രചയിതാവ് : ടി.എ.ശശി
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : പി. എ. നാസിമുദ്ദീന്
മലയാളകവിതയില്തൊണ്ണൂറുകളില്പിറവിയെടുത്ത ആധുനികാന്തര ഭാവുകത്വത്തിലെ ഏറ്റവും നവീനമായ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു ടി.എ. ശശിയുടെ കവിതകള്‍. അതിനാല്‍തന്നെ അത് സമീപകാല ജീവിതത്തിന്റെയും പുതിയ ഭാഷാപരീക്ഷണത്തിന്റെയും തുടിപ്പുകള്‍ഏറ്റുവാങ്ങുന്നു. അറുപതുകളില്‍ഭാഷാകേന്ദ്രീകൃതവും വ്യക്തിനിഷ്ഠവുമായിരുന്ന ആധുനിക കവിത എഴുപതുകളില്‍സാമൂഹ്യബോധത്തിന്റെയും നൈതിക ജാഗ്രതയുടെയും തലത്തിലേക്ക് സഞ്ചരിക്കുകയും തൊണ്ണൂറുകളോടെ ഭാവുകത്വപരമായ തകര്‍ച്ച നേരിട്ട് ഒട്ടേറെ അധുനികാന്തര പ്രവണതകളിലേക്ക് പരിണമിക്കുകയും ചെയ്തു.
സമഗ്രവും ദീര്‍ഘവുമായ രചനകള്‍ക്ക് പകരം ലഘുവും ശകലിതവുമായ രചനകള്‍. ആദര്‍ശവും കാല്പനികമോഹങ്ങളും കൈവെടിഞ്ഞ് ദൈനംദിനവ്യവഹാരങ്ങളെ അതേ പടി പകര്‍ത്തിയിടുന്ന പ്രതിപാദനരീതി. ദര്‍ശനങ്ങളുടെയും കേവലാനേ്വഷണങ്ങളുടെയും വീക്ഷണകോണ്‍വെടിഞ്ഞ് താല്‍ക്കാലികവും സാന്ദര്‍ഭികവും പ്രാദേശികവുമായ വിഷയ സ്വീകാര്യം. ഭൂതത്തോടുള്ള പ്രതിഷേധത്തേക്കാള്‍ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠ ദൃശ്യമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യകളും കാവ്യഭാഷയിലേക്ക് തുറന്നിട്ട പുതിയ രൂപനിര്‍മ്മിതികള്‍. ആധുനികതയുടെ 'മാനവികതായുക്തി'ക്കു കീഴില്‍ഞെരിഞ്ഞുകിടന്നിരുന്ന ദളിതരുടെയും സ്ത്രീകളുടെയും പ്രകൃതിയുടെയും ശബ്ദങ്ങള്‍. ഇവയൊക്കെ കവിതയിലെ ആധുനികാന്തരതയെ അടയാളപ്പെടുത്തുന്നതായിരുന്നു.
അനാര്‍ഭാടതയും, അനായാസതയും, ക്ഷിപ്രസാധ്യമായ ലാളിത്യവും ഈ പുതുഭാവുകത്വത്തിന്റെ മറ്റൊരു സവിശേഷതയായ് വിലയിരുത്തപ്പെടുന്നു. അച്ചടിമാധ്യമങ്ങളില്‍നിന്നകന്ന് ഇന്റര്‍നെറ്റ്, ബ്ലോഗ് കവിതകളും ഈ സവിശേഷഘട്ടത്തിന്റെ മറ്റൊരു വ്യതിയാനത്തെക്കുറിക്കുന്നു. തികച്ചും വികേന്ദ്രീകൃതവും ക്രിസ്റ്റലൈസ് ചെയ്യപ്പെടാനൊക്കാത്തതുമായ ഈ കാവ്യാന്തരീക്ഷത്തിലാണ് ടി.എ. ശശിയുടെ കവിതകളും സ്ഥാനപ്പെടുന്നത്. എങ്കിലും അതിന്റെ ഒട്ടേറെ മൗലികതകള്‍കൊണ്ട് ഈ പൊതുഗുണത്തില്‍നിന്ന് അവ മാറിനില്‍ക്കുന്നുമുണ്ട്.
