Sunday, March 20, 2011

ആടുജീവിതം

പുസ്തകം : ആടുജീവിതം
രചയിതാവ് : ബെന്യാമിന്‍

പ്രസാധനം : ഗ്രീന്‍ ബുക്സ്

അവലോകനം : സുനില്‍ കൃഷ്ണന്‍

























(But a man is not made for defeat. A man can be destroyed but not defeated. (Ernest Hemingway ; The Old Man and the Sea)

റോബിന്‍സണ്‍ ക്രൂസോ എഴുതിയ ഡാനിയേല്‍ ഡീഫോ സ്വയം ഒരു നാവികനായിരുന്നു. കടല്‍‍ക്കൊള്ളക്കാരുടെ ആക്രമണത്തിനു വിധേയമായിട്ടുണ്ട്.എന്നാല്‍ സാഹസികയാത്രകള്‍ അവസാനിപ്പിച്ച് മറ്റൊരു ജോലിയില്‍ തുടരുമ്പോള്‍ പത്രങ്ങളില്‍ വായിച്ച ഒരു സംഭവമാണു ആ കൃതിക്ക് പ്രേരണയായത്.

'സെല്‍ക്കിര്‍ക്ക്’ എന്നൊരു സ്കോട്ടീഷ് നാവികന്‍ സഞ്ചരിച്ച കപ്പല്‍ പസഫിക് സമുദ്രത്തിലെ ജൂവാന്‍ എന്ന വിജനമായ ദ്വീപിനു സമീപം പോകുന്ന സമയത്ത് അദ്ദേഹവും കപ്പിത്താനുമായി എന്തോ കാര്യത്തിനു ഇടയാന്‍ ഇടയായി.ആ‍ വഴക്കില്‍ സെല്‍‌കിര്‍ക്കിനെ ആ വിജന ദ്വീപില്‍ തള്ളിയിട്ട് കപ്പല്‍ പോയി.മറ്റൊരു മാര്‍ഗവുമില്ലാതെ ‘സെല്‍കിര്‍ക്ക്’ അവിടെ നാലു വര്‍ഷം ഏകാന്തവാസം നടത്തി.അവസാനം രണ്ടു ബ്രിട്ടീഷ് കപ്പലുകള്‍ അവിചാരിതമായി അയാളെ കണ്ടെത്തി രക്ഷപ്പെടുത്തി.ഈ അനുഭവ കഥ പ്രസിദ്ധിക്കരിക്കപ്പട്ടു.ഈ സംഭവവും അതുപോലെ സ്വന്തം അനുഭവങ്ങളും ചേര്‍ത്താണു റോബിന്‍സണ്‍ ക്രൂസോ രൂപം കൊണ്ടത്.നോവലിലെ കഥാപാത്രമായ റോബിന്‍‌സണ്‍ ക്രൂസോ കപ്പല്‍ തകര്‍ന്ന് ഒരു വിജന ദ്വീപില്‍ എത്തിപ്പെടുന്നു.മനുഷ്യവാസമില്ലാത്ത ആ ദ്വീപില്‍ നീണ്ട 28 വര്‍ഷമാണു ക്രൂസോ ഏകാന്ത വാസം നടത്തുന്നത്.

ഏതാണ്ട് സമാനമായ ഒറ്റപ്പെടലിന്റെ കഥയാണ് ശ്രീ ബെന്യാമിന്‍ എഴുതിയ “ആടുജീവിതം” എന്ന നോവലിലെ നജീബിനും ഉള്ളത്.“നാം അനുഭവിയ്ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്ന് നോവലിന്റെ പുറം ചട്ടയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.തീര്‍ച്ചയായും ഒരു കെട്ടുകഥ പോലെ ആര്‍ക്കും തോന്നാവുന്ന ഈ കഥ ഒരു മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്തതായിരുന്നു എന്നറിയുമ്പോളാണു നമ്മളില്‍ പലരും എത്രയോ ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നത്.

ആടുജീവിതം മരുഭൂമിയില്‍ ഏകാന്തവാസം നടത്താന്‍ വിധിയ്കപ്പെട്ട ഒരാളുടെ കഥയാണ്.ഈ ഏകാന്തവാസം അയാള്‍ സ്വയം തിരഞ്ഞെടുത്തതല്ല.മറിച്ച് സാഹചര്യങ്ങള്‍ അയാളെ കൊണ്ടു ചെന്നെത്തിച്ച ജീവിതമാണ്.കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു മണല്‍വാരി തൊഴിലാളി ആയി ഉമ്മയോടും ഗര്‍ഭിണിയായ ഭാര്യ(സൈനു)യോടുമൊപ്പം കഴിഞ്ഞിരുന്ന നജീബ് എന്ന മനുഷ്യന്‍ ജോലിക്കുള്ള വിസയുമായാണു ഗള്‍ഫില്‍ എത്തിച്ചേരുന്നത്.ഗള്‍ഫില്‍ പോകുന്ന ഏതൊരു മലയാളി യുവാവിനും ഉണ്ടാകുന്ന സ്വപ്നങ്ങള്‍ മാത്രമേ നജീബിനും ഉണ്ടായിരുന്നുള്ളൂ.”ഗോള്‍ഡന്‍ വാച്ച്,ഫ്രിഡ്ജ് , ടി.വി,കാര്‍,എ.സി,ടേപ്പ് റിക്കാര്‍ഡര്‍,വിസിപി,കട്ടിയില്‍ ഒരു സ്വര്‍ണ്ണമാല..രാത്രി കിടക്കുമ്പോള്‍ അതൊക്കെ വെറുതെ സൈനുവുമായി പങ്കുവച്ചു.ഒന്നും വേണ്ട ഇക്കാ.നമ്മുടെ കുഞ്ഞിനു (മകനോ? അതോ മകളോ?) ജീവിക്കാനുള്ള അല്ലറ ചില്ലറ വകയാകുമ്പോള്‍ മടങ്ങിപ്പോന്നേക്കണം.എന്റെ ഇക്കാക്കമാരെപ്പോലെ നമുക്കൊന്നും വാരിക്കൂട്ടേണ്ട.മണി മാളികയും വേണ്ട.ഒന്നിച്ചൊരു ജീവിതം,അത്രമാത്രം മതി

