Sunday, May 6, 2012

കൗമാരം കടന്നുവരുന്നത്‌


പുസ്തകം : കൗമാരം കടന്നുവരുന്നത്‌
രചയിതാവ് : കെ.എ.ബീന
പ്രസാധകര്‍ : റെയിന്‍‌ബോ ബുക്സ് പബ്ലിക്കേഷന്‍സ്
അവലോകനം : എം.ടി. വാസുദേവന്‍നായര്‍



മ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക്‌ ഒരു വിദ്യാര്‍ത്ഥിസംഘത്തോടൊപ്പം റഷ്യയില്‍ പര്യടനം നടത്താന്‍ അവസരം കിട്ടുന്നു. യാത്രയില്‍ കണ്ണും കാതും മനസ്സും തുറന്നുവെച്ചു കൊണ്ട്‌ പലദൃശ്യങ്ങളും അനുഭവങ്ങളും പെറുക്കിക്കൂട്ടുന്നു. അതൊരു യാത്രാവിവരണമായി എഴുതിയുണ്ടാക്കിയ കയ്യെഴുത്തുപ്രതി എന്റെ കൈയ്യിലെത്തിച്ചേര്‍ന്നു. വായിച്ചപ്പോള്‍ സന്തോഷം. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അത്‌ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കുട്ടികളും മുതിര്‍ന്നവരും വായിച്ചു. ആസ്വദിച്ചു. അതെഴുതിയ കെ.എ.ബീന എന്ന കുട്ടി വലുതായി കുടുംബിനിയായപ്പോഴാണ്‌ ഞാന്‍ നേരില്‍ കാണുന്നത്‌.

ബീനയുടെ ചില ചെറുകഥകള്‍ ഇപ്പോള്‍ എന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്‌ ബീന. സ്വപ്‌നങ്ങളെ താലോലിച്ച്‌ പരുഷമായ ജീവിതസത്യങ്ങളെ വിസ്‌മരിക്കുവാന്‍ ശ്രമിക്കുകയും പക്ഷേ പരാജയപ്പെടുകയും ചെയ്യുന്നവരുടെ കഥകളാണ്‌ കൂടുതലായി ബീന പറയുന്നത്‌. മിനിക്കുട്ടി ചിത്രപുസ്‌തകങ്ങളില്‍ രാക്ഷസനെ കണ്ടിട്ടുണ്ട്‌. രാക്ഷസനെ നേരിട്ട്‌ തോല്‌പിക്കുന്ന മഹാശക്തരായ നായകരേയും മിനിക്കുട്ടിക്കറിയാം. പക്ഷേ ചിത്രപുസ്‌തകത്തിലും സ്വപ്‌നത്തിലും കണ്ട രാക്ഷസനായിരുന്നില്ലല്ലോ മിനിക്കുട്ടിയെ വാരിയെടുത്തു കൊണ്ടുപോയത്‌. നടുക്കുന്ന കഥ. അനുഭവിച്ച ഭീകരവും ദാരുണവുമായ പീഡനത്തെപ്പറ്റി കഥാകാരി ഒന്നും പറയുന്നില്ല. വീട്ടുകാര്‍ കുട്ടിയെ കുലുക്കി വിളിക്കുമ്പോഴത്തെ കൊടിയ വേദനയെപ്പറ്റി മിനി ആലോചിക്കുന്നുണ്ട്‌. ആ വരികള്‍ക്കിടയില്‍ നിന്നു ഭീകരമായ ആക്രമണത്തെ നമുക്ക്‌ സങ്കല്‌പിച്ചെടുക്കാനാവുന്നു.

