Saturday, October 8, 2011

തീരം ധീവരരുടെ ചരിത്രത്തിലൂടെ

പുസ്തകം : തീരം ധീവരരുടെ ചരിത്രത്തിലൂടെ
രചയിതാവ് : ടി.എന്‍. മദനന്‍

അവലോകനം : കെ.പി.രാമനുണ്ണി




ദുഷ്ടതയും കാപട്യവും സ്വാര്‍ഥതയും നിറഞ്ഞ ഇന്നത്തെ ലോകത്തിന് ബദലായി സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടേതുമായ ഒരു എതിര്‍പ്രപഞ്ചം എങ്ങനെ ഭാവനയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതായിരുന്നു 'ജീവിതത്തിന്റെ പുസ്തകം' എന്ന നോവല്‍ എഴുതുമ്പോള്‍ ഞാന്‍ നേരിട്ട പ്രശ്‌നം. സങ്കല്‍പത്തില്‍ കരുപ്പിടിപ്പിക്കുന്ന ലോകത്തിന് എന്തെങ്കിലും ദേശ-കാല സാംഗത്യമുണ്ടായിരിക്കുന്നത് കൃതിയുടെ 'ലിറ്റററി ക്രെഡിബിലിറ്റിക്ക്' വളരെ ഗുണംചെയ്യുമല്ലോ. അപ്പോള്‍ ഏതൊരുവനിലാണ്, ഏത് ദേശത്തിലാണ്, ഏത് സമുദായത്തിലാണ് സ്‌നേഹവും നിഷ്‌കളങ്കതയും ആ ഗണത്തില്‍പെടുന്ന മറ്റ് ഗുണങ്ങളും തപ്പിപ്പിടിക്കേണ്ടത്. തീരുമാനമെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. കണ്‍മുന്നില്‍ തെളിയുന്ന മുഖങ്ങളും സ്ഥലങ്ങളും ജനക്കൂട്ടങ്ങളും ആഴത്തില്‍ വിശകലനംചെയ്യപ്പെട്ടപ്പോള്‍ നിരാശമാത്രം ബാക്കിയായി.

പെട്ടെന്നാണ് നിര്‍ഭയം വിശാലമായി ചിരിച്ചുകൊണ്ട് ഒരു മനുഷ്യന്‍ ഞാനിവിടെ ഉണ്ട് എന്ന് ഓര്‍മയില്‍ കൂവുന്നത്. എന്റെ സഹപ്രവര്‍ത്തകനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്‌സ് അസോസിയേഷന്‍ റീജ്യനല്‍ സെക്രട്ടറിയുമായിരുന്ന ടി.എന്‍. മദനനായിരുന്നു അത്. ദേശീയതലത്തില്‍തന്നെ ബാങ്ക് ആപ്പീസര്‍മാരുടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പടനായകന്‍. പണവും പെണ്ണും പുസ്തകവുമല്ല , ജീവന്‍പോലും ഏല്‍പിച്ചുപോകാവുന്ന വിശ്വസ്തന്‍. ഊഷ്മളമായ സാന്നിധ്യത്താല്‍ അമ്മയുടെ ഗര്‍ഭപാത്രംപോലെ ആളുകളെ ആകര്‍ഷിക്കുന്ന സ്‌നേഹിതന്‍. ആത്മാര്‍ഥതയുടെയും സാമര്‍ഥ്യത്തിന്റെയും ധിക്കാരത്തിന്റെയും ഉചിതമായ പാഠങ്ങളാല്‍ ബാങ്ക് ഓഫിസേഴ്‌സ് എന്ന അളിഞ്ഞ വര്‍ഗത്തില്‍നിന്നുകൂടി പുരുഷസിംഹങ്ങളെ മെനഞ്ഞെടുക്കുന്ന മാന്ത്രികന്‍. സഹപ്രവര്‍ത്തകര്‍ ഭായി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ടി. എന്‍. മദനനില്‍ കാലത്തിന് യോജിക്കാത്ത, വിശേഷിച്ച് ബാങ്ക് പണിക്ക് യോജിക്കാത്ത, ഇത്തരം ഗുണങ്ങള്‍ കെട്ടിവെച്ചത് അദ്ദേഹം ജനിച്ച സമുദായമായിരിക്കുമെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. കാരണം, കാറ്റിലും കോളിലും കൂടെയുള്ളവന്റെ ജീവന്‍ സ്വന്തം ജീവനെക്കാള്‍ കരുതലോടെ കാക്കുന്നവരാണ് മുക്കുവര്‍. കൂടാതെ, പ്രകൃതിയുണ്ടാക്കുന്ന അരക്ഷിതത്വങ്ങള്‍ക്കെതിരെ വലിയ വലിയ സങ്കല്‍പസൗധങ്ങള്‍ സൃഷ്ടിക്കുന്നവരും സ്‌നേഹിച്ചാല്‍ ഹൃദയം പറിച്ച് നല്‍കുന്നവരും ഉടക്കിയാല്‍ പങ്കായമെടുത്ത് തല്ലുന്നവരും കടലിന്റെപോലെത്തന്നെ ഹര്‍ഷമോ ദുഃഖമോ കോപമോ ഒളിച്ചുവെക്കാന്‍ അറിയാത്തവരുമാണ് മുക്കുവര്‍.