അങ്ങനെയാണു കരുവാറ്റക്കാരന്‍ സുഹൃത്ത് നല്‍കിയ വിസയില്‍ നജീബ് സൌദി അറേബ്യയില്‍ എത്തുന്നത്.കൂടെ ഹക്കീം എന്ന പേരുള്ള മീശമുളക്കാത്ത പയ്യനും.ഹക്കീം നജീബിന്റെ അയല്‍ നാട്ടുകാരനാണ്.അങ്ങനെ മുംബൈ വഴി, അവിടെ രണ്ടാഴ്ച താമസിച്ച് അവസാനം അവര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നു.

വിമാനത്താവളത്തില്‍ സ്പോണ്‍സര്‍ കാത്തു നില്‍ക്കും എന്നായിരുന്നു അവരെ അറിയിച്ചിരുന്നത്.എന്നാല്‍ കൂടെ വിമാനമിറങ്ങിയവരെല്ലാം പല വഴിക്കായി പോയി കഴിഞ്ഞിട്ടും നജീബിനേയും ഹക്കീമിനേയും കൊണ്ടു പോകാനുള്ള ആള്‍ വന്നില്ല.ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം അവര്‍ വിഷമത്തോടെ നില്‍ക്കുമ്പോളാണു അവിടെ ഒരു അറബി ഒരു പിക്ക് അപ് വാനില്‍ വന്നിറങ്ങുന്നത്.അയാള്‍ അങ്ങോട്ടുമിങ്ങോട്ടും കുറച്ച് നടന്ന ശേഷം ഇവരുടെ അടുത്തെത്തി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വാങ്ങി നോക്കിയശേഷം കൂടെ ചെല്ലാന്‍ പറയുന്നു.എന്തുചെയ്യണമെന്നറിയാതെ നിന്നിരുന്ന അവര്‍ തങ്ങളുടെ യജമാനന്‍ ആണ് വന്നിരിക്കുന്നത് എന്ന സന്തോഷത്താല്‍ അയാളുടെ പിക്ക് അപ് വാനില്‍ കയറിപ്പോകുന്നു.

പിക്ക് അപ് വാനിന്റെ പുറകിലിരുന്ന് ദീര്‍ഘദൂരം അവര്‍ യാത്ര ചെയ്തു.വണ്ടി നഗരാതിര്‍ത്തി വിട്ട് ഇരുള്‍നിറഞ്ഞ ഇടവഴികളിലൂടെയും പിന്നീട് ഇരുട്ടില്‍ വിജനമായ മരുപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ നജീബിന്റെ മനസ്സില്‍ വേവലാതി രൂപം കൊണ്ടിരുന്നെങ്കിലും അത് പുറത്ത് കാട്ടിയില്ല. ദീര്‍ഘയാത്രയ്ക്കുശേഷം മരുഭൂമിയിലുള്ള രണ്ട് മസറ( ആട്ടിന്‍ തൊഴുത്ത്)കളിലേക്കാണു അവരെ കൊണ്ടു പോയത്.അപ്പോളേക്കും രാത്രി ആയിക്കഴിഞ്ഞിരുന്നു.ആദ്യം ഒരു സ്ഥലത്ത് ഹക്കീമിനെ ഇറക്കി.അവിടെ നിന്നു കുറക്കൂടി ദൂരെ മാറി മറ്റൊരു മസറയിലാണു നജീബ് ചെന്നെത്തുന്നത്.

ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാത്ത ഒരു സ്ഥലത്താണു താന്‍ എത്തിയതെന്ന് അപ്പോള്‍ നജീബിനു മനസ്സിലാകുന്നില്ല.എന്നാല്‍ അതൊരു തുടക്കമായിരുന്നു.മൂന്നു വര്‍ഷവും നാലുമാസവും ഒന്‍പതു ദിവസവും നീണ്ടു നിന്ന ഏകാന്തവാസത്തിന്റെ തുടക്കം.നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ ‘മസറ’യില്‍ നൂറുകണക്കിനു ആടുകളോടും കുറച്ച് ഒട്ടകങ്ങളോടുമൊപ്പം മൂന്നേ മൂന്നു മനുഷ്യര്‍ മാത്രം.നജീബ്, അര്‍ബാബ്( യജമാനന്‍), പിന്നെ മറ്റൊരു ഇടയനായ ഭീകരരൂപി എന്ന നജീബ് വര്‍ണ്ണിക്കുന്ന മനുഷ്യന്‍.ഒരു തുറന്ന കൂടാരത്തിലുള്ള ഒരു കട്ടിലാണു യജമാനന് ഉള്ളത്.അതിനു വെളിയില്‍ ആടുകളുടെ കൂടിനോട് ചേര്‍ന്ന് തുറസായ സ്ഥലത്തെ ഒരു ഇരുമ്പു കട്ടിലില്‍ ഭീകര രൂപിയെപ്പോലെ തോന്നുന്ന ഇടയനും, വെറും മണലില്‍ നജീബും..പൊള്ളുന്ന ചൂടിലും വെയിലിലും ഒരിറ്റു തണലുപോലുമില്ലാത്ത നീണ്ട പകലുകളും തലചായ്ചുറങ്ങാന്‍ പോലും സൌകര്യമില്ലാത്ത രാത്രികളും.

അതൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു.നജീബ് ഒരു ആട്ടിടയനായി മാറ്റപ്പെടുകയായിരുന്നു.മുടിയെല്ലാം നീണ്ടു താടിയും ജടയുമായി നാറുന്ന വസ്ത്രങ്ങളുമായി ഒരിക്കല്‍ പോലും ദേഹത്ത് വെള്ളം തൊടാത്തതു പോലുള്ള രൂപവുമായി ഇരിക്കുന്ന ‘ഭീകര രൂപി’യെ കണ്ടപ്പോള്‍ തന്നെ തന്നെയും ഇത്തരമൊരു ജീവിതമാണു കാത്തിരിക്കുന്നതെന്ന് നജീബിനു തോന്നുന്നുണ്ട്.അത് സത്യമായി ഭവിയ്കുകയായിരുന്നു.

നോവലിലെ പിന്നീടുള്ള ഭാഗം മുഴുവന്‍ ഈ ജീവിതത്തിന്റെ കഥയാണ്.ഇരുമ്പു കമ്പി കൊണ്ടുള്ള വേലികളാല്‍ തിരിക്കപ്പെട്ട കൂടുകളില്‍ കഴിയുന്ന മിണ്ടാപ്രാണികളായ ആടുകളോടൊപ്പം ജീവിച്ചു തീര്‍ത്ത ദിവസങ്ങളിലെ അനുഭവങ്ങള്‍. ചെന്ന ദിവസം അര്‍ബാബ് നല്‍കിയ നീളന്‍ കുപ്പായത്തില്‍ കയറിയതാണു നജീബ്. പിന്നീട് ഒരിക്കലും അതൊന്ന് മാറുന്നു പോലുമില്ല.കുളിയില്ല, നനയില്ല, എന്തിനു പല്ലു തേപ്പുമില്ല.അതിന്റെ കാഠിന്യം എന്തെന്ന് രണ്ടാം ദിവസം തന്നെ നജീബ് മനസ്സിലാക്കുന്നുമുണ്ട്.അന്ന് രാവിലെ പ്രാഥമിക കര്‍മ്മം എവിടെയൊക്കെയോ നിര്‍വഹിച്ച ശേഷം ശൌച്യം ചെയ്യാന്‍ ആടുകള്‍ക്ക് കരുതി വച്ചിരുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളമെടുത്തു. പിന്നെയുണ്ടായത് ഇതാണ്. ”ചന്തിയില്‍ ആദ്യത്തെ തുള്ളി വീഴുന്നതിനു മുന്‍പ് എന്റെ പുറത്ത് ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായ ആ അടിയില്‍ എന്റെ പുറം പൊളിഞ്ഞു പോയി” ആടുകള്‍ക്ക് വെള്ളം ഉപയോഗിക്കാം. എന്നാല്‍ മനുഷ്യനു പാടില്ല എന്ന പാഠമാണു ഈ സംഭവം നജീബിനു കാട്ടിക്കൊടുത്തത്. പകലന്തിയോളം മരുഭൂമിയില്‍ ആടുകളെ മേയിക്കുക. വിശ്രമം എന്നത് രാത്രിയില്‍ വെറും മണലില്‍ കിടന്നുറങ്ങുമ്പോള്‍ മാത്രം. ഇരുമ്പു ടാങ്കില്‍ ചൂടായിക്കിടക്കുന്ന വെള്ളം കുടിക്കാം. കഴിക്കാന്‍ അര്‍ബാബ് വലിച്ചെറിയുന്ന ഉണക്കഖുബൂസ്. അതൊരു ജീവിതമായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ മനുഷ്യജീവിയെ കാണാതെ വിശാലമായ മരുഭൂമിയിലെ ഏകാന്ത തടവ്. അര്‍ബാബിന്റെ അതിക്രൂര മര്‍ദ്ദനങ്ങള്‍. ജോലിയില്‍ വരുന്ന ചെറിയ താമസം പോലും അയാളെ കോപിഷ്ഠനാക്കി. കഥയിലൊരിടത്ത് മുട്ടനാടിന്റെ ചവിട്ടേറ്റ് കൈ നീരുവന്ന് വീര്‍ത്ത് പൊക്കാന്‍ പോലുമാകാതെയിരിയ്ക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആടിനെ കറക്കാന്‍ നിര്‍ബന്ധിച്ച അര്‍ബാബ് അയയ്കുന്നത് വിവരിയ്കുന്നുണ്ട്.

