പുസ്തകം : ചോമന ദുഡി
രചയിതാവ് : ശിവരാമകാറന്ത്
അവലോകനം : മുരളീകൃഷ്ണ മാലോത്ത്
(ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് ഓര്‍മിപ്പിച്ചു എന്നതല്ലാതെ നിയതമായ കാരണങ്ങള്‍ ഒന്നുമില്ല ഇപ്പോള്‍ ചോമന ദുഡിയെ (ചോമന്റെ തുടി) കുറിച്ച് പറയുന്നതിന് പിന്നില്‍. സത്യത്തില്‍ ഇത്രയും സംഭ്രമിപ്പിച്ച വേറൊരു നോവലില്ല. പന്ത്രണ്ട് കൊല്ലം മുന്‍പാണ് വായിച്ചതെന്നും സംഭ്രമത്തിന് കാരണമായിട്ടുണ്ടാകണം. ഓഷോ പറഞ്ഞതുപോലെ കൂടുതല്‍ പഠിക്കുന്തോറും അത്ഭുതങ്ങളും സംഭ്രമങ്ങളും നമ്മളെ വിട്ടൊഴിഞ്ഞുപോകുകയാണല്ലോ)
ജാതിവ്യവസ്ഥയും ജന്മി-കുടിയാന്‍ ബന്ധവും മതപരിവര്‍ത്തനവും ഏറ്റവും കടുത്തുനിന്ന ഒരു കാലഘട്ടത്തിലാണ് കന്നഡയില്‍ ശിവരാമകാറന്ത് ചോമന ദുഡി (മലയാളത്തില്‍ ചോമന്റെ തുടി) എഴുതുന്നത്. ''കരയാതെ മക്കളേ കല്‍പ്പിച്ചുതമ്പുരാന്‍ ഒരു വാഴ വേറെ.... ഞാന്‍ കൊണ്ടുപോട്ടെ'' എന്ന് പാടിയ വന്ന ചങ്ങമ്പുഴയുടെ മലയപ്പുലയന്റെ വേദന നമുക്ക് ചോമനെ എളുപ്പത്തില്‍ പരിചിതനാക്കിയേക്കും. അധസ്ഥിതനായ ചോമന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരുതുണ്ട് കൃഷിഭൂമി. സ്വന്തം നിലത്ത് പൂട്ടാന്‍ ഒരു ജോടി കാളകളെയും മറ്റാര്‍ക്കും തൊടാന്‍ കൊടുക്കാതെ അയാള്‍ വളര്‍ത്തിവന്നു. എന്നാല്‍ എന്നോ വാങ്ങിയ 20 രൂപയുടെ കടം വീട്ടാന്‍ കാലങ്ങളായി ജന്മിക്ക് വേണ്ടി പണിയെടുക്കുകയാണ് ചോമന്‍. പുലയനായ ചോമന് ഈ ജന്മത്തില്‍ സ്വന്തമായി ഭൂമി കിട്ടില്ല. കൃസ്ത്യാനിയായാല്‍ ഭൂമി തരാമെന്ന് പാതിരിമാര്‍. തന്റെ വിശ്വാസങ്ങളെയും ദൈവങ്ങളെയും മുറുകെ പിടിക്കുന്ന ചോമന്‍ ഈ വാഗ്ദാനം നിരസിക്കുന്നു. തന്റെ തുടികൊട്ടി ചോമന്‍ വിധിയോട് പരിഭവിക്കുന്നു.
ചോമന്റെ ഇളയമകന്‍ കണ്‍മുമ്പില്‍വച്ചാണ് പുഴയില്‍ മുങ്ങിമരിച്ചത്. ഒരുപാടാളുകള്‍ കണ്ടുനില്‍ക്കേ. ആരും സഹായിച്ചില്ല. മുങ്ങിച്ചാകാന്‍ പോകുന്ന ആരു പുലയനെ തൊട്ട് തങ്ങളുടെ ബ്രാഹ്മണ്യം കളയാന്‍ അവിടെയുണ്ടായിരുന്നവര്‍ തയ്യാറായിരുന്നില്ല. ഒരു പട്ടിയോ പൂച്ചയോ ആയിരുന്നെങ്കില്‍ ഒരു ജീവന്‍ അത്രയും ആളുകളുടെ മുന്നില്‍ വച്ച് പൊലിഞ്ഞുപോകുമായിരുന്നില്ല. തന്റെ ജാതിയില്‍ ചോമന് വേദന തോന്നി. തന്റെ തുടിയിലാണ് അന്ന് രാത്രി ചോമന്‍, കുഞ്ഞിന്റെ മരണത്തിന്റെ കണക്ക് തീര്‍ത്തത്. മൂന്ന് ആണ്‍മക്കളായിരുന്നു ചോമന്. ഒരു മോളും, ബെളളി. രണ്ടാണ്‍മക്കള്‍ക്ക് കാപ്പിത്തോട്ടത്തിലായിരുന്നു ജോലി. അതിലൊരാള്‍ കോളറ വന്ന് മരിച്ചുപോകുകയാണ്. മറ്റേയാള്‍ മതം മാറി കൃസ്ത്യാനിയായി. ഒരു കൃസ്ത്യാനിപ്പെണ്ണിനെ വിവാഹം ചെയ്തു. ഇതറിഞ്ഞ ചോമന്‍ തളര്‍ന്നുപോകുന്നു, വീണ്ടും തുടികൊട്ടുന്നു ചോമന്‍.
