പുസ്തകം : രേഖകള്‍ / മൊഴികള്‍
രചയിതാവ് : സോമന്‍ കടലൂര്‍
പ്രസാധകര്‍ :
അവലോകനം ; എന്‍.പ്രഭാകരന്‍
സോമന്‍ കടലൂരിന്റെ വരകള്‍ അവയുടെ ജന്മഗൃഹത്തിലെന്ന പോലെ സ്വാതന്ത്യ്രവും സ്വാച്ഛന്ദ്യവും അനുഭവിക്കുന്നത് തെയ്യമോ നാട്ടുവഴക്കങ്ങളോ പ്രധാനപ്രതിപാദ്യമായി വരുന്ന പ്രസിദ്ധീകരണങ്ങളിലെ രചനകളോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ്.ഒരു പെരുങ്കളിയാട്ടസോവനീറിലോ തെയ്യംകഥകളുടെ സമാഹാരത്തിലോ സോമന്റെ ചിത്രങ്ങളോളം അനുയോജ്യത അവകാശപ്പെടാനാവുന്ന മറ്റു വരകള്‍ ഇന്നത്തെ നിലയില്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല.ആ ചിത്രങ്ങളില്‍ നിന്നു പ്രസരിക്കുന്ന പ്രാക്തനതയുടെ ഊര്‍ജവും അവയുടെ രൂപത്തിന്റെ സര്‍വതലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തവും അത്രമേല്‍ പ്രത്യക്ഷവും ശക്തവുമാണ്.
രേഖകളും മൊഴികളും തമ്മില്‍ കലാത്മക പാരസ്പര്യം പുലര്‍ത്തുന്ന സവിശേഷ രചനകളാണ് സോമന്‍ ഈ സമാഹാരത്തിലൂടെ മലയാളത്തിലെ വായനാസമൂഹത്തിനും കലാസ്വാദകര്ക്കും മുന്നില്‍ അവതരിപ്പിക്കുന്നത്.പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ സൌന്ദര്യാത്മകസന്തുലിതത്വം പുലര്‍ത്തുന്നുണ്ടെങ്കിലും വേറിട്ടെടുത്ത് വിശകലനം ചെയ്യുന്നതിന് തടസ്സമാവാത്ത വിധത്തില്‍ സ്വതന്ത്രമാണ് ഈ രചനകളിലെ വാക്കുകളും വരകളും. ഇതാ ഒരുദാഹരണം:
ഓണപ്പൂക്കളം:
കുട്ടികളോടായാലും
മുതിര്‍ന്നവരോടായാലും
തമിഴിലങ്ങനെ ചറപറ സംസാരിക്കും
ഓണസദ്യ
തെലുങ്ക് കന്നട തുടങ്ങി
ഹിന്ദിവരെ മൊഴിയും
മലയാളം മാത്രമറിയില്ല
ഓണപ്പൊട്ടന്‍
ഒന്നും മിണ്ടില്ല,തന്നോട് പോലും
മലയാളി തന്നെ.
ഈ കവിതയോടൊപ്പമുള്ള ചിത്രം നോക്കുക.അത് തരുന്ന ദൃശ്യാനുഭവം അതില്‍ തന്നെ പൂര്‍ണമാണ്.കവിതയുടെ നിലനില്‍പാണെങ്കില്‍ ആ ചിത്രത്തിന്റെ വാക്കുകളിലേക്കുള്ള വിവര്‍ത്തനമായിട്ടല്ല താനും.ഈ സമാഹാരത്തിലെ എല്ലാ രചനകളെ കുറിച്ചും ഇതു തന്നെ പറയാം.