ഒരിറ്റു തണലിനായിട്ടാണു താനേറ്റവും ആഗ്രഹിച്ചിരുന്നത് എന്ന് നജീബ് പറയുന്നുണ്ട്.ആടിനെ മേയ്കാനുള്ള വടിയുടെ നിഴലില്‍ പോലും തണല്‍ കണ്ടെത്തിയിരുന്നു എന്ന് നജീബ് പറയുമ്പോള്‍ ആ പൊള്ളല്‍ ഓരോ വായനക്കാരനിലും തുളച്ചു കയറുന്നു.

അങ്ങനെ പതിയെ പതിയെ ആ ജീവിതത്തോട് നജീബ് സമരസപ്പെടുകയാണ്.നാടിന്റെ ഓര്‍മ്മകള്‍ അയാളില്‍ കടന്നു വരാതെയായി.“ഏത് യാതനയും നമുക്ക് സഹിയ്കാം,പങ്കുവയ്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍...” എന്ന് നജീബ് പറയുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന നാമറിയുന്നു.ആവശ്യത്തിനു വാക്കുകളെ പുറത്തു വിടുക എന്നതാണു മനസ്സിന്റെ ഏറ്റവും വലിയ സ്വസ്ഥത...എന്നാല്‍ നജീബിനു അതിനുള്ള യാതൊരു അവസരവുമില്ല ആ മരുഭൂമിയില്‍.

അങ്ങനെ മനുഷ്യര്‍ക്ക് പകരം ആടുകള്‍ അയാളുടെ കൂട്ടുകാരായി.ഓരോ ആടിനും നജീബ് നാട്ടിലെ ഓരോ മനുഷ്യരുടെ പേരിട്ട് വിളിച്ചു.അവരോട് സല്ലപിച്ചു, തൊട്ടു തലോടി,അവരോടൊപ്പം കിടന്നു, എന്തിനു അവരില്‍ ഒരാളായി മാറി...മറ്റൊരു ആടുജീവിതം.സ്വന്തം ശരീരം പോലും ഒരിക്കല്‍ അവരുമായി പങ്കു വച്ചതായി നജീബ് പറയുന്നു.ഒരു ആട്ടിടനാവുകയായിരുന്നു ചെറുപ്പത്തില്‍ തന്റെ ആഗ്രഹമെന്ന് നജീബ് പറയുന്നുണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആട്ടിടയനായപ്പൊള്‍ അത് തന്റെ സ്വപ്നങ്ങളിലെ ജീവിതത്തില്‍ നിന്ന് എത്രയോ അകലെ ആയിരുന്നുവെന്ന് അവനറിയുന്നു.

ജീവിതത്തിലെ സ്വപ്നങ്ങളേയും യാഥാര്‍ഥ്യങ്ങളേയും ഒരു തരം ആക്ഷേപ ഹാസ്യാത്മകതയൊടെ സമീപിക്കാന്‍ നജീബിനു സാധിക്കുന്നുണ്ട്.മരുഭൂമിയില്‍ ആരോരുമില്ലാതെ ഏകാന്ത വാസം നടത്തുമ്പോളും അയാളുടെ ചിന്തകളില്‍ ഒരു ഹാസ്യ രസം , സ്വന്തം ജീവിതത്തോടു തന്നെ ഒരു പരിഹാസം എന്നിവ നിഴലിച്ചു നില്‍ക്കുന്നു.എന്താണു താന്‍ ഗള്‍ഫുകാരനെന്ന് നിലയില്‍ സ്വപ്നം കണ്ടിരുന്നത്, ഇന്നിപ്പോള്‍ എവിടെയെത്തി എന്ന് പലപ്പോളും നജീബ് ചിന്തിക്കുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ട് നജീബ് രക്ഷപെടുന്നില്ല എന്ന് നമ്മള്‍ ആലോചിച്ചേക്കാം.സത്യത്തില്‍ ആദ്യദിവസം എയര്‍‌പോര്‍ട്ടില്‍ നിന്നു വരുന്ന വഴി തന്നെ ഏതോ അപകടത്തിലേക്കാണു പോകുന്നതെന്ന് നജീബിനു തോന്നുന്നുണ്ട്.എങ്കിലും മറ്റൊന്നും മുന്നില്‍ കാണാനില്ലാത്തവനു എവിടേയ്ക് രക്ഷപെടാന്‍ എന്നൊരു ചിന്തയാണു നജീബിനെ നയിയ്കുന്നത്.മരുഭൂമിയിലും രക്ഷപെടാനുള്ള ചിന്ത ഇടയ്കെങ്കിലും നജീബില്‍ വരുന്നുണ്ട്.പക്ഷേ പരിപൂര്‍ണ്ണമായും ഉറപ്പോടെ അവിടെ നിന്ന് രക്ഷപെടാന്‍ പറ്റുമെന്ന് അയാള്‍ കരുതുന്നില്ല.അവിടെ നിന്ന് ഓടിപ്പോയ ‘ഭീകര രൂപിയ്കു” ഉണ്ടായ അനുഭവം സത്യത്തില്‍ നജീബിനെ കൂടുതല്‍ ദുര്‍ബലനാക്കി മാറ്റുന്നതായിട്ടാണു നോവലിസ്റ്റ് വിവരിയ്കുന്നത്.അര്‍ബാബിന്റെ ദയയ്ക് വേണ്ടി അവന്‍ കേഴുന്നതായി കാണാം.വല്ലാത്ത ഒരു അരക്ഷിത ബോധം അവനെ പിടികൂടുന്നു.

