രചയിതാവ് : രഘുനാഥന്‍ പറളി
പ്രസാധനം : ഡി.സി.ബുക്സ്
അവലോകനം :ബെന്യാമിന്‍
നിരൂപണം എന്ന സാഹിത്യശാഖയില്‍ നിന്ന് സാധരണക്കാരനായ ഒരു വായനക്കാരന്‍ ആഗ്രഹിക്കുന്നത് എന്താണ്..? എന്റെ അഭിപ്രായത്തില്‍ രണ്ടു കാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ്.
ഒന്ന്, വായനക്കാരന്റെ കണ്ണില്‍ പെടാതെ മറഞ്ഞു കിടക്കുന്ന അമൂല്യങ്ങളായ പുസ്‌തകങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുക എന്ന പ്രാഥമിക ദൗത്യം.
രണ്ട്, ഒരു സാധാരണവായനയില്‍ പ്രത്യക്ഷമാകാതിരിക്കുന്ന സൂക്ഷ്മാര്‍ത്ഥങ്ങൾ, അറിവുകൾ, ദര്‍ശങ്ങള്‍ എന്നീ വിവിധതലങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന് വായനക്കാരന് പറഞ്ഞുകൊടുക്കുക എന്ന പ്രധാന ദൗത്യം. ഈ രണ്ടു ദൗത്യങ്ങളിലൂടെ ആത്യന്തികമായ വായനക്കാരനെ പുസ്‌തകങ്ങളിലേക്ക് അടുപ്പിക്കുക.
ഇതിനപ്പുറത്ത് നിരൂപകരില്‍ നിന്നുണ്ടാകുന്ന സംവാദങ്ങളും പ്രതിവാദങ്ങളും പോര്‍വിളികളും ചര്‍ച്ചകളും ഒരു സാധാരണ വായനക്കാരന് പഥ്യമുള്ളതല്ല എന്നാണ് എന്റെ പക്ഷം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്നത്തെ നിരൂപകരില്‍ ഏറിയപക്ഷവും തങ്ങളുടെ ഈ ദൗത്യങ്ങളില്‍ നിന്നകന്ന് അര്‍ത്ഥരഹിതമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നതാണ് സത്യം. ഒരു കാലത്ത് നമ്മുടെ സാഹിത്യശാഖകളില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം വഹിച്ചിരുന്ന നിരൂപണപ്രസ്ഥാനത്തെ പിന്നോട്ടടിക്കുന്നതിനും വായനക്കാര്‍ നിരസിക്കുന്നതിനും കാരണമായത് ഈ ദൗത്യം മറന്നുള്ള വാക്ക്‌പോരാട്ടങ്ങളാണ് എന്ന് പറയാതെ വയ്യ. നമുക്ക് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ആധുനികതയുടെ കാലത്ത് കെ.പി. അപ്പന്‍, വി.രാജകൃഷ്ണൻ, നരേന്ദ്രപ്രസാദ്, ആഷാമേനോന്‍ എന്നിവര്‍ തങ്ങളുടെ കാലത്തെ നല്ല പുസ്‌തകങ്ങളെ വായനക്കാരന്റെ മുന്നില്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ വിജയിച്ചവരാണ് എന്ന് സമ്മതിച്ചേ മതിയാവൂ. അത് ഒരുപോലെ വായനക്കാരനും എഴുത്തുകാരനും അങ്ങനെ മൊത്തത്തില്‍ വായനയ്ക്കു തന്നെയും ഗുണം ചെയ്‌തു എന്ന് ഇപ്പോള്‍ നമുക്ക് കാണാം. ഒ.വി.വിജയന്റെയും എം. മുകുന്ദന്റയും സക്കറിയയുടെയും നന്നായി വായിക്കപ്പെടുന്നതിന് ഈ നിരൂപകന്മാര്‍ കാരണമായിട്ടുണ്ട് എന്ന് സമ്മതിക്കണം. ഏറ്റവും പുതിയതായി കെ.