Wednesday, June 1, 2011

റിട്ടേണ്‍ ഫ്ളൈറ്റ്

പുസ്തകം : റിട്ടേണ്‍ ഫ്ളൈറ്റ്
രചയിതാവ് : റീനി മമ്പലം
പ്രസാധനം : ലിപി പബ്ലിക്കേഷന്‍സ്
അവലോകനം : ജയിന്‍ മുണ്ടക്കല്‍



മേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പന്ത്രണ്ട് കഥകളുടെ സമാഹാരം ആണ് ശ്രീമതി. റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ളൈറ്റ്. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തന്റെ അവതാരികയില്‍ ‘ജനാലകള്‍ തുറക്കുന്ന സ്ത്രീയുടെ’ കഥാകാരി ആയി അമേരിക്കന്‍ മലയാളിയും, പ്രവാസി എഴുത്തുകാരിയുമായ റീനി മമ്പലത്തെ അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘സ്വയം നാട് കടത്തിക്കൊണ്ടിരിക്കുന്ന ഒരു ജനത’ ആണ് പ്രവാസി മലയാളികൾ. ‘പറിച്ചു നടലിന്റെ വേദനയാണ് അല്ലെങ്കില്‍ ആശ്വാസമാണ് പ്രവാസജീവിതം’. അടിച്ചേല്‍പ്പിക്കുന്ന അന്യവല്‍ക്കരണവും, ദ്വന്ദ്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും, വന്ധ്യതയും, പാരമ്പര്യവും, പറിച്ചു നടലും ഇവിടെ കാണാം. വ്യക്തിത്വം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെയും, ഭര്‍ത്താവിനും, മക്കള്‍ക്കുമുപരി മൂന്നാമതൊരാളെ പ്രതീക്ഷിക്കുന്ന സ്ത്രീകളെയും ഇതില്‍ കാണാം, ആത്മാവിന്‍റെ വേറിട്ടൊരു വഴി – എഴുത്തിന്‍റെ വഴി – ആത്മീകത തന്നെ ആണോ? ‘വേദനിക്കുന്ന മനസ്സ് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകയാണ്. എഴുത്ത് ആത്മാവിന്‍റെ രോദനമാണ്’. എന്നീ വരികളിലൂടെ എഴുത്തുകാരി തന്റെ ആത്മീകത വെളിവാക്കുന്നു. ‘വൈകി കണ്ടു മുട്ടുന്ന പ്രണയിനികൾ’, ‘വിനിമയം ചെയ്യപ്പെടാനാവാതെ നില്‍ക്കുന്ന ഒന്ന് – അവിശ്രമാവസ്ഥ’. ‘അനുവദിക്കപ്പെടാത്ത ഒരു ‘സ്പേസ്’, ‘പുരുഷ കേന്ദ്രീകൃത സങ്കല്പങ്ങൾ’ തുടങ്ങിയ വരികളിലൂടെ എഴുത്തുകാരി ജനാലകള്‍ തുറക്കാന്‍ ആയുകയാണ് എന്ന് അവതാരികാകാരന്‍ വ്യകതമാക്കുന്നു.

കോട്ടയം സി. എം. എസ്. കോളേജ് ക്യാമ്പസ് ആണ് ‘ഓര്‍മ്മകളുടെ ഭൂപട’ത്തിലെ മൂല കഥാരംഗം. പ്രവാസി മലയാളികളായ സുമിയും, സുമിയുടെ സഹപാഠിയും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ ഇതിവൃത്തം. നീണ്ട ഇടവേളക്കുശേഷം സഹപാഠിയുടെ അപ്രതീക്ഷിത ഫോണ്‍കാള്‍ വരുന്നു. സുമി സയന്‍സ് ക്ലാസ്സിലും സഹപാഠി ക്യാമ്പസിന്‍റെ മതിലിലും ചാരി നിന്ന് സംസാരിക്കുന്നതുപോലെ പഴയകാല സംഭവങ്ങള്‍ അവര്‍ അയവിറക്കുന്നു. ജൂനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്നതും പിന്നീട് പ്രണയ വിവാഹം കഴിച്ചവളുമായ ‘ജയ’ എന്ന പെണ്‍കുട്ടി ലുക്കീമിയ എന്ന മാരകരോഗത്താല്‍ മരണമടഞ്ഞ സംഭവത്തെക്കുറിച്ചും ഈ കഥയിലെ പ്രധാന കഥാപാത്രം ആയ മരിച്ചു പോയ ജോര്‍ജിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. ‘പ്രണയമായിരുന്നില്ലല്ലോ?’ ‘രണ്ടാം നിഴലിന് എന്നും ഒരേ നീളം’ ഈ വാക്കുകളിലൂടെ ജോര്‍ജിന്റെ സ്നേഹത്തെക്കാളും, ആരാധനയെക്കാളും താന്‍ ആഗ്രഹിച്ചിരുന്നത് പ്രണയമായിരുന്നു എന്ന് സുമിയുടെ അബോധ മനസ്സ് വെട്ടിത്തുറന്നു പറയുന്നു. നിഴലിന്റെ നീളം കുറഞ്ഞു ഒന്നായിത്തീരുവാന്‍ അവള്‍ കൊതിച്ചിരുന്നു എങ്കിലും വിശുദ്ധ പ്രേമത്തില്‍ വിശ്വസിച്ചിരുന്ന ജോര്‍ജ്ജ് അതിനു മുതിരാതിരുന്നത് സുമിക്ക് അയാളോടുള്ള വെറുപ്പായി, ദേഷ്യമായി ഇവിടെ കഥാകാരി അവതരിപ്പിക്കുന്നു............ആത്മാവ് എന്നൊന്നുണ്ടോ? അവയ്ക്ക് വികാരങ്ങള്‍ ഉണ്ടോ? എന്നീ വാക്കുകളിലൂടെ ‘വേദനിക്കുന്ന മനസ്സ് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകയാണ്. എഴുത്ത് ആത്മാവിന്‍റെ രോദനമാണ് എന്ന ആമുഖ കര്‍ത്താവിന്റെ അഭിപ്രായം സാധൂകരിക്കുന്നു. ചിതറിപ്പോയ മാപ്പില്‍ കഷണങ്ങള്‍ ഒട്ടിച്ചു വച്ച് ഓര്‍മ്മകള്‍ പുതുക്കുന്നു. കഥാകാരിയുടെ ഓര്‍മ്മകളുടെ ഭൂപടം വായനക്കാര്‍ക്ക് മുന്‍പില്‍ തുറന്നു വച്ചിരിക്കുന്നു.