നജീബിനു മരുഭൂമിയില്‍ നിന്നു രക്ഷപെടാനായി കിട്ടിയ ഏക അവസരമെന്നത് അവിടുത്തെ മഴക്കാലത്താണ്.മഴ കണ്ട് പേടിച്ച് ഒരു മൂലയില്‍ ചുരുണ്ടു കൂടിയിരുന്ന അര്‍ബാബിനെ അയാളുടെ തോക്കു വച്ചു തന്നെ വെടിവച്ചു കൊല്ലാന്‍ നജീബിനു അവസരം കിട്ടിയതായിരുന്നു.എന്നാല്‍ ആനിമിഷം സഹായത്തിനായി അര്‍ബാബ് “നജീബ് , നജീബ്” എന്ന് പേരു ചൊല്ലി വിളിച്ചപ്പോള്‍ മനസ്സലിഞ്ഞ് ആ കൃത്യം വേണ്ടെന്ന് വച്ചതാണ്.സ്വന്തം ദൈന്യതകള്‍ക്കിടയിലും മനുഷ്യത്വം വിട്ടുമാറാത്തവനാണു നോവലിലെ നായകന്‍.

അങ്ങനെ മൂന്നര വര്‍ഷം നീണ്ടു നിന്ന ജീവിതത്തിനിടയില്‍ നജീബ് തന്നോടൊപ്പം നാട്ടില്‍ നിന്ന് കൂടെ വന്ന ഹക്കീം ഉള്ള മസറ കണ്ടുപിടിയ്കുന്നു.അവര്‍ തമ്മില്‍ ഇടക്ക് കാണുകയും അര്‍ബാബുമാര്‍ കാണാതെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു.അങ്ങനെയിരിയ്കെ ഹക്കിമിന്റെ മസറയില്‍ പുതിയതായി വന്ന സോമാലിയക്കാരന്‍ ‘ഇബ്രാഹിം ഖാദിരി’ എന്ന ആളാണു അവസരം ഒത്തു വന്നപ്പോള്‍ മരുഭൂമി താണ്ടാന്‍ അവരെ സഹായിക്കുന്നത്.

വളരെ ലളിതമായ ഭാഷയില്‍ നജീബ് സ്വന്തം കഥപറയുന്ന രീതിയിലാണ് നോവല്‍ രചിച്ചിരിയ്കുന്നത്.നജീബിനെപ്പോലെ ഒരാള്‍ കഥപറയുന്നതിനു ഇതില്‍ കൂടുതല്‍ ഭാഷയുടെ ആവശ്യമില്ല.ഏതു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനും ജീവിയ്കാനുമുള്ള മനുഷ്യന്റെ അഭിവാഞ്ചയെ അതിന്റെ പാരമ്യതയില്‍ ഈ നോവലില്‍ നമുക്ക് കാണാം.മരുഭൂമിയിലെ ആടുകളിലും ഒട്ടകങ്ങളിലും മഴയില്‍ പൊട്ടി മുളച്ച ചെറിയ ചെടികളിലും പറവകളിലും എല്ലാം അയാള്‍ അതിജീവനം കണ്ടെത്തുന്നു.”നജീബേ, മരുഭൂമിയുടെ ദത്തു പുത്രാ...ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക,തീക്കാറ്റും വെയില്‍ നാളവും നിന്നെ കറ്റന്നു പോകും.നീ അവയ്കു മുന്നില്‍ കീഴടങ്ങരുത്.അത് നിന്റെ ജീവനെ ചോദിക്കും, വിട്ടുകൊടുക്കരുത്“........ എന്ന് തലേ ദിവസത്തെ മഴ്യില്‍ കൊരുത്ത പുല്‍ നാമ്പുകള്‍ നജീബിനോട് പറയുന്നു.

ഇത്തരം അതിജീവനത്തിന്റെ കഥകള്‍ പലതും പുസ്തകങ്ങളും ലോക സാഹിത്യത്തിലെ ക്ലാസിക്കുകളാണ്.ആത്യന്തികമായി മനുഷ്യന്റെ ഇച്ഛാശക്തിയാണു ഇത്തരം കഥകളിലെല്ലാം വിജയിയ്കുന്നത്.റോബിന്‍ സണ്‍ ക്രൂസോ ആയാലും സാന്റിയാഗോ ആയാലും അതു തന്നെ സംഭവിക്കുന്നു.

