പുസ്തകം : Songs of Blood And Sword
രചന : ഫാത്തിമ ബുട്ടോ
പ്രസാധകര്‍ : പെന്‍ഗ്വിന്‍
അവലോകനം : മൊഹമ്മദ് സുഹൈബ്
എം.ടി വാസുദേവന്‍ നായര്‍ക്ക് 'ഒരു വടക്കന്‍ വീരഗാഥ' എഴുതാന്‍ തോന്നുന്നതുവരെ നമ്മള്‍ മലയാളികള്‍ക്ക് ചന്തു ചതിയനായിരുന്നു. സാമ്പ്രദായിക ചരിത്ര രേഖകളുടെയും വടക്കന്‍ പാട്ടുകളുടെയും മുന്‍വിധിയാര്‍ന്ന നിലപാടുകളെ തകര്‍ത്ത് ചന്തുവിന്റെ ജീവിതത്തിന് എം.ടി പുതുഭാഷ്യം ചമച്ചതോടെ കഥമാറി. മലയാളി ബോധത്തിലെ ഏറ്റവും വലിയ വില്ലന്‍ അങ്ങനെ നായകനായി, ചതിയനൊടുവില്‍ കാഴ്ചക്കാരന്റെ മനമുരുക്കുന്ന ദുരന്ത കഥാപാത്രമായി. ഫാത്തിമ ഭൂട്ടോ സ്വന്തം പിതാവിന്റെ രേഖപ്പെടുത്തപ്പെട്ട ജീവ ചരിത്രം മാറ്റിയെഴുതുമ്പോഴും ഒരു എം.ടി സ്പര്‍ശം അതില്‍ കാണാം. ഭൂട്ടോ പരിവാരത്തിന്റെ ഏകപക്ഷീയ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി മുര്‍തസാ ഭൂട്ടോ അവിടെ നായകനായി മാറുന്നു. ഇരുണ്ട ഭൂതകാലത്തിന്റെ ശപ്ത ചിത്രത്തില്‍ നിന്ന് വര്‍ണാഭമായ ഒരു ഭാവി മരണശേഷം മകള്‍ അച്ഛനായൊരുക്കുന്നു. വിധി എന്നും ദയാരഹിതമായി മാത്രം ഇടപെട്ട മുര്‍തസയുടെ ജീവിതത്തെ ഒരു മകളുടെ വീക്ഷണകോണിലൂടെ കാണാനാണ് 'സോംഗ്സ് ഓഫ് ബ്ലഡ് ആന്റ് സ്വോര്‍ഡ്' എന്ന പുസ്തകത്തിലൂടെ ഫാത്തിമ ശ്രമിക്കുന്നത്. അവിടെ നമ്മള്‍ ഇതുവരെ കേള്‍ക്കാത്ത കഥകള്‍ കേള്‍ക്കുന്നു. ലോകമറിഞ്ഞ മുര്‍തസയുടെ രാഷ്ട്രീയ മുഖത്തിന് പിന്നിലെ പച്ച മനുഷ്യനെ കാണുന്നു. ബേനസീര്‍ ഭൂട്ടോയുടെ 'ശല്യക്കാരനായ അനിയന്‍' യഥാര്‍ഥത്തില്‍ നായകനായിരുന്നുവെന്ന് മകള്‍ പറയുന്നു.
ഇഴഞ്ഞു നടക്കുന്ന പ്രായത്തില്‍ മാതാവുപേക്ഷിച്ച് പോയ മകളെ സുഹൃത്തിനെ പോലെ സ്നേഹിച്ച് വളര്‍ത്തിയ പിതാവ്, മരണമുഖത്ത് വെച്ച് പിതാവ് നല്‍കിയ ആജ്ഞകള്‍ നിറവേറ്റാന്‍ ജീവിതവും ഭാവിയും പണയം വെച്ച് പോരാടിയ മകന്‍, രാജ്യ ഭ്രഷ്ടനായി ലോകമെങ്ങും അഭയം തേടിയലയുന്ന കാലത്ത് കൈത്താങ്ങായിരുന്ന കുഞ്ഞനുജന്റെ അപമൃത്യുവില്‍ തകര്‍ന്ന ജ്യേഷ്ഠന്‍, പിച്ചവെച്ച നാളുകളില്‍ കൈപിടിച്ച സഹോദരിയുടെ രാഷ്ട്രീയ ഭാവിക്ക് തടസമാകാതിരിക്കാന്‍ കറാച്ചിയുടെ തെരുവില്‍ കിടന്ന് വെടിയുണ്ടയേറ്റ് ജീവന്‍ ത്യജിച്ച അനുജന്‍.... ഫാത്തിമ തന്റെ പിതാവിനെ വായിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇത് ഫാത്തിമക്ക് മാത്രം പറയാന്‍ കഴിയുന്ന കഥയെന്ന് ഈ കാലത്തിന്റെ ഏറ്റവും പ്രമുഖ ചരിത്രകാരന്‍മാരിലൊരാളായ വില്യം ഡാര്‍ലിംപിള്‍ സാക്ഷ്യം നില്‍ക്കുന്നു.
ചോരക്കളികളുടെ കഥയാണ് ഭൂട്ടോ കുടുംബത്തിന്റെ പുരാവൃത്തം. ദക്ഷിണേഷ്യയിലെ പ്രബല രാഷ്ട്രീയ കുടുംബങ്ങളിലൊന്നായ അവിടെ സ്വച്ഛന്ദ മൃത്യു സ്വപ്നം മാത്രം. 1970 മുതലുള്ള ഓരോ ദശാബ്ദത്തിലും ഓരോ ഭൂട്ടോ കുടുംബാംഗം കൊല്ലപ്പെടുന്നു. ആദ്യം പോയത് കുലപതി തന്നെ. സിയ ഉള്‍ ഹഖിന്റെ കൊലക്കയറില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ജീവനൊടുങ്ങുമ്പോള്‍ മകന്‍ മുര്‍തസക്ക് മീശ മുളക്കുന്നതേയുള്ളു. പിന്നെ 1985ല്‍ ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നിഗൂഡമായ സാഹചര്യങ്ങളില്‍ സുള്‍ഫിക്കറിന്റെ ഇളയമകന്‍ ഷാനവാസ് വിഷബാധയേറ്റ് മരിക്കുന്നു. മുര്‍തസയുടെ മരണം 1997ല്‍. ഒടുവില്‍ 2007 ല്‍ ബേനസീറും. ഫാത്തിമയുടെ പുസ്തകം തുടങ്ങുന്നത് ഇതിനൊക്കെ മുമ്പില്‍ നിന്നാണ്. ഭൂപ്രഭുക്കന്‍മാരായ സുല്‍ഫിക്കറിന്റെ പിതാമഹന്‍മാരുടെ കാലം മുതല്‍ കഥ തുടങ്ങുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെയും പിന്നെ പാകിസ്ഥാനിലെയും രാഷ്ട്രീയത്തില്‍ ഭൂട്ടോ കുലം നടത്തിയ ഇടപെടലുകള്‍ വിവരിച്ചുപോകുന്ന ഫാത്തിമ സുല്‍ഫിക്കറിന്റെ കാലമെത്തുമ്പോള്‍ ചെറിയ ചെറിയ വസ്തുതകളില്‍ കൂടുതല്‍ ശ്രദ്ധാലുവാകുന്നു. സുല്‍ഫിക്കറിന്റെ ഭാര്യ ബീഗം നുസ്റത്തിന്റെ പ്രസവങ്ങളുടെ വിശദാംശങ്ങള്‍ തന്നെ ശ്രദ്ധേയം. ആദ്യ പ്രസവത്തില്‍ നുസ്റത്ത് ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനായിരുന്നു. പിന്നീട് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തീര്‍ന്ന ബേനസീറിനെ ജനന സമയത്ത് കുടുംബത്തിന് വേണ്ടായിരുന്നു. സുല്‍ഫിക്കറിന്റെ മാതാപിതാക്കള്‍ മകന്റെ കടിഞ്ഞൂല്‍ സന്താനത്തെ കാണാന്‍ വന്നില്ല. ആണ്‍ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്കാണ് പാക് സമൂഹത്തില്‍ പരിഗണനയുള്ളത്. പാകിസ്ഥാനിലെ ഏറ്റവും പുരോഗമന ചിന്താഗതിക്കാരുടെ കുടുംബത്തിലും അതിനൊന്നും മാറ്റമില്ല. പിന്നീട് നുസ്റത്ത്, മിര്‍ മുര്‍തസയെ പ്രസവിച്ചപ്പോള്‍ കഥ മാറി. പലഹാരങ്ങളും സമ്മാനങ്ങളുമായി സുല്‍ഫിക്കറിന്റെ മാതാവ് ഓടിയെത്തി. ഈയൊരു വൈരുധ്യത്തിന്റെ നിഴല്‍ ജീവിതാന്ത്യം വരെയും മുര്‍തസ ബേനസീര്‍ ബന്ധത്തിന് മേല്‍ ഇരുള്‍ പരത്തിയിരുന്നു. സഹോദര ബന്ധം സൂക്ഷിച്ചിരുന്നെങ്കിലും ഇരുവരുടെയും പരസ്പരമുള്ള ഇടപെടലുകള്‍ അത്ര അനായാസമായിരുന്നില്ല. പിതാവിന്റെ മരണ ശേഷം അത് മൂര്‍ഛിച്ചു.
