Monday, September 26, 2011

തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകം

പുസ്തകം : തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകം
രചയിതാവ് : ശ്രീകുമാര്‍ കരിയാട്
പ്രസാധകര്‍ : സൈകതം ബുക്സ്

അവലോകനം : വാസുദേവന്‍ കോറോം



ശ്രീകുമാര്‍ കരിയാടിന്റെ "തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകം" ഒരു ബദല്‍ സ്കൂളിനെ , പാഠ്യപദ്ധതിയെ കാവ്യപരിസരത്തിലൂടെ മുന്നോട്ട് വെക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ അന്വേഷിക്കുന്നത്. മേഘപഠനങ്ങള്‍ (പെന്‍ ബുക്ക്സ് 2002) , നിലാവും പിച്ചക്കാരനും (ഫേബിയന്‍ ബുക്ക്സ് 2009) തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം (സൈകതം ബുക്സ്-2010) എന്നീ കവിതാ സമാഹാരങ്ങളിലൂടെ പുതുകവിതയുടെ ഒന്നാം തലമുറയെ ബലപ്പെടുത്തുന്നതില്‍ കരിയാടിന്റെ കവിതകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മേഘപഠനങ്ങളില്‍ നിന്നും തത്തകളുടെ സ്കൂളിലേക്കെത്തുമ്പോള്‍ വൈവിധ്യങ്ങളില്‍ നിന്നും ഏകതാനതയിലേക്കുള്ള എഴുത്തുരീതിയുടെ വിന്യാസം ആണ് കാണുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സ്പെഷ്യലൈസേഷന്‍ , കവിതയെ ഒരു വിഷയകേന്ദ്രത്തിലേക്കുതന്നെ തിരിച്ചുകൊണ്ടുവരല്‍ ആയി ഇതിനെ കണക്കാക്കാന്‍ പറ്റില്ല. കാരണം, തത്തകളുടെ സ്കൂളില്‍ കരിയാടിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം സ്പെഷ്യലൈസേഷന്‍ സംഭവിക്കുന്നുണ്ടെങ്കിലും അതില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയവ്യാപ്തിയില്‍ വൈവിധ്യത്തിന്റെ ചിതറലുകളുമുണ്ട്. സൂക്ഷ്മത നിര്‍മ്മിച്ചെടുക്കുന്ന കരിയാടിന്റെ കവിതകളുടെ സൌന്ദര്യാത്മക മൂല്യം അത് ഉള്‍ക്കൊള്ളുന്ന വിഷയത്തിന്റേയും ആവിഷ്ക്കരണ തന്ത്രത്തിന്റേയും പ്രധാന സവിശേഷതയാണ്. മറ്റൊരര്‍ഥത്തില്‍ മേഘപഠനങ്ങളില്‍ത്തന്നെ കിളി ഒരു ഭാഷണ തന്ത്രമായി ഇടക്കെങ്കിലും കടന്നുവരുന്നുണ്ട്. വൃത്തവും പ്രാസവും പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന കരിയാടിന്റെ കവിതകള്‍ കിളിയെക്കൊണ്ട് കഥ പറയിക്കുന്ന എഴുത്തച്ഛന്റെ ആഖ്യാന രീതിയെ പുതിയ നിലയില്‍ അവതരിപ്പിക്കുന്നുണ്ടോ എന്നും പരിശോധനാ വിഷയമാണ്. കരിയാടിന്റെ കവിതയിലെ കിളി സൂചകങ്ങള്‍ മുന്നോട്ടുവെക്കുന്ന പരികല്‍പ്പനകള്‍ എന്താണ് ? ഒരു ആശയ സമുച്ചയത്തെ തുറന്നുകാണിക്കാന്‍ കിളിയുടെ പാഠ്യപദ്ധതി രീതി തെരഞ്ഞെടുക്കാന്‍ എന്തായിരിക്കും പ്രേരണ? അത് എന്തൊക്കെ ആയിരുന്നാലും‘തത്തകളുടെ സ്കൂള്‍' നഷ്ട്ടപ്പെട്ടുപോകുന്ന ഒരു ഭൂതകാലത്തെ കൊത്തിയെടുക്കാനുള്ള ശ്രമം തന്നെയാണ്. 'മനുഷ്യനു’ പറന്നുപറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ കൂട് കൂട്ടുകയാണ് കരിയാടിന്റെ കവിതകള്‍ എന്ന് ആലങ്കാരികമായി പറയാമെന്നുതോന്നുന്നു.

