പുസ്തകം : കുരുതിക്കുമുമ്പ്
രചയിതാവ് : പവിത്രന്‍ തീക്കുനി
പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ
പ്രതിഭകൊണ്ട് കവികളാകുന്നവരുണ്ട്. ശിക്ഷണംകൊണ്ട് കവികളാകുന്നവരുമുണ്ട്. ഒരു സാധാരണ വായനക്കാരന് വളരെവേഗം ഇവരുടെ കവിതകള്‍ വേര്‍തിരിച്ചറിയാനാകും. മൗലികപ്രതിഭകൊണ്ട് കവിത എഴുതുന്നവര്‍ ഹൃദയംകൊണ്ട് നമ്മോട് സംവേദിക്കുന്നവരാണ് ശിക്ഷണംകൊണ്ട് കവികളാകുന്നവര്‍ ബുദ്ധികൊണ്ടും. രണ്ടിലേതെങ്കിലുമൊന്ന് മോശമാണെന്നല്ല. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാലും വേഗത്തില്‍ നമ്മള്‍ സാധാരണക്കാരോട് സംവേദിക്കുന്നത് ഒന്നാമത്തെ കൂട്ടര്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ പ്രതിഭയുടെ തിളക്കംകൊണ്ട് കവികളായിത്തീര്‍ന്ന കവികള്‍ നമുക്ക് വളരെക്കുറച്ചേയുള്ളൂ. കുമാരനാശനെപ്പോലെ പി. യെപ്പോലെ ചങ്ങമ്പുഴയെപ്പോലെ അയ്യപ്പനെപ്പോലെ ബലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ ചുരുക്കം ചിലര്‍. അക്കൂട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ നിന്നുള്ള കവി ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അത് പവിത്രന്‍ തീക്കുനി തന്നെയാണ്. മറ്റ് ആധുനികാനന്തര കവികളെല്ലാം മോശക്കാരാണെന്നല്ല, അവര്‍ക്കൊക്കെയും കവിത എഴുത്തിന് നിരവധി സാഹചര്യങ്ങളുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അപ്പാടെയും എതിരായിരിക്കുമ്പോഴും കവിത എഴുതാതിരിക്കാനാവില്ല, കവിത എഴുതിയില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്ന തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരാണ് മുകളില്‍ സൂചിപ്പിച്ചവര്‍.
ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളാണ് പവിത്രന്റെ കവിതകള്‍ അത്രയും. സ്വന്തം ജീവിതപരിസരത്തു നിന്നും കവിതകള്‍ കണ്ടെടുക്കുന്നവന്റെ തീക്ഷ്ണതയത്രയും പവിത്രന്റെ കവിതകളില്‍ കാണാം. ഇവിടെ, ജീവിക്കുന്ന കവിയും കവിതയിലെ കവിയും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. അവര്‍ ഒന്നാണ്. അവരുടെ ജീവിതവും വ്യഥയും സങ്കല്‌പങ്ങളും ഒന്നാണ്. പവിത്രന്റെ എല്ലാ കവിതയിലെയും അച്ഛന്‍ തോറ്റു പോയവനാണ്. അമ്മ വ്യഭിചാരം ചെയ്‌തവളാണ്. പെങ്ങള്‍ അവിഹിതം പേറുന്നവളാണ്. കൂട്ടുകാര്‍ ഒറ്റുകാരനാണ്. കവിതയിലെയും ജീവിതത്തിലെയും കവി ഭഗ്നപ്രണയത്തില്‍ അലയുന്നവനാണ്. മീന്‍ കച്ചവടക്കാരനാണ്. ഒരിടത്തും ഇതിന് മാറ്റമില്ല. കവിതയില്‍ നിന്ന് ജീവിതത്തെ പിരിച്ചെഴുതാന്‍ കഴിയാത്തവന്റെ ന്യൂനതയാണിത്. ന്യൂനതകളില്‍ ജീവിക്കുന്നവന്റെ ന്യൂനത നിറഞ്ഞ വരികളായി പവിത്രന്റെ കവിതകള്‍ നമുക്കുമുന്നില്‍ ഉയര്‍ത്തെഴുനേറ്റു വരുന്നു. കെട്ടുപോയ ജീവിതത്തിന്റെ അപകര്‍ഷതയില്ലാതെ നിരാലംബജീവിതത്തിന്റെ ഓരം ചേര്‍ന്ന വഴികളെക്കുറിച്ച പറയുന്ന ഈ കവിതകള്‍ക്ക് വേറിട്ട മനോഹാരിതയുണ്ട്.
മുന്‍സമാഹാരത്തിലെ 'വീട്ടിലേക്കുള്ള വഴികള്‍' എന്ന കവിതയിലെ ചില വരികള്‍ ഓര്‍ത്തുപോവുകയാണ്.
വീട്ടിലേക്ക് അച്ഛനുണ്ടൊരു വഴി.
മഴയുടെ ചരിഞ്ഞു പെയ്യലിലും ആഞ്ഞുവീശുമ്പോള്‍ ആളിക്കത്തുന്ന മുറിച്ചൂട്ടു വഴി.