കാര്യങ്ങള്‍ തെളിഞ്ഞുകിട്ടിയതോടെ നാഗരികമായ ഉന്നതകുലലോകത്തിന്റെ കപടതകള്‍ക്ക് വിപരീതം നില്‍ക്കാനുള്ള ഭൂമിക കടല്‍ത്തീരവും സമുദായം ധീവരര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന കടലിന്റെ മക്കളുമാണെന്ന് എനിക്ക് തീര്‍ച്ചയായി. നേരെ കാഞ്ഞങ്ങാട്ടേക്ക് വെച്ചുപിടിച്ച് അംബികാസുതന്‍ മാങ്ങാടിന്റെയും പ്രവീണ്‍കുമാറിന്റെയും വീടുകളില്‍ ചെന്ന് താമസിച്ച് നോവല്‍ രചനക്കുവേണ്ട അസംസ്‌കൃതവസ്തുവിനെ പഠിക്കാന്‍ ആരംഭിച്ചു. താമസിയാതെ എഴുത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മരിച്ചുപോയ പ്രശസ്ത കഥാകൃത്ത് ടി. വി. കൊച്ചുബാവ ആരെങ്കിലും അദ്ദേഹത്തോട് കടുംകൈ വല്ലതും ചെയ്താല്‍ ചോദിച്ചിരുന്നത് അതിന് ഞാനവന് ഉപകാരമൊന്നും ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു. വിധിവശാല്‍ മിക്കപ്പോഴും ഏറ്റവും വലിയ ഉപദ്രവം നേരിടേണ്ടി വരുന്നത് ഉപകാരം ചെയ്തവരില്‍നിന്നായിരിക്കുമെന്നാണ് ഇതിന്റെ സാരം. ഈ പ്രതിഭാസത്തിന്റെ പ്രവര്‍ത്തനംകൊണ്ടുതന്നെയായിരിക്കണം പൂര്‍ത്തീകരിച്ച 'ജീവിതത്തിന്റെ പുസ്തകം' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയതും ചില കുബുദ്ധികള്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകൊണ്ട് നോവലില്‍ അങ്ങേയറ്റം വാഴ്ത്തപ്പെട്ട മുക്കുവസമുദായംതന്നെ നോവലിന് എതിരായി തിരിഞ്ഞു. 'ജീവിതത്തിന്റെ പുസ്തക'ത്തിന്റെ പ്രസിദ്ധീകരണം ഉടന്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ തങ്ങള്‍ മാതൃഭൂമി ചുട്ടുകരിക്കുമെന്നവര്‍ ഭീഷണി മുഴക്കി. മുള്ള് തറച്ചാല്‍ അതെടുക്കേണ്ടത് മുള്ളുകൊണ്ടുതന്നെ. വിഷം കലര്‍ന്ന മദ്യം കുടിച്ചാല്‍ അതിന് ചികിത്സിക്കേണ്ടത് നല്ല മദ്യം കൊണ്ടുതന്നെ. മദനന്‍ ഭായിയെ ശരണംപ്രാപിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തുകയായിരുന്നു എന്റെ മുന്നിലുള്ള ഏകമാര്‍ഗം. ഒടുവില്‍ നോവലിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ശ്രീ കുറുംബാക്ഷേത്രത്തിലുള്ള മുക്കുവസ്ഥാനീയരെയെല്ലാം ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം 'ജീവിതത്തിന്റെ പുസ്തക'ത്തിനുള്ള പ്രസിദ്ധീകരണഭീഷണികള്‍ ഒഴിവാക്കിത്തന്നു.