ദേവതയുടെ ദിവ്യസ്പര്‍ശം ഒരു കിളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിന്റെ രേഖയാണ് 'ദേവത’ എന്ന കവിത. ‘സ്വത്വമിതിങ്ങനെ പാഴായ് / പാമ്പിന്‍പൊത്തില്‍ / തല വെച്ചപ്പോള്‍/ മൃതി ദേവത’ എന്ന് ഒരു അദൃശ്യ സാന്നിധ്യം ജീവിതത്തെ നിര്‍ണയിക്കുന്നത് കരിയാടിന്റെ കവിതകളില്‍ സുലഭമാണ് . വളരെ അതിഭൌതികമായ സമീപന രീതി കവിതയെ ഉണ്ടാക്കിയെടുക്കുന്നതില്‍ പലപ്പോഴും കരിയാട് സ്വീകരിക്കുന്നുണ്ട്. വഴി, ആകാശം സംസാരിക്കുന്നു എന്നീ കവിതകള്‍ ഉദാഹരണങ്ങള്‍ ആണ്. അതുപോലെ 'കാന്‍വാസ്’ പോലുള്ള കവിതകളില്‍ കടന്നുവരുന്ന സര്‍ റിയലിസ്റ്റ് ഭാവനകള്‍. ഭാവനയുടെ വ്യത്യസ്തമായ വിതാനങ്ങളെ കരിയാടിന്റെ കവിതകളില്‍ കൃത്യമായും വേര്‍തിരിച്ചെടുക്കാന്‍ കഴിയും. ഏത് കാഴ്ച്ചപ്പാടിലൂടെ ചിന്തിക്കുന്നു എന്നതിനപ്പുറം ഭാവനയെ പ്രത്യേക രീതിയില്‍ ഒരു ജ്ഞാന രൂപത്തിലൂടെ കടത്തിവിടുന്നു എന്നതാണ് അറിവുല്‍പ്പാദനത്തെ സംബന്ധിച്ച് കരിയാടിന്റെ കവിതകള്‍ നല്‍കുന്ന സംഭാവന. 'നിലാവും പിച്ചക്കാരനും' എത്തുമ്പോള്‍ കവിതന്നെ ഈ തിരിച്ചറിവ് സ്വയംവ്യക്തമാക്കുന്നുണ്ട്. 'മലയാളം, കണക്ക് , സെന്‍ ബുദ്ധിസം, ഒക്കള്‍ട്ട്, വൃത്തം, ചിത്രകല, ഫോക്ക് , മിനിമലിസം, തുടങ്ങിയ ഘടകങ്ങള്‍ക്കൊപ്പം കവിതക്കു മാത്രം ഉള്‍ക്കൊള്ളാനാകുന്ന ഒരു പോസിറ്റീവ് അനാര്‍ക്കിസവും കൂടിച്ചേര്‍ന്നാല്‍ ഈ കവിതകളുടെ അടിസ്ഥാന മൂലകങ്ങള്‍ തെളിയും' എന്ന് . ഇത്തരം ഘടകങ്ങള്‍ ഏതേത് തോതിലും തരത്തിലും പ്രവര്‍ത്തിച്ചു എന്നത് പഠന വിഷയമാക്കേണ്ട കാര്യമില്ല. അതിനപ്പുറം ഭാവനയുടെ സന്നിവേശത്തിന് പുതിയ തുറപ്പുകള്‍ ഉണ്ടാക്കന്‍ കഴിഞ്ഞു എന്നതാണ് കാര്യം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇത്തരം മാധ്യമങ്ങളിലൂടെ ഭാവനയെ കടത്തിവിട്ട് പുതു കവിതയുടെ ഭാഷയെ ഫിറ്റ്നസ് ഉള്ളതാക്കാന്‍ കരിയാടിന്റെ കവിതകള്‍ ശ്രമിക്കുന്നു എന്നതാണ് പ്രധാനം. മലയാള ഭാഷക്ക് സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പ്രകാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ട് എന്ന് തിരിച്ചറിയുകയും ആ നിലക്ക് പുതുകവിത അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ചിന്താ പദ്ധതിയുടെ , ഭാവനയുടെ , ഗ്ലോബല്‍ മാതൃക സ്വാംശീകരിച്ചെടുത്തുകൊണ്ടുതന്നെയാണ് പ്രാദേശികമായ വിഷയത്തേയും സംസ്കാരത്തേയും കവിതയുടെ പരിധിയിലേക്ക് കൊണ്ടുവരുന്നത് എന്നതും പ്രധാനമാണ്. 'പിന്മടങ്ങുക വയ്യ/ എനിക്കീയോട്ടത്തില്‍നി/ന്നെന്‍ കാലും പലതായി/ പ്പിരിഞ്ഞ പ്ലാങ്കൊമ്പല്ലോ ‘ എന്ന വെല്ലുവിളി തന്നെയാണ് കരിയാടിന്റെ കവിതകളുടെ മാനിഫെസ്റ്റോ.