പ്രതാപ കാലത്തെ പിതാവിനെ കണ്ടാണ് മുര്‍തസ വളരുന്നത്. രാഷ്ട്രത്തലവനായ സുല്‍ഫിക്കറിന്റെ വിലാസം മുര്‍തസയെ എല്ലായിടത്തും താരമാക്കി. പിന്നീട് അധികാരത്തിന്റെയും ജീവിതത്തിന്റെയും നിയന്ത്രണം വഴുതുമ്പോള്‍ സുല്‍ഫിക്കറിന്റെ ചിന്തകള്‍ പാറിയ വഴികള്‍ പിന്നീട് മുര്‍തസക്ക് ഹൃദിസ്ഥമായി. വിദേശ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിയായിരുന്ന മകന് തന്റെ ജീവിത വീക്ഷണങ്ങളും ചിന്തകളും കത്തുകള്‍ വഴി സുല്‍ഫിക്കര്‍ കൈമാറിയിരുന്നു. ജയിലില്‍ കിടന്ന് സുല്‍ഫിക്കള്‍ എഴുതിയ കത്തുകളായി മുര്‍തസയുടെ പില്‍ക്കല ജീവിതത്തിന്റെ പ്രമാണം.
സ്വന്തം കുഴി സുല്‍ഫിക്കര്‍ സ്വയം കുഴിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ഫാത്തിമ സമര്‍ഥിക്കുന്നു. ബംഗാളി പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട് 'ബുച്ചര്‍ ഓഫ് ബംഗാള്‍' എന്ന് വിളിപ്പേര്‍ സമ്പാദിച്ച ജനറല്‍ ടിക്കാ ഖാന്‍ പാകിസ്ഥാന്‍ സൈന്യത്തലവന്‍ പദവിയില്‍ നിന്ന് 1976 ല്‍ വിരമിച്ചപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ സുല്‍ഫിക്കറിന് ബുദ്ധിമുട്ടുണ്ടായില്ല. എന്നും തന്റെ വിശ്വസ്തനായിരുന്ന സിയാ ഉല്‍ ഹഖിനെ സീനിയറായ അഞ്ച് ജനറല്‍മാര്‍ക്ക് മുകളിലൂടെ സുല്‍ഫിക്കര്‍ സൈന്യത്തലവനാക്കി. പാക് സൈന്യത്തിന്റെ പ്രവര്‍ത്തന രീതികള്‍ നന്നായറിയാമായിരുന്ന സുല്‍ഫിക്കര്‍, ദുര്‍ബലനും വിധേയനുമെന്ന് വിലയിരുത്തിയ സിയ ഒരിക്കലും തന്റെ കസേരക്ക് ഭീഷണിയാകുമെന്ന് കരുതിയില്ല. വിനീത വിധേയനായി അഭിനയിച്ചിരുന്ന സിയയെ സുല്‍ഫിക്കര്‍ അന്ധമായി വിശ്വസിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇതു സംബന്ധിച്ച് ഭൂട്ടോ കുടുംബത്തില്‍ പില്‍ക്കാലത്ത് നിരന്തരം ആവര്‍ത്തിക്കപ്പെട്ടിരുന്ന ഒരു കഥ ഫാത്തിമ ഓര്‍ക്കുന്നു: ഒരിക്കല്‍ സൈനിക ജനറല്‍മാരുടെ നിര്‍ണായക യോഗം സുല്‍ഫിക്കര്‍ വിളിച്ചു. പ്രധാനമന്ത്രിയുടെ ശാസന ഭയന്നാണ് ഏവരുമെത്തിയത്. പതിവുപോലെ നിശ്ചിത സമയത്തിനും ഏറെ മുമ്പേ സിയ എത്തി. വികാരങ്ങളെ തണുപ്പിക്കാന്‍ പുകവലിയില്‍ ആശ്രയം കണ്ടെത്തിയിരുന്ന സിയ ആരുമില്ലാതിരുന്നപ്പോള്‍ ഒരു സിഗരറ്റിന് തീ കൊടുത്തു. സിഗരറ്റ് പകുതിയാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെത്തി. ചകിതനായ സിയ കത്തിച്ച സിഗരറ്റ് പെട്ടന്ന് പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തുണി കത്തി പുക പുറത്തുവരാന്‍ തുടങ്ങി. ഇങ്ങനെ സുല്‍ഫിക്കറിനെ ഭയന്നിരുന്ന സിയ ആണ് തിരിച്ചറിയാനാകാത്ത വണ്ണം പരിവര്‍ത്തനപ്പെടുന്നത്. സൈനിക മേധാവിയെന്ന പദവി സിയയെ വേറൊരു മനുഷ്യനാക്കി. അധികം കഴിയുന്നതിന് മുമ്പ് തലതൊട്ടപ്പനെ തന്നെ ലക്ഷ്യം വെക്കാന്‍ തുടങ്ങി. സിയയുടെ ലക്ഷ്യം സുല്‍ഫിക്കര്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
1977 ജൂലൈ നാലിന് സിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചീഫ് മാര്‍ഷല്‍ ലാ അഡ്മിനിസ്ട്രേറ്ററായി സ്വയം അവരോധിതനായി. പ്രധാനമന്ത്രി സുല്‍ഫിക്കര്‍ 'സുരക്ഷാ' തടങ്കലിലായി. ഇടക്ക് മോചിപ്പിക്കും, വീണ്ടും തടവിലാക്കും. എലിയും പൂച്ചയും കളി തുടര്‍ന്നു കൊണ്ടിരുന്നു. ഈ കാലത്തെപ്പോഴോ സിയ പറഞ്ഞു: 'ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ സുല്‍ഫിക്കർ. രണ്ടു മനുഷ്യര്‍, ഒരു ശവക്കച്ച'. അത് അച്ചട്ടായി. ഒരാള്‍ മാത്രം ശേഷിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിമാനത്തോടൊപ്പം ചാരമാകാന്‍.
