Tuesday, February 24, 2015

പുറം മറുപുറം


പുസ്തകം : പുറം മറുപുറം
രചയിതാവ് : എന്‍.എസ്‌.മാധവന്‍

പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌

അവലോകനം : ബിജു.സി.പി





തിവു വഴികള്‍ വിട്ട്‌ പുതുപാതകളിലൂടെയുള്ള സമുദ്രയാനങ്ങള്‍ വഴി, പുതിയ പുതിയ ഭൂഖണ്ഡങ്ങളിലേക്ക്‌ വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നവയാണ്‌ എന്‍.എസ്‌.മാധവന്റെ സാഹിത്യ നിരൂപണലേഖനങ്ങള്‍.

മലയാളത്തില്‍ ഏറ്റവുമധികം കൊണ്ടാടപ്പെട്ടിട്ടുള്ള എഴുത്തുകാരിലൊരാളാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍. എന്നാല്‍, ബഷീറിന്റെ ജീവിതകഥയെ വാസ്‌തവങ്ങളോടും ചരിത്രവസ്‌തുതകളോടും ചേര്‍ത്തു വെച്ചു വിലയിരുത്താനുള്ള ഒരൊറ്റ ശ്രമമേ പൊതുശ്രദ്ധയില്‍ വന്നിട്ടുള്ളൂ. അത്‌ എന്‍.എസ്‌.മാധവന്റെ ബഷീര്‍ വായനയാണ്‌. എഴുത്തുകാരന്റെ ജീവിതം വലിയൊരു കല്‌പിത കഥയായി മാറുന്നതിനെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങള്‍ പക്ഷേ, വളരെ വലിയ ഒച്ചപ്പാടുകളാണുണ്ടാക്കിയത്‌. ബഷീറിനെ മഹാനായ എഴുത്തുകാരനാക്കുന്നത്‌ അട്ടിമറികള്‍ അദ്ദേഹത്തിനു സഹജമായിരുന്നതു കൊണ്ടാണ്‌ എന്ന്‌ തെളിവുകള്‍ സഹിതം വിവരിക്കുന്നുണ്ടെങ്കിലും എന്‍.എസ്‌.മാധവന്റെ എഴുത്ത്‌ ബഷീറിനെ തകര്‍ക്കാനുള്ള ശ്രമമായാണ്‌ ഒരു വിഭാഗം പേര്‍ കണ്ടത്‌. അടുത്തകാലത്ത്‌ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഈ ബഷീര്‍ വായന ഉള്‍പ്പെടെയുള്ള പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ്‌ എന്‍.എസ്‌.മാധവന്റെ പുറം മറുപുറം. (പേജ്‌ 136, വില 100 രൂപ)

മലയാളിയുടെ സാഹിത്യാസ്വാദനശീലങ്ങളില്‍ത്തന്നെ കാതലായ മാറ്റങ്ങളുണ്ടാക്കിയ രചനകളിലൊന്നാണ്‌ ഖസാക്കിലെ സമ്പദ്‌ വ്യവസ്ഥ എന്ന പ്രബന്ധം. സാഹിത്യാസ്വാദനത്തെ സാമ്പത്തിക രാഷ്ട്രീയ തലങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തിയ മികച്ച ലേഖനം. സാഹിത്യരചനകള്‍ വലിയ രാഷ്ട്രീയ സാംസ്‌കാരിക രേഖകള്‍ കൂടിയാണെന്ന്‌ തിരിച്ചറിവ്‌ ഇന്നു നമുക്കുണ്ട്‌. എന്നാല്‍ ഏതെങ്കിലുമൊരു സാഹിത്യ രചനയെ പരമ്പരാഗത വായനാനുഭവങ്ങള്‍ക്കപ്പുറത്തേക്കു വളര്‍ത്തിയെടുക്കാന്‍ കെല്‌പുള്ള നിരൂപണ ശ്രമങ്ങളൊന്നും ഉണ്ടാകാറില്ല. സാഹിത്യത്തെ വലിയ സാംസ്‌കാരിക തലത്തിലേക്കുയര്‍ത്തുന്ന കണ്ടെടുപ്പുകള്‍ നടത്തുന്നു എന്നതാണ്‌ എന്‍.എസ്‌.മാധവന്റെ സാഹിത്യനിരൂപണ ലേഖനങ്ങളുടെ സമാഹാരമായ പുറം മറുപുറത്തിന്റെ പ്രാധാന്യം. ഒ.വി.വിജയന്റെ തിരഞ്ഞെടുത്ത കൃതികളുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തെക്കുറിച്ചാണ്‌ 'വിജയന്‍ ഖസാക്ക്‌ പൊളിച്ചെഴുതിയപ്പോള്‍' എന്ന വിശദപഠനം. ഒ.വി.വിജയന്റെ മരണശേഷം എന്‍.എസ്‌.മാധവന്‍ എഴുതിയ കത്തില്‍ പറയുന്നു- നിങ്ങളെ അനുകരിക്കാത്തവരോ നിങ്ങളുടെ എഴുത്തില്‍ നിന്ന്‌ ഊര്‍ജം സ്വീകരിക്കാത്തവരോ ആയിട്ട്‌ ഖസാക്കനന്തര തലമുറയില്‍ ആരും തന്നെ കാണുകയില്ല. ഒ.വി.വിജയന്റെ പ്രസക്തിയും പ്രധാന്യവും ഏറ്റവും സൂക്ഷ്‌മമായി വരച്ചിടുന്നതാണ്‌ ആ കുറിപ്പ്‌.

