Wednesday, May 9, 2012

ജീവനോടെ കത്തിയെരിഞ്ഞവള്‍ / Burned alive


പുസ്തകം : ജീവനോടെ കത്തിയെരിഞ്ഞവള്‍ / Burned alive
രചയിതാവ് : സൌദ / വിവര്‍ത്തനം : കെ.എസ്.വിശ്വംഭരദാസ്
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഷീബ.ഇ.കെ




പുരുഷനിയമങ്ങള്‍ക്ക് ഇരയായ ഒരു സ്ത്രീയുടെ അവിശ്വസനീയ ജീവിതാനുഭവങ്ങള്‍ --- ഉള്ളടക്കം പരിചയപ്പെടുത്തുന്നതാണ് സൌദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവള്‍ '(Burned alive) എന്ന പുസ്തകത്തിന്റെ പുറംചട്ട തന്നെ. സൌദ ഒരു തൂലികാനാമം മാത്രമാണ്, യൂറോപ്യന്‍ ജീവിതത്തിന്റെ സ്വാതന്ത്ര്യം നുകര്‍ന്നു ജീവിക്കുമ്പോഴും ഭയപ്പാടുകളോടെ തൂലികാനാമത്തിനു പിന്നില്‍ മറഞ്ഞിരിക്കുകയാണ് ആ പാലസ്തീനിയന്‍ യുവതി. വെസ്റ്റ് ബാങ്ക് പ്രദേശത്തെ കുഗ്രാമത്തില്‍ ജനിച്ച് പ്രണയിച്ച കുറ്റത്തിന് മതനേതൃത്വം മരണശിക്ഷ വിധിച്ച് ദേഹമാസകലം പൊള്ളലേറ്റ് ഒരു ഫ്രഞ്ച് മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന സൌദയുടെ നഷ്ടമായ ഓര്‍മ്മകള്‍ 'റിപ്രസ്സ്ഡ് മെമ്മറി തെറാപ്പി 'യിലൂടെ പുനരുജ്ജീവിപ്പിച്ച് മേരി തെരെസ് ക്യൂറിയാണ് ആവിഷ്കരിച്ചെടുത്തത്. കെ.എസ്.വിശ്വംഭരദാസ് ഹൃദയസ്പര്‍ശിയായി സൌദയുടെ ജീവിതം പരിഭാഷപ്പെടുത്തിയിരിക്കുന്നു.

കുടുംബാഭിമാന സംരക്ഷണമെന്ന പേരില്‍ ലോകമെമ്പാടും പ്രതിവര്‍ഷം ആയിരക്കണക്കിനു സ്ത്രീകള്‍ കൊല്ലപ്പെടുന്നു.റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഇരട്ടിയാണ്.വടക്കെ ഇന്ത്യയില്‍ ദിനംപ്രതി ഇത്തരം ഹത്യകള്‍ നടക്കുന്നതായി പത്രവാര്‍ത്തകള്‍ ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം ഏറുന്നു.

സൌദ തന്റെ ഗ്രാമം വിട്ടിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുണയില്ലാതെ,മുഖമുയര്‍ത്തി നടക്കാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ മാത്രമുള്ള ഗ്രാമത്തില്‍ 'ചാര്‍മൂട്ട '(വ്യഭിചാരിണി)യെന്ന പഴി പേടിച്ച് പുലരി മുതല്‍ പാതിരാത്രി വരെ പണിയെടുത്തും പീഡനങ്ങള്‍-ചിലപ്പോള്‍ മരണം തന്നെയും- വിധിക്കപ്പെട്ട് പെണ്മയുടെ ശാപം ഏറ്റുവാങ്ങലാണ് അവിടുത്തെ സ്ത്രീകളുടെ ജീവിതം. പിതാവിനാലോ സഹോദരനാലോ ഏതു നിമിഷവും തങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഓരോ പെണ്‍കുട്ടിയും ദിവസങ്ങള്‍ പിന്നിടുന്നത്. വിറകു കീറുന്നതിനിടെ കോടാലിത്തല കൊണ്ടോ വെള്ളം കോരുമ്പാള്‍ കിണറ്റിലേക്കെറിയപ്പെട്ടോ വെറും തറയില്‍ വിരിച്ച ആട്ടിന്‍തോലില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചോ ഏതുവിധത്തിലും അതു സംഭവിച്ചേക്കാം.

