Wednesday, January 12, 2011

ഫോർട്ട് കൊച്ചിൻ

പുസ്തകം : FORT COCHIN
രചയിതാവ് : ടാന്യ എബ്രഹാം

പ്രസാധനം : Ink on Paper
അവലോകനം : നിരക്ഷരൻ

കാര്യമായിട്ട് ഒന്നും ചെയ്യാനില്ലാത്ത ഒരു സായാഹ്നമായിരുന്നു അത്. വെറുതെയിരുന്ന് മടുത്തു. അടുത്തെവിടെയെങ്കിലുമൊക്കെ ഒന്ന് ചുറ്റിയടിച്ച് വരാമെന്ന് കരുതിയാണ് മുഴങ്ങോടിക്കാരിയുമായി വെളിയിലിറങ്ങിയത്. ചുറ്റിത്തിരിഞ്ഞ് ചെന്നെത്തിയത് ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്താണ്. ജ്യൂതത്തെരുവിലും ഡച്ച് പാലസിലുമൊക്കെ നിരങ്ങിയ ശേഷം സെയ്‌ന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ കയറിയപ്പോളാണ് ഞങ്ങളാ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.

ഒരു വിദേശി കുടുംബത്തിന്, പള്ളിക്കകത്തെ കാര്യങ്ങളൊക്കെ വളരെ വിശദമായും ആധികാരികമായും, മികച്ച ആംഗലേയത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട് അയാൾ. ഒരു ഗൈഡാണ് അയാളെന്ന് എനിക്ക് തോന്നിയില്ല. അത്രയ്ക്കും മനോഹരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളെ ഇന്ത്യയിലെങ്ങും ഞാനിതുവരെ കണ്ടിട്ടില്ല.

പള്ളിയില്‍ നിന്നിറങ്ങി ഫോര്‍ട്ട് കൊച്ചി കടപ്പുറത്തൊക്കെ ഒന്ന് കറങ്ങി ഒരു കാപ്പി കുടിക്കാനായി ‘കാശി’യിലേക്ക് കയറി. വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു കൊച്ചു ആര്‍ട്ട് ഗാലറി അടക്കമുള്ള റസ്റ്റോറന്റ് ആണ് കാശി. ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടനാഴികളും, കൃത്യമായ ആകൃതിയൊന്നും ഇല്ലാത്ത മുറികളുമൊക്കെ ലാഭത്തില്‍ ഓടുന്ന പ്രശസ്തിയുള്ള ഒരു സ്ഥാപനമായി മാറ്റിയെടുക്കാന്‍ എങ്ങനെ കഴിയും എന്നതിന്റെ മകുടോദാഹരണം. വിദേശികളാണ് കാശിയിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത ടേബിളിൽ, പള്ളിയില്‍ വെച്ച് കണ്ട ചെറുപ്പക്കാരനും വിദേശി കുടുംബവും വന്നിരുന്നു. വിദേശികള്‍ കൈകഴുകാനോ മറ്റോ നീങ്ങിയ തക്കത്തില്‍ ഞാനയാളെ കേറി മുട്ടി. രാജേഷ്, അതാണയാളുടെ പേര്. ബിസിനസ്സ് കാര്‍ഡ് എടുത്ത് തന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

A guide is the cultural ambassador of the country എന്നെഴുതിയ കാര്‍ഡിൽ, രാജേഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ബിരുദാനന്തര ബിരുദങ്ങളും കടന്ന് ഗവേഷണം വരെ നീളുന്നു. വിദ്യാഭ്യാസമുള്ള ഗൈഡുകള്‍ക്ക് അനന്ത സാദ്ധ്യത രാജ്യത്തുണ്ടെന്ന് രാജേഷിനെ പരിചയപ്പെട്ടപ്പോള്‍ എനിക്ക് തോന്നി. ചെയ്യുന്ന ജോലിയുടെ മാന്യത മനസ്സിലാക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മാത്രം മതി ചെറുപ്പക്കാര്‍ക്ക്.

സംസാരം ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കടന്ന് ശങ്കരാചാര്യര്‍ വരെ ചെന്നു നിന്നു. ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രത്തില്‍ എനിക്കുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ Fort Cochin - History and untold stories എന്ന പുസ്തകം രാജേഷ് പരിചയപ്പെടുത്തി.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ടാന്യ എബ്രഹാം എന്ന ജേര്‍ണലിസ്റ്റാണ് എഴുത്തുകാരി. ഒരുപാട് അന്വേഷിച്ച് നടന്നതിന് ശേഷമാണ് ‘ഫോര്‍ട്ട് കൊച്ചിന്‍‘ ഒരു കോപ്പി സ്വന്തമാക്കാനായത്. 108 പേജുകള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകം. ലേ ഔട്ട് മാറ്റിമറിച്ച് പേജുകള്‍ ലാഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 60 പേജില്‍ ഒതുക്കാനാകുമായിരുന്ന ആ ഗ്രന്ഥം പകര്‍ന്നുതന്നതാകട്ടെ 250 പേജുള്ള ഒരു പുസ്തകത്തില്‍ നിന്ന് കിട്ടിയേക്കാവുന്നതിനേക്കാള്‍ അധികം ചരിത്ര സത്യങ്ങൾ.

