല്‍ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നതെന്തുകൊണ്ട്' എന്ന് ചോദിച്ചു.
എന്നാറെ അവള്‍ അത്യന്തം ഭ്രമിച്ചു നടുങ്ങി. പുറത്തേക്ക് വഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണീരോടും കൂടി അവള്‍ ഓടി പോയി.
ആനിയും യോഹന്നാനും ഭയപ്പെട്ടു നിന്നു. അനന്തരം അവര്‍ റബര്‍ മരങ്ങള്‍ക്കിടയിലൂടെ ഓടി തട്ടുകളിറങ്ങി". ബൈബിള്‍ ഭാഷയെന്നു പൊതുവെ പറഞ്ഞുപോയ 'കാവ്യാത്മക ഭാഷ'യുടെ പ്രയോഗം ഇവിടെ കാണാം. ഒരു പേജിനപ്പുറം രണ്ടാമദ്ധ്യായം അവസാനിക്കുന്നത് ഇങ്ങിനെയാണ്: "അയാള്‍ ഒന്ന് ഞരങ്ങി. അത് തോമയെ ലക്ഷ്യമാക്കിയ തെറിവാക്കായിരുന്നു. തോമാ അത് കേള്‍ക്കുകയും ചെയ്തു. അയാള്‍ക്ക് പിന്നെയും സമനിലതെറ്റിയ മട്ടായി. കാലുയര്‍ത്തി ആഞ്ഞുതൊഴിച്ചു. പൌലോ ദീനമായി മോങ്ങി. കൂട്ടില്‍ നിന്നും പന്നികളും കരഞ്ഞു.
വീണ്ടും തൊഴിക്കാനാഞ്ഞ തോമയെ യാക്കോബും ഫിലിപ്പോസും ബലം പ്രയോഗിച്ചു നീക്കി. ഇത്തവണ കുറേക്കൂടി അകലേയ്ക്ക്, വളരെ കരുതലോടെ.
'കത്തിയില്ലായിരുന്നു കയ്യില്‍, നാശം' തോമ പിറുപിറുത്തു.
'അത് നന്നായി, അല്ലേല്‍ താന്‍ ഈ പരുവത്തില്‍ കിളവനെ കൊന്ന് ജയിലില്‍ കേറിയേനെ' ഫിലിപ്പോസ് പറഞ്ഞു
തോമാ പുച്ചത്തോടെ ചിരിച്ചു:
'ജയില് കേറാന്‍ എനിക്ക് പേടിയൊന്നുമില്ല. ഒരിക്കല് കേറിയതുമാ...'" ഇവിടെ ബൈബിളിലെ 'ഭാവഗാനാത്മകത'യൊന്നും ദൃശ്യമല്ല. ഇത്തരത്തില്‍ തുടരുന്ന ഇടകലര്‍ന്ന ഭാഷാപ്രയോഗത്തിന്റെ സങ്കരസ്വഭാവം പ്രലോഭനീയം അല്ലെങ്കിലും, കലുഷമഗ്നവും അന്ത:സ്സാരപതിതവുമായ 'ഫ്രാന്‍സിസ് ഇട്ടികോര'പോലുള്ള നോവലുകള്‍ ക്രമാതീതമായി പരിലാളിക്കപ്പെടുന്ന സമകാലത്ത് 'ആയുസ്സിന്റെ പുസ്തകം' ചരിത്രസാംഗത്യമുള്ള വായനയുടെ ആശ്വാസം നല്‍കുന്നു എന്നത് ഒഴിവാക്കാനാവുന്നതല്ല.
Subscribe to:
Post Comments (Atom)
ബൈബിളിലെ സന്കീര്‍ത്തനങ്ങളുടെയും ഉത്തമഗീതത്തിന്റെയും ഭാഷ ഉപയോഗിച്ചിരിക്കുന്നു. വ്യക്തികളിലൂടെ മനസിന്റെ ശരി തെറ്റുകളെ എങ്ങനെ വിവക്ഷിക്കാം എന്നതിലൂന്നിയാണ് കഥനം എന്നാണ് എനിക്ക് തോന്നിയത്. മനോഹരമായൊരു പ്ലോട്ട് ക്രിയേറ്റ് ചെയ്തു എന്നതിലാണ് നോവലിന്റെ സൌന്ദര്യം മുഴുവന്‍. അതിനപ്പുറം ചിന്തക്ക് വക നല്കുന്നതോന്നും വയനാവസാനം അവശേഷിക്കുന്നില്ല.
ReplyDelete"ആയുസ്സിന്‍റെ പുസ്തകം"എന്ന സി.വി.ബാലകൃഷ്ണന്‍റെ നോവലിന്‍റെ അവലോകനം നന്നായി.
ReplyDeleteആശംസകള്‍
അർത്ഥവത്തായ വാക്കുകൾ
ReplyDeleteഎടുത്ത് അമ്മാനമാടിയുള്ള ഈ ആയുസ്സിന്‍റെ
പുസ്തകത്തെ കുറിച്ചുള്ള അവലോകനം വില മതിക്കാത്ത
ഒരു ലേഖനമായി മാറിയിരിക്കുന്നൂ...