രചയിതാവ് : രാധിക ആർ.എസ്.
പ്രസാധനം : പാപ്പിറസ് ബുക്ക്സ്
അവലോകനം : മനോരാജ്
ഇവിടെ ഒരു പുസ്തകത്തെ റിവ്യു ചെയ്യുകയോ, അല്ലെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയോ അല്ല ചെയ്യുന്നത്. ഒരു 12 ക്ലാസ്സുകാരി ഒരിക്കലും വിമർശനങ്ങൾക്ക് വിധേയയാകാറായില്ല എന്ന് നിങ്ങൾക്കും അറിയാവുന്നതാണല്ലോ!! നമ്മുടെ ഈ കൊച്ചു ബൂലോകത്തിന്റെ അതിരുകൾ താണ്ടി, തന്റെ ചിന്തകളും കാഴ്ചപ്പാടുകളും മലയാളി വായനക്കാരുടെ മുൻപിലേക്ക് ഒരു കാണിക്ക പോലെ സമർപ്പിക്കുന്ന രാധികക്ക് ആദ്യമേ ഒരു ഹാറ്റ്സ് ഒാഫ് പറഞ്ഞുകൊണ്ട്, പുസ്തകം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കട്ടെ.. ഇത് എഴുതിതുടങ്ങുന്ന, കഴിവുകൾ കൊണ്ട് അനുഗ്രഹീതയായ, വളർന്ന് വരുന്ന ഒരു കുട്ടിയുടെ ആദ്യ സമാഹാരമാണെന്നും അതിനെ ആ ഒരു അർത്ഥത്തിൽ മാത്രം സ്വീകരിക്കണമെന്നും , പ്രോത്സാഹനങ്ങൾ നൽക്കണമെന്നും ആദ്യമേ പറയട്ടെ.
സ്കൂൾ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്ക് ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണു എന്റെയീ തത്തക്കുട്ടി എന്ന് പുസ്തകത്തിന്റെ തുടക്കത്തിൽ രാധിക തന്നെ പറയുന്നുണ്ട്. ഇത് കഥയാണൊ..? അല്ല എന്ന് തന്നെ രാധികയുടെ ഭാഷ്യം.. അതു കഴിഞ്ഞ് രാധിക അവിടെ കുറിച്ച വാക്കുകൾക്ക് ഒരിക്കലും ഞാൻ മാപ്പ് കൊടുക്കില്ല .. വരികളിതാണ് .. "മലയാളം ഔപചാരികമായി പഠിക്കാത്ത ഞാൻ കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ് - മലയാളം കൺ വേർട്ടർ ഉപയോഗിച്ച് ടൈപ്പ് ചെയ്താണു ഈ കുറിപ്പുകൾ ഒരുക്കിയത്.. "- അതു തുറന്ന് പറഞ്ഞത് നല്ലത് തന്നെ.. പക്ഷെ, കഴിവുകൾ കൊണ്ട് അനുഗ്രഹീതയായ ഈ കുട്ടി ഇനിയും മലയാളം എഴുതാൻ പഠിക്കാൻ ശ്രമിക്കുന്നില്ല എന്നാണു അതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു.
പുസ്തകത്തെ ഒന്ന് ചെറുതായി പരിചയപ്പെടുത്താം..ഏതാണ്ട് 21 ഓളം കുറിപ്പുകൾ കൊണ്ട് സമ്പന്നമാണു തത്തകുട്ടി. ആദ്യത്തെ ഒന്നിനെ മാത്രം ഞാൻ കഥ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... "സങ്കടപ്പൂവ്" എന്ന ആ ചെറുതും മനൊഹരവുമായ കഥയിൽ ഒരു കൊച്ചുകുട്ടിയുടെ തലത്തിൽ നിന്നും വലിയവരുടെ തലത്തിലേക്ക് കയറിചെല്ലുകയാണു എഴുത്തുകാരി.. എഴുത്തുകാരി എന്നൊന്നും വിളിച്ച് ഞാൻ ആ കുട്ടിയുടെ മനസ്സിൽ അഹം വരുത്താൻ ശ്രമിക്കുന്നില്ല.. പക്ഷെ, ഈ ഒരു രചനക്കെങ്കിലും എനിക്ക് അങ്ങിനെ വിളിക്കാതിരിക്കാൻ കഴിയില്ല... കാരണം അത്രക്ക് മനോഹരമായി, അതിനേക്കാളുപരി.. ചുരിങ്ങിയ വാക്കുകളിൽ ഒരു അദ്ധ്യാപകനും , കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വലിയവരിലേക്ക്... ഒരു പക്ഷെ, ഇന്നത്തെ അദ്ധ്യാപകരിലേക്ക് എത്തിക്കുവാൻ രാധിക ശ്രമിക്കുന്നുണ്ട്.. പിന്നീടു വന്ന പല കുറിപ്പുകളും ഒരു കുട്ടിയുടേതായി കാണാൻ ഞാൻ ആഗ്രഹിക്കുന്നത് കൊണ്ട് അതിന്റെ ഉള്ളുകളിലേക്ക് പോകുന്നില്ല... പരാമർശവിധേയമായ മറ്റൊരു കുറിപ്പായി തോന്നിയത് "ഈ പുസ്തകം നമുക്ക് വേണൊ?" എന്നുള്ളതാണു. ഇതിനർത്ഥം മറ്റുള്ളവ മോശം എന്നല്ല... പക്ഷെ, ഇവിടെ രാധികയിലെ കുട്ടിയുടെ മനസ്സിന്റെ വളർച്ചയാണു ഈ കുറിപ്പിൽ കാണാൻ കഴിയുന്നത്..