Sunday, September 16, 2012

നാം മുന്നോട്ട്

പുസ്തകം : നാം മുന്നോട്ട്
രചയിതാവ് : കെ.പി.കേശവമേനോന്‍

പ്രസാധനം : മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി
അവലോകനം : കെ.എ.ബീന





ചുവന്ന ഹാര്‍ഡ്‌ബോഡ്‌ പുറം ചട്ടയുള്ള ആ പുസ്തകം എനിക്ക് കിട്ടിയത് 35 വര്‍ഷങ്ങള്‍ക്കപ്പുറത്തായിരുന്നു. അതിന്റെ ആദ്യപേജില്‍ സുഗതകുമാരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ പ്രസംഗമത്സരത്തിന് സമ്മാനമായിട്ട് കിട്ടിയ പുസ്തകത്തിന്റെ പേര് 'നാം മുന്നോട്ട്'. എഴുതിയത് കെ.പി.കേശവമേനോന്‍ വില ആറു രൂപ. പ്രകാശകന്മാര്‍ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി, ലിമിറ്റഡ്, കോഴിക്കോട്. ആ പുസ്തകം വേദിയില്‍ വെച്ച് സമ്മാനിച്ചതും സുഗതകുമാരിയായിരുന്നു. പുസ്തകം തുറന്നു വായിച്ചു - ''മനസ്സ് നന്നായാലേ നടപ്പ് നന്നാവൂ'' അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണ്.... അത്ഭുതത്തോടെയാണ് ആ പുസ്തകം വായിച്ചു തീര്‍ത്തത്.. കഥകള്‍, ഉദാഹരണങ്ങള്‍, ജീവിത തത്വങ്ങള്‍ - എല്ലാം മുഴുവന്‍ മനസ്സിലായില്ലെങ്കിലും എന്തോ ഒരാശ്വാസം, ഒരുറപ്പ്, ആവശ്യമുള്ളപ്പോള്‍ ചായാന്‍ ബലമുള്ള ഒരു തോള്‍ കിട്ടിയ സമാധാനം. അന്ന് മുതല്‍ ആ ചുവന്ന പുറം ചട്ടയുള്ള പുസ്തകം എന്റെ ഒപ്പം എവിടെയും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ കാലങ്ങളിലത്രയും ജീവിതക്കൊടുങ്കാറ്റില്‍ ആടിയുലയും എന്ന് തോന്നുമ്പോള്‍ ഓടിച്ചെന്ന് എടുത്തിട്ടുള്ള പുസ്തകവും ഇത് തന്നെ ...

ഏതു യാത്ര അതെവിടേക്കുമാകട്ടെ (ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള റഷ്യന്‍ യാത്രയിലും, പിന്നീട് നടത്തിയിട്ടുള്ള ഒരുപാട് യാത്രകളിലുമൊക്കെ) എന്റെ ബാഗില്‍ മറക്കാതെ ''നാം മുന്നോട്ട്'' ഉണ്ടായിരുന്നു. ഇക്കാലമത്രയും നിരന്തരം കൈകാര്യം ചെയ്തിട്ടും വലിയ കേടുപാടൊന്നും കൂടാതെ അതിപ്പോഴും എനിക്ക് തുണയായിരിക്കുന്നു. എന്നതാണ് സത്യം.


അര്‍ദ്ധരാത്രികളില്‍ തകര്‍ന്ന മനസ്സോടെ ഉറക്കത്തെ വിളിച്ചു വരുത്താന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ യാന്ത്രികമെന്നോണം ചെന്നെടുക്കുന്നത് മറ്റൊരു പുസ്തകത്തെയുമല്ല, പഴയ അഞ്ചാം ക്ലാസ്സുകാരിയുടെ അതേ ആര്‍ജ്ജവത്തോടെ പുസ്തകം തുറന്ന് ആദ്യം കാണുന്ന പേജിലെ വരികള്‍ വായിച്ച് നഷ്ടമായ ജീവിതോര്‍ജ്ജം വീണ്ടെടുക്കുന്നു. അത് ചിലപ്പോള്‍ ''ശോഭനമായ ഭാവി മുന്നില്‍ കണ്ടു കൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രയത്‌നത്തില്‍ നിമഗ്നരാകുവാനാണ് ശീലിക്കേണ്ടത്'' എന്നോ
''നമ്മുടെ പ്രവൃത്തി നമ്മുടെ ചിന്തയുടെ ഫലമാണ്. അതുകൊണ്ടാണ് പ്രവൃത്തി നന്നാകണമെങ്കില്‍ ചിന്ത ശുദ്ധമായിരിക്കണമെന്ന് പറയുന്നത്.'' എന്നോ ''ഭീരുത്വം മനസ്സിനെ പിടികൂടാന്‍ അനുവദിക്കരുത്'' എന്നോ ''സ്‌നേഹിതന്മാര്‍ മോട്ടോര്‍ കാറിന്റെ ടയറ് പോലെയാണ്, അധികം ഉപയോഗിക്കുമ്പോള്‍ തേഞ്ഞുപോകും'' എന്നോ ഒക്കെയായിരുന്നു.

ഇന്നോര്‍ക്കുമ്പോള്‍ ജീവിതത്തോടു തന്നെ നന്ദി തോന്നുന്നു. ആ ചെറിയ പ്രായത്തില്‍ ആ പുസ്തകത്തെ എനിക്കെത്തിച്ചു തന്നതിന്. അതിനെ സ്‌നേഹിക്കാന്‍ എന്നെ പ്രാപ്തയാക്കിയതിന്. അതിനു ശേഷം എത്രയെത്രയോ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നു . പക്ഷെ പൗരസ്ത്യപാശ്ചാത്യ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍ തേടാന്‍, ജീവിതമെന്തെന്ന് അന്വേഷിക്കാനുള്ള നിരന്തരമായ പ്രേരണയ്ക്ക് നിദാനമായത് നാം മുന്നോട്ട് തന്നെയാണ്.