പ്രകൃതിയിലെ ഏറ്റവും പ്രാഥമികമായ സാന്നിധ്യങ്ങളില്‍ ചിലതിനെ ഏതെങ്കിലും തലത്തില്‍ മനുഷ്യരൂപവുമായി ബന്ധിപ്പിച്ച്,അവയുടെ പാരസ്പര്യത്തില്‍ നിന്നുളവാകുന്ന ശക്തിസൌന്ദര്യങ്ങളെ ഭാവതീവ്രതയോടെ ആവാഹിക്കുന്നവയാണ് സോമന്റെ പല ചിത്രങ്ങളും. ചെടിയുടെകാണ്ഡമായി കറുപ്പാല്‍ മണ്ണില്‍ അദൃശ്യത കൈവരിക്കുന്ന മനുഷ്യശരീരം,പക്ഷിച്ചിറകുകളില്‍ ഉയരുന്ന നഗ്നമായ സ്ത്രീരൂപം,ചെടിത്തണ്ടായി വളരുന്ന നട്ടെല്ല്,മയില്‍ കൊത്തുന്ന മണ്ണില്‍ പുല്ലുകളാല്‍ മുക്കാലും മറയ്ക്കപ്പെട്ട കുഞ്ഞുമുഖമുള്ള ശരീരം,കാടിനെ മുടിയിലേക്കു മീനുകളെ കണ്ണുകളിലേക്കും ആവാഹിച്ച മനുഷ്യസ്ത്രീ എന്നിങ്ങനെ ഉദാഹരണങ്ങള്‍ നീണ്ടുപോകും. എത്രയോ തലമുറകളായി പരമ്പരാഗതമായി തുടരുന്ന പ്രത്യേകരീതിയിലുടെയാണ് വാര്‍ളികളെപ്പോലുള്ള ആദിവാസവിഭാഗങ്ങളുടെ രചനകള്‍ക്കും കലംകാരിചിത്രങ്ങള്‍ക്കും മറ്റും അത്ഭുതകരമായ അനന്യത കൈവന്നത്.ഇത്തരം ആദിവാസിചിത്രങ്ങളിലേതിനോട് ആത്മബന്ധമുള്ള രൂപങ്ങളും ഡിസൈനുകളും സോമന്റെ വരകളില്‍ യഥേഷ്ടം കടന്നുവരുന്നുണ്ട്. ഗോത്രജീവിതപരിസരങ്ങളിലെ മനുഷ്യേതരജന്തു സാന്നിധ്യങ്ങളും(മയില്‍,കുറുക്കന്‍,പാമ്പ്)ഈ ചിത്രകാരന്റെ ഇഷ്ടരൂപങ്ങള്‍ തന്നെ.തലമുടിയിലും മുഖവടിവിലും ഉടല്‍വടിവിലും അലങ്കരണങ്ങളിലു മെല്ലാം സോമന്റെ മനുഷ്യരൂപങ്ങള്‍ക്ക് തികഞ്ഞ ആദിവാസിത്വമുണ്ട്. ആദിവാസി ചിത്രരചനാശൈലിയുടെ അന്ത:സത്ത തന്നെ സവിശേഷമായ ഒരവകാശബോധത്തോടെ സോമന്‍ കടം കൊണ്ടിട്ടുണ്ടെന്നുപറയാം.
മീന്‍,പാമ്പ്,പക്ഷി,കാള എന്നിങ്ങനെ ജീവിതരതിയെ പ്രതിനിധാനം ചെയ്യുന്നവയായി സ്വപ്നങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും മനുഷ്യവംശത്തിന് ചിരപരിചിതമായ മോട്ടീഫുകളാണ് സോമന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കപ്പെട്ടുകാണുന്നത്.കൈപ്പത്തികളും വിരലുകളുമാണ് മനുഷ്യാവയവങ്ങളില്‍ സോമനിലെ ചിത്രകാരന്റെ പ്രത്യേപരിഗണന നേടുന്നത്.വിരലുകളില്‍ വിരിയുന്ന ഇലകള്‍,വിരലുകളില്‍ നിന്ന് പറന്നുയരുന്ന ഈയാംപാറ്റകള്‍,മറ്റു വിരലുകളില്‍ നിന്ന് മനുഷ്യമുഖമായിമാറി വേര്‍പിരിയുന്ന തള്ളവിരല്‍,വിരലുകളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന മരത്തിന്റെ മധ്യഭാഗം,നാലുവിരലുകളിലും അറ്റുപോയ വിരലിലുമായി നിറയുന്നപക്ഷികളും മലകളുംപുഴയും മീനും പൂവും വേരിന്റെ പൊടിപ്പുകളും,അഞ്ചുവിരലിലും ഉള്ളികയ്യിലും തറഞ്ഞ ആണികളുമായി ഒരു കൈപ്പത്തി ഇങ്ങനെ സോമന്റെ ചിത്രങ്ങളില്‍ കൈവിരലുകള്‍ പല കാഴ്ചകള്‍ക്കും കടന്നുവന്നൊന്നുചേരാനുള്ള ഇടമായിത്തീരുന്നു.