കഥയുടെ വഴിയില്‍ എന്നും ഒറ്റയാനായിരുന്ന ടി.ആറിന്റെ കഥകളെക്കുറിച്ച്‌ ആഴമേറിയതും വിപുലവുമായ നിരീക്ഷണങ്ങളും ആസ്വാദനങ്ങളുമാണ്‌ മാധവന്‍ നടത്തുന്നത്‌. ജീവിതത്തിലും മരണത്തിലും മനുഷ്യന്റെ നിസ്സാരതകള്‍ അവതരിപ്പിച്ച വലിയ എഴുത്തുകാരനായിരുന്നു ടി.ആര്‍. എന്നാല്‍ മലയാള സാഹിത്യത്തിന്റെ വഴിയോരത്ത്‌ മരിച്ചു വീണ ടി.ആര്‍. ആരായിരുന്നു എന്നും എന്തായിരുന്നു എന്നും ഓര്‍മിപ്പിക്കുകയും ടി.ആറിനെ നമുക്കു കാണിച്ചു തരികയുമാണ്‌ 'ടി.ആര്‍.സാഹിത്യം ഒരു പ്രവേശിക' എന്ന ലേഖനം. സാഹിത്യമെന്നത്‌ കേവലമൊരു നേരമ്പോക്കല്ലെന്ന്‌ പിന്നെയും വ്യക്തമാക്കുന്നു ടി.ആര്‍. പാഠങ്ങള്‍. ഭാവനയുടെ സ്‌കൂള്‍ ആയ വികെഎന്നിനെക്കുറിച്ചുള്ള കുറിപ്പില്‍ എന്‍.എസ്‌.മാധവന്‍ പറയുന്നു- ചരിത്രം ഇന്നത്തെ വാര്‍ത്തയാണ്‌, അത്‌ ഇന്നലെ നടന്നതേയുള്ളൂ. വി.കെ.എന്‍. മലായള സാഹിത്യത്തിലെ ജീനിയസ്സായ ജേണലിസ്റ്റായിരുന്നു. അന്നന്നത്തെ വര്‍ത്തമാനങ്ങളെക്കുറിച്ച്‌ ചൂടോടെ എഴുതിയ വി.കെ.എന്‍. മലയാളിയുടെ വായനാലോകത്തു സൃഷ്ടിച്ച വിസ്‌മയങ്ങള്‍ എങ്ങനെയാണ്‌ നമ്മെ മുതിര്‍ന്ന മനുഷ്യരാക്കിയതെന്ന്‌ മാധവന്‍ വിവരിക്കുന്നു.

സി.വി.ശ്രീരാമന്റെ കഥകളില്‍ യാത്രിയുടെ അകവും പുറവും കണ്ടെത്തുന്ന ലേഖനം മുഖ്യമായും വാസ്‌തുഹാരയെയും ചിദംബരത്തെയും കുറിച്ചാണ്‌. സക്കറിയയുടെ കഥാലോകത്തെക്കുറിച്ചുള്ള ചെറുതെങ്കിലും സൂക്ഷ്‌മമായ അവലോകനമാണ്‌ 'സക്കറിയയുടെ കഥകള്‍' എന്ന ലേഖനം. ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലിനെക്കുറിച്ച്‌ എന്‍.എസ്‌.മാധവന്‍ എഴുതിയത്‌ മലയാളനോവല്‍ ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകളിലൂടെ വയസ്സറിയിച്ചു എന്നാണ്‌. മലയാളത്തിലെ ആഖ്യാനകല പ്രായപൂര്‍ത്തിയിലേക്കെത്തിയതിനു നിദര്‍ശനമായി ആ പുസ്‌തകത്തെ എടുത്തു കാണിക്കുന്നതെന്തു കൊണ്ട്‌ എന്ന വിവരണം ഒരേ സമയം മലയാള നോവലില്‍ കാലങ്ങളിലൂടെയുള്ള കടന്നുപോക്കും ഗോവര്‍ധന്റെ യാത്രകളുടെ പൊരുള്‍തിരയലുമാകുന്നു.

അസമമായ കരകളെ കൂട്ടിയിണക്കുന്ന കമാനപാലങ്ങള്‍ പോലെയാണ്‌ വൈരുധ്യങ്ങള്‍ നിറഞ്ഞ കാലഘട്ടങ്ങളെ കൂട്ടിയിണക്കുന്ന രമണനെന്ന കാവ്യം എന്ന്‌ നിരീക്ഷിക്കുന്നു രമണനെക്കുറിച്ചുള്ള ലേഖനം. മദനന്റെ വീക്ഷണകോണില്‍ കാവ്യം തന്റെയും രമണന്റെയും ചങ്ങാത്തത്തിന്റേതാണ്‌. രണ്ടു പുരഷന്മാര്‍ തമ്മിലുള്ള മാംസനിബദ്ധമോ അല്ലാത്തതോ ആയ സ്‌നേഹത്തിന്റെ കഥ എന്ന്‌ ലേഖനത്തിലേക്കൊടുവിലേക്കെത്തുമ്പോള്‍ അതുവരെയുള്ള രമണന്‍ വായനകളെയെല്ലാം അതിവര്‍ത്തിക്കുന്ന പുതിയ കാഴ്‌ചകളുടെ ലോകമാണ്‌ മാധവന്‍ തുറന്നിടുന്നത്‌.

സാഹിത്യരചനകളില്‍ കാണാതെ കിടക്കുന്ന പുതിയ ഭൂഖണ്ഡങ്ങള്‍ തേടിയുള്ള സമുദ്രയാനമാണ്‌ നിരുപണമെങ്കില്‍ വിസ്‌മയകരമായ പുതുലോകങ്ങളിലേക്കു വായനക്കാരെ കൊണ്ടു ചെന്നെത്തിക്കുന്നവയാണ്‌ എന്‍.എസ്‌.മാധവന്റെ പ്രബന്ധങ്ങള്‍.

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?