പി. അപ്പന്‍ 'യുളീസസ്' എന്ന വായനയുടെ ഹിമാലയത്തിലേക്ക് ഒരു എളുപ്പവഴി വെട്ടിയത് നാം കണ്ടതാണ് (മാതൃഭൂമിയിൽ). നമുക്ക് അപ്രാപ്യമായതിനെ നമ്മുടെ വരുതിയിലെത്തിക്കുക എന്നൊരു ദൗത്യമാണ് ഇവിടെ നിരൂപകന്‍ നിര്‍വ്വഹിക്കുന്നത്. അതേസമയം നിരൂപകന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്ന മേഖലകൂടിയാണ് ഈ പുസ്‌തകം പരിചയപ്പെടുത്തല്‍. ഒരു നിരൂപകന്‍ മനോഹരം എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അവതരിപ്പിക്കുന്ന ഒരു പുസ്‌തകം വായനക്കാരന് ബോധിച്ചില്ലെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത് ആ കൃതിയായിരിക്കില്ല, ആ നിരൂപകന്റെ സത്യസന്ധതയും സൗന്ദര്യബോധവും ആയിരിക്കും. വായക്കാരന് ഇഷ്ടപ്പെട്ട ഒരു കൃതി അവതരിപ്പിക്കുന്നതില്‍ നിരൂപകന്‍ പരാജയപ്പെടുന്നെങ്കില്‍ അപ്പോഴും ചോദ്യം ചെയ്യപ്പെടുക നിരൂപകന്റെ വായനാശീലവും കാഴ്ചപ്പാടുകളും ആയിരിക്കും. ഈ വെല്ലുവിളികളെ എല്ലാം കൃത്യമായി മറികടന്ന് നല്ല നിരൂപകന്‍ എന്നു ഖ്യാതി സിദ്ധിച്ച നിരവധി പേര്‍ നമുക്കുണ്ടായിരുന്നു. വായനക്കാരെന്റെയും എഴുത്തുകാരന്റെയും ഭാഗ്യമുള്ള കാലമായിരുന്നു അത്. എന്നാല്‍ ഇന്നത്തെ വായനക്കാരനും എഴുത്തുകാരനും ഒരുപോലെ നിര്‍ഭാഗ്യവാന്മാരാണ്. വായനക്കാര്‍ക്ക് വേണ്ടത് കണ്ടെത്തിക്കൊടുക്കാന്‍, എഴുത്തുകാരന്റെ വെളിച്ചങ്ങള്‍ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ പ്രാപ്‌തരായ നിരൂപകര്‍ നമുക്കിന്നില്ല. നിരൂപണം അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു സാഹിത്യശാഖയായി മാറിക്കൊണ്ടിരിക്കുന്നു. പുതിയ മുഖങ്ങള്‍ നിരൂപണ ശാഖയിലേക്ക് കടന്നുവരുന്നില്ല. പരന്നവായനാശീലം, കഠിനാധ്വാനവും ചെയ്യാനുള്ള മനസ്സ്, വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഇവമൂന്നും ഒത്തുചേര്‍ന്ന ഒരാള്‍ക്ക് മാത്രമേ ഇന്ന് നല്ലൊരു നിരൂപകനായിത്തീരാന്‍ സാധിക്കു. ഇന്‍സ്‌റ്റന്റ് പ്രശസ്‌തിയ്ക്ക് കാത്തിരിക്കുന്ന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകവും മറ്റൊന്നായിരിക്കില്ല.
ആമുഖമായി ഇത്രയും പറഞ്ഞത്, കാര്യങ്ങളുടെ ഈ ദുര്‍ദശയിലും പ്രതീക്ഷയ്ക്ക് വക തരുന്ന, നിരൂപണം അത്രയ്‌ക്കങ്ങ് അന്യം നിന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്ന, നിരൂപണദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു പുസ്‌തകം നമുക്കായി ഇപ്പോള്‍ ലഭിച്ചിരിക്കുന്നു എന്നതിനാലാണ്. യുവനിരൂപകരില്‍ ശ്രദ്ധേയനായ രഘുനാഥന്‍ പറളിയുടെ 'ഭാവിയുടെ ഭാവന' യാണ് ആ പുസ്‌തകം!