എന്നാല്‍ നോവലിലെ നജീബ് ഈശ്വരവിശ്വാസിയാണു.അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചാണു അയാള്‍ ജീവിയ്ക്കുന്നത് .ആ വിശ്വാസമാണു മരുഭൂമിയിലെ ഏകാന്തവാസത്തേയും ചൂടിനേയും തണുപ്പിനേയുമൊക്കെ നേരിടാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.അത് താന്‍ നജീബില്‍ വരുത്തിയ വ്യത്യാസമാണെന്ന് കഥാകാരന്‍ തന്നെ പറയുന്നുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ് 30,2010).അതില്‍ ബെന്യാമിന്‍ ഇപ്രകാരം പറയുന്നു,

"ഞാന്‍ ആ‍ദ്യമായി നജീബിനെ കണ്ടുമുട്ടുന്ന നിമിഷം അയാള്‍ തന്റെ സുഹൃത്തുക്കളുമായി കമ്യൂണിസം ചര്‍ച്ച ചെയ്യുകയായിരുന്നു എന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.ആ സാഹചര്യത്തെ മനസ്സിലിട്ടുകൊണ്ട് ഒരു തികഞ്ഞ യുക്തിവാദിയായും ഈശ്വര വിരുദ്ധനായും എനിക്ക് നജീബിനെ ചിത്രീകരിയ്കാമായിരുന്നു.എങ്കില്‍ പലരും ആഗ്രഹിയ്കുന്നതുപോലെ മനുഷ്യന്റെ ഇച്ഛാശക്തികൊണ്ടുമാത്രം മരുഭൂമിയെ താണ്ടിപ്പോരുന്ന ഒരു നജീബിനെയാകുമായിരുന്നു നാം നോവലില്‍ കണ്ടുമുട്ടുക.പക്ഷേ നോവലില്‍ ബെന്യാമിന്‍ കലരാതെ സാധ്യമല്ല.ഇല്ലെങ്കില്‍ ഇത് മറ്റൊരാളുടെ ജീവചരിത്രമെഴുത്തായി പോകുമായിരുന്നു."

“കിഴവനും കടലും” എന്നതിലെ നായകനെ കൊണ്ട് ഹെമിംഗ്‌വേ പറയിക്കുന്ന വാചകമുണ്ട് “നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും, എന്നാല്‍ എന്നെ തോല്‍പ്പിക്കാനാവില്ല”.....ഇതു തന്നെയാണ് ആടുജീവിതത്തിലെ നജീബും പറയാതെ പറയുന്നത്...മരുഭൂമിയിലെ ജീവിതകാലം മുഴുവന്‍ കൊടിയ മര്‍ദ്ദനങ്ങളുടേയും അപമാനിയ്ക്കപ്പെടലിന്റേയും നാളുകളാണ് നജീബിന്.അപമാനിക്കപ്പെടലിന്റെ പാരമ്യം അയാള്‍ അനുഭവിച്ചു. പക്ഷേ അതിനൊന്നിനും അയാളെ തോല്‍പ്പിക്കാനായില്ല.ആ നിശ്ചയ ദാര്‍ഡ്യം ആണു മരുഭൂമി താണ്ടാന്‍ നജീബിനെ സഹായിക്കുന്നതും,....ഇത് മനുഷ്യന്റെ വിജയത്തിന്റെ കഥയാണ്.അതിനെ അമിതമായി ദൈവത്തിന്റെ മേല്‍ ചുമത്തിയതില്‍ മാത്രമേ എനിക്ക് ബെന്യാമിനോട് വിയോജിപ്പുള്ളൂ.

ഒരിക്കല്‍ പോലും യഥാര്‍ത്ഥ മരുഭൂമിയില്‍ ജീവിയ്കേണ്ടി വരാത്ത നോവലിസ്റ്റ് മരുഭൂമിയുടെ ചിത്രമെഴുതുന്നതില്‍ വിജയിച്ചിരിയ്കുന്നു എന്ന് തന്നെ പറയാം.നജീബും, ഹക്കീമും, ഇബ്രാഹിം ഖാദിരിയും കൂടി മരുഭൂമിയില്‍ കൂടി നടത്തിയ പാലായനം പത്തു ദിവത്തോളം നീണ്ടു നിന്നതാണ്.അതിന്റെ വിവരണം അതീവ ഹൃദ്യമായും തീവ്രമായും തന്നെ നോവലിസ്റ്റ് നിര്‍വഹിച്ചിരിയ്കുന്നു.ഫിക്ഷന്‍ നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ക്കപ്പുറം ഒന്നും ബെന്യാമിന്‍ എടുത്തിട്ടില്ല.ഓരോ വായനക്കാരനുമാണ് നജീബിനോടൊപ്പം മരുഭൂമി താണ്ടുന്നത്.ഹക്കിമിന്റെ അവസാന നിമിഷങ്ങള്‍ എത്രകാലം കഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടുതന്നെയിരിയ്കും.വേദനാജനകമായ ഈ സംഭവങ്ങളെയെല്ലാം നിശ്ചയദാര്‍ഡ്യത്തോടെ നജീബ് നേരിടുന്നു, മുന്നോട്ട് പോകുന്നു.