നല്ല ഭാഷ. ഒരുപാട് പഠനങ്ങളും അന്വേഷണങ്ങളും അലച്ചിലുകളും നടത്തി ശേഖരിച്ച ആധികാരികമായ വിവരങ്ങള്‍. എല്ലാ റെഫറന്‍സ് പുസ്തകങ്ങളുടേയും പേരുകള്‍ അതാത് വാക്കുകള്‍ക്കിടയില്‍ നമ്പറിട്ട് ഇന്‍ഡക്സ് ചെയ്തിരിക്കുന്നു. പഴയ കൊച്ചിയുടെ ബ്ലാക്ക് & വൈറ്റില്‍ ഉള്ള ഒരുപാട് ചിത്രങ്ങള്‍. ഇതിനൊക്കെ പുറമേ untold stories എന്ന തലക്കെട്ടിനോട് നീതിപുലര്‍ത്തിക്കൊണ്ട് കൊതുകകരമായ ഒട്ടനവധി വസ്തുതകള്‍ പുസ്തകം അനാവരണം ചെയ്യുന്നു.

അതില്‍ ചിലത് മാത്രം എടുത്തുപറഞ്ഞ് ബാക്കിയുള്ളത് നേരിട്ടുള്ള വായനയ്ക്കായി വിടുന്നു.

1. പേര് കേട്ടാല്‍ തോന്നും മട്ടാഞ്ചേരി ഡച്ച് പാലസ് ഉണ്ടാക്കിയത് ഡച്ചുകാരാണെന്ന്. പക്ഷെ പാലസുണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണ്. 1555ല്‍ പറങ്കികള്‍ പാലസുണ്ടാക്കി കൊച്ചി രാജകുടുംബത്തിന് സമ്മാനിക്കുകയായിരുന്നു.

2. പേന എന്ന മലയാള പദം വന്നത് അതേ അര്‍ത്ഥമുള്ള പെന്ന (penna) എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്ന്. ഇതുപോലെ മലയാളത്തിലുള്ള മറ്റ് പല പദങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട് പുസ്തകത്തിൽ.

3. 1950 കളില്‍ Pierce Leslie & Co Ltd എന്ന കമ്പനിയിലെ ജോലിയുമായി ഫോര്‍ട്ടുകൊച്ചിയില്‍ ജീവിച്ചിരുന്ന Diarmuid McCormick എന്ന വിദേശിയെ, 2007ല്‍ ലേഖിക ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നുണ്ട്. പഴയ കാലത്ത് തെരുവുകള്‍ ഇതിലും വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭൃത്യന്‍ ഒഴിഞ്ഞ ഒരു മരുന്നുകുപ്പി ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞതിന് 52 രൂപയാണ് അദ്ദേഹത്തിന് പിഴയൊടുക്കേണ്ടി വന്നത്. 1950കളില്‍ 52 രൂപയുടെ മൂല്യം വെച്ച് നോക്കിയാൽ, ഇന്ന് നമ്മള്‍ നാട്ടുകാര്‍ തെരുവുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് കോടികള്‍ പിഴയൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.

4. സ്വാതന്ത്ര്യത്തിന് മുന്നുള്ള ഒരു കാലത്ത്, കൊച്ചിയില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഉള്ളതുപോലുള്ള പെര്‍മിറ്റുകളായിരുന്നു അത്. നിശ്ചിത തോതിലുള്ള മദ്യമേ ആ പെര്‍മിറ്റുകള്‍ ഉപയോഗിച്ച് വാങ്ങാനാകുമായിരുന്നുള്ളൂ. ഇന്നെന്താണ് ഇവിടുത്തെ അവസ്ഥ ? ചിന്തിക്കേണ്ട വിഷയമാണ്.

മട്ടാഞ്ചേരിക്ക് ആ പേര് വന്നത് എങ്ങനെ ? എന്താണ് കൂനന്‍ കുരിശ് ? മാപ്പിള എന്ന പദം ആവിര്‍ഭവിച്ചതിന്റെ, ഞാനിതുവരെ കേള്‍ക്കാത്തതും മനസ്സിലാക്കാത്തതുമായ ഒരു പുതിയ അറിവ് ! കൊച്ചിയില്‍ വന്നിരുന്ന വിദേശിപ്പട്ടാളക്കാരുടെ ഭാര്യമാര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ എന്തായിരുന്നു സ്റ്റാറ്റസ് ? പോര്‍ച്ചുഗീസുകാര്‍ മലയാളികളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ നിയമപരിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു?

കൌതുകകരവും ജിജ്ഞാസാജനകവുമാണ് ‘ഫോര്‍ട്ട് കൊച്ചി’ വായന. സ്വന്തം നാടിനോടുള്ള സ്നേഹം, ഒരു നല്ല ചരിത്ര പുസ്തകത്തിന്റെ രൂപത്തില്‍ പ്രകടിപ്പിച്ച ടാന്യ എബ്രഹാമിന് നന്ദി.

കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍ ഇപ്പോളെന്ന ബോറടിപ്പിക്കാറില്ല. മനസ്സിലാക്കാനും കാണാനുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി എന്ന കൊച്ചുപ്രദേശം തൊട്ടടുത്ത് തന്നെയുള്ളപ്പോള്‍ എന്തിന് വിരസമായ സായാഹ്നങ്ങള്‍ പിറക്കാന്‍ ഇടനല്‍കണം ?

1 comment:

  1. ഒരു കോപ്പി സംഘടിപ്പിക്കാന്‍ എന്തു വഴി ?

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?