പുസ്തകം : റൂമിയുടെ 100 കവിതകള്‍
രചയിതാവ് : റൂമി (മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി) / വിവ:കെ.ജയകുമാര്‍
പ്രസാധനം : ഡി.സി.ബുക്സ് (വില: 90 രൂപ)
അവലോകനം : വല്ല്യമ്മായി
തൈരില്‍ വെണ്ണയെന്ന പോലെ നമ്മിലൊളിഞ്ഞിരിക്കുന്ന ദൈവികമായ ആത്മാവ് കണ്ടെത്താനുള്ള ആഹ്വാനമാണ് റൂമി കവിതകൾ.
മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും മറിച്ച് മുളപൊട്ടി അന്തരീക്ഷത്തിലേക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വിത്തിനുള്ളിലെ ചെടി പോലെ നശ്വരമായ ശരീരത്തില്‍ നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നുള്ള സത്യം വെളിവാക്കുന്ന വരികൾ.
പക്ഷെ നല്ല രീതിയില്‍ പരിപാലിക്കപ്പെടാത്ത വിത്തില്‍ നിന്നും നല്ല ചെടി ഉണ്ടാകാത്ത പോലെ ശരിയായ രീതിയില്‍ കടയാത്ത തൈരില്‍ നിന്നും മുഴുവന്‍ വെണ്ണയും ലഭിക്കാത്ത പോലെ ലൗകിക ജീവിതത്തിന്റെ ശരിയായ പാകപ്പെടുത്തലിലൂടെ മാത്രമേ ആത്മാവിന് ദൈവത്തിന്റെ മഹാസ്നേഹത്താല്‍ വിളയാടാന്‍ കഴിയൂ.
" മാനത്തു നിന്നടരുന്ന മഴ മുഴുവന്‍ കടലില്‍ പതിച്ചെന്നിരിക്കാം,അതിലൊരു കണിക പോലും മുത്തായി മാറുകയില്ല,പ്രണയമില്ലെങ്കിൽ “
റൂമി കവിതകളിലുടനീളം പ്രണയം സാര്‍വ്വലൗകികവും കാലാതീതവുമായ ദൈവസ്നേഹത്തേയാണ് സൂചിപ്പിക്കുന്നത്.
ലോക ജീവിതത്തിലൂടെ സത്യാന്വേഷണത്തിന് ആത്മാവിനെ പാകപ്പെടുത്തേണ്ടത് എങ്ങനെയെന്നും റൂമി തന്റെ കവിതകളിലൂടെ വിവരിക്കുന്നുണ്ട്.
" ജലം നിറഞ്ഞിരുന്നിട്ടും ചുണ്ടു വരളുന്ന ഭരണിയാകാതിരിക്കുവിന്‍ " നമ്മുടെ ആത്മാവില്‍ വസിക്കുന്ന ദൈവത്തെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
“ ഞാനെന്നും എന്റേതെന്നും എപ്പോഴുമുരിയാടുന്നവര്‍ ഞാനെന്തെന്നോ എന്റേതെന്നോ അറിയുന്നില്ല.“ ആ തിരിച്ചറിവാണ് ഈ അന്വേഷണത്തില്‍ ഏറ്റവും മുഖ്യം.
സന്തോഷവും സങ്കടവും മറ്റ് വിചാരങ്ങളും മനുഷ്യാവസ്ഥയിലെ താത്ക്കാലിക അതിഥികള്‍ മാത്രമാണെന്ന് പറയുന്നതിലൂടെ ജീവിതാവസ്ഥയിലെ നൈമിഷികത വരച്ചുകാട്ടിയിരിക്കുന്നു. അധമ വികാരങ്ങളുടെ പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുന്നത് കൊണ്ടാണ് മനസ്സെന്ന കണ്ണാടിയില്‍ ദൈവത്തിന്റെ പ്രതിഫലനം തെളിഞ്ഞുകാണാത്തത്.
സ്വന്തം പ്രതിബിംബം കണ്ട് കിണറ്റിലേക്കെടുത്ത് ചാടിയ സിംഹത്തെ കുറിച്ചുള്ള പഴങ്കഥയിലൂടെ പുറത്തേക്ക് നോക്കുന്നതിനു മുമ്പ് സ്വന്തം ഉള്ളിലേക്ക് നോക്കി അവിടം ശുദ്ധമാകേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കി തരുന്നു.
ഇങ്ങനെ" ബുദ്ധിമാന്മാര്‍ക്ക് ഈ പ്രപഞ്ചത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ കാണാന്‍ കഴിയും" എന്ന ദിവ്യവചനങ്ങളെ അന്വര്‍ത്ഥമാക്കും വിധം പ്രപഞ്ചത്തിലെ ഒരോ കണികകളിലും ഒളിഞ്ഞിരിക്കുന്ന നമ്മെ തന്നെ കാണിച്ചു തരികയാണ് കവി. ഒരു പാട് തിരശീലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സത്യം പോലെ ഓരോ വായനയിലും വ്യത്യസ്ത മുഖങ്ങളാണ് വെളിവാക്കപ്പെടുന്നതും.
" ദൈവ പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും വിളംബരം ചെയ്യുന്ന റൂമിയുടെ വരികൾ,വിദ്വേഷത്തിന്റേയും ഹിംസയുടേയും ഭീകരതയുടേയും കറുത്ത പുകച്ചുരുളുകളുയരുന്ന ലോകത്തിന് പ്രിയങ്കരമായതില്‍ അതിശയമില്ല. ഇരുട്ട് മൂടുമ്പോള്‍ വെളിച്ചവും ദാഹിക്കുമ്പോള്‍ ജലവും കൊതിച്ച് പോവുകയെന്നത് സ്വാഭാവികം" കെ.ജയകുമാര്‍ ആമുഖത്തില്‍ പറയുന്ന ഈ വരികള്‍ പതിമൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട ഈ കവിതകളുടെ കാലിക പ്രസക്തി വിളിച്ചോതുന്നു.
ദൈവാനുഭൂതിയുടെ ചാരുത തേടുന്ന ഏതൊരാത്മാവിനും ഈ കവിതകള്‍ നല്ലൊരു വിരുന്നാവുമെന്നതില്‍ സംശയമില്ല.
ഈ പരിചയപ്പെടുത്തല്‍ നന്നായി... നന്ദിട്ടോ...
ReplyDeleteആശംസകള്‍ ..... മണ്‍സൂണ്‍ !!
ReplyDelete