കെ.പി.കേശവമേനോന്‍ ''ജീവിതം ഒരു പൂമെത്തയല്ല, അത് ഒരു സാഹസികയാത്രയാണ്, ഒരു സമര രംഗവുമാണ്. ലോകത്തില്‍ ഞാന്‍ മാത്രമല്ല ദുരിതങ്ങള്‍ അനുഭവിക്കുന്നത്. എന്നിലേറെ കഷ്ടപ്പെടുന്നവര്‍ എത്രയെങ്കിലുമുണ്ട് എന്ന ചിന്ത കുഴപ്പങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള ശക്തി'' തരുമെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞു....

സദാചാരം, വിദ്യാഭ്യാസം, തൊഴില്‍, പൊതുജീവിതം, രാഷ്ട്രീയം, കുടുംബപരം, ആദ്ധ്യാത്മികം, പലവക - ഇങ്ങനെയാണ് വിഷയങ്ങള്‍ കൊടുത്തിരിക്കുന്നത്.

ജീവിതത്തിന്റെ എല്ലാ മോഖലകളിലും സമചിത്തതയോടെ, ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ വളരെയേറെ സഹായകമാണ്....
ഇന്ന് ലോകമെങ്ങും പോസിറ്റീവ് തിങ്കിംഗിന്റെയും ലൈഫ്‌സ്‌കില്‍ മാനേജ്‌മെന്റിന്റെയും പുസ്തകങ്ങളുടെയും കോഴ്‌സുകളുടെയും മറ്റും യുഗമാണ്. കെ.പി.കേശവമേനോന്‍ മലയാളികള്‍ക്ക് എത്ര സുന്ദരമായി ഇത്തരം കാര്യങ്ങള്‍ തന്നു എന്നോര്‍ക്കുമ്പോള്‍ - വ്യക്തിത്വ വികസനത്തിനും, മന:ശ്ശാന്തിക്കും അവശ്യം വേണ്ടതൊക്കെ ഈ പുസ്തകത്തിലുണ്ട്.

''ജീവിതത്തില്‍ പൂര്‍ണത പ്രതീക്ഷിക്കേണ്ട. അതിന് ശ്രമിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് കൈവന്നില്ലെങ്കില്‍ ഒട്ടും ഇച്ഛാഭംഗം വേണ്ട. അപൂര്‍ണത ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഇതോര്‍ത്താല്‍ അനാവശ്യമായ മനോവേദന ഇല്ലാതാക്കാം''

''നിങ്ങളെ നന്നാക്കാനും, നിങ്ങള്‍ക്ക് മനസ്സമാധാനം ഉണ്ടാക്കാനും നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. മറ്റാര്‍ക്കും അത് സാദ്ധ്യമല്ല.''

''ചിലര്‍ക്ക് ഒരു സ്വഭാവമുണ്ട്, ഒരു പ്രവര്‍ത്തിയെ പറ്റി വിചാരിക്കുമ്പോള്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന പതിവ് - അക്കൂട്ടര്‍ക്ക് വിജയമെങ്ങനെ ഉണ്ടാവും?''

''നമ്മോട് തന്നെ പരിതാപം തോന്നുന്ന മന:സ്ഥിതി ഉണ്ടല്ലോ അതാണ് എല്ലാത്തിലും വെച്ച് വലിയ ആപത്ത്. അത് ഒരിക്കലും നിങ്ങളെ പിടികൂടുവാന്‍ അനുവദിക്കരുത്. അത് ഉന്മേഷം കെടുക്കും. ആത്മവിശ്വാസം നശിപ്പിക്കും. നിഷ്‌ക്രിയരാക്കും.''

''ശാന്തിയും സമാധാനവും മറ്റുള്ളവരുടെ പ്രവൃത്തികളെയോ സാഹചര്യങ്ങളെയോ അനുസരിച്ചല്ല ഇരിക്കുന്നത്. അവനവന്റെ നിലപാടുകളെ ആശ്രയിച്ചാണ്''

ജീവിതവഴിയില്‍ ഇങ്ങനെ എത്ര എത്ര കാര്യങ്ങളാണ് എന്റെ ചുവന്ന പുസ്തകം എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്. എന്റെ ബുക്ക് ഷെല്‍ഫിലെ ഒരുപാട് പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് മറ്റാര്‍ക്കും ഇതേവരെ ഞാന്‍ കൈമാറിയിട്ടില്ലാത്ത ഒരേയൊരു പുസ്തകവും എന്റെ 'നാം മുന്നോട്ട്' തന്നെയാണ്. അത് കയ്യിലെടുക്കുമ്പോള്‍ ഒരു പത്തുവയസ്സുകാരിയായി ഞാന്‍ മാറുന്നു. കടന്നുപോന്ന ജീവിതത്തിന്റെ അനുഗ്രഹം മുഴുവന്‍ മനസ്സിലെത്തുന്നു. മനസ്സ് പറഞ്ഞറിയിക്കാന്‍ അറിയാത്ത ഒരാനന്ദത്തില്‍ പെടുന്നു. അതുകൊണ്ട് തന്നെ ഞാനിവിടെ നിന്ന് കടന്നുപോകുമ്പോള്‍ എന്റെ മകന് സന്തോഷപൂര്‍വ്വം കൊടുക്കാന്‍ എനിക്ക് തോന്നുന്ന ഒരേയൊരു സമ്മാനവും എന്റെ ഈ പുസ്തകം തന്നെ...

1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?