കുരുക്കുകളൊക്കെ മുറുക്കി അവസാനമായി സുല്‍ഫിക്കറിനെ സിയ തടവിലാക്കി. പല കേസുകള്‍ ചാര്‍ത്തപ്പെട്ടു. ജീവനോടെ സുല്‍ഫിക്കറിനെ പുറത്തുവിടാന്‍ സിയക്ക് ഉദ്ദേശമില്ലെന്ന് രാജ്യം തിരിച്ചറിഞ്ഞു. പക്ഷേ, പിതാവിനെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാന്‍ മുര്‍തസ തയാറായിരുന്നില്ല. നേരത്തെ തന്നെ സ്വന്തം രാജ്യം മുര്‍തസക്ക് അന്യമായിരുന്നു. സിയയുടെ കാഴ്ചകളില്‍ നിന്ന് മകനെ മറച്ചുപിടിക്കാന്‍ പാകിസ്ഥാനില്‍ വരുന്നതില്‍ നിന്ന് മുര്‍തസയെ സുല്‍ഫിക്കര്‍ തടഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിദ്യാര്‍ഥിയായിരുന്ന മുര്‍തസ എല്ലാമുപേക്ഷിച്ച് പിതാവിന് വേണ്ടി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങി. രാജ്യ തലസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാനങ്ങളിലേക്ക്. സിയക്ക് മേല്‍ സമ്മര്‍ദം ചെലുതി പിതാവിനെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ എല്ലാം വിഫലമായി.
1979 ഏപ്രില്‍ നാലിന്റെ പുലരി. ലണ്ടനിലെ മുര്‍തസയുടെ വീട്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുര്‍തസ ഉറങ്ങുകയാണ്. നിശബ്ദതയെ ഭേദിച്ച് കൊണ്ട് ടെലഫോണ്‍ ബെല്‍ മുഴങ്ങുന്നു. മുര്‍തസയുടെ കാമുകി ഡെല്ലാ റൂഫഗാലിസ് ഫോണെടുത്തു. 'ബി.ബി.സിയില്‍ നിന്നാണ്. പുലര്‍ച്ചെ രണ്ടുമണിക്ക് സുല്‍ഫിക്കറിനെ വധിച്ച വിവരം അറിഞ്ഞിരുന്നോ'. ഇല്ലെന്ന് ഡെല്ല. പ്രതികരണത്തിനായി ഭൂട്ടോ കുടുംബത്തിന്റെ ഔദ്യോഗിക വക്താവായ മുര്‍താസയെ വേണം ബി.ബി.സിക്ക്. വിറയാര്‍ന്ന കൈകളോടെ ഡെല്ല മുര്‍തസയെ തട്ടിയുണര്‍ത്തി. 'മിർ, ഫോണ്‍ നിനക്കാണ്. ബി.ബി.സിയില്‍ നിന്ന്'.
കട്ടിലില്‍ എണീറ്റിരുന്ന് ഫോണെടുത്ത മുര്‍തസക്ക് അഭിമുഖമായി ഡെല്ല ഇരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞില്ല. മുര്‍തസയുടെ കൈകളും മുഖവും വിറക്കാന്‍ തുടങ്ങി. പല്ലുകള്‍ കൂട്ടിയിടിച്ചു. മരണാസന്നനായ ഒരു പക്ഷിയെ പോലെ മുര്‍തസ വിറ കൊള്ളുകയാണ്. 'അവരൊരു നായകനെ കൊന്നു. ഇതിനവര്‍ വില കൊടുക്കേണ്ടി വരും'. ഫോണ്‍ ക്രാഡിലിലേക്കെറിഞ്ഞ് മുര്‍തസ ആക്രോശിച്ചു. നിയന്ത്രണം വിട്ട മുര്‍തസയെ ഡെല്ല ആശ്വാസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എണീറ്റ് ബാത്ത്റൂമിലേക്ക് പോയി കുളിച്ച് മടങ്ങി വന്ന മുര്‍തസ അലമാരയില്‍ നിന്ന് വെളുത്ത സല്‍വാര്‍ കമീസ് എടുത്തിട്ടു. വിലാപത്തിന്റെ നിറമാണ് പാകിസ്ഥാനില്‍ വെള്ള. ഈ ദിനത്തിനായി പാകിസ്ഥാനില്‍ നിന്ന് വരുത്തി വെച്ചിരുന്നതായിരുന്നു ആ കമീസ്. സമനില വീണ്ടെടുത്ത് അനുജന്‍ ഷാനവാസിന്റെ മുറിയിലേക്ക് മുര്‍തസ നടന്നു. ഷാനവാസിനെ ഉണര്‍ത്തി തങ്ങള്‍ അനാഥരായ വാര്‍ത്ത അറിയിച്ചു. അപ്പോഴേക്കും അനുഭാവികളെയും മാധ്യമ പ്രവര്‍ത്തകരെയും കൊണ്ട് വീട് നിറഞ്ഞു.
സുല്‍ഫിക്കറിനെ തൂക്കിലേറ്റിയ വാര്‍ത്ത പുറത്തുവിടും മുമ്പ് തന്നെ സൈന്യം അദ്ദേഹത്തെ ഖബറടക്കിയിരുന്നു. സുല്‍ഫിക്കറിന്റെ ശരീരം ഒരു നോക്ക് കാണാനുള്ള അവസരം പോലും കുടുംബത്തിന് നിഷേധിക്കപ്പെട്ടു. തൂക്കിലേറ്റിയാണ് കൊന്നതെന്ന ഔദ്യോഗിക ഭാഷ്യം ശരിവെക്കുന്ന ഒരു തെളിവും കുടുംബത്തിന് ലഭിച്ചില്ല. ജയിലില്‍ വെച്ച് പീഡിപ്പിച്ച് കൊന്നതാണെന്ന് ഭൂട്ടോ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നു.
ജയിലിലില്‍ നിന്ന് സുല്‍ഫിക്കര്‍ മുര്‍തസക്കയച്ച കത്തുകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഫാത്തിമയുടെ പുസ്തകം പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചാ വിഷയമായി. അവസാനമായി സുല്‍ഫിക്കര്‍ മകനയച്ചതെന്ന് പറയുന്ന സന്ദേശത്തെ കുറിച്ച് കുടുംബത്തില്‍ നിന്ന് തന്നെ സംശയങ്ങളുന്നയിക്കപ്പെട്ടു. ആ വിവാദ സന്ദേശത്തെകുറിച്ച് ഫാത്തിമ എഴുതുന്നു: ജയിലില്‍ കിടക്കുന്ന സുല്‍ഫിക്കറിന്റെ ആരോഗ്യനില വഷളായെന്ന വാര്‍ത്തയുമായി ലണ്ടനിലുള്ള മുര്‍തസയെ കാണാണ്‍ ഒരു ദൂതനെത്തി. ശരീരം നന്നെ ശോഷിച്ച് അവശനായ സുല്‍ഫിക്കറിന്റെ പല്ലുകള്‍ പൊടിഞ്ഞുപോകുകയാണ്. ജയില്‍ ഭക്ഷണത്തില്‍ കണ്ണാടിത്തുണ്ടുകള്‍ കിട്ടുമായിരുന്നുവത്രെ. സുല്‍ഫിക്കറിന്റെ ഒരു കത്തും ദൂതന്‍ മുര്‍തസക്ക് കൈമാറി. സുല്‍ഫിക്കര്‍ എഴുതിയ അവസാന കത്ത്. അഫ്ഗാനിസ്ഥാനിലേക്ക് മാറാന്‍ മുര്‍തസയോടും ഷാനവാസിനോടും സുല്‍ഫിക്കറിന്റെ നിര്‍ദേശമാണ് കത്തിലുള്ളത്. 'പാകിസ്ഥാന് പരമാവധി അടുത്തെത്തുക. എന്റെ മരണത്തിന് പ്രതികാരം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരും എന്റെ മക്കളല്ല'. പിതാവിന്റെ ഈ അന്ത്യശാസനം പിന്നീട് പലതവണ മുര്‍തസ വായിക്കുന്നത് കണ്ടതായി കത്തു കിട്ടുമ്പോഴും ശേഷം വര്‍ഷങ്ങളോളവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കാമുകി ഡെല്ലാ റൂഫഗാലിസ് ഓര്‍ക്കുന്നു.