ഈ മോട്ടീഫിനോടുള്ള തന്റെ ആസക്തിക്ക് ഒരുവിരല്‍ചിത്രത്തോടൊപ്പമുള്ള മൊഴിയില്‍ സോമന്‍ ഇങ്ങനെ വിശദീകരണം കുറിക്കുന്നു:
വീണടിയുന്നു വിരലുകള്‍
എങ്കിലും
വീണയില്‍ സംഗീതമുണരുന്നു
പൊട്ടിവീഴുന്നു വിരലുകള്‍
എങ്കിലും
തെറ്റിന്റെ കണ്ണിലേക്കിപ്പൊഴും ചൂണ്ടുന്നു
അറ്റുപോകുന്നു വിരലുകള്‍
എങ്കിലും ചിത്രങ്ങളെഴുതുന്നു
കറുകറുപ്പിന്റെ കര്‍ക്കടച്ചോരയില്‍
ബാക്കിനില്‍ക്കുന്നൊരീ
പെരുവിരല്‍ അടര്‍ത്തുന്നു
മിത്രമേ
നിനക്കെന്റെ
രക്തോപഹാരം!
നാഗരികജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആവിഷ്ക്കരിക്കുമ്പോഴും സോമന്‍ വരക്കുന്ന മനുഷ്യരൂപങ്ങള്‍ക്ക് പ്രാകൃതത്വത്തിന്റെയും നാടോടിത്തത്തിന്റെയും ഭാവമാണുള്ളത്.യഥാതഥമായിരിക്കുമ്പോഴും അല്പമായി വക്രീകരിച്ച അവസ്ഥയിലായിരിക്കുമ്പോഴും കേവല ഭ്രമാത്മകരൂപമായിരിക്കുമ്പോഴുമെല്ലാം അവ ഈ സ്വഭാവം തന്നെ നിലനിര്‍ത്തുന്നു.നഗരദൃശ്യങ്ങളും നാഗരികമനുഷ്യരും സോമന്റെ ചിത്രങ്ങളില്‍ ഇല്ലെന്നു തന്നെ പറയാം.പുതിയകാലത്തിന്റെ പ്രശ്നങ്ങളോട് മൊഴികളിലൂടെ അതിശക്തമായി പ്രതികരിക്കുമ്പോഴും വരകളില്‍ സോമന്‍ ആദിവാസിയുടെയും നാടോടിയുടെയും വംശക്കാരനായി സ്വയം പരിവര്‍ത്തിപ്പിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങളിലൂടെ പരിണമിച്ച് പൂര്‍ണത കൈവരിച്ച പ്രത്യേകമായ ഒരു ചിത്രണരീതി അതിന്റെ സാധ്യതകള്‍ കൃത്യമായി പരിഗണിച്ച ശേഷം സ്വീകരിച്ചതിന്റെ ഫലമായി സംഭവിച്ചതല്ല ഇത്.സോമന്റെ കാഴ്ചയുടെ സഹജസ്വഭാവം തന്നെ അതാണെന്ന് ഈ ചിത്രങ്ങള്‍ അവയുടെ ജൈവോര്‍ജ്ജത്തിന്റെ പ്രസരണം വഴി സംശയരഹിതമായി ബോധ്യപ്പെടുത്തുന്നുണ്ട്.പ്രളയജലം പോലെ ഇരമ്പിയെത്തുന്ന സാംസ്കാരികാധിനിവേശത്തിന്റെ പുതുശീലങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ ഒരു ചിത്രകാരന്‍ സ്വന്തം മണ്ണില്‍ കാലുറപ്പിച്ചുനിന്നുകൊണ്ട് നിര്‍വഹിക്കുന്ന പ്രതിരോധത്തിന്റെ തികവുറ്റ ചിഹ്നമായിത്തന്നെ ഈ ചിത്രണരീതിയെ മനസ്സിലാക്കേണ്ടതുണ്ട്.
