Sunday, September 11, 2011

ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍

പുസ്തകം : ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍
രചയിതാവ് : ശശി തരൂര്‍

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ


ലോകം അറിയുന്ന മലയാളി എഴുത്തുകാര്‍ ആരൊക്കെ എന്നുചോദിച്ചാല്‍ അരുന്ധതി റോയിയും ശശി തരൂരും എന്ന് ഞാന്‍ പറയും. പക്ഷേ ശശി തരൂരിനെ ഇന്ന് ഒരു സാധാരണക്കാരന്‍ അറിയുന്നത്‌ യു. എന്നിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയിലോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിച്ച കേരളീയന്‍ എന്ന നിലയിലോ ആയിരിക്കും. എന്നാല്‍ ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓര്‍ക്കപ്പെടുന്നത്‌ 'ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്‌"ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' എന്നീ കൃതികളുടെ പേരിലാവും. അദ്ദേഹത്തെപ്പോലെ ലോകപരിചയവും സാഹിത്യബന്ധവും ഉള്ള ഒരാളുടെ ലേഖനങ്ങള്‍ക്ക്‌ അതിന്റെ വിസൃതി കാണാതെ വയ്യ. വിവിധ പത്രങ്ങളുടെ കോളങ്ങളില്‍ എഴുതിയ സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സവിശേഷ സമാഹാരമാണ്‌ 'ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍'.

രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനസമാഹാരങ്ങള്‍ നിരവധിയായി ഇറങ്ങുന്ന ഇക്കാലത്ത്‌ സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചുകൊണ്ട്‌ ഒരു സമാഹാരം തീര്‍ച്ചയായും വായനക്കാരന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്‌. സാഹിത്യത്തെ സംബന്ധിച്ച്‌ തന്റെ നിലപാടുകളും വീക്ഷണങ്ങളും പങ്കുവയ്ക്കാനാണ്‌ ശശി തരൂര്‍ ഈ ലേഖനങ്ങളിലൂടെ ശ്രമിക്കുന്നത്‌. പ്രചോദനങ്ങള്‍, പുനരാലോചനകള്‍, സാഹിത്യജീവിതം, അപഹരണങ്ങള്‍ സമസ്യകള്‍ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായിട്ടാണ്‌ ഇതിലെ ലേഖനങ്ങള്‍ ഇനം തിരിച്ചിരിക്കുന്നത്‌. ബാല്യകാലത്തെ തന്റെ വായനാസക്‌തി പിന്നീട്‌ എങ്ങനെ തന്നെ ഒരു മികച്ച വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്തു എന്നാണ്‌ പുസ്‌തകത്തിലെ ആദ്യലേഖനമായ 'പുസ്‌തകങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ എന്റെ കുട്ടിക്കാലം' എന്ന ലേഖനത്തില്‍ പറയുന്നത്‌. കൗതുകമുണര്‍ത്തുന്ന ചിത്രകഥകളില്‍ തുടങ്ങി ഗൗരവമുള്ള വായനയിലെത്തുന്ന, രാത്രി ഏറെ വൈകും വരെയും വായിച്ച, വര്‍ഷത്തില്‍ 365 പുസ്‌തകങ്ങള്‍ വായിച്ചുതീര്‍ത്ത അക്കാലത്തെപ്പറ്റിയുള്ള ഓര്‍മ്മ, ഏതൊരു വായനക്കാരനെയും അവന്റെ ബാല്യകാല വായനയുടെ ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്‌തമാണ്‌.

പുനരെഴുത്തുകളുടെ കാലമാണിത്‌. പഴയകാലത്തെ മികച്ച കൃതികള്‍ പുതിയ കാലത്തോട്‌ ചേര്‍ത്തുവച്ച്‌ വായിക്കുന്ന തരം പുനരെഴുത്തുകള്‍. ഡ്രാക്കുളയുടെ പുനരെഴുത്ത്‌ മലയാളത്തില്‍ സംഭവിച്ചിട്ട്‌ അധികം കാലമായില്ല. അത്തരത്തില്‍ 'ഗോണ്‍ വിത്ത്‌ വിന്റ്‌"ലോലിത' എന്നീ പ്രശസ്‌തനോവലുകള്‍ക്ക്‌ ഉണ്ടായ പുനരെഴുത്തുകളെക്കുറിച്ചും അതിനെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളെപ്പറ്റിയുമാണ്‌ അടുത്ത ലേഖനം.