മദനന്‍ ഭായിയെ കെട്ടിപ്പിടിച്ച് എറണാകുളത്തെ വീട്ടില്‍ ധീവരരുടെ കന്മഷമില്ലാത്ത ഹൃദയക്കോളുകളെ പ്രകീര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ആ വിവരം വെളിപ്പെടുത്തിയത്. താനിതാ ധീവരസമുദായത്തിന്റെ ഉദ്ഭവംമുതല്‍ക്കുള്ള വികാസപരിണാമങ്ങള്‍ ചിത്രീകരിക്കുന്ന ഒരു പുസ്തകം രചിക്കാന്‍ പോകുന്നു. തുടര്‍ന്ന് ഞാനും പ്രശസ്ത കവി പി.എം. നാരായണനുമെല്ലാം ഉത്സാഹക്കമ്മിറ്റിയായ ആ ഗ്രന്ഥത്തിന്റെ സാക്ഷാത്കാരം ഡിസംബര്‍ ആറാം തീയതി എറണാകുളത്ത് കണ്ണുനീര്‍ തോരാത്ത എന്റെ ആശംസാപ്രസംഗത്തോടുകൂടി നടന്നു.'തീരം ധീവരരുടെ ചരിത്രത്തിലൂടെ' എന്ന ടി.എന്‍. മദനന്റെ പുസ്തകത്തില്‍ ധീവരരുടെ ഭൂതവും വര്‍ത്തമാനവും സ്ഥലപുരാണങ്ങളും മാത്രമല്ല, ഒരു സമുദായത്തിന്റെ അബോധമനസ്സും അതിന്റെ ഭാഗധേയവും തമ്മിലുള്ള ബന്ധംകൂടി വിശകലനം ചെയ്യപ്പെടുന്നു. തന്റെ പ്രപിതാമഹരും കൊച്ചിക്കാരുമായ വാലന്മാരെ ഇറ്റാലിയന്‍ സഞ്ചാരിയായിരുന്ന നിക്കോളെ കാണ്‍ടി ഏതോ ഘോരജന്തുക്കളായി തെറ്റിദ്ധരിച്ചുപോയ കഥയില്‍നിന്നാണ് ഗ്രന്ഥകര്‍ത്താവ് തുടങ്ങുന്നത്. ഈ ഘോരജന്തുക്കള്‍ രാത്രിയാകുമ്പോള്‍ വെള്ളത്തില്‍നിന്ന് കരക്ക് കയറി വിറക് ശേഖരിക്കുന്നു. കല്ലുകള്‍ കൂട്ടിയുരസി തീയുണ്ടാക്കി മത്സ്യങ്ങളെ ആകര്‍ഷിക്കുന്നു. പലതരം മീനുകള്‍ കൂട്ടംകൂടിവരുമ്പോള്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ പാഞ്ഞെത്തി അവയെ പിടിച്ചുതിന്നുന്നു. ഈ ഘോരജന്തുക്കളില്‍ ഒരു ആണിനെയും പെണ്ണിനെയും പിടിച്ചുനോക്കിയതില്‍ അവയുടെ ആകൃതി മനുഷ്യരുടേതില്‍നിന്ന് വ്യത്യസ്തമല്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും ഇറ്റാലിയന്‍ സഞ്ചാരി സാക്ഷ്യപ്പെടുത്തുന്നുണ്ടത്രെ.

