പി.എ. ഉത്തമന് എന്ന കഥാകൃത്തിനെ കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. എന്നാല്‍ സുന്ദരപുരുഷന്മാര്‍, കവാടങ്ങള്‍ക്കരികില്‍, കറുത്ത കുരിശ് എന്നീ സമാഹാരങ്ങളൊന്നും വായിച്ചിരുന്നില്ല. ഉത്തമന്റെ നോവല്‍ - 'ചാവൊലി' വായിക്കുന്നത് അദ്ദേഹത്തിന്റെ ഭൌതീകശരീരം ചാവൊലി മുഴക്കി കടന്നുപോയതിനു ശേഷമാണ്. വായിക്കുന്നതിന് മുന്‍പും വായിക്കുന്നതിന് ശേഷവും ഉള്ളില്‍ ഒരു സാന്നിദ്ധ്യമായിരുന്നു എനിക്ക് ഉത്തമന്‍.
ചാവൊലി വായിക്കുന്ന ഏതൊരാള്‍ക്കും ഉത്തമന്റെ മനസ്സ് ഒരു കടുത്ത നിക്ഷേപമാണെന്ന് കരുതേണ്ടിവരും. ദളിതത്വത്തിന്റെയും വംശഗാഥയുടേയും പോരാട്ടത്തിന്റെയും തായ്‌വേരിനോടുള്ള അഗാധപ്രണയത്തിന്റെയും അസ്തിത്വത്തിന്റെയും പ്രശ്നങ്ങള്‍ നിക്ഷേപിക്കപ്പെട്ട മനസ്സാണ് ഉത്തമന്റേതെന്ന തിരിച്ചറിവ് ആരെയും അസ്വസ്ഥമാക്കാന്‍ പോന്നവിധം അടയാളപ്പെടുത്തിയിരിക്കുന്നു എന്നതാണ് ചാവൊലിയുടെ സവിശേഷത. 'ചാവൊലി' എഴുതാതിരുന്നെങ്കില്‍ ഉത്തമന്റെ മനസ്സ് നീറിപ്പുകഞ്ഞ് പിടയുമായിരിക്കും.
ചാവൊലി ഒരു ദളിത് നോവലാണോ? ആയിരിക്കാം. എന്നാല്‍ അത് മാത്രമായി കാണരുതെന്നാണ് അപേക്ഷ. നിങ്ങള്‍ക്ക് പഠിക്കാനുള്ള എളുപ്പത്തിന് വേണമെങ്കില്‍ അങ്ങിനെ വിളിക്കാമെന്നു മാത്രം. ഒരു നാടിന്റെ ദമിത്വത്തെയാണ് ഉത്തമന്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്.
'മണ്ണിലാണ്ട മരങ്ങളായ് ' എന്ന ഭാഗത്ത് പ്രാദേശികത്വത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലിസ്റ്റിനെ കാണാം.