രഘുനാഥൻ പറളി |
റിസിയോ രാജിന്റെ 'അവിനാശം' സൈമണ്‍ ലെയ്‌സിന്റെ 'നെപ്പോളിയന്റെ മരണം' കെ.രഘുനാഥന്റെ 'സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ' പി. മോഹനന്റെ 'അമ്മകന്യ' 'വിഷയ വിവരം' കെ.പി. ഉണ്ണിയുടെ 'ഫോസിലുകള്‍ ഉണ്ടായിരുന്നത്' സാറാജോസഫിന്റെ 'മാറ്റാത്തി' സി. അഷറഫിന്റെ 'ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങൾ' അശോകന്റെ 'ഞങ്ങളുടെ മഞ്ഞപ്പുസ്‌തകം' എന്നീ കൃതികള്‍ തന്റെ ഒന്നാം ദൗത്യം എന്ന നിലയില്‍ രഘുനാഥന്‍ നമുക്ക് പരിചയപ്പെടുത്തുന്നു. എങ്ങനെ ഒരു നോവല്‍ എഴുതരുത് എന്നതിന്റെ ഉദാഹരണമായി ഹരിദാസ് കരിവള്ളൂരിന്റെ 'പ്രകാശനം' ബി. മുരളിയുടെ 'ആളകമ്പടി' എന്നീ നോവലുകളും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിലെ പ്രധാന ആധുനികാനന്തര കഥകളെ പരികയപ്പെടുത്തുന്ന 'പുതിയ കഥ പുതിയ ജീവിതം' കഥാസാഹിത്യത്തിലെ ഉപഭോഗപരത അന്വേഷിക്കുന്ന 'തിരസ്കരിക്കപ്പെടുന്ന മനസ്, ആഘോഷിക്കപ്പെടുന്ന ശരീരം' കെ.പി. അപ്പന്റെ നിരൂപണത്തെപ്പറ്റി പഠിക്കുന്ന ' നിരൂപണത്തിന്റെ വാഗ്ദത്തഭൂമി' സെന്‍ ദര്‍ശനം അന്വേഷിക്കുന്ന 'സെന്‍ ദര്‍ശനവും അനുഭവവും' നിരൂപണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്ന 'നിരൂപണത്തിന്റെ ആപേക്ഷികത' എന്നീ ലേഖനങ്ങളും 'വിചാരം' എന്ന ആദ്യഭാഗത്തില്‍ വരുന്നുണ്ട്.
തനിക്ക് മുന്‍പേ എഴുതിയവരോട് കഠിനമായി വിയോജിച്ചുകൊണ്ട് തന്റെ വ്യതിരിക്‌തതയും വ്യക്‌തിത്വവും തെളിയിക്കുക എന്നത് ഓരോ നിരൂപകന്റെയും എഴുത്തുപദ്ധതിയുടെ ഭാഗമാണ്. രഘുനാഥന്‍ അതിനുവേണ്ടിയാണ് ഈ പുസ്‌തകത്തിലെ രണ്ടാം ഭാഗമായ 'വിതര്‍ക്കം' മാറ്റി വച്ചിരിക്കുന്നത്. കെ.പി. അപ്പന്‍, വി.സി. ശ്രീജന്‍, എം.കെ.ഹരികുമാര്‍, സി.ബി.സുധാകരൻ, ഇ.പി.രാജഗോപാലന്‍ ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പ്രമുഖ നിരൂപകരുടെയെല്ലാം വിവിധ ലേഖനങ്ങളോടും പുസ്‌തകങ്ങളോടും പലവിഷയങ്ങളില്‍ വിയോജിച്ചുകൊണ്ടാണ് രഘുനാഥന്‍ തന്റെ വ്യതിരിക്‌തത ബോധ്യപ്പെടുത്തുന്നത്. വെറുതെ വിയോജിക്കുവാന്‍ വേണ്ടി വിയോജിക്കുക എന്നതിനപ്പുറം ഒരോ വിഷയത്തിലും തന്റെ നിലപാടും കാഴ്കപ്പാടുകളും വെളിപ്പെടുത്താന്‍ വേണ്ടിക്കൂടിയാണ് ഈ ലേഖനങ്ങള്‍ എഴുതപ്പെട്ടത് എന്ന് നമുക്ക് വേഗം ബോധ്യപ്പെടും. ഈ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും രഘുനാഥന്റെ നിലപാടുകളും നിരീക്ഷണങ്ങളും താഴെകൊടുക്കും വിധം ക്രോഡീകരിക്കാമെന്ന് തോന്നുന്നു:
1. കെ.പി അപ്പനു ശേഷമുള്ള തലമുറയുടെ നിരൂപണം പൊതുവെ കഴിവുകേടുകളുടെ അഭയകേന്ദ്രമായിരുന്നു. അപ്പന്റെ നിരൂപണലോകത്തിന് ഒരു പോറല്‍പോലും ഏല്‌പിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.