സോമന്റെ വരകള്‍ക്കൊപ്പമുള്ള മൊഴികള്‍ ചിത്രങ്ങളുടെ ആസ്വാദനത്തിന് ആവശ്യമായതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാവുകത്വമാണ് വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.സമകാലികകേരളീയ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചൂഴ്ന്നുള്ള സൂക്ഷ്മവും വ്യത്യസ്തവുമായ സാമൂഹ്യസാംസ്കാരികനിരീക്ഷണങ്ങള്‍ തന്നെയാണ് ആ മൊഴികള്‍.കവിത എന്ന അവകാശവാദത്തോടെയല്ലാതെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മൊഴികളില്‍ പലതും സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച കവിതകള്‍ തന്നെയാണ്.അവയില്‍ നിറഞ്ഞുനില്‍ക്കുന്ന നര്‍മവും പരിഹാസവും വിമര്‍ശനവുമെല്ലാം നിശിതജാഗ്രതയുള്ള ഒരു മനസ്സിനെയാണ് അടയാളപ്പെടുത്തുന്നത്.ഒരുദാഹരണം മാത്രം നോക്കുക:
വീട്ടിലില്ല
നാട്ടിലോ റോട്ടിലോ
നാലാള്‍ കൂടുന്നിടത്തോ
നിലവിലില്ല
കല്ലാണവീട്ടില്‍
മഹനീയസാന്നിധ്യമില്ല
മരണവീട്ടിന്റെ മൌനത്തിലില്ല
അമ്മയ്ക്കൊപ്പം ആശുപത്രിയിലില്ല
ജാഥയിലില്ല
സമരത്തിലില്ല
പാര്‍ട്ടിയിലൊട്ടുമില്ല
വെയിലിലോ
വയലിലോ
വായനശാലയിലോ പൊടിപോലുമില്ല
യുവാവേ
നീയെവിടെയാണ് ഒളിച്ചത്?
കൊതിയാവുന്നു
നിന്നെയൊന്നു കാണാന്‍
സത്യമായും "ക ാശ ൌ റമ''
കടങ്കഥയുടെ ഭാഷയില്‍ നിന്നാരംഭിച്ച് മൊബൈല്‍ മെസ്സേജിന്റെ ഭാഷയില്‍ അവസാനിക്കുന്ന ഈ കവിത സമകാലികകേരളീയ ജീവിതത്തിന്റെ പൊതുസ്ഥലങ്ങളില്‍ നിന്നെല്ലാമുള്ള യുവാക്കളുടെ തിരോധാനമെന്ന അത്യന്തം അസ്വാസ്ഥ്യജനകമായ വിപര്യയത്തെ എത്ര അനായാസമായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു.ചിന്തയും നിരീക്ഷണങ്ങളും മൌലികവും സത്യസന്ധവുമാവുമ്പോള്‍ കാവ്യഭാഷയ്ക്ക് അതിന്റെ പാരമ്പര്യത്തോടും വര്‍ത്തമാനത്തോടും എത്രമേല്‍ ഊര്‍ജ്ജസ്വലമായ ജൈവബന്ധം സാധ്യമാവുന്നു എന്നുകൂടി ഈ കവിത തെളിയിച്ചുകാണിക്കുന്നു.
ഇത്തരത്തില്‍ തീര്‍ത്തും സാമൂഹ്യമായ ഉള്ളടക്കംകൊണ്ട് ത്രസിക്കുന്നകവിതകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമാണ്
കടുത്ത വേനലിലും
വറ്റാത്ത കിണറായിരുന്നു
എത്രവേഗമാണ്
ഒരു ചായക്കപ്പിനോളം
അത് ചെറുതായത്
ചുണ്ടിനും കപ്പിനുമിടയ്ക്ക് വെച്ച്
പൊടുന്നനെ അപ്രത്യക്ഷമായ
ജീവിതത്തെക്കുറിച്ചുള്ള വിലാപം
അയാളെ കവിയാക്കി
എന്നതു പോലുള്ള വൈയക്തികവിഷാദത്തിന്റെ സാന്ദ്രാവിഷ്ക്കാരങ്ങള്‍ കടന്നുവരുന്നത്.