ഇന്നത്തെ കുട്ടികൾ എന്ത് പഠിക്കുന്നു.. എന്ത് ചെയ്യുന്നു എന്നത് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നും... കേരളത്തിന്റെ സംസ്കാരത്തിനു യോജിക്കാത്ത പലതിനെയും തിരിച്ചറിയണം എന്നും ഒരു 15 കാരി പറയുമ്പോൾ തീർച്ചയായും നമ്മൾ അവളെ അഭിനന്ദിക്കണം... "പേടി" എന്ന കുറിപ്പിൽ പരീക്ഷയെന്ന കടമ്പയെ കുട്ടികളിൽ പേടിപ്പെടുത്തുന്ന ഓർമകളാക്കുന്ന മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കുമുള്ള ഒരു സന്ദേശം ഉളിഞ്ഞിരിപ്പില്ലേ എന്നൊരു തോന്നൽ.. അങ്ങിനെ ഞാനും എഫ്.എം ആയി, ഡത്തും ബർത്തും , കോഴിയോ മുട്ടായോ, അരത്തമെറ്റിക് മീൻ.. ഇതെല്ലാം ഹൃദ്യം തന്നെ എങ്കിലും ഒരു സാധാരണ നിലവാരം പുലർത്തി എന്നേ പറയാൻ പറ്റൂ.. എന്നിരുന്നാലും ഒരു നവാഗതയായ , അതിലുമുപരി ഒരു കുട്ടി എന്ന നിലയിൽ രാധിക കൈയടി അർഹിക്കുന്നു..
കുട്ടികൾക്ക് സഹജമായ കൗതുകവും അവരുടെ മാത്രം കൈവശമുള്ള ചില അളവുകോലുകളും കൊണ്ട് അവരൊരു ലോകം മെനയുമ്പോൾ അവരുപോലും അറിയാതെ അതിൽ കടന്നുകൂടുന്ന ചില രസനിമിഷങ്ങൾ... അതാണു രാധികയുടെ കൈയൊപ്പ്... എന്ന് മലയാളത്തിന്റെ പ്രിയ.എ.എസ്. തത്തക്കുട്ടി എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്..
രണ്ട് കാര്യം കൂടി പറയാതെ ഇത് പൂർണ്ണമാവില്ല... ഒന്ന് ഇത് പുസ്തകം ആക്കുവാൻ ധനസഹായം നൽകിയ 'സെന്റർ ഓഫ് ഒഫീഷ്യൽ ലാംഗേജിനുള്ള നന്ദിയാണു.. വളർന്ന് വരുന്ന ഇത്തരം പുതുനാമ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഇനിയും നിങ്ങൾക്ക് മനസ്സുണ്ടാകട്ടെ... പിന്നെ , രണ്ടാമതായി ഈ പുസ്തകത്തിനായി ഒരു കവർ, അതും അതിമനോഹരമായി തയ്യാറാക്കിയ ബ്ലോഗർ നന്ദകുമാർ പ്രത്യേക പ്രശം സ അർഹിക്കുന്നു.. അത്രക്ക് മനോഹരമാണു അതിന്റെ കവർ ഡിസൈൻ. ഒപ്പം ചെറിയൊരു വിയോജനകുറിപ്പ് കുടി അറിയിക്കട്ടെ.. ഒരു പക്ഷെ, അത് എഴുത്ത് കാരിയുടെ അവകാശമാകം.. വായനക്കാരന്റെ കൈകടത്തലുകൾക്കും, അഭിപ്രായങ്ങൾക്കും അവിടെ വലിയ സ്ഥാനം ഉണ്ടാകില്ലായിരിക്കാം.. എങ്കിലും ഇത്രയും പറഞ്ഞക്കൂട്ടത്തിൽ മനസ്സിൽ തോന്നിയ ആ ഒരു കാര്യം കൂടി പറഞ്ഞില്ലേങ്കിൽ ഒരു പക്ഷെ, എനിക്ക് തന്നെ ഒരു അപകർഷത തോന്നിയാലോ? ഏതൊരു പുസ്തകത്തിലും നമ്മൾ രചയിതാവിനെ കുറിച്ച് ചെറിയൊരു വിവരണം നൽക്കാറുണ്ട്. .പക്ഷെ, ഇവിടെ രാധികയെ കുറിച്ച് പറഞ്ഞതിനേക്കാളേറെ അച്ഛനെകുറിച്ചും അമ്മയെ കുറിച്ചും പറഞ്ഞോ എന്നൊരു സംശയം. രാധികയുടെ അച്ഛനോടുള്ള എല്ലാ സ്നേഹവും, ബഹുമാനവും, സൗഹൃദവും വെച്ച് പുലർത്തിക്കൊണ്ട് തന്നെ പറയട്ടെ.. രാധിക സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കാൻ ശ്രമിക്കണം.. അച്ഛന്റെ മകൾ എന്നതിനേക്കാളും മകളുടെ അച്ഛൻ എന്നറിയപ്പെടാൻ ആയിരിക്കും അദ്ദേഹവും ആഗ്രഹിക്കുന്നത്
രാധിക ആർ.എസ്. |
No comments:
Post a Comment
താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?