2. മലയാളി എഴുത്തുകാരന്റെ ശിരസ്സ് പാശ്ചാത്യന്റെ കോളനിയായി കാണരുതെന്ന് പ്രഖ്യാപിക്കുന്ന അപ്പന്റെ ശിരസ് മിക്കപ്പോഴും ഒരു പാശ്ചാത്യകോളനിയായി മറുന്നു.
3. രൂപകങ്ങളില്‍ ഊന്നിയുള്ള ഒരു വായനയെക്കാള്‍ സിദ്ധാന്തങ്ങളില്‍ ഊന്നിയുള്ള വായനയാവും കൃതികളില്‍ മറഞ്ഞുകിടക്കുന്ന ആശയപ്രപഞ്ചങ്ങള്‍ വായനക്കാരനില്‍ എത്തിക്കാന്‍ ഉതകുക.
4. ഇടതുപക്ഷ നിരൂപകര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ ഫാസിസ്റ്റ് തന്ത്രങ്ങളാണ് പയറ്റുന്നത്.
5. സാഹിത്യ നിരൂപണത്തെ രണ്ടാം തട്ടിലും സാമൂഹിക നിരൂപണത്തെ ഒന്നാം തട്ടിലും വയ്ക്കുന്ന പുതിയ രീതികളോട് യോജിക്കുന്നില്ല.
6. നാരായന്‍ എന്ന എഴുത്തുകാരനെ സമകാലിക നിരൂപണം മാറ്റിനിറുത്തുന്നത് അദ്ദേഹം ദളിതനായിട്ടല്ല, അദ്ദേഹം അതര്‍ഹിക്കുന്നില്ല എന്നതുകൊണ്ടാണ്. അതെ സമയം സാറജോസഫിന് പെണ്ണെഴുത്തിന്റെ അംഗീകാരം കൊടുക്കുന്നത് അവരുടെ കൃതികള്‍ വായന അര്‍ഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്.
7. യുക്‌തിയുടെ മനസ്സുമായി സാഹിത്യത്തെ സമീപിക്കരുത്, അടിസ്ഥാനപരമായി അത് അയുക്‌തിയുടെ മണ്ഡലമാണ്.
8. പ്രസക്‌തി നഷ്ടപ്പെട്ട പുരോഗമന സാഹിത്യം പുതിയ അജണ്ട സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ അതിന്റെ പേരിലാണ് ഒ.വി. വിജയന്‍ ഉള്‍പ്പെടെ പല എഴുത്തുകാരും ഹിന്ദു വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കപ്പെടുന്നത് .
9. ജീവിതാനുഭവങ്ങളില്‍ നിന്നെത്തുന്നതും മനുഷ്യര്‍ കുടുങ്ങുന്നതുമായ കല ഏതാണോ അതാണ് ശുദ്ധമായ കല. അതുകൊണ്ട് സാഹിത്യപ്രശ്നങ്ങള്‍ സാഹിത്യപ്രശ്നങ്ങളായിത്തന്നെ നിന്നാല്‍ മതി. അതിനെ സാമൂഹിക പ്രശ്നങ്ങളോട് ചേര്‍ത്തുവായിക്കുകയോ കൂട്ടിവയ്ക്കുകയോ വേണ്ടതില്ല.
10. ഒരു പുതിയ നിരൂപണം എന്നൊരു വലിയ ആഗ്രഹം എല്ലാ നിരൂപകരും വച്ചുപുലര്‍ത്തുന്ന കാലമാണിത്, അതേസമയം പുതിയ സാഹചര്യത്തില്‍ ഒന്നും പ്രവര്‍ത്തിക്കാതിരിക്കുകയോ അതിനുപറ്റിയ ഉപകരണങ്ങള്‍ (കൃതികള്‍) കണ്ടെടുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന ഒരു ദശാസന്ധിയിലാണ് നാമിന്ന് ജീവിക്കുന്നത്.