കൊച്ചിയിലെ മുക്കുവരെക്കുറിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ വളരെ വേഗമാണ് കൊച്ചിയുടെ ചരിത്രമായി മദനന്റെ പുസ്തകത്തില്‍ രൂപംമാറുന്നത്. കപ്പലുകള്‍ നങ്കൂരമിട്ടുകിടക്കുന്ന വില്ലിങ്ടണ്‍ ഐലന്റ്. കെട്ടിടങ്ങള്‍ മുട്ടിയുരുമ്മിനില്‍ക്കുന്ന എറണാകുളം. പഴയ പാണ്ടികശാലയുടെ എടുപ്പുകള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന മട്ടാഞ്ചേരി... ഫോര്‍ട്ടുകൊച്ചി. ഗ്രാമീണകന്യകയെപ്പോലെ പ്രകൃതിയുടെ അകൃത്രിമമായ സൗന്ദര്യകടാക്ഷങ്ങളേറ്റ് ഒതുങ്ങിക്കൂടിയ പഴയ കൊച്ചിയുടെ ചിത്രം ഗ്രന്ഥകാരനില്‍ മിന്നിമറയുന്നു. ഉദ്ദേശം പതിനാലാം ശതകം വരെയുള്ള കേരളചരിത്രപരാമര്‍ശങ്ങളില്‍ കൊച്ചി എന്നൊരു നഗരത്തെ സംബന്ധിച്ച് വലുതായൊന്നും കാണുകയില്ല. കൊടുങ്ങല്ലൂരും കോഴിക്കോടും കൊല്ലവും ആയിരുന്നു അന്ന് അറിയപ്പെട്ടിരുന്ന തുറമുഖപട്ടണങ്ങള്‍. ഇതില്‍ പ്രമുഖമായത് കൊടുങ്ങല്ലൂരും. 1341ല്‍ കൊടുങ്ങല്ലൂരിന്റെ നിര്‍ഭാഗ്യമായി ഭവിച്ച പെരിയാറിലെ മലവെള്ളപ്പൊക്കം കൊച്ചിയെ ഭാഗ്യവതിയും അറബിക്കടലിന്റെ റാണിയുമാക്കുകയായിരുന്നു.

കൂലംകുത്തി കവിഞ്ഞൊഴുകിയ പെരിയാര്‍ കടലിലേക്ക് വഴികാണാന്‍ എറണാകുളം കരക്കെതിരെ കായലില്‍ സ്ഥിതിചെയ്തിരുന്ന ദ്വീപിന് ഒരു വിടവുണ്ടാക്കി. ഒരു കൊച്ചു അഴി. ആറിന് ആഴിയിലെത്താനുള്ള വഴി. ഈ കൊച്ചഴി ലോപിച്ചായിരിക്കണം കൊച്ചി എന്ന പേര്‍ വന്നിട്ടുണ്ടാകുക. 1500ല്‍ കൊച്ചിത്തമ്പുരാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ പാണ്ടികശാലകള്‍ സ്ഥാപിക്കാന്‍ അനുമതി കൊടുത്തതു മുതല്‍ വിദേശികളുടെ കുഴലൂത്തിന് തുള്ളാന്‍ ആ നഗരം വിധിക്കപ്പെട്ടതിലുള്ള രോഷം അത്തരം സംഭവങ്ങളുടെ പ്രത്യാഘാതം ഏറ്റവും അനുഭവിക്കാന്‍ ഇടവന്ന സമുദായത്തിന്റെ പ്രതിനിധി എന്ന നിലക്ക് മദനന്‍ പ്രകടിപ്പിക്കുന്നുണ്ട്. ചെറായിപ്പാലത്തിന് പടിഞ്ഞാറുവശം കൊച്ചി. കിഴക്ക് തിരുവിതാംകൂര്‍. പിന്നീടൊരു പുഴ കടന്നാല്‍ കൊച്ചിയുടെ സാമന്തനായ കൊടുങ്ങല്ലൂര്‍. അതിനപ്പുറത്ത് മതിലകംതൊട്ട് മലബാര്‍. ഇങ്ങനെയായിരുന്നു അക്കാലത്ത് വിവിധ നാട്ടുരാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്. സ്വാര്‍ഥതക്കും പകപോക്കലുകള്‍ക്കും വേണ്ടി വിദേശശക്തികളെ മാറിമാറി താങ്ങിയിരുന്ന കൊച്ചിരാജാവും തിരുവിതാംകൂര്‍ രാജാവും സാമൂതിരിയും ഇടക്കിടെ പരസ്‌പരം പോരടിച്ചുകൊണ്ടിരുന്നു. അതിര്‍ത്തികളുടെ അപ്പുറവും ഇപ്പുറവുമായി തീരദേശങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്ന ധീവരസമുദായക്കാര്‍ അധികാരശക്തികളുടെ പല അല്‍പത്തങ്ങള്‍ക്കും ഇരകളാകേണ്ടിവന്നു. ഉദാഹരണമായി, കൊച്ചിയില്‍ ഒരു കള്ളനെ പിടിച്ചുവെന്ന് വെക്കുക. അവന്‍ കൊച്ചിക്കാരനോ തിരുവിതാംകൂര്‍കാരനോ ആകാം. എന്നാല്‍, കൊച്ചി പൊലീസ് മഹസ്സര്‍ എഴുതുമ്പോള്‍ കള്ളന്റെ എല്ലാ ദോഷവശങ്ങളും വിവരിച്ചശേഷം ഇവന്‍ വിശിഷ്യ തിരുവിതാംകൂര്‍കാരനുമാണ് എന്ന് എഴുതുമത്രെ. പിന്നെ അവന് കൊച്ചിയില്‍ അപ്പീലില്ല. രാജഭരണകാലഘട്ടത്തിനുശേഷമുള്ള കൊച്ചിയുടെ ചരിത്രമുഹൂര്‍ത്തങ്ങളില്‍ ധീവരര്‍ക്കുണ്ടായ പങ്കാളിത്തവും അവരുടെ വിധിനിയോഗങ്ങളും തുടര്‍ന്ന് 'തീര'ത്തില്‍ വിസ്തരിക്കപ്പെടുന്നു.