പാരമ്പര്യത്തില്‍നിന്നും നിലനില്‍ക്കുന്ന കാവ്യശീലങ്ങളില്‍നിന്നും വിടുതല്‍തേടി അപരിചിതമായ സൗന്ദര്യഭൂമികകളിലേക്ക് സഞ്ചരിക്കാന്‍ഇഷ്ടപ്പെടുന്നവയാണ് ടി. എ. ശശിയുടെ കവിതകള്‍. താരള്യവും പേലവുമായ വികാരങ്ങള്‍ക്ക് പകരം ഒരുതരം നിസ്സംഗമായ പ്രബുദ്ധതയും, അലസവും അനായാസവുമായ ലാളിത്യത്തിനുപകരം സങ്കീര്‍ണ്ണതയും ശബ്ദായമാനമായ പ്രകടനപരതകള്‍ക്കു പകരം ഉള്‍വലിഞ്ഞു നില്ക്കുന്ന മൗനവും ഈ കവിതകള്‍പ്രകടിപ്പിക്കുന്നു. ആഗോളവല്‍ക്കരണവും ആസുരമായ സാങ്കേതികവിദ്യയും അധികാരരൂപികളായ ഭരണകൂടങ്ങളുമൊക്കെ ജഡികരൂപത്തിലേക്ക് മാറ്റിതീര്‍ത്ത വര്‍ത്തമാനകാല മനുഷ്യനാണ് ഈ കവിതകളുടെ മുഖ്യപ്രമേയം. തന്റെ സ്വത്വത്തിന്റെ സ്വച്ഛന്ദവും സ്വതന്ത്രവുമായ ആവിഷ്ക്കാരം സാധ്യമാകാതെ നിശ്ശബ്ദതകളിലേക്കും ഓര്‍മ്മകളുടെ ഭഗ്നമായ അടരുകളിലക്കും പിന്‍വലിയുന്ന അവന്റെ വിറയാര്‍ന്ന പാദമുദ്രകളായ് ഈ കവിതകളെ നോക്കിക്കാണാം. നിശ്ശബ്ദത, ഓര്‍മ്മ, ജഢം, സര്‍വ്വനാശത്തിന്റെ ഉദേ്വഗം എന്നിങ്ങനെ തന്റെ കാവ്യലോകത്തിന്റെ ആവര്‍ത്തിച്ചുവരുന്ന നാല് അടിസ്ഥാന ചിഹ്നങ്ങളിലൂടെ സമകാലീന ജീവിതത്തിന്റെ രുഗ്ണമായ ഭീഷണാവസ്ഥ കവി വരച്ചിടുന്നു.
ആഴം കഴിഞ്ഞും/പോകും വാക്കേ/ അതിലുമാഴത്തില്‍/വെട്ടിയൊരു പാടുകണ്ടോ/ എന്ന കവിയുടെ വരികള്‍ഒരേനേരം ഇയാളുടെ കാവ്യഭാവുകത്വത്തിന്റെയും ജീവിതാവിഷ്ക്കാരങ്ങളുടെയും അടിസ്ഥാനശിലയായ് തീരുന്നുണ്ട്. വാചാടോപങ്ങളും ആക്രോന്ദനങ്ങളും ഇല്ലാതെ സൂക്ഷമവും മന്ദ്രവുമായ് നീങ്ങുന്ന തന്റെ വ്യതിരിക്തതയാണ് കവിഭാവുകത്വത്തില്‍ഇത് പ്രതിഫലിപ്പിക്കുന്നതെങ്കില്‍പ്രതിഷേധമോ പ്രതികരണങ്ങളോ ഇല്ലാതെ ആസുരമായ സാമൂഹ്യാവസ്ഥകളിലേക്ക് കീഴടങ്ങുന്ന ആധുനികാന്തരമനുഷ്യരുടെ 'കറുത്ത മൗനത്തെ' അതിജീവിതാവിഷ്ക്കാരത്തില്‍ധ്വനിപ്പിക്കുന്നു. ജഢങ്ങളും മരണനേരങ്ങളും, ആത്മഹത്യയും, അപകടമരണവും കൊലപാതകവും തൂക്കുമരണങ്ങളുമൊക്കെയായി വിമാനുഷികവും ക്രൂരവുമായ ഈ കാലം ശശിയുടെ കവിതകളില്‍നിറുത്താതെ പുനരവതരിപ്പിക്കുന്നു.