'പരിസര കവിത' എന്ന ഒരു ആശയം എല്‍. തോമസ് കുട്ടി മുന്നോട്ടുവെച്ചത് കൂടുതല്‍ നന്നായി ഇണങ്ങുന്നത് ശ്രീകുമാര്‍ കരിയാടിന്റേതുപോലുള്ള കവിതകള്‍ക്കാണ് എന്നു പറയാം . നിലപാടുകളില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ഒരു രീതിശാസ്ത്രം എന്ന നിലയില്‍ 'പരിസര കവിത’ യുടെ ആശയങ്ങള്‍ പുതു കവിതക്ക് അത്യാവശ്യമാണ്. പുതു കവിതയെ അക്കാദമിക് തലത്തില്‍ പഠിക്കുന്നതിന് സിദ്ധാന്തങ്ങളും രീതി ശാസ്ത്രങ്ങളും വളരെ പരിമിതമാണ്. അതിനുള്ള പ്രധാന കാരണം 'പോസ്റ്റ് മോഡേണിസം' എന്ന വാക്ക് ആധുനികതാവാദ സാഹിത്യത്തിനുശേഷം പഠനത്തിന് ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇവിടെ ജീവിത സാഹചര്യങ്ങളില്‍ ഉത്തരാധുനികത വന്നുകഴിഞ്ഞെങ്കിലും, സാഹിത്യത്തില്‍ ഉത്തരാധുനികത എന്ന വാക്ക് ചേര്‍ത്തുവെക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാശ്ചാത്യമായ സൈദ്ധാന്തിക സങ്കല്‍പ്പങ്ങളെ മറികടന്നുകൊണ്ട് ദ്രാവിഡമായ സൌന്ദര്യ ശാസ്ത്രം വെച്ച് , തിണ സങ്കല്‍പ്പങ്ങള്‍ വെച്ച് ആധുനികതാവാദ സാഹിത്യത്തെ പഠിക്കാന്‍ ശ്രമിച്ചവരും നിരവധിയാണ്. പരിസര കവിത പോലെയുള്ള സിദ്ധാന്തങ്ങള്‍ ഇവിടെത്തന്നെ രൂപപ്പെട്ടുവരികയോ, അല്ലെങ്കില്‍ പോസ്റ്റ് മൊഡേണിസത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ച് പഠിക്കാന്‍ ഇവിടെ കവിത പാകമാവുകയോ ചെയ്യേണ്ടതുണ്ട്. അല്ലാത്ത തരത്തില്‍ ഇവിടെ നടക്കുന്ന പഠനങ്ങള്‍ എല്ലാം ഫെമിനിസവും ദളിത് വാദവും പരിസ്ഥിതീ വാദവും പാസ്റ്റിഷും ഒക്കെയായി ഉത്തരാധുനികതയില്‍ നിന്നുതന്നെ അടര്‍ത്തിയെടുത്ത സൈദ്ധാന്തിക രീതികള്‍ കൊണ്ട് കവിതകള്‍ അപഗ്രഥിക്കാനുള്ള ശ്രമങ്ങളായി അവശേഷിക്കുകതന്നെ ചെയ്യും. സൈബര്‍ സ്പേസിലെ മലയാള കവിതയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കും തിയറിയുടെ പിന്‍ബലം കിട്ടാതെ വരുന്നു . കാനോനീകരിക്കപ്പെടുന്നതിനും പഠനത്തിനും രീതി ശാസ്ത്രം വേണ്ട എന്ന് വിചാരിക്കുന്നതിനും തീര്‍ച്ചയായും ന്യായീകരണങ്ങളുമുണ്ട്. കവിതയില്‍ അനുഭൂതിയുടെ, വിസ്മയത്തിന്റെ ഒരു അംശം ഉണ്ടെന്നും വരട്ടു സിദ്ധാന്തം വെച്ച് കവിതയെ സമീപിക്കാന്‍ കഴിയില്ലെന്നും പലരും വാദിച്ചിട്ടുണ്ട് . കവിതകളെല്ലാം കണ്‍കെട്ടല്ല. ചിലപ്പോള്‍ അവയില്‍ മുഖ്യമായതെല്ലാം സമകാലിക സംസ്കാരത്തോടുള്ള പ്രതികരണങ്ങളാവാം. സാംസ്കാരിക പഠനങ്ങളുടെ വിശാ‍ലമായ മണ്ഡലത്തില്‍ വെച്ച് കവിതയെ വിലയിരുത്താനേ നിലവിലുള്ള വിചാരമാതൃക അനുവദിക്കുന്നുള്ളൂ എന്നതാണ് യാദാര്‍ത്ഥ്യം. കരിയാടിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്കാരിക പാഠങ്ങള്‍ പുതിയ കവിതയെ മനസ്സിലാക്കാന്‍ എത്രത്തോളം തെളിച്ചം തരുന്നുണ്ട് എന്ന അന്വേഷണത്തിനാണ് അപ്പോള്‍ പ്രാമുഖ്യം കിട്ടുക.