ആസ്‌പിന്‍വാള്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി പി.കെ. ഡീവര്‍ ആദ്യമായി ഒരു കോഓപറേറ്റിവ് സൊസൈറ്റി രൂപവത്കരിച്ചു. സഹകരണരംഗം ഒട്ടും വ്യാപകമല്ലാതിരുന്നകാലത്തായിരുന്നു തൊഴിലാളികളെ രക്ഷിക്കാന്‍ ഇത്തരമൊരു നവീനാശയം ഡീവറുടെ മനസ്സിലുദിച്ചത്. നൂറോളം തൊഴിലാളികള്‍ക്ക് അദ്ദേഹം ഉപജീവനമാര്‍ഗം ഉണ്ടാക്കിക്കൊടുത്തു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പാലിയം സത്യഗ്രഹത്തിന് ധീവരസമുദായാംഗങ്ങളായ എ.ജി. വേലായുധനും എം.എന്‍. താച്ചൊയും എം.കെ. ചെമ്പനും മറ്റും ധീരമായ നേതൃത്വം നല്‍കി. സത്യഗ്രഹം ആരംഭിച്ചതിന്റെ നൂറാം ദിവസം വൈപ്പിനില്‍ നിന്ന് എ.ജി. വേലായുധന്റെയും പള്ളുരുത്തിയില്‍നിന്ന് എം.എന്‍. താച്ചൊയുടെയും നേതൃത്വത്തിലുള്ള ജാഥകള്‍ ചേന്ദമംഗലത്ത് എത്തി. കൊട്ടാരക്കെട്ടിലെ പ്രമാണികള്‍ ആനയെ ചങ്ങലയഴിച്ചുവിട്ട് വിരട്ടിയിട്ടും പിന്മാറാത്ത സമരക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചപ്പോഴാണ് എ.ജി. വേലായുധന്‍ രക്തസാക്ഷിയായത്.

സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും ധീവരരുടെ നിറഞ്ഞ പങ്കാളിത്തം കൊച്ചിയില്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. കവിയും പണ്ഡിതനുമായിരുന്ന കെ.പി. കറുപ്പന്റെ കൃതികള്‍ അക്കാലത്തെ ആനുകാലികങ്ങളില്‍ ധാരാളം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സാംസ്‌കാരികരംഗത്തിനുപുറമെ സാമൂഹികപരിഷ്‌കരണ രംഗത്തിനും അദ്ദേഹം സംഭാവനകള്‍ നല്‍കി. അരയര്‍, മുക്കുവര്‍, വാലന്മാര്‍ , നുളയന്മാര്‍ , മരയ്ക്കാന്മാര്‍ , മുകയന്മാര്‍ എന്നീ വിഭാഗങ്ങളായി കേരളത്തില്‍ അറിയപ്പെടുന്ന ധീവരസമുദായത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വേരുകള്‍കൂടി തുടര്‍ന്ന് ഗ്രന്ഥകര്‍ത്താവ് പരിശോധിക്കുന്നുണ്ട്. ആര്യാഗമനംമൂലം സിന്ധു വിട്ട് ഗംഗാതടത്തിന്റെ കിഴക്കേ തീരങ്ങളിലേക്ക് പലായനം ചെയ്ത ധീവരില്‍ ഒരു കൂട്ടര്‍ ബംഗാള്‍ ഉള്‍ക്കടല്‍വഴി സിലോണിലേക്കും അവിടെനിന്ന് കേരളത്തിലേക്കും എത്തിയതായിരിക്കുമത്രെ. ധീവരരില്‍ മത്സ്യബന്ധനം നടത്തിയിരുന്നവരും നാവികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരും ഉണ്ടായിരുന്നതുപോലെ ആഴക്കടലില്‍ മുങ്ങി മുത്തുവാരുന്നവരും ധാരാളമുണ്ടായിരുന്നു. രാമേശ്വരം തൊട്ട് കന്യാകുമാരിവരെയുള്ള ഇന്ത്യന്‍ തീരങ്ങളിലും ശ്രീലങ്കയുടെ ഇന്ത്യക്ക് അഭിമുഖമായി കിടക്കുന്ന തീരങ്ങളിലും മുത്തിന് മുങ്ങല്‍ നിത്യക്കാഴ്ചയായിരുന്നു. മുത്തിന് മുങ്ങുന്നവരായതുകൊണ്ടാണ് അവര്‍ക്ക് മുക്കുവര്‍ എന്ന് പേരുലഭിച്ചത്. വാലന്മാരുടെയും മറ്റും മറ്റൊരു ജീവനോപാധിയായിരുന്നു വഞ്ചിവലി. വിദേശവ്യാപാരബന്ധങ്ങളുടെ ആരംഭകാലം മുതല്‍ക്കേ ബേപ്പൂരും കോഴിക്കോടുമുള്ള അരയന്മാര്‍ പായക്കപ്പലുകളും ഉരുക്കളും നിര്‍മിക്കുന്നതില്‍ കരവിരുത് കാട്ടി. സ്വന്തമായി പാണ്ടികശാലകളും പത്തേമാരികളും ഉണ്ടായിരുന്ന അവര്‍ വിദേശികളുമായി നേരിട്ട് വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. ചിരിപുരാതനകാലം മുതലേ തങ്ങളുടെ പൂര്‍വികര്‍ പുലര്‍ത്തിപ്പോരുന്ന ദൈവവിശ്വാസം അതേപടി ഏറ്റെടുത്തുപോന്നവരാണ് ധീവരരുടെ എല്ലാ അവാന്തരവിഭാഗങ്ങളും. വീട് പണിയുമ്പോള്‍ ഒരു മുറി പൂജക്കായി ഇവര്‍ മാറ്റിവെക്കുന്നു. ചിലര്‍ വീട്ടുമുറ്റത്തുതന്നെ ഒരു ആരാധനപ്പുര കെട്ടുന്നു. ധീവരരുടെ ക്ഷേത്രങ്ങളില്‍ ഒട്ടുമിക്കതിലും പ്രതിഷ്ഠ ദേവിയുടേതാണ്. കാളി , ഭദ്രകാളി , കുറുംബ , ചീറുംബ എന്നിങ്ങനെ പല നാമങ്ങളിലാണ് പരാശക്തിയെ ഭജിക്കുന്നത്.

