Tuesday, August 14, 2012

രാത്രി: മലയാളത്തിന്റെ രാക്കനവുകള്‍

പുസ്തകം : രാത്രി: മലയാളത്തിന്റെ രാക്കനവുകള്‍
എഡിറ്റര്‍: ടോണി ചിറ്റേട്ടുകുളം
പ്രസാധകര്‍ : ഒലിവ് ബുക്‌സ്
അവലോകനം : ബുക്ക് മലയാളം


''കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികള്‍ കുറിക്കുവാന്‍'' ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വരികളാണിത്. രാത്രി ശോകസാന്ദ്രവും ചിലപ്പോള്‍ സ്വപ്നഭരിതവും ചിനേരങ്ങളില്‍ ആഘോഷങ്ങളിലും ആനന്ദത്തിലും ആഴ്ന്നുമയങ്ങുന്ന കാല്പനികമായ സങ്കല്‍പ്പവുമാണ്. രാവിന്റെ അന്ത്യത്തോളം അലഞ്ഞുനടന്നവര്‍. ചങ്ങാത്തിക്കൂട്ടങ്ങളില്‍ രാവ് പാടിവെളുപ്പിച്ചവര്‍. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞുതീരാത്ത എഴുതി വയ്ക്കാത്ത എത്രയോ ഓര്‍മ്മകള്‍ പിറ്റേപ്പുലര്‍ച്ചയില്‍ മാഞ്ഞുപോയിരിക്കുന്നു. എഴുതപ്പെട്ട അനുഭവങ്ങളെ അടുക്കുവയ്ക്കുകയാണ് രാത്രി മലയാളത്തിന്റെ രാക്കനവുകള്‍ എന്ന പുസ്തകം.

ടോണി ചിറ്റേട്ടുകുളം എഡിറ്റു ചെയ്ത രാത്രി-മലയാളത്തിന്റെ രാക്കനവുകള്‍, രാക്കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ചേര്‍ത്തുവയ്ക്കുന്നു. ഒരു തരം വര്‍ഗ്ഗീകരണം. എഴുത്തിലെ ഈ ക്രമപ്പെടുത്തല്‍ വായനയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കൗതുകം നല്‍കുന്ന കാര്യമാണ്. രാത്രി എന്ന ബിംബം അനവധി പ്രതിബിംബങ്ങളാല്‍ ശിഥിലമാക്കപ്പെട്ട ഒരു രൂപകമായിത്തീരുന്നു. മാത്രവുമല്ല, വര്‍ഗ്ഗീകരണത്തിന്റെ മാനദണ്ഡങ്ങള്‍ ഏതുവിധമാണ് രാത്രിയെ ഒരുമിച്ച് ചേര്‍ക്കുന്നതെന്നും വ്യക്തമല്ല. അതായത് രാത്രി എന്നൊരു 'പൊതു' വായനാനുഭവം നിര്‍മ്മിക്കുക അസാധ്യമായിരിക്കും. അത്തരമൊരസാധ്യതയെ സംവാദത്തിന്റെ വെളിച്ചത്തിലേക്ക് കയറ്റിനിര്‍ത്തുകയാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ പുസ്തകത്തിലെ ഓരോ കഥയും ഓരോ കവിതയും അനുഭവക്കുറിപ്പുകളും നിരൂപണ ബുദ്ധിയോടെ വായിക്കുക എന്ന സാധാരണമട്ടിലുള്ള സമീപനത്തില്‍ നിന്നും ഒരുമാറിനടത്തം ആവശ്യമായിവരുന്നു. സര്‍ഗ്ഗാത്മക രചനകളെ രാത്രി എന്ന ഒറ്റക്രമത്തിലേക്ക് പൊതുവായി മുതല്‍ക്കൂട്ടുമ്പോള്‍ എന്തു സംഭവിക്കുന്ന എന്ന ചോദ്യത്തിലൂടെയാണ് ഈ പുസ്തകത്തെ സംവാദത്തിനെടുക്കുന്നത്. സൃഷ്ടി മൗനങ്ങളുടെ ബ്രഹ്മയാമങ്ങള്‍ എന്ന ആമുഖക്കുറിപ്പില്‍ ടോണി ഈ ചേര്‍ത്തുവയ്ക്കലിന്റെ സമീപന രീതി വ്യക്തമാക്കുന്നുണ്ട്. സമീപനത്തെ ചൂഴ്ന്നു നില്‍ക്കുന്നത് ഏറെക്കുറെ കാല്പനികമെന്നുപറയാവുന്നു രാവോര്‍മ്മകളാണ്. 'ഓര്‍മകളുടെ പുസ്തകത്തിലെ രാത്രികാലങ്ങള്‍ക്ക് നിലാവിന്റെ സുഗന്ധം. മുയല്‍ മുദ്ര പേറുന്ന പാല്‍ നിലാവും മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധവും.' എന്ന് അത് ഗൃഹാതുരമാകുന്നു. കാല്‍പനികവും ഗൃഹാതുരവുമായ രാത്രി എന്ന അനുഭവത്തില്‍ നിന്നുമാണ് ഇത്തരമൊരു പുസ്തകം സാധ്യമായിരിക്കുന്നത്. (ഷെരീഫിന്റെ രാത്രി വരകളുടെ ഭാവതീവ്രതയെക്കുറിച്ച് ആമുഖത്തില്‍ പറയുന്നുണ്ട് പുസ്തകത്തില്‍ വര മാഞ്ഞുപോയിരിക്കുന്നു.)