'അമരവാഴ്വുകളിങ്ങനെ' എന്ന രണ്ടാം ഭാഗത്ത് ഒരു നാടിന്റെ ചെയ്തിയും ബോധവും മാറിമറിയുന്നതിന്റെ വേദനയാണുള്ളത്. ആദ്യാവസാനം ഒരു കടുന്തുടിയുമായി നടക്കുന്ന ഏകാകിയുടെ പ്രാണവേദന നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
കവിയൂര്‍ മുരളി 'ദളിത് സാഹിത്യ'ത്തില്‍ ഇങ്ങിനെ എഴുതുന്നു. "നിങ്ങളുടെ ഭാഷയും നിങ്ങളുടെ സംസ്കാരവും നിങ്ങളുടെ കഥാകഥനങ്ങളുമല്ല ദളിത് സാഹിത്യത്തിന്റെ ചട്ടക്കൂട്. അതു വേറെയാണ്. എന്തും തെറ്റിച്ചുപഠിപ്പിക്കുകയാണ് നിങ്ങളുടെ രീതി. ദലിതനെ അവഗണിക്കുവാനാണ് ഇന്നും നിങ്ങളുടെ പുറപ്പാട്. ഇവിടെ നിങ്ങളുടെ പാണ്ഢിത്യം മണ്ണാങ്കട്ടയാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരുന്നു". ചാവൊലി മലയാള നോവല്‍ ചരിത്രത്തോടും ഇത് തന്നെയാണ് പറയുന്നത് എന്നത് യാദൃശ്ചികമാവാം. മലയാള നോവലില്‍ ഭാഷയിലും സംസ്കാരത്തിലും കഥനരീതിയിലും ഒരു പരീക്ഷണത്തിന് സ്വയമേവ തയ്യാറെടുക്കുന്നുണ്ട് ഈ നോവല്‍. നോവലിന്റെ സാധാരണവ്യാകരണത്തെ തെറ്റിക്കാന്‍ പ്രാപ്തമാണ് ചാവൊലി. എല്ലാ ജ്ഞാനവത്കൃതമായ പാണ്ഢിത്യത്തേയും നാട്ടുമൊഴികൊണ്ട് നിശ്ശൂന്യമാക്കുന്ന ഘടനയാണ് നോവലിനുള്ളത്.
ജാതിമതഭേദങ്ങള്‍ക്കതീതമായി (!) മധ്യവര്‍ഗം കെട്ടിപ്പൊക്കിയ എല്ലാ ആധുനിക പൊള്ളത്തരങ്ങളെയും ആത്മാവബോധമില്ലായ്മയേയും ഉപരിപ്ലവ പ്രത്യയശാസ്ത്രത്തെയും നിശിതമായ വിചാരണക്ക് വിധേയമാക്കുന്നുണ്ട് ഉത്തമന്‍. പൊതുവെ സാമൂഹ്യാധുനീകതാ സംബന്ധിയായ പ്രശ്നങ്ങള്‍ ആവിഷ്കരിക്കാന്‍ ജനപ്രിയമായ എഴുത്തുരീതിയാണ് അവലംബിക്കാറ് എങ്കില്‍, ഉത്തമന്‍ ഇതിനെ കൈയൊഴിയുന്നു. ജനപ്രിയമായ ആഖ്യാന രീതിയല്ല ഉത്തമന്റെത്. വലിയൊരു ജനതയുടെ ആത്മവേഗമാണ് ചാവൊലിയുടെ എഴുത്തുരീതിയായി മാറിയിരിക്കുന്നത്.
നോവലിലൊരിടത്ത് നീലമ്പി വന്ന് മലവിസ്സര്‍ജ്ജനത്തിന് അല്പം സ്ഥലം ചോദിക്കുന്ന രംഗമുണ്ട്. ഈ വെള മുഴുവന്‍ അതിനായി കിടക്കുകയല്ലേ എന്നാണ് മറുപടി. അതു കഴിഞ്ഞപ്പോള്‍ 'ചവിരിച്ച് തര്വോ' എന്ന് ചോദിക്കുന്നു. അതും കഴിഞ്ഞപ്പോഴാണ് 'ന്നെ ഒന്നെടുക്ക്വോ' എന്ന് ചോദിക്കുന്നത്. ഭേദങ്ങളും ഭിന്നങ്ങളുമില്ലാത്ത ജീവിതമാണ് ചാവൊലിയില്‍. അതാകട്ടെ മാനവീക - സാംസ്കാരിക - സാമൂഹ്യാദിമങ്ങളെ തൊട്ടുനില്‍ക്കുന്ന ഒന്നാണ്.