മുര്‍തസയുടെ ജീവിതത്തിലെ ഇരുണ്ടതും നിഗൂഡവുമായ അധ്യായങ്ങള്‍ക്ക് വഴി തുറന്നത് ആ കത്താണെന്ന് ഫാത്തിമ പറയുന്നു. കാബൂളില്‍ നിന്ന് പാകിസ്ഥാനിലെ സൈനിക ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിന് മുര്‍തസ ഒരുങ്ങിയത് പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണത്രെ. പിന്നീട് ജനാധിപത്യ രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ചെങ്കിലും ആ കറ മാഞ്ഞില്ല. മുര്‍തസയുടെ ആ ഇമേജ് വര്‍ധിപ്പിക്കാന്‍ സിയ സര്‍ക്കാരും പിന്നീട് സഹോദരി ബേനസീറും ആവതു ശ്രമിച്ചു. അതിന് വേണ്ട 'കണ്ടെത്തലു'കള്‍ സമയാസമയങ്ങളിലുണ്ടായി.
പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുര്‍തസ ആയുധത്തിന്റെ വഴി തെരഞ്ഞെടുത്തതെന്ന് ഫാത്തിമ സമര്‍ഥിക്കുമ്പോള്‍ ആ വാദത്തെ ഖണ്ഡിച്ച് കുടുംബാംഗങ്ങള്‍ തന്നെ രംഗത്ത് വരുന്നു. ഫാത്തിമയുടെ പുസ്തകം ഇറങ്ങിയ ഉടന്‍ തന്നെ സുല്‍ഫിക്കറിന്റെ നാലുമക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേഒരാളായ സനം ഭുട്ടോ ഇതിനെ എതിര്‍ത്തു. മക്കളുടെ ഭാവിയിലും പഠനത്തിലും അതീവ ശ്രദ്ധാലുവായിരുന്ന സുല്‍ഫിക്കര്‍ അങ്ങനെയൊരു കത്തെഴുതിയിരുന്നില്ലെന്ന് സനം പറയുന്നു. അറിഞ്ഞുകൊണ്ട് മക്കളെ കൊലക്ക് കൊടുക്കാന്‍ സുല്‍ഫിക്കര്‍ തയാറാകുമായിരുന്നില്ല. പിതാവിനെ സ്തുതി കൊണ്ട് മൂടുന്നതിനിടയില്‍ ഫാത്തിമ അന്ധയായി പോയെന്നാണ് സനത്തിന്റെ പക്ഷം.
1985. ഭൂട്ടോ പരിവാരം ലോകത്തിന്റെ പലഭാഗങ്ങളിലായി രാഷ്ട്രീയ വനവാസത്തില്‍ കഴിയുന്നു. മുര്‍തസയും കുഞ്ഞുമകള്‍ ഫാത്തിമയും ദമാസ്കസില്‍. അനിയന്‍ ഷാനവാസും കുടുംബവും ഫ്രാന്‍സിലെ നീസില്‍. സുല്‍ഫിക്കറിന്റെ വിധവ നുസ്റത്ത് ജനീവയില്‍. ബേനസീറും സനവും ലണ്ടനിൽ. അവരെല്ലാം ഒരു ദിവസം ഷാനവാസ് താമസിക്കുന്ന നീസില്‍ ഒത്തുകൂടാന്‍ തീരുമാനിക്കുന്നു. ഏറെക്കാലത്തിന് ശേഷം കുഞ്ഞനുജനെ കാണുന്നതിലുള്ള ആവേശത്തിലായിരുന്നു മുര്‍തസ. ജൂലൈ 17 ന് വൈകുന്നേരം പോര്‍ട്ട് ലാഗലേറയിലെ കടപ്പുറത്ത് അവര്‍ ഒത്തുചേര്‍ന്നു. ഷാനവാസിന്റെ അപാര്‍ട്മെന്റിലായിരുന്നു മുര്‍തസയുടെ താല്‍ക്കാലിക വാസം. ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്തോ പറഞ്ഞ് ഷാനവാസും ഭാര്യ റെഹാനയും പിണങ്ങി. തര്‍ക്കമായി. വാഗ്വാദം മൂത്തപ്പോള്‍ മുര്‍തസ ഇടപെട്ടു. 'തന്റെ പണി നോക്കെന്ന്' മുഖത്തടിച്ച പോലെ റെഹാന പറഞ്ഞു. എല്ലാവരും സ്തബ്ധരായി. പിന്നെ വഴക്ക് റെഹാനയും മുര്‍തസയും തമ്മിലായി. ഭാര്യയെ തടയാന്‍ ഷാനവാസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തന്റെ വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ റെഹാന മുര്‍തസയോട് ആക്രോശിച്ചു. ഒരു കൊടുങ്കാറ്റുപോലെ മുര്‍തസ അവിടെ നിന്നിറങ്ങിപ്പോയി. സഹോദരന്‍ പോകുന്നത് കണ്ട് നിസഹായനായി നില്‍ക്കാനേ ഷാനവാസിന് കഴിഞ്ഞുള്ളു.