അവള്‍ക്കു കാണാന്‍ വിധിക്കപ്പെട്ട ഒരെയൊരു സ്വപ്നം, കുടുംബത്തിലെ പെണ്‍കുട്ടികളുടെ മൂപ്പുമുറ പ്രകാരം മാത്രം അനുവദനീയമായ വിവാഹം മാത്രമാണ്,അതാവട്ടെ ചിലപ്പോള്‍ ഇതിലും ദുരിതം പിടിച്ചതാവാം.ഏഴു സഹോദരിമാരെ പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊന്ന് സമൂഹത്തില്‍ മാന്യത ലഭിച്ച മാതാവ്,കര്‍ക്കശക്കാരനും ഭീകരനുമായ പിതാവ്, സ്വപ്നജീവിയായിരുന്ന ഇളയ സഹോദരി ഹവേയയെ മാതാപിതാക്കളുടെ അനുമതിയോടെ കഴുത്തു ഞെരിച്ചു കൊന്ന സഹോദരന്‍, ഒരിക്കലും തീരാത്ത അദ്ധ്വാനഭാരം,അവഗണനകള്‍,അവയ്ക്കിടയില്‍ വിവാഹം എന്ന വിദൂരസ്വപ്നം. ശരീരദണ്ഡനങ്ങള്‍ ഏല്‍ക്കാത്ത ദിവസങ്ങള്‍ വിരളം. വിളവെടുപ്പു കാലത്ത് ഒരു പച്ചത്തക്കാളി അബദ്ധത്തില്‍ പറിച്ചെടുത്തതിന്, അടുപ്പില്‍ തീയണക്കാന്‍ മറന്നതിന് എണ്ണമറ്റ പീഡനങ്ങള്‍. അത്തിപ്പഴങ്ങള്‍ വിളവെടുക്കാന്‍ എന്ന പേരില്‍ കാമുകനുമായി സന്ധിക്കുന്ന സ്വന്തം മാതാവിനെ സൌദ ന്യായീകരിച്ച്, ഉഴവുമാടിനെപ്പോലെ അദ്ധ്വാനിച്ചാല്‍ മാത്രം പോരല്ലോ എന്ന് ആത്മഗതം ചെയ്യുന്നുണ്ട്.

യൌവ്വനം പൂത്തുലഞ്ഞ പ്രായത്തില്‍ സൌദ ഓരോ ദിവസവും തന്റെ വരന്‍ വന്നണയുന്നതും കാത്തിരുന്നു. ആ അനിശ്ചിതാവസ്ഥയില്‍ തന്നെയൊന്നു വേഗം കെട്ടിച്ചയക്കൂ എന്നു പിതാവിനോടു കെഞ്ചാനും പ്രഹരം ഏറ്റുവാങ്ങാനും വരെ അവള്‍ തയ്യാറായി.പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയപ്പോള്‍ സൌദ ഒരു പ്രണയത്തിലേക്ക് വഴുതിപ്പോകുകയായിരുന്നു, പ്രണയത്തിന് ജീവന്റെ വില കൊടുക്കേണ്ടി വരുന്ന ഒരു സമൂഹത്തെപ്പോലും മറന്ന്.

അയല്‍വാസിയും സുന്ദരനും പരിഷ്കാരിയുമായ ഫയസ്സിനാവട്ടെ അവളുടെ കന്യകാത്വം കവര്‍ന്നെടുക്കാനുള്ള പ്രണയമേ ഉണ്ടായിരുന്നുള്ളു. അയാള്‍ക്കു വഴങ്ങിയില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചു പോയേക്കാം എന്ന ഭീതിയില്‍ സൌദ എല്ലാറ്റിനും തയ്യാറായി. വിവാഹരാത്രിക്കു പിറ്റേ പ്രഭാതത്തില്‍, കിടക്ക വിരിയിലെ രക്തപ്പാടുകള്‍ മട്ടുപ്പാവില്‍ നിന്ന് ഗ്രാമവാസികള്‍ക്കു മുഴുവന്‍ കാണിച്ചു കൊടുക്കുന്ന ആചാരമുള്ള നാട്ടില്‍,കന്യകാത്വത്തിന് ജീവനേക്കാള്‍ വിലയുണ്ടായിട്ടും. ഗര്‍ഭിണിയായ അവളെ ഉപേക്ഷിച്ചു ഫയസ്സ് നാടുവിട്ടു.കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അവളെ വകവരുത്താനായി മാതാപിതാക്കള്‍ സഹോദരീഭര്‍ത്താവ് ഹുസൈനെ ചുമതലപ്പെടുത്തുന്നത് സൌദ കേള്‍ക്കുകയുണ്ടായി.ഒരു അഭയകേന്ദ്രവും അവള്‍ക്കു ലഭിച്ചില്ല. അനിവാര്യമായ വിധി നടപ്പാക്കപ്പെടുന്നതും കാത്ത് അവള്‍ ഭയപ്പോടോടെ ദിവസങ്ങള്‍ താണ്ടി. ഒടുവില്‍ ,വസ്ത്രമലക്കുമ്പോള്‍ അവളുടെ തലയിലൂടെ പെട്രോള്‍ കോരിയൊഴിച്ച് അയാള്‍ തീ കൊളുത്തി. ദേഹമാസകലം ഉരുകിയൊലിച്ച അവളെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാതൊരു വിധ പരിചരണങ്ങളും ലഭിച്ചിരുന്നില്ല. 70% ല്‍ അധികം പൊള്ളലേറ്റ് ശരീരം ഭാഗികമായി തളര്‍ന്നു പോയ അവളുടെ അവസാനത്തെ മിടിപ്പും ഇല്ലാതാക്കാന്‍ വിഷം കുടിപ്പിക്കാന്‍ മാതാവ് ശ്രമിച്ചെങ്കിലും ഡോക്ടറുടെ സമയോചിതമായ ഇടപെടലുകള്‍ മൂലം നടന്നില്ല.ആ തീവ്ര വേദനക്കിടയില്‍ സൌദ അവളുടെ മകന്‍ മറൂവന് ജന്മം നല്‍കി.