എന്നാല്‍ ഈ പുസ്തകം പ്രസക്തമാകുന്നത് ചില അസാന്നിധ്യങ്ങളുടെ രേഖപ്പെടല്‍ എന്ന നിലയ്ക്കാണ്. കഥകളിലേറെയും എഴുതിയത് പുരുഷന്‍മാരായ കഥാകൃത്തുക്കളാണ്. സ്ത്രീകളുടെ രാക്കഥകള്‍ മാധവിക്കുട്ടി, പി വല്‍സല, ഗ്രേസി, ഒ വി ഉഷ, കെ രേഖ എന്നിങ്ങനെ ചുരുക്കം പേരുകളിലേക്ക് ചുരുങ്ങുന്നു. കവിതകളിലെത്തുമ്പോള്‍ അത് സുഗതകുമാരി എന്ന ഒറ്റ നാമത്തില്‍ എത്തിനില്‍ക്കുന്നു. അനുഭവക്കുറിപ്പുകളില്‍ റോസ് മേരിയും സ്വപ്നാ ശ്രീനിവാസനും മാത്രം. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞവരിലേറെയും പുരുഷന്‍മാരായിരുന്നു. സ്ത്രീകള്‍ രാത്രികളില്‍ നിന്നും പുറത്താക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാത്രി ഭയം മൂടിക്കിടക്കുന്ന തെരുവാണ്. ഇരുട്ടില്‍ നിന്നും തുറിച്ചു നോക്കുന്നവര്‍. പിന്നില്‍ പതുങ്ങി പിന്തുടരുന്നവര്‍. എപ്പോഴും തനിക്കുനേരേ നീണ്ടുവരാവുന്ന അജ്ഞാാതമായ കൈകള്‍. രാത്രിയില്‍ നിരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ കഴുകന്‍ നോട്ടങ്ങളാല്‍ കൊത്തിവലിക്കപ്പെട്ടാണ് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നത്. രാത്രി എന്ന കാല്പനിക രൂപകത്തിനുമേല്‍ തെരുവ് എന്ന അനുഭവം ആഞ്ഞുകൊത്തുന്നുണ്ട്. റോസ് മേരിയുടെ ആത്മാക്കളുടെ രാത്രി വീട്ടുമുറ്റത്ത് മാത്രം സംഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടലായിരുന്നു. അവിടെ കാഴ്ചക്കാരിയായിരിക്കുന്ന പെണ്‍കുട്ടിക്കു ചുറ്റും കുടുംബം എന്ന കാവലുണ്ടായിരുന്നു. 'രാത്രിയെന്നാല്‍ വെളിച്ചവും വിശാലതയുമാണെന്നായിരുന്നു കായല്‍ എന്ന പഠിപ്പിച്ചത്.' എന്ന സ്വപ്നശ്രീനിവാസന്റെ കുറിപ്പില്‍ ഗൃഹാതുരത്വത്തെ മറികടക്കുന്ന പെണ്ണനുഭവത്തിന്റെ ഭയം ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. രാത്രിയില്‍ പുഴക്കരയില്‍ ഒറ്റക്കാവുന്ന പെണ്‍കുട്ടിയുടെ അരക്ഷിതമായ നിലവിളിയാണ് യഥാര്‍ത്ഥത്തില്‍ മലയാളത്തിന്റെ രാക്കനവുകളെ പൊതിഞ്ഞുനില്‍ക്കുന്നത്. ഒരുപക്ഷെ, എഴുതപ്പെടാതെപോയ നിരവധി ഓര്‍മ്മക്കുറിപ്പുകളുടെ കലമ്പങ്ങള്‍ വായനയെ ഈ അസ്വസ്തമാക്കുന്നുണ്ട്. 'രാത്രി അമ്മയെപ്പോലെ ചേര്‍ത്തണച്ചുറക്കുന്നു' എന്ന സുരക്ഷിതമാകുന്ന സുഗത കുമാരിയുടെ വരികളിലൂടെ രാത്രി വിവിധ ഭാവങ്ങളില്‍ കയറിവരുന്നുണ്ട്. 'രാത്രി മൃത്യുവെപ്പോലെ'/'രാത്രി ജീവിതംപോലെ' എന്ന് കവിത ജീവിതത്തിന്റെ സമസ്താനുഭവങ്ങളെയും നിറച്ചുവയ്ക്കുന്ന നിഗൂഢമായ അനുഭ സ്ഥലമാക്കി രാത്രിയെ മാറ്റുന്നു. അതോടെ രണ്ടായി വിഭജിക്കപ്പെട്ട ഒരു പുസ്തകമായി രാത്രി മാറുകയാണ്. രാത്രി എന്ന പെണ്‍ അനുഭവം തന്നെയാണ് അതിന്റെ ഒരുപാതി. അവിടെ എഴുതപ്പെടാതെ മഞ്ഞുകിടക്കുന്ന അനുഭവങ്ങളുടെ, കവിതയുടെ കഥയുടെ ശിഥില രാത്രികള്‍ കുടഞ്ഞുണര്‍ത്തപ്പെടുന്നുണ്ട്. അങ്ങനെ, വര്‍ഗ്ഗീകരണത്തെ, ക്രമപ്പെടുത്തലുകളെ, മാനദണ്ഡങ്ങളെ, വായനാശീലത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് രാത്രി എന്ന പുസ്തകം. (വില: 200 രൂപ പേജ്: 321)

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?