സാഹിത്യ നിരൂപണത്തിന്റെ കാലം അസ്‌തമിച്ചു എന്നും ഇനി നിലനില്‌ക്കുക സാമൂഹിക നിരൂപണം മാത്രമാണെന്നുമുള്ള വാദങ്ങളെ നിരാകരിക്കുന്ന ഒരു പുസ്‌തകമെന്ന നിലയില്‍ രഘുനാഥന്റെ 'ഭാവിയുടെ ഭാവന' ഗൗരവമായ വായന അര്‍ഹിക്കുന്നുണ്ട്.
ബ്ലോഗിലെ പുസ്തക നിരൂപണ മേഖലയില്‍ മനോരാജ് മുദ്ര പതിപ്പിക്കുകയാണ് ..വായനയില്‍ പെടാതെ പോകുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന മനോരാജിനു അഭിനന്ദനങ്ങള്‍ ..പുസ്തകത്തെ പറ്റി വായിക്കാതെ പറയുക വയ്യ
ReplyDeleteഇതിപ്പോ കണ്ഫ്യുഷന്‍ ആയല്ലോ ..മനോരാജിന്റെ പേരില്‍ ജാലകത്തില്‍ ഈ പോസ്റ്റ് വന്നത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ പേര് കമന്റില്‍ സൂചിപ്പിച്ചത് ..ലേഖനത്തോടൊപ്പം അവലോകനം ബന്യാമിന്‍ എന്നും കാണുന്നു ,,എനിക്ക് തന്നെയാണോ അബദ്ധം സംഭവിച്ചത് ?
ReplyDelete@ രമേശ് അരൂർ - മനോരാജ് ഈ ബ്ലോഗിന്റെ അഡ്‌മിൻ ആയതുകൊണ്ടാണ്ട് അദ്ദേഹത്തിന്റെ പേര് ജാലകത്തിൽ കാണിച്ചത്. ഇത് പോസ്റ്റ് ചെയ്തത് മനോരാജാണ്. പക്ഷെ ഈ ലേഖനം ബന്യാമിന്റേതാണ്. അഗ്രഗേറ്ററുകളിൽ കാണിക്കുന്ന പേരുകൾ ഇഗ്‌നോർ ചെയ്ത് ഈ ബ്ലോഗ് മാത്രം നോക്കിയാൽ എല്ലാം ക്ലിയറല്ലേ ? ഈ ചിന്താക്കുഴപ്പം പരിഹരിക്കേണ്ടത് തന്നെയാണ്.
ReplyDeleteപുസ്തകത്തിണ്റ്റെ പുറംചട്ട വായിച്ച് നിരൂപണം എഴുതിയിരുന്ന അളുകളുണ്ടായിരുന്ന നാടാണിത്. ഇന്നിപ്പോള്‍ ആ സ്ഥിതിക്കൊരു മാറ്റം വന്നിട്ടുണ്ട്.
ReplyDeleteനല്ല നിരീക്ഷങ്ങള്‍ .....പുസ്തകം വായിക്കണം.......താങ്ക്സ്
ReplyDeleteനല്ല നിരീക്ഷണം.
ReplyDeletegood thougthts
ReplyDeleteനല്ല അവലോകനം.
ReplyDeleteആ പുസ്ത്കം വായിക്കാത്തതിനാല്‍ അതേപ്പറ്റി അഭിപ്രായം ഇല്ല.
വായിക്കണം എന്നു തന്നെ തോന്നുന്നു. നന്ദി അവലോകനത്തിന്.
ReplyDeleteCertainly an interesting write up on a young critic of substance - Raghunathan Parali.
ReplyDeleteഹൃദയ പൂർവ്വം നന്ദി, സ്നേഹം.. പുതിയ പതിപ്പ് ലോഗോസ് ബുക്സാണ് ചെയ്തിട്ടുള്ളത്. 🙏😊🥰🌿
ReplyDelete