സൈക്കിയാട്രിസ്റ്റിന്റെ മുമ്പില്‍ ഊഴമനുസരിച്ചുവന്ന്‌ ചപലവും പക്ഷേ സുന്ദരവുമായ സ്വപ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സുഭദ്ര. പകല്‍ സമ്പത്തും അലങ്കാരവുമുള്ള വീട്ടില്‍ സ്വയം റാണിയായി അവരോധിച്ച്‌ ഏകാന്തതയില്‍ സമൃദ്ധി ആഘോഷിക്കുന്ന വേലക്കാരി പെണ്‍കുട്ടി. സ്വപ്‌നങ്ങളുടെ ഉടയാടകള്‍ എത്ര വേഗത്തിലാണ്‌ വീട്ടമ്മയുടെ ശകാരവാക്കുകള്‍ തട്ടി അടര്‍ന്നു വീഴുന്നത്‌! സാരികളിലൂടെ, ചേര്‍ച്ച നോക്കുന്ന വില്‌പനക്കാരന്റെ ഓടിനടക്കുന്ന വിരലുകളിലൂടെ സ്വപ്‌നലോകം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന നളിനി.

കുടുംബജീവിതം സ്വര്‍ഗ്ഗമാണെന്ന്‌ കരുതി വലതുകാല്‍വെച്ച്‌ പ്രതീക്ഷകളോടെ കടന്നുവന്ന ചിലരെയാണ്‌ ബീന കഥാപാത്രങ്ങളായി തിരഞ്ഞെടുക്കുന്നത്‌. അസംതൃപ്‌തിയുടെ തിക്‌തതകളെ കീഴടക്കുവാന്‍ വേണ്ടി അവര്‍ സ്വന്തം സ്വപ്‌നപഥങ്ങള്‍ സൃഷ്‌ടിക്കുന്നു. തീവ്രവാദിക്ക്‌ അഭയം നല്‍കുന്ന വീട്ടമ്മയും ഏതോ വിദൂരസ്ഥമായ വിഹ്വലതയ്‌ക്കും പകരം വെയ്‌ക്കാനുള്ള ഒരു സ്വപ്‌നം തേടുകയാണ്‌.

മനുഷ്യന്‍ ചിലപ്പോള്‍ രാക്ഷസനാവുന്നു. രാക്ഷസന്‍ ചിലപ്പോള്‍ മനുഷ്യനുമാവുന്നു. ജീവിതമെന്ന ഈ പ്രഹേളികയുടെ അടരുകള്‍ കണ്ടെത്തി അനാവരണം ചെയ്യാനുള്ള ശ്രമങ്ങളാണ്‌ ഈ കഥകള്‍. അകംപൊരുള്‍ കണ്ടത്തി എന്നു വരില്ല. എന്നാലും അന്വേഷിച്ചുകൊണ്ടേ ഇരിക്കണം. അത്‌ ബീന മനസ്സിലാക്കുന്നു. അന്വേഷണവും അപഗ്രഥനവും തുടരുക.

കഥാസമാഹാരത്തിന്‌ എഴുതിയ അവതാരിക

7 comments:

  1. തന്റെ പുസ്തകത്തിനു എം ടീ യെപ്പോലെ ഒരാള്‍ അവലോകനം ചെയ്തത് തന്നെ എത്ര വലിയ ബഹുമതി ആണ് , പുസ്തകം ഉടന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു .

    ReplyDelete
  2. വരട്ടെ. വായിക്കാം.

    ReplyDelete
  3. പുസ്തക വിചാരം വിചാരിച്ച പോലെ ഒന്നുമല്ലട്ടോ ...:)
    സാക്ഷാല്‍ എം.ടി തന്നെ അവലോകനം!!!
    ഇതില്‍ പരം പുസ്തക വിചാരത്തിന് അഭിമാനിക്കാന്‍ എന്ത് വേണം?

    ReplyDelete
  4. പുസ്തകം വായിക്കുവാനുള്ള താല്‍പ്പര്യം ഉണര്‍ത്തുന്നു.

    ReplyDelete
  5. വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്ന ഒരു നല്ല ബ്ലോഗ് !! ഒരായിരം നന്ദി !

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?