മാതാവ് നുസ്റത്തിന്റെ അപാര്‍ട്മെന്റിലേക്ക് താമസം മാറിയ മുര്‍തസ അവിടെ നിന്ന് രാത്രി വൈകി നഗരത്തിലെ ഒരു കാസിനോയിലേക്ക് പോയി. പുലരും വരെ കാസിനോയില്‍ കഴിച്ച മുര്‍തസ രാവിലെ ഫ്ലാറ്റിലെത്തി ഉറങ്ങാന്‍ കിടന്നു. ഉച്ചക്ക് രണ്ടരക്ക് കോളിംഗ് ബെല്‍ കേട്ടാണ് ഉണര്‍ന്നത്. ആകെ തകര്‍ന്ന നിലയില്‍ റെഹാനയാണ്. മുഖം കൊടുക്കാന്‍ മുര്‍തസ തയാറായില്ല. പരിഭ്രാന്തയായി എന്തൊക്കെ പുലമ്പുന്ന റെഹാനയെ കണ്ടപ്പോള്‍ സംഭവം പന്തിയല്ലെന്ന് മുര്‍തസക്ക് മനസിലായി. റെഹാനയെയും കാറില്‍ കയറ്റി ഷാനവാസിന്റെ അപാര്‍ട്മെന്റിലേക്ക് പാഞ്ഞു. ഷാനവാസിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഗ്രഹിച്ച മുര്‍തസ അവനെങ്ങനെയുണ്ടെന്ന് ചോദിച്ചു. ശരീരം മുഴുവന്‍ നീല നിറമാണെന്ന് റെഹാന. പരിഭ്രാന്തനായ മുര്‍തസ 'അവന് ജീവനുണ്ടോ, അതോ മരിച്ചോ' എന്ന് ദേഷ്യപ്പെട്ടു. ഷാനവാസിന്റെ അവസ്ഥ കണ്ട റെഹാന അങ്ങോട്ട് നോക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ലത്രെ. മുര്‍തസ അപാര്‍ട്മെന്റിലേക്ക് കടക്കുമ്പോള്‍ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഷാനവാസിന്റെ ശരീരം. കണ്ടപ്പോള്‍ തന്നെ അവന്‍ മരിച്ചു കഴിഞ്ഞുവെന്ന് മനസിലായെന്ന് മുര്‍തസ പിന്നെ ഓര്‍ത്തു. നെഞ്ചിലും മുഖത്തുമെല്ലാം നീല പാടുകള്‍. പൊലീസെത്തി. എല്ലാവരെയുെം ചോദ്യം ചെയ്തു. അനിയന്‍ ആത്മഹത്യ ചെയ്യില്ലെന്ന് മുര്‍തസ ഉറപ്പിച്ചു പറഞ്ഞു. കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. സിയ ഉള്‍ ഹഖിന്റെ ചാരപ്പട ഷാനവാസിനെ കൊന്നുവെന്നതായിരുന്നു പ്രധാനം.
സുല്‍ഫിക്കറിന്റെ മൂത്ത മകനെന്ന നിലയില്‍ മുര്‍തസയാണ് സിയയുടെ പ്രധാന എതിരാളിയെങ്കിലും സായുധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഷാനവാസായിരുന്നു. സഹോദരന്‍മാരില്‍ ഏറ്റവും അപകടകാരി ഷാനവാസ് ആണെന്ന് ഒരു പൊതുധാരണ അന്ന് പ്രബലമായിരുന്നു. പക്ഷേ, എങ്ങനെയാണ് സിയയുടെ ചാരന്‍മാര്‍ ഷാനവാസിനെ കൊന്നതെന്ന് മാത്രം ആര്‍ക്കും വിശദീകരിക്കാനായില്ല.
റെഹാനയെയും ചിലര്‍ പ്രത്യേകിച്ച് ഷാനവാസിന്റെ കുടുംബം സംശയിച്ചു. പൊലീസും ഇതേ ദിശയില്‍ അന്വേഷണം നടത്തിയെങ്കിലും ഒരിടത്തുമെത്തിയില്ല. പുലര്‍ച്ചെയാണ് ഷാനവാസിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സംഭവം പുറത്തറിയുന്നതും പൊലീസിനെ അറിയിക്കുന്നതും ഒമ്പതു മണിക്കൂറിന് ശേഷമായിരുന്നു. ഈ സമയം മുഴുവന്‍ റെഹാന ഷാനവാസിന്റെ ശരീരത്തിനൊപ്പമുണ്ടായിരുന്നു. റെഹാന അറിയാതെ ഷാനവാസിന് ഒന്നും സംഭവിക്കില്ല. സംശയത്തിന്റെ മുന റെഹാനക്ക് നേരെ തിരിയാന്‍ ഇതൊക്കെ കാരണങ്ങളായി. പലതവണ റെഹാനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മാസങ്ങളോളം ജയില്‍ വാസമനുഷ്ഠിച്ചു. പക്ഷേ റെഹാനയുടെ പങ്ക് തെളിയിക്കാന്‍ ഫ്രഞ്ച് പൊലീസിനായില്ല. വിട്ടയക്കപ്പെട്ട ഉടന്‍ റെഹാന അമേരിക്കക്ക് പറന്നു.
സഹോദരന്റെ മരണം മുര്‍തസയെ തളര്‍ത്തി. അനുജനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന ചിന്ത വേട്ടയാടാന്‍ തുടങ്ങി. ആ രാത്രി ഷാനവാസിന്റെ ഫ്ലാറ്റില്‍ താനുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് മരണം വരെയും മുര്‍തസ വിശ്വസിച്ചിരുന്നു. മുര്‍തസ മെലിഞ്ഞു. ആ തമാശകളും പൊട്ടിച്ചിരികളും മാഞ്ഞു. പിന്നീടൊരിക്കലും മുര്‍തസ പഴയ ആളായില്ല.
ഷാനവാസിന്റെ കേസ് വാദിക്കാന്‍ മുര്‍തസ നിയോഗിച്ച ജാക്വിസ് വെര്‍ഗാസ് എന്ന അഭിഭാഷകനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫാത്തിമ കണ്ടു. ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളാണ് ആ കൂടിക്കാഴ്ച ഫാത്തിമക്ക് സമ്മാനിച്ചത്. 'ഷായുടെ കൊലപാതകത്തെ ഒരു വലിയ കേസാക്കണമെന്ന് എന്നിക്കുണ്ടായിരുന്നു. പക്ഷേ, ബേനസീര്‍ എതിര്‍ത്തു. സി.ഐ.എയെയും പാകിസ്ഥാനി ഇന്റലിജന്‍സ് സര്‍വീസിനെയും പിണക്കാന്‍ ബേനസീര്‍ ഒരുക്കമായിരുന്നില്ല. ഈ രണ്ടു ഏജന്‍സികളും ഷാനവാസിന്റെ മരണത്തിന് പിന്നിലുണ്ടെന്ന് മുര്‍തസ ഉറച്ചു വിശ്വസിച്ചിരുന്നു.': വെര്‍ഗാസ് പറഞ്ഞു. എന്തുകൊണ്ട് ബേനസീര്‍ അത്തരമൊരു നിലപാടെടുത്തു എന്ന ചോദ്യത്തിന് അര്‍ഥഗര്‍ഭമായ പുഞ്ചിരിയായിരുന്നു വെര്‍ഗാസിന്റെ മറുപടി. അക്കാലത്ത് ബേനസീര്‍ രണ്ടു ചാര ഏജന്‍സികളുമായും നല്ല ബന്ധത്തിലായിരുന്നു. അവരുടെ പിന്തുണയായിരുന്നു ബേനസീറിന്റെ ശക്തി. തന്റെ അവസാന തെരഞ്ഞെടുപ്പ് കാമ്പയിനിന് സുരക്ഷയൊരുക്കാന്‍ അമേരിക്കന്‍ കൂലിപ്പട്ടാളമായ ബ്ലാക്ക്വാട്ടറിനെ ബേനസീര്‍ സമീപിച്ചുവെന്ന വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകാന്‍ ഇടയില്ല. ഷാനവാസിന്റെ കേസ് പുരോഗമിക്കുന്നത് തടഞ്ഞത് ബേനസീറാണ്. ആ കേസ് പുറത്തു വരാതിരുന്നാല്‍ ബേനസീറിന് എന്തെങ്കിലും ലാഭമുണ്ടായിരുന്നോ എന്ന ഫാത്തിമയുടെ ചോദ്യത്തിന് 'അങ്ങനെയൊരു സാധ്യത താന്‍ തള്ളിക്കളയുന്നില്ല' എന്നാണ് വെര്‍ഗാസ് മറുപടി പറഞ്ഞത്.