എളുപ്പവായനയിലൂടെ നോവലിനകത്തേക്ക് കടക്കുക സാദ്ധ്യമേയല്ല. ഈ വാമൊഴി വഴങ്ങാത്തവര്‍ക്ക് ശരിക്കും ദുര്‍ഗമം. എന്നാല്‍ നോവല്‍ പ്രക്ഷേപിക്കുന്ന രാഷ്ടീയ സ്വരത്തെ ഇതൊരിക്കലും കുറയ്ക്കുന്നില്ല. ഈ രീതിയില്‍ മാത്രമേ ചാവൊലി പറയാന്‍ കഴിയൂ എന്നു ഞാന്‍ വിചാരിക്കുന്നില്ല. ഉത്തമന്‍ എഴുതുന്നത് ഒരു നോവല്‍ എന്നതിനേക്കാള്‍ ആത്മകഥാധിഷ്ഠിതമായ ആവിഷ്കാര രൂപമാണ് എന്ന ബോധം ഉത്തമനുണ്ട് എന്ന് നോവല്‍ തെളിയിക്കുന്നു. നോവലെന്ന് വിളിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ലാത്ത അവസ്ഥ.
കെ.പി.കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍, മൂലൂര്‍, നിരണം എം.പി.കേശവന്‍, വെട്ടിയാര്‍ പ്രേംനാഥ്, ടികെസി വടുതല, പോള്‍ ചിറക്കരോട്, കല്ലട ശശി, ഡി.രാജന്‍, ടി.എച്ച്.പി.ചെന്താരശ്ശേരി, നാരായന്‍, കെ.ആര്‍.സജിത, ലിയോണ്‍സ് ശാസ്താംകോട്ട, കെ.കെ. ഗോവിന്ദന്‍, രാഘവന്‍ അത്തോളി...എന്നിങ്ങനെ വരുന്ന ദളിത് സാഹിത്യകാരപട്ടികയില്‍ ചേര്‍ക്കുന്ന അടുത്ത പേര് ഉത്തമന്റെതാണ് എന്ന് പറയുമ്പോള്‍ ചേര്‍ത്താലും ചേര്‍ത്തില്ലെങ്കിലും ഉത്തമന് നിലനില്‍പ്പുണ്ട് എന്നതാണ് വസ്തുത. എന്നാല്‍ ഈ പട്ടികയുടെ ബലത്തിലല്ല, ദളിത് ബോധമുള്ള അസാധാരണ നോവലിസ്റ്റായായിരിക്കും നാളെ ഉത്തമനെ വിലയിരുത്തുക.
ഇനി എന്താവും ഉത്തമന്‍ എഴുതുക എന്ന്‍ നമുക്ക് കൌതുകമുണ്ട്. ഉത്തമന്‍ ഇനി എഴുതുകയില്ല. നോവലിന്റെ അവസാനം കുഞ്ഞിരാമന്‍ താന്‍ തന്നെയാവാം എന്ന് രഘുത്തമന് തിരിച്ചറിവ് ഉണ്ടാകുന്നതുപോലെ ഇനി ഉത്തമന്‍ എഴുതുകയില്ലെന്നും നമ്മെക്കൊണ്ട് എഴുതിക്കുകയാവും ചെയ്യുക എന്നതും നമ്മുടെ നേരറിവ്. ഈ കുറിപ്പ് പോലും എഴുതിയതല്ല.. എഴുതിച്ചതാണ്..
ആര്?
പി.എ.ഉത്തമന്!!
വളരെ നല്ല പരിചയപ്പെടുത്തൽ
ReplyDeleteസാഹിത്യ കൃതികളിലെയും എഴുത്തിലെയും തരംതിരിവുകളോട് യോജിപ്പില്ല....
ReplyDeleteഅകാലത്തില്‍ വിട്ടുപിരിഞ്ഞ പി.എ. ഉത്തമന്റെ ചാവൊലി പരിചയപ്പെടാനായതില്‍ സന്തോഷം. സി.ഗണേഷിന്റെ പരിചയപ്പെടുത്തല്‍ നല്ല നിലവാരം പുലര്‍ത്തുന്നു.
ചാവൊലി വായിക്കണം.ചെറുകഥാസമാഹാരങ്ങള്‍ വായിച്ചിട്ടുണ്ട്.
ReplyDeleteപരിചയപ്പെടുത്തല്‍ നന്നായി
അകാലത്തില്‍ പൊലിഞ്ഞുപോയ പി.എ.ഉത്തമന് ബാഷ്പാഞ്ജലി.