കപ്പലില്‍നിന്നൊരാള്‍/കാണാതെയന്നറിഞ്ഞിട്ടും/നാഴികകള്‍ക്കപ്പുറം/ നിഴലുപോലെയെന്തോ/ കടലില്‍വീഴുന്നത് / കണ്ടുവെന്നൊരാള്‍… ലൈഫ് ബോട്ട്/കോരിയെടുത്തടുക്കുന്നുണ്ട്/നടുകടലിനും വേണ്ടാത്ത ജന്മത്തെ; ചാട്ടം എന്ന കവിതയില്‍കവി പറയുന്നു. ഒരാള്‍ജീവിതത്തില്‍നിന്നും തന്റെ ബന്ധങ്ങളില്‍നിന്നും പടിയിറങ്ങിപോകുന്നത്, ഒരു കല്ല് വീഴുന്നത് പോലെയെങ്കിലും സഹജീവികളില്‍പ്രതികരണമുണ്ടാക്കുന്നില്ല എന്നതാണ് ഇക്കാലത്തിന്റെ ദുരന്തം. മനുഷ്യന്റെ വിലയില്ലായ്മയും നിശ്ചേതനത്വവും 'പ്രതിഷ്ഠ' എന്ന കവിതയില്‍കുറെക്കൂടി രൂക്ഷമാകുന്നു. ആത്മബോധം വീണ്ടെടുക്കാനുള്ള ചിഹ്നമായി കേരളീയ നവേത്ഥാന ശ്രമത്തില്‍നാരായണഗുരു സ്ഥാപിച്ച കണ്ണാടി പ്രതിഷ്ഠയില്‍പുതിയകാലമനുഷ്യന്‍നോക്കുമ്പോള്‍ഉടലും തലയും വേര്‍പ്പെട്ടിട്ടില്ല/ വസ്ത്രങ്ങളെല്ലാം നല്ലപോലെ/ ഒരു തുള്ളി ചോരയും പൊടിയാത്തൊരു മൃതദേഹ പ്രതിഷ്ഠ/ കാണ്മൂ കണ്ണാടിയില്‍എത്ര സത്യം/ നാരായണഗുരുവിന്റെ സത്യം. ഗുരുവിന്‍മൊഴി.
മൃത്യുവിലേക്കും ജഢരൂപങ്ങളിലേക്കും മാത്രമല്ല ഈ കാവ്യലോകത്തില്‍മനുഷ്യരൂപങ്ങള്‍സഞ്ചരിക്കുന്നത്. മരണാനന്തരവും അവ പുതിയ അസ്തിത്വരൂപങ്ങള്‍കൈകൊള്ളുന്നു. 'പാളകണ്ണാടി' എന്ന കവിതയില്‍തീവണ്ടികള്‍ചവച്ചോടി, ചവച്ചോടി കിട്ടിയ പാളതിളക്കത്തില്‍ഛേദിക്കപ്പെട്ട ശിരസ്സുകള്‍കണ്ണാടി നോക്കുന്നു. 'തിങ്ങിതിങ്ങി' എന്ന അപൂര്‍വ്വ സുന്ദര കവിതയില്‍ജലം തിങ്ങി, തിങ്ങി വരുമ്പോള്‍അത് പുറത്തേക്കൊഴുക്കുന്ന പുഴപോലെ വികാരങ്ങള്‍തിങ്ങി തിങ്ങി ഇടമില്ലാതെ ഉടലില്‍പൂമാലയിട്ട് ഇടപ്പിള്ളി കയറില്‍തൂങ്ങികിടക്കുന്നു.
'ഒന്നിനെത്തന്നെ എന്ന കവിതയില്‍ഇരയെ കൊന്നും പുനര്‍ജീവിപ്പിച്ചും നിറുത്താതെ കളി തുടരുന്ന പുതിയ രാഷ്ട്രതന്ത്രങ്ങളുടെ 'സാഡിസ്റ്റ് തമാശ' മറനീക്കുന്നു. മൃത്യുവിന്റെ ലീലാവിലാസങ്ങള്‍കഴിഞ്ഞാല്‍ശശിയുടെ കാവ്യലോകത്തില്‍പിന്നെ ആവര്‍ത്തിക്കപ്പെടുന്ന മറ്റൊരു ചിഹ്നമാണ് നിശ്ശബ്ദത. ചോദ്യം എന്ന കവിതയില്‍ഇരുമ്പ് മുറിയുന്ന വലിയ നിശ്ശബ്ദതകള്‍ജലത്തിലും മണ്ണിലുമൊക്കെ ആഴ്ന്നുപോകുന്നത് കവി അറിയുന്നു. കൊമ്പുകള്‍എന്ന കവിതയില്‍തണലായും വെയിലായും ഓര്‍മതന്‍പിന്നാമ്പുറമായും കൊമ്പുകുഴല്‍മേളമായും കൊമ്പില്‍കോര്‍ത്ത ചെമ്പുടലായും നിശ്ശബ്ദതയുടെ അനേകം പരിണാമങ്ങളെ കവി കാണുന്നു. നമ്മുടെ കാലം അതിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍നടത്തുന്നത് പ്രകടമായ ഇടങ്ങളിലല്ല. നിശ്ശബ്ദമായ സൂക്ഷകോശങ്ങളിലാണെന്ന് ഈ വരികളെല്ലാം ധ്വനിപ്പിക്കുന്നു.