സിയയുടെ ഭീഷണ വാഴ്ചയില്‍ രാജ്യത്ത് പ്രവേശിക്കാനാകാതെ മുര്‍തസ പ്രവാസിയായി ഉലകം ചുറ്റുമ്പോള്‍ സുല്‍ഫിക്കറിന്റെ പാകിസ്ഥാനിലുള്ള ഏക അനന്തരാവകാശി എന്ന നിലയില്‍ ബേനസീര്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു; പാകിസ്ഥാനി രാഷ്ട്രീയത്തിലും സുല്‍ഫിക്കറിന്റെ മരണത്തോടെ നേതൃരഹിതമായ പി.പി.പിയിലും. പുരുഷ കേന്ദ്രീകൃതമായ പാക് സാമൂഹികാന്തരീക്ഷത്തില്‍ ആണ്‍ സന്താനമാണ് പിതാവിന്റെ പാരമ്പര്യത്തിന് നേരവകാശി. വിവാഹിതയാകുന്നതോടെ സ്ത്രീ വേറെ കുടുംബത്തിലെ ആളാകുകയാണ്. പക്ഷേ, സര്‍ദാരിയെ വിവാഹം ചെയ്ത ശേഷവും ഭൂട്ടോയെന്ന നാമം നിലനിര്‍ത്തിയ ബേനസീര്‍ മുര്‍തസയെ തന്ത്രപരമായി ഒഴിവാക്കി, പാര്‍ടിയുടെ കടിഞ്ഞാല്‍ കൈക്കലാക്കി. സര്‍ദാരിയുടെ കുതന്ത്രങ്ങള്‍ ബേനസീറിനെ തുണച്ചു. സിയയുടെ മിലിറ്ററി ഗവണ്‍മെന്റുമായി സഹകരിക്കാനുള്ള ബേനസീറിന്റെ തീരുമാനം മുര്‍തസയെ ചൊടിപ്പിച്ചു. ഇരുവരും തെറ്റി. ബേനസീറിന്റെ അവസരവാദ നയങ്ങളുടെ വിമര്‍ശകനായി മുര്‍തസ മാറി. ബേനസീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു അങ്ങനെ സ്വന്തം കൂടപ്പിറപ്പായി.
വിമാനാപകടത്തില്‍ സിയ മരിച്ചശേഷം 1988 ഡിസംബറില്‍ 35 ാം വയസില്‍ ബേനസീര്‍ പാകിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശത്രുതയിലായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ സഹോദരിയുടെ നില ദമാസ്കസിലിരുന്ന് മുര്‍തസ സസൂക്ഷ്മം നിരീക്ഷിച്ചു. പി.പി.പിക്ക് ലഭിച്ച സീറ്റുകളില്‍ അതൃപ്തനായ മുര്‍തസ തെരഞ്ഞെടുപ്പ് സൈന്യം അട്ടിമറിച്ചുവെന്നും ഫലം തള്ളി പ്രതിപക്ഷത്തിരിക്കണമെന്നും സഹോദരിയെ ഉപദേശിച്ചു. മാതാവ് നുസ്റത്തും അതു തന്നെ പറഞ്ഞു. അധികാരത്തിന്റെ ഗന്ധം ശ്വസിച്ച ബേനസീര്‍ ആരെയും അനുസരിച്ചില്ല. സൈന്യത്തിന്റെ എല്ലാ നിബന്ധനകള്‍ക്കും വഴങ്ങി പ്രധാനമന്ത്രി പദം സ്വീകരിച്ചു. സിയയുടെ മന്ത്രിസഭയിലിരുന്ന് പി.പി.പിയെ വേട്ടയാടിയവരായിരുന്നു ബേനസീറിന്റെ മന്ത്രിസഭയിലും ശക്തര്‍. ബേനസീര്‍ വന്ന വഴി മറന്നു.
സിയയുടെ മരണത്തോടെ അപകടമൊഴിഞ്ഞെന്ന് വിശ്വസിച്ച മുര്‍തസ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമം തുടങ്ങി. ഭരണകൂടം തന്റെ മേല്‍ ചാര്‍ത്തിയ കേസുകളൊക്കെ നേരിടാനൊരുങ്ങി തന്നെയാണ് മുര്‍തസ അതിന് ശ്രമിച്ചത്. സുല്‍ഫിക്കറിന്റെ ജീവിച്ചിരിക്കുന്ന ഏക ആണ്‍തരി പാകിസ്ഥാനിലെത്തുന്നത് തന്റെ അടിത്തറയിളക്കുമെന്ന് ഭയന്ന ബേനസീര്‍ മുര്‍തസയെ നിരുല്‍സാഹപ്പെടുത്തി. പലതവണ മുര്‍തസ ആവശ്യപ്പെട്ടിട്ടും ബേനസീര്‍ വഴങ്ങിയില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടെ ബേനസീറിന് അധികാരം നഷ്ടമായി. വീണ്ടും തെരഞ്ഞെടുപ്പ് വന്നു.
ഒടുവില്‍ 1993 ല്‍ നാട്ടിലേക്ക് മടങ്ങാന്‍ മുര്‍തസ ഏകപക്ഷീയമായി തീരുമാനിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആഗ്രഹവും സഹോദരിയെ അറിയിച്ചു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഒമ്പതു സീറ്റ് ചോദിച്ചു. സൂചി കുത്താനിടം നല്‍കില്ലെന്ന് ബേനസീര്‍. മുര്‍തസ ചോദിച്ച സീറ്റുകളൊക്കെ സര്‍ദാരിയുടെ ശിങ്കിടികള്‍ക്ക് കൊടുത്തു. തനിക്കായി മുര്‍തസ ചോദിച്ച ലാര്‍കാന മുനവര്‍ അബ്ബാസിയെന്നൊരാള്‍ക്ക് കൊടുത്തു. ഗാന്ധി കുടുംബത്തിന് അമേഥി എന്താണോ അതാണ് ഭൂട്ടോമാര്‍ക്ക് ലാര്‍കാന. സുല്‍ഫിക്കറിന്റെ തട്ടകം. സുല്‍ഫിക്കറും പിന്നെ മുര്‍തസയും വാസമുറപ്പിച്ച പ്രദേശം. ഭൂട്ടോ കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലമാണ് ലാര്‍കാന. മുര്‍തസക്ക് നിഷേധിച്ചിട്ട് ലാര്‍കാന കൊടുത്ത മുനവ്വര്‍ അബ്ബാസിയാകട്ടെ ഭൂട്ടോ കുടുംബത്തിന്റെ ശത്രുവും. സുല്‍ഫിക്കറിനെ തൂക്കിലേറ്റിയ സിയ അധികാരമേറ്റ ശേഷം ആദ്യമായി ലാര്‍കാനയിലെത്തിയപ്പോള്‍ ഹാരമണിയിച്ച് സ്വീകരിച്ചയാളാണ് മുനവ്വര്‍. അതുപോലും ബേനസീര്‍ മറന്നു. മുര്‍തസക്ക് വേണ്ടി സംസാരിച്ച നുസ്റത്തിനെ സ്വന്തം മാതാവാണെന്നത് പോലും നോക്കാതെ ബേനസീര്‍ പി.പി.പിയുടെ ഓണററി ചെയര്‍പേഴ്സന്‍ പദവിയില്‍ നിന്ന് പുറത്താക്കി. ലാര്‍കാനയില്‍ സ്വതന്ത്രനായി നില്‍ക്കാന്‍ മുര്‍തസ തീരുമാനിച്ചു. ദമാസ്കസിലിരുന്ന് മല്‍സരിച്ച മുര്‍തസക്ക് വേണ്ടി ഭാര്യ പാക്കിസ്ഥാനിലെത്തി നോമിനേഷന്‍ ഫയല്‍ ചെയ്തു. കുടുംബത്തില്‍ അനുകൂലിക്കുന്നവരും അനുയായികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. സുല്‍ഫിക്കറിന്റെ മകന്റെ അദൃശ്യ സാന്നിധ്യത്തിന് ലാര്‍കാനയില്‍ പ്രതികരണമുണ്ടായി. ബേനസീറിനും ലാര്‍കാന അഭിമാന പ്രശ്നമായിരുന്നു. പക്ഷേ വാശിയേറിയ മല്‍സരത്തിനൊടുവില്‍ ഒരിക്കല്‍ പോലും മണ്ഡലം കാണാത്ത മുര്‍തസ വിജയിച്ചു.