'ദ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' 'ഷോ ബിസിനസ്‌' 'കലാപം' എന്നീ നോവലുകളെക്കുറിച്ചും അവ എഴുതാനിടയാക്കിയ സാഹചര്യങ്ങളെക്കിറിച്ചുമാണ്‌ അടുത്ത മൂന്ന് ലേഖനങ്ങള്‍. എഴുത്തിനെ സംബന്ധിച്ച്‌ ചില മൗലിക ചിന്തകള്‍ ഇവിടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്‌. സര്‍ഗ്ഗരചനയ്ക്കുവേണ്ട അവശ്യഘടകം തലയ്ക്കുള്ളില്‍ ഒരു ശൂന്യസ്ഥലം ഉണ്ടാവുക എന്നതാണ്‌. ആ ശൂന്യസ്ഥലത്ത്‌ മറ്റൊരു പ്രപഞ്ചം രൂപകല്‌പന ചെയ്‌ത്‌ അത്രമാത്രം അഭിനിവേശത്തോടെ അവിടെ നാം നിവസിക്കണം. ആ കല്‌പിത ലോകത്തിന്റെ യഥാര്‍ത്ഥ്യം നമ്മുടെ ബോധമണ്ഡലത്തില്‍ നിറയണം. അപ്പോഴേ നമുക്ക്‌ എഴുതാന്‍ കഴിയൂ എന്ന് അദ്ദേഹം ഇവിടെ പറയുന്നു.

അതുല്യ ചിത്രകാരന്‍ എം.എഫ്‌. ഹുസൈനോടൊപ്പം ചേര്‍ന്നുകൊണ്ട്‌ കേരളത്തെക്കുറിച്ച്‌ ഒരു പുസ്‌തകം എഴുതാന്‍ കഴിഞ്ഞതിന്റെ അഭിമാനം പങ്കുവയ്ക്കുകയാണ്‌ 'കല ഹൃദയത്തിനുവേണ്ടി' എന്ന അടുത്തലേഖനത്തില്‍. ഏറെക്കാലമായി വൈദേശിക സംസ്‌കാരങ്ങളുമായി ഇടപഴകി ജീവിക്കുന്നു എങ്കിലും ഒരു കേരളീയന്‍ ആയിരിക്കുന്നതിന്റെ ഒരു മലയാളി എന്ന് സ്വയം വിശേഷിപ്പിക്കുന്നതിന്റെ സ്വര്‍വ്വ അഭിമാനവും ആഹ്ലാദവും ഈ ലേഖനത്തില്‍ നമുക്ക്‌ കാണാന്‍ കഴിയും.

പി.ജി. വുഡ്‌ ഹോവ്‌സ്‌, മാല്‍ക്കോം മഗെരിഡ്‌ജ്‌, പുഷ്‌കിന്‍, പാബ്ലോ നെരൂദ, നിരാധ്‌ ചൗധരി, ആര്‍. കെ നാരായണന്‍, വി.എസ്‌. നെയ്‌പാള്‍, സെല്‍മാന്‍ റുഷ്ദി എന്നിവരുടെ ജീവിതത്തെയും സാഹിത്യത്തെയും വിലയിരുത്തുകയാണ്‌ പുനരാലോചനകള്‍ എന്ന രണ്ടാം ഭാഗത്ത്‌ ശശി തരൂര്‍ ചെയ്യുന്നത്‌. ശീതയുദ്ധകാലത്ത്‌ ചൂടപ്പം പോലെ വിറ്റുപോയിരുന്ന ചാരക്കഥകളുടെ എഴുത്തുകാരന്‍ ജോണ്‍ ലെ കാരെ ഇപ്പോള്‍ എന്തെഴുതുന്നു എന്ന കൗതുകകരമായ ഒരന്വേഷണം നിറഞ്ഞ 'അകത്തേക്കു വരാതെ മഞ്ഞുകൊണ്ടുനിന്ന ചാരന്‍' എന്ന ലേഖനവും ഈ ഭാഗത്തുണ്ട്‌.