ഒരു പക്ഷേ ഘടനയിലും അവതരണത്തിലുമെല്ലാം അല്പം കൂടീ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നാന്തരം ഒരു ക്ലാസിക് തന്നെ ആകുമായിരുന്നു ഈ കൃതി.എങ്കിലും ഈ അടുത്ത കാലത്ത് വായിച്ച മലയാളം പുസ്തകങ്ങളില്‍ ഇതു പോലെ മനസ്സില്‍ തങ്ങി നിന്ന മറ്റൊന്നില്ലെന്ന് ഞാന്‍ നിസംശയം പറയും.ഹൃദയകോണിലെവിടെയോ ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഈ പുസ്തകം വായിച്ചു തീര്‍ക്കാന്‍ മനുഷ്യത്വവും സഹൃദയത്വവും ബാക്കി നില്‍ക്കുന്ന ഒരാള്‍ക്കും സാധിയ്ക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.കാരണം ശ്രീ എന്‍ ശശിധരന്‍ ഈ കൃതിയെ പറ്റി പറഞ്ഞ പോലെ “ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്.”

അതു തന്നെയാണു ഈ നോവലിന്റെ വിജയവും.ഓരോ വാക്കിലും ജീവിതം തുടിച്ചു നില്‍ക്കുന്ന ഈ പുസ്തകം സമ്മാനിച്ചതിന് ബെന്യാമിന് നന്ദി !

12 comments:

  1. ആടു ജീവിതം എന്ന നോവലിനെ പറ്റി ഞാൻ ഈയടുത്താണ്‌ കേൾകുന്നത്, ഗൂഗ്ൾ ബസിലൂടെ അതിനെ കുറിച്ചറിയുകയും ഒരു സുഹൃത്ത അതിനെ പി.ഡി.എഫ് കോപ്പി അയച്ചു തരികയും ചെയ്തു, ഒറ്റയിരിപ്പിന്‌ എന്നു പറയാൻ കഴിയില്ലെങ്കിലും, രണ്ട് ദിവസത്തിനുള്ളിൽ ഞാനത് വായിച്ചു തീർത്തു. അതിലെ ഓരോ രംഗങ്ങളും സ്വയം അനുഭവിക്കുന്നപോലെയാണ്‌ അനുഭവപ്പെടുന്നത്. ഇപ്പോഴും അത്തരം ആളുകൾ സൗദി മരുഭൂമിയിൽ ആടുകളോടൂം ഒട്ടകങ്ങളോടുമൊപ്പം കഴിയുന്നാവാം, ശരിക്കും ഹൃദയ സ്പർക്കായ നോവലാണ്‌ ആടുജീവിതമെന്ന് ഞാൻ പറയും..

    ReplyDelete
  2. ഓരോ വാക്കിലും ജീവിതം തുടിച്ചു നില്‍ക്കുന്ന ഈ പുസ്തകം സമ്മാനിച്ചതിന് ബെന്യാമിന് നന്ദി !ഈ വിവരണത്തിനും നന്ദി!

    ReplyDelete
  3. ആടുജീവിതം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു നോവലാണ്‌..നജീബിന്റെ കഷ്ടപ്പാടുകള്‍ വായനക്കാരില്‍ എത്തിക്കാന്‍ ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്.
    വിവരിച്ചതിലും എത്രയോ അധികം ആ മരുഭൂമിയില്‍ ഓരോ വ്യക്തിയും അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്നും മനസ്സിലാകുന്നു നജീബ് അവരുടെ പ്രതിനിധി തന്നെ
    ഗദ്ദാമ കണ്ടതിനു ശേഷമാണ് ആ നോവല്‍ വായിക്കാന്‍ കിട്ടിയത്.അതുകൊണ്ട് നോവലിനെകൂടുതല്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചു.
    അതിശയോക്തിയല്ല ഒറ്റയിരുപ്പിനു തന്നെ അത് വായിച്ചു തീര്‍ത്തു .ഏറെ നേരം അതിന്റെ ഹാങ്ങോവറില്‍ ആയിരുന്നു...
    പേര്‍ത്തും പേര്‍ത്തും ചിന്തിക്കവേ എന്റെ മനസ്സില്‍ ചിലകാര്യങ്ങള്‍ ദഹിക്കാന്‍ കൂട്ടാക്കാതെ അലോസരമായി ....
    ആടുജീവിതത്തിനു അര്‍ഹിക്കുന്ന ഗൌരവം നല്‍കാന്‍ നോവലിസ്റ്റ് ശ്രമിക്കാത്ത പോലെ ഒരു തോന്നല്‍...
    കഥയുടെ തുടക്കം ക്ലൈമാക്സിനും ശേഷം ആയത് എന്തിന്‌?
    അവസനാധ്യായം വരെ നില നിര്‍ത്താവുന്ന ആകാംഷ ആണ് അത് കൊണ്ടു നഷ്ടപ്പെട്ടത്
    നജീബിന്റെ യാത്ര തുടങ്ങിയ അദ്ധ്യായം ഒന്നാമതാകുന്ന തായിരുന്നില്ലേ നല്ലത്...
    ഇനി അത് ചികഞ്ഞു കീറിയിട്ടു കാര്യമില്ല.
    ആടുജീവിതം വായനക്കാര്‍ക്ക് തന്ന ബെന്യാമിനും ഗ്രീന്‍ ബുക്സിനും നിമിത്തമായ നജീബിനും ആശംസകള്‍...