എഴുത്തിന്റെ വഴികൾ, സെപ്റ്റംബര്‍ 14, ഔട്ട് സോഴ്സ്ഡ് എന്നിവയാണ് ഈ സമാഹാരത്തിലെ പ്രമുഖ കഥകൾ. ‘എഴുത്തിന്റെ വഴികള്‍ എപ്പോഴാണ് തുറക്കുന്നതെന്നറിയില്ല, എവിടെയെത്തിക്കുമെന്നുമറിയില്ല’ എന്ന വാക്കുകളിലൂടെ മനസ്സിന്റെ ഭാരം കുറച്ചു കൊണ്ട് കടലാസില്‍ പടരുന്നതാണ് യഥാര്‍ത്ഥ എഴുത്ത് എന്ന് കഥാകാരി വെളിപ്പെടുത്തുന്നു. ശരികളുടെ കൂമ്പാരത്തിന്‌ വെളിയില്‍ അമര്‍ന്നിരുന്ന അരുതാത്തൊരു ഇഷ്ടത്തെ പുറത്തെടുത്ത് അപരാധബോധത്തിലൊഴുക്കിക്കളയാതെ അവള്‍ എഴുതുന്നു. എന്നാല്‍ മകന് നേരിട്ട വാഹനാപകടം ചെറിയ ലോകത്തിലെ വലിയ മതിലുകള്‍ കണ്ടെത്താനും അതിനുള്ളില്‍ കടക്കാതെ പുതിയ ബന്ധത്തെ ഹോമകുണ്ഡത്തിലെറിഞ്ഞു കളയാനും അവളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ അരുതാത്ത ഇഷ്ടം ജീവിത സഹജമായ ശിഷയര്‍ഹിക്കാത്ത അപരാധമാണ് എന്നും, സ്നേഹം മനുഷ്യ സഹജമാണ് എന്നും അത് ജീവവായു പോലെ ഒഴിവാക്കാനാവാത്തവിധം നമ്മിലലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണെന്നും ദീപ കണ്ടെത്തുന്നു. പ്രസിദ്ധമായ 9/11 സംഭവത്തിലെ ഒരു രക്തസ്സാക്ഷിയാണ് തന്‍റെ മകന്‍ എന്ന കണ്ടെത്തല്‍ ജാന്‍ എന്നാ കഥാനായിക തന്‍റെ തെറ്റുകള്‍ക്കുള്ള ശിക്ഷയായി കണ്ടെത്തുന്നു. ഗര്‍ഭ പാത്രം വാടകയ്ക്ക് കൊടുത്ത ഒരു സ്ത്രീയുടെ വികാരവിചാരങ്ങളാണ് ‘ഔട്ട്‌ സോഴ്സ്ഡ്’ എന്ന കഥയില്‍ വിവരിച്ചിരിക്കുന്നത്.