വൃത്ത ബോധവും താള ബോധവുമുള്ള ആഖ്യാനമാണ് കവിത എന്ന അബോധം 'ജ്യോമെട്രി’ യില്‍ തന്നെ മുന്നോട്ടുവെക്കുന്നു. ‘നൃത്തത്തില്‍ വൃത്തം കണ്ട / മുന്‍ഷിമാര്‍ സന്തുഷ്ട്ടരായ് / കവിത പടയ്ക്കുവാന്‍/ മൈക്കിലാഹ്വാനം ചെയ്തു !'. 'എന്നാല്‍ ആ ഒരു സെന്‍സിബിലിറ്റിയില്‍ നിന്നും കുതറിമാറുന്നതുകൊണ്ടാണ് അതേ സമയം കുട്ടികളില്‍ ചിലര്‍' യൂക്ലിഡിന്റെ ജ്യോമെട്രിയില്‍ പ്രണയം തുടരുന്നത് . രൂപപരമായി കരിയാടിന്റെ കവിതകള്‍ വൃത്തത്തേയും പ്രാസത്തേയും ഉപാസിക്കുന്നുണ്ടെങ്കില്‍, അത് ഇല്ല എന്ന ബോധം എഴുത്തില്‍ ഉള്ളടങ്ങിക്കിടക്കുന്നുമുണ്ട്. ഇത് ശ്രീകുമാര്‍ കരിയാടിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം ഒരു പൊതു സ്വഭാവമാണ്. താളം കവിതയുടെ ആന്തരിക ഘടനയിലുണ്ട് എന്ന നിരീക്ഷണത്തില്‍ നിന്നും വ്യത്യസ്തമാണിത്. കാരണം വൃത്തം പ്രകടമാണ്, പക്ഷേ വായനക്കാരെ ആകര്‍ഷിക്കുന്ന ഘടകം എന്ന നിലയില്‍ അതിന് യതൊരു പ്രസക്തിയുമില്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. ആന്തരിക ഘടനയില്‍ ലയിച്ചുചേര്‍ന്ന താളം വായനക്കാരെ പിടിച്ചിരുത്തുന്ന ഉപാധിയായി പ്രവര്‍ത്തിക്കുമ്പോള്‍ കരിയാടിന്റെ കവിതകളിലെ താളം പ്രത്യക്ഷത്തില്‍ത്തന്നെ പ്രകടമാണെങ്കിലും അതിന്റെ പ്രവര്‍ത്തന രീതി കേവലം വരികളുടെ പരസ്പരബന്ധശേഷി വിനിമയം ചെയ്യുക എന്നതു മാത്രമാണ്. ഇത് പുതു കവിതയുടെ ഒരു ഗുണമായിട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത് എന്നതിന് ഒരു കാരണം വിപുലമായ തോതിലല്ലെങ്കിലും കാവ്യാനുശീലനം കവിതയെഴുതാനുള്ള ഒരു അടിസ്ഥാന യോഗ്യത തന്നെയാണ് എന്നുള്ളതാണ് . ഇങ്ങനെ പറയുന്നതില്‍ പിന്തിരിപ്പന്‍ അംസം കണ്ടെത്തുന്നവരാണ് സത്യത്തില്‍ ഭാഷയേയും സാഹിത്യത്തേയും ഉറച്ച പ്ലാറ്റ്ഫോമില്ലാത്തവസ്തുഗണമായി എണ്ണുന്നത്.