തെങ്ങിന്‍ കള്ളുമണക്കുന്ന നാടന്‍ പാട്ട് പൂക്കുന്ന വഴി.
വീട്ടിലേക്ക് കൂട്ടുകാരനുണ്ടൊരു വഴി. വാരാന്ത്യവഴി. വാക്കെരിയുന്ന വഴി.
അനിയത്തിയുടെ അടിവയറ്റിലവസാനിക്കുന്ന വഴി.
വീട്ടിലേക്ക് ചേച്ചിക്കുണ്ടൊരു വഴി.
ഇത്തിരി കയറ്റമുള്ളൊരു വഴി. മുല്ല മണക്കുന്ന വഴി. ഇല്ലിമറ കാവലാകുന്ന വഴി. സര്‍പ്പസീല്‍ക്കാരമുയരുന്ന വഴി.
ഒരേ കല്ലില്‍ തട്ടി ഒരുപാട് നൊന്തവഴി. വീട്ടിലേക്ക്
എനിക്കുമുണ്ടൊരു വഴി.
പാലിക്കാനാവാത്ത വാക്ക് പതിവായി കാത്തുനില്‌ക്കാറുള്ള വഴി.
ഒരേ കല്ലില്‍ തട്ടി ഒരുപാട് നോവുകയും പാലിക്കാനാവാത്ത വാക്ക് പതിവായി കാത്തുനില്‌ക്കുകയും ചെയ്യുന്ന വഴികളെക്കുറിച്ച് പറയുന്നിടത്ത് നാം പവിത്രനിലെ ശുദ്ധ പ്രതിഭയെ കണ്ടുമുട്ടുന്നുണ്ട്. ആ വരിയില്‍ മാത്രമല്ല അങ്ങനെ ഒട്ടനവധി വരികളില്‍.
കുരുതിക്കു മുമ്പ് എന്ന ഈ കവിതാസമാഹരത്തിലുണ്ട് പവിത്രന്റെ പ്രതിഭ തൊട്ടറിയാനാകാവുന്ന നിരവധി കവിതകള്‍. കുരുതിക്കു മുമ്പ്, ഇത്രമാത്രം, ആണ്ടിത്തെയ്യം, സങ്കടവൃത്തം, അ ആ ക കാ, മുറിച്ചിട്ട ഭൂമി, പുനരുദ്ധാരണം എന്നിങ്ങനെ ഒട്ടനവധി കവിതകള്‍.
പ്രണയം പവിത്രന്റെ കവിതകളിലെ അന്തര്‍ധാരയാണ്. അതെല്ലാക്കവിതകള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് നെടുകയും കുറുകയും ഒഴുകിക്കൊണ്ടേയിരിക്കുന്നു. അത് കവിയുടെ തന്നെ ജീവിതത്തിന്റെ തുടര്‍ച്ചയാണ്. ഹൃദയം പറയുന്ന വാക്കുകള്‍ കുറിക്കുന്ന ഒരു കവിയ്ക്ക് അത് മറച്ചുവച്ചുകൊണ്ട് എഴുതാനാവില്ല. ഇത്തിരി നേരത്തേക്ക്.., സബിതയ്ക്ക്, ഒരു വളവില്‍ വച്ച്.. മാഞ്ഞുപോക്കിനിടയില്‍, ഓര്‍ക്കുന്നുണ്ടാവണം, വീണ്ടും എന്നീ കവിതകളൊക്കെ പവിത്രന്‍ പ്രണയം ചാലിച്ചെഴുതിയവയാണ്.
തൊങ്ങലുകളും ഏച്ചുകെട്ടലുകളുമില്ലാത്ത ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാവും നാം പവിത്രന്റെ കവിതകളെ നാളെ വായിക്കുക. ആ സത്യസന്ധതയിലൂടെയാണ് പവിത്രന്‍ തന്റെ കാവ്യാസ്വാദകരെ കണ്ടെത്തിയിരിക്കുന്നതും.
ദൂരം എന്ന കവിത എടുത്തെഴുതിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം:
ഇടപ്പള്ളി 300 കി.മി.
ഇടപ്പള്ളി 280 കി.മി.
ഇടപ്പള്ളി 250 കി.മി.
സത്യത്തിലിത്രയും ദൂരമുണ്ടോ..?
കീഴാളനിലേക്കും...
കാമുകനിലേക്കും...
നല്ല അവലോകനമാണു ബെന്യാമന്‍ നടത്തിയിരിക്കുന്നത്. ഈ പുസ്തകം ഇനി വാങ്ങണം. അറിയാം ജീവിതം ഓങ്ങി നില്‍ക്കുന്ന വാളുകളാണു ആ കവിതകളെന്ന്
ReplyDeleteഹൃദയം കൊണ്ട് സംവദിക്കുന്ന പവിത്രൻ തീക്കുനിയുടെ കവിതകൾക്കുള്ള നല്ലൊരു മുഖവുര......
ReplyDelete