മലമുകളിലെ മാതാവ്, പുഴപോലെ, ശിശിരം, ഗൃഹലക്ഷ്മി, ഇന്നലെകളുടെ മരണം, അമ്മക്കിളികൾ, കറുത്ത കുപ്പായക്കാരന്‍, റിട്ടേണ്‍ ഫ്ളൈറ്റ് എന്നിവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകൾ. ദുഃഖശമനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്ന മെഴുകുതിരികളുടെ ചൂടേറ്റ് കാലുകള്‍ ചുവന്നിരിക്കുന്ന യേശുവിന്‍റെ മാതാവ്; ‘പ്രണയം പോലൊരു വികാരത്താൽ’ ആത്മഹത്യ ചെയ്ത ഒരു മകനുള്ള അമ്മയോട് “നീ പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍വ്വശക്തിയെ അറിയൂ. എല്ലാം നേരിടാനുള്ള ശക്തി അപ്പോള്‍ ആര്‍ജ്ജിക്കും” എന്ന മറുപടി കഥാകാരിയുടെ ഈശ്വര സങ്കല്പം വെളിവാക്കുന്നു. 'സാന്റ്‌വിച്ച് ജനറേഷ'നില്‍ പെട്ട നായിക; അമ്മയുടെയും മക്കളുടെയും ഇടയില്‍ എന്ത് ചെയ്യണമെന്നറിയാതെ; തിരിഞ്ഞു ഒഴുകാന്‍ അറിയാത്ത പുഴപോലെ കുഞ്ഞുങ്ങളെ ഒരു തീരത്തെത്തിക്കുവാനായി ഒഴുകുന്നു. “അങ്കിൾ, വയസ്സായി നേഴ്സിംഗ് ഹോമില്‍ പോവുമ്പോള്‍ ഞാന്‍ കാണാന്‍ വരാം” എന്ന സഹോദരിയുടെ മകളുടെ വാക്കുകള്‍ നായകനെ ശിശിരകാലത്തെ ഓര്‍മ്മിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും ഒരു സുഹൃത്ബന്ധം ഗൃഹലക്ഷ്മി നിഷേധിക്കുന്നു അപരിചിതനുമായി ‘മാളി’ല്‍ വച്ച് സംസാരിച്ചതില്‍ ലക്ഷ്മിക്ക് കുറ്റബോധം തോന്നുന്നു. ‘ഇന്നലെകളുടെ മരണ’ത്തിലെ സുനിതയും ആന്റണിയും കപട സദാചാരങ്ങളുടെ ബലിയാടുകള്‍ തന്നെയാണ്. അമ്മക്കിളികള്‍ക്ക് അമേരിക്കയില്‍ ആണെങ്കിലും കേരളത്തില്‍ ആണെങ്കിലും ഒരേ വികാരങ്ങളാണെന്നു കഥാകാരി അവകാശപ്പെടുന്നു. ‘സ്നേഹിച്ചവരെല്ലാം എന്നെ വേദനിപ്പിച്ചിട്ടെയുള്ളൂ’ അതിനാല്‍ വേദനയില്‍ നിന്ന് മുക്തി പ്രാപിക്കുവാന്‍ കറുത്ത കുപ്പായക്കരനെ (മരണത്തെ) തട്ടിയുണര്‍ത്തുന്ന നായികയില്‍ നിന്ന് അവന്‍ കുതറിയോടുന്നു. തുരുത്തിയിലെ കണ്ണുനീര്‍ ഒഴിക്കിത്തീര്‍ക്കാതെ കറുത്തകുപ്പായക്കാരനും രക്ഷിക്കാനാവില്ല എന്ന സത്യം ഇവിടെ വെളിവാക്കുന്നു. അമേരിക്ക എന്ന സ്വപ്ന ഭൂമിയില്‍ വന്നിട്ട് യാതനകള്‍ മാത്രം സഹിച്ചിട്ടു ശവപ്പെട്ടിയില്‍ കിടന്നുള്ള തിരിച്ചു പോക്ക് ആരുടെയും കണ്ണ് നനയിക്കുന്ന കഥയാണ്‌. വേണ്ടത്ര ആലോചനകള്‍ നടത്താതെ അമേരിക്കന്‍ മലയാളികളെക്കൊണ്ട് സ്വന്ത മക്കളെ വിവാഹം കഴിപ്പിക്കാന്‍ ഓടി നടക്കുന്ന കേരളക്കരയിലെ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ കഥ.

ലിപി പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’ പ്രവാസി മലയാളികള്‍ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളായ സ്ത്രീജനങ്ങള്‍ അനുഭവിക്കുന്ന മാനസിക ദുഃഖങ്ങളിലേയ്ക്ക് പ്രകാശം പരത്തുന്നു. മലയാളികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് റീനി മമ്പലത്തിന്റെ ‘റിട്ടേണ്‍ ഫ്ലൈറ്റ്’.

1 comment:

  1. ഇതില്‍ മലമുകളിലെ മാതാവിനെ എഴുത്തുകാരിയുടെ ബ്ലോഗില്‍ തന്നെ വായിച്ചിഷ്ടപ്പെട്ടതാണ്.ബാക്കി കഥകളും പുസ്തകം വാങ്ങി വായിക്കണമെന്നുണ്ട്..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?