'ഇന്‍സ്പെക്ഷന്‍‘ എന്ന കവിതയില്‍ പൂച്ച നഖത്താല്‍ കയ്യൊപ്പിടുകയും, “മ്യൂറല്‍’‘ എന്ന കവിതയില്‍ 'വെറ്റില പുകലച്ചുണ്ണാമ്പുകളുടെ/ ടെക്നിക്കളറോടെ/ ദിക്കിന്‍ ചുവരുനിറഞ്ഞൂ/ കാറിയ / മ്യൂറല്‍ ച്ചിത്രങ്ങള്‍’ എന്ന് മാസ്റ്റര്‍ മുറുക്കിത്തുപ്പുകയും ചെയ്യുന്നത് വളരെ നാച്വറല്‍ ആയിട്ടാണ്. 'മുറ്റത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ/ മച്ചിലെ ഗ്രന്ഥം തുറന്നൂ നീ’ എന്ന് മെറ്റമോര്‍ഫസിസിലും 'കണ്ടതൊരിടിമിന്നല്‍പ്പുളകം. കരങ്ങളില്‍/ കൊണ്ടപ്പോളവയെല്ലാം/ മുഴുത്ത ചെറിപ്പഴം’ എന്ന് ലൈനിലും പറയുന്നു. കാവ്യയുക്തിക്കപ്പുറത്തെ അനുശാസനങ്ങളല്ല, കാവ്യയുക്തി തന്നെയാണ് ഇവിടെ മനുഷ്യേതര ലോകത്തെ പ്രശ്നവല്‍ക്കരിക്കുന്നത് . കരിയാടിന്റെ കവിതകള്‍ക്ക് കാവ്യവസ്തുക്കള്‍ ആകാശത്തുനിന്നും മാത്രം കിട്ടുകയല്ല, ഭൌതിക ജീവിതത്തിന്റെ പരിസരത്തു നിന്നുതന്നെയാണ് ആശയാവലികളെ കാവ്യയുക്തിക്കനുസരിച്ച് പാകപ്പെടുത്തുന്നത് . 'പാസീവ് വോയ്സ് ' എന്ന കവിതയില്‍ എഴുത്തുകാരെല്ലവരും കൊല്ലപ്പെടുന്നതിന്റെ ഒരു കാരണം അവരുടെ കാവ്യബോധത്തെ തിരിച്ചറിയാതെ വരുന്നതുകൊണ്ടാണ് . കാവ്യാനുശീലനത്തെ സംബന്ധിച്ച വീണ്ടുവിചാരം കവിതയെഴുതുന്നവരുടെ ഇടയിലെങ്കിലും ഉറപ്പിക്കാന്‍ 'പാസീവ് വോയ്സിന്റെ നര്‍മ്മം പര്യാപ്തമാണ്.” സ്മോള്‍പോക്സ്’ ഇത്തരത്തില്‍ ചരിത്രത്തെ മനസിലാകാനുള്ള സമയം അനുവദിക്കുന്നുണ്ട്. റഫറന്‍സുകള്‍ മനസിലാക്കാതെ, ഭൂതകാലത്തെക്കുറുച്ചറിയാതെ, കവിത വായന ഇല്ലാതെ മറ്റൊന്നും നടക്കില്ല എന്ന് രാഷ്ട്രീയപരമായി പരയാന്‍ കഴിയില്ല . ചരിത്രബോധമില്ലാതെ ചെയ്യാന്‍ പറ്റിയ പണി ഭാവനവെച്ചുള്ള എഴുത്തും വായനയുമാണ് എന്ന് വിചാരിക്കുക എത്രയോ ധിക്കാരമാണ് !