മക്കള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കിയാലോ എന്ന് ആശിക്കുന്ന സവര്‍ണരുടെ കൊളോണിയല്‍ അടിമത്തം അധികം തീണ്ടാത്ത ധീവരര്‍ തങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങള്‍ പരമാവധി കാത്തുസൂക്ഷിക്കുന്നവരാണ്. മുക്കുവരില്‍ കന്യകമാര്‍ തിരണ്ടാല്‍ ഏഴുദിവസം അശൗചം പാലിക്കും. മഞ്ഞളും താളിയും തേച്ച് തിരണ്ടുകുളി നടത്തുന്നത് രാത്രിയിലാണ്. എട്ടാം ദിവസം പുതുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കും. വധുവിന്റെ വീട്ടിലെ പന്തലില്‍വെച്ച് കോടി കൊടുക്കുകയാണ് ഇവരുടെ കല്യാണത്തിന്റെ മുഖ്യചടങ്ങ്. മരണം സംഭവിച്ചാല്‍ മരിച്ച ആള്‍ കിടന്ന പായ മടക്കാതെ പ്രായമുള്ള ഒരു സ്ത്രീ അതിലിരിക്കുന്ന പതിവുമുണ്ടായിരുന്നു.

സ്വന്തം പൈതൃകത്തോടും മനഃസാക്ഷിയോടും ഹൃദയബന്ധങ്ങളോടും അത്യന്തം കൂറുപുലര്‍ത്തുന്ന ധീവരരെ വരേണ്യരെന്ന് അവകാശപ്പെടുന്ന വര്‍ഗം ചൂഷണം ചെയ്യാനും താഴ്ത്തിക്കെട്ടാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. നന്മയും നിഷ്‌കളങ്കതയും സ്‌നേഹവുമൊന്നും പുതിയ കാലത്തിന് അനുയോജ്യമല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ചരിത്രം പുരോഗമിക്കുന്തോറും കടലിന്റെ മക്കള്‍ ഏറ്റുവാങ്ങിയ വിധിവിഹിതങ്ങള്‍. തുറമുഖവികസനത്തിന്റെ പേരില്‍ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയെല്ലാം മേലാളര്‍ ചുളുവില്‍ തട്ടിയെടുത്തു. ചരിത്രപ്രസിദ്ധമായ സമരങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായ ധീവരര്‍ ധാരാളമുണ്ടായിരുന്നെങ്കിലും ചരിത്രപുസ്തകങ്ങളിലൊന്നും അവരുടെ പേരുകള്‍ കയറിക്കൂടിയതേയില്ല. ചൂഷണത്തിലും അവഗണനക്കും പുറമെ മുക്കുവരെയും അരയരെയും പരിഹാസകഥാപാത്രങ്ങളാക്കാനും അവരുടെ മുകളില്‍ ഇല്ലാത്ത വിശ്വാസങ്ങള്‍ കെട്ടിയേല്‍പിക്കാനുമുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ക്ലോസെറ്റിലെ വെള്ളം കുളിമുറിയിലെ ഏതോ പാത്രത്തില്‍ വെച്ച വെള്ളമാണെന്ന് ധരിച്ചുവശായ കടപ്പുറത്തുകാരിയെ ചിത്രീകരിക്കുന്ന സിനിമ കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് തിയറ്ററുകളില്‍ എത്തിയിരുന്നു. തകഴിയുടെ വിശ്വപ്രശസ്തമായ 'ചെമ്മീനും' കേട്ടുകേള്‍വിയില്ലാത്ത ഒരു അന്ധവിശ്വാസം ധീവരരുടെ മുകളില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. മീന്‍പിടിക്കാന്‍ പോയ അരയനെ കടല്‍ വിഴുങ്ങുമോ എന്ന ഭയത്താല്‍ മാത്രം പാതിവ്രത്യം പുലര്‍ത്തുന്നവരല്ല അരയസ്ത്രീകള്‍. അതത് പ്രദേശങ്ങളിലെ എല്ലാ സമുദായക്കാരും സംസാരിക്കുന്ന ഭാഷ തന്നെയാണ് മുക്കുവരും സംസാരിക്കുന്നത്. അല്ലാതെ അവര്‍ക്ക് മാത്രമായി സിനിമകളില്‍ കാണിക്കുന്നപോലെ ഒരു വൈകൃതഭാഷ നിലനില്‍ക്കുന്നില്ല. സ്വന്തം സമുദായം ഏറ്റുവാങ്ങേണ്ടി വന്ന പല ദുരവസ്ഥകളും കണ്ണുതുറന്ന് കാണുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ തരിമ്പ് പോലും കാലുഷ്യം സൂക്ഷിക്കുന്നില്ല എന്നതാണ് ടി.എന്‍. മദനന്റെ അക്ഷരപ്രപഞ്ചത്തെ മഹത്തരമാക്കുന്നത്. ജാതി ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യമാണെങ്കിലും ജാതിജന്യമായ അസമത്വങ്ങള്‍ തകര്‍ത്ത് സകല സമുദായങ്ങളും ഒരുപോലെ ഉയരുമ്പോഴേ ഭാരതത്തിന്റെ ഭാവി പ്രശോഭനമാകൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ധീവരര്‍ സ്വന്തം അവശതകള്‍ പരിഹരിക്കാന്‍ യാഥാര്‍ഥ്യബോധത്തോടെ വസ്തുതകളെ സമീപിക്കണം. യന്ത്രവത്കൃത മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ക്ഷീണിപ്പിച്ച സാഹചര്യത്തില്‍ അതില്‍നിന്ന് മോചനം നേടാന്‍ കൂട്ടായ സംരംഭങ്ങള്‍ നടത്തുക. മറ്റ് സമുദായങ്ങളെപ്പോലെ എന്‍ജിനീയറിങ് കോളജും മെഡിക്കല്‍ കോളജുമടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുക. തീരദേശങ്ങളില്‍ നടത്തുന്ന വികസനങ്ങള്‍ പ്രകൃതിയെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. സമുദായത്തില്‍ പടര്‍ന്നുപിടിക്കുന്ന മദ്യപാനാസക്തിക്ക് കടിഞ്ഞാണിടുക. ചാകരക്കൊയ്ത്തിന്റെ ആഘോഷപൂരം കഴിഞ്ഞ് പിറ്റേന്നുതന്നെ വറുതിയിലേക്ക് വഴുതിവീഴാതിരിക്കാന്‍ സമ്പാദ്യശീലം വളര്‍ത്തുക തുടങ്ങി പല പ്രായോഗിക നിര്‍ദേശങ്ങളും ഗ്രന്ഥകര്‍ത്താവിന് സ്വന്തം സമുദായത്തിന് നല്‍കാനുണ്ട്.