ദമാസ്കസില്‍ മുര്‍തസയുടെ മടക്കത്തിനുള്ള ഒരുക്കം തുടങ്ങി. ഇതുവരെ തന്ന സൗകര്യങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് സിറിയന്‍ പ്രസിഡന്റ് ഹഫീസ് അല്‍ അസാദിനോട് യാത്ര പറഞ്ഞു. മുര്‍തസയുടെ മടക്കം എളുപ്പമായിരിക്കില്ലെന്ന് മുന്‍കൂട്ടി കണ്ട അസാദ് തന്റെ പ്രസിഡന്‍ഷ്യല്‍ വിമാനം യാത്രക്കായി നല്‍കി. സിറിയയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വഴിയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാനത്തിന് ക്ലിയറന്‍സ് കിട്ടി, പാക്കിസ്ഥാനിലൊഴികെ. അസാദിന്റെ പ്രതീക്ഷ തെറ്റിച്ച് വിമാനം ലാന്റ് ചെയ്യാനുള്ള അനുമതി ബേനസീര്‍ നിഷേധിച്ചു. മറ്റൊരു രാഷ്ട്രത്തലവന്റെ വിമാനത്തിന് അനുമതി നിഷേധിച്ചാലുണ്ടാകാവുന്ന നയതന്ത്ര പ്രതിസന്ധി ഒഴിവാക്കാന്‍ വിമാനം ഒടുവില്‍ ദുബൈയിലിറക്കി. അവിടെ നിന്ന് എത്യോപ്യന്‍ എയര്‍വെയ്സിന്റെ വിമാനത്തില്‍ മുര്‍തസ കറാച്ചിക്ക്.
കറാച്ചി വിമാനത്താവളത്തില്‍ മുര്‍തസയുടെ അനുയായികളുടെ പ്രളയം. ആള്‍ക്കൂട്ടത്തിന്റെ ആവേശം പലപ്പോഴും നിയന്ത്രണം വിട്ടു. വീരോചിതമായി ആയിരക്കണക്കിന് അനുയായികളുടെ മധ്യത്തില്‍ മുര്‍തസ പാക് മണ്ണില്‍ ഇറങ്ങുന്നത് ബേനസീറിന് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം. അതിനാല്‍ മുര്‍തസയുടെ പാതയില്‍ തടസങ്ങള്‍ സൃഷ്ടിക്കാനായി പിന്നെ ശ്രമം. വിമാനം ലാന്റ് ചെയ്യേണ്ട ടെര്‍മിനല്‍ പല തവണ മാറ്റി. ഇടക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ ലാത്തിചാര്‍ജ്, കണ്ണീര്‍ വാതക പ്രയോഗം. പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കക്കും ഒടുവില്‍ രാത്രി വൈകി മാത്രമാണ് മുര്‍തസക്ക് പാക് മണ്ണിലിറങ്ങാനായത്. കാത്തു നിന്ന ആള്‍ക്കൂട്ടത്തിന്റെ കാഴ്ചയില്‍ നിന്ന് മറച്ച് പിന്‍വാതിലിലൂടെ പൊലീസ് മുര്‍തസയെ കടത്തിക്കൊണ്ടുപോയി, ലാന്‍ധി ജയിലിലേക്ക്. സഹോദരനോട് കാണിച്ച ഈ കണ്ണില്‍ചോരയില്ലായ്മക്ക് കാലം ബേനസീറിനോട് കണക്കു തീര്‍ത്തു. രണ്ടു പതിറ്റാണ്ടിന് ശേഷം മുശര്‍റഫിന്റെ ഉരുക്കു മുഷ്ടിക്ക് കീഴില്‍ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമിച്ച ബേനസീറിന് നേരിടേണ്ടി വന്ന യാതനകള്‍ ഓര്‍ക്കുക.
സിയയുടെത് മുതലുള്ള സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ ചാര്‍ത്തിയ അസംഖ്യം കേസുകളുമായി ബന്ധപ്പെട്ടാണ് മുര്‍തസ ജയിലിലടക്കപ്പെട്ടത്. എട്ടുമാസം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ '94 ജൂണില്‍ കോടതി ജാമ്യം അനുവദിച്ചു. ഈ കാലമെല്ലാം സഹോദരന്റെ കാരാഗൃഹവാസം പരമാവധി ദുഷ്കരമാക്കാനും മോചനം നീട്ടിക്കൊണ്ടുപോകാനും ബേനസീര്‍ ശ്രമിച്ചു. കോടതിയുടെ മോചന ഉത്തരവ് വന്നിട്ടും കൂടുതല്‍ കേസുകള്‍ ചാര്‍ത്താന്‍ സര്‍ക്കാര്‍ നോക്കി. അവസാനം നുസ്റത്തിന് ഇടപെടേണ്ടിവന്നു, മകളില്‍ നിന്ന് മകനെ രക്ഷിക്കാന്‍.
അങ്ങനെ 17 വര്‍ഷം മുമ്പ് ഒരു 23 കാരനായി ഇറങ്ങിപ്പോയ '70 ക്ലിഫ്റ്റണ്‍' എന്ന കറാച്ചിയിലെ സുല്‍ഫിക്കറിന്റെ വീട്ടിലേക്ക് മധ്യവയസ്കനായി മുര്‍തസ മടങ്ങിവന്നു. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ വീണ ഇടനാഴിയിലൂടെ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട് ഏകനായി നടന്നു. അവിടന്ന് അവസാനമായി ഇറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പിതാവിന്റെയും സഹോദരന്റെയും ഓര്‍മകളില്‍ മുര്‍തസ വികാരാധീനനായി. വീടിന് മുന്നിലെ പുതിയ കണ്ണാടി വാതിലിന് മുന്നില്‍ ഒരു നിമിഷം നിന്നു. ബേനസീര്‍ അവിടെ താമസിച്ചിരുന്നപ്പോള്‍ അവരുടെ സുരക്ഷക്കായി സ്ഥാപിച്ചതാണത്. അടുത്ത ദിവസം ആ കണ്ണാടി വാതില്‍ 70 ക്ലിഫ്റ്റണില്‍ നിന്ന് നീക്കപ്പെട്ടു.