ഉപേക്ഷിക്കൽ എന്ന കവിതയിൽ ഓര്‍മ്മയാണ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. വിഘ്‌നമില്ലാത്ത മറവിയാണ് മരണമെന്നും ഉപേക്ഷിക്കല്‍ഒരു ചെറുതരം മരണമാണെന്നും സൂചിപ്പിക്കുന്നു. രൂക്ഷ ബിംബങ്ങള്‍കൊണ്ട് മെനഞ്ഞെടുത്ത 'ജാക്‌സണ്‍കടല്‍' എന്ന കവിതയില്‍പ്രളയകാലത്തിന്റെ ദുശ്ശകുനങ്ങള്‍ജാക്‌സണ്‍ന്റെ സൈക്കഡലിക് നൃത്തത്തിന്റെ ബിംബാവലികള്‍ക്കൊപ്പം കോര്‍ത്തിണക്കിയിരിക്കുന്നു. ഈ കവിതയില്‍പ്രകടമാകുന്ന ഭീതിയും സര്‍വ്വനാശത്തിന്റെ ഉദ്വേഗവും തന്നെയാണ് ശശിയുടെ മൊത്തം കവിതകളുടെ ആന്തരികശ്രുതിയായ് വര്‍ത്തിക്കുന്നത്.
പ്രമേയങ്ങളിലുള്ള ഈ പുതുമകള്‍പോലെ കവിതാഘടനയിലും ഒട്ടേറെ പരീക്ഷണങ്ങള്‍കാണാം. ഇതിവൃത്തത്തിന്റെ രേഖീയമായ അനുക്രമണത്തിനുപകരം നൈരന്തര്യ ഭഗ്നങ്ങളും വ്യാകരണരീതികളുമാണ് പലയിടത്തും കാവ്യശൈലിയെ നിര്‍ണ്ണയിക്കുന്നത്. ഒരര്‍ത്ഥത്തില്‍നിന്നു തെറ്റി പുതിയ അര്‍ത്ഥത്തിലേക്ക് വഴിമാറുന്ന സൂചകങ്ങളായിട്ടാണ് വാക്കുകള്‍കവിതക്കുള്ളില്‍പ്രവര്‍ത്തിക്കുന്നത്. അതിനാല്‍സംവേദനത്തെ ബഹുസ്വരവും ബഹുലവുമാക്കി മാറ്റാന്‍ഇത്തരം കാവ്യഘടനക്ക് സാധ്യമാകുന്നു. കവിതക്കുള്ളില്‍പ്രവര്‍ത്തിക്കുന്ന കാവ്യകര്‍ത്തൃത്വവും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. അഖണ്ഡവും നിശ്ചവുമായ വ്യക്തിസത്തയ്ക്ക് പകരം നിരന്തരം പരണമിക്കുന്ന, ചഞ്ചലിതവും നന്നിഗ്ദവുമായ വ്യക്തിസത്ത കവിതക്കുള്ളില്‍പ്രവര്‍ത്തിക്കുന്നു. ഒരാള്‍ക്ക് എത്ര ജഢങ്ങളണ് എന്ന കവിതയില്‍ഒരൊറ്റ വ്യക്തിയുടെ അനേകം വ്യക്തിത്വങ്ങള്‍പ്രകാശിതമാകുന്നത് നോക്കുക. ഒരു മരത്തില്‍നിന്ന്/ അനേകം ഇലകള്‍പോലെ/ ഒരു മനുഷ്യനില്‍നിന്ന് / എത്ര നാക്കുകളാണ് / അച്ചടക്കമില്ലായമയെക്കുറിച്ച് കോപിക്കുമ്പോള്‍/ അടിയന്തരാവസ്ഥയെ സ്തുതിച്ച് / രാജ്യം സേഛാധിപത്യത്തിലേക്കെന്ന് / സംശയം വരുമ്പോള്‍/ … … അയാളിനി മരിക്കുമ്പോള്‍/ നാക്കിനൊരു ജഢം എന്ന കണക്കില്‍/ എത്ര ജഢങ്ങളായിരിക്കും / ഏതേതിടങ്ങില്‍സംസ്ക്കരിക്കും / ഇതത്രയും.