11 comments:

  1. വയലാര്‍ പുരസ്കാര ലബ്ദിക്ക് ശ്രീ.കെ.പി.രാമനുണ്ണീ മാഷിന് പുസ്തകവിചാരം ടീമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    ReplyDelete
  2. ആദ്യമേ വയലാര്‍ അവാര്‍ഡിന് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

    രണ്ട് പുസ്തകങ്ങളും വായിച്ചിട്ടില്ല. രണ്ടും വായിക്കണം. രണ്ട് പുസ്തകങ്ങളിലേക്ക് എത്തിച്ചതിന് നന്ദി.

    ReplyDelete
  3. വയലാർ അവാർഡ് ജേതാവായതിന് രാമനുണ്ണി മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പുസ്തകാവലോകണം വായിച്ചിട്ട് ബാക്കി അഭിപ്രായം പറയാം.

    ReplyDelete
  4. രാമനുണ്ണി മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    ReplyDelete
  5. വയലാർ അവാർഡ് ലഭിച്ച രാമനുണ്ണി മാഷിനു് അഭിനന്ദനങ്ങൾ.

    ReplyDelete
  6. രാമനുണ്ണി മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    ReplyDelete
  7. അഭിനന്ദനങ്ങള്‍!

    ReplyDelete
  8. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    ReplyDelete
  9. വയലാർ അവാർഡ് ജേതാവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ഈ പരിചയപ്പെടുതലിനു നന്ദി.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?