ടെറെ ദസ് ഹോംസ് എന്ന ജീവകാരുണ്യസംഘടനയിലെ പ്രവര്‍ത്തക ജാക്വിലിന്‍ ആശുപത്രിയില്‍ അവളനുഭവിക്കുന്ന ദുരിതം കണ്ടറിഞ്ഞ്, സര്‍ഗീര്‍(arise) എന്ന പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന്, ഒട്ടേറെ സാമൂഹ്യ-നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സൌദയേയും മകനേയും യൂറോപ്പിലെത്തിച്ചു. തൊലി മുഴുവന്‍ നഷ്ടമായ, കീഴ്ത്താടിയും നെഞ്ചും ഒട്ടിച്ചേര്‍ന്ന, കാതുകള്‍ കത്തിക്കരിഞ്ഞ സൌദയെ നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഒപ്പം യുറോപ്യന്‍ ജീവിതത്തിന്റെ എണ്ണമറ്റ സ്വാതന്ത്ര്യം അവള്‍ രുചിച്ചറിഞ്ഞു. ആദ്യം ഒരു വളര്‍ത്തു കുടുംബത്തിന്റെ തണലില്‍ സ്വന്തം ജീവിതം കെട്ടിപ്പടുത്ത് ,പിന്നീട് അന്റോണിയോ എന്ന യൂറോപ്യനെ വിവാഹം കഴിച്ച് രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി. മകന്‍ മറൂവനും അവരുടെ കൂടെയുണ്ട്.

യൂറോപ്യന്‍ സമൂഹത്തില്‍ സൌദ തന്റെ ജീവിതം പരസ്യപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് അവര്‍ ആ കഥ ഏറ്റുവാങ്ങിയത്.അവര്‍ക്കു വിഭാവനം ചെയ്യാന്‍ പോലുമാവാത്ത ഒരു നാടിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും അവര്‍ അവിശ്വസനീയതയോടെയാണ് അറിഞ്ഞത്.

ഈ ഓര്‍മ്മപ്പുസ്തകം തന്റെ നാടായ വെസ്റ്റ് ബാങ്കിലും എത്തിച്ചേരുമെന്ന് സൌദ പ്രത്യാശിക്കുന്നു. വിദ്യാഭാസവും ജോലിയും നേടി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആസ്വദിച്ചു ജീവിക്കുമ്പോഴും സുരക്ഷയെക്കരുതി അവര്‍ ഒരു അജ്ഞാതകേന്ദ്രത്തില്‍ മറഞ്ഞിരിക്കുകയാണ് എന്ന വസ്തുത വേദനാജനകമാണ്.

സൌദമാര്‍ ഇനിയും ഒട്ടനവധിപേരുണ്ട്.സാമൂഹ്യ വ്യവസ്ഥിതിയുടെ ചട്ടക്കൂടുകള്‍ക്കിടയില്‍, പുരുഷന്റെ ഏകപക്ഷീയമായ നിയമങ്ങള്‍ക്കു മുമ്പില്‍ ഉരുകിത്തീരുന്ന അറിയപ്പെടാത്ത സ്ത്രീജന്മങ്ങള്‍. മുഖമുയര്‍ത്താതെ അവള്‍ നമുക്കിടയിലൂടെ നടന്നു പോകാറുണ്ട്. പൊള്ളിയടര്‍ന്ന് ചരമക്കോളത്തില്‍ ഒരു വരി വാര്‍ത്തയായി ചിലപ്പോള്‍ നമ്മളവളെ വായിക്കാറുണ്ട്.

മുക്താര്‍മയിയോടും അയാന്‍ ഹിര്‍സി അലിയോടും ചേര്‍ത്തു വായിക്കാവുന്നതാണ് 'ജീവനോടെ കത്തിയെരിഞ്ഞവള്‍'. പക്ഷേ അവരിരുവരും ലോക ശ്രദ്ധയ്ക്കു പാത്രീഭവിച്ച് സ്വതന്ത്രമായി ജീവിക്കുമ്പോള്‍ സൌദ ഇപ്പോഴും അജ്ഞാതജീവിതം നയിക്കുന്നത് ലോകത്തോടുള്ള ഭയപ്പാടുകള്‍ക്ക് അറുതിയില്ല എന്നതിന്റെ സൂചനയല്ലേ?

1 comment:

  1. അവലോകനം നന്നായിരിക്കുന്നു.
    ഡി.സി.ബുക്സില്‍നിന്ന് പുസ്തകം വാങ്ങിയിട്ടുണ്ട്.
    വായിക്കണം.പുസ്തക വിചാരം നിമിത്തമാകുന്നു.
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?