പപ്പുവിന്റെ ഒറ്റയടിയില്‍
കേശവദേവ്
ഓടയില്‍ വീണുരുണ്ടു
കോരന്റെ വാരിക്കുന്തം കൊണ്ടുള്ള
ഒറ്റക്കുത്ത്
തകഴിയെ തകര്‍ത്തു
ഭരതന്റെ ഒറ്റച്ചവിട്ട് മതിയായിരുന്നു
കോവിലനെ വീഴ്ത്താന്‍
മുഷ്ടിയാല്‍ മുഖമടച്ചുള്ള
ഒറ്റത്തൊഴിയില്‍
എം.ടി ഗോവിന്ദന്‍കുട്ടിക്കുമുന്നില്‍
നിലംപരിശായി
രവിയുടെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തിലാണ്
വിജയന്‍ പരാജയപ്പെട്ടത്
മുകുന്ദനെ
കഴുത്തിന് പിടിച്ച് മുക്കി
വെള്ളിയാങ്കല്ല് കാട്ടിക്കൊടുത്തു,ദാസന്‍
ഇരുട്ടില്‍ ആളൊഴിഞ്ഞ പള്ളിപ്പറമ്പില്‍ വെച്ച്
മജീദ്
വൈക്കം മുഹമ്മദ്ബഷീറിനെ നേരിട്ടു
ബഹളം കേട്ട് ഓടിക്കൂടിയവര്‍ അന്തംവിട്ടു
ബഷീര്‍ എന്നു തെറ്റിദ്ധരിച്ച്
മജീദ്
തന്നെത്തന്നെ ആഞ്ഞുവെട്ടുകയായിരുന്നു.
എന്നെഴുതിയ ഒരാളുടെ സാഹിത്യഭാവുകത്വത്തിന്റെ സമഗ്രശേഷിക്ക് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല.
പ്രതീതികള്‍ അനുഭവങ്ങളെ അല്ലെങ്കില്‍ പ്രതിബിംബങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കീഴടക്കിയ ഒരു കാലത്തെ കുറിച്ചുള്ള വെറുപ്പും വേദനയും ചിരിയും പരിഹാസവും കലര്‍ന്നുള്ള നിശിതമായ പ്രസ്താവങ്ങളാണ് സോമന്റെ മൊഴികള്‍.അവയെ കവിതയുടെ ഗണത്തില്‍ പെടുത്താന്‍ ആരെങ്കിലും മടിക്കുന്നുവെങ്കില്‍ അവരുടെ കവിതാസങ്കല്പം കാലത്തെ അടയാളപ്പെടുത്തുന്ന കവിതയില്‍ നിന്ന് അനേകകാതം പുറകിലാണെന്നു തന്നെയാണ് അര്‍ത്ഥം.സോമന്റെ വരകളുടെ മൌലികതയെയും ആ മൌലികതയെ സാധ്യമാക്കുന്ന വ്യത്യസ്തമായ സാംസ്കാരികരാഷ്ട്രീയ നിലപാടുകളെയും കുറിച്ച് ഉദാസീനത പുലര്‍ത്തുന്നതിലുമുണ്ട് ഇതുപോലൊരു പിന്‍നില.രേഖകളുടെയും മൊഴികളുടെയും പുസ്തകരൂപത്തിലുള്ള ഈ അവതരണം ആ പിന്‍നിലയില്‍ നിന്ന് മുന്നേറാനുള്ള ശക്തമായൊരു പ്രേരണയായിത്തീരുക തന്നെ ചെയ്യും.ഈ അസാധാരണസമാഹാരത്തിന് അവതാരിക കുറിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനം തോന്നുന്നുണ്ടെനിക്ക്.
(സോമന്‍ കടലൂരിന്റെ 'രേഖകള്‍/മൊഴികള്‍' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക.)
good ........vaayichu
ReplyDeleteവായിക്കണം
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