കവിതയുടെ അകത്തുതന്നെ നിര്‍മ്മിക്കപ്പെടുന്നതാണ് ഓരോ കാവ്യയുക്തിയും. ഭൌതിക ലോകത്തില്‍ ഇതിന്റെ കാരണങ്ങള്‍ അപ്രസക്തമാണ് .എന്നാല്‍ കാവ്യത്തെ അപ്പാടെ ഈ യുക്തിക്ക് അടിമപ്പെടുത്തുന്നതും ശരിയാണെന്ന് പറയാനാവില്ല. ടെററിസ്റ്റും, പേറ്റന്റും, ഉട്ടോപ്യയും പോര്‍ണോഗ്രഫിയുമെല്ലാം ഈ വഴിക്കാണ് നീങ്ങുന്നത് . ‘പാഠപുസ്തകത്തിലെ കാടുള്ള കവിതയില്‍ ‘ഒളിച്ചിരിക്കുന്ന ടെററിസത്തിന്റെ സ്ഫോടക വസ്തുക്കളും ,കുട്ടികളുടെ മുഖച്ഛായയില്‍ നിരക്കുന്ന സ്ഫടികക്കുപ്പിക്കുള്ളില്‍ നില്‍ക്കുന്ന നിഷ്ക്കള ദ്രവവും ,പൂച്ചപ്പഴത്തെ കുടത്തില്‍ കെട്ടി വാറ്റിയ മദ്യം കുടിക്കുന്നതും ഈച്ചപ്പെണ്‍ കുട്ടികള്‍ ശര്‍ക്കരയില്‍ തീര്‍ത്ത “പലാരം‘ കഴിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. സര്‍ റിയലിസത്തെ വളരെ ധനാത്മകമായി പുതിയ കാലത്ത് ഉപയോഗിക്കുകയാണ് . ഭവനയെ ഒരു തരത്തില്‍ അതിലംഘിക്കുന്നതോടൊപ്പം ചുരുക്കിക്കെട്ടുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത് .കരിയാടിന്റെ കവിതകളിലെ കാവ്യ യുക്തി സ്വയം തീര്‍ക്കുന്ന പ്രതിരോധം കാവ്യത്തെ അപ്പാടെ ഈ യുക്തിക്ക് അടിമപ്പെടുത്തുന്ന രീതിയില്‍ വികാസം പ്രാപിക്കുക കൂടിയാണ് ഈ കവിതകളില്‍. എന്നാല്‍ കാര്‍ട്ടൂണ്‍ കവിതകളിലേക്കോ, ബാല സാഹിത്യത്തിലേക്കൊ വഴുതിമാറാനുള്ള ‘തത്തകളുടെ സ്കൂള്‍ -ഒന്നാം പാഠപുസ്തകത്തിന്റെ സാധ്യതയെ അതില്‍ നിന്നു മാറ്റി നിര്‍ത്തുന്നതും ഈ പ്രതിരോധവലയമാണ് എന്നു പറയേണ്ടി വരും. സാംസ്കാരികമായി നിര്‍മ്മിക്കപ്പെട്ട , സമകാലീന സംസ്കാരത്തെ ആഴത്തില്‍ സ്വാംശീകരിക്കുന്ന പാഠങ്ങളിലാണ് ഇവയുടെ നില്‍പ്പ് .