ഒളിജീവിതത്തില്‍ നിന്നുള്ള റുഷ്ദിയുടെ മടങ്ങിവരവ്‌ ആസ്വദിച്ച ഹേ-ഓണ്‍-വൈ സാഹിത്യോത്സവം, അമേരിക്കയിലെ പുസ്‌തകവിപണിയുടെ കച്ചവടതന്ത്രങ്ങള്‍, അവിടുത്തെ 23% ജനങ്ങള്‍ നിരക്ഷരരാണെന്ന സത്യം നമ്മളെ ബോധിപ്പിക്കുന്ന 'അമേരിക്കയിലെ നിരക്ഷരത' എന്ന ലേഖനം, അമേരിക്കയിലെ തന്നെ 81% ജനങ്ങളും എഴുത്തുകാരനാവാനുള്ള മോഹവുമായി നടക്കുന്നവരാണെന്ന് പറയുന്ന 'അമേരിക്കന്‍സാഹിത്യവ്യാമോഹം' എന്ന ലേഖനം, നയതന്ത്രജ്ഞരായിരുന്ന കവികളെക്കുറിച്ചുള്ള ഒരു പഠനം, ശബാന ആസ്‌മിയുമൊത്ത്‌ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദാനുഭവം എന്നിവയാണ്‌ മൂന്നാം ഭാഗത്തെ ലേഖനങ്ങള്‍ പങ്കുവയ്ക്കുന്നത്‌.

ഷോ ബിസിനസ്‌ എന്ന നോവല്‍ ഹോളിവുഡ്‌ എന്ന പേരില്‍ സിനിമ ആക്കിയതിന്റെ അനുഭവങ്ങള്‍, ഹെമിംഗ്‌ വേയുടെ സാഹിത്യത്തെ വിസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹത്തെ ഒരു കാള്‍ട്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഐറണി, സജീവമായ രാഷ്ട്രീയ ബന്ധമുള്ള സാഹിത്യകാരന്മാര്‍, 'ഹുയെസ്‌കയില്‍ നാം നാളെ കാപ്പി കുടിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ സമരമുഖത്തേക്ക്‌ ഇറങ്ങിത്തിരിച്ച വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോര്‍ജ്‌ ഓര്‍വെല്ലിന്‌ മുറിവേറ്റ സ്ഥലത്തേക്കു നടത്തിയ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചാണ്‌ അപഹരണങ്ങള്‍ എന്ന അടുത്ത ഭാഗത്തിലെ ലേഖനങ്ങള്‍ പറയുന്നത്‌.

സമസ്യകള്‍ എന്ന അവസാന ഭാഗത്താണ്‌ (ലേഖനമെഴുതുന്ന കാലത്ത്‌) ഉപരോധംകൊണ്ട്‌ പൊറുതി മുട്ടിയിരുന്ന ബാഗ്‌ദാദിലെ ജനങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട പുസ്‌തകങ്ങള്‍ വിറ്റ്‌ അന്നത്തിനുള്ള വക കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഹൃദയസ്‌പര്‍ശിയായ ലേഖനമുള്ളത്‌. 'ആഗോളവത്‌കരണവും മനുഷ്യഭാവനയും', ഒരു പുസ്‌കത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എഴുത്തുകാരനാണോ വായനക്കാരനാണോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന 'അനുവാചകരെ പ്രതിയുള്ള ആശങ്കകള്‍' എന്നീ പ്രൗഢഗംഭീരമായ ലേഖനവും ഈ ഭാഗത്തുണ്ട്‌.

നിരൂപകനല്ലാത്ത ഒരാളില്‍ നിന്നും സാഹിത്യം മാത്രം പറയുന്ന ഒരു കൃതി നമുക്ക്‌ വായിക്കാന്‍ ലഭിക്കുന്നു എന്നതാണ്‌ ഈ സമാഹാരത്തിന്റെ പ്രത്യേകത. അതിന്റെ ലാളിത്യവും സമ്പന്നതയും ഈ കൃതിയ്‌ക്കുണ്ടുതാനും. നിലപാടുകളിലും നിരീക്ഷണങ്ങളിലുമുള്ള ആര്‍ജ്ജവവും വ്യതിരക്‌തതയും ഈ കൃതിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍ എന്ന തലക്കെട്ട്‌ എത്ര മനോഹരമണോ അത്രതന്നെ മനോഹരമാണ്‌ ഇതിന്റെ വിവര്‍ത്തനവും.

(പ്രസാധകര്‍: ഡി.സി. ബുക്‌സ്‌, വില 100 രൂപ)

2 comments:

  1. നന്ദി , ഇത്തരം പോസ്റ്റുകളാണ് വേണ്ടത്, താങ്കള്‍ക്കെന്റെ ആശംസകള്‍
    നല്ല ഒരു അറിവ്

    ReplyDelete
  2. ഈ അവലോകനം നന്നായി, ഇനിയും ഇതു പോലെയുള്ള പോസ്റ്റുകൾ പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?