പാകിസ്ഥാനില്‍ മുര്‍തസയുടെ സാന്നിധ്യം ബേനസീറിനും സര്‍ദാരിക്കും അസൌകര്യമായി. പ്രതിപക്ഷത്തേക്കാളും വലിയ പ്രതിപക്ഷമായി മുര്‍തസ വളര്‍ന്നു. സുല്‍ഫിക്കറിന്റെ നേരവകാശിയായ മകനൊപ്പം പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചെത്തി. ബേനസീസിന്റെയും സര്‍ദാരിയുടെയും ദുര്‍ഭരണത്തില്‍ മടുത്ത് പിന്‍വാങ്ങിയവര്‍ മുര്‍തസയോട് കൂടി.
കാല്‍ക്കീഴിലെ മണ്ണൊലിക്കുന്നത് തിരിച്ചറിഞ്ഞ ബേനസീര്‍ പരിഭ്രാന്തയായി. മുര്‍തസയുടെ സഹപ്രവര്‍ത്തകരെ പൊലീസ് വേട്ടയാടാന്‍ തുടങ്ങി. പാകിസ്ഥാനിലെ ഏറ്റവും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന പട്ടണമായി കറാച്ചി മാറിയ കാലമായിരുന്നു അത്. അധോലോക സംഘങ്ങള്‍ തമ്മിലും അവരും പൊലീസുമായുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയായി. ഓരോ മാസവും മരണ സംഖ്യ ആയിരങ്ങളിലെത്തി. എന്നും കറാച്ചി പുലരുന്നത് പാതയോരങ്ങളിലെ അജ്ഞാത മൃതദേഹങ്ങള്‍ കണി കണ്ടായിരുന്നു. 'മരണത്തിന്റെ നഗരം' എന്ന് വിദേശ മാധ്യമങ്ങള്‍ കറാച്ചിയെ വിശേഷിപ്പിച്ചു. അധോലോകത്തിനെതിരെ പൊലീസ് 'ഓപറേഷന്‍ ക്ലീന്‍അപ്' എന്ന പേരില്‍ നടപടി ആരംഭിച്ചു. 'ഏറ്റുമുട്ടല്‍ കൊല'കള്‍ പതിവായി. പൊലീസിന്റെ ഭീകര വാഴ്ചയില്‍ കറാച്ചിപട്ടണം വിറകൊണ്ടു. ഒരിക്കല്‍ പാകിസ്ഥാനിലെ ഏറ്റവും സജീവ നഗരമായിരുന്ന കറാച്ചി സന്ധ്യ മയങ്ങിയാല്‍ വിജനമാകാന്‍ തുടങ്ങി. ഭയം കറാച്ചിയെ ഗ്രസിക്കാന്‍ തുടങ്ങി. അധോലോകത്തിനെതിരെ ആരംഭിച്ച ഓപറേഷന്‍ ക്രമേണ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടത്തിനുള്ള മറയായി. ഭരണകൂടത്തിന്റെ കൂലിപ്പട്ടാളമായി പൊലീസ് മാറി. മുര്‍തസയുടെ അനുയായികള്‍ അപ്രത്യക്ഷരാകാന്‍ തുടങ്ങി. വാറണ്ടില്ലാതെ അറസ്റ്റിലായ പലരും പിന്നെ പുറത്തു വന്നില്ല. മുര്‍തസ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. അതൊക്കെ പിന്നീട് സ്റ്റേഷന്‍ ആക്രമണങ്ങളായി ചിത്രീകരിക്കപ്പെട്ടു. മുര്‍തസയുടെ പ്രതിഷേധത്തെ 'സായുധ കലാപ'മായി സര്‍ക്കാര്‍ പുറംലോകത്തെ അറിയിച്ചു.
1996 സെപ്തംബര്‍ 20 വൈകുന്നേരം 7.30. പാര്‍ട്ടിയോഗം കഴിഞ്ഞ് 70, ക്ലിഫ്റ്റണിലേക്ക് മടങ്ങിയ മുര്‍തസയെയും സംഘത്തെയും പൊലീസ് സംഘം വീടിനടുത്ത് വെച്ച് തടഞ്ഞു. വിവരം തിരക്കാന്‍ കാറില്‍ നിന്ന് മുര്‍തസ പുറത്തിറങ്ങിയ ഉടന്‍ നാലുപാടു നിന്നും വെടിമഴ പെയ്യാന്‍ തുടങ്ങി. മുര്‍തസയെ കാത്തിരുന്ന ഭാര്യയും മക്കളും ശബ്ദം കേട്ട് പരിഭ്രാന്തരായി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഫാത്തിമ കരച്ചിലായി. ഫോണെടുത്ത് രാജ്യം ഭരിക്കുന്ന അമ്മായിയെ വിളിച്ചു. അറ്റന്‍ഡ് ചെയ്ത സര്‍ദാരി നടുക്കുന്ന ആ വാര്‍ത്ത അറിയിച്ചു.: 'നിന്റെ പിതാവിന് വെടിയേറ്റത് അറിഞ്ഞില്ലേ'.
വെടിവെപ്പില്‍ മുര്‍തസക്ക് മാരകമായി പരിക്കേറ്റു. രക്തത്തില്‍ കുളിച്ച് കിടന്ന മുര്‍തസയെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. പൊലീസുകാര്‍ക്കൊപ്പം നടന്നാണ് മുര്‍തസ വണ്ടിയില്‍ കയറിയത്. ജീവന്‍ നഷ്ടപ്പെടാന്‍ മാത്രമുള്ള അപകടാവസ്ഥ അപ്പോഴില്ലായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. പൊലീസ് വാഹനത്തില്‍ രണ്ടു മൂന്നു പൊലീസുകാരും മുര്‍തസക്കൊപ്പം കയറി. വാഹനം നീങ്ങി കുറെ കഴിഞ്ഞപ്പോള്‍ ഒരു നിമിഷം നിന്നു. ഒരു വെടി പൊട്ടുന്ന ശബ്ദം കേട്ടു. വീണ്ടും വാഹനം നീങ്ങി. ആ ഒറ്റ ബുള്ളറ്റാണ് ജീവിതത്തിലേക്ക് മടങ്ങാനുള്ള മുര്‍തസയുടെ അവസാന സാധ്യതയെയും ഇല്ലാതാക്കിയത്. ഉടനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് വാഹനം നഗരത്തില്‍ ചുറ്റി. ഒടുവില്‍ അത്യാഹിത വിഭാഗത്തിനുള്ള സൌകര്യങ്ങളൊന്നുമില്ലാത്ത ഒരു ക്ലിനിക്കില്‍ മുര്‍തസയെ എത്തിച്ചു. ഒരിക്കലും മുര്‍തസ രക്ഷപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പാക്കണമായിരുന്നു. ആശുപത്രിയിലെത്തി അധികം കഴിയുന്നതിന് മുമ്പ് മുര്‍തസ മരിച്ചു. മുര്‍തസക്കെതിരായ നടപടിക്ക് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കൊക്കെ സ്ഥാനക്കയറ്റവും ബഹുമതികളും ലഭിച്ചു. സ്വന്തം പിഴവുകളാണ് മുര്‍തസയുടെ ജീവനെടുത്തതെന്ന് ബേനസീര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. അംഗരക്ഷകരുടെ വെടിയേറ്റാണ് മുര്‍തസ മരിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. മുര്‍തസയുടെ മരണത്തില്‍ ആരോപണ വിധേയനായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ദാരിയെ ഒരു പാക്കിസ്ഥാനി കോടതി കുറ്റവിമുക്തനാക്കി.
ഓഹ്..! എല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയ വിവരങ്ങള്‍ . പങ്കു വെച്ചതിന് വളരെയധികം നന്ദി
ReplyDelete