    സുനിലിന്റെ ശൈലി പ്രശംസനീയം തന്നെ

    ReplyDelete
  4. മരുഭൂമിയില്‍ ജീവിക്കുന്നവര്‍ പോലും കാണാത്ത മരുഭൂമിയുടെ കാഴ്ചയും നജീബിന്റെ ജീവിതവും മലയാളി കാണുന്ന ആദ്യ കാഴ്ചയാകുന്നു.
    ഈ ജീവിതം കാട്ടിത്തന്ന ബെന്യാമിന്‍ എഴുത്തിലൂടെ ജീവിതം വായനക്കാരെ അനുഭവിപ്പിക്കുന്നു.

    ReplyDelete
  5. 'ആടു ജീവിതം' ആദ്യ എഡിഷന്‍ തന്നെ വായിച്ചിരുന്നു. ഇപ്പോഴത്‌ പതിന ഞ്വാമത്തെ എഡിഷനിലെത്തിയിരിക്കുന്നു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട്‌ പതിന ഞ്വ്‌` എഡിഷന്‍ മലയാള നോവല്‍ രംഗത്ത്‌ ഒരപൂര്‍വ്വത തന്നെയാണ്‌. ദേണ്ടെ കെടക്കണ്‌, കമലും കൂട്ടരും കൂടി അത്‌ 'ഗദ്ദാമ' എന്ന പേരില്‍ സിനിമയാക്കിയിരിക്കുന്നു. കുറ്റം പറയരുതല്ലൊ,സന്ദര്‍ഭവും കഥാപാത്രങ്ങളും ഒക്കെ അല്‍പം മാറ്റത്തിനു വിധേയമായിട്ടുണ്ട്‌. ഖദീജ മുംതാസിണ്റ്റെ 'ബര്‍സ' എന്ന നോവലിലെ ചില ഭാഗങ്ങളും കോപ്പിയടിച്ച്‌ ചേര്‍ത്തിട്ടുണ്ട്‌. എത്ര ആലോചിട്ടും കമലിനെപ്പോലെ ഒരാള്‍ എന്തിന്‌ ഇതു ചെയ്തു എന്ന് മനസ്സിലാകുന്നില്ല.

    ReplyDelete
  6. ബെന്യമിന്റെ ആടുജീവിതത്തെക്കുറിച്ച് നല്ലൊരു വായന പകര്‍ന്നു നല്‍കിയതിനു നന്ദി. പ്രവാസികളെക്കൊണ്ടു മാത്രം ജീവിക്കുന്ന മലയാളിയുടെ വേദഗ്രന്ഥമാകേണ്ടതാണ് നജീബിന്റെ ജീവിതാനുഭവമായ ആടുജീവിതം.

    ReplyDelete
  7. A return journey to the Basheerian language/
    And the struggle of a man to win over the circumstantial obstacles;/
    The true spirit of tolerance and unshakable optimism/
    Ultimately offers him a new lease of life, that is the essence;/
    Just left the background for a few minutes and/
    Envisaged the situation in which Najeeb is entrapped/
    Experience of a bitter past in the horrible desert life was/
    Visualized in my mind by frame by frame/
    It is not Najeeb or Hakkim, it is you, he, she, they and I-/
    Transmigration of the characters to the readers who had suffered;/
    Hair-raising portrayals of the desert with towering sand waves add flavours/
    As Najeeb finds the graceful little shadow under the cot of Bheekara roopi/
    Many will enjoy a comfortable fine reading, and kudos to Benyamin….

    ReplyDelete
  8. മലയാള നോവലുകളില്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കാവുന്ന നോവല്‍ ആണ് ആട്‌ ജീവിതം--

    സത്യത്തില്‍ അതിന്റെ ക്ലൈമാക്സ്‌ അല്ല പ്രധാനം ... അവതരണം .. കഥകളി പോലെ- NARRATION ആണ് പ്രധാനം ... മുള്‍മുനയില്‍ നിര്‍ത്തി . നബീല്‍ എന്നാ കുഞ്ഞാടിനെ വന്ധ്യം കരിക്കുന്ന രംഗങ്ങള്‍... വേദന തോന്നുന്നു. . എന്തായാലും ഒരു സംശയം ബാക്കി -- ഇബ്രാഹിം ഖദിരി എവിടെ പോയി ??



    സുനില്‍ കൃഷ്ണന് അഭിനന്ദനങ്ങള്‍

    ReplyDelete
  9. നന്നായി, ഒരു പാട് കേട്ടിടുണ്ട് ; ആട് ജീവിതത്തെ പറ്റി. ഒരു വിവരണം തന്നതിന് നന്ദി.

    ReplyDelete
  10. വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി

    ReplyDelete
  11. നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി

    ReplyDelete
  12. ഇത് തികച്ചും ഒരു അതി ജീവനം തന്നെ.. ഒരു കഥാ പാത്രം എന്നതിലുപരി അത് നമ്മൾ ഓരോരുത്തരും തന്നെയല്ലേ എന്ന് ചിന്തിച്ചു പോയി. മരുഭൂമിയിലെ ഏകാന്ത ജീവിതം പിന്നീട് ആ വ്യക്തി അതെല്ലാം അതി ജീവിച്ചതും കണ്ണിൽ നിറഞ്ഞു കാണുന്നത് പോലെ തോന്നുന്നു.. അതി മനോഹരമായ സൃഷ്ടി..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?