തീഷ്ണമായ ബിംബങ്ങളുടെ ഭാഷയാണ് ശശിയുടേത്. ബിംബങ്ങള്‍ക്ക് നമ്മുടെ അബോധമനസ്സിലേക്ക് സഞ്ചരിക്കാന്‍കഴിവുള്ളതിനാല്‍ശശിയുണ്ടാക്കുന്ന ഭാവപ്രപഞ്ചം അസാധാരണ ദ്യുതിയോടെ വായനക്കാരില്‍പ്രതിവര്‍ത്തിക്കുന്നു. അസാധാരണമായ ഭാവനയേയും അസാധാരണമായ രചനാരീതിയേയും അര്‍ത്ഥിച്ചുകൊണ്ടാണ് കവി ഒരോ കവിതയേയും അഭിമുഖീകരിക്കുന്നത്. തീവ്രമായ ഈയത്‌നത്തില്‍പരാജയപ്പെട്ടുപോയ ഒട്ടേറെ കവിതകളും ഈ സമാഹാരത്തില്‍കാണാം.
ഉന്മാദത്തിന്റെയും സ്വപ്നത്തിന്റെയും വിചിത്രരീതികള്‍കൊണ്ട് സത്യത്തെ കണ്ടെത്താനുള്ള മാന്ത്രികവിദ്യയാണ് കവിത. ഒരു കവിക്ക് ജഢീകൃതവും അന്യവല്‍ക്കരണപ്പെട്ടതുമായ തന്റെ മാനുഷിക സത്തയെ സ്വാതന്ത്ര്യത്തിന്റെയും മൗലികതയുടെയും യഥാര്‍ത്ഥമണ്ഡലത്തിലേക്ക് കൊണ്ടുവരാനുള്ള അബോധത്തിന്റെ അസാധാരണ പ്രവര്‍ത്തിയാണിത്. താന്‍അനുഭവിക്കുന്ന ബന്ധനങ്ങളെയും അന്യവല്‍ക്കണങ്ങളെയും കുറിച്ച് അയാള്‍വിളിച്ചു പറയുമ്പോൾ ഭൂമിയില്‍ താൻ ജീവിക്കേണ്ട സര്‍ഗ്ഗാത്മകമായ ജീവിതത്തെ തന്നെയാണ്, തനിക്ക് ലഭിക്കേണ്ട അര്‍ഹതയെ തന്നെയാണ് അയാള്‍വെളിവാക്കുന്നത്. താന്‍ആവിഷ്ക്കരിക്കുന്ന കാവ്യലോകത്തില്‍അതിന്റെ അപാരമായ അയാളുടെ സ്വതന്ത്രലോകവും കുടികൊള്ളുന്നു. ശശിയുടെ കവിതകള്‍ഒരേനേരം അയാളുടെ സ്വത്വപ്രഖ്യാപനമായിരിക്കേതന്നെ, കലയുടെ സാര്‍വ്വജനീന സ്വഭാവത്താല്‍ഈ കാലത്തെ മുഴുവന്‍ജനതികളുടെയും സ്വത്വപ്രഖ്യാപനം കൂടിയാകുന്നു. പ്രതീക്ഷ നല്‍കുന്ന ഈ കാവ്യസരണി പുതിയ വഴിത്താരകളിലേക്ക് സംക്രമിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.
ശശിയുടെ കവിതകള്‍, ചുരുങ്ങി ചുരുങ്ങി കൂര്‍ത്തു കൂര്‍ത്തു നില്‍ക്കുന്നവയാണു.
ReplyDeleteനല്ല അവലോകനം
enteyum koodi oru suhruthaya p. a sasiyude pusthakathe kurichulla avalokanam vayikan kazhinjathil santhosham...
ReplyDeletenalla avalokanam.
ReplyDeletekaviye kooduthal ariyaan kazhinju.
kavikk bhaavukangal..
Thought should be sharp. Its expression sharper. It should converse. Then it is Art!
ReplyDeleteYour poems are Art Sasi!
Congrats!