'ഇന്‍സ്റ്റലേഷന്‍’ ദീര്‍ഘമായ ഒരു പരീക്ഷണാഖ്യാനമാണ് . 'വാക്കുകളെ, വസ്തുക്കളെ, കാകളി മട്ടില്‍ പ്രതിഷ്ഠിച്ച്, നീട്ടി നീട്ടി ലോകാവസാനം വരെ നീട്ടിക്കൊണ്ടുപോകാവുന്ന് രൌബൃഹദാഖ്യാനമാണിത് ' എന്ന് ആമുഖത്തില്‍ കവി സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന പദകോശങ്ങള്‍ ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ വംശനാശഭീഷണി നേരിടുന്ന പദങ്ങളുടെ ശേഖരണവും സംരക്ഷണവും കൂടിയാണ് . നഷ്ട്ടപ്പെട്ടുപോകുന്ന വാക്കുകളുടെ ക്രമീകരണവും ക്രോഡീകരണവും അത്യന്തം രാഷ്ട്രീയ പരമായ പ്രവൃത്തിയാണ്. ഭാഷയുടെ അര്‍ഥവാഹക ശേഷിയും ഫിറ്റ്നസും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തുകയാണിവിടെ.

എല്ലാ വിഷയങ്ങളുടെയും ബോധന മാധ്യമമായി മലയാളത്തെ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ മലയാള സര്‍വകലാശാലപോലെയുള്ള ആശയങ്ങളിലൂടെ സമകാലിക സാഹചര്യത്തില്‍ പലരും മുന്നോട്ട് വെച്ചിട്ടുണ്ട്. കരിയാടിന്റെ കവിതകള്‍ ഒരേ സമയം പഠന മേഖലകള്‍ തമ്മിലുള്ള അതിരുകളെ മായ്ച്ചുകളയുകയും അതോടൊപ്പം മലയാള കവിതയുടെ വിഷയ പരിധിയിലേക്ക് നിരവധി മേഖലകളെ ആകര്‍ഷിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആയ ലക്ഷണമാണ്. സൈബര്‍ സ്പേസിനെ അറിവുല്‍പ്പാദനത്തിന്റേയും വ്യാഖ്യാനത്തിന്റേയും ഉപാധിയായി കവിതയുടെ പരിസരത്തേക്കടുപ്പിക്കാനും കരിയാടിന്റെ കവിതകളില്‍ ശ്രമങ്ങളുണ്ട് . 'തത്തകളുടെ സ്കൂള്‍’ ഒരു ബദല്‍ പാഠ്യ പദ്ധതിയെ മുന്നോട്ട് വെക്കുന്നത് ഇത്തരത്തിലാണെന്നത് വളരെ പ്രാധാന്യമുള്ള സംഗതിയാണ് .

3 comments:

  1. കോറോം .... കാംപുറ്റ വിശകലനം . കരിയാടിന്റെ കവിതകളെ കുറിച്ചുള്ള നല്ല അവലോകനം... കുസൃതിയും കൂരംപും, വിമര്‍ശനവും വിചിത്ര വീക്ഷണവും കരിയാടന്‍ കവിതകളുടെ കാതലാണ്... ഒരുതരം ബ്ലാക്ക് ഹ്യൂമര്‍ എല്ലാ മിക്ക കവിതകളിലും കാണാം... ബ്ലാക്ക് ഷീപ് (കരി ആട് ) അല്ലേ....

    ReplyDelete
  2. ഈ പോസ്റ്റിനു നന്ദി, ആശംസകള്‍
    ഒരു പുതിയ പുസ്തകം പരിചപെടുത്തിയത് നല്ല കുറേ അറിവുകള്‍ വായിച്ചപ്പോള്‍ കിട്ടാനിടയായി
    കരിയാടിന്റെ കവിതകളെ താങ്കളുടെ എഴുത്ത് നല്ല രീതിയില്‍ വിവരിച്ചു, കവിയേയും കവിതയേയും ആദരവോട് കൂടി താങ്കള്‍ എഴുതി

    ReplyDelete
  3. "തത്തകളുടെ സ്കൂള്‍-ഒന്നാം പാഠപുസ്തകം" നല്ല അവലോകനം... നന്ദി...

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?