ചോമന്റെ ഏക ആശ്വാസവും പ്രതീക്ഷയും പിന്നെ മകള്‍ ബെള്ളിയാണ്. എന്നാല്‍ പണിയെടുക്കുന്ന തോട്ടത്തിലെ കണക്കെഴുത്തുകാരന്‍ അവളെ വശീകരിക്കുന്നു. കടം വീട്ടാനും വയറിന്റെ വിശപ്പുമാറ്റാനും അവള്‍ക്ക് അയാളെ അനുസരിക്കാതെ തരമില്ല. ഒരിക്കല്‍ അയാളുടെ മുതലാളി ബെള്ളിയെ ഭോഗിക്കുകയും അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. എന്നാല്‍ കണക്കെഴുത്തുകാരന്‍ മന്വേലന്‍ ബെള്ളിയെ കാണാന്‍ വീണ്ടും എത്തുന്നു. പൊടുന്നനെ വീട്ടിലേക്ക് കടന്നുവന്ന ചോമന്‍ കാണുന്നത് മകള്‍ ബെള്ളി മന്വേലനുമായി ഭോഗത്തിലേര്‍പ്പെടുന്നതാണ്. അതേ, ആ പെണ്‍കുട്ടി ചോമന്റെ അവശേഷിച്ച സ്വപ്നങ്ങളിലും കരിപടര്‍ത്തി.
സമചിത്തത നഷ്ടപ്പെട്ട് ചോമന്‍ ബെള്ളിയെ ക്രൂരമായി തല്ലിച്ചതക്കുമ്പോള്‍ മന്വേലന്‍ വാതില്‍ തുറന്ന് ഓടിരക്ഷപ്പെടുകയാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ അടി അയാള്‍ക്കും കൊള്ളുന്നുണ്ട്. ബെളളിയെ വീട്ടില്‍ നിന്നും പുറത്താക്കിയ ചോമന്‍ തനിക്കിങ്ങനെയൊരു മകളില്ലെന്ന് തീര്‍ത്തുപറയുന്നു. വിധിയോട് കലാപം കൊണ്ട അയാള്‍ പൊടുന്നനെ ഒരാവേശത്താല്‍ കാളകളെ പൂട്ടുകയും മുറ്റത്തൊരുഭാഗം ഭ്രാന്തമായി ഉഴുതുമറിക്കുകയും ചെയ്തു. ശേഷം കാളകളെ കാട്ടിലേക്ക് തുറന്നുവിട്ട് വീടിനകത്ത് കയറി തുടികൊട്ടുന്നു........... വീണ്ടും തുടി കൊട്ടുന്നു.......... മരണം വരെ.
ഒരു നോവലും വായനക്കാരനും തമ്മിലെന്ത് എന്ന ചോദ്യത്തിന് തികഞ്ഞ ഉത്തരമാണ് ശിവരാമ കാറന്തിന്റെ ഈ നോവല്‍. കുറഞ്ഞത് പന്ത്രണ്ടുവര്‍ഷം കഴിഞ്ഞുകാണണം ചോമന ദുഡി യിലൂടെ കടന്നുപോയിട്ട്. ആത്മനിന്ദയോടെ ചുണ്ടുകോട്ടാതെയും ഹൃദയത്തില്‍ കത്തിമുന താഴ്ത്തുന്ന വേദനയറിയാതെയും നിങ്ങള്‍ക്ക് ഈ നോവലിലൂടെ നടന്നുപോകാനാവില്ല. ഈ നോവല്‍ എഴുതിത്തീര്‍ന്ന കാലഘട്ടം കണക്കിലെടുക്കുമ്പോള്‍ വിശേഷിച്ചും. ചോമന്റെ തുടി 1975 ല്‍ സനിമയാകുകയും മികച്ച ചിത്രത്തിനുള്ള പ്രസിഡണ്ടിന്റെ സുവര്‍ണകമലം നേടുകയും ചെയ്തു.
കാറന്തിനെക്കുറിച്ച്:
കന്നഡയിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരില്‍ ഒരാള്‍. സാമൂഹ്യപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍, യക്ഷഗാന ആര്‍ടിസ്റ്റും ചിന്തകനും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റായും ആധുനിക ടാഗോറായും വിശേഷിക്കപ്പെടുന്നു. രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം നേടിയ എട്ട് കന്നഡ എഴുത്തുകാരില്‍ മൂന്നാമന്‍. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട് കന്നഡിഗരുടെ ഈ പ്രിയ ജ്ഞാനപീഠ ജേതാവ്. ശേഷ കാറന്തയുടെയും ലക്ഷ്മമ്മയുടെയും അഞ്ചാമത്തെ മകനായി 1902 ഒക്‌ടോബര്‍ പത്തിന് ഉടുപ്പിയില്‍ ജനിച്ചു. മരണം 1997 ഡിസംബര്‍ ഒന്‍പത്.
നന്ദി മനോ,
ReplyDeleteമുപ്പത് വര്‍ഷം മുമ്പാണിത് വായിച്ചത്.മാതൃഭൂമിയിലോ മറ്റൊ പ്രസിദ്ധീകരിച്ചിരുന്നു.മറക്കാത്ത ഒരു കഥാഖ്യാനം തന്നെ.
ReplyDeleteആശംസകള്‍
കഥ ചുരുക്കി നന്നായി അവതരിപ്പിച്ചിരിക്കുന്നു. 👌👍
ReplyDelete