പുസ്തകം : ഡിൽഡോ (ആറ് മരണങ്ങളുടെ പൾപ്പ് ഫിൿഷൻ പാഠപുസ്തകം)
രചയിതാവ് : ദേവദാസ് വി.എം.
പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്
അവലോകനം : മനോരാജ്
മലയാള മനോരമയുടെ നോവല്‍ കാര്‍ണിവലില്‍ ഇക്കുറി മികച്ച നോവലിനുള്ള അവാര്‍ഡ് നേടിയ വി.എം.ദേവദാസിന്റെ വ്യത്യസ്തമായതും ആദ്യത്തേതുമായ നോവലാണ് ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) . തികച്ചും മനോഹരമായ ഒരു നോവല്‍. പേരില്‍ തുടങ്ങുന്ന ആകാംഷ പുസ്തകം വായന കഴിയുന്നത് വരെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നത് തന്നെ ദേവദാസിന്റെ വിജയമായി കാണാം. നോവല്‍ സങ്കല്പങ്ങളെ പലപ്പോഴും വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ട് ദേവദാസിന്. പത്രവാര്‍ത്തയിലൂടെ അറിയുന്ന ആറ് മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു കഥ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും അതിന്റെ അവതാരികയില്‍ മേതില്‍ രാധാകൃഷ്ണന്‍ സൂചിപ്പിച്ച എഴുത്തിലെ പഴയ മിഷിനറി പൊസിഷന്‍ എന്തെന്ന് എനിക്ക് അത്ര മനസ്സിലായില്ല. എന്ന് മാത്രമല്ല അതത്രക്ക് ദഹിച്ചുമില്ല. പിന്നെ മേതിലിന്റെ ആദ്യ വാദത്തോട് ഞാനും യോജിക്കുന്നു. എന്തെന്നാല്‍ ദേവദാസ് ഒരിക്കലും അശ്ലീലപരമായ ഉദ്ദേശ്യം കൊണ്ടാണ് ഡില്‍ഡോ എഴുതിയതെന്ന് ഞാനും വിശ്വസിക്കുന്നില്ല.
വളരെ വ്യത്യസ്തതയുള്ള ഒരു സബ്‌ജെക്റ്റിനെ അതിലും വ്യത്യസ്തമായ അവതരണശൈലികൊണ്ട് ദേവദാസ് വായനക്കാരനില്‍ ഒരു അനുഭവമാക്കുന്നു. നോവല്‍ പറയാന്‍ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തിലും കഥാതന്തുവിലും മുതല്‍ തുടങ്ങുന്ന പുതുമ അദ്ധ്യായങ്ങളുടെ ക്രോഡീകരണത്തില്‍ വരെ സൂക്ഷ്മം ശ്രദ്ധിച്ചിട്ടുണ്ട്.
ഈ നോവലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത ഇതിന്റെ ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന അഭ്യാസങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ കടം കൊള്ളല്‍ അവിടെയുണ്ടെങ്കിലും അത് ഈ പുസ്തകത്തെ സാധാരണ നോവല്‍ രൂപങ്ങളില്‍ നിന്നും വേറിട്ട് നിറുത്തുന്നു. ദേവദാസിന്റെ പുസ്തകത്തെ എന്താവും നാം വിളിക്കുക എന്ന മേതില്‍ രാധാകൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്. കാരണം പരമ്പരാഗതമായ നോവല്‍ സങ്കല്പ്പങ്ങളെ തച്ച് തകര്‍ക്കുന്നു ഈ പുസ്തകം. ആകര്‍ഷണീയമായ രീതിയില്‍ പുസ്തകം ലേഔട്ട് ചെയ്ത പ്രസാധകരായ ബുക്ക് റിപ്പബ്ലിക്കും ഇതോടൊപ്പം പ്രശംസയര്‍ഹിക്കുന്നു.
ആശംസകള്‍
ReplyDelete